scorecardresearch

സ്വർഗത്തിലെ പുൽമേടുകൾ

സ്റ്റൈൻബെക്കിന്റെ പന്ത്രണ്ട് കഥകളുടെ പശ്ചാത്തലത്തിലൂടെ കോട്ടഗിരി ചുരം കയറി നീലഗിരിക്കാഴ്ചയുടെ കാണാപ്പുറങ്ങളിലേയ്ക്ക് യാത്രികനായ ലേഖകൻ

pramal kelat

നീലാകാശത്തിൽ മേഞ്ഞു നടക്കുന്ന പഞ്ഞികെട്ടുപോലുള്ള മേഘങ്ങൾ. പലതരം പച്ചകൾ ആ നീല പശ്ചാത്തലത്തിൽ വേറിട്ട് നിൽക്കുന്നു. തെളിഞ്ഞ അന്തരീക്ഷം ഭൂമിയുടെ അറ്റംവരെ കാഴ്ച നൽകുന്നുണ്ട്. ദൂരെ അങ്ങ് താഴെയായി വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡ്. മല കയറി വരുന്ന ചരക്കു ലോറികൾ ഒളിച്ചു കളിക്കുകയാണോ? ഒരു വളവിൽ മറയുന്ന അവ ഇനിയൊരു വളവിൽ തെളിഞ്ഞു വരുന്നു. ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരിടത്താവും പ്രത്യക്ഷപ്പെടുന്നത്. സുഖകരമായ ഇളം തണുപ്പിനിടയ്ക്ക് കുസൃതികാട്ടി തണുപ്പിന്റെ കാഠിന്യം കൂട്ടുന്ന കാറ്റു. വണ്ടി നിർത്തിയ വഴിയരുകിലെ മരത്തണലിനിടയിലൂടെ ചിതറി വീഴുന്ന ഇളം വെയിലിനു ചൂടുകാലത്തെ ഇളം കാറ്റിന്റെ അതേ സുഖം. ആഹ്! ഇതൊരു മനോഹര ദിനം.

കടൽ തീരത്തു ജനിച്ചു വളർന്നവർക്കു പോലും കണ്ടു തീരാത്ത അത്ഭുതമാണ് കടൽ. നാട്ടിലുള്ളപ്പോൾ കടൽ കണ്ടില്ലെങ്കിൽ നാട്ടിൽ വന്നു എന്ന് തോന്നാത്തത്ര വേണ്ടപ്പെട്ടവൾ. എന്നിരുന്നാലും, തീരദേശക്കാർക്കു മലകളോടൊരു പ്രത്യേക ആകർഷണമുണ്ട്. അല്ലെങ്കിൽ ആർക്കാണ് ചുരം കയറി തണുപ്പുള്ള മലകളിലേക്കു പോകാൻ ഇഷ്ടമില്ലാത്തത്? ഇവിടെ ഈ കൊങ്കു നാടിനു ചുറ്റും മലകളാണ്. ഇടയ്ക്കു തോന്നും മലകളുണ്ട് എന്നത് ഒരു തോന്നൽ മാത്രമാണെന്ന്. ഇടയ്ക്കു കൈ നീട്ടിയാൽ തൊടാൻ പറ്റുന്ന അകലത്തിലും. ആ തരത്തിലുള്ള ദിവസങ്ങളിൽ മലകളുടെ വിളി അവഗണിക്കാൻ പറ്റാത്ത വിധം ഉച്ചത്തിലാവും. മലകൾക്കിടയിലൂടെയും മുകളിലൂടെയും പതഞ്ഞൊഴുകുന്ന മേഘങ്ങൾ ഇരിപ്പുറപ്പിക്കാൻ പറ്റാത്ത അസ്വസ്ഥയാകുമ്പോൾ അങ്ങിറങ്ങും. നീലമലകളിലേക്ക്!!

കോയമ്പത്തൂർ നഗരത്തിൽ നിന്നും മേട്ടുപ്പാളയം ടൗണിലേക്ക് ചില നാട്ടു വഴികളൊക്കെയുണ്ട്. ഗൂഗിൾ വഴികാട്ടി പറഞ്ഞു തരുന്നതാണ്. കറിവേപ്പില പാടങ്ങൾ കണ്ടു കുറച്ചു ചുറ്റിയാലും തിരക്കൊഴിവാക്കി മേട്ടുപ്പാളയത്തെത്താം. ടൗൺ കടക്കുകയെന്ന ദുർഗ്ഗം കഴിഞ്ഞു ഭവാനിക്കു കുറുകെയുള്ള പാലം കടന്നാൽ പിന്നെ തീരുമാനിക്കാം, കൂനൂർ ചുരം റോഡ് വേണോ കോട്ടഗിരി ചുരം റോഡ് വേണോ എന്ന്. കൂനൂർ ചുരം റോഡ് ദേശീയ പാതയാണ്. അതിനൊത്ത തിരക്കും. തിരക്കൊഴിവാക്കുകയെന്നതു ഡ്രൈവിന്റെ സുഖത്തിനു അത്യാവശ്യമായതുകൊണ്ടു തന്നെ മിക്കവാറും കോട്ടഗിരി ചുരം റോഡ് വഴി തിരിയും. ഒട്ടു ദൂരം ചെന്ന് പതുക്കെ കുന്നു കയറാൻ തുടങ്ങിയാൽ കാറിന്റെ ചില്ലുകൾ താഴ്ത്താം. ശുദ്ധ വായു ശ്വസിച്ചു എസിക്കു നല്കാൻ പറ്റാത്ത തണുപ്പിന്റെ സുഖം അനുഭവിച്ചുള്ള ഡ്രൈവ്. ഓരോ തിരിവും കയറ്റവും കയറുന്നതിനനുസരിച്ചു താഴ്‌വാര കാഴ്ചകൾ മാറി മാറി വരും.

kottagiri, ooty, kottagiri tea plantation, pramal, travel,
കോട്ടഗിരി തേയില തോട്ടം

സള്ളിവൻ സായിപ്പു ഊട്ടി കണ്ടുപിടിച്ചത് കോട്ടഗിരി വഴിയാണ്. സാധാരണയായി തിരക്കില്ല എന്നതാണീ വഴിയുടെ ഏറ്റവും വലിയ ആകർഷണം. വണ്ടി ഒതുക്കി നീലമലകളുടെ ഞൊറികളും മഞ്ഞിന്റെ പുതപ്പും ആവോളം ആസ്വദിക്കാൻ പറ്റിയ വഴി. കുന്നു കയറി കോട്ടഗിരിയും പരിസര പ്രദേശങ്ങളിലും എത്തിയാലും ഉണ്ട് ഈ ശാന്തത. കൂനൂരും ഊട്ടിയും പോലെ സഞ്ചാരികൾ വന്നു നിറയുന്ന ഇടമല്ല. ചായത്തോട്ടങ്ങൾ കാണാം, വിവിധ തരം പക്ഷികളെ കാണാം, പൂത്തു നിൽക്കുന്ന മരങ്ങൾ, മലഞ്ചെരിവുകളിലും, മതിലുകളിലും പടർന്ന വള്ളികൾ നിറയെയും വർണപൂക്കളാണ്. കാട്ടുപോത്തുകൾ നാട്ടു മൃഗങ്ങളെപ്പോലെ സാധാരണമാണിവിടെ. നല്ല കാഴ്ചകളുള്ള ആളൊഴിഞ്ഞ ഒരിടത്തു സമയം ചിലവഴിച്ചു തിരിച്ചു വരിക. അത്രെയേ ഈ ഡ്രൈവുകൾ കൊണ്ട് ഉദ്ദേശമുള്ളു. ശാന്തമായ തണുപ്പുള്ള അന്തരീക്ഷം കുറച്ചു നാളുകൾക്കെങ്കിലുമുള്ള മനസുഖം ഉറപ്പു നൽകും.

അങ്ങനെ നിശബ്ദതയുടെ മുഴക്കം (ഗുൽസാറിന് വണക്കം) ആസ്വദിച്ചിരിക്കുമ്പോൾ ദൂരങ്ങളിൽ കാണാം കളിവീടുകൾ. ഓട് പാകിയ അല്ലെങ്കിൽ തകിട് പാകിയ വർണപൂക്കൾ പടർന്ന മരച്ചുമരുകളുള്ള കുഞ്ഞു വീടുകൾ. അടുക്കള ചിമ്മിനിയിൽ നിന്നും പുക ആകാശത്തേക്കുള്ള യാത്രയിലാണ്. ആരോഗ്യം തുടിക്കുന്ന കുട്ടികൾ അത്രതന്നെ ആരോഗ്യം തുടിക്കുന്ന നായ്ക്കളുമായി ഓടി കളിക്കുന്നുണ്ടാവും. അടുത്തുള്ള തോട്ടങ്ങളിൽ പണിക്കാർ തിരക്കിലാണ്. കാഴ്ചക്കാരന്റെ കാഴ്ചപ്പാടിൽ തികഞ്ഞ സംതൃപ്ത ജീവിത രീതി. നല്ല കാലാവസ്ഥയുള്ള ഫലഭൂയിഷ്ഠമായ ഒരിടം, അവിടെ ചെറുതെങ്കിലും ഊഷ്മളത നിറഞ്ഞ വീട് സുന്ദരമായ ഭൂപ്രകൃതി. മത്സരങ്ങളില്ലാത്ത, തിരക്കുകളില്ലാത്ത, പൊങ്ങച്ചങ്ങളില്ലാത്ത സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു കവിയുന്ന വിഷങ്ങളില്ലാത്ത ഒരിടം. മനുഷ്യന് സന്തോഷകരമായ ജീവിതം നയിക്കാൻ ഇതിൽപ്പരം എന്ത് വേണം. ഈ സ്വർഗ്ഗത്തിന്റെ പുൽമേടുകളല്ലാതെ?

അറിയാം ഇത് വെറും അക്കരപ്പച്ചയാണെന്നു. സുന്ദരമായ ഒരു ചിത്രത്തിൽ നിന്നിറങ്ങി വന്നപോലെയുള്ള ആ വീടുകൾ ചോർന്നലിക്കുമെന്നും മരം കോച്ചുന്ന തണുപ്പിൽ നിന്നും പേരിനു മാത്രം രക്ഷ കൊടുക്കുന്ന മാടങ്ങൾ മാത്രമാണെന്നും. അതിലധികം ആ കളിവീടുകൾ അവർക്കു സ്വന്തം പോലുമല്ല എന്ന്. അക്കരപ്പച്ചയെപ്പറ്റി കുന്ദേര ഒരു നോവൽ എഴുതി Life is Elsewhere! ജീവിതം മറ്റെങ്ങോ ആണ്! എന്നാൽ ഈ ഒരു ഭൂമികയിൽ നിൽകുമ്പോൾ ജോൺ സ്റ്റൈൻബെക്കിന്റെ സ്വർഗ്ഗത്തിന്റെ പുൽമേടുകൾ (The Pastures of Heaven) ആണ് കൂടുതൽ അനുയോജ്യമായി തോന്നുന്നത്. ഇംഗ്ലീഷ് ഭാഷയിൽ വായിക്കാൻ അറിയുന്നതിന്റെ ഒരു സൗഭാഗ്യം സ്റ്റൈൻബെക്കിനെ വിവർത്തന ശോഷണം ഇല്ലാതെ വായിക്കാം എന്നതാണ്. കവിതയോടടത്തു നിൽക്കുന്ന ഗദ്യം. ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ (Grapes of Wrath) പോലെയുള്ള ഇതിഹാസമാനമുള്ള നോവലുകൾക്കും കാനറി റൗയും (Cannery Row) ടോർട്ടില്ല ഫ്ലാറ്റും (Tortilla Flat) പോലെ അതീവ ഹൃദയ സ്പർശിയായ ചെറു നോവലുകളിലേക്കും നയിച്ചത് ആദ്യം വായിച്ച സ്വർഗ്ഗത്തിന്റെ പുൽമേടുകളാണ്. ട്രാവൽസ് വിത്ത് ചാർലിയിൽ (Travels with Charlie) ആണെന്ന് തോന്നുന്നു സ്റ്റൈൻബെക്ക് എഴുതിയത്, ഓരോരുത്തരുടെയും യാത്രയും വ്യത്യസ്തമാണെന്ന്. യാത്രചെയ്യും സ്ഥലം ഒന്നാണെങ്കിൽത്തന്നെയും. എഴുത്തിൽ മനുഷ്യരുടെ കഥകൾ മറ്റാരും പറയാത്ത വിധത്തിൽ നമുക്കറിയാവുന്ന ആളുകളുടെതായി നമ്മുക്ക് കരുതലുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഇതിലുമതികം സാധിച്ച എഴുത്തുകാർ കുറവാണ്.

പരസ്പരം ഇഴചേരുന്നു കിടക്കുന്ന 12 കഥകളുടെ സമാഹാരമാണ് സ്വർഗ്ഗത്തിന്റെ പുൽമേടുകൾ. Steinbeck Country; “സ്റ്റൈൻബെക്കിന്റെ ദേശം” എന്ന പേരിൽ സാഹിത്യ ലോകത്തറിയപെടുന്ന കാലിഫോർണിയ മൊണ്ടേറെയിലെ ഇന്നും തനിച്ചു നിൽക്കുന്ന ഒരു ഗ്രാമത്തിന്റെ ജീവിതം ചിത്രീകരിച്ച പുസ്തകം. ഈ ദേശത്തു വന്നു ചേരുന്നവരുടെ, തുടരുന്നവരുടെയും കഥകൾ. അതേപോലെ ഇവിടം വിട്ടു പോവേണ്ടി വന്നവരുടെ കഥകൾ എന്ന് വേണമെങ്കിൽ ഈ കഥകളെ തിരിക്കാം.

കുടിയേറ്റങ്ങൾ; വേരിറങ്ങിയവർ

kottagiri town, kottagiry churam, ooty, travel, pramala,

കഥ 1: സള്ളിവൻ നീലഗിരി കണ്ടു പിടിച്ചപോലെ (?) ഒരു സ്പാനിഷ് കോർപറൽ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിലെപ്പോഴോ കണ്ടു പിടിച്ച ഇടമാണ് സ്വർഗ്ഗത്തിന്റെ പുൽമേടുകൾ (കോറൽ ഡി ടിയറ) എന്നയാൾ വിളിച്ച ആ മനോഹര ദേശം. റിട്ടയർ ചെയ്താൽ ഇവിടെ ശിഷ്ട കാലം ജീവിക്കണം എന്നാഗ്രഹിച്ചയാൾക്കു എന്നാൽ ആ യോഗമുണ്ടായില്ല. ആർക്കും പ്രത്യേകമായി പതിച്ചു നൽകപെടാതിരുന്ന അവിടം ഭൂരഹിതർ കുടിയേറി. ഫലഭൂയിഷ്ഠമായ മണ്ണ് അടുത്ത നൂറു വർഷങ്ങൾ കൊണ്ട് ആ ഇടത്തെ അഭിവൃദ്ധിയുള്ള ഗ്രാമമാക്കി. ഈ കഥയാണ് ആമുഖവും ആദ്യത്തെ കഥയും.

കഥ 2: ബേർട്ട് മൺറോ. എവിടെ നിന്നോ ഗ്രാമത്തിൽ വന്നു ചേർന്ന ബേർട്ട് മൺറോ എന്ന ചെറുപ്പക്കാരൻ ശപിക്കട്ടെ ഒരു കൃഷിയിടവും അതോടു ചേർന്ന വീടും സമൃദ്ധിയുള്ള തോട്ടവും തലമുറകൾക്കു വാസയോഗ്യമായ ഇടമായി മാറ്റുന്ന കഥ. ബാറ്റിൽ ഫാം എന്നറിയപ്പെട്ട ഇവിടെ മുൻപ് വസിച്ചിരുന്നു കുടുംബങ്ങൾ വിചിത്ര രീതികൾ ഉള്ളവരായിരുന്നു. അവർക്കു തുടരെ ദുരനുഭവങ്ങൾ മാത്രമാണ് ഉണ്ടായതു. മാത്രമല്ല ഒന്ന് രണ്ടു തലമുറകൾക്കുള്ളിൽ ദുർമരണപ്പെട്ടോ വിചിത്രമായ രീതിയിൽ അപ്രത്യക്ഷ്യരാകുകയോ ചെയ്തു. ബേർട്ട് മൺറോ ഇവിടെ വരുന്നതിനു മുൻപ് പരാജയങ്ങൾ മാത്രം അറിഞ്ഞ ഒരു ഭാഗ്യഹീനനായിരുന്നു. അതിനാൽ തന്നെ സാമൂഹികമായി അയാൾ ഒറ്റപെട്ടിരുന്നു. കൃഷിയിലെ വിജയം അയാൾക്ക് ആത്മവിശ്വാസം നൽകുകയും ഗ്രാമത്തിൽ സാമൂഹിക ജീവിതത്തിലേയ്ക്ക് ചേരുകയും ചെയ്യുന്നു. മൺറോ കുടുംബം ഈ സമാഹാരത്തിലെ എല്ലാ കഥകളെയും കണ്ണി ചേർക്കുന്ന വിധത്തിൽ പ്രത്യക്ഷപെടുന്നുണ്ട്.

കഥ 5: ഹെലൻ വാൻ ദേവന്റെർ. ദുരന്തം ജീവിതത്തിൽ കൈനിറയെ ലഭിച്ചൊരു സ്ത്രീ. മാനസിക വിഭ്രാന്തിയുള്ള മകളെയും കൊണ്ട് അവർ സ്വർഗ്ഗത്തിന്റെ പുൽമേട്ടിൽ വരുന്നത് പ്രശാന്തമായ ജീവിതാന്തരീക്ഷം തേടിയാണ്. അപ്പോഴേയ്ക്കും കൗമാരത്തിൽ എത്തിയ മകൾ ഹിൽഡാ, ആക്രമണ പ്രവണത കാണിക്കാനും വീട്ടിൽ നിന്നും ഓടി പോകാനും തുടങ്ങിയിരുന്നു. ഹെലൻ വൈദ്യ സഹായം തേടാൻ തയ്യാറുമല്ലായിരുന്നു. പുതു സ്ഥലത്തു ഹിൽഡക്ക് മാറ്റമൊന്നുമുണ്ടായില്ല. എന്നാൽ ഹെലൻ ശാന്തത നേടി പുതിയൊരാളായി. പുതുതായി വന്ന താമസക്കാരെ ബേർട്ട് മൺറോ കാണാൻ വരുന്നുണ്ട്. എന്നാൽ കൂട്ടിലടച്ചതുപോലെയുള്ള ഹിൽഡയെയാണ് അയാൾ കാണുന്നത്. ആ രാത്രി വീട്ടിൽ നിന്നും ഇറങ്ങിയോടിയ ഹിൽഡായെ ഹെലൻ തേടി പോകുന്നത് തോക്കുമെടുത്താണ്. അരുവിക്കരയിൽ വെടികൊണ്ട് മരിച്ചു കിടന്ന ഹിൽഡയുടെ മരണം ആത്മഹത്യയായി തീർപ്പെഴുതപെട്ടു.

കഥ 9: മികച്ച തോട്ടവും അത്ര തന്ന നല്ല കോഴി ഫാമും നടത്തുയാളാണ് റെയ്മണ്ട് ബാങ്ക്സ്. കുട്ടികളുമായി അടുത്ത സൗഹൃദം ഉള്ള റെയ്മണ്ടിന്റെ ഇടത്തിൽ വരാനും കളിക്കാനും കുട്ടികൾ ഇഷ്ടപ്പെട്ടു പോന്നു. കോഴികളുടെ മരണ സമയമായിരുന്നു കുട്ടികൾക്ക് ഏറ്റവും ഇഷ്ടം. കോഴിയെ ശരിയായി കൊല്ലുന്നതെങ്ങിനെ എന്നെല്ലാം അയാൾ കുട്ടികൾക്ക് വിശദീകരിക്കും. പക്ഷെ അനാവശ്യമായി കോഴികൾ വേദനിക്കാതിരിക്കാൻ ഒരിക്കലും കൊല്ലാനുള്ള അവസരം കൊടുത്തിരുന്നില്ല. റെയ്മണ്ടിന്റെ സുഹൃത്തായ ഒരു ജയിലർ വധശിക്ഷ നടപ്പാക്കുന്നത് കാണാൻ അയാളെ ക്ഷണിക്കാറുണ്ടായിരുന്നു. അതിനു പോകുന്നതും വധശിക്ഷ കാണുന്നതും അയാൾ ആസ്വദിച്ചുപോന്നു. ബേർട്ട് മൺറോ ഇത് കേട്ടറിഞ്ഞു റെയ്മണ്ടിനോടൊപ്പം ഒരു തവണ ചേരുന്നു. എന്നാൽ വഴിയിൽ വച്ച് വീണ്ടു വിചാരമുണ്ടായി മൺറോ തിരിച്ചു പോന്നു. മനസ്സിൽ നിന്നും മായാത്ത കാഴ്ചയാവും അതെന്നയാൾ ഭയന്നു. ഇതിനു മുൻപ് അതിൽ തെറ്റ് കാണാതിരുന്ന റെയ്മണ്ടും വീണ്ടുവിചാരത്തിൽ നിന്നും ഇനി മുതൽ പോവേണ്ടന്നു തീരുമാനിക്കുന്നു.

കഥ 10: പാറ്റ് ഹംബെർട് മാതാപിതാക്കളെ സേവിക്കാൻ മാത്രമാണ് ജീവിച്ചത്. അവരുടെ മരണം അയാൾക്ക് ഒരാശ്വാസവും. അയാൾക്ക് ആജ്ഞകൾ നൽകി അവർ സമയം ചിലവഴിച്ചിരുന്ന ഇരുപ്പു മുറി പാറ്റ് അടച്ചുപൂട്ടി. എന്നിട്ടു ടൗണിന്റെ ജീവിതത്തിന്റെ ഭാഗമായി. എന്നാൽ മാതാപിതാക്കളുടെ ഓർമ്മകൾ മാത്രമുള്ള രാത്രികളെ അയാൾ ഭയന്നു. ഒരിക്കൽ മേ മൺറോ അയാളുടെ വീടിനു പുറമെനിന്നും നല്ല ചന്തമാണെന്നു പറഞ്ഞത് അയാൾ കേട്ടു. മേയേ വിവാഹം ചെയ്യാൻ ഉറച്ച പാറ്റ് വീട് ഉൾവശവും സുന്ദരമാക്കാൻ ഉറച്ചു. അടച്ചു പൂട്ടിയ ഇരുപ്പു മുറിയടക്കം. പണി കഴിഞ്ഞു മേയേ കാണാൻ മൺറോ ഗൃഹത്തിലെത്തിയ പാറ്റ് കാണുന്നത് മേയുടെ വിവാഹ നിശ്ചയ പാർട്ടിയാണ്. നിരാശനായി വീട്ടിൽ തിരിച്ചെത്തിയ അയാൾ വീണ്ടു അച്ഛനമ്മമാരെ ഓർക്കുന്നു. മേയ്ക്ക് വേണ്ടി പണിത, മാതാപിതാക്കളുടെ ഓർമ്മകൾ ഇല്ലാതാകാൻ ശ്രമിച്ച വീട്ടിൽ കിടന്നുറങ്ങാൻ വയ്യാത്ത അയാൾ ആലയിൽ ഉറങ്ങുന്നു.

കുടിയിറക്കങ്ങൾ; പുറന്തള്ളപ്പെട്ടവർ

kottagirooty,ooty, travel, pramal,

കഥ 3: ന്യൂനതകളുള്ള എഡ്വേഡ് “ഷാർക്” വിക്സും ഭാര്യ കാതറിനും അവരുടെ അതിസുന്ദരിയായ എന്നാൽ വിഡ്ഢി എന്ന് തന്നെ വിളിക്കാവുന്ന തരത്തിലുള്ള മകൾ ആലീസും ആണ് മൂന്നാം കഥയിലെ മുഖ്യ കഥാപാത്രങ്ങൾ. ഷാർക് ഒരു ബുദ്ധികൂർമ്മതയുളള ബിസിനെസ്സ്കാരനാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. അയാൾ സഹായം ചോദിച്ചു വരുന്നവർക്കെല്ലാം പ്രയോജനകരമായ പരിഹാരങ്ങൾ ഉപദേശിച്ചിരുന്നു. പക്ഷെ സത്യത്തിൽ ഷാർക് സാമ്പത്തികപരമായി പാപ്പരായിരുന്നു. അയാളുടെ ബിസിനസ്സുകൾ എല്ലാം സാങ്കൽപ്പികവും. കോറൽ ഡി ടിയറയിലെ ഏറ്റവും സുന്ദരിയായ വളർന്ന ആലീസിന്റെ കന്യകാത്വം അയാൾക്ക് പ്രധാനമായിരുന്നു. മകളുടെ പരിരക്ഷയും പരിശുദ്ധിയും അയാളുടെ ജീവിത വ്രതമായി. അവളെ ചുറ്റി തിരിഞ്ഞ എല്ലാ ചെറുപ്പക്കാരെയേയും അയാൾ വെറുത്തു. അങ്ങനെയിരിക്കെ അയാൾ ഇല്ലാതിരുന്ന ഒരുനാൾ ആലീസ് ജിമ്മി മൺറോയോടൊപ്പം നൃത്തം ചെയ്യുകയുണ്ടായി. ജിമ്മിക്കാകട്ടെ ആവശ്യത്തിന് ചീത്തപ്പേരുമുണ്ടായിരുന്നു. ജിമ്മിയെ നേരിടാൻ തോക്കെടുത്തു പുറപ്പെട്ട ഷാർക് അറസ്റ്റിലായി. ജാമ്യത്തിന് പണം കെട്ടി വെക്കാൻ ഇല്ലാത്തവിധം ദരിദ്രനാണ് അയാൾ എന്ന് നാട്ടുകാർ അന്നാണറിഞ്ഞത്. തീർത്തും തകർന്നു പോയ അയാളെ കാതറിൻ പുതുജീവിതം തുടങ്ങാൻ പ്രോത്സാഹിപ്പിച്ചു. ഷാർക് സ്വർഗ്ഗത്തിന്റെ പുൽമേട് വിട്ടു പുതിയ മേച്ചിൽ പുറങ്ങളിലേക്കു യാത്ര തുടങ്ങി.

കഥ 4: സ്റ്റൈൻബെക്കിന്റെ തന്നെ “Of Mice And Men” എന്ന അതിഗംഭീരമായ നോവലിന്റെ വികലമായ മലയാള ചലച്ചിത്ര ഭാഷ്യമാണ് സൂര്യമാനസം. ആ സിനിമയിലൂടെ മലയാളത്തിന് ലഭിച്ച ഒരു പ്രയോഗമാണ് പുട്ടുറുമീസ് എന്നത്. കുട്ടികളുടെ മനസ്സും രണ്ടാളുടെ ശക്തിയുമുള്ള കഥാപാത്രം. അത്തരമൊരാളുടെ കഥയാണ് Tularecito അഥവാ കുട്ടി തവള. ഈ വിളിപ്പേരാണ് വഴിയരികിൽ നിന്നും അവനെ എടുത്തു വളർത്തിയ ആൾ നൽകിയത്. സ്കൂളിൽ പോവാതെ വളർത്തച്ഛന്റെ കൃഷിയിടത്തിൽ പണിഞ്ഞു നടന്നു അവൻ വളർന്നു. ജന്മനാ വിചിത്ര രൂപിയായ അവൻ പത്തു പതിനൊന്നു വയസ്സോടെ അതിശക്തനായി മാറി. കൂട്ടത്തിൽ കല്ലിൽ മൃഗ രൂപങ്ങൾ കൊത്തിവെക്കാനുള്ള അസാധാരണ വൈഭവും അവനുണ്ടായിരുന്നു. നാട്ടുകാർ തീരുമാനിച്ചു പതിനൊന്നാം വയസ്സിൽ സ്കൂളിൽ ചേർന്ന അവന്റെ ജീവിതത്തിലേക്ക് രണ്ടു ടീച്ചർമാർ കടന്നു വരുന്നു. അവന്റെ സൃഷ്ടികളെ അല്ലെങ്കിൽ ജോലിയെ അപൂർണമാക്കാനോ നശിപ്പിക്കാനോ ശ്രമിച്ചാൽ അക്രമാസക്തനാകുന്ന അവന്റെ സ്വഭാവം, കൂടാതെ അവന്റെ നിഷ്കളങ്കതയിൽ ഭയന്ന് ആദ്യത്തെ ടീച്ചർ ടൗൺ വിട്ടു പോയി. രണ്ടാമത് വന്ന ടീച്ചർ പറഞ്ഞ നാടോടിക്കഥകളിൽ നിന്നും അവൻ അവന്റ പൂർവികർക്കു വേണ്ടി മണ്ണ് കുഴിച്ചു തിരഞ്ഞു. അത്തരമൊരു കുഴി മൂടാൻ തുടങ്ങിയ ബേർട്ട് മൺറോയെ അവൻ മൃതപ്രായനാക്കി. അവസാനം അതവനെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നിടത്തു കഥ തീരുന്നു.

കഥ 6: ജൂനിയസ് മാൾട്ടബിയെന്ന കഥയിൽ ജൂനിയസ് ആരോഗ്യ കാരണങ്ങളാൽ നഗരം വിട്ടു സ്വർഗ്ഗത്തിന്റെ പുൽമേട്ടിലെത്തുന്നു. നിഷ്‌ക്രിയവും സ്വസ്ഥവുമായ ഇവിടുത്ത വാസം അയാളെ വലിയ മടിയനാക്കി. അയാൾ വീട്ടുടമയായ വിധവയെ വിവാഹം ചെയ്തു ആ നാട്ടുകാരനുമായി. റോബി എന്നൊരു മകൻ ജനിച്ചയുടൻ തന്നെ വിഭാര്യനുമായി. റോബി മിടുക്കനായ വളർന്നു. മാൾട്ടബി അച്ഛനും മകനും ദരിദ്രത്തിലും സന്തുഷ്ടരായിരുന്നു. അവരുടെ വീടും അരുവിയും കളികളുമായി തികച്ചും സന്തുഷ്ടർ. സ്കൂളിലെ ടീച്ചർ ഈ സത്യം മനസിലാക്കിയിരുന്നു. അതിനാൽ തന്നെ മൺറോയടക്കമുള്ള ചിലർ ചേർന്ന് റോബിക്ക് വസ്ത്രദാനം ചെയ്യുന്നത് തടയാൻ അവർ ആവതും ശ്രമിച്ചു. ആ ദാനം അവർ പണമില്ലാത്തവരാണെന്ന സത്യം അവർക്ക് വെളിവാക്കി. മകന് കൂടുതൽ മെച്ചപ്പെട്ട ജീവിതം ഒരുക്കാൻ നഗരത്തിലേക്ക് തിരിച്ചു പോകാൻ ബസ് കാത്തു നിൽക്കുന്ന ജൂനിയസിന്റെയും റോബിയുടെയും മ്ലാനമായ മുഖങ്ങൾ ആണ് അടുത്ത നാൾ ടീച്ചർ മോളി മോർഗൻ കാണുന്നത്.

കഥ 7: കൃഷിയിൽ നിന്നും വരുമാനം കണ്ടെത്താൻ വിഷമിച്ച റോസാ ലോപ്പസും മരിയ ലോപ്പസും ഒരു ചെറു റെസ്റ്റോറന്റ് തുടങ്ങുന്നു. വേണ്ട വിധം പച്ച പിടിക്കാതിരുന്നതിനാൽ ഒരു പ്രോത്സാഹനമെന്നനിലയിൽ അവർ റെസ്റ്റോറന്റിൽ വരുന്ന ചിലരുമായി കിടക്ക പങ്കിടാൻ തയ്യാറായി. തികഞ്ഞ ഭക്തരായതിനാൽ കന്യാ മറിയത്തിന്റെയടുത്തു മാപ്പു പറയാൻ മാത്രം അവർ മറന്നില്ല. ബിസിനസ് വളരെ പെട്ടന്ന് വളർന്നു വലുതായി. അവരുടെ അധിക സേവനങ്ങൾ എല്ലായിടത്തും പാട്ടുമായി. പരാതികളുടെ അടിസ്ഥാനത്തിൽ ഷെരിഫ് അവരുടെ റെസ്റ്റോറന്റ് അടച്ചു പൂട്ടി. ഇതിനകം ആഡംബരങ്ങൾ ശീലമായ അവർ സ്വർഗ്ഗത്തിന്റെ പുൽമേടുകൾ വിട്ടു നഗരത്തിൽ മുഴുവൻ സമയ ലൈംഗികത്തൊഴിലാളികളാകാൻ തീരുമാനിക്കുന്നതാണ് കഥ.

കഥ 8: സ്വർഗ്ഗത്തിലെ പുൽമേടുകളിലെ സ്കൂൾ ടീച്ചർ മോളി മോർഗന്റെ കഥയാണിത്. മുമ്പ് ഒന്ന് രണ്ടു കഥകളിൽ അവർ വന്നു പോകുന്നുണ്ട്. യാത്ര ചെയ്യുന്ന ഒരു സെയിൽസ്‌മാൻ ആയിരുന്നു മോളിയുടെ അച്ഛൻ. ഇടയ്ക്കു മാത്രം വീട്ടിൽ എത്തിയിരുന്ന അയാൾ വരുമ്പോഴെല്ലാം അയൽപ്പക്കത്തെ കുട്ടികൾക്കടക്കം വിശിഷ്ട സമ്മാനങ്ങൾ കൊണ്ടുവന്നു പോന്നു. ഒരിക്കൽ യാത്രക്കു പോയ അയാൾ തിരിച്ചു വന്നില്ല. മോളിയുടെ അമ്മ വിശ്വസിക്കുന്നത് അയാൾ മരിച്ചെന്നാണ്. എന്നാൽ മോളിയും സഹോദരനും അച്ഛൻ സാഹസിക യാത്രയിലാണ് എന്ന് കരുതാനാണ് ഇഷ്ടപെട്ടത്. ടൗണിലെ സ്കൂളിൽ പുതുതായി ടീച്ചറായി ചേർന്ന മോളി പെട്ടന്ന് തന്നെ എല്ലാവർക്കും ഇഷ്ട്ടമുള്ളവളായി. അങ്ങനെയിരിക്കെയാണ് അവർ, ബേർട്ട് മൺറോയിൽ നിന്നും അയാളുടെ മദ്യപനായ ജോലിക്കാരന്റെ കഥ കേൾക്കുന്നതു. മദ്യപാന ആധിക്യ കാലത്തു കാണാതാകുന്ന അയാൾ തിരിച്ചു വന്നാൽ അയാളുടെ യാത്രകളുടെ അത്ഭുത കഥകളും മൺറോയുടെ കുട്ടിക്ക് സമ്മാനവുമായാണ് വരുന്നത്. ഈ വ്യക്തി തന്റെ അച്ഛൻ ആവാനുള്ള സാധ്യത താങ്ങനാകാതെ ടീച്ചർ ടൗൺ വിടാൻ തീരുമാനിക്കുന്നു.

കഥ 11: സ്വർഗ്ഗത്തിലെ പുൽമേടുകളിലെ ആദ്യകാല കുടിയേറ്റക്കാരാണ് വൈറ്റ്സൈഡ് കുടുബം. സന്തതി പരമ്പരകൾ ഉള്ള വലിയ കുടുംബം സ്ഥാപിക്കാൻ റിച്ചാർഡും മകൻ ജോണും ആഗ്രഹിച്ചു. എന്നാൽ ജോണിന്റെ മകൻ വില്യം ഫോർഡ് കാറിന്റെ ഡീലർ ആയി നഗരത്തിലേക്ക് താമസം മാറാൻ ഇഷ്ടപ്പെട്ടു. വില്യം, മേ മോൺറോയെ വിവാഹം കഴിച്ചു അച്ഛനമ്മമാരെ കൂടെ വരാൻ ക്ഷണിച്ചു. മണ്ണ് വിട്ടുവരാൻ ജോൺ കൂട്ടാക്കിയില്ല. ജോൺ, ബേർട്ട് മൺറോയുടെ സഹായത്തോടെ ചാരം ഉണ്ടാക്കാൻ തീയിട്ടപ്പോൾ കനൽ വീണ് വീടിനു തീ പിടിച്ചു മുഴുവൻ കത്തി നശിച്ചു. നീണ്ട പാരമ്പര്യം തുടരാനുള്ള ആഗ്രഹം മകൻ എന്തായാലും തകർത്തു എന്ന് മനസ്സിലാക്കിയ ജോൺ മാറ്റം ഉൾക്കൊണ്ട് മകനോടൊപ്പം നഗരത്തിലേക്ക് താമസം മാറി.

ഉപസംഹാരം

kottagiri, ooty, travel, tourism, pramal,

കഥ 12: അവസാനത്തെ കഥ ഒരു പിൻകുറിപ്പിന്റെ രൂപത്തിലാണ്. സാലിനാസ് താഴ്‌വര ചുറ്റികാണിക്കുന്ന ഒരു ബസ് സ്വർഗ്ഗത്തിന്റെ പുൽമേടുകൾ കുന്നിൻ മുകളിൽ നിന്നും കാണുന്നു. ദുഖങ്ങളും അസുഖങ്ങളും മാത്സര്യങ്ങളും ഇല്ലാത്ത ഒരിടമായി ആ സുന്ദരമായ താഴ്‌വാരത്തെ സങ്കൽപ്പിക്കാൻ അവർക്കു വളരെ എളുപ്പായിരുന്നു. ഓരോ യാത്രികനും ആ സുന്ദര ദേശത്തു വന്നു കൂടി തങ്ങുന്നതിനെ മനോരാജ്യം ചെയ്യുന്നു. ഭൂമി ഇടപാടിൽ നിന്നുണ്ടാക്കാവുന്ന ലാഭം ബിസിനസ്സുകാരൻ കണ്ടു. പുരോഹിതൻ കണ്ടതു ആ ദേശത്തുള്ള നല്ല നാട്ടുകാരുടെയിടയിൽ പ്രവർത്തിക്കുന്ന സൗഖ്യമാണ്. വെറുതെയിരുന്ന് ജീവിതത്തിന്റെ അർഥം തിരയാനുള്ള സ്ഥലമായാണ് ഒരു വൃദ്ധന് തോന്നിയത്. ബസ് ഡ്രൈവർ അവിടെ ലളിത ജീവിതം നയിക്കുന്ന ഒരു കർഷകനായി തന്നെ കണ്ടു. വിവാഹ ജീവിതം തുടങ്ങിയ യുവമിഥുനങ്ങൾ ഒരു സന്തുഷ്ട ജീവിതം കണ്ടു. എന്ത് നല്ല നടക്കാത്ത സ്വപ്നം എന്ന് അവർ രണ്ടു പേരും ഒന്നുമുരിയാടാതെ പരസ്പരം പറഞ്ഞു. പണം ഉണ്ടാക്കണം സ്ഥാനമാനങ്ങൾ നേടണം. അതിനു സംതൃപ്തി നല്ലതല്ല. ഈ സുന്ദര മനോരാജ്യങ്ങൾ യാഥാർഥ്യത്തിൽ നിന്നും ഏത്ര അകലെയാണെന്നു നമ്മൾ മറ്റു കഥകളിൽ നിന്നും കണ്ടു.

സ്വർഗ്ഗത്തിന്റെ പുൽമേടുകൾ സമൂഹജീവിയാവാൻ ബുദ്ധിമുട്ടുന്നുവരുടെ പലപ്പോഴും സ്വപ്രകൃതിയിൽ ഒതുങ്ങി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരുടെ കഥകളായി വായിച്ചെടുക്കാം. സ്വസ്ഥഗ്രാമങ്ങളുടെ മേൽ നാഗരികതയുടെയും മനുഷ്യന്റെ പുരോഗമനേച്ഛയുടെയും കടന്നു കയറ്റങ്ങളായി ഇന്നിൽ നിന്നുകൊണ്ട് കണ്ടെത്താം. ഈ കഥകളുടെ സൗന്ദര്യവും പ്രസക്തിയും അവ മനുഷ്യരെക്കുറിച്ചാണ് എന്നതാണ്. മനുഷ്യരുടെ കാമനകളും അവസ്ഥകളും.

ഉപസംഹാരത്തിൽ കണ്ട സഞ്ചാരികളുടെ മാനസികാവസ്ഥ മലയിറങ്ങുന്ന നേരം പെട്ടെന്ന് തന്നെ മനസിലാവും. ഓട്ടപാച്ചിലുകൾ വിട്ടു ഇഷ്ടപുസ്തകം വായിച്ചിരിക്കുന്ന സുഖം, ഗ്രാമങ്ങളിൽ ചെന്ന് ലളിത ജീവിതം ഇതൊക്കെ ഇത്തരം ഡ്രൈവുകളിൽ എല്ലാവർക്കും തോന്നുന്നതാണ്. പക്ഷെ നമ്മുടെ ജീവിതം അങ്ങ് താഴെ കാത്തിരിക്കുന്നു. ചെറിയൊരു നഷ്ടബോധത്തോടെ ചുരമിറങ്ങുമ്പോൾ കാറിലെ പാട്ടുപെട്ടി പാടി “ദിൽ ഡൂഡ്താഹാ ഫിർ വഹി ഫുർസത് കെ രാത് ദിൻ”. ഇനിയൊരിക്കൽ ഇതുപോലൊരു ദിവസം ഇനിയും വന്നു നോക്കണം അങ്ങേക്കരെയുള്ള പച്ചപ്പുകൾ.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Kotagiri pastures of heaven john steinbeck pramal kelat