scorecardresearch

എലിപ്പനി ചികിത്സിച്ച് ഭേദമാക്കാം: പകര്‍ച്ചവ്യാധിയെ കുറിച്ച് അറിയേണ്ടതെല്ലാം

സ്വയം ചികിത്സയോ നാടന്‍ ചികിത്സയോ നല്‍കി കാത്തിരിക്കരുത്. അസുഖം പിടിപെടാതെ നോക്കുക. ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമായതിനാല്‍ ഡോക്ടറെക്കാണാന്‍ അമാന്തിക്കരുത്. എലിപ്പനിയെ കുറിച്ച് അറിയേണ്ടതെല്ലാം.

സ്വയം ചികിത്സയോ നാടന്‍ ചികിത്സയോ നല്‍കി കാത്തിരിക്കരുത്. അസുഖം പിടിപെടാതെ നോക്കുക. ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമായതിനാല്‍ ഡോക്ടറെക്കാണാന്‍ അമാന്തിക്കരുത്. എലിപ്പനിയെ കുറിച്ച് അറിയേണ്ടതെല്ലാം.

author-image
Dr. Rajesh Kumar M.P.
അപ്‌ഡേറ്റ് ചെയ്‌തു
New Update
സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച് മരിച്ചത് നാല് പേർ; 68 പേർക്ക് രോഗം സ്ഥിരീകരിച്ചു

മഴക്കാലത്ത് പൊട്ടിപ്പുറപ്പെടുന്ന പകര്‍ച്ച വ്യാധികളില്‍ മാരകമായ ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ് (leptospirosis). പെറു, ഗാബോണ്‍, വെള്ളപ്പൊക്കം രൂക്ഷമാവാറുള്ള ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് നാശം വരുത്താറുള്ള ഹവായ്, സെന്‍‌ട്രല്‍ അമേരിക്ക എന്നിവിടങ്ങളിലുമെല്ലാം മഴക്കാലത്ത് എലിപ്പനി പൊട്ടിപ്പുറപ്പെടാറുണ്ട്. ലോകത്ത് ഒരു വര്‍ഷം പത്തു ലക്ഷത്തോളമാളുകള്‍ക്ക് എലിപ്പനി പിടിപെടാറുണ്ട്. പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണെങ്കിലും തക്കതായ ചികിത്സ ലഭിക്കാതെ അഞ്ചു മുതല്‍ മുപ്പതു ശതമാനം വരെയാളുകള്‍ ഇതില്‍ മരണമടയാറുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍.

Advertisment

കഴിഞ്ഞ വര്‍ഷം 1408 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ 80 പേരാണ് കേരളത്തില്‍ മരണമടഞ്ഞിരുന്നത്. 2018 ജനുവരി മുതല്‍ മേയ് വരെ 225 കേസുകള്‍ വന്നതില്‍ 11 മരണമുണ്ടായി. ഈ മാസം 27 വരെ ദിനം പ്രതി 12 കേസുകള്‍ എന്ന നിലയിലായിരുന്നു. എന്നാല്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നും ആഗസ്റ്റ് 28 മുതല്‍ മൂന്നു ദിവസം കൊണ്ട് 159 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്; അതില്‍ 12 പേര്‍ മരണമടഞ്ഞുവെന്നത് ആശങ്കാജനകമാണ്.

രോഗകാരണം:

ലെപ്റ്റോസ്പൈറ എന്ന ബാക്റ്റീരിയ ആണ് രോഗകാരി. 1886 ല്‍ അഡോള്‍ഫ് വീല്‍ എന്ന ജെര്‍മന്‍ ഡോക്ടറാണ് ഈ രോഗത്തെ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതതെങ്കിലും. 1908ലാണ് രോഗാണു കണ്ടെത്തപ്പെട്ടത്. ഒഡീഷയില്‍ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനും ശേഷം 1999ല്‍ നിരവധി പേര്‍ എലിപ്പനി ബാധിച്ചു മരിക്കുകയുണ്ടായി. ഒളിമ്പിക്സില്‍ രണ്ടു തവണ സ്വര്‍ണമണിഞ്ഞ ബ്രിട്ടീഷ് തുഴച്ചില്‍ താരമായിരുന്ന ആന്‍ഡി ഹോംസ് 2010ല്‍ രോഗബാധമൂലം മരിച്ചത് അടുത്തിടെ എലിപ്പനിക്ക് ലോകശ്രദ്ധ കിട്ടാന്‍ ഇടയാക്കി.

പകരുന്ന വിധം:

എലികളുടെ മൂത്രത്തിലൂടെ പകരുന്നതിനാല്‍ എലിപ്പനിയെന്നു പേരു വീണെങ്കിലും നായ, പശു, എരുമ, പന്നി, കുതിര, ആട്, അണ്ണാന്‍, കുറുക്കന്‍ എന്നിവയൊക്കെയുടേയും മൂത്രത്തിലൂടെയും വിസര്‍ജ്ജ്യത്തിലൂടെയും എലിപ്പനി പകരും. മൂത്രം വീണ മണ്ണ്, വെള്ളം, പഴങ്ങള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവയിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്. കൈകാലുകളിലെ മുറിവുകളില്‍ക്കൂടിയും കണ്ണ്, വായ,മൂക്ക് തുടങ്ങിയവയിലെ നേര്‍ത്ത സ്തരത്തിലൂടെയുമാണ് രോഗാണു മനുഷ്യ ശരീരത്തില്‍ കടന്നു കൂടുക.

ആര്‍ക്കൊക്കെ പകരാം:

Advertisment

പ്രധാനമായും ചേരികളിലും, പാടത്തെയും പണിക്കാർ,  തൊഴിലുറപ്പുപദ്ധതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവർ, ഓട വൃത്തിയാക്കുന്നവരിലുമൊക്കെയാണ് രോഗബാധ കണ്ടു വരുന്നത്. എന്നാല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാവുമ്പോള്‍ മാലിന്യവും ഓവുചാലുകളും ജലാശയങ്ങളും ഒന്നായിത്തീരുന്നതിലൂടെ എലിപ്പനി കൂടുതല്‍ ആളുകളെ ബാധിച്ചേക്കും. ഇക്കഴിഞ്ഞ പ്രളയ സമയത്ത് വെള്ളക്കെട്ടുകളിലൂടെ നടന്നും നീന്തിയും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും ഏറെ നേരം വെള്ളത്തില്‍ത്തന്നെ കഴിച്ചു കൂട്ടേണ്ടി വന്നവര്‍ക്കും രോഗബാധയുണ്ടാവാന്‍ സാധ്യത കൂടുതലാണ്.

ലക്ഷണങ്ങള്‍:

മലിന ജലത്തില്‍ നിന്നു രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സാധാരണ അഞ്ചു മുതല്‍ പതിനാലു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ തുടങ്ങും (റേഞ്ച്: 2 -30 ദിവസങ്ങള്‍) ചിലര്‍ക്ക് കടുത്ത രോഗലക്ഷണങ്ങള്‍ കാണാറുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് ജലദോഷപ്പനി പോലെയായിരിക്കാം. പനിയും തലവേദനയും കാലിലെ പേശിയില്‍ കടുത്ത വേദനയുമായാണ് സാധാരണ രോഗികളെ കാണാറുളളത്. വയറിന് അസ്വസ്ഥതയും ശരീരത്തിന് തളര്‍ച്ചയും ഉണ്ടാകാം. എന്നാല്‍, രോഗം മൂര്‍ച്ഛിക്കുന്നതോടെ മഞ്ഞപ്പിത്തം, മൂത്രം അളവു കുറഞ്ഞും ചുവന്നും പോവുക, കണ്ണില്‍ രക്തസ്രാവമുണ്ടാവുക, വൃക്കകള്‍ പ്രവര്‍ത്തന രഹിതമാവുക, ഹൃദയ പേശികളുടെ പ്രവര്‍ത്തനത്തിലും മിടിപ്പിലും താളം തെറ്റലുകളുണ്ടാവുക എന്നിങ്ങനേയോ, തലച്ചോറിനെ ബാധിച്ച് അപസ്മാരമോ ബോധക്കേടോടു കൂടിയോ, ശ്വാസകോശത്തില്‍ രക്തസ്രാവവും ശ്വാസതടസ്സവുമായോ എലിപ്പനി ബാധിച്ചവര്‍ ആശുപത്രിയിലെത്താറുണ്ട്.

ഒരു പോലെയുള്ള ലക്ഷണങ്ങളുമായി ഡെങ്കിപ്പനി, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ ഉള്ളതിനാല്‍ രോഗബാധ സ്ഥിരീകരിക്കുകയെന്നത് ചികിത്സയില്‍ പരമപ്രധാനമാണ്. മിക്കവാറും പൂര്‍ണ്ണമായി ചികിത്സിച്ചു മാറ്റാവുന്ന ലെപ്റ്റോസ്പൈറോസിസ് കുട്ടികളില്‍ താരത്മ്യേന രൂക്ഷമായ രോഗാവസ്ഥയാണുണ്ടാക്കാറ്. ഗര്‍ഭിണികളില്‍ അത് ഗര്‍ഭച്ഛിദ്രത്തിനു കാരണമായേക്കാം.

രോഗപരിശോധനാ രീതിയും ചികിത്സയും:

ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ രക്തപരിശോധയില്‍ ഡോക്ടര്‍ നോക്കുക ശ്വേതരക്താണുക്കളുടെ കാര്യമാണ്. മൂന്നു ദിവസം കഴിഞ്ഞാല്‍ പ്ലേറ്റ്ലെറ്റ് കൗണ്ടും ലിവര്‍ ഫങ്ങ്ഷനും വൃക്കകളുടെ പ്രവര്‍ത്തനവുമാണ് നോക്കുക. അഞ്ചു ദിവസം കഴിഞ്ഞാലാണ് ലെപ്റ്റോസ്പൈറയ്ക്കെതിരായ ആന്റിബോഡികള്‍ രക്തത്തില്‍ കണ്ടെത്താനാവുക. ഇ സി ജി യും എക്സ്റേയും അനുബന്ധ പരിശോധനകളാണ്.

മാരകമല്ലാത്ത ലക്ഷണങ്ങളാണെങ്കില്‍ ഡോക്സിസൈക്ലിന്‍, അമോക്സിസിലിന്‍, അസിത്രോമൈസിന്‍ എന്നിവയിലേതെങ്കിലും ഗുളികകള്‍ ഒരാഴ്ച്ചത്തേയ്ക്ക് നൽകുക. രോഗം മൂര്‍ച്ഛിച്ച അവസ്ഥയാണെങ്കില്‍ അഡ്മിറ്റ് ചെയ്ത് പെനിസിലിന്‍ അല്ലെങ്കില്‍ സെഫ്ട്രിയാക്സോണ്‍ മരുന്നുകള്‍ കുത്തി വയ്ക്കുകയും ആന്തരാവയവങ്ങള്‍ക്ക് ബാധിച്ചിട്ടുണ്ടെങ്കില്‍ അതിനനുസൃതമായ ചികിത്സ നല്‍കുകയും വേണം.

മുന്‍‌കരുതല്‍:

ചികിത്സപോലെത്തന്നെ പ്രധാനമാണ് രോഗം പിടിപെടാതിരിക്കാനുള്ള ജാഗ്രത. ശരീരത്തില്‍ മുറിവുള്ളവര്‍ വെള്ളക്കെട്ടുകളില്‍ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. വെള്ളത്തില്‍ മുങ്ങിയ വീടും തൊഴുത്തും ഓടകളും ജലാശയങ്ങളും വൃത്തിയാക്കുമ്പോള്‍ കൈയുറയും ബൂട്ടുകളും മാസ്കും ധരിക്കണം. പാടത്തു പണിയുന്നവരും തൊഴിലുറപ്പു പണിക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

മുതിര്‍ന്നവര്‍ ഡോക്സി സൈക്ലിന്‍ ഗുളികകള്‍ 100 mg യുടേത് രണ്ടെണ്ണം ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍, മലിന ജലവുമായി സമ്പര്‍ക്കം വരുന്നത്രയും കാലയളവില്‍, കഴിക്കേണ്ടതാണ്. എട്ടു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് കുറഞ്ഞ ഡോസായിരിക്കും നല്‍കുക. അമോക്സിസിലിന്‍, അസിത്രോമൈസിന്‍ എന്നിവയാണ് എട്ടു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു നല്‍കുക. രണ്ട ് വയസ്സിൽ താഴെയുളള​ കുഞ്ഞുങ്ങൾക്ക് മൂന്ന് ദിവസത്തേയ്ക്ക് അസിത്രോമൈസിൻ ആണ് നൽകുക. ഗർഭിണികളും മുലയൂട്ടുന്നവരും അമോക്സിലിൻ ഗുളികയാണ് മുൻകരുതലായി കഴിക്കേണ്ടത്.

വയറെരിച്ചിലും ഛർദ്ദിയും ഒഴിവാക്കാൻ റാനിറ്റിഡിൻ ഗുളിക കൂടെ കഴിച്ചാൽ മതിയാകും.

പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ പോവണം. സ്വയം ചികിത്സയോ നാടന്‍ ചികിത്സയോ നല്‍കി കാത്തിരിക്കരുത്. അസുഖം പിടിപെടാതെ നോക്കുക. ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമായതിനാല്‍ ഡോക്ടറെക്കാണാന്‍ അമാന്തിക്കരുത്.

Kerala Floods Health Fever

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: