കൊൽക്കത്തക്കാർക്ക് പി ടി നായർ എന്ന പി തങ്കപ്പൻ നായർ പ്രായാധിക്യം മൂലം കൊൽക്കത്താവാസം മതിയാക്കി കേരളത്തിലേക്ക് മടങ്ങുന്നത് വലിയ വാർത്തയാണെങ്കിലും ഞങ്ങൾ ചേന്ദമംഗലത്തുകാർക്ക് ഇന്നു മുതൽ അദ്ദേഹത്തെ ചേന്ദമംഗലത്ത് ആറങ്കാവ് റോഡ് ആരംഭിക്കുന്ന രാജൻ ചേട്ടന്റെ ചെറിയ കടമുറിക്കു മുന്നിൽ വൈകുന്നേരങ്ങളിൽ സന്ധിക്കാമെന്ന സന്തോഷത്തിനപ്പുറം മറ്റൊന്നുമില്ല. പ്രളയത്തിൽ ഒന്നരയാൾ പൊക്കത്തിൽ പുഴ കയറി മുക്കിയ അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്ത് തന്നെയാണ് എന്റേയും വീട്. പ്രളയകാലത്ത് കൊൽക്കത്തയിൽ ആയതുകൊണ്ട് തങ്കപ്പൻ നായരും ഭാര്യ സീതയും ഭാഗ്യത്തിന് മുങ്ങിപ്പോകാതെ രക്ഷപ്പെട്ട ചേന്ദമംഗലത്തെ അപൂർവം പേരിൽ ചിലരാണ്.
കൊൽക്കത്തയുടെ ചരിത്രം രേഖപ്പെടുത്തിയ നായരുടെ പുസ്തകങ്ങളെല്ലാം വീട്ടിലെ മുൻവശത്തെ മുറിയിലെ അലമാരയിലായിരുന്നതിനാൽ അവയൊക്കെ പ്രളയത്തിൽ മുങ്ങിപ്പോയിരിക്കാനാണ് സാധ്യത. അയൽപക്കമാണെങ്കിലും മൊത്തം മുങ്ങിപ്പോയ നാട്ടിൽ ആരും പരസ്പരം അത്തരം ചോദ്യങ്ങളൊന്നും ചോദിക്കാറില്ലെന്നതാണ് വാസ്തവം. കൊൽക്കത്തയിൽ നിന്നും ഇടയ്ക്കിടെ തങ്കപ്പൻ നായർ നാട്ടിലെത്താറുണ്ടെങ്കിലും മനസ്സ് കൊൽക്കത്തയിൽ തന്നെയായിരിക്കുമെന്നതാണ് വാസ്തവം. രാവിലെ മുണ്ടും മടക്കിക്കുത്തി പറമ്പിൽ പുല്ലുപറിക്കാനിറങ്ങും. വൈകുന്നേരം നാട്ടിലൂടെ കുറച്ച് നടന്ന് രാജൻ ചേട്ടന്റെ കടയുടെ മുന്നിൽ ചെന്നിരിക്കും. നായർക്കായി രാജൻ ചേട്ടൻ ഒരു കസേരയിട്ടു കൊടുക്കുകയാണ് പതിവ്. മുറുക്കാൻ വാങ്ങാനെത്തുന്നവരൊന്നും കൊൽക്കത്തയുടെ ചരിത്രകാരനാണ് അവിടെ കുത്തിയിരിക്കുന്നതെന്നൊന്നും അറിയാറില്ല. അറിയാവുന്നവർ വന്നാൽ കൊൽക്കത്ത കഥകളായി പിന്നെ. കാലങ്ങളായി ഈ കഥകൾ ഞങ്ങൾ ചേന്ദമംഗല ത്തുകാർ കേട്ടുകൊണ്ടിരിക്കുന്നുമുണ്ട്.
വെള്ളിനരകൾ ഉഴുതുമറിച്ചിട്ട ശിരസ്സും പാടത്ത് ഞാറു നട്ടപോലെ അകന്നു നിൽക്കുന്ന നരച്ച കുറ്റിരോമങ്ങളുള്ള മുഖവുമുള്ള ആ വൃദ്ധന്റെ കണ്ണുകളിലെ തിളക്കം പക്ഷേ ആർക്കും അവഗണിക്കാനാവില്ല. അറുപത്തിമൂന്ന് വർഷങ്ങൾക്കുമുമ്പ് കേരളത്തിലെ ഒരു കുഗ്രാമത്തിൽ നിന്നും മട്രിക്കുലേഷനും ടൈപ്പ്റൈറ്റിങ്ങും പൂർത്തിയാക്കി ജോലി തേടി കൊൽക്കത്തയെന്ന മഹാനഗരത്തിലെത്തി, അറിയാതെ ആ നഗരത്തിന്റെ ചരിത്രകാരനായി മാറിയ ഒരു ദേഹമാണ് ആ സ്റ്റൂളിൽ നിർനിമേഷനായി കാഴ്ചകൾ കണ്ടിരിക്കുന്നതെന്ന് വഴിപോക്കന്മാർ അറിയാറില്ല. പക്ഷേ ഇനി കൊൽക്കത്തയിലേക്ക് നായർ ഒരു മടക്കയാത്രയ്ക്കില്ലെന്നാണ് പറയുന്നത്. അത് സ്വന്തം ആഗ്രഹപ്രകാരമാണെന്ന് തോന്നുന്നില്ല. വാർധക്യത്തിന്റെ ബുദ്ധിമുട്ടുകളും ഓർമ്മയിലെ വിള്ളലുകളും മൂലം വീട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങിയാകും ഈ മടക്കയാത്ര എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം കൊൽക്കത്തയിലെ ഭവാനിപ്പൂരിലെ 82 സി, കൻസാരിപാറ റോഡിലെ രണ്ടുമുറി വാടക ഫ്ളാറ്റ് വിട്ടുപോരുക എന്നാൽ തന്റെ ജീവന്റെ പാതി ഉപേക്ഷിക്കുന്നതു പോലെയാണ് നായർക്ക് എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർക്കെല്ലാം അറിയാം. എൺപത്തഞ്ചുകാരനായ പി. തങ്കപ്പൻ നായർ മഞ്ഞപ്രക്കാരനാണെങ്കിലും ഭാര്യ മഠത്തിപ്പറമ്പിൽ സീതാദേവിയുടെ നാടായ ചേന്ദമംഗലത്താണ് വീട് പണിതിട്ടുള്ളത്. അങ്ങനെയാണ് പി ടി നായരെ മഞ്ഞപ്രയ്ക്ക് നഷ്ടപ്പെട്ടതും ചേന്ദമംഗലത്തിന് സ്വന്തമായതും.

കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോൾ കൊൽക്കത്തയിൽ ഗാന്ധിജി ചെലവിട്ട കാലത്തെപ്പറ്റി എഴുതുന്നതിനെപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നത്. ‘ഗാന്ധിജി ഇൻ കൊൽക്കത്ത’ എന്ന പേരിലൊരു പുസ്തകം. ‘ഗാന്ധിജി എന്നും എനിക്കൊരു അത്ഭുതമായി രുന്നു. ആ അത്ഭുതത്തെ കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ അറിയാനുള്ള മോഹമാണ് ‘ഗാന്ധിജി ഇൻ കൽക്കട്ട.’ കൊൽക്കത്തയിൽ ഗാന്ധിജി ദീർഘകാലം ചെലവഴിച്ചിരുന്നെങ്കിലും ആ കാലഘട്ടത്തെപ്പറ്റിയോ അന്നത്തെ അദ്ദേഹത്തിന്റെ ജീവിതരീതികളെക്കുറിച്ചോ ഉള്ള ഒരു പുസ്തകം ഇതുവരേയ്ക്കും പുറത്തുവന്നിട്ടില്ല. കൊൽക്കത്തയിൽ ഗാന്ധിജിയുടെ സുഹൃദ് വലയത്തിൽപ്പെട്ടവർ, അദ്ദേഹം അവിടെ കഴിച്ചിരുന്ന ഭക്ഷണം, അദ്ദേഹം അവിടെ താമസിച്ച വീടുകൾ തുടങ്ങി ഗാന്ധിജിയുടെ കൊൽക്കത്തകാലം മുഴുവൻ തന്നെ വർഷങ്ങളോളം നീണ്ട അന്വേഷണത്തിൽ ഞാൻ കണ്ടെത്തിയിട്ടുണ്ട്. ആർക്കുമറിയാത്ത ആ ചരിത്രത്തിന്റെ പ്രകാശനം വൈകാതെ നടക്കും,’ പി ടി നായർ പറഞ്ഞു. കൊൽക്കത്തയെപ്പറ്റി ബംഗാളികളെ പഠിപ്പിച്ച അറുപതോളം പുസ്തകങ്ങ ളുടെ രചയിതാവിൽ നിന്നുമുള്ള മറ്റൊരു പുസ്തകം.
നായർക്ക് കൊൽക്കത്തയും ചരിത്രവും വിട്ടൊരു കഥയില്ല. പതിനെട്ടാം നൂറ്റാണ്ടു മുതലിങ്ങോട്ടുള്ള കൽക്കട്ടയുടെ ചരിത്രവും കൊൽക്കത്തയുടെ പേരിന്റെ ചരിത്രവും നഗരത്തിലെ തെരുവുകളുടേയും വായനശാലകളുടേയും കൊൽക്കത്ത പൊലീസിന്റേയും കഥകളുമൊക്കെയായി അറുപതിലധികം കൃതികൾ ഇതിനകം അദ്ദേഹത്തിന്റേതായിട്ടുണ്ട്. എന്തിന് കൊൽക്കത്തയ്ക്ക് 1991ൽ 300 വയസ്സായെന്ന് ലോകത്തെ അറിയിച്ചതു പോലും തങ്കപ്പൻ നായരായിരുന്നു. മഹാപുരുഷന്മാരെ സൃഷ്ടിക്കുന്നത് മഹത്തായ ദൗത്യങ്ങളാണ്. തങ്കപ്പൻ നായരെ സംബന്ധിച്ചി ടത്തോളം അദ്ദേഹത്തിന്റെ ജീവിതം മുഴുവനും ഉഴിഞ്ഞുവച്ചത് കൊൽക്കത്തയുടെ ചരിത്രവും വർത്തമാനവുമൊക്കെ ഭാവി തലമുറയ്ക്കായി കരുതിവയ്ക്കുന്നതിനായിരുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വന്തം നാടും വീടുമൊക്കെ വിട്ട് 912 രൂപയ്ക്ക് 1964 മുതൽ കൊൽക്കത്തയിലെ വാടകവീട്ടിൽ വർഷത്തിലെ ഒട്ടുമുക്കാൽ ദിനങ്ങളും ചെലവഴിക്കുകയും ടെലിവിഷനോ റേഡിയോയോ ഒന്നും കേട്ട് സമയം മെനക്കെടുത്താതെ, അവശേഷിക്കുന്ന തന്റെ ജീവിതത്തിലെ വരുംനാളുകൾ പോലും കൊൽക്കത്തയെപ്പറ്റി എഴുതാൻ കൊതിക്കുകയും ചെയ്യുന്ന തങ്കപ്പൻ നായർ അലസന്മാരും ജീവിതം എങ്ങനെയെങ്കിലുമൊക്കെ ജീവിച്ചു തീർക്കണമെന്ന് കരുതുകയും ചെയ്യുന്ന ഞങ്ങൾക്കൊക്കെ മഹാത്ഭുതം തന്നെയാണ്.
‘ഇങ്ങേർക്കിതെന്തിന്റെ കേടാണ്,’ എന്നു നാട്ടുകാരായ ഞങ്ങൾ അടക്കം പറയാറുണ്ടെങ്കിലും വീട്ടുകാർ കയറൂരി വിട്ടിരിക്കുന്ന ദേഹത്തെ കാണുമ്പോൾ സ്വന്തം ഇഷ്ടപ്രകാരം ജീവിതം ജീവിച്ചു തീർക്കുന്ന ആളെപ്പറ്റി മനസ്സിൽ അസൂയപ്പെടാറുമുണ്ട്. ഒരു ദേശത്തോട് ഒരു മനുഷ്യന് തോന്നുന്ന ഭ്രാന്തമായ പ്രണയമാണ് കൊൽക്കത്തയോട് തങ്കപ്പൻ നായർക്കുള്ളത്. ഭൂതാവേശിതനെപ്പോലെ നായരെ കൊൽക്കത്ത ബാധിച്ചിരിക്കുകയാണ്, ഈ എൺപത്തിയഞ്ചാം വയസ്സിലും. “ഇന്റലക്ച്വലുകളുടെ നാടാണ് കൊൽക്കത്ത. അവിടത്തെ വായുവും അന്തരീക്ഷവുമൊക്കെ സർഗാത്മകമായ വ്യാപാരങ്ങൾക്ക് ആരേയും പ്രേരിപ്പിക്കും. എനിക്ക് ഇനിയും കൊൽക്കത്തയെപ്പറ്റി എഴുതണം. ഇനിയും കൊൽക്കത്തയെ അറിയണം,” അദ്ദേഹം പറയാറുണ്ട്.
1933 ഏപ്രിൽ 30ന് മഞ്ഞപ്രയിലെ ചങ്ങനാട്ടുവീട്ടിൽ ടി എസ് കേശവൻ നായരുടേയും ചെങ്ങനാട്ട് പാർവതിയമ്മയുടേയും ആറു മക്കളിൽ മൂന്നാമനായാണ് തങ്കപ്പൻ നായരുടെ ജനനം. തങ്കപ്പൻ നായരുടെ ഇൻഷ്യലിലുള്ള പി അമ്മാവനായ പരമേശ്വരൻ നായരുടേതാണ്. മറ്റ് സഹോദരന്മാർക്കെല്ലാം സി പി എന്നാണ് ഇൻഷ്യലെങ്കിലും മഞ്ഞപ്ര സ്കൂളിലെ സി പി രാമസ്വാമി അയ്യർ വിരുദ്ധനായ അധ്യാപകൻ സി പി യോടുള്ള വിരോധം മൂലം ഹൈസ്കൂൾ കാലത്ത് പേരിലെ സി വെട്ടിമാറ്റുക യായിരുന്നുവെന്ന് പുഞ്ചിരിയോടെ നായർ ഓർക്കുന്നു. നാലാം ക്ലാസു വരെ മഞ്ഞപ്രയിലെ ഹൈസ്കൂളിൽ പഠിച്ച നായർ പിന്നീട് സ്വാമി ആഗമാനന്ദ കാലടി മറ്റൂർ കുന്നിൽ സ്ഥാപിച്ച ബ്രഹ്മമാനന്ദോദയം സ്കൂളിൽ നിന്നാണ് 1951ൽ മെട്രിക്കുലേഷൻ പാസ്സായത്. സംസ്കൃത സ്കൂളായിരുന്നു അതെന്നതിനാൽ ഹിന്ദിയിൽ നല്ല പ്രാവീണ്യം നേടാൻ അവിടെത്ത വിദ്യാഭ്യാസം നായർക്ക് സഹായകമായി. മെട്രിക്കുലേഷൻ കഴിഞ്ഞശേഷം 1955 വരെ നാട്ടിൽ ടൈപ്പ്റൈറ്റിങ് പഠിത്തവും ടൈപ്പ് റൈറ്റിങ് പരിശീലനവും ഷോർട്ട്ഹാൻഡ് പഠിപ്പിക്കലുമൊക്കെയായി നായർ കഴിഞ്ഞു. വയസ്സ് 22 ആയപ്പോഴാണ് നേരത്തെ തുണിക്കടയും പലവ്യഞ്ജനക്കടയുമൊക്കെയുണ്ടായിരുന്ന അച്ഛന്റെ വ്യാപാരത്തിൽ ഇടിവു വന്നതും വീട്ടിലെ സാമ്പത്തികാവസ്ഥ അവതാളത്തിലായതും. അതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് നാട്ടിൽ നിന്നും നായർ പുറംനാട്ടിൽ ജോലി തേടിപ്പോകാമെന്ന ധാരണയിലെത്തുന്നത്.
കൃഷ്ണയ്യർ സ്വാമിയുടെ ടൈപ്പ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്ന സമയത്ത് യു. രാമൻ എന്ന ഉണ്ണിരാമൻ എന്ന നാട്ടിലെ കൊൽക്കത്ത മലയാളിയുടെ വിലാസം ലഭിച്ചതുവച്ച് കൊൽക്കത്തയിൽ തൊഴിൽ തേടിപ്പോകാമെന്ന് ഉറപ്പിക്കുകയായിരുന്നു. 1911 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാന മായിരുന്ന കൊൽക്കത്തയ്ക്ക് അന്ന് വലിയ പേരാണ് മഹാനഗരങ്ങളുടെ പട്ടികയുണ്ടായിരുന്നത്. അങ്ങനെ റെയിൽവേയിൽ ഷണ്ടിങ് ജമീന്ദാറായി കോയമ്പത്തൂരിൽ ജോലി ചെയ്തിരുന്ന ബന്ധുവിന്റെ സഹായത്തോടെ കൊൽക്കത്തയ്ക്ക് കോയമ്പൂത്തൂരിൽ നിന്നും 13 രൂപയ്ക്ക് റെയിൽവേ കൺസഷനോടെ ടിക്കറ്റ് സംഘടിപ്പിച്ചു. കൊൽക്കത്തയിൽ ഉണ്ണിരാമന്റെ വിലാസമായി നായരുടെ കൈവശം ഉണ്ടായിരുന്നത് യു. രാമൻ, പോസ്റ്റ് ബോക്സ് നമ്പർ 900, കൊൽക്കത്ത1 എന്ന വിലാസം മാത്രമായിരുന്നു. ഒന്നര ദിവസത്തെ ട്രെയിൻ യാത്രയ്ക്കുശേഷം ഹൗറയ്ക്കിപ്പുറമുള്ള സറ്റേഷനിലിറങ്ങി ട്രാമിൽ കയറി കൊൽക്കത്ത ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിലെത്തി, യു. രാമന്റെ ആരെങ്കിലും കത്ത് എടുക്കാൻ വരുമോയെന്നറിയാൻ 900 എന്ന പോസ്റ്റ് ബോക്സിനു മുന്നിൽ ഇരുപ്പുറപ്പിച്ചു. 1955 സെപ്തംബർ 22നായിരുന്നു അത്. ഉണ്ണി രാമൻ സ്റ്റൈനോഗ്രാഫറായി തൊഴിലെടുത്തിരുന്ന കമ്പനിയിലെ പ്യൂൺ കുറെ നേരം കഴിഞ്ഞ് പോസ്റ്റ് എടുക്കാൻ വന്നപ്പോൾ രാമനെ നേരിട്ട് അതുവരെ കാണുകപോലും ചെയ്തിട്ടില്ലാത്ത തങ്കപ്പൻ നായർ വിവരം പറഞ്ഞു. അങ്ങനെ രാമന്റെ അടുത്തേക്ക് നായർ എത്തപ്പെട്ടു.
“മഞ്ഞപ്രക്കാരനാണെന്നും കൃഷ്ണയ്യർ സ്വാമിയുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ആളാണെന്നും പറഞ്ഞപ്പോൾ രാമൻ സന്തോഷത്തോടെ സ്വീകരിച്ചു. ഉച്ചയ്ക്ക് ഊണ് പഞ്ചാബി ഹോട്ടലിൽ നിന്നും വൈകിട്ട് അദ്ദേഹം താമസിച്ചിരുന്ന കാളീഘട്ടിലെ മുറിയ്ക്കരുകിലുള്ള ഹോട്ടലിൽ നിന്നും ചപ്പാത്തിയും രാമൻ വാങ്ങിത്തന്നു. അപരിചിതമായ സ്ഥലമായതിനാൽ പിന്നീട് മൂന്നു ദിവസത്തേക്ക് പുറത്തേക്കൊന്നും പോയില്ല. നാലാം നാൾ രാമൻ ഒരു ഫർണീച്ചർ ഷോപ്പിൽ സ്റ്റെനോഗ്രാഫറുടെ വേക്കൻസി കണ്ടെത്തി എന്നെ അറിയിച്ചു. ഇൻർവ്യൂവിനു പോകാനുള്ള പാന്റ്സും ഷർട്ടുമൊക്കെ കൊൽക്കത്തയിലെ സാംസൺ ആന്റ് ഡ്രസ്സസ്സിൽ നിന്നും വാങ്ങിത്തന്നതും രാമനാണ്,” തങ്കപ്പൻ നായർക്ക് വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യങ്ങൾ പോലും ഓർമ്മയിൽ ഭദ്രമാണ്.
പക്ഷേ ഫർണീച്ചർ കടയിൽ ഫർണീച്ചർ സാമഗ്രികളുടെ പേരിൽ നൽകിയ കേട്ടെഴുത്തിൽ പരാജയപ്പെട്ടതുകൊണ്ട് ആ ജോലി ലഭിച്ചില്ല. കാളീഘട്ടിലുള്ള താമസസ്ഥലത്തേക്ക് മടങ്ങിക്കോളാൻ രാമൻ പറഞ്ഞെങ്കിലും നായർ അതനുസരിക്കാതെ അവിടെ തന്നെ ചുറ്റിത്തിരിഞ്ഞു. നാലഞ്ചടി മുന്നോട്ടുപോയപ്പോൾ റോഡരുകിൽ തന്നെ ടൈപ്പ് റൈറ്റർ ഉള്ള ഒരു ഓഫീസ് കണ്ടു. ഇലക്ട്രിക്കൽ സാമഗ്രികൾ വിൽക്കുന്ന 9, ഓൾഡ് കോർട്ട് ഹൗസ് സ്ട്രീറ്റിലെ ബസന്ത് പ്രാൺ ആന്റ് കമ്പനി എന്ന കടയായിരുന്നു അത്. അവിടെ സ്റ്റെനോഗ്രാഫറെ ആവശ്യമുണ്ടായിരുന്നു. 125 രൂപ ശമ്പളത്തിൽ നായർ അവിടെ ജോലിക്കാരനായി. “താമസം കാളീഘട്ടിൽ തന്നെയുള്ള ഒരു രാമയ്യരുടെ ഹോട്ടലിന്റെ മുകളിൽ മൂന്നുപേർ ഒരുമിച്ച് താമസിക്കുന്ന മുറിയിലേക്കായി. 55 രൂപയ്ക്ക് ഒരുമാസത്തെ ശാപ്പാടും താമസവും കഴിഞ്ഞാൽ ബാക്കിയുള്ള തുക വീട്ടിൽ അച്ഛന് മണിയോർഡറായി അയക്കും,” നായർ ഓർക്കുന്നു. 18 എ, പാർക്ക് സൈഡ് റോഡ്, കൊൽക്കത്ത 26 ആയിരുന്നു കുറെക്കാലം നായരുടെ വിലാസം. രണ്ടു മാസത്തിനുശേഷം അമേരിക്കൻ എക്സ്പ്രസ്സ് എന്ന ട്രാവൽ കമ്പനിയിലേക്കും മറ്റു പല കമ്പനികളിലേക്കുമൊക്കെ നായർ മാറി. കൂടുതൽ ശമ്പളം കിട്ടുന്ന സ്ഥലത്തേക്കുള്ള പോക്കിനപ്പുറം മറ്റൊന്നുമായിരുന്നില്ല അതിനു പിന്നിൽ. 1956 ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിലെ അഭിമുഖത്തിൽ നായർക്ക് തൊഴിൽ ലഭിച്ചതിനെ തുടർന്ന് മേഘാലയയിലെ ഷില്ലോങ്ങിലായിരുന്നു നിയമനം. 1956 സെപ്തംബർ 26 മുതൽ 1961 വരെ ഷില്ലോങ്ങിലായിരുന്നു നായരുടെ ജോലി. ഈ കാലത്താണ് ഷില്ലോങ്ങിലെ സെന്റ് ആന്റണീസ് കോളെജിൽ നിന്നും നായർ ചരിത്രത്തിൽ ബിരുദമെടുക്കുന്നത്. ‘ചരിത്രത്തോട് വലിയ അഭിനിവേശ മുണ്ടാകുന്നത് ആ പഠനകാലത്താണ്. ഇറ്റാലിയൻ മിഷണറിമാരായ സായ്പന്മാരായ അധ്യാപകരായിരുന്നു അന്ന് അവിടെ പഠിപ്പിച്ചിരുന്നത്. 1961ൽ കൊൽക്കത്തയിലെ മാതൃസ്ഥാപനത്തിലേയ്ക്ക് ജോലി കിട്ടിയപ്പോൾ മുതൽ വിവിധ പ്രസിദ്ധീകരണങ്ങളിൽ ചരിത്ര സംബന്ധിയായ ലേഖനങ്ങൾ ഞാൻ എഴുതാൻ തുടങ്ങി. ബാംഗ്ലൂരിൽ നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്ന ‘ഡെക്കാൺ ഹെറാൾഡി’ലാണ് ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. നാട്ടിലെ ജൂതന്മാരുടെ ജീവിതത്തെ, നരവംശശാസ്ത്ര സ്ഥാപനത്തിന്റെ ലൈബ്രറി യിൽ നിന്നും ലഭിച്ച വിവരങ്ങളുമായി കൂട്ടിയിണക്കിക്കൊണ്ടായിരുന്നു ആദ്യ ലേഖനം,’ നായർ ഓർക്കുന്നു. ആ സമയത്ത് കൊൽക്കത്ത ലോ കോളജിൽ നിന്നും നിയമത്തിൽ ബിരുദവുമെടുത്തു നായർ.

1966 ആയപ്പോഴേക്കും കൊൽക്കത്തയെപ്പറ്റിയും മറ്റു പലപല വിഷയങ്ങ ളെപ്പറ്റിയുമൊക്കെ ‘ഹിന്ദു’ അടക്കമുള്ള ദേശീയ പത്രങ്ങളിൽ നായർ എഴുതിത്തുടങ്ങി. ആ സമയത്താണ് ആലുവക്കാരനായ ഇ എച്ച് ടിപ്പു എന്നയാൾ കൊൽക്കത്തയിൽ നിന്നും ‘എഞ്ചിനീയറിങ് ടൈംസ്’ എന്ന് പത്രം തുടങ്ങുന്നത്. അതിന്റെ ബോംബെ കറസ്പോണ്ടന്റാകാനായി നായർ സർക്കാർ ജോലി രാജിവച്ചു. പത്രപ്രവർത്തനത്തോടുള്ള അതീവ താൽപര്യമായിരുന്നു ആ രാജിക്ക് പിന്നിൽ. അതിൽ മുംബയിൽ ജോലി ചെയ്യുന്ന സമയത്താണ് ചേന്ദമംഗലംകാരിയും അധ്യാപികയുമായ സീതാദേവിയെ വിവാഹം ചെയ്തത്. 1976ൽ വീണ്ടും കൊൽക്കത്തയിലേക്ക് തന്നെ തിരിച്ചുപോയി നായർ. 1980 വരെ ആ പത്രത്തിൽ നായർ തൊഴിലെടുത്തു. ഇന്നുവരെ താമസിച്ച കൻസാരിപാറ റോഡിലെ 82 സിയിൽ തന്നെയായിരുന്നു അന്നും തങ്കപ്പൻ നായരുടെ താമസം.
പിന്നീടുള്ള നായരുടെ ജീവിതം മുഴുവനും കൊൽക്കത്തയിൽ നിറഞ്ഞു പരിലസിക്കുകയാണ്. പുസ്തകങ്ങളുെട രചനകൾക്കായി കൊൽക്കത്ത യെപ്പറ്റി എവിടെ നിന്ന് എന്തു വിവരം ലഭിച്ചാലും നായർ അതൊക്കെ ശേഖരിക്കുക പതിവായി. പല പല ഫയലുകൾ ഉണ്ടാക്കി. അവ ഓരോന്നും പിൽക്കാലത്ത് കൊൽക്കത്തയുടെ ചരിത്രം വരുംതലമുറയ്ക്ക് പകർന്നു നൽകുന്ന കൃതികളായി മാറി. നായർ പലയിടത്തുനിന്നും ശേഖരിച്ച പുസ്തകങ്ങൾ അമൂല്യങ്ങളായിരുന്നു. 2000ത്തിൽ നായരുടെ രണ്ടാമത്തെ മകൻ മനീഷ് ആത്മഹത്യ ചെയ്തതിനെ തുടർന്ന് മനസ്സില്ലാമനസ്സോടെ കൊൽക്കത്ത വിടാൻ നായർ തീരുമാനിച്ചപ്പോൾ ആ പുസ്തകശേഖരം എന്തു ചെയ്യുമെന്നായി ചിന്ത. അത് കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷന് കീഴിലുള്ള ടൗൺ ലൈബ്രറിക്ക് നൽകാൻ തീരുമാനിച്ചപ്പോൾ ഇന്നത്തെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, നായരുടെ വീട്ടുപടിക്കൽ കുത്തിയിരുപ്പ് സമരം നടത്തി. ലൈബ്രറിക്ക് നൽകുകയെന്നാൽ കമ്യൂണിസ്റ്റ് സർക്കാരിനു നൽകുകയാണെന്നായിരുന്നു അവരുടെ വാദം. ബ്രിട്ടീഷ് ലൈബ്രറി ഈ പുസ്തകങ്ങൾ ഏറ്റെടുക്കാൻ നായർക്ക് ബ്ലാങ്ക് ചെക്ക് നൽകിയെങ്കിലും നായരത് നിരസിച്ചു. ഒടുവിൽ 11 ലക്ഷം രൂപയ്ക്ക് ടൗൺ ലൈബ്രറിക്ക് നായർ ആ പുസ്തകശേഖരം കൈമാറി. ആ തുകയിൽ നി്ന്നും അഞ്ച് ലക്ഷം രൂപയെടുത്താണ് ചേന്ദമംഗലത്തെ വസതി നിർമ്മിച്ചത്. ബാക്കി തുക ചില കടങ്ങൾ വീട്ടിയശേഷം ബാങ്കിലിട്ടു. അതിന്റെ പലിശയായി പ്രതിമാസം ലഭിക്കുന്ന 3000 രൂപ മതി നായർക്ക് ജീവിക്കാൻ. “പുസ്തകങ്ങൾ അധികം കോപ്പികളൊന്നും അച്ചടിക്കാറില്ല പ്രസാധകർ. അടിക്കുന്ന കോപ്പിയിൽ 300 കോപ്പി രാജാറാം മോഹൻ ഫൗണ്ടേഷനു പോകും. വേറെ 300 എണ്ണം അമേരിക്കന് ലൈബ്രറി കോൺഗ്രസിനും. എനിക്ക് 10 കോപ്പികളേ ലഭിക്കാറുള്ളു. ഫിർമ കെ എൽ മുഖോപാധ്യായ ആയിരുന്നു ആദ്യകാല പ്രസാധകർ,” നായർ ഓർക്കുന്നു.
ചെറിയ കടലാസു തുണ്ടുകളിലാണ് തനിക്ക് ലഭിക്കുന്ന വിവരങ്ങൾ പുസ്തകമെഴുത്തിനായി നായർ ശേഖരിച്ചുവയ്ക്കുന്നത്. അവ പിന്നെ റെമിങ്ടൺ ടൈപ്പറൈറ്ററിലൂടെ ഫയൽ ചെയ്യുന്ന രേഖകളാകും. ഒപ്പം ഓരോ ഫയലിനുമൊപ്പം എന്തിനെക്കുറിച്ചാണോ എഴുതാൻ ഉദ്ദേശിക്കു ന്നത്, അവയെപ്പറ്റി കിട്ടാവുന്ന പുസ്തകങ്ങളും വിവരങ്ങളുമെല്ലാം നായർ ശേഖരിക്കും. പിന്നെ അതേപ്പറ്റി അന്വേഷിക്കാൻ പത്രപ്രവർത്തകന്റെ കൗതുകത്തോടെയുള്ള യാത്രകൾ. അതുമായി ബന്ധപ്പെട്ടവരെ സന്ദർശി ക്കാൻ. ഇതിന് ചിലപ്പോൾ അഞ്ചു പത്തു വർഷങ്ങൾ തന്നെയെടുക്കും.
“വീട്ടിൽ മൂന്നു കിലോമീറ്റർ അകലെയുള്ള നാഷണൽ ലൈബ്രറിയിൽ മിക്ക സമയവും ചെലവിടുന്ന എനിക്ക് ഭക്ഷണം പോലും പരിമിതമായി മാത്രമേ വേണ്ടൂ. പാലും നെയ്യുമൊന്നും ഞാൻ കഴിക്കാറില്ല. എന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പ്രസാധകരിൽ നിന്നും ഞാനിതുവരെ ഒരു രൂപ പോലും വാങ്ങിയിട്ടുമില്ല. അവ എത്തേണ്ടിടത്ത് എത്തണമെന്നും വായിക്കേണ്ടവർ വായിക്കണമെന്നും മാത്രമേ ഞാൻ ആഗ്രഹിക്കാറുള്ളു,” നായർ പറയുന്നു.
ചേന്ദമംഗലത്തെപ്പറ്റി വരുന്ന വാർത്തകളും വിശേഷങ്ങളുമൊക്കെ നായർ ഇപ്പോൾ ഈ എൺപത്തിയഞ്ചാം വയസ്സിലും വെട്ടിയെടുത്ത് ഫയലുകളാക്കുന്നുണ്ടായിരുന്നു നായർ. കൊൽക്കത്തയുടെ ചരിതം ഉറങ്ങുന്ന തടിയൻ ഇംഗ്ലീഷ് ചരിത്ര പുസ്തകങ്ങൾക്കൊപ്പം അവയുടെ ഫയലുകളും സ്ഥാനം പിടിച്ചു തുടങ്ങിയിരുന്നു കുറച്ചുകാലം മുന്നേ മഠത്തിപറമ്പിൽ വീട്ടിൽ.
ഇന്ന് വൈകുന്നേരം മൂന്നര മണിയോടെ കൊൽക്കത്തയിൽ നിന്നുളള ഇൻഡിഗോ വിമാനത്തിൽ പുസ്തകങ്ങൾക്കൊപ്പം നായരുടെ 1964 മോഡൽ റെമിങ്ടൺ ടൈപ്പ്റൈറ്ററും ഉണ്ടാകും. രാത്രി എട്ടുമണിക്ക് 6 ഇ 6965 കൊച്ചിയിലെത്തുമ്പോൾ ചേന്ദമംഗലത്തേക്ക് ഈ ടൈപ്പ്റൈറ്ററും യാത്ര ചെയ്യുമെന്നാണ് എന്റെ വിശ്വാസം. കൊൽക്കത്തയുടെ നൂറ്റാണ്ടുകളുടെ ചരിത്രം രേഖപ്പെടുത്തിയ ആ റെമിങ്ടൺ ഇനി ചേന്ദമംഗലത്തിന്റെ ചരിത്രമെഴുതുമോ എന്നേ ഞങ്ങൾക്കറിയേണ്ടതുള്ളു. നായരെ കാണുന്നതിനേക്കാൾ ഞാൻ കൊതിക്കുന്നത് ആ ടൈപ്പ്റൈറ്റർ കാണാനാണെന്നതാണ് സത്യം.