കോഴിക്കോട് പേരാമ്പ്രയിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്നും ജീവിതം ആരംഭിച്ച് സെപ്‌ററംബര്‍ 19-ന് കാഞ്ഞാറില്‍ ഇലവീഴാപൂഞ്ചിറ മലയുടെ താഴ്‌വാരത്ത് തൊടുപൂഴയാറിന്റെ കാരുണ്യസ്പര്‍ശത്തില്‍ ഊഷരമായ മണ്ണില്‍ ജീവിതം ചേര്‍ത്ത് തന്റെ യാത്ര മുഴുമിപ്പിച്ച കൂഞ്ഞുലക്ഷി അമ്മ ടീച്ചര്‍ നമുക്ക് ആരായിരുന്നു.
എഴുപതുകളിലേയും എണ്‍പതുകളിലേയും വിപ്ലവ പ്രസ്ഥാനങ്ങളില്‍ അമ്മമാരുടെ സാന്നിദ്ധ്യം കുറവായിരുന്നു.’ മാ ‘ എന്ന മന്ദാകിനി അമ്മ നിറഞ്ഞുനിന്നപ്പോഴും അമ്മയുടെ മറ്റൊരു അവതാരമായി കോഴിക്കോട് ഫറോക്കില്‍ സോമന്റെ അമ്മ എന്ന മറെറാരു വിളിപ്പേരില്‍ ടീച്ചര്‍ ഉണ്ടായിരുന്നു.
തന്റെ യുക്തിയില്‍ പൊരുത്തപ്പെടാത്തതിനോടൊക്കെ കലഹിച്ചൂം, തിരസ്‌ക്കരിച്ചും പഠിച്ച, പഠിപ്പിച്ച കുഞ്ഞുലക്ഷ്മി ടീച്ചർ. ടീച്ചറുടെ കലഹങ്ങള്‍ക്ക് വ്യാപ്തിയും അര്‍ത്ഥവും ഉണ്ടാകുന്നത് അടിയന്തരാവസ്ഥ കാലത്തെ പോലീസ് മര്‍ദ്ദനം, ലോക്കപ്പ് വാസം ഇവകളിലൂടെയാണ്. മൂത്തമകന്‍ സോമന്‍ കായണ്ണ കേസില്‍ പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയെന്ന പേരില്‍ അറസ്‌റ്റിലാകുന്നതോടെ ഫറോക്ക് കോളേജിനടുത്തെ ടീച്ചറിന്റെ ക്വാര്‍ട്ടേഴ്‌സ് പോലീസിന്റെ നിരീക്ഷണത്തിലാകുന്നു.

ടീച്ചറെ, ഭര്‍ത്താവിനെ, ഇളയ മകനെ പോലീസ് നിരന്തരം ചോദ്യം ചെയ്യുകയും ഭേദ്യം ചെയ്യുകയും ചെയ്യുന്നു. അനീതിയോടുള്ള ടീച്ചറിന്റെ ജൈവപരവും പ്രതിഷേധവും, പ്രതിരോധവും ഇക്കാലത്തെ ജയില്‍ വാസത്തോടെ രാഷ്ട്രീയ ശക്തിയായി മാറുന്നു.
വയനാട്ടിലെ ആദിവാസി അക്രമങ്ങള്‍ക്കുനേരെയുള്ള സമരം, തടവുശിക്ഷ പൂര്‍ത്തിയാക്കിയ പ്രതികളുടെ ജയില്‍ മോചനത്തിനായുള്ള സമരം, കുറ്റ്യാടി, വടകര സ്ഥലങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ വംശീയ അടിമത്തതിനെതിരെ നടന്ന ‘ചെക്കന്‍ വിളി’ സമരം എന്നിങ്ങനെ നിരവധി സമരമുഖങ്ങളില്‍ കുഞ്ഞുലക്ഷ്മി അമ്മ ടീച്ചറിന്റെ നിരന്തര ഇടപെടലുകളും നേതൃത്വവും ഉണ്ടായിരുന്നു. രാഷ്ട്രീയ തടവുകാരെ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ അടച്ചിരുന്നതിനെതിരെ 1983 ൽ നടന്ന പ്രക്ഷോഭത്തിന്രെ നേതൃനിരയിലും ടീച്ചറുണ്ടാരുന്നു. കേരളത്തിലെ തെക്ക് നിന്നും വടക്കു നിന്നും ശിക്ഷാ കാലാവധി കഴിഞ്ഞ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാൻ ജാഥ നടത്തി. ഇതിൽ തെക്കൻ ജാഥയ്ക്ക് നേതൃത്വം നൽകിയത് കുഞ്ഞുലക്ഷ്മി ടീച്ചറായിരുന്നു
ടീച്ചറിന്റെ സമരങ്ങള്‍ ഒന്നും നേതൃത്വത്തിനുവേണ്ടിയുള്ളവ ആയിരുന്നില്ല. അനീതിയോടുള്ള പകതീര്‍ക്കലും ആയിരുന്നില്ല. ജനതയുടെ മോചനം ലക്ഷ്യമാക്കിയവയായിരുന്നു. ടീച്ചര്‍ ഒരു നേതാവല്ല. കലഹിക്കുന്ന കലാപകാരിയായിരുന്നു. നക്‌സലെററ് പ്രസ്ഥാനത്തിന്റെ അവസാനത്തെ ഉന്മൂലന സമരമായ കേണിച്ചിറ സമരത്തിനുശേഷമുണ്ടായ പൊലീസ് ഇടപെടലുകളിലും ടീച്ചര്‍ക്ക് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു. പ്രസ്ഥാനത്തിന്രെ തളര്‍ച്ചയിലും , തകര്‍ച്ചയിലും ഖിന്നയായ ടീച്ചര്‍ ജീവിതത്തിന്റെ മറെറാരു മുഖം തുറന്നു. സന്യാസത്തിലേക്ക് പിന്‍വാങ്ങി. അതൊരു ആത്മീയ അന്വേഷണം ആയിരുന്നില്ല. തന്റെ തന്നെ കാലുഷ്യങ്ങള്‍ക്ക്, കലാപങ്ങള്‍ക്ക് ചിതയൊരുക്കാനുളള വഴികള്‍ തിരയുകയായിരുന്നു.
ടീച്ചറുടെ വീടും, സോമന്റെ സൗഹൃദവും ഫറോക്കിനെ കോഴിക്കോടിന്റെ ഊർവരമാക്കിയിരുന്നു. സാസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കും, വിപ്ലവപ്രവര്‍ത്തകര്‍ക്കും ഇടത്താവളം ആക്കുന്നതിലുപരി പലതിന്റേയും തുടക്കം ഫറോക്കിലെ മണ്ണില്‍ നിന്നായിരുന്നു. ചരിത്രത്തില്‍ ഇടം നേടിയ ഒഡേസ ഒട്ടേറേ സംഭവങ്ങളില്‍ ഒന്നുമാത്രം. അമ്മ അറിയാന്‍ സിനിമയുടെ തുടക്കം, ആരംഭ ചര്‍ച്ചകള്‍ ടീച്ചറിന്റെ വീട്ടില്‍ നിന്നായിരുന്നു.
ജോണ്‍ എബ്രാഹം ഫറോക്കില്‍, ഒഡേസയില്‍ വരുന്നത് അമ്മ അറിയാന്‍ ചെയ്യാനല്ല, ജോസഫ് എന്ന പുരോഹിതന്‍ ആയിരുന്നു അന്ന് അദ്ദേഹത്തിന്റെ മനസ്സില്‍. അതിനുളള ബജറ്റ് ഒഡേസക്കില്ലായെന്നറിഞ്ഞപ്പോള്‍ താരതമ്യേന കുറഞ്ഞ ചെലവിൽ ചെയ്യാവുന്ന സിനിമയുടെ ആലോചനയില്‍ അമ്മ അറിയാന്‍ പിറവികൊണ്ടു.
അമ്മ അറിയാനിലെ അമ്മ സ്ഥാനത്ത് ‘മ’യോ, ടീച്ചറോ, അല്ല. കലുഷിതമായ , പോരാടുന്ന യൗവ്വന ഗാര്‍ഹസ്ഥ്യത്തിന് പുറത്ത് ഒരു അമ്മയെ തേടലായിരുന്നു അത്. മക്കള്‍, ഒരു തലമുറ എന്തായിരുന്നു,എന്തിനായിരുന്നു എന്ന്. തങ്ങള്‍ക്ക് ജന്മം നല്‍കിയവര്‍ക്ക് പറഞ്ഞു കൊടുക്കാനുളള ശ്രമം. നിങ്ങള്‍തന്ന മുലപ്പാലും സ്‌നേഹങ്ങളും ഞങ്ങള്‍ പാഴാക്കിയില്ല. ചരിത്രത്തിന് അത് തിരിച്ചുനല്‍കാന്‍ ശ്രമിച്ചു എന്ന വിശ്വാസം അമ്മ അറിയാന്റെ നിരവധി അന്തര്‍ധാരകളിലൊന്നായി പ്രവര്‍ത്തിച്ചു. കുഞ്ഞു ലക്ഷി അമ്മ ടീച്ചര്‍ അതിലൊരു നിറസാന്നിധ്യം ആയിരുന്നു.
അടിയന്തരാവസ്ഥയ്ക്കു ശേഷമുളള വിപ്ലവ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ തുടർച്ചയായി രൂപം കൊണ്ടതായിരുന്നു വിപ്ലവ സാംസ്‌ക്കാരിക പ്രവര്‍ത്തനവും സംസ്‌ക്കാരികവേദി എന്ന സാംസ്‌ക്കാരിക സംഘടനയും. അദ്ധ്യാപകര്‍, കവികള്‍, നാടകപ്രവര്‍ത്തകര്‍, ചിത്രകാരന്‍മാര്‍, വിദ്യാര്‍ത്ഥികള്‍ അടങ്ങിയ വലിയ സമൂഹത്തെ സാംസ്‌ക്കാരിക വേദി സ്വാധീനിച്ചു.
മിഡില്‍ ക്ലാസ്സ് സമൂഹത്തിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ വീടിനെ, വീട്ടകങ്ങളിലെ വ്യവസ്ഥാപിത അവസ്ഥകളെ നിഷേധിച്ച് വിപ്ലവസാംസ്‌ക്കാരിക പ്രവര്‍ത്തനത്തിനിറങ്ങി.ഗ്രാമങ്ങള്‍ തോറും അലഞ്ഞു. കവി അരങ്ങുകള്‍ , ചര്‍ച്ചാവേദികള്‍, നാടകക്യാമ്പുകള്‍, ചിത്രകലാക്യാമ്പുകള്‍ കലയുടെ വിപ്ലവം ആഘോഷിച്ചു.
ഫാറൂഖ് കോളജിന് അടുത്ത് സോമന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ഫാറൂഖ് ആർട്‌സ് എന്ന പാരലൽ കോളേജും, ടീച്ചറുടെ വീടും എല്ലാവരുടേയും താവളമായിരുന്നു. ഏതു പാതിരാത്രിയും കുറ്റിയിടാത്ത വാതില്‍, വിശന്നെത്തുന്നവര്‍ക്ക് ഉളളതും, ഉണ്ടാക്കിയും കഴിക്കാവുന്ന അടുക്കള. വീട് നിറഞ്ഞ് പുറത്തേക്കൊഴുകുന്ന കലാചര്‍ച്ചകള്‍, കവിതകള്‍, എല്ലാവരും, എല്ലാവര്‍ക്കും ആതിഥ്യം അരുളി.
രാത്രിയില്‍ ഉറങ്ങാന്‍ പോകുമ്പോള്‍ വീട്ടില്‍ മൂന്നോ, നാലോ അംഗങ്ങള്‍ ഉണ്ടാകും. രാത്രികളില്‍ എത്തുന്ന സാംസ്‌ക്കാരിക അഭയാര്‍ത്ഥികളെ കൊണ്ട് രാവിലത്തേയ്ക്ക് വീട് നിറയും. എല്ലാവരും സമന്‍മാരായ ഇടം. ടീച്ചര്‍ എല്ലാത്തിനും കൂട്ടാളും കാവലാളും ആയിരുന്നു.
ടീച്ചറിലെ കലാകാരിയേയും, ധൈര്യത്തേയും, സൗമ്യസ്‌നേഹത്തേയും, ഏററുവാങ്ങി പൊലിവിച്ചതായിരുന്നു സോമന്‍ എന്ന മൂത്തമകന്‍. ആഴവും പരപ്പുമുള്ള വായന,നല്ല സംഘാടകന്‍ ചടുലമായ പ്രവർത്തനം.സോമന്റെ അകാല മരണം ടീച്ചറെ തളര്‍ത്തിയ പ്രധാനകാരണമായിരുന്നു.