scorecardresearch

ജലം പോലെ ജീവിതം

റെയ്‌മണ്ട് കാർവർ എന്ന സാഹിത്യകാരന്റെ ജീവിതത്തിലേയ്ക്കും എഴുത്തിലേയ്ക്കും സിയാറ്റിൽ വഴി യാത്ര ചെയ്യുകയാണ് കഥാകൃത്തായ ലേഖകൻ

ravymond carver, kv praveen, travel,

അമേരിക്കയുടെ വടക്കു പടിഞ്ഞാറു ഭാഗത്ത് കിടക്കുന്ന വാഷിംഗ്‌‌ടൺ  സംസ്ഥാനത്തിലെ സിയാറ്റില്‍ എന്ന ഈ നഗരത്തില്‍ മിക്ക ദിവസങ്ങളിലും മഴയാണ്. ചാറ്റല്‍‍ മഴ. പക്ഷെ, പ്രദേശവാസികളാരും കുടയെടുത്ത് കാണാറില്ല. മഴ അവര്‍ക്ക് ഒരു ജീവിത ചര്യയായി മാറിയിരിക്കണം. ധാരാളം അത്മഹത്യകള്‍ ഈ നഗരത്തില്‍ നടക്കുന്നതിനും ഒരു പക്ഷെ, സദാ വിഷാദം പൊതിഞ്ഞു കിടക്കുന്ന ഈ ആകാശത്തിനു പങ്കുണ്ടായിരിക്കുമോ? എന്തായാലും, തടാകങ്ങളും, തുറമുഖങ്ങളും, ദ്വീപുകളും വലയം ചെയ്തിരിക്കുന്ന, സിയാറ്റില്‍ മൂപ്പന്റെ പേരു വഹിക്കുന്ന, ഈ നഗരത്തിനു എന്തോ ഒരു നിഗൂഢ സൗന്ദര്യമുണ്ടെന്ന് സമ്മതിക്കാതെ വയ്യ.

ഒരു ത്രിദിന സെമിനാറില്‍ പങ്കെടുക്കാന്‍ കമ്പനി അയച്ചതാണ് ഈ നഗരത്തിലെക്ക് വീണ്ടും. ഇന്ന് രണ്ടാം ദിവസം. സമയം നാലു മണിയാകുന്നു. സെമിനാറിലെ അവസാനത്തെ സെഷന്‍ തുടങ്ങാനുളള ഒരുക്കങ്ങള്‍ ചുറ്റിലും. ചിലര്‍ കസേര നീക്കി എഴുന്നേറ്റ് കൈയും കാലും നിവര്‍ത്തി. ചിലര്‍ ഹാളിനു പുറത്തിറങ്ങി സെല്‍‌ഫോണില്‍ തിടുക്കത്തില്‍ സംസാരിക്കുന്നു. ചിലര്‍ കാപ്പിയും ബിസ്കറ്റും തിരഞ്ഞ് ഹാളിന്റെ പിന്നിലേക്ക്. ബിസിനസ് പ്രാധാന്യം കുറഞ്ഞ ഒരു വിഷയമാണ് ഈ അവസാനത്തെ സെഷനില്‍. രാവിലെ ഏട്ടു മണി മുതല്‍ പലതരം പ്രസന്റേഷനുകള്‍ കേട്ടും ചര്‍ച്ച ചെയ്തും തല പെരുക്കുന്നു.
ഗൂഗിള്‍ മാപ്പില്‍ പോര്‍ട്ട് ആഞ്ചലസിലേക്കുളള ദൂരം ഒരിക്കല്‍ കൂടി നോക്കി. ഉടന്‍ പുറപ്പെട്ടാല്‍ അവിടെ ചെന്ന് കഷ്ടിച്ച് ഒരര മണിക്കൂര്‍ ചെലവഴിച്ച് പതിനൊന്നുമണിയോടെ തിരിച്ച് ഹോട്ടലിലെത്താം.

പെട്ടെന്നുണ്ടായ ആ തോന്നലില്‍ സഹപ്രവര്‍ത്തകനോട് യാത്ര പറഞ്ഞ് ബാഗുമെടുത്ത് പുറത്തു ചാടി. കാര്‍ സ്റ്റാര്‍ട്ടാക്കിയതും, കുറച്ചു നേരമായി ഔദാര്യം പോലെ തിളങ്ങിയിരുന്ന സായാഹ്നവെയില്‍ മായ്ച്ച് മഴ ചാറാന്‍ തുടങ്ങി. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലല്ലോ!

ഹോട്ടല്‍ മുറിയിലെത്തി തിടുക്കത്തില്‍ ജീന്‍സിലേക്കും, ഹൂഡുളള ജാക്കറ്റിലേക്കും മാറി വീണ്ടും കാറിലേക്ക്. പാസഞ്ചര്‍ സീറ്റില്‍ വിഖ്യാത അമേരിക്കന്‍ കഥാകൃത്ത് റെയ്മണ്ട് കാര്‍വറിന്റെ ജീവചരിത്രം പാതി തുറന്നു കിടന്നു. ഈ നഗരത്തില്‍ ചെലവഴിക്കുന്ന ദിവസങ്ങളില്‍ വീണ്ടും മറിച്ചു നോക്കാന്‍ കൂടെ കൂട്ടിയത്. കാര്‍വര്‍ ജനിച്ചു മരിച്ചത് വാഷിംഗ്‌‌ടൺ  സംസ്ഥാനത്തായിരുന്നല്ലോ.

ഉച്ചഭക്ഷണ സമയത്ത് ആരോ സിയാറ്റിലിലെ ട്രാഫിക്കിനെക്കുറിച്ച് നിര്‍ത്താതെ പരാതി പറഞ്ഞത് ശരി വച്ചു കൊണ്ട് ഫ്രീവേയില്‍ കാറുകള്‍ ഇതിനകം തന്നെ ഇഴച്ചിലിലേക്ക് മാറിയിരുന്നു. വാഷിംഗ്‌‌ടൺ  തടാകത്തില്‍ ബോട്ടുകളും, ക്രൂസ് ഷിപ്പുകളും കാണാം. അകലെ, ഒളിമ്പസ് മലനിരകളുടെ നിഴല്‍ വീണ ശിഖരങ്ങള്‍.

ബോയിംഗിന്റെ വിമനക്കമ്പനിയൊക്കെ വരുന്നതിനു മുന്‍പ്, മരവ്യവസായമായിരുന്നു വാഷിംഗ്‌‌ടൺ  സ്റ്റേറ്റിന്റെ പ്രധാന ജീവിതോപാധി. മരത്തില്‍ നിന്നാണ് തീന്‍ മേശകളില്‍ ഭക്ഷണം എത്തിയിരുന്നതെന്ന് പറയാം.

കാര്‍വറിന്റെ അച്ഛനും ഒരു മില്‍ തൊഴിലാളിയായിരുന്നു; മുഴുക്കുടിയനും. ഒരു ദിവസം അച്ഛന്‍ ജീവനോടെ പൂര്‍ത്തിയാക്കുന്നതു തന്നെ വിജയമായാണ് കാര്‍വറും അമ്മയും കണ്ടിരുന്നത്. ഒരു ക്രിസ്മസ് കാലത്ത് തനിക്ക് എഴുത്തുകാരനാകാനാണ് ആഗ്രഹമെന്ന് കാര്‍വര്‍ പറയുന്നുണ്ട് അച്ചനോട്. ആദ്യം ഇതു കേട്ട് ഒന്നമ്പരന്ന് അച്ചന്‍ “നീ എന്തിനെക്കുറിച്ചാണ് എഴുതാന്‍ പോകുന്നത്?” എന്ന് ഉത്കണ്ഠപ്പെടുകയും പിന്നെ കാര്‍വറെ സഹായിക്കാന്‍ എന്ന പോലെ “നീ നിനക്ക് അറിയുന്നതിനെക്കുറിച്ച് എഴുത്…ഞാന്‍ നിന്നെ മീന്‍ പിടിക്കാന്‍ പഠിപ്പിക്കാന്‍ കൂടെ കൊണ്ടു പോയ യാത്രകളെക്കുറിച്ച് എഴുത്“ എന്ന് പറയുന്നുണ്ട്. കാര്‍വറിന് താല്പര്യമുളള ഒരേയൊരു വിനോദം മീന്‍ പിടുത്തമായിരുന്നു. (മദ്യപാനം വിനോദമായി കണക്കാക്കാന്‍ ആവുകയില്ലല്ലോ!)

“ഞാന്‍ അച്ഛനെ സ്നേഹിക്കുന്നു, എനിക്ക് അച്ഛനോട് നന്ദി പറയണമെന്നുണ്ട്, പക്ഷെ ഞാന്‍ എങ്ങിനെയാണ് അത് പറയുക. അച്ഛനെ പോലെ തന്നെ എനിക്കും മദ്യത്തെ നിയന്ത്രിക്കാനായില്ലല്ലോ.” അച്ഛനെക്കുറിച്ചുളള ഒരു കവിതയില്‍ കാര്‍വര്‍ എഴുതി.

സിയാറ്റില്‍ നഗരത്തില്‍ നിന്ന് ഫെറി വഴി അപ്പുറത്തുളള അനേകം ദീപുകളിലെത്തുമ്പോഴാണ് വാഷിംഗടണ്‍ സ്റ്റേറ്റിന്റെ ഭംഗി മനസ്സിലാകുന്നത്. കാറുകളെ ഗര്‍ഭത്തില്‍ ആവാഹിച്ച് നദി കടത്താനുളളള കൂറ്റന്‍ ഫെറി കാത്തു കിടക്കുമ്പോഴാണ്, ഫോണിന്റെ ചാര്‍ജ്ജ് പത്തു ശതമാനത്തില്‍ താഴെയായത് ശ്രദ്ധിച്ചത്. കാര്‍ ചാര്‍ജര്‍ എടുക്കാന്‍ മറന്നിരുന്നു. പോകേണ്ട മേല്‍‌വിലാസവും, സിയാറ്റിലിലെ പരിചയക്കാരുടെ ഫോണ്‍ നമ്പറുകളും ഒന്നും ഇല്ലാതെ അപ്പുറത്തെ ദ്വീപുകളില്‍ പെട്ടു പോകുന്നതിനെനെക്കുറിച്ച് ആലോചിച്ചു. ട്രാന്‍സ്ട്രോമറിന്റെ കവിതയുണ്ടല്ലോ “ആരുടെ കൈയിലാണ് മേല്‍‌വിലാസമുളളത്? ആരുടെ കൈയിലും ഇല്ല. പക്ഷെ ഉറപ്പായും അങ്ങോട്ടു തന്നെയാണ് പോകുന്നത്.”

ഫെറി ടിക്കറ്റ് കൊടുക്കുന്ന കൌണ്ടറിലെ സ്ത്രീയോട് തിരിച്ചു വരാനുളള അവസാനത്തെ ഫെറി എപ്പോഴാണെന്ന് അന്വേഷിച്ചു” “ഇന്നിനി മടക്ക ഫെറിയില്ല. നാളേയെ ഉളളൂ.” ഞാന്‍ വരത്തനാണെന്ന് അവര്‍ക്ക് തോന്നിക്കാണണം, ഒരു നിമിഷം കഴിഞ്ഞ് ചിരിച്ചു കൊണ്ട് കൂട്ടി ചേര്‍ത്തു. “രാത്രി രണ്ടു മണി വരെ ഫെറി സര്‍‌വീസ് ഉണ്ട്.”

ഫെറി സൈറണ്‍ മുഴക്കി നീങ്ങിത്തുടങ്ങിയപ്പോള്‍ ആളുകള്‍ കാറില്‍ നിന്നു പുറത്തിറങ്ങി അക്കരക്കാഴ്ച്ചകള്‍ നോക്കി നിന്നു. നഗരം പിന്നിലാക്കി ഇരു വശത്തും വെളളം അലകളാക്കിക്കൊണ്ട് കൂറ്റന്‍ ഫെറി നീങ്ങി. അപ്പുറത്തെ മല നിരകളില്‍ ഇടക്ക്, ഇടക്ക് മാത്രം, മിന്നിലൊളി പോലെ സൂര്യ വെളിച്ചം.

ഫോണ്‍ മരണത്തിനു തൊട്ടടുത്തെത്തിയിരുന്നു. പെട്ടെന്നാണ് കാറിന്റെ ട്രങ്കില്‍ ലാപ്ടോപ്പുളളതോര്‍ത്തത്. കാറില്‍ നിന്നെടുത്ത് ഹോട്ടല്‍ മുറിയില്‍ വെക്കാന്‍ മറന്നത് ഭാഗ്യമായി. ബാഗിനുളളില്‍ നിന്ന് ലാപ്‌ടോപ്പും യു എസ് ബി കേബിളുമെടുത്ത് പാസഞ്ചര്‍ര്‍ സീറ്റില്‍ വച്ച് ഓണ്‍ ചെയ്തു. ലാപ്ടോപ്പ് ബാറ്ററിയില്‍ നിന്ന് ഫോണിലേക്ക് ചാര്‍ജ്ജൊഴുകി. തല്‍ക്കാലം ലാപ്ടോപ്പ് അതിന്റെ ജീവന്‍ കൊടുത്ത് ഫോണിനെ രക്ഷിക്കട്ടെ, ഫോണ്‍ വീണ്ടും മിടിച്ച് തുങ്ങിയപ്പോള്‍ ഗൂഗിള്‍ മാപ്പ് തെളിഞ്ഞു. ഇനിയും രണ്ട് മണിക്കൂറോളം പോകണം. സൂര്യസ്തമയത്തിന് കഷ്ടിച്ച് രണ്ടര മണിക്കൂര്‍.

ഫെറിയുടെ മുകളിലത്തെ ഡെക്കില്‍ ചെന്ന് ഒരു കാന്‍ ബിയര്‍ വാങ്ങിച്ചു: റോബസ്റ്റ് പോര്‍ട്ടര്‍– പ്രാദേശികം തന്നെയാവട്ടെ. സിയാറ്റിലിലെ പ്രശസ്തമായ റൂബെന്‍സ് ബ്രൂവറിക്കാര്‍ ഉണ്ടാക്കുന്നത്.

malayalam writer, kv praveen, short story

കാര്‍വറിന്റെ സാഹിത്യ ജീവിതത്തെ മദ്യപാനം നിര്‍ത്തിയ ശെഷമുളള ‘നല്ല കാര്‍വര്‍’ ദിനങ്ങളും അതിനു മുന്‍‌പുളള “ചീത്ത കാര്‍വര്‍’ ദിനങ്ങളും ആയി കാര്‍വര്‍ തന്നെ തിരിച്ചിട്ടുണ്ട്. ‘Cathedral, A small, good thing, Where I’m calling from’ തുടങ്ങിയ പ്രശസ്ത കഥകളെഴുതിയ മദ്യരഹിത ദിനങ്ങളും, ‘What we talk about when we talk about love’ പോലുളള തീക്ഷ്ണ രചനകളുടെ മദ്യകാലവും. ആദ്യ ഭാര്യ മേരി ആനുമായി പിരിഞ്ഞ ശേഷമാണ് കാര്‍വര്‍ മദ്യപാനം നിര്‍ത്തുന്നതെന്ന് പറയാം. അല്ലെങ്കില്‍ മദ്യം നിര്‍ത്തിയതിനു ശേഷം മേരി ആനുമായി പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. കാര്‍വറിന്റെ കഥകളിലെ മിക്ക സ്ത്രീ കഥാപത്രങ്ങളും ഒരര്‍ത്ഥത്തില്‍ മേരി ആനിന്റെ രൂപഭേദങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുപതു തികയുന്നതിനു മുന്‍പ് വിവാഹിതരാവുകയും, യൗവ്വനാരംഭത്തില്‍ തന്നെ മൂന്നു കുട്ടികളുടെ മാതാപിതാക്കളാവുകയും ചെയ്ത അവരുടെ കുടുംബജീവിതം കാര്‍വര്‍ കഥ തന്നെയാണ്. സ്വന്തം താല്പര്യങ്ങളെ കാര്‍വറിന്റെ എഴുത്തിനു വേണ്ടി മേരിആന്‍ മാറ്റി വെക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ജീവചരിത്രത്തിലുണ്ട്. ചെറുപ്പത്തില്‍ തന്നെ മരിച്ചു പോകുമെന്ന് കാര്‍വറിനുണ്ടായിരുന്ന ഒരു ഉള്‍വിളി (premonition) വിശ്വസിച്ചാണ് മറ്റെല്ലാത്തിനുമുപരി ഭര്‍ത്താവിന്റെ എഴുത്തിനു മുന്‍ഗണന കൊടുത്തതെന്ന് മേരിആന്‍ അവരുടെ ഓര്‍മക്കുറിപ്പുകളില്‍ എഴുതുന്നു. വെയിട്രസ്സായി ജോലി ചെയ്ത് കുടുംബം മുന്നോട്ട് കൊണ്ടു പോകുന്ന വേളയില്‍, വൈകുന്നേരം ജോലി സ്ഥലത്ത് നിന്ന് കൂട്ടി കൊണ്ടു വരാന്‍ വരുമ്പോഴൊക്കെ തനിക്ക് കിട്ടിയ ടിപ്പ് കാശ് കാര്‍വറിന് മദ്യപിക്കാന്‍ കൊടുക്കുന്നുണ്ട് മേരിആന്‍. ബന്ധം പിരിഞ്ഞ ശേഷവും കാര്‍വര്‍ സ്ഥിരമായി അവര്‍ക്ക് കത്തുകളെഴുതുന്നു. കാന്‍സര്‍ ബാധിതനായിക്കഴിഞ്ഞ ശേഷം ഒരിക്കല്‍ കാപ്പി കുടിച്ച ശേഷം പിരിയുമ്പോള്‍ അവരുടെ ഉടുപ്പിന്റെ ബെല്‍റ്റ് ഊരി ഒന്നും പറയാതെ കാര്‍വര്‍ പോക്കറ്റിലാക്കുന്നുണ്ട്. പക്ഷെ, അങ്ങനെ ജീവിതത്തിലെ എല്ലാ വിഷമഘട്ടങ്ങളിലും ആശ്വാസത്തിനായി ഓടി ചെന്നിരുന്ന മേരിആനിനെ കാര്‍വര്‍ മദ്യ ലഹരിയില്‍ കുപ്പി പൊട്ടിച്ച് തലക്കടിക്കുകയും, തോളെല്ലു തെറ്റിക്കുകയും ചെയ്യുന്നുണ്ട് കാര്‍വര്‍.മരിക്കുന്നതിനു തൊട്ടു മുന്‍പു പോലും അവര്‍ക്ക് കാര്‍ഡയച്ച് ആശ്വ്വസം തേടിയിട്ട് പക്ഷെ ഇതിനകം സമ്പന്നനായിക്കഴിഞ്ഞ തന്റെ സ്വത്തില്‍ നിന്ന് കാര്യമായൊനും കൊടുക്കാതെ ക്രൂരനാകുന്നുമുണ്ട്.

അങ്ങനെ, കഥ വായിക്കുന്നതു പോലെയല്ല കഥാകൃത്തുക്കളുടെ ജീവിതം കഥയെ വെല്ലുന്ന എത്രയോ ഉദാഹരങ്ങളുണ്ട്. ഹെമിംഗ്‌വേ ഈ കാര്യത്തില്‍ കുപ്രസിദ്ധനായിരുന്നല്ലോ. താനും ആ തരക്കാരനാണെന്ന് തോന്നിയതു കൊണ്ടായിരിക്കണം, ഹെമിംഗ്‌വേയുടെ അനശ്വരമായ സാഹിത്യം വച്ച് ഹെമിംഗ്‌വേയുടെ വ്യക്തി ജീവിതത്തിലെ പിഴവുകളെ കാര്‍വര്‍ ഇങ്ങനെ ന്യായീകരിച്ചത്- “എഴുത്തുകാരനായ ഹെമിംഗ്‌വേ തന്നെയാണ് നായകന്‍; അദ്ദേഹത്തിന്റെ ജീവിത കഥ എങ്ങനെ ഇഴ പിരിഞ്ഞാലും.” അത് കാര്‍വറിനും ചേരും കുറച്ചൊക്കെ.

തന്റെ കുടുംബാംഗങ്ങളേയും, അടുത്ത സുഹൃത്തുക്കളേയും കഥാപാത്രങ്ങളാക്കുന്നതില്‍ കാര്‍വറിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. പലപ്പോഴും അനുഭവങ്ങള്‍ ഒട്ടും മറയില്ലാതെ നേരിട്ട് കഥയായി മാറി. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അപമാനമുണ്ടായി. ഒരു സ്ത്രീയുടെ സംഭാഷണത്തിലൂടെ മുന്‍ഭര്‍ത്താവിനെ നിശിതമായ അത്മവിചാരണക്ക് പ്രേരിപ്പിക്കുന്ന Intimacy എന്ന കഥ ഉദാഹരണം. അത് മേരിആനുമായി യഥാര്‍ത്ഥത്തില്‍ ഉണ്ടായ ഒരു എപ്പിസോഡാണ് എന്നു പറയപ്പെടുന്നു.

ഫെറിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് കാറോടിച്ച് പുറത്തിറങ്ങിയപ്പോള്‍ സിയാറ്റിലില്‍ നിന്ന് എത്രയോ ഭൂഖണ്ഡങ്ങള്‍ താണ്ടിയതു പോലെ തോന്നി. താരതമ്യേന ഇടുങ്ങിയ റോഡുകള്‍. കയറ്റിറക്കങ്ങള്‍, ഗ്രാമപ്രദേശങ്ങള്‍, മഴ നനഞ്ഞ പച്ചപ്പിന്റെ ധാരാളിത്തം ഇരുവശത്തും, .പലയിടത്തും ആകാശം തന്നെ കാണാത്ത വിധം കമാനം തീര്‍ക്കുന്ന മരച്ചില്ലകള്‍. മത്സ്യങ്ങള്‍ പുളയ്ക്കുന്ന ചെറിയ തോടുകളും പുഴകളും, അമേരിന്ത്യന്‍ ചൂതാട്ട കേന്ദ്രങ്ങള്‍, ലാവന്‍ഡര്‍ പാടങ്ങള്‍. കാര്‍വര്‍ ദേശം.

ഞാന്‍ ചൂണ്ടയിട്ടാല്‍ പോലും മീനുകളെ കിട്ടുമെന്ന് തോന്നിപ്പിച്ച പുഴകള്‍ “So much water so close to home” എന്ന കഥ ഓര്‍മിപ്പിച്ചു. പുഴക്കരയില്‍ മീന്‍ പിടിക്കാനെത്തിയ മൂന്നു സുഹൃത്തുക്കള്‍ ഒരു പെണ്‍കുട്ടിയുടെ ശവശരീരം പുഴയില്‍ പൊങ്ങിക്കിടക്കുന്നത് കാണുകയും, തിരിച്ചു പോകണോ വേണ്ടയോ എന്ന് പരസ്പരം തര്‍ക്കിച്ച് ഒടുവില്‍ ടെന്റടിച്ച് മദ്യപാനവും മീന്‍പിടുത്തവുമൊക്കെയായി പുഴക്കരയില്‍ തന്നെ കൂടുന്നതാണ് കഥ. പിന്നീട് രാത്രിയില്‍ മദ്യ ലഹരിയില്‍ ശവം ഒഴുകി പോയെങ്കിലോ എന്ന് വിചാരിച്ച് ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ നൈലോണ്‍ കയറു കൊണ്ട് ഒരു മരത്തില്‍ ശവത്തെ കെട്ടിയിടുന്നു. പിന്നെയും രണ്ടു ദിവസം മദ്യത്തില്‍ മുഴുകി ആ ശവശരീരം ഒന്നു നോക്കുക പോലും ചെയ്യാതെ തിരിച്ചു പോകുന്ന സുഹൃത്തുക്കള്‍ വഴിക്ക് വച്ച് പൊലീസില്‍ വിളിച്ച് ശവം കണ്ട കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.
കഥയിലെ കാതലായ ഭാഗം മുഴുവന്‍ ഈ സുഹൃത്തുക്കളിലൊരാളിന്റെ ഭാര്യ ഈ വാര്‍ത്ത പത്രത്തില്‍ കണ്ട് ഭര്‍ത്താവിനെ സംശയത്തോടെയും വെറുപ്പോടെയും കാണാന്‍ തുടങ്ങുകയും അകാരണമായ ഒരു കുറ്റബോധം ഭര്‍ത്താവിനെ വേട്ടയാടുകയും ചെയ്യുന്നതാണ്.

kv praveen, malayalam writer, travel

ഈ കഥ എഴുതുന്ന കാലഘട്ടത്തെ കാര്‍വരിന്റെ ജീവിതം വിവരിക്കുന്ന അദ്ധ്യായത്തിന് Drowning എന്നാണ് പേര്. ആ കാലത്ത് 24 മണിക്കൂറും കാര്‍വര്‍ മദ്യത്തില്‍ മുങ്ങിത്താണുകൊണ്ടിരിക്കുകയായിരുന്നു. മുങ്ങി മരിച്ച ഒരു പെണ്‍കുട്ടിയുടെ വാര്‍ത്ത പത്രത്തില്‍ കണ്ടാണ് കഥയുടെ ആശയം കാര്‍വറിന് കിട്ടുന്നത്. കഥ ഭാര്യയുടെ വ്യൂ പൊയിന്റില്‍ നിന്ന് പറയാന്‍ തീരുമാനിക്കുക വഴിയും മറ്റു മാര്‍ഗങ്ങളിലൂടേയും കഥയിലുടനീളം മുങ്ങി മരിച്ച പെണ്‍കുട്ടിയോടുളള സഹാനുഭൂതി അടക്കിപ്പിടിച്ച് നിര്‍ത്തിയിട്ടുണ്ട്. ആ പെണ്‍കുട്ടി മദ്യത്തില്‍ മുങ്ങി മരിച്ചു കൊണ്ടിരിക്കുന്ന താന്‍ തന്നെയാണെന്ന് കാര്‍വറിനു തോന്നിയിരിക്കണം. കഥയില്‍ ഒരിടത്ത് ഭാര്യ ചോദിക്കുന്നു: “വീടിനടുത്ത് ഇത്രയും വെളളമുണ്ടായിട്ടും, നിങ്ങള്‍ ആ പുഴയില്‍ തന്നെ മീന്‍ പിടിക്കാന്‍ പോയതെന്തിനാണ്?”

ഒരു നല്ല ഭര്‍ത്താവും അച്ഛനും ആകാനുളള ആന്തരിക സമ്മര്‍ദം ഒരു വശത്ത്, തന്റെ പ്രതിഭയോട് നീതി പുലര്‍ത്തിക്കൊണ്ട് എഴുതാന്‍ കഴിയുമോ എന്ന ആശങ്ക മറുവശത്ത്. എല്ലാത്തിനും ഉപരി മദ്യത്തിന്റെ നീരാളിക്കൈകളില്‍ നിന്ന് അടിയന്തിരമായി വിടുതല്‍ നേടാന്‍ കഴിയാത്തതിന്റെ കുറ്റബോധം. അങ്ങനെയായിരുന്നു കാര്‍വറിന്റെ ജീവിതം ആ കാലത്ത്.

പസഫിക് സമുദ്രത്തിനും മഴക്കാടുകള്‍ക്കും ഒളിമ്പിക് മല നിരകളുടെ പുക മൂടിയ ശിഖരങ്ങള്‍ക്കും ഇടയില്‍ പോര്‍ട്ട് ആഞ്ചലസ് എന്ന തുറമുഖ പട്ടണം. ഒരു കാലത്ത് തടിമില്ലുകളും പേപ്പര്‍ നിര്‍മ്മാണ ശാലകളും സജീവമായിരുന്ന, ഏഷ്യയിലെക്കു പോലും കയറ്റു മതി നടത്തിക്കൊണ്ടിരുന്ന തുറമുഖം. മൂടല്‍ മഞ്ഞ് മാറുന്ന നിമിഷങ്ങളില്‍, വെയില്‍ ദയവു കാട്ടുകയാണെകില്‍, കാനഡ വരെ കാണാന്‍ പറ്റുന്ന സ്ഥലങ്ങളുണ്ടിവിടെയെന്ന് വായിച്ചിരുന്നു. പക്ഷെ അതിനുളള സമയമോ സാവകാശമോ ഇല്ലാതെ ബാക്കിയുളള കുറച്ചു മൈലുകള്‍ താണ്ടി യാത്ര തുടര്‍ന്നു.

ഒരു പേപ്പര്‍ മില്ലിനടുത്തായിരുന്നു സമുദ്രത്തിലേക്ക് തുറക്കുന്ന സെമിത്തേരി. പട്ടാളക്കാരും, യുദ്ധവീരന്മാരും, തടിമില്ലുടമകളും അന്ത്യ വിശ്രമം കൊളളുന്ന കല്ലറകള്‍ കടന്ന് കറുത്ത ഗ്രാനൈറ്റ് കൊണ്ടുണ്ടാക്കിയ ആ സ്മാരകത്തിനടുത്തെത്തി.

kv praveen, malyalam writer, travel

“റെയ്മണ്ട് കാര്‍വര്‍, മെയ് 25 1938 – ആഗസ്റ്റ് 2, 1988, കവി, കഥാകൃത്ത്, ഉപന്യാസകാരന്‍”

കാര്‍വറിന്റെ “Gravy” എന്ന കവിത മുഴുവനായും വെളുത്ത അക്ഷരങ്ങളില്‍ കൊത്തി വച്ചിട്ടുണ്ട്. ജീവിതത്തിലെ അവസാനത്തെ പത്തു വര്‍ഷങ്ങള്‍, മദ്യപാനം നിര്‍ത്തിയതിനു ശേഷമുളള പത്തു വര്‍ഷങ്ങള്‍..
“These past ten years.
Alive, sober, working, loving and
being loved by a good woman.
Eleven years
ago he was told he had six months to live
at the rate he was going. And he was going
nowhere but down. So he changed
his ways
somehow. He quit drinking! And the rest?
After that it was all gravy”

ആറു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും, ഒന്നിലധികം തവണ ചെക്കോവുമായി താരതമ്യം ചെയ്യപ്പെടുകയും, അമേരിക്കയിലെ, ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട കഥയെഴുത്തുകാരിലൊരാളായി മാറിയ ശേഷം കാര്‍വര്‍ ഒരിക്കല്‍ പറഞ്ഞു: “മദ്യപാനം നിര്‍ത്താന്‍ കഴിഞ്ഞതു പോലെ എന്റെ ജീവിതത്തില്‍ ഞാന്‍ അഭിമാനിക്കുന്ന മറ്റൊരു നേട്ടവും ഇല്ല.” നിര്‍ഭാഗ്യവശാല്‍ അപ്പോഴേക്കും കാന്‍സര്‍ കാര്‍വറിന്റെ ശ്വസകോശങ്ങള്‍ അപഹരിച്ചു തുടങ്ങിയിരുന്നു.

“ഒരു മുഴുക്കുടിയനോ, വഞ്ചകനോ, പിടിച്ചു പറിക്കാരനോ, പാപ്പരോ ഒക്കെ ആകണമെന്ന ഉദ്ദേശത്തോടെയല്ല ഒരു മനുഷ്യനും തന്റെ ജീവിതം ആരംഭിക്കുന്നത്” മറ്റൊരിക്കല്‍ കാര്‍വര്‍ എഴുതിയിരുന്നല്ലോ. ‘ജീവിതത്തില്‍ നിന്ന് എന്താണ് ആഗ്രഹിക്കേണ്ടതെന്ന് നമുക്ക് ഒരിക്കലും അറിയാന്‍ കഴിയുകയില്ല. കാരണം ഒരു ജീവിതം മാത്രമുളള നമുക്ക് മുന്‍‌കാല ജീവിതങ്ങളുമായി ഈ ജീവിതം താരതമ്യം ചെയ്യാനോ വരും ജന്മങ്ങളില്‍ കാര്യങ്ങള്‍ നേരെയാക്കാമെന്ന് പ്രതീക്ഷിക്കാനോ കഴിയില്ലെന്ന’ മിലന്‍ കുന്ദേരയുടെ വാക്കുകള്‍ കഥാസമാഹാരത്തിന് ആമുഖമായി ചേര്‍ത്തതിലും ആ വികാരം പ്രതിഫലിക്കുന്നു. എന്നാലും, ഈ ജീവിതത്തില്‍ നിന്ന് താന്‍ ആഗ്രഹിച്ചിരുന്നതെന്തായിരുന്നോ അത് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും, അത് സ്നേഹമാണെന്നും, അതില്‍ സംതൃപ്തനാണെന്നും ഏറ്റവും അവസാനം കുറിച്ച കവിതയില്‍ കാര്‍വര്‍ സൂചിപ്പിക്കുന്നുണ്ട്. കല്ലറയില്‍ ആ വരികളും

“And what did you want?
To call myself beloved, to feel myself
beloved on the earth.”

ജീവിതത്തെ മരണം എന്ന പോലെ സന്ധ്യ പകലിനെയും ഏറെക്കുറെ മുഴുവനായും വിഴുങ്ങിത്തുടങ്ങിയിരുന്നു. അവശേഷിക്കുന്ന വെളിച്ചത്തില്‍ ഞാന്‍ കാര്‍വറിന്റെ വാക്കുകളിലൂടെ വിരലോടിച്ചു. നനഞ്ഞു വീണ ചില ഇലകള്‍ നിഷ്ഫലമായി തുടച്ചു മാറ്റി. ജലത്തിലേക് തുറക്കുന്ന ആ ഭൂപ്രദേശത്ത് നില്‍ക്കുമ്പോള്‍ സമുദ്രത്തിലേക്കുളള ഒഴുക്ക് തടയാനാവാതെ നിസ്സഹായരായി കൈകാലിട്ടടിക്കുന്ന, ജീവിതത്തിലൂടെ ഒഴുകിപ്പോയ അസംഖ്യം കാര്‍വര്‍ കഥാപാത്രങ്ങളെ ഓര്‍ത്തു. റെയ്മണ്ട് കാര്‍വര്‍ എന്ന എഴുത്തുകാരനും അത്തരമൊരു കഥാപാത്രമായിരുന്നു.

kv praveen, malayalam writer, travel

ആകാശം വെളിച്ചത്തിന്റെ ഒരു നേര്‍ത്ത തിരശ്ശീലയായി മാറി. വര്‍ഷങ്ങള്‍ക്കു മുന്പ് പ്രൊഫസര്‍ എം കൃഷ്ണന്‍നായര്‍ എന്നൊരു അക്ഷരസ്നേഹി, താങ്കളുടെ കഥീഡ്രലിനെക്കുറിച്ച് എഴുതിയത് വായിക്കാനും അതില്‍ പിന്നെ താങ്കളുടെ കഥയും ജീവിതയും തേടിപ്പിടിക്കാനും, ഇപ്പോള്‍ ലോകത്തിന്റെ ഏതോ വിദൂര കോണില്‍ നിന്ന് ഇവിടെ വരെ അന്ന് താങ്കളുടെ കല്ലറക്കു മുന്നില്‍ നില്‍ക്കാനും കഴിഞ്ഞതിലെ മറ്റൊരു കഥയെക്കുറിച്ച് ഓര്‍ത്തു നില്‍ക്കുമ്പോള്‍ കണ്ണുനീരു പോലെ കല്ലറക്കു മേല്‍ മഴത്തുളളികള്‍ വന്നു വീണു. കാര്‍വര്‍ ദേശത്തെ ഒരു സ്ഥിരവാസക്കാരനെ പോലെ ഞാനും കുടയെടുത്തിരുന്നില്ല.

Raymond Carver [A Writer’s Life] Carol Sklenicka
Where I’m Calling from (Stories) Raymond Carver
Call if You Need Me (The Uncollected Fiction and Prose) –Raymond Carver
A New Path to the Waterfall (Poems) Raymond Carver

കഥാകൃത്തായ ലേഖകൻ അമേരിക്കയിൽ ഐ ടി രംഗത്ത് ജോലി ചെയ്യുന്നു

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Literary pilgrimage to port angeles raymond carver kv praveen