പഠനവും ഹോസ്ററൽ വാസവുമൊക്കെ കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തിയപ്പോഴേയ്ക്കും കളിക്കൂട്ടുകാരൊക്കെ ജോലിയോ വിവാഹമോക്കെയായി സ്ഥലം വിട്ടിരുന്നു. അന്ന് ഇതുപോലെ സമൂഹ മാധ്യമങ്ങളൊന്നുമില്ല. എന്തിന് ലാന്‍ഡ് ഫോൺ പോലുമില്ല. പോസ്റ്റ്മാനെ കാത്തിരിക്കുന്ന വേഴാമ്പലായി ഞാൻ. കാലൻ കുടയും പിടിച്ച് ദൂരെ നിന്നു വരുന്ന ആ മനുഷ്യൻ എന്നെ കുളിരണിയിച്ച കാലം.

പക്ഷേ മിക്കവാറും വല്ല ടെസ്റ്റിനുളള അറിയിപ്പോ, വിവാഹ ക്ഷണക്കത്തോ മാത്രം. കൂട്ടുകാരുടെ കത്തുകൾ പോലും വല്ലപ്പോഴുമായി. പാരലൽ കോളേജും ഇംഗ്ലീഷ് മീഡിയം സ്കൂളും ട്യൂഷൻ കുട്ടികളുമൊക്കെയായി നേരംപോക്കൽ.

അപ്പോൾ എനിക്കൊരു മോഹം. ഒരു കൂട്ടുകാരൻ വേണം. പതിവായി സ്നേഹം തുളുമ്പുന്ന കത്തെഴുതുന്ന കൂട്ടുകാരൻ. ഇക്കാര്യം അമ്മയോട് പറഞ്ഞതേയുളളൂ ഇടയ്ക്കു കയറി അമ്മൂമ്മയുടെ മറുപടി. `ഇതാ പറയണേ നേരത്തും കാലത്തും പെൺകുട്ടികളെ കല്യാണം കഴിപ്പിക്കണമെന്ന്. ‘ എന്റെ എല്ലാ കൊസ്റാകൊളളിത്തരത്തിനും കൂട്ടുനിൽക്കുന്ന അമ്മയും ഒരു തുറിച്ചുനോട്ടം. പിന്നെ ഒരു എഴുത്തിനുവേണ്ടി കല്യാണം കഴിക്കാൻ പോകയോ? ഉളള സ്നേഹമൊക്കെ കല്യാണത്തോടെ സ്വാഹാ. എന്റെ പിറുപിറുക്കലുകൾ.

ആരാണ് എന്റെ ആ സ്നേഹിതൻ? എഴുത്തുകാരെ പ്രിയമുളള ഞാൻ അവരിൽ തന്നെ തെരഞ്ഞു. ഇന്നത്തെ പ്രശസ്ത കഥാകാരി പ്രിയ. എ. എസ്., എം. ടി. യുടെ എഴുത്ത് കാട്ടി കൊതിപ്പിച്ചതോർത്തു. ചിരി വിരിയാത്ത ഗൗരവമുളള മുഖം. ഓ പോരാ. എനിക്ക് ഒരു രസികൻ തന്നെ വേണം കൂട്ടിന്. നമ്മുടെ നാട്ടുകാരൻ തകഴി. ഹോ തനി കാരണവർ മട്ട്. എന്റെ പ്രായത്തിലേക്കിറങ്ങി നല്ല രസമായ് സ്നേഹമുളള കത്തയയ്ക്കാൻ…

നമ്മുടെ സുൽത്താൻ. വൈക്കം മുഹമ്മദ് ബഷീർ. ഇദ്ദേഹം അല്ലാതെ വേറെ ആര്? ചെറിയ കുട്ടിയായിരുന്നപ്പോൾ അമ്മയുടെ വാക്കുകളിലൂടെ പരിചയപ്പെട്ട ബഷീർ കഥകൾ. സങ്കലന പട്ടിക പഠിക്കുന്നതിനും മുമ്പേ പഠിച്ചത് ഒന്നും ഒന്നും ഇമ്മിണി വല്യൊന്നാണ്. ചെറിയ ക്ളാസ്സിലേ ബാല്യകാലസഖി, പാത്തുമ്മയുടെ ആട് ഒക്കെ വായിച്ചിരുന്നു. പ്രീഡിഗ്രി ക്ളാസ്സിൽ ജോര്‍ജ് തോമസ് സാറിന്റെ ക്ളാസ്സുകൾ ബഷീറിനോടുളള ഇഷ്ടം വളർത്തി. ഞങ്ങൾ കൂട്ടുകാർ പരസ്പരം ലുട്ടാപ്പി, ബുദ്ദൂസെന്നൊക്കെ വിളിച്ചു. ബാല്യകാലസഖിയെ എം. പി. പോൾ ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഏടാണ്. വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു എന്നു പറഞ്ഞത് അതിശയോക്തിയല്ല.മജീദിന്റേയും സുഹ്റയുടേയും ബാല്യവും അവരുടെ വേർപിരിയലും കണ്ടുമുട്ടലും ഒത്തുചേരാമെന്ന് വാക്കു പറഞ്ഞുളള പിരിയലും. അവസാനം അവളുടെ അന്ത്യവാർത്ത മജീദറിയുന്നത് ഒക്കെ എത്ര ഔചിത്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ന്റുപ്പാപ്പയ്ക്കൊരാനേണ്ടാരുന്നുവിലെ കരളിന് വേദനയൂളള നായികയായി ഞാൻ എന്നെ കണ്ടു. മൂക്കന്റെ മൂക്കു നീണ്ട കഥ ന്യൂസ് ചാനലുകൾ കൊടികുത്തി വാഴുന്ന ഇക്കാലത്തും അനുയോജ്യം തന്നെ.
ആനവാരിയും പൊൻകുരിശും മണ്ടൻ മുത്തപ്പയും എട്ടുകാലി മമ്മൂഞ്ഞും പോക്കറ്റടിക്കാരനും അങ്ങനെ ഇന്നത്തെ കാലഘട്ടത്തിനു പറ്റിയ എത്ര കഥാപാത്രങ്ങൾ. വിശപ്പ്, പാവപ്പെട്ടവരുടെ വേശ്യ, ശബ്ദങ്ങൾ, ആനപ്പൂട, മതീലുകൾ, ഒരു ഭഗവത്ഗീതയും കുറെ മുലകളും, ഭൂമിയുടെ അവകാശികൾ അങ്ങനെ എത്ര കൃതികൾ……..

നർമ്മവും തത്വജ്ഞാനവും പ്രേമവും സ്നേഹവുമൊക്കെ ഒരു പോലെ കൈകാര്യം ചെയ്തവൻ,നാടുകൾ ചുറ്റി സഞ്ചരിച്ചവൻ, വിശപ്പറിഞ്ഞവൻ, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവൻ, സാധാരണക്കാരന്റെ കൂടെ നടന്നവൻ അങ്ങനെ എന്റെ മനസ്സിൽ ബഷീർ വളരുകയായിരുന്നു.

basheer letter, usha rani, malayalam writer

ബഷീർ ഉഷയ്ക്ക് അയച്ച കത്ത്

മതി. ഇതു തന്നെ എന്റെ കൂട്ടുകാരൻ. അക്കാലത്ത് ബഷീർ മാതൃഭൂമിയിൽ ‘മരച്ചുവട്ടിൽ’ എഴുതുന്ന കാലം. ഞാൻ അന്നു തന്നെ കത്തെഴുതി. കോലാച്ചിയാണ്, തടിച്ചി പാറുവല്ല എന്നു പറഞ്ഞാണ് കത്ത് തുടങ്ങിയത്. ‘ബേപ്പൂർ സുൽത്താൻ’ എന്നു മാത്രം മേൽവിലാസമെഴുതി അയച്ച കത്ത്. മൂന്നു ദിവസം കഴിഞ്ഞ് ഞാൻ അദ്ധ്യാപനത്തിനു ശേഷം വരുമ്പോൾ അമ്മ ചിരിച്ചു പറയുന്നു. അടുക്കളയിലെ ഷെൽഫിൽ നിനക്കൊരു സാധനം വെച്ചിട്ടുണ്ട്. നോക്കിയപ്പോൾ പുതിയ ആഴ്ചപ്പതിപ്പുകളൊക്കെ മേശയിൽ ചിതറി കിടക്കുന്നു. അന്ന് ഞാൻ ഇന്നത്തെ പോലെ തീറ്റ ഭ്രാന്തിയായിട്ടില്ല. അതിനാൽ കഴിക്കാനൊന്നുമല്ല, ഉറപ്പ്. നോക്കിയപ്പോൾ ഞാൻ ആകാശത്തേയ്ക്ക് പൊങ്ങിപ്പോയി. എന്റെ സുൽത്താന്റെ കത്ത്.
തുറന്നു വായിച്ചപ്പോഴോ കോലാച്ചീ എന്നു വിളിച്ചുകൊണ്ട്. അന്നത്തെ ഇരുപത്തിനാലുകാരി അവളുടെ ഏകാന്തതയ്ക്ക് കൂട്ടാകാൻ എന്തു പ്രതീക്ഷിച്ചോ അത്രയും അവൾക്ക് വേണ്ടി എഴുതിയ കത്ത്. പിന്നെ കത്തുകൾ! കത്തുകൾ!..

കോലാച്ചി ഉഷാറാണിയായി മാറി. വണ്ണം വയ്ക്കാൻ, മുഖത്തിന് അഴകേകാനുളള മരുന്നുകളുടെ വിവരം, സ്വന്തം വിശേഷങ്ങൾ, തന്നെ അന്വേഷിച്ചു വരുന്ന പട്ടികൾ, പൂച്ചകൾ, പക്ഷികൾ, പാമ്പുകൾ, പിന്നെ മനുഷ്യർ. അങ്ങനെ എന്റെ ദിവസങ്ങൾ ചലനാത്മകമായി, ഊർജ്ജസ്വലമായി. എല്ലാ എഴുത്തിനും മൂന്നാംദിവസം മറുകുറി എത്തിയിരിക്കും. എല്ലാ കത്തിലും”it is for yours eyes only” എന്നെഴുതിയിരിക്കും. ഉഷയെന്നാൽ സുഹ്റയെന്നാണത്റേ. അതു കാണുന്ന പെൺകുട്ടി ഒരു രാജകുമാരിയായി മാറിയിരുന്നു. ഉദ്യോഗത്തിനും കല്യാണത്തിനുമായുളള തിരച്ചിലിൽ മനസ്സു മടുത്തു പോകുമായിരുന്ന ആ പെൺകുട്ടിയെ എത്ര മാത്രം ആ കത്തുകൾ ഉല്ലാസവതിയാക്കിയിരുന്നു. വസ്ത്രത്തിൽ പഴുതാരയുമായി നടന്നതും അവസാനം അത് കടിച്ച് നീരുവന്നതുമൊക്കെ വിവരിച്ചപ്പോൾ ഇതൊക്കെ മതി. ഭംഗിയായി ഇതൊന്നെഴുതൂ അപ്പോൾ കഥയാകുമെന്നു പറഞ്ഞ എന്റെ സുൽത്താൻ.
സുൽത്താന്റെ പുസ്തകങ്ങൾ ഗവേഷണം ചെയ്യുകയായിരുന്നു എന്റെ നടക്കാതെ പോയ മോഹം. ഒരു ദിവസം പോസ്റ്റ് ഓഫീസീന്ന് പാഴ്സൽ ഉണ്ടെന്നറിഞ്ഞു. നോക്കിയപ്പോൾ ഡി. സി. ബുക്ക്സിൽ നിന്ന് ബഷീറിന്റ എല്ലാ കൃതികളും. (അന്ന് സമ്പൂര്‍ണ കൃതികൾ ഇറങ്ങിയിട്ടില്ല.) പുറകെ കത്ത്. ഇതെല്ലാം വായിച്ച് എഴുതുക. നമുക്ക് മാസികയിൽ കൊടുക്കാം. അപ്പോൾ കാശും കിട്ടും. പിന്നെ ഇറങ്ങാൻ പോകുന്ന പുസ്തകത്തിലും ചേർക്കാം. പക്ഷെ ആ ആഴ്ച തന്നെയാണ് എന്റെ വിവാഹം ഉറപ്പിച്ചത്.

പിന്നെ ആഴ്ചകൾക്കകം കല്യാണം. പാചകമറിയാത്ത പെൺകുട്ടിയ്ക്ക് സമ്മാനമായി മൂന്നു പാചക പുസ്തകങ്ങൾ. ഞാൻ വിവാഹ ജീവിതത്തിന്റെ മായക്കാഴ്ചകളിലേയ്ക്ക് മൂക്കുകുത്തി വീണു. എഴുത്തും വായനയും മറന്ന പെണ്ണിന് പാചകവും ഭക്ഷണവും പ്രിയമുളളതായി. കോലാച്ചി തടിച്ചിപാറുവായി.

അതിനിടെ മാറ്റമില്ലാതെ സുൽത്താന്റെ എഴുത്ത് വന്നു. വിവാഹശേഷം വന്ന ആദ്യ കത്തിൽ ഉഷാറാണി മാറി മിസ്സിസ്. ഉഷ എന്നായി. വീട്ടിലും കൂട്ടുകാർക്കിടയിലും വേറിട്ട സമീപനം കണ്ട് മടുത്തിരുന്ന ഞാൻ സുൽത്താനെഴുതി. എനിക്ക് പഴയ ഉഷാറാണി ആയാൽ മതിയെന്ന്. പിന്നീട് അകൽച്ചയില്ലാത്ത ഉഷാറാണി എന്നു വിളിച്ചുളള കത്തുകൾ.

ഇടയ്ക്ക് എം. ടി. എഴുതിയത് വായിക്കാനിടയായി. ബഷീറിന് കത്തെഴുതുന്നവരും അഭിമുഖക്കാരും കാരണം എഴുത്തൊന്നും നടക്കുന്നില്ലാന്ന്. അപ്പോൾ ഞാൻ എഴുത്ത് കുറച്ചു. എഴുതാൻ താമസിച്ചാൽ കാരണമന്വേഷിച്ച് വീണ്ടും കത്ത്. പിന്നെ കത്തെഴുതാൻ ഞാൻ മടി കാണിച്ചില്ല.

letter, basheer, usharani

ബഷീർ ഉഷയ്ക്ക് അയച്ച കത്ത്

ബഷീർ സമ്പൂര്‍ണ കൃതികൾ ഇറങ്ങിയ സമയം. ഞാൻ വീണ്ടും വായനയിലേയ്ക്ക്. അപ്പോഴേക്കും ഭാഷയൊക്കെ കൈമോശം വന്നിരുന്നു. എന്നാലും എനിയ്ക്ക് അദ്ദേഹത്തോടുളള കടം വീട്ടിയേ മതിയാവൂ. ബഷീർ കൃതികളെപ്പറ്റി ഒരു ലേഖനം (ആസ്വാദനത്തിന്റെ നിലവാരം മാത്രം.) എഴുതി അയച്ചു. കണ്ണിനു സുഖമില്ലാഞ്ഞിട്ടും വായിച്ചു. നന്നായിരിക്കുന്നു. ഏതെങ്കിലും മാസികയിൽ കൊടുക്കാം എന്നു മറുപടി. അപ്പോഴേക്കും അസുഖത്തിന്റെ നാളുകൾ. കാണാനാഗ്രഹമുണ്ട്.ശരീരത്തിന് ആവതുണ്ടായിരുന്നേൽ വന്നു കണ്ടേനെ എന്നെഴുതിയിട്ടും അന്നത്തെ വീട്ടമ്മയായി കഴിഞ്ഞിരുന്ന പെണ്ണിന് പോകാൻ കഴിഞ്ഞില്ല. റേഡിയോയിലൂടെയാണ് ഞാൻ മരണമറിഞ്ഞത്. കുറെക്കാലത്തേയ്ക്ക് ആ കത്തുകൾ വീണ്ടും വീണ്ടും വായിച്ച്…
വൈക്കം മുഹമ്മദ് ബഷീറിനെപ്പപറ്റിയുളള പ്രോജക്ട് ചെയ്യാൻ കിട്ടിയപ്പോൾ എന്റെ മക്കളാരോ ഈ എഴുത്തുകൾ ക്ളാസ്സിൽ കാണിക്കാൻ കൊണ്ടു പോയി നഷ്ടപ്പെട്ടു. ഈ കത്തുകൾ ഈയിടെ കണ്ടു കിട്ടിയതാണ്. നഷ്ടപ്പെട്ട ഓരോ വരിയും എന്റെ മനസ്സിലുമുണ്ട്. കാരണം അതോരോന്നും ഞാൻ നൂറു വട്ടം വായിച്ചിട്ടുണ്ട്. അന്ന് വറുതിയിലായിരുന്ന ആ പെണ്‍കുട്ടിയ്ക്ക് ആ കത്തുകൾ അത്ര ആശ്വാസമായിരുന്നു. ഇന്ന് സുൽത്താൻ യാത്രയായിട്ട് ഇരുപത്തിമൂന്നു വർഷം.

മലയാളത്തിന്റെ പ്രിയപ്പെട്ട സുൽത്താൻ എന്റെ നമോവാകം.!!

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ