scorecardresearch
Latest News

തകരുന്ന ചീട്ടുകൊട്ടാരങ്ങള്‍, തെളിയുന്ന ആനന്ദത്തിന്റെ വൃത്തങ്ങള്‍: ‘കൂടെ’യ്ക്കൊപ്പം

സിനിമ സ്ത്രീയുടേതാവുകയാണ് പതുക്കെപ്പതുക്കെ എന്ന ബോദ്ധ്യത്തിന്റെ വൃത്തമാണ് ‘കൂടെ’യുടെ പോസ്റ്ററിലെ വൃത്തം

ആരും കൂടെയില്ലാതെയാണ് ‘കൂടെ’ കണ്ടത്, ചെറുപ്പക്കാരായ ഒരുപാട് ആണ്‍കുട്ടികളിരിക്കുന്ന നിരയില്‍ തനിച്ചൊരു മൂലയില്‍ ഇരുന്ന് ആദ്യത്തെ ഷോ.

രഞ്ജിത്തിന്റെ ‘കേരളാകഫെ’യിലെ ‘ഹാപ്പിജേണി’യില്‍ എല്ലാ പുരുഷ പ്രമുഖ സംവിധായകരുടെയും പേരുകള്‍ ‘അഞ്ജലി മോനോന്‍’ എന്ന സ്ത്രീ നാമത്തിന് മുന്നില്‍ നിഷ്പ്രഭമായിപ്പോയത്, ‘മലയാളി സംവിധായിക’ എന്ന മലയാളി സിനിമയ്ക്കപരിചിതമായ പുതുവഴക്കത്തിന്റെ പേരിലായിരുന്നില്ല.

ജഗതിശ്രീകുമാറിനെയും നിത്യമേനോനെയും മാത്രം കൊണ്ടവര്‍ സൃഷ്ടിച്ച ഇത്തിരി നേരത്തിന്റെ പിരിമുറുക്കത്തില്‍ ഒത്തിരി കൈത്തഴക്കം, ആണ്‍പെണ്‍ഭേദമെന്യേ എല്ലാവര്‍ക്കും കൃത്യമായി ബോദ്ധ്യമായതു കൊണ്ടു തന്നെയായിരുന്നു ആ അംഗീകാരം.

ഏറ്റവും സ്വാഭാവികതയോടെ ജീവിതം ഫ്രെയിമുകളിലാക്കി, കൊമേഴ്‌സ്യല്‍ തലത്തിലും വിജയം കൊയ്യാമെന്ന് ‘ഉസ്താദ് ഹോട്ടൽ’, ‘ബാംഗ്‌ളൂര്‍ഡെയ്‌സ്’ എന്നീ ചിത്രങ്ങളിലൂടെ അഞ്ജലി തെളിയിച്ചപ്പോള്‍, സ്ത്രീപുരുഷ വേര്‍തിരിവുകള്‍ക്കതീതമായി ഉയര്‍ന്ന് അഞ്ജലി ഒരു വ്യക്തിയായി മാറി. നല്ല സിനിമയ്ക്കൂവേണ്ടി മഞ്ചാടിക്കുരുക്കണ്ണുകളുമായി കേരളം മുഴുവനും അഞ്ജലിയെ ഉറ്റുനോക്കുന്നതിന്റെ തെളിവാണ് തീയറ്ററില്‍ അഞ്ജലിയുടെ പേര് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഉയര്‍ന്ന കൈയടി. ആ കൈയടി, സിനിമയിലെ സര്‍വ്വരംഗങ്ങളിലും കണ്ടു ശീലിച്ചു പോന്ന ചോദ്യം ചെയ്യപ്പെടാനാകാത്ത പുരുഷ മേധാവിത്വത്തിന്റെ ചീട്ടുകൊട്ടാരം, WCC ആയും നിഷാസാരംഗ് ആയും ഉയര്‍ത്തുന്ന നിലപാടുകളിലെ തെളിമയും ഉറപ്പും കൊണ്ട് തകര്‍ന്നു തുടങ്ങുന്നതിന്റെ തെളിവുകളായി ആനന്ദപൂര്‍വ്വം വായിച്ചെടുക്കാമെന്നുതന്നെ തോന്നി. ഗാനരചന എന്ന രേഖപ്പെടുത്തലില്‍ ‘റഫീക്ക് അഹമ്മദ്’ എന്ന പേരിനു താഴെ ‘റൈറ്റില്‍ സോങ് -ശ്രുതി ശരണ്യം’ എന്ന് കൃത്യമായ പ്രാധാന്യത്തോടെ എടുത്തെഴുതി കാണിച്ചപ്പോഴുണ്ടായ വികാരത്തിനും ആനന്ദം എന്നു തന്നെയാണ് പേര്.

മുകളില്‍ നിന്നുള്ള കാഴ്ചയായിഒരു കൂറ്റന്‍ കപ്പും സോസറും പോലെ ആദ്യ സീനില്‍ തെളിയുന്ന   ലിറ്റില്‍ സ്വായമ്പിന്റെ ക്യാമറാ മികവിനെ, കഥാനായകന്‍ ജോലി ചെയ്യുന്ന ഗള്‍ഫ് ഇടത്തിലെ വലിയ ടാങ്ക് ക്‌ളീന്‍ ചെയ്യുന്നതാണ് രംഗം എന്ന് തൊട്ടടുത്ത നിമിഷം വിവര്‍ത്തനം ചെയ്ത് വായിച്ചെടുക്കുകയുണ്ടായി. അപ്പോള്‍ മനസ്സില്‍ പതിഞ്ഞ വൃത്താകാരം, തുടര്‍ന്ന് വന്ന സീനുകളിലെല്ലാം പല രൂപത്തില്‍ ഭാവത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത് ആദ്യമേ തന്നെ പുതുമയായും വ്യത്യസ്തതയായും അനുഭവപ്പെട്ടു. കേക്കിന്റെ വട്ടം, കേക്കെടുത്തു വയ്ക്കുന്ന പ്‌ളേറ്റിന്റെ വട്ടം, വര്‍ക് ഷോപ്പിലെ വണ്ടികളുടെ ടയറുകളുടെ വട്ടം, ഊട്ടിയിലെ പച്ചച്ചവഴികളുടെ മുകള്‍ക്കാഴ്ചയില്‍ നിന്നുള്ള വട്ടം, ജോഷ്വ ഉണ്ടാക്കുന്ന റെയില്‍ മാതൃകയിലെ വട്ടം, ടോര്‍ച്ചിന്റെ വെളിച്ചത്തിലെ വട്ടം, കാറിന്റെ മുന്നില്‍ തൂങ്ങിയാടുന്ന താക്കോല്‍ രൂപത്തിനുള്ളിലെ വട്ടം, ക്‌ളാസ്മുറിയില്‍ കോമ്പസ് കൊണ്ടു തീര്‍ക്കുന്ന വട്ടം – വട്ടങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നതെന്ന കൗതുകത്തിലൂടെ പോയെത്തിയത് മൈതാനത്തു കൂടെ ഉരുളുന്ന ഫുട്‌ബോളിനും ജോഷ്വ കണ്ട റെയില്‍വേ സ്വപ്‌നത്തിലെ ഗ്‌ളോബിനും ജെനി കണ്ട ലോകയാത്രാസ്വപ്‌നത്തിനും ഒരേ ആകൃതിയാണെന്ന കാര്യത്തിലാണ്. പലവിധ ജാമ്യതീയരൂപങ്ങളുടെ സങ്കലനമായാണ് ഊട്ടിവഴികളുടെ കാഴ്ച ഓരോന്നും ഛായാഗ്രാഹകന്‍ കാണിച്ചു തരുന്നതും. ജീവിതവട്ടത്തിലൂടെ കുതിച്ചു പോകുന്ന ട്രെയിനുകള്‍ പോലെ ഓരോ പ്രാണനും എന്നാണോ, കാറ്റത്തും മഴയത്തും വെയിലത്തും കൂടിപ്പോയാലും പുറപ്പെട്ടയിടത്തു തന്നെ തിരിച്ചെത്തുന്ന ട്രെയിനുകള്‍ പോലെ സ്‌നേഹം എന്നാണോ സിനിമ പറഞ്ഞുവയ്ക്കുന്നതെന്ന് ആലോചിക്കാതിരിക്കാനാവില്ല. എന്റെ ‘വട്ടം-വട്ടം’ ആലോചനയുടെ അവസാനം വെറുതെ ഒരുള്‍വിളി തോന്നി പോസ്റ്റര്‍ ഡിസൈന്‍ എടുത്തു നോക്കുമ്പോള്‍ ദാ, കിടക്കുന്നു ഞാന്‍ കണ്ട ആ വട്ടങ്ങളെല്ലാം കൂടി ഒരൊറ്റ വട്ടമായി ‘കൂടെ’ അക്ഷരങ്ങളുടെ അവസാനം.priya a.s,koode,film,prithvi raj

ഒരമ്മ -അച്ഛന്‍ -ഒരു പതിനഞ്ചുവയസ്സുകാരന്‍ മകന്‍ -അവന്റെ അനിയത്തി -അവളുടെ അസുഖം -അവളുടെ മരണം- കുടുംബം ഭദ്രമാക്കാനായി അവനൊറ്റയ്ക്ക് നടത്തേണ്ടി വരുന്ന പാച്ചിലുകള്‍- അവനുള്ളിലൊതുക്കുന്ന അമര്‍ഷം പുരണ്ട സങ്കടങ്ങള്‍- അവന്‍ പാലിക്കുന്ന അകല്‍ച്ചകള്‍ -അകല്‍ച്ചകള്‍ തേഞ്ഞു മാഞ്ഞ് വൃത്തയാത്രകള്‍ക്കവസാനം അവനെത്തിപ്പെടുന്ന അതേ  പഴയ സ്‌നേഹബിന്ദുക്കള്‍ – ഇങ്ങനെയൊക്കെ പറയാവന്നതേയുള്ളു ‘കൂടെ’യുടെ കഥ. എല്ലാ ജീവിത പ്രതിസന്ധികളെയും ചിരിച്ച് കൃസൃതിയോടെ കൗതുകത്തോടെ നോക്കുന്നതെങ്ങനെയാണ് എന്ന വളരെ ഗൗരവമേറിയ കാര്യം പറയാന്‍ അഞ്ജലി കൂട്ടു പിടിച്ച കളിപ്പാട്ടങ്ങളാണ് കഥ പുതുമയുള്ളതാക്കുന്നത്.

പ്രതികാരാത്മാക്കള്‍ക്കും രാത്രി സഞ്ചാരിയാത്മാക്കള്‍ക്കും പകരം കൂടെ നടക്കുന്ന, മരണ വിശപ്പുള്ള, പറക്കാനൊന്നുമറിയാത്ത ഒരാത്മാവ് വന്ന് ജീവിതത്തിന്റെ രസം എത്ര ചെറിയ ചില സമവാക്യങ്ങളിലൂടെ കണ്ടു പിടിക്കാമെന്ന് പറഞ്ഞു തന്ന് കടന്നുപോകുമ്പോള്‍ ഇതുവരെയുള്ള സിനിമാ ആത്മാക്കളെല്ലാം എവിടെയോ ചൂളി നില്‍ക്കുന്നുണ്ട്.

കഥയില്‍ ഏറ്റവും വലിയ റോള്‍ ജീവനില്ലാത്ത ഒന്നിനാണ്. അതായത് ഒരു വാനിന്. പിന്നെ ഒരു നായക്കുട്ടി വന്ന് അതിന്റെ സ്‌നേഹ-ഈര്‍പ്പമുള്ള നാവു കൊണ്ട് നമ്മളെ നക്കുകയും ചെയ്യുന്നുണ്ട്.

ജെനിയുടെ ‘ഇരുന്നാലും പറക്കാമെന്ന’ തിയറിയും അവളുടെ അസുഖത്തരികള്‍ തളം കെട്ടി നില്‍ക്കുന്ന മുറിയും അതെല്ലാം ഏതസുഖക്കാരിയുടെയും പൊതു ഇടങ്ങളാണ് എന്ന തിരിച്ചറിവില്‍ എന്റെ കണ്ണൊന്നു നനഞ്ഞോ തുടക്കത്തിലെന്ന് സംശയം. ഒരു വീല്‍ച്ചക്രമാണ് അവളുടെ അസുഖ വിവരണങ്ങള്‍ തന്ന സങ്കല്പം. സിനിമയ്ക്കാവശ്യമായ കൊമേഴ്‌സ്യല്‍ പൊലിപ്പിയ്ക്കലിലൂടെയാവാം, അടിയന്തിരഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള കിടക്കക്കു മുകളിലെ കോളിങ്‌ ബെല്ലില്‍ (അതു കണ്ടപ്പോള്‍ ദീപാ മെഹ്ത്തയുടെ ‘ഫയറി’ലെ മണിയോര്‍മ്മ വന്നു ) അവളുടെ അസുഖം ശ്വാസം മുട്ടലുകളിലൊതുങ്ങിയത്.

‘കൂടെ’ തന്ന ഏറ്റവും സന്തോഷക്കാഴ്ച പൃഥ്വി രാജ് സിക്‌സ് പാക്ക് മസിലുകളില്‍ നിന്ന് ‘നന്ദന’ത്തിലെ കണ്ണുകളുടെ തെളിമയിലേക്ക് തിരിച്ചു പോകുന്നതാണ്. ശ്രീവിദ്യയെപ്പോലെ കണ്ണു കൊണ്ടഭിനയിക്കുന്ന ഒരു പുതിയ ചെറുപ്പക്കാരന്‍ എന്ന മേല്‍വിലാസത്തിലാണ് തുടക്കത്തില്‍ പൃഥ്വി മനസ്സിലിടം പിടിച്ചത്. വളരെ കുറച്ചുുനാളുകള്‍ക്കം തന്നെ പൃഥ്വി, കണ്ണുകളല്ല മസിലുകളാണ് പ്രധാനം എന്ന മുഖ്യധാരാനിലപാടിലേക്ക് കയറിപ്പോയി ചോരയില്‍ കുതിര്‍ന്ന് ആയുധധാരിയായപ്പോള്‍ തോന്നിയ നിരാശ ചെറുതല്ല. ഈ സിനിമയില്‍ പൃഥ്വി മാത്രമല്ല ഒരാളു പോലും ശരീരം കൊണ്ടല്ല അഭിനയിക്കുന്നത്. ശരീരം ഇടുന്ന ഉടുപ്പുകള്‍ അവരോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നല്ലാതെ ആരുടേയും ശരീരത്തിലേക്കോ ഇടുന്ന ഉടുപ്പുകളിലേക്കോ ഒരു നിമിഷം പോലും കണ്ണു പോകുന്നില്ല എന്നത് വസ്ത്രലങ്കാരത്തിലെ മികവിനെക്കൂടി എടുത്തു കാണിയ്ക്കുന്നു. മനസ്സുകളാണ് ഈ സിനിമയില്‍ പ്രധാനം എന്ന് സംവിധായികയുടെ മനസ്സു വായിച്ച വസ്ത്രാലങ്കാരം (പമ്പാ ബിശ്വാസ്) എന്ന് എടുത്തു പറയേണ്ടതുണ്ട്.priya a.s,koode,film,prithvi raj

നാല്‍പ്പത്തയ്യായിരം രൂപയുടെ ഓണ്‍ലൈന്‍ പര്‍ച്ചേസ് ജെനി, ജോഷ്വയ്ക്കു വേണ്ടി നടത്തി എന്നു കഥ പോകുമ്പോഴും സിനിമയില്‍ നിറം പറക്കുന്നില്ല. പച്ചയാണ് ഈ സിനിമയുടെ നിറം. പച്ചബന്ധങ്ങളിലെ ഇലകള്‍ കൊഴിയുമ്പോള്‍ ചില റിപ്പയറിങുകള്‍, ‘കഴിഞ്ഞത് കഴിഞ്ഞു, വരാനുള്ളത് വരും, ശരിയ്ക്കും ഇതിനു രണ്ടിനുമിടയ്ക്കല്ലേ കാര്യം’ , ‘ഒരു ദിവസം ചത്തു പോകും എന്തായാലും, എന്നാപ്പിന്നെ അതു വരെ മര്യാദയ്ക്കു ജീവിച്ചു കൂടെ’ എന്നുമെല്ലാം വട്ടക്കണ്ണില്‍ കുട്ടിത്തവും ബഹളവും നിറച്ച് നസ്രിയയുടെ ജെനി ചോദിക്കുന്നത് നമ്മളെല്ലാം ഉള്ളില്‍ കൊണ്ടു നടക്കുന്ന ചതവുകളോടും മുറിവുകളോടും പരാതികളോടും വാശികളോടും അമര്‍ഷങ്ങളോടുമാണ്.

കുട്ടികള്‍ വളരുന്നത് അവരുടെ സങ്കടങ്ങള്‍ക്കൊപ്പമാണ് എന്നു തന്നെയാണ് ഈ മൂന്നാം സിനിമയിലും അഞ്ജലി പറഞ്ഞു വയ്ക്കുന്നത്. ജോഷ്വയുടെ കുട്ടി ജീവിതം അവന് നഷ്ടമാകുന്നത്, അത്രയൊന്നും പരിചിതനല്ലാത്ത ബന്ധുവിന്റെ കൂടെ അവന്‍ ട്രെയിന്‍ കയറി പോകുമ്പോള്‍ അയാളുടെ വിരലുകള്‍ അവന്റെ തോളത്തു പതിഞ്ഞ് പിന്നെ തഴുകലായി മാറുന്ന ദൃശ്യം കൊണ്ട് വാക്കില്ലാതെ ഭംഗിയായി അഞ്ജലി പറഞ്ഞുവച്ചു. ഒരു മികച്ച ഫുട്‌ബോളറും മെക്കാനിക്കും ഡിസൈനറും ഉള്ളിലുണ്ടായിരുന്നിട്ടും സ്‌ക്കൂളവനെ തിരിച്ചറിയാതെ പോകുന്നതും അവന്റെ തോല്‍വി അമ്മയെ നിരാശയാക്കുന്നതും അച്ഛനപ്പോഴുമവനെ ചേര്‍ത്തു പിടിക്കുന്നതും എന്നിട്ടും അച്ഛനവനെ ദൂരേയ്ക്ക് പറഞ്ഞു വിടേണ്ടിവരുന്നതും ദൂരത്തായിരുന്നിട്ടും അവന്റെ കുട്ടിക്കാല സ്വപ്‌നത്തിലെ പ്രൊജക്റ്റിനെ ചേര്‍ത്തു പിടിച്ചും അവന്റെ കുട്ടിക്കാലത്തക്കുറിച്ചുള്ള ഓര്‍മ്മകളുമായി ചേര്‍ത്തുവച്ച് ചുറ്റുവട്ടത്തെ കുട്ടികളുടെ കളിപ്പാട്ടം നന്നാക്കിയും അച്ഛനവനോട് ഉള്ളാലെ ചേര്‍ന്നു നില്‍ക്കാന്‍ നോക്കുന്നതും ഒക്കെയായ വൈകാരിക രംഗങ്ങള്‍ എന്റെ അടുത്തിരുന്ന ചെറുപ്പക്കാരൊക്കെ യാതൊരലോസരവുമില്ലാതെ ഇരുന്നു കണ്ടു. കണ്ണടയ്ക്കുള്ളിലേക്ക് പോകുന്ന അവരുടെ വിരലുകളെ പലപ്പോഴും ഞാന്‍ കണ്ടു.

സംവിധായകനായും ‘പ്രാഞ്ചിയേട്ട’നിലെ ശബ്ദമായും ‘കൂടെ’യിലെ വര്‍ക്‌ഷോപ്പ് മെക്കാനിക്കായും രഞ്ജിത് സിനിമാ ജീവിതത്തിലെ വിവിധയിടങ്ങളില്‍ ആടുമ്പോഴൊക്കെ, ഒരേ കുറ്റിയില്‍ നമ്മള്‍ നമ്മളെ കെട്ടിയിടാത്തപ്പോള്‍ അനുഭവവേദ്യമാകുന്ന പുതുമയെ തൊട്ടറിയാനാവുന്നു. ഒരിയ്ക്കല്‍പ്പോലും ജോഷ്വയുടെ അച്ഛന്‍ അലോഷിയുടെ നിസ്സഹായതയിലേയ്ക്ക് മറ്റൊരു സിനിമാപ്പരിവേഷവും രഞ്ജിത്തിന്റെ പ്രശസ്തമായ മുഴക്കമുള്ള ശബ്ദം പോലും കടന്നുവന്നില്ല. ഒരു മുഴുവന്‍ അച്ഛനായി നിന്ന് വലിയ വിലയുള്ള കാറുകളും ചെറിയ വിലയുള്ള കളിപ്പാട്ടക്കാറുകളും കേടുപാടുകള്‍ തീര്‍ത്തെടുക്കാന്‍ കാണിയ്ക്കുന്ന ശുഷ്‌ക്കാന്തിയില്‍ രഞ്ജിത് മുഴുവനായും അലിഞ്ഞു ചേരുന്നുണ്ട്.

മാലാ പാര്‍വ്വതി അവതരിപ്പിച്ച അമ്മ ലില്ലി, ഒരു ശരാശരി നാട്ടിന്‍പുറത്തുകാരി അമ്മയുടെ എല്ലാ വിഹ്വലതകളും പരാതികളും ഒരു പോരായ്മയുമില്ലാതെ ചെയ്തു തീര്‍ത്തു. ഒരുപക്ഷേ ഈ നടിയ്ക്ക് ഇതുവരെ കിട്ടിയ ഏറ്റവും നല്ല സിനിമാ വേഷം ഇതു തന്നെയാണ്. ‘ഗ്രെയ്‌സ് വില്ല’ എന്ന ഷോട്ട് മൂവിയില്‍ മാലാപാര്‍വ്വതി ചെയ്ത അമ്മ വേഷത്തെ ഇടയ്‌ക്കൊക്കെ ഓര്‍മ്മിപ്പിച്ചു ‘കൂടെ’ യിലെ വീട്ടുവസ്ത്രരീതികള്‍.priya a.s,koode,film,prithvi raj

പാര്‍വ്വതി തിരുവോത്ത് സോഫിയായി വന്നപ്പോള്‍ ഉയര്‍ന്നു കേട്ട അല്ലറചില്ലറ കൂവലുകള്‍ പിന്നെ എവിടെയോ പോയി മറഞ്ഞു, സിനിമയുടെ കൂടെ സോഫി നടക്കാന്‍ തുടങ്ങിയപ്പോള്‍. നസ്രിയ, നാലുവര്‍ഷത്തെ ഇടവേള തോന്നിയ്ക്കാത്ത വിധം ‘ബാംഗ്‌ളൂര്‍ഡെയ്‌സ്’ തീര്‍ന്നയിടത്തു നിന്ന് ചാടിക്കേറി ‘കൂടെ’യുടെ ട്രെയിനില്‍ അതേ ഊര്‍ജ്ജ്വസ്വലതയോടെ കയറിയിരിക്കുന്നു എന്നാണ് തോന്നുന്നതെങ്കില്‍ പാര്‍വ്വതി തിരുവോത്ത് ഓരോ സിനിമയിലും ഓരോ തരം ഊര്‍ജ്ജമാണ്. പുറംകാഴ്ചയില്‍, ചലനങ്ങളില്‍, കണ്ണേറുകളില്‍ പോലും ഈ നടി ഓരോ തവണയും പുതിയൊരു പാര്‍വ്വതിയാണ്. പക്ഷേ സോഫി എന്ന കഥാപാത്രത്തിന്റെ പശ്ചാത്തലം ഇത്രയധികം സങ്കീര്‍ണ്ണമാക്കേണ്ടിയിരുന്നില്ല എന്നു തന്നെയാണ് അഭിപ്രായം. അനാവശ്യമായിപ്പോയ കഥമെനയലായി അവളുടെ കുടുംബ കഥകളിലെ വലിച്ചു നീട്ടല്‍. പക്ഷേ അതില്ലായിരുന്നുവെങ്കില്‍, കഥയില്‍ ഏറ്റുമുട്ടല്‍ എന്ന ഒഴിച്ചുകൂടാനാകാത്ത കൊമേഴ്‌സ്യല്‍ സിനിമാച്ചേരുവയായ അടിപിടി ഉണ്ടാകുമായിരുന്നില്ല എന്ന് പറഞ്ഞ് വേണമെങ്കില്‍ കഥയുടെ ‘കൂടെ’ നില്‍ക്കാമെന്നേയുള്ളു!koode,film,priya a.s

എടുത്തെടുത്തു പറയേണ്ടത് നഴ്‌സായും വര്‍ക്‌ഷോപ് അസിസ്റ്റന്റായും വീട്ടു ജോലിക്കാരിയായും പരദൂഷണക്കാരിയായും ഒക്കെ നിമിഷാര്‍ദ്ധം കൊണ്ട് മാറുന്ന പൗളി വില്‍സണിന്റെയും ജോഷ്വയുടെ കുട്ടിക്കാലമവതരിപ്പിച്ച സുബിന്റെയും പ്രകടനത്തെക്കുറിച്ചാണ്. ‘കൂടെ’യുടെ മുന്നില്‍ ‘ഈമയൗ’വിലെ പൗളി ഒന്നുമല്ലാതായിപ്പോയി. നസ്രിയ പറയുന്നുണ്ട് ഞാന്‍ കൂടി സംസാരിച്ചില്ലെങ്കില്‍ ഇതൊരു അവാര്‍ഡ് പടമായിപ്പോയോനെ എന്ന്. പക്ഷേ പൗളി മിണ്ടാതിരുന്നെങ്കില്‍, സിനിമ എന്താകുമായിരുന്നു എന്ന് വിചാരിക്കാനാണ് എനിയ്ക്കിഷ്ടം.

ജോഷ്വയുടെ കുട്ടിക്കാലമവതരിപ്പിച്ച കുട്ടി, ഒതുക്കമുള്ള അഭിനയത്തിന്റെ ഭംഗിയും കരുത്തും എന്ന പാഠം പറഞ്ഞു തന്ന് എല്ലാ പ്രൊഫഷണല്‍ നടീനടന്മാര്‍ക്കും ഒരു പടി മുന്നേ നടന്നു പോകുന്നതു പോലെ തോന്നി. സോഫിയുടെ കോളേജ് ജീവിതത്തിലെ കൃഷ് എന്ന ഗിറ്റാറിസ്റ്റ് ആയി റോഷന്‍ മാത്യുവും സോഫിയുടെ കൂട്ടുകാരിയായി ദര്‍ശനാ രാജേന്ദ്രനും അമ്മൂമ്മയായി നിലമ്പൂര്‍ ആയിഷയും ചെറിയ വേഷങ്ങളില്‍ ആണെങ്കില്‍പ്പോലും കൃത്യമായ തിരഞ്ഞെടുപ്പായനുഭവപ്പെട്ടു. സംഗീതസംവിധായകന്‍ ബിജിപാല്‍ ഡോക്റ്ററായി ഒറ്റഷോട്ടില്‍ വന്നു പോയതും കൗതുകമുണര്‍ത്തി. അതുല്‍ കുല്‍ക്കര്‍ണി അവതരിപ്പിച്ച ഫുട്‌ബോള്‍ കോച്ച്, അസുഖജീവിതത്തിന്റെ നിര്‍വ്വികാര നിശ്ചലതയില്‍നിന്ന് ചുറ്റുപാടിലെ സ്‌നേഹമുഖങ്ങള്‍ കൊടുക്കുന്ന ഓര്‍മ്മയാശ്വാസത്തിലേയ്ക്ക് പുരികം കൊണ്ടുള്ള ഒരു ചിരിയായി മനോഹരമായി കയറിപ്പോയി.priya a.s,koode,film,prithvi raj

ഗാനങ്ങള്‍ വരികളായി പതിഞ്ഞില്ല മനസ്സിലെങ്കിലും റഫീക്ക് -ശ്രുതി ഗാനങ്ങളും രഘുദീക്ഷിത് ഈണവും സിനിമാ ആവശ്യപ്പെടുന്ന മൂഡ് സൃഷ്ടിച്ചു സിനിമയുടെ കൂടെത്തന്നെ നില്‍ക്കുന്നുണ്ട്. രഘുദീക്ഷിത്തിന്റെ പശ്ചാത്തല സംഗീതം, സിനിമയിലെ ഹാപ്പിമൂഡിനെ വീണ്ടും വീണ്ടും ഹാപ്പിയാക്കി.

‘ഹാപ്പി ജേണി’ എന്ന മറാത്തി സിനിമയെ അവലംബിച്ചു ചെയ്ത സിനിമയാണിത് എന്നു കേള്‍ക്കുമ്പോള്‍ അഞ്ജലിയുടെ ആദ്യ സംരംഭമായ ‘ഹാപ്പി ജേണി’ എന്ന ഷോര്‍ട്ട് മൂവി മുതലേ തന്നെ ഈ കഥ, അഞ്ജലിക്കൊപ്പമുണ്ടായിരുന്നോ എന്ന് സംശയം തോന്നി.

എന്തും റിപ്പയറബിളാണ്, കാറായാലും കളിപ്പാട്ടമായാലും ജീവിതമായാലും, എന്ന് വലിയ കാര്യമാണ് അഞ്ജലി ചിരിപ്പിച്ച് ചിരിപ്പിച്ച് പറഞ്ഞത്. സിനിമയിലെ എല്ലാ തത്വചിന്തയും വരുന്നത് നസ്രിയയുടെ ചുണ്ടില്‍ നിന്നാണ്. നസ്രിയ കണ്ണു മിഴിച്ച്, ചുണ്ടു കൂര്‍പ്പിച്ച്, ചാടിത്തുള്ളി അവതരിപ്പിയ്ക്കുമ്പോള്‍, എല്ലാ വലിയ കാര്യങ്ങളും ഒന്നു കീ കൊടുത്താല്‍ ഓടുന്ന കളിപ്പാട്ടം പോലെ ഉള്ളിലേക്കു കടന്ന് വട്ടത്തിലോടാന്‍ തുടങ്ങുന്നു. എല്ലായ്‌പോഴും ഈ അനായസമായ ചിരിയിലൂടെയാണ് അഞ്ജലി ചിന്തകള്‍ തൊടുക്കുന്നത്. അതാണ് അവരുടെ  മികവ്.

പക്ഷേ രണ്ടാം പകുതിയില്‍ കഥയൊന്ന് ഇഴഞ്ഞു. കൂടെക്കൂടിയ ആത്മാവിനെ എന്തു ചെയ്യണമെന്നറിയാതെ അഞ്ജലി ഒന്നുഴറി. കഥ തീര്‍ന്നു എന്ന് മുന്നോ നാലോ തവണ വിചാരിച്ചിട്ടും കഥ നീണ്ടു പോയി. അതുവരെ കാത്തു സൂക്ഷിച്ച ഒതുക്കം, ഒരു പരത്തിപ്പറച്ചിലായി മാറി.

എന്നാലും ഒറ്റയ്ക്ക് സിനിമയ്ക്ക് പോയ ഞാന്‍, സിനിമാ കണ്ടിറങ്ങുമ്പോള്‍ തനിച്ചായിരുന്നില്ല, പുരുഷമേധാവിത്വ സിനിമായിടത്തില്‍ ഒരു സ്ത്രീ കൊയ്ത വിജയമുണ്ടായിരുന്നു ‘കൂടെ’. അതൊരു ചെറിയ കാര്യമേയല്ലല്ലോ…

സിനിമ, സ്ത്രീയുടേതാവുകയാണ് പതുക്കെപതുക്കെ എന്ന ബോദ്ധ്യത്തിന്റെ വൃത്തമാണ് ‘കൂടെ’യുടെ പോസ്റ്ററിലെ വൃത്തം എന്നു വിചാരിയ്ക്കുമ്പോള്‍ എനിയ്ക്ക് ശരിയ്ക്കും രസിയ്ക്കുന്നു.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Koode anjali menon prithviraj nasriya parvathy priya a s