Elikutty, the American who Teaches Malayalam Online: കഥാപാത്രങ്ങളെ പരിചയപ്പെടുത്തട്ടെ. ആദ്യം ഏറ്റവും അപ്രസക്തനായ ഞാൻ. യുകെയിലെ വെയിൽസിലുള്ള ഡവി ജൈവമേഖലയിലെ മലയാളി ജീവികളിൽ ഒന്ന്. ഇവിടെ എത്തിയിട്ട് കൊല്ലങ്ങൾ ഒരുപാടായെങ്കിലും ഇതേവരെ രണ്ടു മിനിറ്റിൽ കൂടുതൽ പിടിച്ചു നിൽക്കാൻ വേണ്ട വെൽഷ് ഭാഷ അറിയാത്തവരാണ് ഞങ്ങളിൽ ബഹുഭൂരിപക്ഷവും. ഇംഗ്ലീഷില്ലായിരുന്നെങ്കിൽ, ഇംഗ്ലീഷ് അറിയാത്തവരായിരുന്നു വെൽഷുകാർ എങ്കിൽ, ഞങ്ങളൊക്കെ വെൽഷിൽ ‘csia’ വരച്ചു പോയേനെ. ഇക്കൂട്ടത്തിൽ എനിക്ക് മാത്രമേ വെൽഷ് അറിയാത്തതിലൊരു അസ്കിത ഉള്ളൂ എന്ന് തോന്നുന്നു. മറ്റുള്ളവരൊക്കെ “ഓ, എന്നാ വെൽഷ്” എന്ന മട്ടിൽ ആണ്.
വെൽഷ് പഠിക്കാൻ ഞാൻ ശ്രമിക്കാതിരുന്നില്ല. ക്ലാസ്സുകളിൽ പോയി. പരീക്ഷ എഴുതി പാസ്സായി. എങ്കിലും എന്റെ വെൽഷ് ഒഴുക്ക് മുട്ടി നിന്നു. ഇതര സംസ്ഥാനക്കാരായ ഇത്രയധികം പേർ കേരളത്തിൽ എത്തുന്നതിനു മുൻപുള്ള ശരാശരി മലയാളിയുടെ ഹിന്ദി പോലെ – പത്താം ക്ലാസ് പാസ്സ്, ‘പരന്തു’ വടക്കേ ഇന്ത്യയിൽ എത്തിയാൽ ‘ബ്ബബ്ബബ്ബ.’
വെൽഷ് പരീക്ഷ പാസ്സായ പിറ്റേ ദിവസം ഞാൻ “ബോറെ ഡാ, ഡഖ്ൻ യൗൻ?” (സുപ്രഭാതം, നിങ്ങൾക്കു സുഖമല്ലേ?) എന്ന് ചോദിച്ചു കൊണ്ട് വീട്ടിനടുത്തുള്ള ഒരു വൃദ്ധയുടെ കടയിൽ ചെന്ന് കയറി. അത്രയും നാൾ എന്നോട് ഇതേ ചോദ്യം ചോദിച്ചിരുന്ന അവരോ അന്ന് മുതൽ എന്നോട് ഇംഗ്ലീഷിൽ ഉള്ള കുശലം പറച്ചിൽ പോലും നിർത്തി. പ്രോത്സാഹിപ്പിച്ചാൽ ദിവസവും വെൽഷിലെ സംശയങ്ങളും കൊണ്ട് വന്നു പണി തരുമോ എന്ന് ഭയന്നാകും. ഏതായാലും അതോടു കൂടി വെൽഷ് സംസാരിച്ചു വശമാക്കാനുള്ള എന്റെ പൂതിയും കെട്ടടങ്ങി.
അടുത്തതായി അർജുനൻ ഉല്ലാസ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈൽ ഉള്ള അർജുൻ. നേരിട്ട് പരിചയപ്പെടുകയോ സംസാരിക്കുകയോ എസ്എംഎസ് അയക്കുകയോ ഫെയ്സ്ബുക്കിൽ തല്ലുകൂടുകയോ ഒന്നും ചെയ്തിട്ടില്ലെങ്കിലും എനിക്ക് ഈ ചെറുപ്പക്കാരനോട് ആദ്യം തോന്നിയ വികാരം കലശലായ അസൂയ ആയിരുന്നു.

ആളൊരു ചുള്ളൻ ആയതു കൊണ്ടു മാത്രമല്ല. 22 വർഷം കൊണ്ട് എനിക്കെന്റെ ഭാര്യയെ പഠിപ്പിക്കാൻ കഴിയാത്ത മലയാളം കല്യാണം കഴിഞ്ഞു കൊല്ലം ഒന്നാവുന്നതിനു മുൻപ് ഈ ചങ്ങാതിയുടെ അമേരിക്കക്കാരി ഭാര്യ സംസാരിക്കുന്നതു കണ്ടതുകൊണ്ടാണ്. സംസാരിക്കുക മാത്രമല്ല, യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ടിവി ചാനലുകളിലും മറ്റും മലയാളത്തിൽ ക്ലാസെടുക്കുന്നു. മലയാളം പഠിക്കാൻ ഭാര്യയെ ‘പുഷ്’ ചെയ്യാറില്ലെങ്കിലും സംശയങ്ങൾക്കു മറുപടി കൊടുക്കാറുണ്ട് എന്ന് വിനയത്തോടെ ഒരഭിമുഖത്തിൽ അർജുൻ പറയുന്നു. എന്റെ കൺട്രോള് വിടുന്നു. സംശയ നിവാരണം മാത്രം കൊണ്ട് ഈ റിസൽട്ടോ? അമ്പട കേമാ!
അവസാനമായി കഥയിലെ നായിക എലിക്കുട്ടി. അച്ചടിപ്പിശാചല്ല: ഏലിക്കുട്ടി അല്ല, എലിക്കുട്ടി തന്നെയാണ്. എലിസബത്ത് കീറ്റൻ എന്ന എലൈസാ. അർജുന്റെ സഹധർമ്മിണി. “ഞാൻ എലിക്കുട്ടി” എന്ന് പരിചയപ്പെടുത്തിക്കൊണ്ട് മലയാളം പഠിച്ചും പഠിപ്പിച്ചും ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ചിരിക്കുന്ന അമേരിക്കൻ യുവതി.
ഈ ക്ലാസ്സുകളിൽ ഒന്നിന്റെ വീഡിയോ ക്ലിപ്പിലൂടെയാണ് എലിക്കുട്ടിയെക്കുറിച്ചു ഞാനാദ്യം അറിയുന്നത്. എലിക്കുട്ടിയോടും എനിക്കസൂയ. ഞാൻ മറ്റൊരു നാട്ടിലെത്തി അവിടുത്തെ ഭാഷ സംസാരിക്കുമ്പോൾ തദ്ദേശവാസികൾ നിശ്ശബ്ദരാകുന്നു. ഈ വിദേശി മലയാളം പഠിപ്പിക്കുന്നത് കേൾക്കാനും കാണാനും വാട്സ്ആപ്പിൽ ഷെയർ ചെയ്യാനും എന്റെ നാട്ടുകാർക്കും കൂട്ടുകാർക്കും എന്തൊരു തിരക്ക്.
എങ്കിലും “എലിക്കുട്ടി മിടുക്കിയാണ്” എന്ന ക്ലിപ്പയച്ച സുഹൃത്തിന്റെ കമന്റു ശരിയാണെന്നു തോന്നി. മലയാളം പഠിപ്പിക്കുന്നത് കണ്ടാൽ അറിയാം അനുഭവ സമ്പത്തുള്ള ഭാഷാ അധ്യാപിക ആണെന്ന്. രസകരമായി വ്യാകരണം പഠിപ്പിക്കുന്നു. വിദേശികൾക്കു പൊതുവെ വഴങ്ങാത്ത മലയാള അക്ഷരങ്ങളും ഉച്ചാരണങ്ങളും ശാസ്ത്രീയമായി, എന്നാൽ വിരസതയുളവാക്കാതെ, ചിത്രങ്ങളിൽ കൂടി വിശദീകരിക്കുന്നു, സംസാരിക്കുമ്പോൾ വാക്യങ്ങളിൽ പലപ്പോഴും ഉച്ചാരണശുദ്ധി കുറഞ്ഞു പോകുന്നെങ്കിലും.
എന്നാലും ഉച്ചാരണം ഒരു പ്രശ്നം തന്നെ അല്ലേ? എലിസബെത് എന്ന് മറ്റോ പേരുള്ള, ഏലിക്കുട്ടി എന്ന് ആ പേരിനെ മലയാളീകരിക്കാൻ ആരോ ഉപദേശിച്ചത് അനുസരിച്ചു സ്വയം എലിക്കുട്ടി എന്ന് വിളിക്കുന്ന, ഈ യുവതിയോട് സുഹൃത്തുക്കൾ ആരും പറഞ്ഞു കൊടുത്തിട്ടില്ലേ little rat എന്നതിന് അർഥമുണ്ടെന്ന്. ഇത് പറഞ്ഞു കൊണ്ടുള്ള ഇത്രയും ട്രോളുകൾ കണ്ടിട്ടും ഈ കുട്ടിക്ക് കാര്യം മനസിലായിട്ടില്ലേ?
പക്ഷെ ഇക്കാര്യത്തിൽ എലിക്കുട്ടിയുടെ ഉച്ചാരണമോ അറിവോ അല്ല എന്റെയും ട്രോളുകളുടെയും മുൻധാരണ ആണ് പ്രശ്നമെന്ന് പിന്നീടാണ് മനസിലാകുന്നത്. തമിഴ്നാട്ടുകാരിയായ അടുത്ത സുഹൃത്ത് കൊഞ്ചിച്ചു വിളിക്കുന്ന പേര് ഇന്റെർനെറ്റിൽ മലയാളം പഠിക്കാനും പഠിപ്പിക്കാനും അർഥം അറിഞ്ഞു തന്നെയാണ് സ്വീകരിച്ചതത്രേ.
എന്നാലും… എന്നാലും… ഇത്ര അധികം ആരാധിക്കാൻ എന്തിരിക്കുന്നു? വെൽഷ് പഠിക്കാൻ പറ്റാത്ത കെറുവ് കൊണ്ട് നടക്കുന്ന എനിക്കിത് മുഴുവനായി അങ്ങോട്ടു ദഹിക്കുന്നില്ല. സായ്പ്പിനെ കണ്ടാൽ കവാത്തു മറക്കൽ എന്ന തനി മലയാളി പ്രവണത അല്ലേ ഈ ഇന്റർനെറ്റ് തരംഗത്തിന് പുറകിൽ? ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും പിന്നെ ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള സർട്ടിഫിക്കറ്റും ഒക്കെ ഉണ്ടായാലും ഇംഗ്ലീഷ് മാതൃഭാഷയല്ലാത്തവർക്കു എപ്പോഴും രണ്ടാം സ്ഥാനം അല്ലേ? അങ്ങനെ ഒരാൾ സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ഇന്റെർനെറ്റിലായാലും ശ്രദ്ധിക്കപ്പെടുമോ? അപ്പോൾ പിന്നെ ഇംഗ്ലീഷ് പഠിച്ചു തുടങ്ങുന്ന ഒരു മലയാളി “എന്റെ കൂടെ ഇംഗ്ലീഷ് പഠിക്കൂ” എന്ന് പറഞ്ഞ് വന്നാൽ ആർക്കെങ്കിലും പുല്ലുവില ഉണ്ടാകുമോ? മലയാളം അറിയുന്നവർ പോലും എലിക്കുട്ടിയെ ‘ഫോളോ’ ചെയ്താഘോഷിക്കും പോലെ ബ്രിട്ടീഷുകാരും അമേരിക്കക്കാരും ഒക്കെ ഇംഗ്ലീഷ് പഠിച്ചു കൊണ്ട് പഠിപ്പിക്കുന്ന ആളെ ആഘോഷിക്കുമോ?
എലിക്കുട്ടിക്ക് ഇന്റർനെറ്റിൽ ചുവന്ന ഹൃദയങ്ങൾ അർപ്പിക്കുന്ന പലരും “സോ ക്യൂട്ട്” എന്നൊക്കെയാണ് കമന്റ് ചെയ്യുന്നത്. ഇവരുടെ സൗന്ദര്യസങ്കല്പത്തോട് എനിക്ക് വിയോജിപ്പില്ലെങ്കിലും ഭാഷാപഠനത്തെ ഇങ്ങനെ സമീപിക്കുന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. എലിക്കുട്ടിയെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന ലേഖനങ്ങളും ടിവി പരിപാടികളുമൊക്കെ ‘മലയാളിയെ പരിണയിച്ച മദാമ്മ’ എന്നതിനാണു മുൻതൂക്കം കൊടുക്കുന്നത്.
മലയാളം പഠിക്കാനും പഠിപ്പിക്കാനും ഉള്ള എലിക്കുട്ടിയുടെ കഴിവിനോട് എന്റെ ആരാധനയിൽ എത്താത്ത ആദരവും അവിശ്വാസത്തിൽ എത്താത്ത സംശയങ്ങളും ചർച്ച ചെയ്യണം എന്ന് തോന്നി. ഫെയ്സ്ബുക്കിൽ ബന്ധപ്പെട്ടു. ജാഡയില്ലാത്ത പ്രതികരണം. ചോദ്യങ്ങൾ അയച്ചു കൊടുത്തു. അപ്രിയകരം ആകാവുന്നവ ഉൾപ്പെടെ.
ഉത്തരങ്ങളിൽ ഇത്രയധികം സുതാര്യത ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു. ഇന്ത്യയെക്കുറിച്ചു താജ് മഹൽ, ഹിന്ദി, ആലൂ ഗോഭി, ബട്ടർ ചിക്കൻ എന്നിങ്ങനെയുള്ള കാര്യങ്ങൾ മാത്രം കേട്ടിട്ടുണ്ടായിരുന്ന ഈ അമേരിക്കക്കാരി ദുബായിൽ വച്ച് അഞ്ചു വർഷം മുൻപാണ് മലയാളം എന്ന ഭാഷയുണ്ട് എന്നറിയുന്നത് തന്നെ. ദുബായിലെ ഏറ്റവും അടുത്ത സുഹൃത്ത്, ഏലിക്കുട്ടി എന്ന പേര് സമ്മാനിച്ച അർച്ചന, മലയാളിയെ കല്യാണം കഴിച്ച തമിഴ്നാട്ടുകാരിയാണ്. ഭാഷകളോട് അഭിരുചി ഉള്ള സ്പാനിഷും കൊറിയനും ജാപ്പനീസും പഠിച്ചിട്ടുള്ള എലൈസാ മലയാളം അല്പസ്വല്പം പഠിക്കാൻ തുടങ്ങി. അതിനിടെ ഇന്റെർനെറ്റിൽ പരിചയപ്പെട്ട അർജുനുമായി ഫീനിഷ്യൻ സാമ്രാജ്യത്തെക്കുറിച്ചും ബ്രാഹ്മിക് ലിപിയെക്കുറിച്ചും ഒക്കെ ചർച്ച ചെയ്യുന്നതിനിടയിൽ അർജുൻ മലയാളി ആണെന്നും അറിഞ്ഞു. അർജുനോടും മലയാളത്തോടും ഒരേ സമയത്താണ് പ്രണയം തോന്നിത്തുടങ്ങിയത് അത്രേ.
താൻ പഠിച്ച മറ്റു ഭാഷകൾ സംസാരിക്കുന്നവർ മലയാളികൾ തരുന്നതു പോലുള്ള പ്രോത്സാഹനം തന്നിട്ടില്ലെന്നു എലൈസ പറയുന്നു. അതിൽ സന്തോഷമുണ്ട്. പക്ഷെ മറ്റു പല കാരണങ്ങളും ഇതിനു പുറകിൽ ഉണ്ടായേക്കാം എന്ന് ഈ യുവതി തുറന്നു സമ്മതിക്കുന്നു. ഒരു വെള്ളക്കാരി മലയാളം സംസാരിക്കുന്നതു കേൾക്കാനുള്ള കൗതുകം, ഒരു മലയാളിയുമായുള്ള പ്രണയത്തിന്റെ കഥ അറിയാനുള്ള താല്പര്യം, തന്റേതു പോലെ ഉള്ള ഓൺലൈൻ റിസോസുകൾ മലയാളത്തിൽ വളരെ വിരളം ആണെന്ന വസ്തുത, എന്നിങ്ങനെ പലതും.
ഒന്ന് തൊട്ടു പത്തു വരെയുള്ള സ്കെയിലിൽ സ്പാനിഷിൽ തന്റെ നിലവാരം ഏഴാണെങ്കിൽ മലയാളത്തിൽ നാല് ആയിരിക്കും എന്ന് പറയാൻ എലിക്കുട്ടിക്ക് മടിയില്ല. എലിക്കുട്ടിയോടൊപ്പം മലയാളം പഠിക്കൂ എന്ന് പറയുക അല്ലാതെ താൻ ഒരു മലയാളം അധ്യാപിക ആണെന്ന് ഒരിടത്തും അവകാശപ്പെട്ടിട്ടില്ല. ഈ ഭാഷാപഠന സാഹസിക യാത്രയിൽ എന്നോടൊപ്പം ചേരൂ, നമുക്കൊന്നിച്ചു വഴികൾ കണ്ടുപിടിക്കാം എന്നാണ് പറയുന്നത്.
അറിവുള്ളവരുടെ ഉപദേശങ്ങൾ ചെവിക്കൊണ്ടു സ്വയം മെച്ചപ്പെടുത്താനും കൂടിയാണ് തന്റെ ശ്രമം. എന്നിരുന്നാലും താൻ പഠിപ്പിക്കാൻ വിദ്യാഭ്യാസപരമായി യോഗ്യത ഉള്ള ഭാഷാ അധ്യാപിക ആണ്. രണ്ടാം ഭാഷയായി ഇംഗ്ലീഷ് പഠിപ്പിക്കുന്നതിൽ ബിരുദവും, എജ്യൂക്കേഷണൽ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും, കേംബ്രിഡ്ജിൽ നിന്ന് സർട്ടിഫിക്കറ്റുകളും ഡിപ്ലോമകളും ഉണ്ട്. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിൽ തനിക്കുള്ള കഴിവുകൾ മലയാളത്തിലേക്ക് മാറ്റി ഉപയോഗിക്കുന്നു. മലയാള ഭാഷാ പണ്ഡിതന്മാരിൽ നിന്നും – ഉദാഹരണത്തിന് ഡോ: രവിശങ്കർ നായർ – താൻ അഭ്യസിക്കുന്ന കാര്യങ്ങൾക്കു അംഗീകാരം കൊടുത്തു തന്നെ ആണ് അവ ഷെയർ ചെയ്യുന്നത്.
താൻ ഇതുവരെ പഠിച്ച ഭാഷകളുമായി തുലനം ചെയ്യുമ്പോൾ ഏറ്റവും വലിയ വെല്ലുവിളികൾ മലയാള ഭാഷാ പഠനത്തിൽ തന്നെയാണ്. യുഎഇ സ്‌കൈപ്പ് നിരോധിച്ച ശേഷം ആകെ ഉണ്ടായിരുന്ന ആശയവിനിമയത്തിനുള്ള വഴി കൂടി നഷ്ടപ്പെട്ടപ്പോൾ ആണ് എലിക്കുട്ടി എന്ന ഇന്റർനെറ്റ് സ്വത്വം ഉടലെടുത്തത്. മലയാളം പഠിക്കാനുള്ള തന്റെ അതിയായ ആശയും, ആ ആശ നിറവേറ്റാൻ വേണ്ട സഹായം (അർജുനിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അല്ലാതെ) കിട്ടാത്തതിലുള്ള നിരാശയും, തന്നെപ്പോലെ ഉള്ള മറ്റുള്ളവരെ അറിയാനും ഭാഷാ പഠനത്തിൽ ഉണ്ടാകുന്ന സന്തോഷങ്ങളും സന്താപങ്ങളും പങ്കു വയ്ക്കാനുള്ള ത്വരയും, ഒക്കെകൂടി ചേർന്ന നിസഹായതയിൽ നിന്ന് കര കയറുക അത്യാവശ്യം ആയിരുന്നു.
എന്തൊക്കെ ആണീ സന്തോഷങ്ങളും സന്താപങ്ങളും? തന്റെ ക്‌ളാസ്സുകൾ കൊണ്ട് മലയാളത്തിലുള്ള നിലവാരം മെച്ചപ്പടുത്താൻ കഴിഞ്ഞവരിൽ നിന്നുള്ള കമന്റുകൾ, ഇക്കൂട്ടത്തിൽ ഉള്ള കുട്ടികളുടെ ചിത്രങ്ങൾ. പഠിക്കാൻ സഹായകമായ ചിത്രങ്ങൾ ഉണ്ടാക്കാനുള്ള പ്രയത്നത്തിൽ തന്റെ കലയിലുള്ള കഴിവുകൾ പരമാവധി ഉപയോഗിക്കാൻ പറ്റുന്നത് – ഇവയൊക്കെ ആണ് സന്തോഷങ്ങൾ.
സമൂഹ മാധ്യമങ്ങളിലെ ‘ഞരമ്പർ’ വോയിസ് ചാറ്റ് ചെയ്യാൻ ശ്രമിക്കുന്നതും, ഫോൺ നമ്പർ ചോദിക്കുന്നതും, തന്റെ മൂക്കുത്തി, മുടി, തൂക്കം എന്നിവയെക്കുറിച്ച് അഭിപ്രായങ്ങൾ പറയുന്നതും, ഇംഗ്ലീഷ് ട്യൂഷൻ ആവശ്യപ്പെടുന്നതും, തെറ്റായ കാര്യങ്ങൾ (ഉദാഹരണത്തിന് മലയാളം ദ്രാവിഡ ഭാഷയല്ല, സംസ്‌കൃതത്തിൽ നിന്ന് ഉത്ഭവിച്ചതാണ് എന്ന്) പറഞ്ഞു തന്റെ ശരികൾ തിരുത്തുന്നതും, മലയാള പഠനത്തിന്റെ കൂടെ അധ്യാപികയായ തന്റെ ജോലിയും വീട്ടുകാര്യങ്ങളും നടത്തിക്കൊണ്ടു പോകുന്നതിന്റെ ബുദ്ധിമുട്ടും ഒക്കെ ആണ് വിഷമങ്ങൾ.
എലിക്കുട്ടി എന്ന തന്റെ സ്വത്വത്തിലേക്കു ഒരുപാട് കണ്ണീർ ഒഴുകിയിട്ടുണ്ട്: ‘ന’ യും ‘ണ’ യും തമ്മിലുള്ള വ്യത്യാസം കേൾക്കാൻ പറ്റാത്തപ്പോൾ വരുന്ന കണ്ണീർ; ഇപ്പോഴും പല വാക്കുകളും ശരിയായി ഉച്ചരിക്കാൻ പറ്റാത്തതോർക്കുമ്പോഴുള്ള കണ്ണീർ; ‘to break’ എന്ന ക്രിയയ്ക്ക് ആറു മലയാള പദങ്ങളുള്ളപ്പോൾ ‘to perform’ എന്നതിന് ഒറ്റ വാക്കു പോലും ഇല്ലാത്തതോർക്കുമ്പോൾ ഉള്ള കണ്ണീർ…
ഇംഗ്ലീഷ് സ്വയം പഠിക്കുന്നതോടൊപ്പം പഠിപ്പിക്കുക കൂടി ചെയ്യുന്നവർ ഇന്റർനെറ്റിൽ വന്നു തുടങ്ങിയാൽ എന്തായിരിക്കും പ്രതികരണം? അത് വേണം എന്ന് തന്നെ പറയും. ഏതു കാര്യവും പഠിപ്പിക്കുമ്പോഴാണ് നമുക്ക് തന്നെ വ്യക്തമാവുന്നത്. തെറ്റ് തിരുത്താനുള്ള സന്നദ്ധതയും വിനയവും ആണ് ഏറ്റവും വലുത്. പഠിപ്പിക്കുന്നതോടൊപ്പം പഠിക്കുക കൂടി ആണെന്ന കാര്യത്തിൽ സുതാര്യത വേണം എന്നേയുള്ളൂ.

ഇനിയങ്ങോട്ടോ? പ്രസാധകർ ആരെങ്കിലും ഉണ്ടെങ്കിൽ ഒട്ടും വൈകാതെ മലയാളം പഠിക്കാനാഗ്രഹമുള്ള മറുനാടൻ കേരളവംശജർക്കു വേണ്ടി ഒരു പുസ്തക പരമ്പര ഒരുക്കാനുള്ള പ്രയത്നം തുടങ്ങാൻ എലിക്കുട്ടി തയ്യാർ.
എനിക്ക് എലിക്കുട്ടിയുടെ മലയാള പഠന ശിക്ഷണ രീതികൾ കണ്ടിട്ട് എനിക്ക് ഗുണ്ടർട്ടിന് ശേഷം മലയാളത്തിന് കിട്ടിയ ഏറ്റവും വലിയ വിദേശ സംഭാവന എന്നൊന്നും പറയാൻ തോന്നുന്നില്ല. പക്ഷെ എലിക്കുട്ടിയുടെ സംരംഭത്തിലെ തെറ്റുകളിലും ശരികളിലും മാനുഷികതയുണ്ട്, ഭാഷയോടുള്ള അഭിനിവേശം ഉണ്ട്. വിനയം ഉണ്ട്. സ്വയം കളിയാക്കാനുള്ള സരസതയുണ്ട്. മറ്റുള്ളവർക്ക് ഉപയോഗമുള്ള എന്തെങ്കിലും ചെയ്യാനുള്ള വ്യഗ്രതയുണ്ട്. ഇനിയും പഠിക്കാനുണ്ട് എന്ന ബോധം ഉണ്ട്. ചെയ്യുന്നതിൽ ആത്മാർഥതയും ആസ്വാദനവും ഉണ്ട്. എനിക്കേറ്റവും പ്രിയപ്പെട്ട അധ്യാപകരിൽ ഞാൻ ഇഷ്ടപ്പെട്ടിരുന്നതും ഇതൊക്കെ തന്നെ അല്ലേ? ഈ മരുന്ന് കൊണ്ട് സുഖപ്പെടുന്ന അസൂയയല്ലേ എനിക്കുള്ളൂ?
ഇൻസ്റ്റഗ്രാമിൽ നിന്നും മാറി നിന്ന ഞാൻ എലിക്കുട്ടിയുടെ @eli.kutty എന്ന ഹാൻഡിലിലുള്ള പോസ്റ്റുകൾ ഫോളോ ചെയ്യാൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി. അടുത്ത പടി എന്റെ ഭാര്യയെ എലിക്കുട്ടിയുടെ മലയാളം ക്‌ളാസ്സുകളിൽ കൂടി, എലിക്കുട്ടിയോടൊപ്പം മലയാളം പഠിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ്. രണ്ടു ദശാബ്ദം കൊണ്ട് എനിക്ക് ഒറ്റയ്ക്ക് കഴിയാത്തത് എലിക്കുട്ടിയും അർജുനനും പിന്നെ ഞാനും കൂടി സാധിച്ചേക്കും എന്നൊരു പ്രതീക്ഷ.
മഹേഷ് നായർ എഴുതിയ ലേഖനങ്ങൾ ഇവിടെ വായിക്കാം