scorecardresearch
Latest News

ദി തീഫ്‌സ് ജേണല്‍ അഥവാ സൂഫി പറഞ്ഞ കഥ

“സാറീക്കാണുന്ന ആര്‍ട്ടിസ്റ്റ് മാത്രമാവില്ല ഞാന്‍ സാറെ… അതൊക്കെ ഞാന്‍ പറഞ്ഞു തുടങ്ങിയാല്‍. മാത്രമല്ല സാറിനി എന്നെക്കാണാന്‍ തന്നെ വന്നില്ല എന്നും വരും.” തെരുവുകൾക്ക് നിറം ചാലിച്ച് കടന്നു പോയ ചിത്രകാരനായ ജലീലിന്‍റെ നിറം പിടിപ്പിക്കാത്ത ജീവിതം. കഥകൾക്കപ്പുറം ചോരയും നീരും ഒഴുകുന്ന ജീവിതകഥ പറയുകയാണ്‌ ജലീല്‍

street artist jaleel,s life, hariharan subrahmanyan

കൊച്ചിക്കടപ്പുറത്തെ തെരുവ് ചിത്രകാരനായിരുന്ന, അടുത്തയിടെ അന്തരിച്ച ജലീലുമായി  ഫൊട്ടോഗ്രാഫറും എഴുത്തുകാരനുമായ ഹരിഹരന്‍ സുബ്രഹ്മണ്യൻ ചില മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ സംഭാഷണം. തെരുവിലെ തന്‍റെ ബാല്യ- കൗമാര – യൗവ്വന കാലഘട്ടങ്ങളെക്കുറിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന സംഭാഷണത്തിൽ​ ജലീൽ പറയുന്നു.

“ഞാന്‍ എതിര്‍ക്കുന്ന ഈ ലോകം എത്ര കണ്ട്
എന്‍റെ സാധ്യതകളെ പരിമിതപ്പെടുത്തുന്നുവോ,
എത്ര കണ്ട് കൂടുതല്‍ ആഴത്തില്‍
അതെന്നെ മുറിവേൽപ്പിക്കുന്നുവോ,
എത്രത്തോളം അതിന്‍റെ കെട്ടുകള്‍ എന്നെ വരിയുന്നുവോ…
അത്രത്തോളം തന്നെ ഞാന്‍ കൂടുതല്‍  
സുന്ദരനായി വിളങ്ങും .”

‘ദി തീഫ്സ് ജേണല്‍’ എന്ന തന്‍റെ വിഖ്യാതമായ പുസ്തകത്തില്‍ ഴാങ്ങ് ഷെനെ (Jean Genet 1910-’86) അതിലെ പ്രധാന കഥാപാത്രത്തെക്കുറിച്ച് പറയുന്ന ഈ വാക്കുകള്‍ ഏറെ ഇണങ്ങുമായിരുന്നു ജലീലിന്. ജലീല്‍ കേരളത്തിലെ തെരുവുകളില്‍ 1970കളിലും 1980കളിലും നടന്നു തീര്‍ത്ത കനല്‍ വഴികളുടെ ചൂട് 1930കളില്‍ യൂറോപ്പിലൂടെ ഷെനെ എന്ന അമാനവനെ പാകപ്പെടുത്തിയെടുത്ത തെരുവോരങ്ങള്‍ക്കും തടവറകള്‍ക്കും ഉണ്ടായിരുന്നു.

ജലീലിനെ ഞാന്‍ ആദ്യമായി കാണുന്നത് 2010 ലാണ്. കൊച്ചിയിലെ ബീച്ചിലൂടെ നടന്നു പോകുമ്പോൾ കടന്നു പോകുന്നവരെയൊ ന്നും ശ്രദ്ധിയ്ക്കാതെ ഏറെ ഏകാഗ്രതയോടെ ഒരു ചുവരില്‍ ചിത്രം വരയ്ക്കുകയായിരുന്നു അയാള്‍. എറണാകുളത്തേയ്ക്ക് പോകേണ്ട ആവശ്യമുള്ളതുകൊണ്ട് അന്ന് കൂടുതല്‍ നേരം ഞാന്‍, അവിടെ നില്‍ക്കുകയോ അയാളോട് സംസാരിക്കുകയോ ചെയ്തില്ല. പിന്നീടെപ്പോഴോ ഒക്കെ അതേ സ്ഥലത്ത് വച്ച് ജലീലിനെ കണ്ട് അയാള്‍ വരയ്ക്കുന്ന ചിത്രങ്ങളും നോക്കി ഞാന്‍ നിന്നിട്ടുണ്ടെങ്കിലും ഞങ്ങള്‍ തമ്മിലുള്ള സംസാരം ഒന്നു രണ്ട് വാക്കുകളിലൊതുങ്ങിയിരുന്നു. അയാളുടെ ഇരിപ്പിടത്തിന് സമീപം വച്ചിരുന്ന പെട്ടിയില്‍ ഓരോ തവണയും അത്ര മോശമല്ലാത്ത ഒരു സംഖ്യ ഞാന്‍ ഇട്ടു വന്നു.പക്ഷെ, അയാളില്‍ അതൊന്നും ഒരു ഭാവഭേദവും ഉണ്ടാക്കിയില്ല.

മകനെയും കൂട്ടി ഒരിക്കല്‍ കൊച്ചിയില്‍ മൂന്ന് ദിവസം താമസിക്കുമ്പോഴുണ്ടായ കൂടിക്കാഴ്ചയിലാണ് ജലീല്‍ എന്നോട് കൂടുതലായി സംസാരിക്കാന്‍ തുടങ്ങിയത്. മകന്‍റെ കയ്യിലുണ്ടായിരുന്ന എസ് എല്‍ ആര്‍ ക്യാമറ കണ്ടപ്പോള്‍ ജലീല്‍ അത് അവന് മാത്രമായി ഉപയോഗിക്കാനുള്ളതാണോ എന്ന് ചോദിച്ചു. ഞാന്‍ അതേയെന്ന് തലയാട്ടുകയും അവന്‍റെ ഫോട്ടോകള്‍ അഖിലേന്ത്യാ പ്രദര്‍ശനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.street artist jaleel,s life, hariharan subrahmanyan

“സാറ് ചെയ്തതാ അതിന്‍റെ ശരി. കുട്ടികള്‍ക്ക് എന്താ ഇഷ്ടമെന്ന് നോക്കി നമ്മ വേണം കാര്യങ്ങള്‍ ചെയ്യാന്‍.”

കൊച്ചി യാത്രകളിലെല്ലാം തന്നെ ഞാന്‍ ജലീലിനെ കാണുകയും സംസാരിക്കുകയും ചെയ്യുന്നത് ഒരു പതിവാക്കി. പക്ഷെ എത്ര ചോദിച്ചിട്ടും പക്ഷേ അയാള്‍ തന്‍റെ ജീവിതത്തെയോ വീടിനെയോക്കുറിച്ച് ഒരു പരിധിയില്‍ കൂടുതല്‍ സംസാരിക്കാന്‍ കൂട്ടാക്കാത്തത് എന്നെ നിരാശപ്പെടുത്തി.

“സാറീക്കാണുന്ന ആര്‍ട്ടിസ്റ്റ് മാത്രമാവില്ല ഞാന്‍ സാറെ, അതൊക്കെ പറഞ്ഞു തുടങ്ങിയാല്‍. മാത്രമല്ല സാറിനി എന്നെക്കാണാന്‍ വന്നില്ല എന്നും വരും.”

2016-17ലെ ബിനാലെയോടനുബന്ധിച്ച് ഞാന്‍ കൂടുതല്‍ തവണ കൊച്ചിയ്ക്ക് പോകുകയും അപ്പോഴൊക്കെ ജലീലിനെക്കാണുകയും ഉണ്ടായി. അങ്ങനെ സംസാരിച്ചിരുന്ന ഒരു വേളയിലാണ് അയാള്‍ താന്‍ ആദ്യ ബിനാലെയ്ക്ക് പോയതും അവിടെ കണ്ട കാഴ്ചകള്‍ തന്നെ നിരാശനാക്കിയ കാര്യങ്ങളൊക്കെ പറഞ്ഞതും.

സംസാരം വീണ്ടും ജലീല്‍ ചിത്രകാരനായ സാഹചര്യങ്ങളുടെ ഒരന്വേഷണത്തിലെത്തി. അന്ന് എന്‍റെയൊപ്പം എന്‍റെ സുഹൃത്തും കോയമ്പത്തൂരിലെ സാംസ്ക്കാരിക പ്രവര്‍ത്തകയുമായ സുധയും ബിനാലെ കാണാന്‍ വന്നിരുന്നു. ഒരു ബീഡിയ്ക്ക് തീ കൊളുത്തി ഒന്നാലോചിച്ച ശേഷം ജലീല്‍ പറഞ്ഞു.

“ഒരു കാര്യം ചെയ്യാം സാറെ. ഈ വരുന്ന ചൊവ്വാഴ്ച്ച സാര്‍ നമ്മുടെ ആര്‍ടിസ്റ്റ് ഡെസ്മണ്ടിന്‍റെ വീട്ടിലോട്ട് വാ. ഞാന്‍ അവിടെ വെച്ച് കാര്യങ്ങള്‍ പറയാം. ഇവിടെ ഈ മാഡത്തിനെ വെയിലില്‍ നിര്‍ത്തി നമ്മള്‍ സംസാരിക്കണത് ശരിയാവൂല.”

“ചെവ്വാക്കഴമേ നാനും വരുവേന്‍. എനക്ക് ഇവര് കതെ നെരാവേ കേട്ടാകണം.” (ചൊവ്വാഴ്ച്ച ഞാനും വരും. ഇദ്ദേഹത്തിന്‍റെ കഥ എനിക്ക് നേരിട്ട് കേള്‍ക്കണം), താനും വരുന്നുണ്ടെന്ന് സുധ അപ്പോള്‍ തന്നെ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ഞങ്ങള്‍ ഡെസ്മണ്ടിന്‍റെ സ്റ്റൂഡിയോവായ ‘റെണ്ടെസ് ബൌളില്‍’ എത്തുമ്പോള്‍ ജലീല്‍ ഞങ്ങളെയും കാത്ത് അവിടെയുണ്ടായിരുന്നു.

“ങ്ങാ.. മാഡവും വന്നോ? അത് കൊള്ളാം.”

ഞാനെടുത്ത ജലീലിന്‍റെ ഒരു ഫോട്ടോ ‘സ്ട്രീറ്റ്സൈഡ്’ എന്ന വിദേശ ഓണ്‍ലൈന്‍ മാസികയുടെ കവറായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷ വാര്‍ത്ത അയാളെ അറിയിക്കുകയും ആ ഫോട്ടോവിന്‍റെ ഒരു ബ്ലോഅപ്പ് അയാള്‍ക്ക്‌ കൊടുക്കുകയും ചെയ്തപ്പോള്‍, അത് നോക്കിയിട്ട് “നുമ്മ മയങ്ങിയപ്പ സാറതും പിടിച്ചല്ലേ?” എന്നും പറഞ്ഞ്‌ അത് എല്ലാവരെയും പൊക്കിക്കാണിച്ചു.

ഡെസ്മണ്ട് ചിരിച്ചുകൊണ്ട് ഞങ്ങളെ കൈവീശിക്കാണിച്ച ശേഷം തന്‍റെതായ ലോകത്തേയ്ക്ക് പിന്‍വാങ്ങി.

“അപ്പോ.. ഇനി സമയം കളയണ്ടാ സാറെ. ഞാനങ്ങനെ ഒരു കഥ പോലെ പറയാം. സാറ് സ്പീഡിലെഴുതിയെടുത്തോ.”

സൂഫി പറഞ്ഞ കഥ

എന്നെ നിങ്ങളൊക്കെ ഈ ചിത്രകാരന്‍റെ റോളിലല്ലേ കാണുന്നത്. ഇവിടെഎത്തിയതിന്‍റെ ചരിത്രം പറയുമ്പോള്‍ ഞാന്‍ ആദ്യം പറയേണ്ടത് ഉമ്മയെക്കുറിച്ചാണ്. പേര് നബീസ എന്നാണ്. ഉമ്മയുടെ ജീവിതത്തിലെ ചില സംഭവങ്ങളും എന്‍റെ ഇന്നത്തെ ഈ ജീവിതവുമായുള്ള ബന്ധം ഞാന്‍ പറഞ്ഞു കഴിയുമ്പോള്‍ മനസ്സിലാവും.

ഉമ്മ മുഹമ്മക്കാരിയാണ്. വീട്ടുപേര് മാളിയവീടെന്നാണ്. മൂന്ന് ആണുങ്ങളും ഉമ്മയെക്കൂടാതെ ഒരു പെണ്ണും അടങ്ങിയതായിരുന്നു കുടുംബം. ഉമ്മയ്ക്ക് ആറുവയസ്സുള്ളപ്പോള്‍ ഉമ്മയുടെ വാപ്പ മയ്യത്തായി. കുടുംബം ചിതറിപ്പോവുകയും ഉമ്മ കൊച്ചപ്പാന്‍റെ വീട്ടിലാവുകയും ചെയ്തു. ഉമ്മയ്ക്ക് പന്ത്രണ്ട് വയസ്സ് തികഞ്ഞപ്പോള്‍ അവരുടെ നിക്കാഹ് ഒരു മുപ്പത്തഞ്ചുകാരനുമായി ഉറപ്പിക്കപ്പെട്ടു. ഒരു രീതിയിലും ഉമ്മയ്ക്ക് ഈ നിക്കാഹ് അംഗീകരിക്കാനാകുമായിരുന്നില്ല. എന്നിട്ടും അത് നടന്നു. രാത്രി ഉമ്മ മണിയറയില്‍ കയറാന്‍ കൂട്ടാക്കിയില്ല. ഒരു പത്തുപതിനാലു ദിവസം കാര്യങ്ങള്‍ ഇങ്ങനെ നീങ്ങിയപ്പോള്‍ ഇളയമ്മ ഉമ്മയോട് കാര്യം ബോധിപ്പിക്കാന്‍ നോക്കി.street artist jaleel,s life, hariharan subrahmanyan

“നിന്‍റെ കഴുത്തില്‍ മാലയിട്ട ഭര്‍ത്താവാണയാള്‍. നീ ഉമ്മയേയും ഇളയപ്പയേയും അനുസരിക്കണ പോലെ അയാളെയും അനുസരിക്കണം.” ഉമ്മ സമ്മതിച്ചില്ല എന്ന് മാത്രമല്ല, മാലയാണ് പ്രശ്നമെങ്കില്‍ അത് തനിക്കുവേണ്ടെന്നും പറഞ്ഞ്‌ വലിച്ചു പൊട്ടിച്ചെറിഞ്ഞു.

ഈ സംഭവം മുഹമ്മയിലും പരിസരത്തും വലിയ ഒച്ചപ്പാടുണ്ടാക്കി. പള്ളിയിടപെടുകയും ഉമ്മയെ താക്കീത് ചെയ്യുകയും ചെയ്തു. വീട്ടുകാര്‍ ഉമ്മയെ മര്‍ദ്ദിക്കുകയും ചെയ്തു. ഇത് കൊണ്ടൊന്നും തളരാതെ ഉമ്മ അവിടെനിന്നും ഇറങ്ങി അതിരമ്പുഴയിലുള്ള മൂത്ത ഇക്കയുടെ അടുക്കലേയ്ക്ക് പോയി. അവിടെ താമസിച്ചുപോന്ന ഉമ്മയ്ക്ക് പതിനാറ് വയസ്സ് തികഞ്ഞപ്പോള്‍ വേറെയോരാളുമായിട്ടുള്ള നിക്കാഹ് അവര്‍ ഉറപ്പിച്ചു. കാക്കനാട്ട് നിന്നും മണ്ണ് ലേലത്തിനെടുത്ത് ചെങ്കല്ലാക്കി അതിരമ്പുഴ ഭാഗത്ത് വിറ്റുവന്നിരുന്ന അബ്ദുല്‍ റസാക്ക് ആയിരുന്നു മണവാളന്‍.

ആറടിയിലധികം ഉയരമുള്ള ഒരു ആജാനുബാഹുവായിരുന്നു റസാക്ക്. ഉമ്മയാകട്ടെ കഷ്ടിച്ച് അഞ്ചടിയോളവും. അവരുടെ രണ്ട് കുട്ടികളിലോരാളായിട്ടാണ് ഞാന്‍ ജനിച്ചത്‌. റസാക്കിന് കാക്കനാട്ടില്‍ മറ്റൊരു ബീവിയും കുട്ടികളുമുണ്ടായിരുന്ന കാര്യം ഉമ്മയ്ക്ക് അപ്പോള്‍ അറിയുകയും ഇല്ലായിരുന്നു. ഒരു തവണ മാസങ്ങള്‍ കഴിഞ്ഞിട്ടും അയാള്‍ തിരികെ വരാതിരുന്നപ്പോള്‍ ഉമ്മ അയാളെയും തിരക്കി കാക്കനാട്ടേയ്ക്ക് പോയി. റസാക്കിന്‍റെ ആദ്യബീവിയും മക്കളും ഉമ്മ താനും റസാക്കിന്‍റെ ബീവിയാണെന്ന് പറഞ്ഞപ്പോള്‍ അവരെ തെറി പറയുകയും അവിടെനിന്ന് ആട്ടിപ്പായിക്കുകയും ചെയ്തു.

ഉമ്മ നേരെ കൊച്ചിയിലേയ്ക്കാണ് ബസ് കയറിയത്. പനയപ്പള്ളി മുജാഹിദ് സ്ക്കൂള്‍ കണ്ടപ്പോള്‍ അവിടെയിറങ്ങി. അന്ന് പള്ളികള്‍ക്കും സ്ക്കൂളുകള്‍ക്കുമൊന്നും മതിലുകളുണ്ടായിരുന്നില്ല. ഇപ്പോള്‍ ദൈവങ്ങളെയൊക്കെ നമ്മള്‍ പൂട്ടിയിട്ടിരിക്കുകയല്ലേ.

അവിടെ, പള്ളിയുടെ ശവപ്പറമ്പിനോട് ചേര്‍ന്നുള്ള ഒരു വളരെ ദരിദ്ര കുടുംബത്തിന്‍റെ വീടിന്‍റെ ഇറയത്ത് അന്തിയുറങ്ങാന്‍ ഉമ്മയ്ക്ക് സ്ഥലം ഒരുക്കപ്പെട്ടു. പത്തിരുപതുപേര്‍ താമസിച്ചിരുന്ന ആ വീട്ടിലെ കുടുംബസ്ഥര്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. അങ്ങനെയിരിക്കെയാണ് ഉമ്മയ്ക്ക് പാലസ് റോഡിലുള്ള സിവില്‍ സപ്ലൈ ആപ്പീസില്‍ ഒരു തൂപ്പുകാരിയുടെ താല്‍ക്കാലിക ജോലി കിട്ടിയത്. തുച്ഛമായ ആ കൂലി വലിയ സഹായമായിരുന്നു.

ആ വീട്ടുകാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ ഉമ്മ ഞങ്ങള്‍ രണ്ടുപേരെയും കൊണ്ട് ഒരു വാടക വീട്ടിലേയ്ക്ക് മാറി. രണ്ടു കുട്ടികള്‍ മാത്രം തുണയായിട്ടുള്ള ഒരു പതിനെട്ടുകാരി ഒറ്റയ്ക്ക് ഒരു വീട്ടില്‍ താമസിച്ചാല്‍ ഇന്നുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും അന്നുമുണ്ടായിരുന്നു. അങ്ങനെയിരിക്കെ, ഉത്സവപ്പറമ്പുകളില്‍ പൊരി വിറ്റ് ജീവിച്ചുപോന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയായ മുഹമ്മദ്‌ കാസിം എന്ന ഒരാളുമായി ഉമ്മ ചങ്ങാത്തത്തിലായി. ആ ബന്ധത്തിലും ഉമ്മയ്ക്ക് രണ്ട് കുട്ടികളുണ്ടായി.

സാറിന് ഇതൊക്കെ ഒരു വിസ്മയമായിരിക്കും. പക്ഷെ ദരിദ്രരായ പല മുസ്‌ലിം സ്ത്രീകളുടെ ജീവിതം അന്ന് ഇങ്ങനെയൊക്കെയായിരുന്നു.

ദേശാടനക്കിളിയായ കാസിമിന് പോകുന്ന നാടുകളിലെല്ലാം പല തരക്കാരികളായ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഉമ്മ തെല്ല് കഴിഞ്ഞാണ് അറിഞ്ഞത്. ആകെ വിഷമത്തിലായ ഉമ്മയപ്പോള്‍ നാലു കുട്ടികളെ പോറ്റേണ്ട ഒരു വിഷമഘട്ടത്തിലെത്തിച്ചേര്‍ന്നിരുന്നു.
തൂപ്പ് കഴിഞ്ഞ് ഉമ്മ ഉച്ചയ്ക്ക് ഐലണ്ടിലെ ചില വീടുകളില്‍ അരി പൊടിച്ചു വറുത്തു കൊടുക്കാന്‍ പോകുമായിരുന്നു. റസാക്കിലുണ്ടായ ഞങ്ങള്‍ ഇരുവരും ഇതിനോടകം അല്‍പ്പം വളര്‍ന്നിരുന്നു. ഞങ്ങളും ഐലൻഡിലെ വീടുകളില്‍ എന്തെങ്കിലും ജോലി ചെയ്ത് അവര്‍ തരുന്ന തുച്ഛമായ കൂലി ഉമ്മയെ ഏല്‍പ്പിക്കും.

ഇതിനകം താമസിക്കുന്നയിടത്തെ ചിലരുടെ ശല്യം താങ്ങാനാവാതെ ഉമ്മ ഞങ്ങളെയും കൊണ്ട് കൃസ്ത്യാനികള്‍ കൂടുതലായി താമസിക്കുന്ന നസ്രേത്ത് എന്ന സ്ഥലത്തേയ്ക്ക് താമസം മാറി. വീട് പണയത്തിനാണ് എടുത്തത്. ഒരു മുസ്‌ലിം കുടുംബത്തിനു വീട് പണയത്തിന് കൊടുക്കുന്നതില്‍ ഒരു കൃസ്ത്യാനിയ്ക്ക് ഒരപാകതയും അന്ന് തോന്നിയിരുന്നില്ല. എന്തായാലും അതോടെ ഉമ്മയുടെ കയ്യിലുണ്ടായിരുന്ന പണം മുഴുവനും ചിലവഴിഞ്ഞു.

അവിടെയുണ്ടായിരുന്ന ഇംഗ്ലിഷ് മീഡിയം സ്ക്കൂളിലാണ് എന്നെ ചേര്‍ത്തത്. സ്ക്കൂൾ നിറയെ കൃസ്ത്യാനിക്കുട്ടികളായിരുന്നു. അല്ലാത്തവര്‍ ഞാനും വിജയനെന്ന് പേരായ ഒരു മൂപ്പനുമായിരുന്നു. ആ സമയത്താണ് കൊച്ചിയില്‍ കൃസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ ഒരു സിനിമാക്കൊട്ടക കത്തിച്ചതുമായി ബന്ധപ്പെട്ട ഒരു ചെറിയ അടിപിടി നടന്നത്. അതോടെ സ്ക്കൂളിലെ എന്‍റെ അവസ്ഥ പരുങ്ങലിലായി.

ഉമ്മ വീണ്ടും മറ്റൊരാളുമായി പ്രണയത്തിലായി. അബു എന്ന് പേരായ ഐലൻഡിലെ ഒരു കയറ്റിറക്ക് തൊഴിലാളിയായിരുന്നു ആള്. കടുത്ത സംശയരോഗിയായിരുന്ന അയാള്‍ ഉമ്മയെ വിടാതെ പിന്തുടര്‍ന്നു. ഓഫീസിലോ വഴിയിലോ ഉമ്മ ആരെങ്കിലുമായി ഒരല്‍പ്പം കൂടുതല്‍ സംസാരിച്ചുവെന്ന് അയാള്‍ക്ക്‌ തോന്നിയാല്‍ അവരെ അയാള്‍ നിര്‍ദാക്ഷിണ്യം മര്‍ദ്ദിക്കുമായിരുന്നു. സ്വതന്ത്രമായി പങ്കാളിയുടെ കൂടെ തുല്യതയില്‍ കഴിയാന്‍ ആഗ്രഹിച്ചിരുന്ന ഉമ്മയ്ക്ക് ഇത് വല്ലാത്ത പിരിമുറുക്കം ഉണ്ടാക്കി. അബുവിന് എന്നോട് എന്തു കൊണ്ടോ നല്ല സ്നേഹമായിരുന്നു. പക്ഷെ അതൊന്നു കൊണ്ട് മാത്രം ഉമ്മയോടുള്ള അയാളുടെ പെരുമാറ്റം എനിക്ക് ക്ഷമിക്കാനാവുമായിരുന്നില്ല.

മാത്രമല്ല ഉമ്മയ്ക്ക് ഉമ്മയുടേതായ ഒരു ജീവിതമുണ്ടെന്നും അത് ഉമ്മയുടെ തൃപ്തിക്കും സന്തോഷത്തിനുമാണ് ജീവിക്കേണ്ടതെന്ന ഒരു ബോധം എനിയ്ക്ക് ചെറുവയസ്സിലേ ഉണ്ടായിക്കഴിഞ്ഞിരുന്നു.street artist jaleel,s life, hariharan subrahmanyan

ഉമ്മയ്ക്ക് അബുവില്‍നിന്നും കിട്ടിയ ഒരു നേട്ടം ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു പെണ്‍കുട്ടിയുടെ ജനനമാണ്‌. ഒരു ദിവസം ഉമ്മ രണ്ടും കല്‍പ്പിച്ചു അബുവിനോട്‌ വീട്ടില്‍ നിന്നും ഇറങ്ങാന്‍ പറഞ്ഞു. ദേഷ്യം കൊണ്ട് വിറപൂണ്ട അയാള്‍ അന്ന് കൊടിയ മര്‍ദ്ദനമാണ് നടത്തിയത്.

മുറ്റത്തിട്ട് അയാള്‍ ഉമ്മയെ അനേകതവണ ദേഹത്ത് മുഴുവന്‍ ചവിട്ടി. മുസ്‌ലിങ്ങളുടെ കാര്യത്തിലിടപെടാതെ ഒരു തമാശ കാണുംപോലെ അവിടുത്തെയാളുകള്‍ കൂട്ടംകൂടി നിന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു.

അന്ന് രാത്രിയോടെ അബു അവിടെനിന്നും ഒഴിഞ്ഞു പോയി. അയാളുടെ ചവിട്ടിന്‍റെയും ഇടിയുടെയും ആഘാതത്തില്‍നിന്നും തിരികെ ആരോഗ്യവതിയാകാന്‍ ഉമ്മയ്ക്ക് കുറച്ചു നാളുകള്‍ വേണ്ടിവന്നു. അബുവിനോട്‌ പിണങ്ങി ആദ്യമേ വീടു വിട്ടു പോയിരുന്ന വലിയ ഇക്ക ഉമ്മയുടെ വയ്യായ്കയുടെ വാര്‍ത്തയറിഞ്ഞ് തിരിച്ചെത്തി. പകയടങ്ങാത്ത അബു പഞ്ചാരവാക്കുകള്‍ പറഞ്ഞ്‌ വീണ്ടും വീട്ടില്‍ കയറിക്കൂടാന്‍ നോക്കിയെങ്കിലും ഉമ്മ അതിന് ഇടം നല്‍കിയില്ല. ക്രുദ്ധനായ അയാള്‍ വീണ്ടും ഉമ്മയെ ആക്രമിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ വലിയ ഇക്ക ഒരു വിറകിന്‍റെ കഷ്ണം കൊണ്ട് അയാളുടെ തല അടിച്ചു പൊട്ടിക്കുകയും അയാളെ ഇറക്കിവിടുകയും ചെയ്തു.

കാക്കാത്തിയ്ക്ക് വീട് പണയത്തിന് നല്‍കിയപ്പോള്‍ ഓര്‍ക്കണമായിരുന്നു വെന്ന് വീട്ടുടമസ്ഥനെ അവിടെയുളളവരെല്ലാം ചീത്തപറയുകയും ഞങ്ങളെ ഉടനെ ഒഴിഞ്ഞുപോകാന്‍ അയാള്‍ പറയണമെന്നും ആവശ്യപ്പെട്ടു. പണയത്തുക എടുക്കാനില്ലാത്തത്‌ കൊണ്ടോ എന്തോ അയാള്‍ അത് കാര്യമായി എടുത്തില്ല.

ഞാനും വിജയനും മാത്രമായിരുന്നു സ്ക്കൂളിലെ കൃസ്ത്യാനികളല്ലാത്തവര്‍. ഹെഡ്മിസ്ട്രസ്സായിരുന്ന ജലോ ടീച്ചറുടെ മകനും എന്‍റെ ക്ലാസ്സിലായിരുന്നു. സ്കൂളിന്‍റെ എതിര്‍വശത്തുള്ള പലഹാരക്കടയില്‍ നിന്നും അവന് ടീച്ചര്‍ ദിവസവും ഹല്‍വ വാങ്ങി കൊടുക്കുമായിരുന്നു. പതുക്കെ, സ്വാദ് ആസ്വദിച്ച് അവന്‍ അത് ഞങ്ങളുടെ മുന്‍പില്‍ വച്ചു കഴിക്കുമ്പോള്‍ ഞങ്ങളൊക്കെ ഏറെ കൊതിയോടെ അത് നോക്കിയിരിക്കും. ദരിദ്രരായ ഞങ്ങളുടെ മുന്‍പില്‍ ഹല്‍വ നുണയുന്നത് അവനു നല്ല രസം പകര്‍ന്നു.

ജലോ ടീച്ചര്‍ പലപ്പോഴും ഒരു തടിച്ച പേഴ്സ് തന്‍റെ ബാഗിനുള്ളില്‍ നിന്നും എടുക്കുന്നത് ഞാന്‍ കണ്ടിരുന്നു. മുറിവിട്ട്‌ പുറത്തിറങ്ങുമ്പോള്‍ പലപ്പോഴും അവര്‍ ബാഗെടുത്തിരുന്നില്ല എന്ന കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ആ പേഴ്സ് എന്നെ മാടിവിളിച്ചു. അതിലെ പണം കൈവശപ്പെടുത്തിയാല്‍ ക്ലാസ്സിലെ എല്ലാവര്‍ക്കും ഹല്‍വ വാങ്ങിക്കൊടുക്കാന്‍ കഴിയുമല്ലോ എന്ന് ഞാന്‍ കരുതി.

ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ ഒരു മണി വരെ സ്ക്കൂളില്‍ വേദപഠനമുണ്ടായിരുന്നു. എല്ലാവരും വേറെ ഒരു വലിയ മുറിയിലേയ്ക്ക് പോകുമ്പോള്‍ ഞാനും വിജയനും മാത്രം ക്ലാസ്സില്‍ തനിച്ചിരിക്കും. മറ്റു കുട്ടികളുടെ ചോറ്റുപാത്രങ്ങള്‍ തുറന്നു നോക്കുകയും അതിനുള്ളിലെ മീന്‍ വറുത്തതും ഇറച്ചി പൊരിച്ചതുമൊക്കെ ഞാന്‍ കഴിച്ചിരുന്നു. താമസിയാതെ പരാതിയുമായി മറ്റുകുട്ടികളുടെ രക്ഷിതാക്കള്‍ സ്ക്കൂളിലെത്തി. വിജയനെയും എന്നെയും മുറിയിലേയ്ക്ക് വിളിപ്പിച്ച ശേഷം എല്ലാവരുടെയും മുന്‍പില്‍ വച്ചു ഞങ്ങളെ ടീച്ചര്‍ താക്കീത് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തു.

ഒരു ദിവസം വേദപഠനക്ലാസ് നടക്കുമ്പോള്‍ ഞാന്‍ ധൈര്യം സംഭരിച്ച് ജലോ ടീച്ചറുടെ മുറിയില്‍ കയറി. ബാഗിനുള്ളില്‍ നിന്നും പേഴ്സ് എടുത്തതും ഒരു മണിയുടെ ബെല്ലടിച്ചു. പരിഭ്രമത്തില്‍ പേഴ്സ് ഞാന്‍ ജനാലവഴി പുറത്തേയ്ക്കിട്ടു. വെളിയിലെ റോഡിന്‍റെ വശത്തുള്ള പൊന്തയില്‍ അത് വീഴുന്നത് ഞാന്‍ കണ്ടു. മുറി വിട്ട്‌ ഞാന്‍ പുറത്തെയ്ക്കോടി.

ഊണ് കഴിക്കാനായി ദിവസവും വീട്ടില്‍ പോകുമായിരുന്നെങ്കിലും പലപ്പോഴും അവിടെ കഞ്ഞിയല്ലാതെ വേറെയൊന്നും ഉണ്ടാകുമായിരുന്നില്ല. പോകുന്ന വഴി ആ പേഴ്സ് എടുക്കുകയും അതിലെ പണം കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. അറുപത്തിയഞ്ചു രൂപയുണ്ടായിരുന്നു. അന്ന് അത് വലിയ ഒരു തുകയായിരുന്നു. എന്നെക്കണ്ടതും ഉമ്മയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് തോന്നുകയും അത് ചോദിക്കുകയും ചെയ്തു. ഉത്തരമൊന്നും പറയാന്‍ മിനക്കെടാതെ ഞാന്‍ ഒരു ഇരുപത്തഞ്ചു രൂപ എടുത്ത് കീശയില്‍ തിരുകിയ ശേഷം ബാക്കി നോട്ടുകള്‍ ചുരുട്ടി അടുക്കളഭാഗത്തെ ഓലമേല്‍ക്കൂരയുടെ ഇടയില്‍ തിരികി വച്ചു. നോട്ടുകളുടെ ഒരു ഭാഗം ഓലയുടെ വെളിയിലേയ്ക്കു വന്നു നിന്നിരുന്നത് ഞാന്‍ അറിഞ്ഞില്ല.

കഞ്ഞി കുടിച്ച ശേഷം കീശയിലെ രൂപയുമായി ഞാന്‍ സ്ക്കൂളിലേയ്ക്കോടി. ഇന്ന് എന്‍റെ പിറന്നാളാണെന്നും എല്ലാവർക്കും ഓരോ വലിയകഷ്ണം ഹല്‍വ തരുന്നതായിരിക്കും എന്ന് പറഞ്ഞ ശേഷം ഞാന്‍ പലഹാരക്കടയില്‍ പോയി ഹല്‍വ വാങ്ങിവന്നു. ജലോ ടീച്ചറുടെ മകന് മാത്രം ഞാന്‍ ഹല്‍വ നല്‍കിയില്ല. അവന്‍ തിരികെപ്പോയി ടീച്ചറോട് കാര്യങ്ങള്‍ പറഞ്ഞു.
വഴിയില്‍ നിന്നും കിട്ടിയ പണമാണെന്ന് പറഞ്ഞപ്പോള്‍ ടീച്ചര്‍ തിരികെ തന്‍റെ മുറിയില്‍പ്പോയി പേഴ്സ് പരിശോധിക്കുകയും പണം കളവുപോയത് കണ്ടു പിടിക്കുകയും ചെയ്തു. ടീച്ചര്‍മാരെല്ലാം കാര്യങ്ങള്‍ കൂടിയാലോചിക്കുകയും എന്നോട് പിറ്റേന്ന് ഉമ്മയേയും കൂട്ടി വന്നാല്‍ മതിയെന്നും പറഞ്ഞു. ഉമ്മയോടീക്കാര്യം പറയാതെ വലിയ ഇക്കയോട് ടീച്ചര്‍ എന്തോ ആവശ്യത്തിന് വരാന്‍ പറഞ്ഞു എന്ന് മാത്രം ഞാന്‍ അറിയിച്ചു.street artist jaleel,s life, hariharan subrahmanyan

പിറ്റേന്ന് വലിയ ഇക്കയോട് കാര്യങ്ങള്‍ ബോധിപ്പിച്ച ടീച്ചര്‍ ഇനി എന്നെ അവിടെ പഠിപ്പിക്കാന്‍ കഴിയില്ല എന്ന് പറയുകയും നഷ്ടപ്പെട്ട പണം എത്രയും വേഗം തിരികെ തന്നില്ലെങ്കില്‍ പൊലീസില്‍ പറയുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടയില്‍ അടുക്കളയില്‍ വാക്കത്തി പരതുന്നതിനിടയില്‍ ഉമ്മ നോട്ടുകള്‍ കാണുകയും അവ എടുക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. തിരികെ വീട്ടിലെത്തിയ വലിയ ഇക്ക ഉമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. ഉമ്മ എന്നോട് കഞ്ഞി കുടിക്കാന്‍ പറഞ്ഞു. ഓലയ്ക്കിടയില്‍ നിന്നും കിട്ടിയ പണം ഇക്കയോട് അപ്പോള്‍ത്തന്നെ സ്ക്കൂളില്‍പ്പോയി ടീച്ചറെ തിരിച്ചേല്‍പ്പിക്കാന്‍ കൊടുത്തു.

കഞ്ഞികുടിച്ച് കഴിഞ്ഞപ്പോള്‍ എന്‍റെ കയ്യുകളും കാലുകളും ഉമ്മ ചേര്‍ത്ത് കെട്ടി. ഇതിനോടകം തിരിച്ചെത്തിയ വലിയ ഇക്കയും ഉമ്മയും എന്നെ അടുപ്പിന്‍റെ മുകളിലായി കെട്ടിത്തൂക്കി. താഴെ തീ കൂട്ടി. ചൂടും പുകയുമേറ്റ് കരുവാളിച്ചു പോയി ഞാന്‍. ദുസ്സഹമായ ചൂട് താങ്ങാനാകാതെയുള്ള എന്‍റെ നിലവിളിയും കേട്ടുകൊണ്ടാണ് അവിചാരിതമായി അവിടേയ്ക്ക് ഇളയാപ്പ കടന്ന് വന്നത്.

“ങ്ങക്കൊക്കെ നൊസ്സാ ? ചെക്കന്‍ മയ്യത്താവൂലെ?”

എല്ലാവരെയും നല്ല ചീത്തപറഞ്ഞ ശേഷം അയാള്‍ എന്നെ കെട്ടഴിച്ചിറക്കി.
സ്ക്കൂളില്‍പ്പോക്ക് നിന്ന ഞാന്‍ വീട്ടില്‍ത്തന്നെ ഇരുപ്പായി. ഉമ്മ എന്നെ ഇപ്പോഴും തെറി പറഞ്ഞു കൊണ്ടിരുന്നു.

അപ്പോഴാണ്‌ കൊച്ചിന്‍ കോളേജിന്‍റെ മൈതാനത്ത് ഭാരത്‌ സര്‍ക്കസ് വന്ന വിവരം ഞാന്‍ അറിയുന്നത്. കണ്ടുവന്ന പലരും പറയുന്ന അത്ഭുതകഥകള്‍ എന്നെ വല്ലാതെ മോഹിപ്പിച്ചു.

കാശു ചോദിച്ചാല്‍ ഉമ്മ ചിലപ്പോള്‍ കൊന്നു കളയും. അടുക്കളയുടെ ഒരു മൂലയില്‍ അരി സൂക്ഷിച്ചു വയ്ക്കുന്ന ഒരു വീപ്പയുണ്ടായിരുന്നു. അതിനുള്ളില്‍ ഒരു പൊതിയില്‍ ഉമ്മ കുറച്ചു ചില്ലറ സൂക്ഷിക്കുന്നത് ഞാനോര്‍ത്തു. ആരുമില്ലാത്ത നേരത്ത് ഞാനാ പൊതി തുറന്നു നോക്കി. ചില്ലറതുട്ടുകള്‍ക്കിടയിലുണ്ടായിരുന്ന അഞ്ചിന്‍റെ ഒരു നോട്ട് ഞാനെടുത്തു. അതുമായി നേരെ കോളേജ് മൈതാനിയില്‍ പോയി സര്‍ക്കസ് കണ്ടു. കളികഴിഞ്ഞ് ഇറങ്ങുമ്പോഴേയ്ക്കും നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. കയ്യില്‍ കാശുണ്ടായിരുന്നത് കൊണ്ട് ഞാന്‍ ഒരു സൈക്കിള്‍ റിക്ഷാ പിടിച്ച് വീട്ടിലേയ്ക്ക് യാത്രയായി. വീടിന്‍റെ കുറച്ചകലെ ഇറങ്ങിയ ശേഷം ഒന്നുമറിയാത്തവനെപ്പോലെ ഞാന്‍ വീട്ടില്‍ക്കയറി. റിക്ഷയില്‍ ഞാന്‍ വന്നിറങ്ങുന്നത് കണ്ട ഒരു അയല്‍വാസി ആ വിവരം ഉമ്മയോട് പറഞ്ഞു.

ഉമ്മ എന്നോട് കാര്യങ്ങള്‍ തിരക്കി. ഞാന്‍ ഉള്ളത് അതേപോലെ പറഞ്ഞപ്പോള്‍ അവര്‍ കോപം കൊണ്ട് വിറച്ചു. ഉമ്മ എന്നെ കട്ടിലിന്‍റെ കാലോട് ചേര്‍ത്തുകെട്ടിയിട്ട ശേഷം ഒരു കയില് അടുപ്പത്ത് പഴുപ്പിക്കാന്‍ വച്ചു. നല്ലവണ്ണം പഴുത്തു ചുവന്ന കയിലെടുത്ത് അവര്‍ എന്‍റെ വലതു കൈയുടെ മുകള്‍ഭാഗത്ത് അമര്‍ത്തി പൊള്ളിച്ചു. തൊലി പൊള്ളി പൊളിഞ്ഞ് മാംസം കാണുമാറായി. ഈച്ചയരിക്കാന്‍ തുടങ്ങിയതോടെ അത് പഴുത്തുനാറാന്‍ തുടങ്ങി. ആധി മൂത്ത ഉമ്മ എന്‍റെ കൈവശം അമ്പതു പൈസ തന്നിട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി മരുന്ന് വാങ്ങി വരാന്‍ പറഞ്ഞു. കമ്പൗണ്ടറിനു ഇരുപത്തഞ്ച് പൈസ കൊടുക്കേണ്ടിയിരുന്നു. ബാക്കി പൈസയ്ക്ക് ഞാന്‍ ചായയും കടിയും കഴിച്ചു.

അവിടത്തെ മരുന്ന് കാണാന്‍ മഷി പോലെയിരുന്നു. അഞ്ചു പൈസയ്ക്ക് അന്നൊക്കെ കടകളില്‍ എഴുതാനുപയോഗിക്കുന്ന മഷിയുടെ ചെറിയ കുപ്പി കിട്ടുമായിരുന്നു. അത് മതിയാകുമെന്ന് വിശ്വസിച്ച് അതൊരു കുപ്പി വാങ്ങി. അങ്ങനെ മരുന്നിനു കൊടുക്കേണ്ട പണം ചേര്‍ത്ത് വച്ചു. മഷിയാണ് തേച്ചതെങ്കിലും പഴുപ്പ് ശമിക്കുകയും മുറിവ് ഉണങ്ങുകയും ചെയ്തു.

എനിക്ക് അവിടത്തെ ജീവിതം വല്ലാതെ മടുത്തു തുടങ്ങിയിരുന്നു. ഞാന്‍ വീട് വിടാന്‍ തീരുമാനിച്ചു. എറണാകുളത്തേയ്ക്കുള്ള ബസ്സില്‍ കയറിയ ശേഷമാണ് എവിടെയാണിറങ്ങേണ്ടതെന്ന സംശയം എനിക്ക് ഉണ്ടായത്. കൂടുതല്‍ പേരും ടിക്കറ്റെടുത്ത മേനകയിലേയ്ക്ക് തന്നെ ഞാനും എടുത്തു. ബസ്സിറങ്ങിയവരില്‍ ഏറെപേരും ഒരു തിയറ്ററിലേയ്ക്ക് കയറുന്നത് കണ്ടപ്പോള്‍ എനിക്കും സിനിമ കാണണമെന്ന മോഹമുണ്ടായി. സിനിമയുടെ പേര് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട് സാറെ, ‘തുപ്പാക്കി മുനയില്‍ സി.ഐ.ഡി’ എന്ന ഇടിപ്പടമായിരുന്നു അത്. നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. വീട്ടിലേയ്ക്കിനി ഇല്ലാ എന്ന് തീരുമാനിച്ച് കഴിഞ്ഞിരുന്നു.

അന്ന് മറൈന്‍ ഡ്രൈവ് നിര്‍മ്മിക്കപ്പെട്ടിട്ടില്ല. ഷൺമുഖം റോഡിന്‍റെ അരികിലുള്ള കലുങ്ക് വരെയും കായലാണ്. ആ കലുങ്കില്‍ ഞാനിരുന്നു. ലക്ഷ്യമില്ലാത്ത ഒരു യാത്രയായി മാറി എന്‍റെ ജീവിതം. ആരെങ്കിലും എന്തെങ്കിലും ചെറിയ പണിയും അതിലും ചെറിയ കൂലിയും തരും. രണ്ടും കല്‍പ്പിച്ചുള്ള യാത്രകളായിരുന്നു. തോന്നുന്ന സ്ഥലത്തേയ്ക്ക് ടിക്കറ്റെടുക്കും. പണമില്ലാത്തപ്പോള്‍ ഇറക്കിവിടുന്ന സ്ഥലത്ത് ജീവിക്കും. മിക്കവാറും ദിവസങ്ങളില്‍ പട്ടിണിയായിരിക്കും.

അങ്ങനെ ഒരു രാത്രി കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒരു കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഒരാള്‍ വന്ന് തട്ടിയെഴുന്നേല്‍പ്പിച്ചു. ഒരു പെട്ടി വണ്ടിയിലേയ്ക്ക് കയറ്റാനുണ്ടായിരുന്നുവെന്നും നല്ല കൂലി തരാമെന്നും അയാള്‍ പറഞ്ഞു. റോഡിന്‍റെ മറുവശത്തായി നിര്‍ത്തിയിട്ടിരുന്ന ഒരു പോലീസ് ഇടിവണ്ടിയിലേയ്ക്കാണ് അയാളെന്നെ കൊണ്ടു പോയത്. സംശയിച്ചപ്പോള്‍ അയാള്‍ എന്‍റെ കോളറില്‍ പിടിച്ച് നല്ല തെറിയും പറഞ്ഞ്‌ ആ വണ്ടിയിലേയ്ക്കെന്നെ തള്ളിക്കേറ്റി. അതിനുള്ളില്‍ വേറെയും നാലഞ്ച് തെരുവ് പിള്ളേര്‍ ഉണ്ടായിരുന്നു. എനിക്ക് പന്ത്രണ്ട് വയസ്സ് തികഞ്ഞിട്ടേയുള്ളൂ അപ്പോള്‍. കോഴിക്കോട് വയനാട് റൂട്ടിലുള്ള വെള്ളിമാട്കുന്ന് എന്ന സ്ഥലത്തുള്ള ദുര്‍ഗുണ പരിഹാരപാഠശാലയിലേയ്ക്കാണ് ഞങ്ങളെ കൊണ്ട് പോയത്. പിന്നെയുള്ള കുറെ കാലം ഞാന്‍ അവിടെയായിരുന്നു.

തെരുവിലെ ജീവിതം ഭേദമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു അവിടെ. സ്വവര്‍ഗ്ഗ സംഭോഗം ദിവസവും നടക്കുമായിരുന്നു. പതിനാറും പതിനേഴുമൊക്കെ തികഞ്ഞിരുന്ന നല്ല ആരോഗ്യമുള്ള മൂന്നു നാല് പേരുടെ ഭരണമായിരുന്നു രാത്രിയിലവിടെ. ഏറെ തവണ എന്നെയും അവര്‍ ഉപദ്രവിച്ചിട്ടുണ്ട്. സാറന്‍മാരോട് പറഞ്ഞാല്‍ അവര്‍ അതൊന്നും കാര്യമാക്കാതെ ചിരിക്കുക മാത്രം ചെയ്തിരുന്നു. കൂടുതല്‍ പരാതിപ്പെടുകയോ ശബ്ധമുണ്ടാക്കുകയോ ചെയ്യുന്നവരെ കടുത്ത രീതിയില്‍ അവര്‍ ശിക്ഷിക്കുകയും ചെയ്തിരുന്നു. ഒരു സെല്ലിലെ ആരെങ്കിലും ‘തെറ്റ്’ ചെയ്‌താല്‍ അവിടെയുള്ള എല്ലാവരെയും ചൂരല്‍ കൊണ്ട് അടിക്കുകയും കുനിച്ച് നിര്‍ത്തി മുതുകത്ത് ഇടിക്കുകയും ചെയ്യുക പതിവായിരുന്നു. പട്ടിണിയ്ക്കിടുന്നതും സാധാരണയായ സംഭവമായിരുന്നു.

ബാല്യകാലത്തുള്ള പല ദിവസങ്ങളിലുമുണ്ടായിരുന്ന ഈ പട്ടിണി പിന്നീടുള്ള കാലത്ത് വയറിന് മാറാരോഗമുണ്ടാക്കുകയും സുഭിക്ഷമായ രീതിയില്‍ ഒരിക്കലും ഒന്നും കഴിക്കാന്‍ എനിക്ക് കഴിയാതെ വരുത്തുകയും ചെയ്തു. ഇന്നും രണ്ട് ഇഡ്ഡലിയില്‍ കൂടുതലൊന്നും ഉച്ചക്ക് പോലും എനിക്ക് കഴിക്കാനാവില്ല.

അവിടത്തെ പീഡനങ്ങള്‍ താങ്ങാനാവാതെ വന്നപ്പോള്‍ ഞാന്‍ അവിടെനിന്നും രക്ഷപ്പെടാന്‍ തീരുമാനിച്ചു. ഇതിനിടയില്‍ എന്‍റെയടുക്കല്‍നിന്നും കൊച്ചിയിലെ മേല്‍വിലാസം വാങ്ങി വീടും തിരക്കി പോയി ഉമ്മയെ കാര്യം അവര്‍ ഗ്രഹിപ്പിച്ചിരുന്നു. മൂന്ന് നേരം ആഹാരമെങ്കിലും കിട്ടുന്ന ഒരു സ്ഥലത്ത് നിന്നും വീണ്ടും തന്നെ വീടിന്‍റെ വറുതിയിലേയ്ക്കും പട്ടിണിയിലേയ്ക്കും തിരിച്ചെത്തിക്കേണ്ട എന്ന് കരുതിയിട്ടോ എന്തോ ഉമ്മ അവിടെ വരെ വന്നെങ്കിലും എന്നെ കാണുകയുണ്ടായില്ല.

ആയിടെ അവിടെ ഒരു സംഭവമുണ്ടായി. നാലുപേര്‍ അവിടെ നിന്നും ചാടിപ്പോയി. അതിലൊരാള്‍ കുറെനാള്‍ പട്ടിണി കിടന്നപ്പോള്‍ തിരികെയെത്തി. അയാളെ സാറന്മാര്‍ അന്ന് പകലും രാത്രിയും അതിഭീകരമായി മര്‍ദ്ദിച്ചു. തീരെ അവശനായ അയാളെ ഞാന്‍ ആശ്വസിപ്പിക്കുന്ന പോലെ ഭാവിച്ച് അയാളുമായി ലോഹ്യം കൂടി. രക്ഷാമാര്‍ഗ്ഗം അയാളില്‍ നിന്നും അറിയുക എന്നതായിരുന്നു എന്‍റെ ലക്ഷ്യം. ആ കെട്ടിടം സ്ഥിതിചെയ്യുന്ന പറമ്പിന്‍റെ കിഴക്ക് വശത്തുള്ള മുള്‍പ്പടര്‍പ്പിലൂടെ നൂഴ്ന്ന് പോയാല്‍ ഒരു ഇടവഴിയിലെത്തുമെന്നും അതിലെ വടക്കോട്ട്‌ അല്‍പ്പം നടന്നാല്‍ അത് ഹൈവേയില്‍ ചേരുമെന്നും അയാള്‍ പറഞ്ഞു തന്നു. ചാടിപ്പോയാല്‍ തിരികെ വരരുതെന്നും ഞാഞ്ഞൂല് പോലെയിരിക്കുന്ന ഞാന്‍ ഇടി താങ്ങില്ല എന്നും അയാള്‍ പറഞ്ഞു.

ഒരു ധൈര്യത്തിനായി ഞാന്‍ ഒരാളെ കൂട്ടു പിടിച്ചു. മറ്റൊരു കൊച്ചിക്കാരനായ ജനാര്‍ദനന്‍ ആയിരുന്നു അയാള്‍. എന്നാല്‍ ചാടാമെന്ന് തീരുമാനിച്ചിരുന്ന ദിവസം രാവിലെ, അയാള്‍ എന്നോട് താന്‍ ഇപ്പോള്‍ വരുന്നില്ലെന്നും സൂക്ഷിച്ചു വേണം പോകാനെന്നും പറഞ്ഞു. അയാളുടെ പക്കലുണ്ടായിരുന്ന ഒരു മൂന്ന് രൂപ അയാള്‍ എനിക്ക് തരികയും ചെയ്തു.

ആരുടേയും ശ്രദ്ധയില്‍പ്പെടാതെ ഞാന്‍ മുള്‍പ്പടര്‍പ്പിനിടയിലൂടെ നൂഴ്ന്നു അപ്പുറത്തെ ഇടുങ്ങിയ വഴിയിലേയ്ക്കിറങ്ങി. കയ്യൊക്കെ പോറി ചോര പൊടിയുന്നുണ്ടായിരുന്നു. മുന്‍പില്‍, കോഴിക്കോട് അങ്ങാടിയിലേയ്ക്ക് നടത്തിക്കൊണ്ട് പോയിരുന്ന കാളകളുടെ ഒരു വലിയ കൂട്ടം കണ്ടപ്പോള്‍ അതിനിടയിലേയ്ക്ക് ഞാന്‍ കയറി. അങ്ങനെ ആരും കാണാതെ ഞാന്‍ ഹൈവേയിലേയ്ക്ക് കയറി. ഒരു വഴിയോര ചായക്കടയില്‍ നിന്നും വെള്ളവും ചായും കുടിച്ച് ക്ഷീണം അകറ്റിയ ശേഷം ഞാന്‍ കോഴിക്കോട് ലക്ഷ്യമാക്കി നടന്നു.

വൈകുന്നേരത്തോടെ നഗരത്തില്‍ ഞാനെത്തി. തെരുവോരത്ത് അങ്ങനെ നില്‍ക്കുമ്പോള്‍ വളരെ ഭാരമേറിയ തന്‍റെ മരപ്പെട്ടി തൂക്കി നടക്കാനാകാതെ വിഷമിക്കുന്ന ഒരു വയസ്സനായ അത്തര്‍ വില്‍പ്പനക്കാരനെ ഞാന്‍ കണ്ടു. ഇക്കയെ ഞാന്‍ സഹായിക്കാമെന്നും പറഞ്ഞ്‌ ഞാന്‍ ആ പെട്ടി എടുക്കുകയും അന്ന് അയാളോടൊപ്പം അങ്ങാടിയിലുള്ള അയാളുടെ സ്ഥിരം മുക്കില്‍ കൂടുകയും ചെയ്തു. വിവരങ്ങളൊക്കെ തിരക്കിയ അയാള്‍ എന്നെ അയാളോടൊപ്പം കൂട്ടി. പിന്നെയുള്ള ഏറെക്കാലം ഞാന്‍ അയാളുടെ കൂടെ നടന്നു.

എല്ലാ പ്രദേശങ്ങളിലെയും പള്ളികളില്‍ അന്തിയുറങ്ങാന്‍ അയാളെ സമ്മതിച്ചിരുന്നു. അയാളോടൊപ്പം കറങ്ങാത്ത പ്രദേശങ്ങളും കയറാത്ത പള്ളികളും മലബാറിലില്ല .അയാള്‍ യഥാര്‍ത്ഥത്തില്‍ ഒരു തെക്കനായിരുന്നു.

ഒരിക്കല്‍ മമ്പറം പള്ളിയിലെ ചന്ദനക്കുടപ്പെരുന്നാളിന് പോയപ്പോള്‍ അവിടെ വച്ച് ഒരു വള മാല വില്‍പ്പനക്കാരനെ അയാള്‍ എനിക്ക് പരിചയപ്പെടുത്തി. പല ഉത്സവപ്പറമ്പുകളിലും വച്ചുള്ള പരിചയമായിരുന്നു അവര്‍ തമ്മില്‍. ഏറെ നേരം അവര്‍ തമ്മില്‍ സംസാരിച്ച ശേഷം ഇക്ക എന്നെ അടുത്തേയ്ക്ക് വിളിച്ചു. ഈ ഉത്സവവും കഴിഞ്ഞ് താന്‍ തിരികെ നാട്ടിലേയ്ക്ക് മടങ്ങുകയാണെന്നും ഇനി മുതല്‍ എന്നെ ആ വളക്കച്ചവടക്കാരന്‍ നോക്കിക്കൊള്ളുമെന്നും പറഞ്ഞു. ആ ഉത്സവക്കാലം പിന്നെ ആ വളക്കച്ചവടക്കാരന്‍റെ കൂടെയായിരുന്നു ഞാന്‍. ആ സീസണ്‍ കഴിഞ്ഞപ്പോള്‍ നിറം മങ്ങിയ കുറെ പഴയ വളമാലകളും ഒരു ഇരുപത് രൂപയും അയാള്‍ എനിക്ക് തന്നു.

അവിടെ നിന്നും അതും കൊണ്ട് യാത്രയായ ഞാന്‍ കോട്ടയത്തേക്കും ചങ്ങനാശ്ശേരിയിലേയ്ക്കും പോയി. ആ വളമാലകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ചില കോളനികളില്‍ വിറ്റഴിക്കാനായി. കുറെക്കാലം ചങ്ങനാശ്ശേരിയില്‍ ചെറിയ ജോലികളൊക്കെ ചെയ്തങ്ങനെ കൂടി. കുറച്ച് പണം കൈവന്നാല്‍ മാലയും വളയും മൊത്തമായി എടുത്ത് കോളനികളില്‍ കൊണ്ടുപോയി ചുരുങ്ങിയ ലാഭത്തിന് വിറ്റാണ് കഴിഞ്ഞിരുന്നത്. ഒരു ഉന്തുവണ്ടി ഉണ്ടായിരുന്നെങ്കില്‍ കച്ചവടം ഇനിയും നന്നാക്കാമെന്നു എനിക്ക് തോന്നി. വിലയന്വേഷിച്ചപ്പോഴാകട്ടെ ഞെട്ടി പോയി. മുന്നൂറ് രൂപയെങ്കിലും ആകും. വഴിയോരത്ത് അവിടെയവിടെയായി ചിലയിടങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന ഉന്തുവണ്ടികളിലൊരെണ്ണം അടിച്ചുമാറ്റാന്‍ ഞാന്‍ തീരുമാനിച്ചു. അസാധാരണമായ കൊത്തുപണികളോടു കൂടിയ നല്ല ഒതുക്കമുള്ള ഒരു വണ്ടി എന്‍റെ ശ്രദ്ധയില്‍ പെട്ടു. ഒരു തിയറ്ററിനടുത്തുള്ള ഒരു വീടിന്‍റെ മുന്‍പിലാണ് അത് നിര്‍ത്തിയിട്ടിരുന്നത്.

തിയേറ്ററിനു മുന്‍പിലെ ചായക്കടക്കാരനുമായി ഞാന്‍ ലോഹ്യം സ്ഥാപിച്ചു. പല ദിവസങ്ങളിലും അവിടെ നിന്ന് ചായ കുടിക്കുക പതിവാക്കി. ഒരു ദിവസം സെക്കൻഡ് ഷോ കണ്ട ശേഷം കട പൂട്ടാന്‍ തുടങ്ങിയിരുന്ന അയാളോട് ഞാന്‍ തല കറങ്ങുന്നുവെന്നും കുറച്ചു നേരം അവിടെ ഇരുന്നോട്ടെ എന്നും ചോദിച്ചു. കുറച്ചു വെള്ളം തന്ന ശേഷം അവിടെ ഇറയത്ത്‌ കിടന്നു കൊള്ളാന്‍ അയാള്‍ സമ്മതം തന്നു. തലചുറ്റല്‍ മാറിയ ശേഷം രാവിലെ പോയാല്‍ മതിയെന്നും പറഞ്ഞ്‌ അയാള്‍ കട പൂട്ടിപ്പോയി. മണി ഒരു രണ്ടു രണ്ടര ആയപ്പോള്‍ ഞാന്‍ വണ്ടി അടിച്ചുമാറ്റി. എനിക്ക് വയസ്സ് പതിനാറ് കഴിഞ്ഞിരുന്നെങ്കിലും ഒരു പന്ത്രണ്ടിന്‍റെ ആരോഗ്യമേ ഉണ്ടായിരുന്നുള്ളൂ. ഏറെ ബുദ്ധിമുട്ടിയാണ് ആ വണ്ടി ഞാന്‍ തള്ളിയിരുന്നത്.

ഒരു കയറ്റമെത്തി. നോക്കുമ്പോള്‍ എന്‍റെ നേരെ ഒരു കാളവണ്ടി ഇറക്കമിറങ്ങി വരികയാണ്. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ തള്ളുന്നത് നിര്‍ത്തി. ഇരുട്ടില്‍ എന്നെ കാണാനാവുമായിരുന്നില്ല. ഒരു വല്ലാത്ത രോദനത്തോടെ വണ്ടിക്കാരന്‍ ചാടിയിറങ്ങി വന്ന വഴിയേ ഓടി. ആകെ പരിഭ്രമിച്ച ഞാന്‍ വണ്ടിയില്‍നിന്നും പിടി വിട്ടു. ഇറക്കത്തില്‍ പുറകോട്ടോടിയ വണ്ടി റോഡരികിലുള്ള ഒരു മരത്തിലിടിച്ച് മറിഞ്ഞു. ഞാന്‍ കിതപ്പോടെ വീണ്ടും പോയി ആ കടയുടെ ഇറയത്ത്‌ കിടന്നു. രാവിലെ കടക്കാരന്‍ വന്നു എന്നെ എഴുന്നേല്‍പ്പിക്കുകയും രാത്രി വിചിത്രമായ പല സംഭവങ്ങളും അവിടെ നടന്നുവെന്ന് പറയുകയും ചെയ്തു.

ശവവണ്ടി തനിയെ കയറ്റം കയറി വരുന്നത് കണ്ട കൊപ്രക്കാരന്‍ പേടിച്ചോടിയതും രാവിലെ ആളെക്കൂട്ടി കത്തനാരുടെ അടുക്കല്‍ പോയതും ഒക്കെ അയാള്‍ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു. കറിയ എന്ന ഒരു ചത്തുപോയ കുടിയന്‍റെ പ്രേതമാണ്‌ ഇതൊക്കെ ചെയ്യുന്നതെന്നും അയാള്‍ തീര്‍ത്ത് പറഞ്ഞു.  ഞാന്‍ കണ്ണുവച്ച, കൊത്തുപണികളുള്ള ആ ഒതുക്കമുള്ള വണ്ടി ഒരു ശവവണ്ടിയായിരുന്നു!!!

ചങ്ങനാശ്ശേരി വിടാന്‍ ഞാന്‍ തീരുമാനിച്ചു. ഏറണാകുളത്തെത്തിയപ്പോള്‍ ഒരു ഉള്‍വിളി കേട്ടു ഇറങ്ങി. എറണാകുളത്തും പരിസരത്തുമുള്ള ലക്ഷംവീട് കോളനികളില്‍ വിലകുറഞ്ഞ വളകളും മാലകളും വിറ്റ് എങ്ങനെയൊക്കെയോ കഴിഞ്ഞിരുന്നപ്പോഴായിരുന്നു എന്‍റെ ജീവിതമാകെ മാറ്റിമറിച്ച ആ കാര്യം ഞാന്‍ കണ്ടത്.

മേനകാ തിയേറ്ററിന് മുന്‍പിലുള്ള റോഡിന്‍റെ ഓരത്തിരുന്നു ഒരാള്‍ യേശുവിന്‍റെ പടം റോഡില്‍ വരയ്ക്കുന്നു. അയാള്‍ക്ക് റോഡിന്‍റെ അതേ നിറമായിരുന്നു. മുറുക്കിചുവപ്പിച്ച ചുണ്ടുകള്‍ക്കാകട്ടെ ഈസ്റ്റ്മാന്‍ കളറും. സ്ക്കൂളിലൊക്കെ വച്ച് ഞാന്‍ അത്യാവശ്യം നന്നായി വരയ്ക്കുമായിരുന്നു. ഞാന്‍ അക്കാര്യമൊക്കെപ്പറഞ്ഞു അയാളോടൊപ്പം കൂടി. അയാള്‍ വരയ്ക്കുന്ന ചിത്രങ്ങളുടെ ഫിനിഷിങ്ങൊക്കെ ഞാന്‍ കൊടുത്തു തുടങ്ങി, ഒരു തെരുവുകലാകാരനും കൂടി ജനിക്കുകയായിരുന്നു സാറെ.

പിന്നെ, സാറിനറിയുവോ ഈ തെരുവിലോരോ പണിയും ചെയ്ത് എങ്ങനെയൊക്കെയോ കഴിയുന്ന ഇവരൊക്കെ എന്തിനാണ് ഒരു പയ്യനെ ഇങ്ങനെ കൂടെക്കൂട്ടുന്നത് എന്ന്? ഇവരില്‍ പലര്‍ക്കും പെണ്‍ക്കൂട്ടും ഞങ്ങള്‍ തന്നെയാണ് സാറെ. അലിവൊന്നും ഇല്ലാ എന്നല്ല… പക്ഷെ അതും ഒരു കാര്യമാണെന്ന് പറയുകയാ ഞാന്‍.

മാസങ്ങള്‍ക്ക് ശേഷം അയാള്‍ തമിഴ്നാട്ടിലേയ്ക്ക് തിരിച്ചു പോയപ്പോള്‍ വീണ്ടും ഞാന്‍ ഒറ്റയ്ക്കായി. ഒരു ദിവസം ഞാനങ്ങനെ വരച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ഗദ്ഗദം നിറഞ്ഞ ‘ജലീലേ’ എന്ന വിളി കേട്ട് തലയുയര്‍ത്തിനോക്കിയപ്പോള്‍ കണ്ടത് ഉമ്മയെയാണ്. വരച്ചുകഴിഞ്ഞു കാത്തുനിന്ന ഉമ്മയോട് ഞാന്‍ വിശേഷങ്ങള്‍ തിരക്കി. തമിഴ്നാട്ടില്‍ നിന്നുമുള്ള പാത്രവില്‍പ്പനക്കാര്‍ പഴയ തുണികള്‍ വാങ്ങി പകരം പാത്രങ്ങള്‍ കൊടുക്കും. അവരില്‍നിന്നും ആ പഴന്തുണികള്‍ മൊത്തമായി എത്തിയിരുന്ന എറണാകുളത്തുള്ള കേന്ദ്രത്തില്‍ നിന്നും അവ വാങ്ങി നല്ലവണ്ണം അലക്കിവെളുപ്പിച് ഇസ്തിരിയിട്ട് വില കുറച്ച് വില്‍ക്കുന്ന ഒരിടപാട് ഉമ്മ തുടങ്ങിയിരുന്നു. ഉമ്മ എന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ചതുമില്ല ഞാനായിട്ട് വരാമെന്ന് പറഞ്ഞതുമില്ല.

ദൈവങ്ങളുടെ പടങ്ങള്‍ ആളുകളെ ഏറെ ആകര്‍ഷിക്കുന്നതായി ഞാന്‍ കണ്ടെത്തി. ഒരു ദിവസം എന്ത്കൊണ്ട് മുസ്‌ലിം പള്ളികളുടെ മുന്‍പിലെ റോഡില്‍ വരച്ചുകൂടാ എന്നെനിക്ക് തോന്നി.

കയ്യില്‍ നോക്കി വരയ്ക്കാനായി ചില മാസികകളില്‍ നിന്നും ചില നല്ല ചിത്രങ്ങള്‍ ഞാന്‍ വെട്ടിസൂക്ഷിച്ചിരുന്നു. അവയില്‍ നിന്നും ഒരു വലിയ പള്ളിയുടെ പടം ഞാന്‍ തിരഞ്ഞെടുത്തു. ബ്രോഡ്‌വേയിലുള്ള ഒരു പള്ളിയുടെ മുന്‍പിലായിരുന്നു ഞാന്‍ വരച്ചത്. നിസ്ക്കാരം കഴിഞ്ഞു പോകുന്ന വിശ്വാസികള്‍ പടം കണ്ടു രസിക്കുകയും വിരിച്ച തുണിയില്‍ പണമിടുകയും ചെയ്തു. പുറത്തേയ്ക്കിറങ്ങിയ പള്ളിയിലെ മുസല്യാര്‍ എന്‍റെ അടുക്കല്‍ വരികയും പടം വരപ്പ് തന്നെ ദൈവീകമാണെന്നും ആളുകള്‍ ചവിട്ടുകയും തുപ്പുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ അത് ചെയ്യരുതെന്നും പറഞ്ഞു. പിന്നീട് ഒരിക്കല്‍ ആലപ്പുഴയില്‍ വച്ച് ഒരാള്‍ ഒരു ചുവരില്‍ ചിത്രം വരയ്ക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് മതിലുകളുടെ സാദ്ധ്യത മനസ്സിലേറിയത്.

കുറച്ചുനാള്‍ ആലപ്പുഴയില്‍ തന്നെ നിന്നു. അവിടെ ബോട്ട്ജട്ടിയുടെ അടുത്തൊരു ചുവരില്‍ വരച്ചുകൊണ്ടിരുന്നപ്പോഴാണ്‌ ഒരു അമ്പലത്തിന്‍റെ കമ്മറ്റിക്കാര്‍ വന്ന് പെയിന്റ് കൊണ്ട് തങ്ങളുടെ അമ്പലത്തിലെ ഒരു ചുവരില്‍ ഒരു ദൈവത്തിന്‍റെ പടം വരച്ചു തരാമോ എന്ന് ചോദിക്കുന്നതും താനത് ചെയ്തുകൊടുക്കുന്നതും. അവര്‍ കുറച്ചധികം പണം തരികയും ചെയ്തു. കുറെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഞാനൊരിക്കല്‍ ആലപ്പുഴയിപ്പോയപ്പോള്‍ ആ അമ്പലത്തിലൊന്ന് പോയി നോക്കി സാറെ. സന്തോഷം താങ്ങാനായില്ല. ആ പടത്തിനുചുറ്റും ഒരു സിമന്‍റ് കൊണ്ടുള്ള ഫ്രെയ്മൊക്കെ നിര്‍മ്മിച്ച് അവരത് ഉഷാറാക്കിയിരുന്നു സാറെ.

എല്ലാവരുടെയും കയ്യിലൊന്നും ക്യാമറയില്ലാത്ത കാലമായിരുന്നല്ലോ. പത്തിരുപത് സ്ലേറ്റുകളുമായി ഞാന്‍ ബീച്ചില്‍ പോയി നില്‍ക്കും. വരുന്ന ജോടികളുടെ പടം സ്ലേറ്റില്‍ വരച്ച് കാശിനു അവര്‍ക്ക് കൊടുക്കും. സീസണ്‍ തുടങ്ങിയാല്‍ ചില വൈകുന്നേരങ്ങളില്‍ മുപ്പതു സ്ലേറ്റ് വരെ ഞാന്‍ വരച്ചു വിറ്റിട്ടുണ്ട്. അങ്ങനെ ഒരു ദിവസം തൃശൂരില്‍ നിന്നും വന്ന ഒരു ജോഡിയെ വരയ്ക്കുമ്പോഴാണ് പൂരപ്പറമ്പില്‍ വന്നു ഈ പണി ചെയ്‌താല്‍ ആയിരങ്ങള്‍ സമ്പാദിയ്ക്കാമെന്നു അവര്‍ പറഞ്ഞുതരുന്നത്.

പൂരത്തിന് കുറച്ചുനാളുകള്‍ക്ക് മുന്‍പേ ഞാന്‍ തൃശൂരിലെത്തി. ഒരു മാസം കൊണ്ട് അതുവരെയും ഉണ്ടാക്കാത്ത അളവില്‍ ഞാന്‍ കാശുണ്ടാക്കി. ഉത്സവപ്പറമ്പില്‍ വരുമ്പോള്‍ ആളുകള്‍ക്ക് സ്വതവേ കാശ് ചിലവാക്കാനുള്ള മടി കുറയും സാറെ. പിന്നെ കുടിയന്മാരാണെങ്കില്‍ പറയുകയേ വേണ്ട.

തിരിച്ച് എറണാകുളത്തേയ്ക്ക് ഞാന്‍ മടങ്ങി. ഒരു ദിവസം ഷേണോയ്സില്‍ ഒരു സിനിമ കാണാന്‍ പോയപ്പോള്‍ പണ്ട് ദുര്‍ഗുണപരിഹാര പാഠശാലയില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ എനിക്ക് മൂന്ന് രൂപ തന്നു സഹായിച്ച ജനാർദനനെ കണ്ടു. അയാളോടൊപ്പം ഒരു സംഘം ആളുകളുണ്ടായിരുന്നു. കാര്യങ്ങളൊക്കെ തിരക്കിയ ശേഷം അയാള്‍ എന്നോട് അവരോടൊപ്പം കൂടാന്‍ പറഞ്ഞു. നഗരത്തിലെ ലഹരിമരുന്ന് കടത്ത് ശൃംഖലയിലെ കണ്ണികളായിരുന്നു അവര്‍. ഞാന്‍ വീണ്ടും തെറ്റായ വഴിയിലൂടെ യാത്ര തുടങ്ങി.

പത്മാ തീയേറ്ററുടെ വശത്ത്കൂടി അകത്തേയ്ക്ക് പോകുമ്പോഴുള്ള ഒരു മാര്‍ക്കറ്റായിരുന്നു അന്ന് നഗരത്തിലെ ലഹരിമരുന്ന് വില്‍പ്പനയുടെ കേന്ദ്രം. അതിന്‍റെ മുഖ്യമായ തലവന്‍മാരിലൊരാള്‍ ഒരു  സേട്ടുവായിരുന്നു.

ഇയാളുടെ സംഘത്തിലായിരുന്നു ജനാർദനനും കൂട്ടരും പ്രവര്‍ത്തിച്ചിരുന്നത്. പകല്‍ മുഴുവനും അവര്‍ പഴയ സാധനങ്ങള്‍ പെറുക്കുകയും ചില്ലറ പിടിച്ചുപറികള്‍ നടത്തുകയും ചെയ്തു പോന്നു. രാത്രിയുടെ മറവില്‍ നഗരത്തിന്‍റെ പല കോണുകളിലേയ്ക്കും അവര്‍ കഞ്ചാവെത്തിക്കുകയും സേട്ടുവിന് വന്നു ചേരേണ്ട പണം പിരിക്കുകയും ചെയ്തു.  സേട്ടുവിന്‍റെ കടയോട് ചേര്‍ന്ന് ഒരാള്‍ ഒരു ചെറിയ കട നടത്തിയിരുന്നു. അവിടെ കഞ്ചാവ് വില്‍പ്പന നടത്താന്‍ സേട്ടുവിന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കടക്കാരന്‍ അതിന് സമ്മതിച്ചിരുന്നില്ല. കടക്കാരന്‍റെ ചേട്ടന്‍ നഗരത്തിലെ അറിയപ്പെടുന്ന ഒരു റൗഡിയായിരുന്നു എന്നത് അയാള്‍ക്ക് ധൈര്യം പകര്‍ന്നു.

സേട്ട് ഒരു ദിവസം എന്നെ കടയിലേയ്ക്ക് വിളിപ്പിച്ചു. പടമൊക്കെ വരച്ചാല്‍ കിട്ടുന്ന തുച്ഛം കാശിന്‍റെ എത്രയോ മടങ്ങ്‌ കിട്ടുന്ന കാര്യങ്ങളൊക്കെ ഉണ്ടെന്ന് അയാള്‍ എന്നോട് പറഞ്ഞു. ഒരു കടയിട്ടുതന്നാല്‍ അത് നോക്കിനടത്താന്‍ കഴിയുമോടാ എന്നയാള്‍ എന്നോട് ചോദിച്ചു. അയാളെ എതിര്‍ക്കാന്‍ ധൈര്യമില്ലാതെ ഞാന്‍ സമ്മതം മൂളി.

താമസിയാതെ ചെറിയ ഒരു കട റോഡരുകില്‍ തയ്യാറായി. ഞാന്‍ അതില്‍ കുറച്ചു അലങ്കാരപ്പണികള്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ബാബു അവിടെ വരികയും എന്തിനാടാ ഇന്ന് രാത്രി കത്തിച്ച് കളയാന്‍ പോകുന്ന ഒരു കടയ്ക്ക് പകിട്ടൊക്കെ കൂട്ടുന്നത്‌ എന്ന് ചോദിച്ചു.

ഞാനാകെ വിരണ്ട് പോയി. ഓടിപ്പോയി  സേട്ടിനോട് ഈ കാര്യം പറഞ്ഞപ്പോള്‍ അയാള്‍ തീരെ പരിഭ്രമിയ്ക്കാതെ “രാത്രി വരെ അവനൊക്കെ ജീവിച്ചിരുന്നാലല്ലെ കടയൊക്കെ കത്തിക്കൂ” എന്ന് പറഞ്ഞു.

എവിടേയ്ക്കോ മുങ്ങിയ ബാബു രാത്രി ഒരു പതിനൊന്ന് മണിയോടെ കൂട്ടാളികളുമായി അവിടെയെത്തുകയും വലിയ അടിപിടിയുണ്ടാക്കുകയും ചെയ്തു. സിനിമയിലെ പോലെയുള്ള കൂട്ടത്തല്ല് കണ്ട് ഞാന്‍ പേടിച്ചുപോയി. കടയില്‍ നിന്നും ഞാന്‍ ഇറങ്ങിയോടി. പിറ്റേന്നായിരുന്നു കാര്യങ്ങള്‍ വ്യക്തമായി അറിഞ്ഞത്. കട തല്ലിപ്പോളിച്ച ബാബുവിനെ സേട്ടുവിന്‍റെ ഒരു ഗുണ്ട കുത്തുകയും അയാളെ, അയാളുടെ കൂട്ടര് ആശുപത്രിയിലാക്കുകയും ചെയ്തുവത്രേ. തെരുവിലാകെ പൊലീസായത് കൊണ്ട് അവിടെ കടയിടേണ്ടെന്ന് സേട്ട് തീരുമാനിച്ചു.

കടയുടെ വിഷയം ഒരു സങ്കൽപ്പമായി എന്‍റെ മനസ്സില്‍ കയറിക്കഴിഞ്ഞിരുന്നു. ഞാന്‍ സ്ഥിരമായി കഞ്ചാവ് വലിക്കാനും തുടങ്ങിയിരുന്നു. സേട്ടുവിന്‍റെ കൂടെയുള്ള സംസര്‍ഗ്ഗം കൊണ്ട് എനിക്കാകെയുണ്ടായ ‘നേട്ടങ്ങള്‍’ ഇവ രണ്ടുമാണ്.

സേട്ട് പൂര്‍ണ്ണമായും കടയുടെ കാര്യം മറന്നിരുന്നില്ല. തോപ്പുംപടിയിലെ കരുണാ ബാറിന്‍റെയടുത്തുള്ള പുറമ്പോക്കില്‍ ഒരു കട അയാള്‍ സ്ഥാപിച്ചുവെങ്കിലും ബാറുടമയും ഗുണ്ടകളും വന്നു അതും നടത്താന്‍ അനുവദിച്ചില്ല. കടയിലിരിക്കുന്നയാളെ തീയിട്ടു കൊല്ലുമെന്ന് അവര്‍ പറഞ്ഞത് കേട്ടപ്പോള്‍ ഇനി കടയുടെ ഇടപാട് വേണ്ടാ എന്ന് ഞാന്‍ തീരുമാനിച്ചു.

ജനാർദനനാണ് എന്നെ പെണ്ണുങ്ങളുമായി അടുപ്പിച്ചത്. കത്രിക്കടവിലെ ചില വീടുകളില്‍ പോലീസിന്‍റെ റെയിഡില്‍ നിന്നും രക്ഷപ്പെടാനായി പലപ്പോഴും  സേട്ട് തന്‍റെ കഞ്ചാവിന്‍റെ കെട്ടുകള്‍ ഒളിപ്പിക്കുമായിരുന്നു. അവിടെനിന്നും ഇത് എത്തിക്കേണ്ട സ്ഥലങ്ങളില്‍ കൊണ്ടു ചെന്നിരുന്നത് അവിടെയുള്ള വിശ്വസ്തരായ രണ്ടു മൂന്ന് പെണ്ണുങ്ങളായിരുന്നു. ജനാർദനന് അവരുമായി ചില രഹസ്യമായ ഇടപാടുകളൊക്കെ ഉണ്ടായിരുന്നു. ഒരു ദിവസം അയാള്‍ എന്നോട് നിനക്കും വേണോടാ എന്ന് ചോദിച്ചു. പരവശം കൊണ്ട് ഞാനൊന്നും പറഞ്ഞില്ല.

എന്നെ ഒരു വീടിന്‍റെ ഇറയത്ത്‌ ഇരുത്തിയ ശേഷം അയാള്‍ അകത്ത് പോയി. അകത്ത് അടക്കം പറിച്ചലൊക്കെ കേട്ടു. ഒരു തവണ ആശ്ചര്യത്തോടെ ആ വീട്ടിലെ തങ്കമ്മ എന്ന  പെണ്ണ് എന്‍റെ പേര് പറയുന്നത് കേട്ടു. പുറത്ത് വന്ന അവള്‍ എന്നോട് “നീ ആള് കൊള്ളാമല്ലോടാ. നീ ഇങ്ങനെ കൊഞ്ചുപോലെയിരുന്നിട്ട് ഉള്ളിലിതൊക്കെയാണല്ലേ? നിന്നെ കൊണ്ടൊക്കെയാകുവോടാ? ശരി വാ,” എന്നും പറഞ്ഞ്‌ അകത്തേയ്ക്ക് കൂട്ടി.

ഞാന്‍ കൊച്ചിയില്‍ തിരിച്ചെത്തി. ബീച്ചിലെ ഒരു മതില്‍ക്കെട്ടില്‍ ചോക്ക് കൊണ്ട് ചിത്രങ്ങള്‍ വരച്ചു തുടങ്ങി. അവിടെയും വലിയ എതിര്‍പ്പുണ്ടായി. ഞാന്‍ ചിത്രരചനയുടെ മറവില്‍ കഞ്ചാവ് വില്‍ക്കുകയാണെന്ന് ചിലര്‍ പരാതി നല്‍കി. അന്വേഷിക്കാന്‍ വന്ന എസ്.ഐ യോട് എനിക്ക് മര്യാദയായി ചിത്രം വരച്ച് ജീവിച്ചാല്‍ കൊള്ളാമെന്നുണ്ട് എന്ന് ഞാന്‍ പറഞ്ഞു. ജീവിക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ എറണാകുളത്തേയ്ക്കോ വേറെ എവിടേയ്ക്കോ പോകേണ്ടി വന്നാല്‍ ഞാന്‍ മൊത്തമായി നശിച്ചുപോകും എന്ന് ഞാന്‍ അയാളോട് പറഞ്ഞു. നല്ല ഒരു മനുഷ്യനായിരുന്നു അയാള്‍. മര്യാദയ്ക്ക് നിന്നാല്‍ പ്രശ്നമൊന്നുമില്ല എന്നയാള്‍ പറഞ്ഞു. ഞാന്‍ വരച്ച ചിത്രങ്ങളൊക്കെ നോക്കിക്കണ്ട ശേഷം ഇത്രയും നിലയും വിലയും കിട്ടുന്ന വേറെ വഴി എനിക്കുണ്ടാകില്ല എന്നയാള്‍ പറഞ്ഞു. ഞാന്‍ ചിത്രരചനയിലേര്‍പ്പെട്ടു അങ്ങനെ കഴിയുമ്പോഴാണ് പ്രതിസന്ധി സുനാമിയുടെ രൂപത്തില്‍ പാഞ്ഞെത്തിയത്.

ഞാന്‍ പതിവുപോലെ ചിത്രം വരച്ചുകൊണ്ടിരിക്കുകയായിരുന്നു. കടല്‍ പെട്ടെന്ന് വലിയുകയും ആളുകള്‍ അടിത്തട്ടിലൂടെ നടന്നു ചക്രവാളത്തിലേയ്ക്ക് പോകുന്നതും ശ്രദ്ധയില്‍ പെട്ടു.

പൊലീസ് പെട്ടെന്നെത്തി അവിടേയ്ക്കോടിയിറങ്ങി. എല്ലാവരും കടല്‍തീരം വിട്ട് റോഡിലേയ്ക്ക് പോകാന്‍ അവര്‍ വിളിച്ച്പറയുന്നുണ്ടായിരുന്നു. ആളുകള്‍ ഭ്രാന്തമായി ഓടാന്‍ തുടങ്ങി. തിരക്കിലും പിന്നീട് അടിച്ചിരമ്പി വന്ന തിരമാലകളിലും പെട്ട് ഞാന്‍ വരച്ചിരുന്ന ചുവര്‍ നിശ്ശേഷം തകര്‍ന്നു പോയി.

തിരിച്ച് കടല്‍ക്കരയില്‍ വന്നപ്പോഴാണ്, ബോര്‍ഡ്‌ വച്ച് ഇങ്ങനെ ഒരു ഗാലറി സെറ്റപ്പ് ചെയ്തതും ചോക്കുകൊണ്ട് വരയ്ക്കുന്നത് നിര്‍ത്തി പെയിന്റിലേയ്ക്ക് മാറിയതും.

ഏറെ പ്രശസ്തരായ കലാകാരന്മാര്‍ മുതല്‍ വളരെ സാധാരണക്കാര്‍ വരെ ഈ ചിത്രങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. നല്ലതും ചീത്തയും ഞാന്‍ കേട്ടിട്ടുണ്ട്. എന്നാലും ഓര്‍മ്മയില്‍ നില്‍ക്കുന്ന ചില കാര്യങ്ങള്‍ ഞാന്‍ സാറിനോട് പറയാം.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് ഞാന്‍ വരച്ച ഒരു ചിത്രത്തിന്‍റെ കുറെയേറെ ഫോട്ടോസ് മലയാളത്തിലെ ഒരു യുവനടന്‍ എടുക്കുകയുണ്ടായി. തന്‍റെ ഒരു സിനിമയില്‍ ഈ ചിത്രം ചിലപ്പോള്‍ ഉപയോഗിക്കേണ്ടി വന്നാല്‍ തരാന്‍ കഴിയുമോ എന്നൊക്കെ അദ്ദേഹം വിനീതമായി എന്നോട് ചോദിച്ചു. പോകാന്‍ നേരം ‘ഇതിരിക്കട്ടെ’ എന്നും പറഞ്ഞ്‌ ഒരു പത്തുരൂപയുടെ നോട്ട് മടക്കി അയാള്‍ പെട്ടിയിലേയ്ക്കിട്ടിട്ടു നടന്ന് നീങ്ങി. വളരെ സാധാരണക്കാരായവര്‍ പോലും പലപ്പോഴും ഇതൊക്കെ ഒരല്‍പ്പനേരം കണ്ടിട്ട് അതിലും കൂടുതല്‍ തരുമ്പോഴാണ് അയാള്‍ ഈ ഗീര്‍വാണം മുഴുവന്‍ എന്നെ കേള്‍പ്പിച്ചിട്ട് ആ കാശ് തന്നത്. അയാളും ഒരു കലാകാരനാണ്.

കൊച്ചി ബിനാലെയുടെ വരവോടെ ഗാലറികാണാന്‍ വരുന്ന പലരും ഇതും ബിനാലെയില്‍ പെടുമോ എന്ന് ചോദിച്ചുതുടങ്ങി. ഉത്തരം പറഞ്ഞ്‌ പൊറുതിമുട്ടിയപ്പോഴായിരുന്നു ഞാന്‍ “ഇത് ബിനാലെയുടെ ഭാഗമായ ഒരു പ്രദര്‍ശനമല്ല” എന്നൊരു ബോര്‍ഡ്‌ അവിടെ തൂക്കിയത്‌.

ഇത് മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും, ബിനാലെയുടെ കമ്മറ്റിയിലുണ്ടായിരുന്ന ഒരു ജനപ്രതിനിധി ഇത് വായിക്കാന്‍ ഇട വരികയും ചെയ്തു. ഏകദേശം ആ സമയത്താണ് ഞാന്‍ ശംഖുമുഖം കടപ്പുറത്തുള്ള ജലകന്യക എന്ന ശില്പ്പത്തിലാകൃഷ്ടനാവുന്നതും അതിന്‍റെ പ്രചോദനത്തില്‍ ഒരു റിലീഫ് ചെയ്യാന്‍ തുടങ്ങുന്നതും. ഇതിനും ഏറെ മാധ്യമശ്രദ്ധ കിട്ടി. അരിശംപൂണ്ട ആ ജനപ്രതിനിധി ഒരാളെ ആ റിലീഫ് തകര്‍ത്തുകളയാനായി പറഞ്ഞുവിട്ടു. പക്ഷെ അത് കണ്ടപ്പോള്‍ ആ സാധു താനിത് പൊളിക്കാനില്ലെന്നും പറഞ്ഞ്‌ മടങ്ങിപ്പോയി. വിവരമറിഞ്ഞ പ്രതിനിധി മൂന്നുനാലാളുകളെയും കൂട്ടി രാത്രി ഗാലറിയില്‍വന്ന് എന്നെ കഴുത്തിന്‌ പിടിക്കുകയും ആ റിലീഫ് ഉടയ്ക്കുകയും ചെയ്തു.street artist jaleel,s life, hariharan subrahmanyan

ഈ തെരുവിന്‍റെ വൃത്തികേടൊക്കെ വേണ്ടെന്ന് വെച്ച് നല്ല വഴിയില്‍ ജീവിക്കാമെന്ന് വിചാരിക്കുന്ന എന്നെപ്പോലെയുള്ള ഒരു പാവംപിടിച്ച കലാകാരനോട്‌ ഈ നാട്ടിലെയും സമൂഹത്തിലെയും അംഗീകരിക്കപ്പെട്ട കലാകാരന്മാരും കലാകമ്മറ്റികളില്‍ ഇരിക്കുന്നവരും പെരുമാറുന്ന വിധം ഇങ്ങനെയൊക്കെയാണ് സാറെ. പൊതുവിടത്തിലായിരിക്കാം ഞാന്‍ ജലകന്യക സൃഷ്ടിച്ചത്. എന്നാലും ഞാനും ഉള്‍പ്പെടുന്ന മനുഷ്യരുടെ ഒരു പ്രതിനിധി അത് നേരിട്ടെത്തി പൊളിക്കുമ്പോള്‍ അതുണ്ടാക്കുന്ന വിഷമം ഭയങ്കരമാണ്.

എന്നിട്ട് ആ വിയര്‍പ്പ് പോലും തുടയ്ക്കാതെയല്ലേ അവരൊക്കെ നിങ്ങളോട് കല ആളുകളിലെത്തിക്കുന്നതിനെക്കുറിച്ചൊക്കെ പറയുന്നതും നിങ്ങളതൊക്കെ തലയാട്ടി സമ്മതിച്ചുകൊടുക്കുന്നതും?

എത്രയോ നല്ല ആളുകള്‍ ഇപ്പോഴെന്നോട് സംസാരിക്കുന്നു. ഈ കലാസൃഷ്ടികളിലേര്‍പ്പെടു മ്പോള്‍ കിട്ടുന്ന ഒരു തെളിച്ചം കൊണ്ട് മാത്രമാണത്.

ഈ ഡെസ്മണ്ട് തന്നെ എനിക്ക് അയാളുടെ സ്റ്റൂഡിയോവിലൊക്കെ ഇടപഴകാനുള്ള സ്വാതന്ത്ര്യം തരുന്നത് ഞാനും ഒരു കലാകാരനായത് കൊണ്ടല്ലേ? പാലക്കാടുള്ള സാറും കോയമ്പത്തൂരിലുള്ള മാഡവും എന്‍റെ ഗാലറിയുടെ മുന്‍പില്‍ നിന്നതും ഇപ്പോള്‍ രണ്ടു ദിവസങ്ങളായി ഞാനീപ്പറയുന്നതെല്ലാം കേട്ടെഴുതുന്നതും അത് കൊണ്ട് തന്നെയല്ലേ?

ജലീല്‍ പറഞ്ഞ്‌ നിര്‍ത്തി. എനിക്ക് ‘തീഫ്സ് ജേണലി’ന്‍റെ ഒരു ഇന്ത്യന്‍ പതിപ്പിലൂടെ ജീവിച്ച്, ഇരുളിലൂടെ തുഴഞ്ഞ് തീരമണഞ്ഞ ഒരു പുണ്യവാളനോ സൂഫിയോ ആയിട്ടാണ് അയാളെ അപ്പോള്‍ കാണാനായത്. ‘തീഫ്സ് ജേണലി’ന്‍റെ അവസാനഭാഗത്ത് ഷെനെ പരമമായ ഒരു സത്യം നമ്മളോട് പറയുന്നുണ്ട്. ‘വേദനെയെയും പീഡനത്തെയും പുണ്യവാളന്മാര്‍ നന്മയില്‍ കൊണ്ടു ചെന്നെത്തിക്കും. ചെകുത്താനെ നിര്‍ബന്ധിതമായി അവര്‍ ദൈവമായി മാറ്റും.’

വാള്‍മുനയില്‍ നടക്കുമ്പോഴും ജീവിതത്തോടുള്ള ഷെനെയ്ക്കുണ്ടായിരുന്ന അഗാധമായ ഈ പ്രതിപത്തിയാകാം സാര്‍ത്രിനെക്കൊണ്ട് അദ്ദേഹത്തെ ‘ഷെനെ പുണ്യവാളന്‍’ എന്ന് വിളിപ്പിച്ചത്. അങ്ങനെ നോക്കുമ്പോള്‍ ജലീല്‍ അഭിനവകാലത്തെ വെളിച്ചം വിതറുന്ന ഒരു സൂഫിയല്ലാതെ മറ്റാരായിരുന്നു ?

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Life of street artist jaleel fort kochi beach artist kochi biennale