scorecardresearch

Latest News

ഗൾഫ് സ്വപ്നങ്ങളിലേക്ക് കപ്പലോട്ടിയ മലയാളി

247 പേരുമായി 1968 നവംബര്‍ 18നു രാത്രി വേലായുധന്റെ ലാഞ്ചി ചേറ്റുവപ്പുഴയിൽനിന്ന് ദുബൈ ലക്ഷ്യമാക്കി രണ്ടാം യാത്ര പുറപ്പെട്ടു. മൂന്നാം ദിവസം നേരം പുലര്‍ന്നപ്പോള്‍ പാകിസ്താന്‍ കടലില്‍ എത്തി. മൂന്നു ദിവസം കൂടി യാത്ര ചെയ്താല്‍ ഖോര്‍ഫഖാന്‍ എന്ന സ്വപ്ന തീരത്തെത്താമെന്ന് ലാഞ്ചി തൊഴിലാളികള്‍ പറഞ്ഞതോടെ യാത്രക്കാരിൽ സന്തോഷം വാനോളമുയർന്നു. എന്നാല്‍ ആ സന്തോഷം അധികനേരം നീണ്ടുനീന്നില്ല

Lanji Velayudhan, expatriation, gulf migration, illegal gulf migration, illegal gulf migration kerala, kerala gulf migration history, malayali gulf expatriation history, Lanji Velayudhan Chettuva, Lanji, Wood Ship, Uru, Pathemari, Thulooma, indian express malayalam, ie malayalam

”ഞങ്ങള്‍ മുന്നൂറു പേരെയും കൊണ്ട് ചേറ്റുവ പുഴയില്‍നിന്ന് ലാഞ്ചി പുറപ്പെട്ടു. നക്ഷത്രങ്ങള്‍ ഉണരാന്‍ മടിച്ചുനിന്ന രാത്രിയില്‍ ദുബൈക്കടുത്ത ഖോര്‍ഫഖാന്‍ ലക്ഷ്യമാക്കിയായിരുന്നു യാത്ര. പുഴയ്ക്കു സമാന്തരമായി വീശിക്കൊണ്ടിരുന്ന തണുത്ത കാറ്റിന് ഞങ്ങളുടെ മനസ്സുകളെ തണുപ്പിക്കാനാവുമായിരുന്നില്ല. വീട്ടുകാരുടെ നിറഞ്ഞ കണ്ണുകളായിരുന്നു മനസ് നിറയെ. തിരിച്ചുവരുമെന്ന ഉറപ്പില്ലാതിരുന്നിട്ടും വലിയ സ്വപ്നങ്ങള്‍ മനസ്സില്‍ നിറച്ചാണ് അവര്‍ ഞങ്ങളെ യാത്രയാക്കിയത്.”

1968 ഫെബ്രുവരിയില്‍ നടത്തിയ ആദ്യ ഗള്‍ഫ് യാത്ര ഓര്‍ത്തെടുത്തപ്പോൾ ചേറ്റുവക്കാരനായ മോഹനന്റെ കണ്ണില്‍ കടല്‍ അലയടിക്കുന്നുണ്ടായിരുന്നു.

കൈനിറയെ പൊന്നും പണവുമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഓരോ കുടുംബവും അക്കാലത്ത് ഗള്‍ഫിൽ ജോലിതേടിപ്പോകുന്നവരെ യാത്രയാക്കിയിരുന്നത്. വീട്ടിലെ അടുപ്പില്‍ എന്നും തീ പുകയുന്ന നാളുകള്‍ മനസ്സില്‍ കണ്ടായിരിക്കും ജോലിതേടിപ്പോകുന്നവര്‍ ചരക്കു ലാഞ്ചികളിലെ (പത്തേമാരി) സാഹസികമായ കടല്‍യാത്രക്കൊരുങ്ങുന്നത്. ദുരിതങ്ങളില്‍നിന്നു മോചനം തേടിയുള്ള യാത്ര. അതിന് അനിശ്ചിതത്വത്തിന്റെ കടല്‍ കടക്കണമായിരുന്നു.

ലാഞ്ചി വേലായുധൻ അവസാന നാളുകളിലെ ഫൊട്ടോ

ചേറ്റുവ വഴി ലാഞ്ചിയാത്ര അക്കാലത്ത് പതിവുള്ളതല്ല. ബോംബെയില്‍ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയപ്പോഴാണ് ചേറ്റുവ വഴി പുതിയ റൂട്ട് കണ്ടെത്താമെന്ന് വേലായുധന്‍ തീരുമാനമെടുത്തത്. ബോംബെയില്‍നിന്നും ഗുജറാത്തില്‍ നിന്നും നിരവധി പേരെ ഗള്‍ഫിലെത്തിച്ചിട്ടുള്ളയാളാണ് യാത്രയുടെ അമരക്കാരനായ വേലായുധന്‍. ചേറ്റുവയിലും കസ്റ്റംസ് പരിശോധനയ്ക്കു സാധ്യതയുണ്ടെന്ന് വേലായുധനു നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു. അതിനാല്‍ നിശ്ചയിച്ച സമയത്തിനു മുമ്പേ ലാഞ്ചി പുറപ്പെട്ടു. അതുകാരണം, സീറ്റ് ബുക്ക് ചെയ്ത ദൂരെ ദിക്കുകളില്‍നിന്നുള്ള പലര്‍ക്കും കയറാന്‍ പറ്റിയില്ല. കയറിപ്പറ്റിയവര്‍ക്കാവട്ടെ ആവശ്യത്തിനു വെള്ളം ശേഖരിക്കാന്‍ കഴിഞ്ഞില്ല.

രണ്ടാം ദിവസം ലാഞ്ചി ഗുജറാത്ത് തീരത്തെത്തി. അപ്പോഴേക്കും എന്‍ജിന് എന്തോ തകരാറ് സംഭവിച്ചിരുന്നു. ലാഞ്ചിയുടെ കപ്പിത്താനായ സ്രാങ്കും ജീവനക്കാരും പലവട്ടം ശ്രമിച്ചിട്ടും എന്‍ജിന്‍ തകരാര്‍ പരിഹരിക്കാനായില്ല. യാത്ര അവിടെ അവസാനിപ്പിക്കണമെന്ന് ഇറാന്‍കാരനായ സ്രാങ്ക് അഭിപ്രായപ്പെട്ടു. എന്‍ജിന്‍ തകരാറിലായ ലാഞ്ചിയുമായി നടുക്കടലില്‍ തങ്ങുന്നത് അപകടകരമാണെന്ന് അയാള്‍ എല്ലാവരെയും ബോധ്യപ്പെടുത്തി.

ലാഞ്ചി ഗുജറാത്ത് തീരത്തടുപ്പിക്കാന്‍ വേലായുധനും സാങ്ക്രും ചേര്‍ന്ന് പദ്ധതി തയാറാക്കി. കയ്യില്‍ കരുതിയിരുന്ന വെള്ളവും ഭക്ഷണവും അതിനകം തീര്‍ന്നുകഴിഞ്ഞിരുന്നു. അതും ആ സ്വപ്ന യാത്ര മുടങ്ങാന്‍ കാരണമായി. പായകെട്ടി ഗുജറാത്ത് തീരത്തടുപ്പിച്ച ലാഞ്ചിയില്‍നിന്നു യാത്രക്കാരെ ബെല്‍സാര്‍ എന്ന സ്ഥലത്തേക്കാണ് കൊണ്ടുപോയത്. അവിടുത്തെ ചേരികളില്‍ താമസിക്കുന്നവര്‍ക്കിടയില്‍ വേലായുധനു വലിയ സ്വാധീനമുണ്ടായിരുന്നു. വാസു എന്ന പേരിലാണ് ബെല്‍സാറില്‍ വേലായുധന്‍ അറിയപ്പെട്ടിരുന്നത്. വാസുവിന്റെ ആള്‍ക്കാരെ കോളനിക്കാര്‍ വലിയ സന്തോഷത്തോടെ സ്വീകരിച്ചു. എല്ലാവര്‍ക്കുമുള്ള ഭക്ഷണവും താമസവും കോളനിയില്‍ സജ്ജമായിരുന്നു.

വാസുവിന്റെ ആള്‍ക്കാരെ ബോംബെയിലേക്കു യാത്രയാക്കാന്‍ പിറ്റേന്നു രാവിലെ കോളനിയില്‍നിന്നു വലിയൊരു ആള്‍ക്കൂട്ടം തന്നെ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ബോംബെയില്‍നിന്നു നിരാശയോടെ ആ യാത്രാസംഘം നാട്ടിലേക്കു തിരിച്ചു.

ഏതാനും മാസങ്ങള്‍ക്കു ശേഷം ചേറ്റുവ പുഴയില്‍നിന്നു വേലായുധനോടൊപ്പം അവര്‍ വീണ്ടും ഖോര്‍ഫഖാന്‍ ലക്ഷ്യമാക്കി യാത്ര ചെയ്തു. രണ്ടാമത്തെ ശ്രമത്തില്‍ അവര്‍ ലക്ഷ്യം കണ്ടു. ലാഞ്ചി കരയിലേക്ക് അടുക്കുമ്പോള്‍ 247 കണ്ഠങ്ങളില്‍നിന്നും ആശ്വാസം പുറത്തേക്കു വന്നു.
പുതിയ പ്രതീക്ഷയുടെ മണല്‍പ്പരപ്പിലേക്ക് അവര്‍ കാലൂന്നി നടന്നു.

വേലായുധന്‍ എന്ന കള്ളക്കടത്തുകാരന്‍

1940കളുടെ അവസാനത്തോടെയാണ് മലയാളികള്‍ അപൂര്‍വമായെങ്കിലും ഗള്‍ഫിലേക്ക് തൊഴില്‍തേടി കുടിയേറാന്‍ തുടങ്ങിയത്. ജനിച്ച മണ്ണിലെ കൊടും ദാരിദ്ര്യത്തില്‍നിന്നും ഭൂവുടമകളുടെ ചൂഷണങ്ങളില്‍നിന്നും മോചനം തേടിയുള്ള ദേശാടനങ്ങളായിരുന്നു അന്നത്തെ യാത്രകള്‍. ചില പരീക്ഷണങ്ങള്‍ വിജയിച്ചു. വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയുള്ള യാത്രകളായിരുന്നില്ലെങ്കിലും അവ ജന്മനാടിനും പിന്മുറക്കാര്‍ക്കും അനുഗ്രഹമായി മാറി.

1940കളുടെ അവസാനത്തിലാണ് ലാഞ്ചി യാത്രയെന്ന പേരില്‍ അറിയപ്പെട്ട ഗള്‍ഫ് കുടിയേറ്റ സാഹസത്തിനു തുടക്കം കുറിക്കുന്നത്. 1950കളിലും 60കളിലും നടന്ന ഈ സാഹസികത വിമാനയാത്ര യാഥാര്‍ത്ഥ്യമാകുന്നതു വരെ തുടര്‍ന്നുകൊണ്ടേയിരുന്നു.

കസ്റ്റംസിന്റെയും പൊലീസിന്റെയും രേഖകളില്‍ ചെറുകിട കള്ളക്കടത്തുകാരനാണു വേലായുധനെങ്കിലും മലയാളിയുടെ ഗള്‍ഫ് സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച മഹാപുരുഷനായിരുന്നു ലാഞ്ചി വേലായുധന്‍. 1950നും 1975നും ഇടയിലായി നൂറു കണക്കിനാളുകളെ വേലായുധന്‍ ഖോര്‍ഫഖാന്റെയും ഒമാന്റെയും തീരങ്ങളിലെത്തിച്ചു. അക്കാലത്ത് ഗള്‍ഫിലേക്ക് തൊഴില്‍കുടിയേറ്റം നടത്തിയ മലയാളികളില്‍ മിക്കവരും വേലായുധന്റെ സഹായത്തോടെയാണ് മരുഭൂമിയുടെ തീരങ്ങളിലെത്തിയത്.

Lanji Velayudhan, expatriation, gulf migration, illegal gulf migration, illegal gulf migration kerala, kerala gulf migration history, malayali gulf expatriation history, Lanji Velayudhan Chettuva, Lanji, Wood Ship, Uru, Pathemari, Thulooma, indian express malayalam, ie malayalam
ലാഞ്ചി വേലായുധന്റെ ചേറ്റുവയിലെ വീട്. 2014ൽ എടുത്ത ഫൊട്ടോ.

ചേറ്റുവ പുഴയില്‍നിന്നുള്ള യാത്രകള്‍ക്കു മുന്‍പ് ബോംബെ, ഗോവ, ഗുജറാത്ത്, മംഗലാപുരം തുടങ്ങിയ തുറമുഖ തീരങ്ങളില്‍നിന്നും നൂറു കണക്കിന് അനധികൃത തൊഴില്‍ കുടിയേറ്റക്കാരെയും കൊണ്ട് വേലായുധന്‍ ഗള്‍ഫിലേക്ക് ചരക്കുകപ്പലോടിച്ചിട്ടുണ്ട്. 1952ല്‍ തുടങ്ങിയ പണി അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ പോകുന്നത് വരെ വേലായുധന്‍ തുടര്‍ന്നു.

ചേറ്റുവയില്‍നിന്നു ഖോര്‍ഫഖാനിലേക്ക്

1968 നവംബറിലായിരുന്നു ചേറ്റുവപ്പുഴയില്‍നിന്നുള്ള വേലായുധന്റെ രണ്ടാം പരീക്ഷണം. വലിയ തയാറെടുപ്പുകളോടെയാണ് വേലായുധനും സംഘവും രണ്ടാംവട്ടം ചേറ്റുവയിലെത്തിയത്. ലാഞ്ചി പുഴയിലെത്തിയ വാര്‍ത്ത പെട്ടെന്നുതന്നെ നാട്ടിലാകെ പരന്നു. ലാഞ്ചി കാണാനായി നൂറു കണക്കിനാളുകള്‍ പുഴയുടെ ഇരുകരകളിലും തടിച്ചുകൂടി. കഴിഞ്ഞ തവണ കൊണ്ടുവന്നതിനേക്കാള്‍ കുറച്ചുകൂടി വലിപ്പമുള്ള മരക്കപ്പലായിരുന്നു അത്. ചേറ്റുവ പുഴയില്‍ അതിന് മുന്‍പ് അത്തരമൊരു പത്തേമാരി എത്തിയിട്ടുണ്ടായിരുന്നില്ല. രണ്ടു ദിവസം ചേറ്റുവയിലെ വീട്ടില്‍ താമസിച്ചതിന് ശേഷം വേലായുധന്‍ ദുബൈയിലേക്കു തിരിക്കുമെന്ന സംസാരം നാട്ടില്‍ പരന്നതോടെ പല ദിക്കുകളില്‍നിന്നും അയാളെ അന്വേഷിച്ച് ആളുകളെത്തി. കടല്‍ കടക്കാനായി ദൂരദേശങ്ങളില്‍നിന്നു വന്ന യുവാക്കള്‍ പുഴക്കരയിലും തെങ്ങിന്‍തോട്ടങ്ങളിലും ഭാണ്ഡക്കെട്ടുകളുമായി കഴിച്ചുകൂട്ടി.

നവംബര്‍ 18നു രാത്രി പുഴയില്‍നിന്നു ലാഞ്ചി പുറപ്പെട്ടു. അതൊരു നിലാവുള്ള രാത്രിയായിരുന്നു. പുഴയുടെ ഇരുകരകളിലുമായി ലാഞ്ചി പുറപ്പെടുന്നത് കാണാനായി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേരെത്തിയിരുന്നു.

247 പേരാണ് യാത്രക്കാരായി ലാഞ്ചിയിലുണ്ടായിരുന്നത്. വേലായുധന്റെ ബാല്യകാല സുഹൃത്തും ഓട്ടോ മെക്കാനിക്കുമായിരുന്ന ഗോപിനാഥനും ആ യാത്രയിലുണ്ടായിരുന്നു. ലാഞ്ചി പുറപ്പെടുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പാണ് ഒട്ടും പ്രതീക്ഷിക്കാതെ അയാള്‍ ദുബൈയിലേക്കുള്ള കുടിയേറ്റക്കാരനായി മാറിയത്. നാട്ടുകാര്‍ ഗോപി എന്നു ചുരുക്കിവിളിച്ചിരുന്ന ഗോപിനാഥന്‍ മൂന്നാല് ദിവസം നാട്ടിലുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വേലായുധനും ലാഞ്ചിയും പുഴയിലെത്തിയ വിവരം അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ലാഞ്ചി പുറപ്പെട്ട ദിവസം വൈകീട്ടാണ് ഗോപി ചേറ്റുവയിലെത്തുന്നത്. നാട്ടുകാരില്‍നിന്നു വിവരമറിഞ്ഞ് കപ്പല്‍ കാണാനെത്തിയപ്പോഴാണ് ദുബൈയിലേക്ക് ആളെകൊണ്ടുപോകുന്നത് ഗോപിനാഥന്‍ അറിഞ്ഞത്.

Lanji Velayudhan, expatriation, gulf migration, illegal gulf migration, illegal gulf migration kerala, kerala gulf migration history, malayali gulf expatriation history, Lanji Velayudhan Chettuva, Lanji, Wood Ship, Uru, Pathemari, Thulooma, indian express malayalam, ie malayalam
വേലായുധന്റെ ലാഞ്ചിയിൽ പോയി പ്രവാസികളായി മാറിയ മോഹനനും ഗോപിനാഥനും

”വീട്ടില്‍ പോകാനും ബന്ധുക്കളോട് യാത്ര പറയാനുമൊന്നും സമയം കിട്ടിയില്ല. വേലായുധനെ പോയിക്കണ്ടു. കപ്പലില്‍ കയറിക്കോളാന്‍ അദ്ദേഹം പറഞ്ഞു. 500 രൂപയായിരുന്നു ഒരാളുടെ യാത്രാക്കൂലി. നേരത്തെ അറിയുന്നവരായിരുന്നതിനാല്‍ ഒരു രൂപ പോലും എന്നോട് വാങ്ങിയില്ല. പണം വാങ്ങാതെ മറ്റു പലരെയും വേലായുധന്‍ കടല്‍ കടത്തിയിട്ടുണ്ട്,” കളിക്കൂട്ടുകാരന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുമ്പോള്‍ ഗോപിയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

കസ്റ്റംസുകാരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ലാഞ്ചിയുടെ അടിത്തട്ടിലാണ് ഗള്‍ഫ് യാത്രക്കാരെ കുത്തിനിറച്ചത്. കഷ്ടിച്ച് ഇരിക്കാനുള്ള ഇടം മാത്രം. കിടക്കാനുള്ള സൗകര്യം അതിനകത്തുണ്ടായിരുന്നില്ല. മുകളിലത്തെ ഡക്കില്‍ ഉള്ളിയും ഉരുളക്കിഴങ്ങും മറ്റു ചരക്കുകളും നിരത്തി. കണ്ടാല്‍ ചരക്കുമായി പോകുന്ന ലാഞ്ചിയാണെന്നേ തോന്നൂ.

അടിത്തട്ടില്‍ ചുരുണ്ടുകൂടി ഇരിക്കുന്നവര്‍ പുറംലോകത്തെ ഒരു വിവരവും അറിയുന്നില്ല. കടലിന്റെ ഇരമ്പല്‍ മാത്രം കേള്‍ക്കാം. വലിയൊരു പ്രതീക്ഷയിലേക്കുള്ള യാത്രയായതിനാല്‍ അതൊന്നും ആരെയും അലോസരപ്പെടുത്തിയില്ല. വീട്ടിലെ കഷ്ടപ്പാടുകള്‍ മാഞ്ഞ് ചിരിക്കുന്ന അച്ഛനമ്മമാരുടെയും സഹേദരങ്ങളുടെയും മുഖങ്ങള്‍ അവര്‍ മനക്കണ്ണിലൂടെ കണ്ടുകൊണ്ടിരുന്നു. വീട്ടിലുള്ളവര്‍ മൂന്നു നേരം വയര്‍ നിറച്ചുണ്ണുന്നത് നിറമുള്ള ചിത്രങ്ങളായി ആ ഇരുട്ടില്‍ അവര്‍ക്ക് മുന്നില്‍ തെളിഞ്ഞു. കപ്പല്‍ ആര്‍ത്തലച്ചുയര്‍ന്ന തിരമാലകളെ പിളര്‍ത്തി ആടിയും ഉലഞ്ഞും സഞ്ചരിച്ചുകൊണ്ടേയിരുന്നു. ചിലര്‍ ഛര്‍ദിച്ചു. കടല്‍ക്കാറ്റേറ്റാല്‍ അതൊക്കെ പതിവാണ്.

ഗതിമാറിയ ലാഞ്ചിയും തുലൂമയും

മൂന്നാം ദിവസം നേരം പൂലര്‍ന്നപ്പോള്‍ ലാഞ്ചി പാകിസ്താന്‍ കടലില്‍ എത്തി. ആത്രയും ദൂരം താണ്ടിയ സന്തോഷത്തിലായിരുന്നു കപ്പലിലുള്ളവര്‍. മൂന്നു ദിവസം കൂടി യാത്ര ചെയ്താല്‍ ഖോര്‍ഫഖാന്‍ എന്ന സ്വപ്ന തീരത്തെത്താമെന്ന് കപ്പല്‍ തൊഴിലാളികള്‍ പറഞ്ഞു. അതോടെ പ്രതീക്ഷയും സന്തോഷവും വാനോളമുയര്‍ന്നു. എന്നാല്‍ ആ സന്തോഷം അധികനേരം നീണ്ടുനീന്നില്ല. എന്‍ജിന്‍ തകരാറിലായിട്ടുണ്ടെന്ന് പെട്ടെന്നാണ് കപ്പിത്താന്‍ വിളിച്ചുകൂവിയത്. യാത്രക്കാരുടെ മുഖങ്ങളിലെ സന്തോഷവും ചിരയുമെല്ലാം പെട്ടെന്ന് മാഞ്ഞു. പുറം കടലില്‍വച്ച് കപ്പലുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ഉടന്‍ പായകെട്ടി കര പിടിക്കുകയാണു പതിവ്. വേലായുധനും കപ്പിത്താനും നിര്‍ദേശിച്ചതനുസരിച്ച് ജോലിക്കാര്‍ പായ കെട്ടി ഉയര്‍ത്തിയെങ്കിലും കാറ്റില്ലാത്തതിനാല്‍ ആ ശ്രമം വിഫലമായി. ചെറുകാറ്റുപോലും മാറി നിന്ന നടുക്കടലില്‍ ആ സമയത്ത് തിരമാലകളും ഉയര്‍ന്നില്ല.

അറ്റമില്ലാത്ത കടലില്‍ ആടിയും ഉലഞ്ഞും ഗതിയറിയാതെ ലാഞ്ചി പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. ദിശ തെറ്റിയുള്ള ഒഴുക്ക്. കപ്പിത്താന്‍ നിസ്സഹായനായി. അയാള്‍ക്ക് ആ നടുക്കടലില്‍ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളില്‍ ലക്ഷ്യമില്ലാതെ ഓളങ്ങള്‍ക്കൊപ്പം ലാഞ്ചി ഒഴുകി നീങ്ങി. കപ്പലിലുള്ളവര്‍ ഓരോരുത്തരും അവരവരുടെ ദൈവങ്ങളെ വിളിച്ച് പ്രാര്‍ത്ഥിച്ചു. മണിക്കൂറുകളും ദിവസങ്ങളും കടന്നുപോയി, കരുതിവെച്ചിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നു.

അലച്ചില്‍ കാരണം ലാഞ്ചിയുടെ അടിത്തട്ടില്‍ വിള്ളല്‍ വീണു. അതിലൂടെ താഴത്തെ ഡക്കില്‍ വെള്ളം കയറി. യാത്രക്കാര്‍ പത്തുപേര്‍ വീതമുള്ള സംഘങ്ങളായി തിരിഞ്ഞ് വെള്ളം കോരിക്കളഞ്ഞുകൊണ്ടിരുന്നു. അതൊരു സാഹസപ്പെട്ട ജോലിയായിരുന്നു. ജീവിതത്തിനും മരണത്തിനുമിടയില്‍ ഇനി അധികം സമയമില്ലെന്ന് ബോധ്യപ്പെട്ട നിമിഷങ്ങള്‍. വെള്ളം കോരിക്കളയുന്ന ജോലി എല്ലാവരെയും വല്ലാതെ തളര്‍ത്തിയിരുന്നു. വിശപ്പ് അസഹ്യമായി. ദുബൈയില്‍ ഇറക്കാനുള്ള ഉള്ളിയും ഉരുളക്കിഴങ്ങും കഴിച്ചാണ് പിന്നീടുള്ള ദിവസങ്ങള്‍ തള്ളിനീക്കിയത്.

അതിനിടെ ലാഞ്ചി ആഫ്രിക്കന്‍ മേഖലയിലേക്ക് കടന്നിരുന്നു. തിമിംഗലമുള്‍പ്പെടെയുള്ള വമ്പന്‍ മത്സ്യങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്നത് അവര്‍ നേരില്‍ കണ്ടു. എല്ലാവരിലും ഭയം ഇരട്ടിച്ചു. ജീവിതം ആ നടുക്കടലില്‍ തീരുമെന്ന് എല്ലാവരും മനസിലുറപ്പിച്ചു. അത്രയും ദിവസങ്ങള്‍ കടല്‍ വളരെ ശാന്തമായിരുന്നു. കാറ്റ് പൂര്‍ണമായും നിലച്ചിരുന്നു. തിരമാലകള്‍ക്കു പകരം ചെറിയ ഓളങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. കടല്‍ പൊതുവെ അങ്ങനെ ശാന്തമായി അനുഭവപ്പെടാറില്ലെന്ന് ലാഞ്ചിയിലെ ജോലിക്കാര്‍ പറഞ്ഞു. പക്ഷെ കരയണയാന്‍ ഒരു മാര്‍ഗവും അവര്‍ക്ക് മുന്നില്‍ തെളിഞ്ഞില്ല. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്ന് തിരിച്ചറിഞ്ഞ ഭീതി കനത്തുനിന്ന ദിവസങ്ങള്‍. പരസ്പരം ആശ്വസിപ്പിച്ചും കരഞ്ഞും പ്രാര്‍ത്ഥിച്ചും കഴിയുന്നവരെയും കൊണ്ട് ആ ലാഞ്ചി പിന്നെയും കുറേദൂരം ഒഴുകിനീങ്ങി.

Lanji Velayudhan, expatriation, gulf migration, illegal gulf migration, illegal gulf migration kerala, kerala gulf migration history, malayali gulf expatriation history, Lanji Velayudhan Chettuva, Lanji, Wood Ship, Uru, Pathemari, Thulooma, indian express malayalam, ie malayalam

പെട്ടെന്നാണ്, കുറച്ചകലെയായി ഒരു കപ്പല്‍ കടന്നുപോകുന്നത് ചിലരുടെ ശ്രദ്ധയില്‍പ്പെട്ടത്. അതോടെ കപ്പലിലുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി ലാഞ്ചിയിലുള്ളവരുടെ ശ്രമം. കൈവീശിയിട്ടും കൊടിയുയര്‍ത്തിയിട്ടും കപ്പലിലുള്ളവര്‍ അവരെ കണ്ടില്ല. ഒടുവില്‍ ലാഞ്ചിയില്‍ വെള്ളം നിറച്ചുവയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ബാരലുകള്‍ കൂട്ടിക്കെട്ടി ചങ്ങാടമാക്കി കൂട്ടത്തിലെ ചിലര്‍ കപ്പലിനടുത്തേക്കു തുഴഞ്ഞു ചെന്നു. ജീവന്‍ പണയംവെച്ചുള്ള സാഹസമായിരുന്നു അത്. ബാരലില്‍ തുഴഞ്ഞുവരുന്നവരെ ശ്രദ്ധിച്ച കപ്പലിലെ ജീവനക്കാര്‍ അവരുടെ രക്ഷകരായി. തുലൂമ എന്നായിരുന്നു ആ ജപ്പാന്‍ കപ്പലിന്റെ പേര്.

കപ്പല്‍ ജോലിക്കാര്‍ ഏറെ മനസ്സലിവുള്ളവരായിരുന്നു. വിശന്നും തളര്‍ന്നും അവശരായ ലാഞ്ചി യാത്രക്കാരുടെ മുഖങ്ങള്‍ കണ്ടിട്ടാവണം കപ്പലില്‍ നിന്നു ചപ്പാത്തി, ബ്രഡ്, പാല്‍, മുട്ട, സിഗരറ്റ് തുടങ്ങിയവ കയര്‍കെട്ടി താഴേക്ക് ഇറക്കി നല്‍കി. പിന്നീട് തുലൂമയുടെ കപ്പിത്താന്‍ തന്നെ ഇറങ്ങിവന്നു. അയാള്‍ ലാഞ്ചിയുടെ എന്‍ജിന്‍ പരിശോധിച്ചു. ആ എന്‍ജിന്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് അയാള്‍ വിധി പറഞ്ഞു. വേലായുധന്‍ കപ്പിത്താനുമായി കുറെനേരം സംസാരിച്ചു. ലാഞ്ചിയിലുള്ളവരെ രക്ഷിക്കാമെന്ന് ജപ്പാന്‍കാരനായ അയാള്‍ വേലായുധന് ഉറപ്പുനല്‍കി. ലാഞ്ചി കെട്ടിവലിച്ച് ഖോര്‍ഫഖാന്‍ തീരത്തെത്തിക്കാന്‍ തുലൂമയിലെ ജീവനക്കാര്‍ പദ്ധതി തയാറാക്കി. വലിയ വടമുപയോഗിച്ച് അവര്‍ ലാഞ്ചി കപ്പലിന് പിന്നിലായി ബന്ധിപ്പിച്ചു. അങ്ങനെ ചേറ്റുവയില്‍ നിന്നും പുറപ്പെട്ട് പത്തൊമ്പതാം നാള്‍ വേലായുധനും സംഘവും ഖോര്‍ഫഖാന്‍ തീരത്തെത്തി.

കടല്‍ത്തീരത്തുനിന്ന് അധികം ദൂരെയല്ലാതെ ഉയര്‍ന്നുനില്‍ക്കുന്ന മണല്‍ക്കൂനകള്‍ ചൂണ്ടിക്കാട്ടി വേലായുധന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ” അതാണ് ദുബൈ, മണല്‍ക്കൂനകള്‍ക്കപ്പുറത്ത് ഹോട്ടലുണ്ട്. അവിടെ നിങ്ങള്‍ക്ക് ഭക്ഷണം ലഭിക്കും.”

Lanji Velayudhan, expatriation, gulf migration, illegal gulf migration, illegal gulf migration kerala, kerala gulf migration history, malayali gulf expatriation history, Lanji Velayudhan Chettuva, Lanji, Wood Ship, Uru, Pathemari, Thulooma, indian express malayalam, ie malayalam

പ്രതീക്ഷയോടെ കപ്പലില്‍നിന്ന് എടുത്തുചാടി മണല്‍ക്കുന്നുകള്‍ മറികടന്ന കപ്പല്‍ യാത്രക്കാര്‍ കണ്ടത് അറ്റമില്ലാതെ കിടക്കുന്ന മണല്‍ക്കാടാണ്. ഡിസംബര്‍ മരുഭൂമിയില്‍ തണുപ്പിനു കനം കൂടുന്ന കാലമാണ്. ഫെബ്രുവരി അവസാനം വരെ നല്ല തണുപ്പായിരിക്കും. എല്ലു തുളച്ചുകയറുന്ന തണുപ്പിനെ അവഗണിച്ച് വേലായുധന്‍ പറഞ്ഞ ഹോട്ടല്‍ ലക്ഷ്യമാക്കി എല്ലാവരും നടന്നു. കുറെ നടന്നപ്പോള്‍ ഒരു കെട്ടിടം കണ്ടു. വലിയ കൊടി നാട്ടിയ ചെറിയ കെട്ടിടം. ഖോര്‍ഫഖാന്‍ പൊലീസ് സ്റ്റേഷനായിരുന്നു അത്.

വലിയൊരു സംഘത്തെ കണ്ട പൊലീസുകാര്‍ തോക്കുള്‍പ്പെടെ ആയുധങ്ങളുമായി മുന്നിലെത്തി. പൊലീസുകാര്‍ അറബിയില്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. പലര്‍ക്കും മറുപടിയൊന്നുമുണ്ടായിരുന്നില്ല. ചിലരാവട്ടെ മലയാളത്തില്‍ പറഞ്ഞത് പൊലീസുകാര്‍ക്കു മനസിലാക്കാനുമായില്ല. ഒടുവില്‍ എല്ലാവരെയും അറസ്റ്റ് ചെയ്ത് ഖോര്‍ഫഖാന്‍ അതിര്‍ത്തിക്കപ്പുറം ഫുജൈറയില്‍ കൊണ്ടുപോയി തുറന്നുവിട്ടു. ഒരു മരുഭൂമിയില്‍നിന്നു മറ്റൊന്നിലേക്കു വലിച്ചെറിയപ്പെട്ട പോലെ. ലക്ഷ്യമില്ലാതെ പലരും പല വഴിക്ക് നടന്നു. ചിലര്‍ ഫുജൈറയുടെ ഉള്‍ഭാഗങ്ങളിലേക്കെത്തി. ചിലര്‍ വീണ്ടും ഖോര്‍ഫഖാനില്‍ തന്നെയെത്തി. അന്ന് ആ മരുഭൂമിയില്‍ ഭക്ഷണം തേടി അലഞ്ഞ പലരും പിന്നീട് കോടീശ്വരന്മാരും ശതകോടീശ്വരന്മാരുമായി വളര്‍ന്നു.

പ്രതീക്ഷ നഷ്ടപ്പെട്ട കടലില്‍ രക്ഷക്കെത്തിയ കപ്പലിന്റെ പേര് ആരും മറന്നില്ല. ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലെത്തിയപ്പോള്‍ ഗോപിനാഥന്‍ ലോറി വാങ്ങി. അതിന് അയാള്‍ തുലൂമ എന്നു പേരിട്ടു. രണ്ടാം ജന്മം നല്‍കിയ കപ്പലിന്റെ ഓര്‍മയില്‍ ആ ലോറി വര്‍ഷങ്ങളോളം സര്‍വിസ് നടത്തി.

കടലോര്‍മകളിലെ വേലായുധന്‍

കസ്റ്റംസുകാരും പൊലീസും പറയുന്നത് പോലെ വേലായുധനെ വെറുമൊരു കള്ളക്കടത്തുകാരനായി കാണാന്‍ ചേറ്റുവക്കാര്‍ക്കും വേലായുധന്റെ കുടുംബത്തിനും അന്നും ഇന്നും സാധിക്കുന്നില്ല. വേലായുധനെ കള്ളക്കടത്തുകാരനാക്കിയത് ഇന്ത്യന്‍ വ്യവസ്ഥകളിലെ പഴുതുകളും പാളിച്ചകളുമാണെന്ന് വേലായുധന്റെ മകന്‍ ഭരതന്‍ പറയുന്നു.

”ഇന്ത്യയില്‍നിന്ന് ഉള്ളിയും പച്ചക്കറികളും മറ്റു ഭക്ഷ്യവസ്തുക്കളും ലാഞ്ചിയില്‍ ഗള്‍ഫ് തീരങ്ങളിലേക്ക് കൊണ്ടുപോകുന്ന കൂട്ടത്തില്‍ ഗള്‍ഫ് ജോലി ആഗ്രഹിച്ചിരുന്ന നിരവധി പേരെയും അദ്ദേഹം കടല്‍ കടത്തിയിട്ടുണ്ട്. അതൊന്നും പണം മോഹിച്ച് മാത്രമായിരുന്നില്ല. പണം വാങ്ങിക്കാതെയും നിരവധി പേരെ അച്ഛന്‍ കൊണ്ടുപോയിട്ടുണ്ട്,” ഭരതന്‍ ഓര്‍ത്തെടുത്തു.

ഏങ്ങണ്ടിയൂര്‍, ചേറ്റുവ, ചാവക്കാട്, മലപ്പുറം, കോഴിക്കോട് പ്രദേശങ്ങളിലെ കഴിഞ്ഞ തലമുറയിലെ ബഹുഭൂരിപക്ഷം ഗള്‍ഫുകാരും വേലായുധനിലൂടെ ഗള്‍ഫ് തീരത്തെത്തിയവരാണ്.

ഔദ്യോഗിക രേഖകളില്‍ കള്ളക്കടത്തുകാരനായതിനാല്‍ ഗള്‍ഫിലേക്കുള്ള മനുഷ്യക്കടത്ത് നിര്‍ത്തിയിട്ടും വേലായുധനും കുടുംബവും വര്‍ഷങ്ങളോളം മനസ്സമാധാനമില്ലാതെയാണ് നാട്ടില്‍ കഴിഞ്ഞിരുന്നത്. ബോട്ടുകള്‍ മീന്‍ പിടിച്ചുവന്നാലും കസ്റ്റംസും പൊലീസും പരിശോധനക്കെത്തുന്നത് പതിവ് പരിപാടിയായി മാറി. ഉദ്യോഗസ്ഥരുടെ ക്രൂരവിനോദങ്ങള്‍ കുടുംബത്തിന്റെയും വേലായുധന്റെയും സ്വൈരജീവിതം തകര്‍ത്തതോടെ നാടുവിടണമെന്ന ചിന്ത അയാളിലുയര്‍ന്നു. 1995ല്‍ വേലായുധനും പ്രവാസം സ്വീകരിച്ചു. ഖോര്‍ഫഖാനിലെ മണ്‍കൂനകള്‍ ചൂണ്ടിക്കാട്ടി ആത്മവിശ്വാസത്തോടെ അതാണ് ദുബൈ എന്നു വിളിച്ചു പറഞ്ഞിരുന്ന വേലായുധന്‍ വിധിയുടെ ചിറകിലേറി അതേ നഗരത്തിലേക്കു കുടിയേറി.

എന്നാല്‍, വേലായുധനെ ഗള്‍ഫ് ജീവിതം ഒരു തരത്തിലും തുണച്ചില്ല. അയാള്‍ ആ മഹാനഗരത്തില്‍ വിവിധ ജോലികളിലും വ്യാപാരങ്ങളിലും ഏര്‍പ്പെട്ടെങ്കിലും ഒന്നിലും വിജയം കണ്ടില്ല. അയാളിലൂടെ ആ മഹാനഗരത്തിലെത്തിയ ആരുടെയെങ്കിലും സഹായം അയാള്‍ക്കു ലഭിച്ചതുമില്ല. ഏഴു വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് 2002ല്‍ ലാഞ്ചി വേലായുധന്‍ നാട്ടിലേക്കു മടങ്ങി. അപ്പോഴേക്കും ശാരീരികമായും മാനസികമായും അയാള്‍ ഏറെ തളര്‍ന്നിരുന്നു. സംഭവബഹുലമായ ജീവിതം ചരിത്രത്തിന് വിട്ടുനൽകി അധികം താമസിയാതെ വേലായുധന്‍ മരണത്തിന് കീഴടങ്ങി. ചേറ്റുവയിലെ പഴയ വീട്ടില്‍ വേലായുധന്റെ കുടുംബം ഇപ്പോഴും ജീവിക്കുന്നു, പ്രതീക്ഷകളോടെ കപ്പലേറിയ കുറെ മനുഷ്യരുടെ കടലോര്‍മകളില്‍…

Also Read: ബിസ്മില്ല ഹോട്ടല്‍: മലയാളി എഴുതിയ ദോഹയുടെ മേല്‍വിലാസം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Launchi velayudhan helped hundreds of malayali migrants reach gulf through sea route