ആശയങ്ങൾകൊണ്ട് എപ്പോഴും വ്യത്യസ്‌തയാകുന്നയാളാണ് ലക്ഷ്‌മി മേനോൻ എന്ന പരിസ്ഥിതി സ്‌നേഹിയും സംരംഭകയും. ഉപയോഗിച്ച് വലിച്ചെറിയുന്ന പല നിസാര സാധനങ്ങൾ പോലും നാളെ ഭൂമിക്ക് വലിയൊരു ബാധ്യതയാകുമെന്ന തിരിച്ചറിവാണ് ലക്ഷ്‌മിയെ വേറിട്ട ആശയങ്ങളിലേക്കും വഴികളിലേക്കും നയിച്ചത്. പ്ലാസ്‌റ്റിക് പേനകൾക്ക് പകരം പേപ്പർ പേനകൾ നിർമിച്ചതും അതിനുള്ളിൽ മരത്തിന്റെ വിത്ത് വച്ചതും ഇത്തരം ആശയങ്ങളിൽ നിന്നാണ്. എന്നാൽ പേപ്പർ പേനകൾക്കും പ്ലാസ്‌റ്റിക് പേനകൾക്കും പകരം വീണ്ടും റീഫിൽ ചെയ്‌ത് ഉപയോഗിക്കാവുന്ന മഷി പേനകൾ വ്യാപകമാക്കാനുളള പെൻഡ്രൈവ് എന്ന കാംപെയ്‌നാണ് ലക്ഷ്‌മിയെ ശ്രദ്ധേയയാക്കുന്നത്.
വിത്ത് ലൗ
നിത്യേന നാം ഉപയോഗിക്കുന്ന ഒന്നാണ് പേന. എന്നാൽ ഇത് പ്ലാസ്‌റ്റിക് നിർമിതമാണെന്നു പോലും നമ്മൾ ഓർക്കാറില്ല. ഒരു തവണ മഷി കഴിഞ്ഞാൽ വലിച്ചെറിയുന്ന ഇവ ഭൂമിക്ക് നൽകുന്ന ഭാരം ചില്ലറയല്ല. മാത്രമല്ല, പേനയിൽ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് റീസൈക്കിൾ ചെയ്യാനും കഴിയില്ല. 2000 കുട്ടികൾ പഠിക്കുന്ന പാലക്കാടുളള ഒരു സ്കൂളിൽ നിന്നു മാത്രം മൂന്ന് മാസത്തിനിടയ്‌ക്ക് അധ്യാപകർ ശേഖരിച്ചത് 9325 പേനയാണ്. ഇത്രയധികം പ്ലാസ്‌റ്റിക് ഒന്നും ചെയ്യാനും കഴിയില്ല. അങ്ങനെ ചിന്തിച്ചപ്പോഴാണ് പേപ്പർ പേനയെക്കുറിച്ചുളള ആശയം കിട്ടിയത്.
പ്ലാസ്‌റ്റിക്കിന് പകരം പേപ്പർ കൊണ്ടാണ് പേനയുണ്ടാക്കുന്നത്. എറണാകുളം കാഞ്ഞിരമറ്റത്തുളള എന്റെ വീട്ടിലിരുന്നാണ് പേന നിർമാണം. അമ്മയും അമ്മൂമ്മയും വീടിന് അടുത്തുള്ള കുറച്ച് സ്ത്രീകളും ചേർന്നാണ് പേന നിർമിക്കുന്നത്. അരയ്‌ക്ക് കീഴോട്ട് തളർന്നു കിടക്കുന്നവർ വരെയുണ്ട് ഈ ഉദ്യമത്തിൽ. അവർക്ക് ചെറിയ വരുമാനവുമാകും, വെറുതെയിരുന്ന് മുഷിയുകയും വേണ്ട.
പേന നിർമിക്കാൻ ഉപയോഗിക്കുന്ന കടലാസിനായി മുറിക്കുന്ന മരങ്ങൾക്ക് പകരം മരം വയ്‌ക്കണം എന്ന തോന്നലിലാണ് പേനകളുടെ ഒരറ്റത്ത് അഗസ്‌ത്യ മരത്തിന്റെ വിത്ത് വച്ചത്. അഗസ്‌ത്യ മരം ആയുർവേദ ഗുണങ്ങളുളള ഒന്നാണ്. ഇതിന്റെ പൂവും ഇലയും തൈറോയിഡിന് മരുന്നാണ്. പേപ്പർ പേന വലിച്ചെറിഞ്ഞാലും അതിൽ നിന്ന് ഒരു മരം ജനിക്കും. അത് നാളെ ഭൂമിക്ക് തണലാകും. വിത്ത് ലൗ എന്നാണ് ഇതിന്റെ പേര്. പേനയിൽ അക്ഷരമാലയും അച്ചടിക്കുന്നു. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികളും പുതിയതായി പേനയിൽ അച്ചടിക്കുന്നുണ്ട്. പേന തന്നെ ഒരു സന്ദേശം നൽകുകയും അതിൽ നിന്നു പഠിക്കുകയും ചെയ്യാം. പ്യുവർ ലിവിങ് എന്ന സംരംഭത്തിന്റെ കീഴിലാണ് ഇത് ചെയ്യുന്നത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെല്ലാം സ്‌ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്.
ഇമ്മിണി ബല്യ ‘പേന’
എന്തും ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയുന്ന സ്വഭാവമാണ് മലയാളിയുടേത്. ആ സംസ്‌കാരം മാറ്റാനാണ് മഷി പേന പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. പ്ലാസ്‌റ്റിക് ആയാലും പേപ്പർ പേന ആയാലും ഉപയോഗ ശേഷം വലിച്ചെറിയുകയാണ്. പ്ലാസ്‌റ്റിക് പേന മാത്രമല്ല, പേപ്പർ പേനയുടെയും ഉപയോഗം കുറയണം. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന മഷി പേന തിരിച്ചുകൊണ്ടുവരണം. അതിനായാണ് പെൻഡ്രൈവ് എന്ന ക്യാംപെയ്ൻ നടത്തുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള സ്‌കൂളുകളിലെ കുട്ടികളിൽ നിന്നായി ഏഴ് ലക്ഷത്തോളം പേനയാണ് ഈ ക്യാംപെയ്നിലൂടെ ശേഖരിച്ചത്. ഹരിതകേരളം പദ്ധതിയുടെ നേതൃത്വത്തിൽ ശുചിത്വമിഷനും ഈ പദ്ധതി ഏറ്റെടുത്ത് സ്‌കൂളുകളിൽ നിന്ന് പേനകൾ ശേഖരിക്കാൻ സഹായിച്ചു. കൂടാതെ ഗ്രീൻ പ്രോട്ടോകോളിൽ ഉൾപ്പെടുത്തി സർക്കാർ സ്ഥാപനങ്ങളിൽ മഷി പേനകൾ ഉപയോഗിക്കാൻ നിർദേശവും നൽകി. ഇതെല്ലാം വലിയ പ്രോത്സാഹനമാണ്.
ശേഖരിച്ചു വച്ച പേനകൾ ഉപയോഗിച്ച് കൊച്ചി ബിനാലെയുടെ ഭാഗമായി ഒരു ഇൻസ്‌റ്റലേഷൻ ചെയ്യാനാണ് ഉദ്ദേശം. ഫോർട്ട് കൊച്ചി ബീച്ചിൽ ‘ഇമ്മിണി ബല്യ ഒന്ന്’ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ആശയത്തിൽ നിന്ന് ഒരു വലിയ ‘1’ മാതൃകയിലാകും ഇൻസ്‌റ്റലേഷൻ. ഇൻസ്‌റ്റലേഷൻ ചെയ്യുന്നത് ബിനാലെ അധികൃതരാണ്. #pendrive എന്ന് എഴുതിയ ക്യാംപെയിന് സമൂഹ മാധ്യമങ്ങളിൽ കിട്ടിയ സ്വീകാര്യതയാണ് ഇതിന്റെ വിജയത്തിന് കാരണം, ലക്ഷ്‌മി പറയുന്നു.
അമ്മൂമ്മമാർ തിരിച്ചുണ്ടാക്കുന്ന അമ്മൂമ്മത്തിരിയിൽ തുടങ്ങി പേപ്പർ പേനയും റോഡിലെ കുഴികൾ തിരിച്ചറിയാനായി അടയാളം വരയ്‌ക്കുന്ന ഓറഞ്ച് അലേർട്ടും പെൻഡ്രൈവും എല്ലാം സാൻഫ്രാൻസിസ്കോയിൽ ഡിസൈനറായിരുന്ന ലക്ഷ്‌മിയുടെ തലയിലുദിച്ച ഐഡിയകളാണ്. വരാൻ പോകുന്ന വരൾച്ചയെ മുന്നിൽ കണ്ട് വെള്ളത്തിന്റെ ഉപയോഗം കുറയ്‌ക്കാനായി ചില ക്യാംപെയ്നുകളും ലക്ഷ്‌മി പദ്ധതിയിടുന്നുണ്ട്.