1918 ഒക്ടോബറിലാണ് കുമാരനാശാൻ ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എഴുതി പൂർത്തിയാക്കുന്നത്. അശാന്റെ പ്രകൃഷ്ട രചനകളിൽ ഒന്നല്ലെങ്കിലും ആ കൃതി എഴുതാനുണ്ടായ സാഹചര്യം ആശാൻ ഒരു ചെറുകുറിപ്പായി ആമുഖത്തിൽ എഴുതിയിട്ടുണ്ട്: ” സത്യസന്ധവും ധർമ്മനിരതവുമായ കൃത്യമാർഗ്ഗങ്ങളിൽ വിഷമിപ്പിക്കുന്ന വർണ്ണനകളാൽ എല്ലാ വർഗ്ഗക്കാരുടെയും സാഹിത്യം ഇന്ന് ഏറെക്കുറെ നിബിഡമാണ്. അനവധി യോഗ്യന്മാരെ ഇന്നും ദുശ്ശക്തികൾ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതും സമ്മതിച്ചേ തീരൂ. കാലദേശാവസ്ഥകളനുസരിച്ച് ആ അനുഭങ്ങൾക്ക് നാനാർത്ഥമുണ്ടെന്നുള്ളത് ശരി തന്നെ. എന്നാൽ, സാധുവായ ഗ്രാമവൃക്ഷത്തിലെ കുയിലിന്റെ അനുഭവവും ആ കോടിയിൽപ്പെട്ടതാണ്.”
‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കെ പി കുമാരന്റെ ഏറ്റവും പുതിയ സിനിമ കണ്ടതിന് ശേഷം അശാന്റെ ഈ വരികൾ ഞാൻ പലവട്ടം ഓർക്കുകകുയം വായിക്കുകയുമുണ്ടായി. ഒട്ടനവധി യോഗ്യന്മാർക്കിടയിൽ ദുശ്ശക്തികൾ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കലാകാരനാണ് കെ പി കുമാരൻ.
ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ മുതൽ ആർട്ട് സിനിമകൾ അഥവാ ഉച്ചപ്പടങ്ങൾ എന്ന പേരിൽ കേരളത്തിലെ സിനിമകൾക്ക് പ്രമേയപരമായും ചലച്ചിത്രഭാഷയിലും വ്യതിരിക്തത ഉണ്ടായിരുന്നുവെങ്കിലും അവയുടെ സാമൂഹിക ദൗത്യം, ഫലത്തിൽ, വ്യാപാര സിനിമകളുടേത് തന്നെയായിരുന്നു. സ്വന്തം സിനിമകളെക്കുറിച്ച് ഈ പുതിയ ചലച്ചിത്രകാരന്മാർ വച്ചുപുലർത്തിയ ആത്മവിശ്വാസത്തിനും അവയുടെ സംഘടിത രൂപത്തിനും വ്യാപാര സിനിമകളായിരുന്നു മാതൃക.

Also Read: അതിഥി മുതല് ആകാശഗോപുരം വരെ, ഞാനും എന്റെ സിനിമാ ജീവിതവും: കെ.പി. കുമാരന്
അറുപതുകളുടെ ആദ്യം നാറാണത്ത് ഭ്രാന്തൻ എന്ന മിത്തിനെ ഉപജീവിച്ച് കെ പി കുമാരൻ സംവിധാനം ചെയ്ത “ദ് റോക്ക്” (The Rock) എന്ന ഹ്രസ്വചിത്രം 25,000 രൂപയുടെ അവാർഡ് നേടി എന്ന വാർത്ത കൗമാരക്കാരായ ഞങ്ങളെയൊക്കെ വല്ലാതെ സ്വാധീനിച്ചു. ഞങ്ങളുടെ അയൽദേശമായ കൂത്തുപറമ്പുകാരന് ഇത്തരമൊരു അംഗീകാരം ലഭിച്ചതിൽ ഞങ്ങൾ ശരിക്കും അഭിമാനിച്ചു. 25,000 രൂപ എന്നത് അന്നത്തെ നിലയിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വലിയ തുകയായിരുന്നു.
1974ൽ പാലക്കാട്ടെ ഒരു തിയേറ്ററിൽ വച്ചാണ് ഞാൻ ‘അതിഥി’ എന്ന സിനിമ കാണുന്നത്. നൂൺ ഷോ കണ്ട് പുറത്തിറങ്ങുമ്പോൾ ആരോ ശക്തിയായി ഇടിച്ചത് പോലെ എനിക്ക് തലകറങ്ങി. അട്ടപ്പാടയിൽ റെയ്ഞ്ചറായിരുന്ന ഗോവിന്ദൻ എന്ന സുഹൃത്തിന്റെ ക്വാട്ടേഴ്സിൽ ഒരാഴ്ച ‘അടിച്ചുപൊളിക്കാനായി’വന്നവരായിരുന്നു ഞാനും മറ്റ് നാല് സുഹൃത്തുക്കളും.
എന്തുപറ്റി നിനക്ക് എന്ന് ചോദിച്ചുകൊണ്ട് ഗോവിന്ദൻ തിയേറ്ററിന് പുറത്തെ കൽബെഞ്ചിൽ എന്നെ ചേർത്ത് പിടിച്ച് ഇരുത്തി. ഇനി ഏതെങ്കിലും നല്ല ഹോട്ടലിൽ കയറി സമൃദ്ധമായ ഭക്ഷണം കഴിച്ച് അട്ടപ്പാടിയിലേക്ക് തിരിക്കാം എന്നായിരുന്നു പൊതുധാരണ.
ഞാൻ പറഞ്ഞു: എനിക്ക് ഈ സിനിമ ഒന്നുകൂടെ കാണണം. കൂട്ടത്തിലുള്ളവരെല്ലാം നിരാശിതരായി. എങ്കിലും പുസ്തകം വായിക്കുന്ന ആൾ എന്ന നിലയിൽ അവർ, എന്നെ ‘ ബുദ്ധിജീവി’യായി കണക്കാക്കയിരിന്നതുകൊണ്ട് 6.30 ന്റെ ഷോയിൽ ഞങ്ങൾ വീണ്ടും സിനിമ കണ്ട് റെയ്ഞ്ചറുടെ ജീപ്പിൽ അട്ടപ്പാടിയിലേക്ക് തിരിച്ചുപോയി.

അന്നും ഇന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ ‘അതിഥി’ തന്നെ. കരുണേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന നഗരത്തിലെ ബിസിനസ് മാഗ്നെറ്റായിരന്ന, സമ്പത്തിന്റെയും അധികാരത്തിന്റെയും ആൾരൂപമായിരുന്ന ആളും അയാളുടെ ഭാര്യ രമണിയുമായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. അവർ താമസിച്ചിരുന്ന വീടും പരിസരവും ‘അതിഥി’യിലെ കഥാപാത്രങ്ങളായി മാറുന്നുണ്ട്.
ഇരുളും വെളിച്ചവും കൂട്ടിച്ചേർന്ന ആ വീട്ടിലേക്ക് വൈകുന്നേരം ചീട്ടുകളിക്കാനായി എത്തിച്ചേരുന്ന അഞ്ചെട്ടുപേർ. അവർക്ക് ചായ നൽകിയും അവരോട് വശ്യമായി പുഞ്ചിരിച്ചും പ്രലോഭിപ്പിച്ചും രമണി സ്വയം ആസ്വദിച്ചു. കൂട്ടത്തിൽ ഒരാളായ ബാലൻ കെ. നായർ അവതരിപ്പിച്ച കഥാപാത്രത്തോട് രമണിക്ക് കാമാതുരമായ ബന്ധമുണ്ട്. അയാളാണ് കരുണേട്ടന് വലിക്കാൻ കഞ്ചാവ് കൊണ്ടുക്കൊടുക്കുന്നത്. അതും രമണിക്ക് തന്നോടുള്ള ഔദാര്യമായിത്തന്നെയാണ് കരുണേട്ടൻ തിരിച്ചറിയുന്നത്. കഞ്ചാവ് വലിച്ച് ശരീരം മുഴുവൻ തകർന്ന നിലയിലുള്ള കരുണേട്ടന്റെ നിസ്സഹായ ഭാവം പി ജെ ആന്റണി എന്ന മഹാനടൻ ആവിഷ്ക്കരിച്ചത് മറക്കുക വയ്യ.
Also Read: ഇ പി ഉണ്ണിയുടെ എഴുത്തിലും വരയിലും തെളിയുന്ന കെ പി കുമാരന്റെ കുമാരനാശാന്
‘നിർമ്മാല്യം’ എന്ന സിനിമയിലെ വെളിച്ചപ്പാടിനെ അതിലും നന്നായി അവതരിപ്പിക്കാൻ മറ്റൊരു നടന് സാധിച്ചേക്കാം. പക്ഷേ, കഞ്ചാവിന്റെ പിടയിലമർന്ന് മനുഷ്യഭാവങ്ങളെല്ലാം ഉൾവലിഞ്ഞു നിൽക്കുന്ന കരുണേട്ടന്റെ നിസ്സാഹയമായ സ്വത്വത്തെ അവതരിപ്പിക്കാൻ പി ജെ ആന്റണിക്ക് മാത്രമേ കഴിയൂ. അഭനയത്തികവിന് അതിലും വലിയൊരു മാതൃക ഞാൻ വേറെ കണ്ടിട്ടില്ല.
മുപ്പത്തി അഞ്ച് വർഷക്കാലത്തെ ചലച്ചിത്ര സപര്യയിൽ മുപ്പതിലേറെ ചിത്രങ്ങൾ കെ പി കുമാരൻ മലയാളികൾക്ക് കാഴ്ചവച്ചു. അദ്ദേഹത്തിന്റെ ഓരോ ചിത്രവും ഓരോ പരീക്ഷണമായിരുന്നു. ചലച്ചിത്രത്തിന്റെ ഭാഷയിലും പുതിയ ഭാവുകത്വം സൃഷ്ടിച്ചവയായിരുന്നു അവ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് ഗ്രാമവൃക്ഷത്തിലെ കുയിൽ.
ലോക കവിയായ മഹാകവി കുമാരനാശനെ കുറിച്ചുള്ളതാണ് കുമാരൻ സംവിധാനം ചെയ്ത ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന ചിത്രം. ആശാൻ ലോക കവിതയ്ക്ക് മലയാളത്തിന്റെ സംഭാവനയാണ്. ലോർക്കയ്ക്കും നെരൂദയ്ക്കും ഷേക്ക്സ്പിയറിനും മാർലോവിനും ഒപ്പം ലോകത്തിലെ ഏറ്റവും വലിയ മഹാകവികൾക്കൊപ്പമാണ് അദ്ദേഹത്തിന്റെ സ്ഥാനം.

ആവശ്യത്തിലേറെ എഴുതിയും പറഞ്ഞും കഴിഞ്ഞതുകൊണ്ട് ‘ഗ്രാമവൃക്ഷത്തിലെ കുയിലി’നെ കുറിച്ച് വീണ്ടും എന്തെങ്കിലും നിഗമനങ്ങൾ എടുത്തുപറയാൻ ഉദ്ദേശ്യമില്ല. ഖണ്ഡനപരമായും മണ്ഡനപരമായും ആശാനെക്കുറിച്ച് ആയിരത്തിലേറെ പുസ്തകങ്ങൾ മലയാളത്തിൽ വന്നു കഴിഞ്ഞിട്ടുണ്ട്. ആശാൻ എന്ന കവി ആരാണ്; എന്താണ് അദ്ദേഹത്തിന്റെ ദർശനം ആ മനുഷ്യനെ നിരന്തരം പീഡിപ്പിച്ചിരുന്ന ചിന്തകൾ എന്തായിരുന്നു എന്ന് വരും തലമുറയിലെ വിദ്യാർത്ഥികൾക്കും വായനക്കാർക്കും നിരൂപകർക്കും മനസ്സിലാവണമെങ്കിൽ കെ പി കുമാരൻ സംവിധാനം ചെയ്ത ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന ചിത്രം കാണുക തന്നെ വേണം.
‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ ആശാന്റെ വ്യക്തി ജീവിതത്തെയും ദർശനത്തെയും ശ്രീനാരായണ ഗുരുവുമായുള്ള സംഘർഷഭരിതമായ രാഗദ്വേഷ ബന്ധത്തെയും ഇഴ പിരിക്കുന്നു. സ്നേഹം പ്രണയം സർഗ്ഗാത്മകത തുടങ്ങിയ സങ്കൽപ്പനത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കു വയ്ക്കുന്നു.
1960കൾ മുതൽ കേരളത്തിൽ വികസിച്ചു വന്ന ആർട്ട് ഫിലിമുകൾ എന്നറിയപ്പെടുന്ന സംവർഗ്ഗത്തിൽ കുമാരേട്ടന്റെ സിനിമകൾ ആരും ഉൾപ്പെടുത്തിക്കാണാറില്ല. ആർട്ട് ഫിലിമിന്റെയും അതുണ്ടാക്കിയ വരേണ്യ ചലച്ചിത്ര സംസ്കൃതിയുടെയും പടിക്ക് പുറത്തായിരുന്നു എന്നും കെ പി കുമാരന്റെ സ്ഥാനം. എങ്കിലും ഗ്രാമവൃക്ഷത്തിലെ കുയിൽ നാളത്തെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആശാൻ വായനക്കാർക്കും ഒരു പാഠപുസ്തകമായിരിക്കും എന്ന് തീർച്ച.