പറയുന്ന കഥയില്‍ ഒരു രാഷ്ട്രീയമുണ്ടായിരിക്കുക എന്നത് ആഖ്യാനത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. അതില്‍ ചരിത്രത്തിന്റെ തോതുയര്‍ന്നിരിക്കുക എന്നതാവട്ടെ ആഖ്യാനത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതും. ഇത് എഴുതപ്പെടുന്ന സാഹിത്യത്തിനും ദൃശ്യപ്പെടുത്തിക്കാണിക്കുന്ന ചലച്ചിത്രത്തിനും ബാധകമാണ്. ലോകനിലവാരമുള്ളതായി നാം വിലയിരുത്തുന്ന സാഹിത്യരചനകള്‍ക്കും സിനിമകള്‍ക്കും ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഉള്ളടക്കം അടങ്ങിയിരിക്കുന്നതിന്റെ പരസ്യമായ രഹസ്യവും ഇതു തന്നെ.

അടുത്തിടെ സമാപിച്ച ഇരുപത്തിയഞ്ചാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന് അര്‍ഹമായത് ഒരു ഗ്വാട്ടിമാലിയന്‍ സിനിമയാണ്. ഹൈയ്റോ ബുസ്തമാന്തേ (Jayro Bustamante) സംവിധാനം ചെയ്ത ‘ദി വീപ്പിംഗ് വുമന്‍’ (The Weeping Woman | Original Title: La Llorona). കൊല്‍ക്കത്താമേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ എണ്ണപ്പെട്ട പ്രധാന ചിത്രവും ‘ദി വീപ്പിംഗ് വുമന്‍’ ആണ്. ഈ വര്‍ഷത്തെ ടൊറാന്റോ ചലച്ചിത്രോത്സവത്തില്‍ സമകാലിക ലോക സിനിമാവിഭാഗത്തില്‍ പങ്കെടുത്ത് ഇന്ത്യയിലെത്തിയ ‘ദി വീപ്പിംഗ് വുമന്‍’, ഫിക്ഷന്റേയും സമീപകാലചരിത്രത്തിന്റെയും ഗ്വാട്ടിമാലയുടെ രാഷ്ട്രീയത്തിന്റെയും ലാറ്റിനമേരിക്കന്‍ മിത്തിന്റെയും സമര്‍ത്ഥമായ ഇടകലര്‍ത്താണ്.

 

സാഹിത്യത്തില്‍ ഒരു കഥ പറയുമ്പോള്‍ അതിനെ ആകര്‍ഷകമാക്കുന്ന ഘടകം കഥ പറയുന്ന രീതിയാണ്. സിനിമയാവുമ്പോള്‍ തിരക്കഥയുടെ ആഖ്യാനഘടനയും. അതില്‍ പറയാതെ പറയുന്ന രാഷ്ട്രീയപ്രശ്‌നങ്ങളും ചരിത്രവും ലോകബന്ധമുള്ളതാകുമ്പോള്‍ കല സൗന്ദര്യാത്മകമാകുന്നു. അങ്ങനെ വിലയിരുത്തുമ്പോള്‍ കഥ പറച്ചിലിന്റെ സൗന്ദര്യവും അതില്‍ സന്നിവേശിപ്പിച്ചിട്ടുള്ള കാലികമായ പ്രശ്‌നങ്ങളുടെ സമ്മേളനവും കൊണ്ട് ഏറ്റവും മികച്ച സിനിമാനുഭവമാക്കിയിരിക്കുകയാണ് 97 മിനിട്ട് ദൈര്‍ഘ്യമുള്ള ‘ദി വീപ്പിംഗ് വുമന്‍’.

അറുപത്തിയേഴാമത് ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് ജൂറിയംഗമായിട്ടുള്ള ചലച്ചിത്രകാരനുമാണ് ഹൈയ്റോ ബുസ്തമാന്തേ. അദ്ദേഹത്തിന്റെ മൂന്നാമത്തെ ചലച്ചിത്രമാണ് ‘ദി വീപ്പിംഗ് വുമന്‍’. 2015 ല്‍ സംവിധാനം നിര്‍വ്വഹിച്ച ‘Ixcanul’ എണ്‍പത്തിയെട്ടാമത് അക്കാദമി അവാര്‍ഡിനുള്ള ഗ്വാട്ടിമാലയന്‍ എന്‍ട്രി കിട്ടിയ സിനിമയാണ്. മികച്ച ആദ്യ ഫീച്ചര്‍ ഫിലിമിനുള്ള സാറ്റലൈറ്റ് സ്‌പെഷല്‍ അച്ചീവ്‌മെന്റ് അവാര്‍ഡും ജയ്‌റ് ബസ്റ്റിമാന്റെ കരസ്ഥമാക്കിയിട്ടുണ്ട്.

മൂന്നാമത്തെ ഫീച്ചര്‍ ഫിലിമിലെത്തുമ്പോള്‍ ഈ നാല്‍പ്പത്തിരണ്ടുകാരന്‍ ലോകചലച്ചിത്രകാരന്മാര്‍ക്കിടയില്‍ തന്റെതായ ഒരിടം ഉറപ്പിക്കുകയാണെന്ന് സമ്മതിക്കണം. ബുസ്തമാന്തേയുടെ മുന്‍ചലച്ചിത്രങ്ങളിലും ഗ്വാട്ടിമാലയിലെ കലാപ്രവര്‍ത്തനങ്ങളിലും ഒന്നിച്ചു നിന്നിട്ടുള്ള പലരുമാണ് ഈ സിനിമയിലെ പല കഥാപാത്രങ്ങളേയും അവതരിപ്പിച്ചിട്ടുള്ളത്. അവരുടെ അസാധാരണമായ അഭിനയചാതുരി ഒരല്പം പോലും ചോരാതെ ഉപയോഗിക്കുന്നതില്‍ ഹൈയ്റോ വിജയിച്ചിട്ടുമുണ്ട്. ചെറിയ കലാപ്രവര്‍ത്തനങ്ങളില്‍ അഭിനയജീവിതമാരംഭിച്ച അവരില്‍ പലരും ബുസ്തമാന്തേയുടെ സിനിമകളിലൂടെ ലോകപ്രശസ്ത ചലച്ചിത്രോത്സവങ്ങളിലെ കാണികളുടെ പ്രിയപ്പെട്ട അഭിനേതാക്കളായി മാറുകയും ചെയ്തിരിക്കുന്നു.

ഹൈയ്റോ ബുസ്തമാന്തേ

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ ഗ്വാട്ടിമാലയിലെ സൈനിക സ്വേച്ഛാപതിയായി അധികാരത്തിലെത്തിയ മിലിട്ടറി ജനറല്‍ ഇഫ്രൈന്‍ റയോസ് മോന്‍ട്ടിന്റെ ഛായയിലാണ് ‘ദി വീപ്പിംഗ് വുമനി’ലെ കേന്ദ്ര കഥാപാത്രമായ ജനറല്‍ എന്റിക് മോന്‍ടിവെര്‍ദെയെ രൂപപ്പെടുത്തിയിട്ടുള്ളത്. മായന്‍ ജനത അവര്‍ക്കവകാശപ്പെട്ട ഭൂമി നേടിയെടുക്കുന്നതിനായി നടത്തിയ, നാല്‍പ്പത് വര്‍ഷത്തോളം നീണ്ട, ആഭ്യന്തരകലാപത്തില്‍ നിരവധി പുരുഷന്മാരെ അപ്രതൃക്ഷരാക്കുകയും സ്ത്രീകളെ ലൈംഗിക അടിമകളാക്കി മാറ്റുകയും ചെയ്തിരുന്നു. അതിന് ഉപോല്‍ബലകമായി, പണ്ടു പണ്ട് ഭര്‍ത്താവിന്റെ ഇതര സ്ത്രീകളുമായുള്ള ബന്ധങ്ങളില്‍ നൈരാശ്യവും മനശ്ചാഞ്ചല്യവും സംഭവിച്ച സ്ത്രീ തന്റെ മക്കളെ ഏതോ പൈശാചിക നിമിഷത്തില്‍ വെള്ളത്തില്‍ മുക്കിക്കൊന്നതും പിന്നീട് മക്കളെ തിരഞ്ഞു നടക്കുന്നതുമായ മിത്തിനെ കൂട്ടു പിടിച്ചിട്ടാണ് സംവിധായകന്‍ കഥ പറയുന്നത്.

ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലുടെ സുപരിചിതമായ സൈനികാധികാരത്തിന്റെയും ഉപരിവര്‍ഗ്ഗ വെള്ളമനുഷ്യരുടെ കുടുംബജീവിതഛായകളുടേയും സമ്മേളനം നമ്മെ കഥയോട് വളരെ വേഗം ഇണക്കും. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വിസിന്റെ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങളി’ലെ കേണല്‍ ഒരിലിയാനോ ബുവേണ്‍ഡിയയെ വിദൂരമായി ഓര്‍മ്മിപ്പിക്കുന്ന കഥാപാത്രമാണ് സാഡിസ്റ്റിക് മിലിറ്ററി ഡിക്‌ടേറ്ററായ ജനറല്‍ മോന്‍ടിവെര്‍ദെയുടേത്. ആ കഥാപാത്രത്തിന്റെ രൂപഭാവങ്ങളാകട്ടെ ചിലപ്പോഴെങ്കിലും മാര്‍ക്വിസിനെത്തന്നെ ഓര്‍മ്മപ്പെടുത്തുന്നതും. ഇത് നമുക്ക് ലാറ്റിനമേരിക്കന്‍ സാഹിത്യം, വിശേഷിച്ചും മാര്‍ക്വിസിന്റെ കഥാപാത്രങ്ങളുമായുള്ള അതിപരിചയം കൊണ്ടു സംഭവിക്കുന്നതാണ്.

ജനറല്‍ മോന്‍ടിവെര്‍ദെ, അദ്ദേഹത്തിന്റെ ഭാര്യ കാര്‍മെന്‍ (മാര്‍ഗറിത്ത കെനഫിക്) അവരുടെ മകളും ഡോക്ടറുടമായ നടാലിയ (സബ്രിന ദെ ലാ ഹോസ്), നടാലിയയുടെ ബാലികയാ മകള്‍ സാറ, അവരുടെ കൊട്ടാരസദൃശമായ ഭവനത്തിലെ മുതിര്‍ന്ന ജോലിക്കാരി വലേറിന (മരിയ ടെലന്‍) ജനറലിന്റെ വിശ്വസ്തനായ അംഗരക്ഷകന്‍ ലെറ്റോണ (ബുസ്തമാന്തേയുടെ തന്നെ ‘Tremors’ ല്‍ അഭിനയിച്ചിട്ടുള്ള ജൂവാന്‍ പാബ്ലോ ഒലിസ്ലാഗര്‍) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

 

ഇമ ചിമ്മാതെ നിസ്സംഗമായ നയനങ്ങളോടെ പിശാചിനെ അകറ്റി ദൈവത്തിന്റെ കാരുണ്യം തങ്ങള്‍ക്കു മേല്‍ വര്‍ഷിക്കണമെന്ന പ്രാര്‍ത്ഥന ഉരുവിടുന്ന കാര്‍മനില്‍ നിന്നുമാണ് ‘ദി വീപ്പിംഗ് വുമന്‍’ ആരംഭിക്കുന്നത്. ഏറെക്കുറെ നീണ്ട ഈ തുടക്കരംഗം തന്നെ വരാനിരിക്കുന്ന നിമിഷങ്ങളുടെ അനിശ്ചിതത്വത്തേയും ദുരൂഹമായ സംഭവപരമ്പരകളേയും സംബന്ധിച്ച ആധി ആദ്യമേ പകരുന്നു. കാര്‍മനും കുടുംബാംഗങ്ങളും വീട്ടിലെ മറ്റ് ജോലിക്കാരും വട്ടത്തിലിരുന്ന് നിര്‍വ്വഹിക്കുന്ന ഈ നീണ്ട പ്രാര്‍ത്ഥനാരംഗം സിനിമയുടെ മൂഡിനെ ആകാംക്ഷാഭരിതമാക്കും. തുടര്‍ന്ന് മുന്‍ കാബിനറ്റ് അംഗങ്ങള്‍ക്കൊപ്പം വിസ്‌കി കഴിക്കുന്ന ജനറല്‍ മോന്‍ടിവെര്‍ദെയിലേക്കെത്തുന്നു. അക്ഷോഭ്യനായ ജനറല്‍ കോടതിയില്‍ താന്‍ ചെയ്ത അക്രമങ്ങള്‍ക്കും മനുഷ്യത്വരഹിതമായ കൂട്ടക്കൊലകള്‍ക്കുമുള്ള വിചാരണ നേരിടുകയാണ്.

കോടതി മോന്‍ടിവെര്‍ദെയെ കുറ്റക്കാരനാക്കുകയാണെങ്കില്‍ എന്തു സംഭവിക്കുമെന്ന കാബിനറ്റ് അംഗങ്ങളുടെ ചര്‍ച്ചയില്‍ ഭാഗഭാക്കാവാതെ അക്ഷോഭ്യനായി നില്‍ക്കുന്ന ജനറലിനെ പക്ഷേ ഭൂതകാലം നിലവിളികളുടെ രൂപത്തില്‍ നിതാന്തമായി വേട്ടയാടുന്നുണ്ട്. ഓര്‍മ്മനഷ്ടത്തിന്റെയും വാര്‍ദ്ധക്യത്തിന്റെയും പടിക്കല്‍ നില്‍ക്കുന്ന ജനറല്‍ രാത്രികളില്‍ കേള്‍ക്കുന്ന സ്ത്രീകളുടെ കരച്ചിലിന്റെ ഉറവിടമന്വേഷിക്കാന്‍ പ്രേരിതനാവുന്നു. കരച്ചിലിന്റെ ഉറവിടം തേടി രാത്രിക്കിടക്കയില്‍ നിന്നും എഴുന്നേറ്റ് കൈത്തോക്കുമായി അന്വേഷണം നടത്തുന്ന ജനറല്‍ ഇരുളിലേക്ക് വെടിവയ്ക്കുന്നതോടെ സിനിമയിലേക്ക് ചരിത്രവും ഗ്വാട്ടിമാലയുടെ സൈനികരാഷ്ട്രീയവും കടന്നെത്തുന്നു.

വാര്‍ദ്ധക്യമായെങ്കിലും ഉന്നം പിടിക്കുന്നതില്‍ കഴിവ് നഷ്‌പ്പെട്ടിട്ടില്ലാത്തവനാണ് ജനറലെന്ന് കണ്ടുപിടിക്കുന്ന കുടുംബാംഗങ്ങളില്‍ തുടര്‍ന്ന് ശൈഥില്യങ്ങള്‍ ആരംഭിക്കുന്നു. കൂട്ടത്തോടെ വീട്ടിലെ ജോലിക്കാര്‍ ഒഴിഞ്ഞു പോകുന്നതാണ് അനിശ്ചിതത്വങ്ങളുടേയും കുടുംബത്തിന്റെ ഒറ്റപ്പെടലിന്റെയും ആരംഭം. തങ്ങളെ ആകമാനം കഷ്ടകാലം ആവേശിച്ചു നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ വിട്ടു പോകരുതെന്ന് കാര്‍മനും നടാലിയയും ജോലിക്കാരോട് അഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും ഭൂതബാധയുണ്ടെന്ന് വിശ്വസിക്കുന്ന വീട്ടില്‍ താമസിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. തുടര്‍ന്നുണ്ടാകുന്ന ദിവസങ്ങളില്‍ ആ വീട്ടില്‍ താമസിക്കാന്‍ ഇരുപത്തിയേഴ് വര്‍ഷമായി അവിടെയുള്ള പ്രായമേറിയ ജോലിക്കാരി വലേറിന മാത്രമേ തയ്യാറാകുന്നുള്ളു.

അംഗരക്ഷകരുടെ സഹായത്തോടെ ബാധയുള്ള വീട്ടില്‍ തുടര്‍ജീവിതം നയിക്കുന്ന ജനറലിന് കോടതിയിലെ വിചാരണ മാത്രമല്ല വീട്ടിലുള്ള ഭാര്യയുടേയും മകളുടേയും വിചാരണ കൂടി നേരിടേണ്ടതായി വരുന്നു. അതിന് ആരംഭമാകുന്നത് വീട്ടിലേക്ക് പുതിയതായി എത്തുന്ന ചെറുപ്പക്കാരിയായ ജോലിക്കാരി എല്‍മയുടെ വരവാണ്. ഇടതൂര്‍ന്ന നീണ്ട മുടിയും വെളുത്ത നീളന്‍ വസ്ത്രവും തീക്ഷ്ണമായ നയനങ്ങളുമുള്ള എല്‍മ ആള്‍ക്കൂട്ടത്തിലൂടെ വീടിനു നേരെ സമീപിക്കുന്നത് ആദ്യം കാണുന്നതും ജനറല്‍ തന്നെയാണ്. ഏറെ ദുരൂഹമായതും പൂര്‍ണമായും വെളിവാക്കപ്പെടാത്തതുമായ ജീവിതപശ്ചാത്തലത്തോടെ എത്തുന്ന എല്‍മയെ ജോലിക്കാരിയായ വലേറിന വീട്ടുകാര്യങ്ങള്‍ പരിചയപ്പെടുത്തുന്നു. സ്വതേ നിശ്ശബ്ദയും പാദപതനശബ്ദം പോലും കേള്‍പ്പിക്കാതെ വീടിനുള്ളില്‍ പെരുമാറുന്നവളുമായ എല്‍മയുടെ സാന്നിദ്ധ്യം കഥയെ സംഭ്രമജനകമാക്കുന്നു. ചെറിയ കുട്ടിയായ സാറയോട് വളരെ വേഗം കൂട്ടാകുന്ന എല്‍മ അവളെ വെള്ളത്തിനടിയില്‍ ശ്വാസം പിടിച്ചു കിടക്കാന്‍ പരിശീലിപ്പിക്കുന്നു. സാറയുമായിട്ടാണ് എല്‍മ അല്‍പമെങ്കിലും സംസാരിക്കുന്നതു തന്നെ.

എന്നാല്‍ എല്‍യുടെ സാന്നിദ്ധ്യം ജനറലിനെ മാത്രമല്ല ജനറലിന്റെ ഭാര്യയായ കാര്‍മനേയും അസ്വസ്ഥമാക്കുന്നു. ഒരു തരം മനശ്ശാസ്ത്രപരമായ മാറ്റം അതോടെ വൃദ്ധയായ കാര്‍മനില്‍ സംഭവിക്കുന്നു. തന്റെ മകളായ നടാലിയയുടെ ഭര്‍ത്താവിന്റെ പെട്ടെന്നുള്ള തിരോധാനത്തില്‍ ജനറലിനെന്തെങ്കിലും പങ്കുണ്ടോ എന്ന അവരുടെ ആധി ചിത്രത്തിന്റെ കഥാവേഗത്തെ ത്വരിതപ്പെടുത്തുന്നു. അമ്മയും മകളും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ അവരുടെ മനസ്സിലെ അസ്വസ്ഥതകളും ആശങ്കകളും മെല്ലെ ചുരുള്‍ നിവരുന്നു. ജനറലിനെ ഒഴിച്ചു നിര്‍ത്തിയാല്‍ പ്രധാനമായും മൂന്ന് തലമുറയെ പ്രതിനിധാനം ചെയ്യുന്ന നാല് സ്ത്രീകളിലൂടെയാണ് കഥ വലുതാകുന്നത്. മകളേയും അമ്മയേയും ഏറെ സ്‌നേഹിക്കുന്ന നടാലിയ അമര്‍ത്തിപ്പിടിച്ച നൊമ്പരങ്ങളിലൂടെ ലാറ്റിനമേരിക്കയിലെ വെളുത്ത ഉപരിവര്‍ഗ്ഗത്തിന്റെ കുടുംബഘടനയെയും ബന്ധങ്ങളേയും നമുക്ക് വ്യക്തമാക്കിത്തരുന്നു.

 

കോടതിവിചാരണയില്‍ ശിക്ഷിക്കപ്പെടുന്ന ജനറലിന്റെ ദേഹാസ്വാസ്ഥ്യവും തുടര്‍ന്നുള്ള ആശുപത്രിവാസവും കഴിഞ്ഞ് വീടിനുള്ളിലെ, ഏറെക്കുറെ ഒരു ജയില്‍ പോലെയായിക്കഴിഞ്ഞ വീടിനുള്ളിലെ തുടര്‍വാസവും സിനിമയുടെ കഥയെ ചരിത്രത്തിലേക്കും ലാറ്റിനമേരിക്കന്‍ മിത്തിലേക്കും ആഭ്യന്തരരാഷ്ട്രീയപ്രശ്‌നങ്ങളിലേക്കും വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ചകളിലേക്കും പ്രേതകഥയുടെ പരിവേഷത്തോടെ നയിക്കുന്നു. മൂന്നു തലമുറ സ്ത്രീകളിലൂടെ ലോകമെങ്ങുമുള്ള അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ ദൈന്യതയും നിസ്സഹായതയുമാണ് ഈ ചിത്രത്തില്‍ സമര്‍ത്ഥമായി ആവിഷ്‌കരിക്കപ്പെടുന്നത്. അത് ആണധികാരത്തിന്റെയും സൈനികമേധാവിത്വത്തിന്റേയും അതുയര്‍ത്തുന്ന നൈതികമായ പ്രശ്‌നങ്ങളുടെയും പ്രതിഫലനം കൂടിയായി മാറുന്നു ഈ സിനിമയില്‍.

വംശവെറി, കുടുംബത്തിനുള്ളിലെ സ്ത്രീകളുടെ അടിമത്തം, പ്രാന്തവല്‍ക്കരിക്കപ്പെട്ടവും മാറ്റിനിര്‍ത്തപ്പെട്ടവരുമായ പുറത്തെ സ്ത്രീകളുടെ മേല്‍ പതിക്കുന്ന ലൈംഗിക അടിമത്തം എന്നിങ്ങനെ പുരുഷാധികാരത്തിനെതിരെ നില്‍ക്കുന്ന ചോദ്യങ്ങളും മായന്‍ ജനതയുടെ സമര ഭൂതകാലത്തിലൂടെ ആവിഷ്‌കരിക്കപ്പെടുന്നു. അത് ജനറലിന്റെ ലൈംഗികവ്യക്തിത്വത്തെ സംബന്ധിച്ച ഭാര്യ കാര്‍മന്റെ ആധിയായും മാറുന്നു. അര്‍ദ്ധരാത്രിയില്‍ പുറത്തെ കുളത്തിലെ കുളി കഴിഞ്ഞ് ഈറനായി അകത്തേക്ക് നടത്തെത്തുന്ന എല്‍മയെ ജനറല്‍ പിന്തുടരുന്നുണ്ട്. എല്‍മ നടന്നെത്തുന്നത് വീടിനുള്ളിലെ കുളിത്തൊട്ടിയിലേക്കാണ്. അവിടെവച്ച് തന്റെ പിന്നില്‍ നില്‍ക്കുന്ന ജനറലിനെ എല്‍മ കാണുന്നു. രൂക്ഷമായ എല്‍മയുടെ നോട്ടത്തിനൊടുവില്‍, തന്റെ അന്തരാളങ്ങളെ വലിച്ചു കീറുന്ന ആ നോട്ടത്തിന്റെ കരുത്തില്‍ പതറിപ്പോകുന്ന ജനറല്‍ അവളെ കുളിത്തൊട്ടിയിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു. നിലവിളി കേട്ടെത്തുന്ന കുടുംബാംഗങ്ങളില്‍ ഏറെ അസ്വസ്ഥയാകുന്നത് ജനറലിന്റെ ഭാര്യ കാര്‍മനാണ്. തന്റെ ഭര്‍ത്താവിന് എല്‍മ പ്രതിനിധാനം ചെയ്യുന്ന വര്‍ഗ്ഗത്തോടുള്ള ലൈംഗികമായ ചായ്‌വിനെപ്പറ്റി മകളോട് ആദ്യമായി തുറന്നു സംസാരിക്കുന്ന കാര്‍മന്‍ അവിടം മുതല്‍ ഭര്‍ത്താവിന്റെ വിധേയയായ ഭാര്യ എന്ന നിലയില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രേരിതയാവുന്നു. ഇത് നിസ്സഹായരും നിസ്വരുമായ ജനവിഭാഗങ്ങളിലെ സ്ത്രീകളോടുള്ള അധികാരമുള്ള പുരുഷന്റെ ലൈംഗികമനോഭാവത്തിന്റെ ദൃഷ്ടാന്തമാകുന്നു. ഇത്തരം ആണധികാരരൂപങ്ങള്‍ക്ക് ചരിത്രത്തിലും രാഷ്ട്രീയത്തിലും ധാരാളം ഉദാഹരണങ്ങളുണ്ടല്ലോ. ഇരകള്‍ക്കും.

ഇഫ്രൈന്‍ റയോസ് മോന്‍ട്ടിന്റെ ഭരണകാലത്തിന്റെ ഫിക്ഷണല്‍ ഫോമാണ് ഈ സിനിമയെന്ന് പറഞ്ഞല്ലോ. എന്നാല്‍ 1982 – 83 കാലത്തായി നടന്ന യഥാര്‍ത്ഥ സംഭവങ്ങളുടെ ദൃശ്യപ്പെടുത്തലിന് സിനിമ മുതിരുന്നില്ല. പ്രതിമാസം ഏതാണ്ട് മൂവായിരത്തോളം ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് സ്ഥിരീകരണം. എന്നാല്‍ ആ കലാപദൃശ്യങ്ങളൊന്നും വലുതായി സിനിമയില്‍ വരുന്നില്ല. അക്കാലത്ത് നിരവധി പുരുഷന്മാരെ കാണാതായി. കുഞ്ഞുങ്ങള്‍ മരണപ്പെട്ടു. അമ്മമാര്‍ അനാഥരായി. മരണപ്പെട്ട സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും നീതിക്കായുള്ള നിലവിളി കൂടിയാണ് ‘ദി വീപ്പിംഗ് വുമന്‍.’ എന്നാല്‍ ജീവിച്ചിരുന്ന യഥാര്‍ത്ഥ ഭരാണാധികാരിയുടെ ഛായയില്‍ വാര്‍ത്തെടുത്തതാണ് കഥാനായകനെങ്കിലും അദ്ദേഹത്തെ മുന്‍നിര്‍ത്തി ആരോടെങ്കിലും ചരിത്രപരമായ പ്രതികാരം നിര്‍വ്വഹിക്കാന്‍ ചലച്ചിത്രകാരന്‍ മുതിരുന്നില്ല. ഇവിടെ ജനറല്‍ മോന്‍ടിവെര്‍ദെ ഒരു രൂപകമോ ഫിക്ഷണല്‍ കഥാപാത്രമോ മാത്രമായി മാറുന്നു. തന്റെ തന്നെ ഭൂതകാലവും ചെയ്തികളും ഒരു മനുഷ്യനെ നിതാന്തമായി വേട്ടയാടും എന്ന തത്വത്തെ പിന്തുടരുകയാണ് ഹൈയ്റോ ബുസ്തമാന്തേ ചെയ്യുന്നത്. അതാണ് കഥയെ ചരിത്രത്തിന്റെ തോടില്‍ നിന്നടര്‍ത്തിമാറ്റി വ്യക്തിബന്ധങ്ങളുടെ കഥനത്തിലൂടെ മുന്നേറുന്ന സംഘര്‍ഷങ്ങളുടെ പരമ്പരയാക്കിമാറ്റുന്നത്.

‘പഴയ പാപങ്ങള്‍ക്ക് വളരെ നീണ്ട നിഴലുണ്ടാകും’ എന്ന് അഗതാക്രിസ്റ്റി ഒരു നോവലില്‍ എഴുതിയിട്ടുള്ളത് ഇവിടെയോര്‍ക്കാം. അതേ പോലെ കഥയില്‍ ദുരൂഹമായി പ്രത്യക്ഷപ്പെടുന്ന എല്‍മ എന്ന യുവതിയായ വീട്ടുജോലിക്കാരിയെയും (അവളും കുഞ്ഞുങ്ങള്‍ മരണപ്പെട്ട അമ്മയാണ്) ഒരു വ്യക്തിയായിട്ടല്ല നാം കാണേണ്ടത്. ജനറലിന് തന്റെ പാപങ്ങള്‍ ഓര്‍ത്തെടുക്കാനും മനസ്സാ സ്വയം കുമ്പസാരിക്കാനും ഇട നല്‍കുന്ന വിധിയായിട്ടാണ്. എല്‍മ സഹനവും യാതനയും അനുഭവിക്കുന്ന മായന്‍ ജനതയുടെ പ്രതിനിധാനമാണെന്നും പറയാം.

 

നിരന്തരമായി പുക വലിക്കുന്ന ജനറല്‍ മോന്‍ടിവെര്‍ദെയായി അഭിനയിക്കുന്ന ജൂലിയോ ഡയസ് അസാദ്ധ്യമായ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വയ്ക്കുന്നത്. രോഗത്തിന്റെയും അധികാരഭ്രഷ്ടിന്റെയും കുടുംബജീവിത്തിലെ സംഘര്‍ഷങ്ങളുടേയും ഇടയില്‍ അക്ഷോഭ്യനായും ഇടയ്ക്ക് നിലതെറ്റിയും പെരുമാറുന്ന ജനറലായി ജൂലിയോ ഡയസ് തകര്‍ത്തഭിനയിക്കുന്നു. തന്റെ കുലീനജീവിതരീതി തെല്ലും തകരാതെ, തന്റെ ശരികളില്‍ ഉറച്ചുജീവിക്കുന്ന ജനറല്‍ ആണധികാരത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും അധമമാതൃകയായി കാണിയെ പിന്തുടരും.

ഈ ചലച്ചിത്രത്തില്‍ കുറ്റക്കാരനാക്കപ്പെട്ട് വീട്ടിലെത്തുന്ന ജനറലിന്റെ വസതിക്കു പുറത്ത് തടിച്ചു കൂടുന്ന ജനത രാവും പകലും പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ നീതിക്കായി നടത്തുന്ന സമരത്തിന്റെ മന്ത്രണങ്ങളാണ് സിനിമയുടെ പ്രധാന പശ്ചാത്തല ശബ്ദരേഖ. അടക്കിപ്പിടിച്ച സംഭാഷണങ്ങള്‍ക്കിടയിലെ ഈ പതിഞ്ഞ പ്രതിഷേധസ്വരം കുടുംബാംഗങ്ങളെ ഉടനീളം അസ്വസ്ഥരാക്കുന്നതാണ്. എല്‍മയുടെ സാന്നിദ്ധ്യവും ജലത്തിന്റെ ദുരൂഹമായ കടന്നു വരവുകളും ഇഴചേര്‍ത്ത് മിത്തിക്കല്‍ സാന്നിദ്ധ്യം പുനസൃഷ്ടിക്കപ്പെടുന്നു. സാറയെ ശ്വാസം പിടിച്ച് വെള്ളത്തില്‍ കിടക്കാന്‍ പരിശീലിപ്പിക്കുന്ന എല്‍മയിലൂടെ അവള്‍ ഒരു പ്രതികാരത്തിനായി വന്നതാണോയെന്നും നമ്മെ അസ്വസ്ഥരാക്കും. വീടിന്റെ പിന്നിലെ കുളം, രാത്രികളിലെ എല്‍മയുടെ നീരാട്ട്, ശൗചാലയത്തില്‍ നിറയുന്ന വെള്ളം, കഥയുടെ ഫ്‌ളാഷ് ബാക്കുകളില്‍ കാണിക്കുന്ന നദിയുടേയും കൃഷിഭൂമിയുടേയും പട്ടാളക്കാരുടെ അക്രമങ്ങളുടേയും ദൃശ്യങ്ങള്‍ എന്നിവ ആ തോന്നലിനെ ഉറപ്പിക്കും. പ്രധാനമായും വീടിനുള്ളിലെ ഏതാനും കഥാപാത്രങ്ങളുടെ ചലനങ്ങളിലൂടെയും മനോഗതങ്ങളിലൂടെയും മുന്നേറുകയാണ് സിനിമയെങ്കിലും വെളിയിടങ്ങളില്‍ നടന്നു കഴിഞ്ഞ ഭൂതകാലസംഭവങ്ങളുടെ ഭൂതബാധ ഒരൊഴിയാബാധ പോലെ നമ്മെയും കീഴടക്കും. കണിശമായ എഴുതപ്പെട്ട തിരക്കഥ (ലിസാന്‍ട്ര സാഞ്ചസും ഹൈയ്റോയ്‌ക്കൊപ്പം തിരക്കഥാരചനയില്‍ പങ്കാളിയാണ്) ഈ സിനിമയുടെ ഭാഷയെ അന്യാദൃശമാക്കുന്നു.

ചിത്രത്തിലുടനീളമുള്ള ഗ്ലൂമിയായ ശബ്ദപഥം, സംഗീതസന്നിവേശം, ഛായാഗ്രഹണം എന്നിവ സിനിമയെ ചടുലമാക്കി നിലനിര്‍ത്തുന്ന ഘടകങ്ങളാണ്. ഒപ്പം അത് കാണിക്ക് കരള്‍ വിങ്ങുന്ന അനുഭവവും പകരുന്നു. നേര്‍ത്ത നീല ഛായയിലൂടെ ഇരുളിനെ കെട്ടിപ്പുണര്‍ന്ന് പടരുന്ന ദൃശ്യങ്ങള്‍ കാഴ്ചയുടെ അപാരമായ അനുഭവമാണ് ചിത്രത്തിലുടനീളം മുന്നോട്ടു വയ്ക്കുന്നത്. കഥായാവശ്യപ്പെടുന്ന സംഭ്രമജനകമായ ടോണ്‍ ഈ രാത്രി-നീലനിറത്തിലൂടെ പകരാന്‍ ഛായാഗ്രഹകനാവുന്നുണ്ട്. അത് കഥയില്‍ ഇഴ ചേര്‍ത്തിട്ടുള്ള മാജിക്കല്‍ റിയലിസത്തിന്റേയും മിത്തിന്റെയും ചരിത്രത്തിന്റെയും ഭാവങ്ങളെ പരിപൂര്‍ണമാക്കുന്നു.

ദൃശ്യങ്ങളെ കവിതയോളം കലാത്മകമാക്കുന്നതില്‍ ഛായാഗ്രഹകന്‍ അതുല്യമായ കൈത്തഴക്കമാണ് പ്രകടമാക്കുന്നത്. പ്രത്യേകിച്ചും പുറത്തെ പ്രതിരോധക്കാരുടെ അചഞ്ചലമായ നില്‍പ്പ് കാണുന്ന ജനറല്‍, കാര്‍മനും നടാലിയുമായി നടത്തുന്ന സംഭാഷണങ്ങളിലെ ഫ്രെയിമുകള്‍, എല്‍മ ആദ്യമായി ആ വീട്ടിലേക്കെത്തുന്ന രംഗം, നീലരാത്രിയില്‍ നിറഞ്ഞു കിടക്കുന്ന കുളത്തില്‍ കുളിക്കുന്ന എല്‍മയുടെ സാന്നിദ്ധ്യം, ചരിത്രത്തോട് കുറ്റസമ്മതം നടത്തുന്ന കോടതിരംഗങ്ങള്‍, ആശുപത്രിരംഗങ്ങള്‍ എന്നിവ ഉദാഹരണം. എല്‍മയുടെ ആ വീട്ടിലെ ആദ്യദിവസത്തെ രാത്രിയില്‍ വലേറിന ഉറങ്ങിയോ എന്നുള്ള എല്‍മയുടെ നോട്ടം, പ്രാര്‍ത്ഥനാരംഗങ്ങള്‍, ഇളകിയാടുന്ന കര്‍ട്ടനുകളുടേയും ജാലകക്കാഴ്ചകളുടേയും ദൃശ്യങ്ങള്‍, പ്രേതബാധ അകറ്റാനായി വലേറിന നടത്തുന്ന പ്രാദേശികമായ ആഭിചാരക്രിയ.. എന്നിവ മറ്റുദാഹരണങ്ങള്‍. പെയിന്റിംഗ് പോലെയും സ്വപ്നം പോലെയും ആകര്‍ഷകമായി ക്രമപ്പെടുത്തിയിട്ടുള്ള ഫ്രെയിമുകള്‍ ഈ സിനിമയെ മികച്ചതാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. നിക്കോളാസ് വോങ് ഡയസ് ആണ് ‘ദി വീപ്പിംഗ് വുമനി’ന്റെ ഛായാഗ്രഹണം.

La Llorona, Dir. Jayro Bustamante

പൊളിറ്റിക്കല്‍ ത്രില്ലര്‍, ഹൊറര്‍ വിഭാഗത്തിലുള്‍പ്പെടുത്താവുന്ന ഈ സിനിമ ആ നിലയില്‍ മികവുറ്റതാകുന്നതും ഈ ഛായാഗ്രഹണകലയിലൂടെ തന്നെ. ഒപ്പം വിശദാംശങ്ങള്‍ ചോരാതെ കൃത്യമാക്കിയതും അതേ സമയം വേണ്ടതെല്ലാം ഗതാനുഗതികമായി ചേര്‍ത്തിട്ടുള്ളതുമായ തിരക്കഥയുടെ കരുതലും ഈ സിനിമയെ പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സാമ്പ്രദായികമായ മുന്‍വിധിക്കു മുകളില്‍ പ്രതിഷ്ഠിക്കുന്നു.

ഒരു കഥ വെറുതെ പറയുകയല്ല തിരക്കഥാകൃത്തും സംവിധായകനുമായ  ബുസ്തമാന്തേ ചെയ്യുന്നത്. അതില്‍ അന്നാട്ടില്‍ പ്രചാരത്തിലുള്ള മിത്തിനെ കലര്‍ത്തി, വിക്ഷുബ്ധമായ മാനസികഘടനകളുടെ ചിത്രണത്തിലൂടെ അതിനിടയാക്കുന്ന ചരിത്ര, രാഷ്ട്രീയ സന്ദര്‍ഭങ്ങളെ ഉചിതമായ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുകയാണ്. അതേ സമയം ഇത് യഥാര്‍ത്ഥ ചരിത്രത്തെ അതേപടി പകര്‍ത്തുന്നുമില്ല. ഇഫ്രൈന്‍ റയോസ് മോന്‍ട്ടിന്റെ ജീവചരിത്രമല്ല സിനിമയെന്നര്‍ത്ഥം. യഥാര്‍ത്ഥ രാഷ്ട്രീയചരിത്രത്തെ അതേ വിധം പകര്‍ത്തിയിട്ടുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ വിദഗ്ധനായ ഒരെഴുത്തുകാരന്റെ സാന്നിദ്ധ്യം കൂടിയാണ് ‘ദി വീപ്പിംഗ് വുമന്‍.’ തിരക്കഥാപഠിതാക്കള്‍ക്ക് ലഭിക്കാവുന്ന നല്ല ഉദാഹരണവും.

ചിത്രത്തിന്റെ അവസാന രംഗമാണ് ഈ മാന്ത്രികാനുഭവത്തിന് ഏറ്റവും നിദാനമായിട്ടുള്ളത്. പുതിയതായി അധികാരത്തിലെത്തിയ ജനറലിന്റെ കാല്‍ച്ചുവട്ടില്‍ നിറയുന്ന വെള്ളം, പുതിയ ജനറല്‍ കേള്‍ക്കുന്ന മനുഷ്യസ്ത്രീകളുടെ, അമ്മമാരുടെ ആ നിലവിളി എന്നിവ പടം തീര്‍ന്നാലും നമ്മുടെ കാതുകളില്‍ അലയ്ക്കും. കാലങ്ങളോളം.

Read Here: സ്ത്രീത്വത്തിന്റെ വര്‍ണ്ണരാജികള്‍: ‘പത്മിനി’യെക്കുറിച്ച് സുസ്മേഷ് ചന്ദ്രോത്ത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook