scorecardresearch
Latest News

കെഎസ്എസ് നമ്പൂരിപ്പാട്‌: ഗണിതശാസ്ത്രത്തിലെ മലയാളി സാന്നിധ്യം

14 ഉം 16 ഉം നൂറ്റാണ്ടിൽ പേരെടുത്ത കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്സ് എന്ന പ്രാചീന ഗവേഷണ പരമ്പര്യത്തിന്റെ ഇങ്ങേത്തലയ്ക്കൽ നമുക്ക് ചേർത്ത് വായിക്കാവുന്ന പേരാണ് ഡോ . കെ. എസ്. എസ് നമ്പൂരിപ്പാടിന്റേത്

കെഎസ്എസ് നമ്പൂരിപ്പാട്‌: ഗണിതശാസ്ത്രത്തിലെ മലയാളി സാന്നിധ്യം

ജനുവരി അഞ്ചിലെ പത്രത്തിലെ ചരമകോളത്തിൽ ഒരു ചെറിയ ചിത്രത്തോടെ കെഎസ്എസ് നമ്പൂരിപ്പാട്‌ എന്നു കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. അദ്ദേഹം മരിച്ച വിവരം തലേന്ന് രാത്രി അറിഞ്ഞിരുന്നു. ആ വാർത്ത കേരളത്തിലെ പത്രങ്ങളുടെ ആദ്യ പേജിൽ വലിയ പ്രാധാന്യത്തോടെ ഉണ്ടാവും എന്നായിരുന്നു എന്റെ തോന്നൽ. ചരമകോളത്തിൽ അഞ്ചു വരിയിൽ ഒരു കോളം വാർത്തയായി ഒതുങ്ങേണ്ട ഒരു ജീവിതമായിരുന്നുവോ നമ്പൂരിപ്പാടിന്റേത്?

ഗണിത ശാസ്ത്ര ലോകം ആദരവോടെ കാണുന്ന മലയാളിയായ ഈ പ്രതിഭയെ ഇവിടെ ആരും അറിയില്ല എന്ന തിരിച്ചറിവ് മനസ്സിൽ വേദനയുളവാക്കി. കേരളത്തിൽ പ്രവർത്തിച്ചുകൊണ്ട് ഗണിത ശാസ്ത്രത്തിന് വലിയ സംഭാവനകൾ നൽകുകയും വിദേശ സർവ്വകലാശാലകളൊക്കെ അംഗീകരിക്കുകയും ചെയ്ത അദ്ധ്യാപകനാണ് ഡോ.കെ.എസ്. എസ്. നമ്പൂരിപ്പാട്. എന്നിട്ടും നമ്മുടെ മാധ്യമലോകവും പൊതുമണ്ഡലവും അദ്ദേഹത്തെ അറിഞ്ഞില്ല എന്നത് എന്തിന്റെയോ ദു:സൂചനയല്ലേ?

ഗൗരവമായ വിഷയങ്ങളോടുള്ള നമ്മുടെ മനോഭാവത്തെക്കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. കേരളത്തിന് മഹാപാരമ്പര്യം അവകാശപ്പെടാവുന്ന ഗണിത ശാസ്ത്രം പോലൊരു വിഷയത്തിൽ പ്രവർത്തിച്ച ഒരാളിന്റെ ഗതിയാണ് ഇതെന്ന് ഓർക്കണം. 14 ഉം 16 ഉം നൂറ്റാണ്ടിൽ പേരെടുത്ത കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്സ് എന്ന പ്രാചീന ഗവേഷണ പരമ്പര്യത്തിന്റെ ഇങ്ങേത്തലയ്ക്കൽ നമുക്ക് ചേർത്ത് വായിക്കാവുന്ന പേരാണ് ഡോ . കെ. എസ്. എസ് നമ്പൂരിപ്പാടിന്റേത്.

ആരായിരുന്നു നമ്പൂരിപ്പാട്?

1935 ൽ എറണാകുളം ജില്ലയിലെ പുത്തുമാനൂർ എന്ന സ്ഥലത്ത് ഒരു യാഥാസ്ഥിക ബ്രാഹ്‌മണ കുടുംബത്തിലാണ് കൊമനമന ശങ്കരനാരായണന്‍ സുബ്രമണ്യന്‍ നമ്പൂരിപ്പാട്‌ ജനിച്ചത്. പാരമ്പര്യപ്രകാരമുള്ള വേദ പാഠങ്ങൾ ബാല്യകാലത്തു തന്നെ അദ്ദേഹത്തിനു ലഭിച്ചു. അതിലും മിടുക്കനായ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. പിന്നീടും ഭാരതീയ ചിന്തയിൽ അദ്ദേഹം വ്യാപൃതനായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് ആലുവ യൂ സി കോളേജിൽ അദ്ധ്യാപകനായി ജോലിനോക്കി. പിന്നീട് കേരള സർവകലാശാലയിൽ ഗവേഷണപഠനങ്ങളിൽ മുഴുകി. സർവകലാശാല ഗണിത ശാസ്ത്ര വിഭാഗത്തിൽ അദ്ധ്യാപകനായി. ഇടയ്ക്കു വെച്ച് കേരള ഭാഷാ ഇൻസ്റ്റിട്യൂട്ടിൽ എഡിറ്റർ ആയും പ്രവർത്തിച്ചു. വീണ്ടും അദ്ധ്യാപനത്തിലേക്ക് തിരിച്ചുപോയി. 1983 മുതൽ 1995 ൽ സർവീസിൽ നിന്ന് വിരമിക്കുന്നത് വരെ സർവകലാശാല ഗണിത ശാസ്ത്ര വിഭാഗം മേധാവിയായി പ്രവർത്തിച്ചു. ആ നിലയിലും വലിയ മാറ്റങ്ങൾക്കും പുതിയ അധ്യാപന രീതികൾക്കും അദ്ദേഹം നേതൃത്വം കൊടുത്തു. ഇതിനിടയിൽ അദ്ദേഹം ലോകം അറിയുന്ന ഗണിതശാസ്ത്ര പ്രതിഭയായി അംഗീകാരം നേടി.k s nambooripad, n e sudheer, iemalayalam

നമ്പൂരിപ്പാട് ഓർഡർ

1973 അദ്ദേഹം പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം ഗണിതശാസ്ത്ര ലോകം ശ്രദ്ധിച്ചു. 1974 ൽ കേരള സർവകലാശാലയിൽ നിന്ന് പി എച് ഡി നേടി. കേരള സർവകലാശാലയുടെ ആദ്യത്തെ ഗണിതശാസ്ത്ര പി എച് ഡി അത്. മോഡേൺ ആൾജിബ്രയിലെ സെമി ഗ്രൂപ് മേഖലയിലാണ് നമ്പൂരിപ്പാട്‌ ഗവേഷണം തുടർന്നത്. ആ മേഖലയിൽ മൗലികമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി. നമ്പൂരിപ്പാട് ഓർഡർ (Nambooripad Order) എന്ന പേരിൽ പിന്നീട് അറിയപ്പെട്ട ഒരു സുപ്രധാന സിദ്ധാന്തത്തിനും അദ്ദേഹം രൂപംകൊടുത്തു. അങ്ങനെ ലോക ഗണിതശാസ്ത്ര രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഗവേഷകനായ നിലകൊണ്ടു.

സെമി ഗ്രൂപ് ഘടനയെ ആഴത്തിൽ അറിയുവാൻ നിരന്തരം ശ്രമിച്ചു. നോർത്ത് ഇലിനോയിസ്, ഗ്രീൻ സ്റ്റേറ്റ് സർവകലാശാല,  നാഷണൽ സയൻസ് ഫൗണ്ടേഷൻ  എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസര്‍ ആയി. അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വന്നപ്പോൾ മുതൽ ടെക് (TeX) എന്ന ടൈപ്പ്സെറ്റിങ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതിലും അതിന്റെ പ്രചാരണത്തിലും മുഴുകി. തന്റെ ശിഷ്യരേയും സഹപ്രവർത്തകരെയും, പരിചയക്കാരെയും ആ രംഗത്തേക്ക് നയിച്ചു. ഇന്ത്യ ടെക് യൂസേഴ്സ് ഗ്രൂപ്പിന്റെ സ്ഥാപക പ്രസിഡന്റായി പ്രവർത്തിച്ചു. അതോടൊപ്പം സ്വതന്ത്ര സോഫട് വെയർ പ്രസ്ഥാനത്തിലും സജീവ സാന്നിധ്യമായി.

അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ലോകത്തെ പല യുണിവേഴ്സിറ്റികളും സെമിനാറുകൾ നടന്നു. ലോകം പ്രതിഭാശാലിയായ ഈ മലയാളിയെ അടുത്തറിഞ്ഞപ്പോൾ കേരളം അദ്ദേഹത്തെ അറിയാൻ ശ്രമിച്ചതേയില്ല. അദ്ദേഹത്തിന്റെ ശിഷ്യർ ഉൾപ്പടെയുള്ള വലിയൊരുകൂട്ടം ആളുകൾ ഉന്നത ഗവേഷണ മേഖലയിൽ പ്രവർത്തിച്ചിട്ടും ഇതൊക്കെ സംഭവിച്ചു എന്നത് ശരിക്കും നമ്മുടെ വിദ്യാഭ്യാസ രംഗത്തെ നിലവാര തകർച്ചയിലേക്ക് വിരൽ ചൂണ്ടുന്നു. അറിവിനെയും മൗലികസംഭാവനകളെയും അംഗീകരിക്കാൻ ഒരു സമൂഹം എന്ന നിലയിൽ നമ്മൾ മടിക്കുന്നത് എന്തുകൊണ്ട്? തരം താണ വിവാദങ്ങളിലും, താര പരിവേഷ പ്രശസ്തിയിലും മാത്രം അഭിരമിക്കുന്ന ഒരു സമൂഹമായി നമ്മൾ മാറുകയാണോ?

ഇന്നിപ്പോൾ കെ എസ് എസ് നമ്പൂരിപ്പാട്‌ ഓർമ്മയായി. ശാസ്ത്ര ലോകത്തിന് മറക്കാനാവാത്ത സംഭാവനകൾ നൽകി, ഒന്നും അവകാശപ്പെടാതെ ആരോടും പരിഭവമില്ലാതെ ഒരു സാധാരണ മനുഷ്യനായി ജീവിച്ച്‌ അദ്ദേഹം ജീവിതദൗത്യം പൂർത്തിയാക്കി. ആ വഴിയിൽ തികച്ചും യാദൃശ്ചികമായി കാണാനും, പരിചയക്കാരനാവാനും സാധിച്ച ഒരാളാണ് ഈ ലേഖകൻ. അദ്ദേഹത്തിന്റെ സംഭാവനകളെ അറിയാനോ, അതേപ്പറ്റി വിശദീകരിക്കാനോ ഒരു ശാസ്ത്ര വിദ്യാർഥിപോലും അല്ലാത്ത ഞാനാളല്ല. എന്നാൽ ഈ മണ്ണിൽ അറിവുകൊണ്ട് നിശ്ശബ്ദവിപ്ലവം നടത്തിയ ഒരാളെ കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് സാധ്യമല്ല. അതിനാലാണ് ആ വലിയ മനുഷ്യനെ പറ്റി ഇങ്ങനെ ഒരു സ്മരണ കുറിച്ചത്.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Kss nambooripad mathematician free software evangelist memories