scorecardresearch
Latest News

മറ്റെവിടെയും പോലെ പുരുഷാധിപത്യം നിറഞ്ഞു നില്‍ക്കുന്ന ഒരിടം തന്നെയാണ് കേരളവും: അനിതാ ദുബെയുമായി അഭിമുഖം

ആധുനികതയൊക്കെ സംഭാഷണത്തിലും സാഹിത്യത്തിലും ഒതുക്കപ്പെട്ടത് പോലെയുണ്ട് ഇവിടെ. സ്ത്രീകളെ സ്വതന്ത്രരായി വിടാൻ പുരുഷന്മാർക്ക് ഇപ്പോഴും എത്ര മടിയും ഭയവുമാണ്

മറ്റെവിടെയും പോലെ പുരുഷാധിപത്യം നിറഞ്ഞു നില്‍ക്കുന്ന ഒരിടം തന്നെയാണ് കേരളവും: അനിതാ ദുബെയുമായി അഭിമുഖം

ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതിവിധി നടപ്പാക്കാതിരിക്കാനുള്ള മതസംഘടനകളുടെ അക്രമവാഴ്ചയും, കേരളകലാരംഗത്ത് ക്ഷേത്രങ്ങളുടെ മതിൽക്കെട്ടിനുള്ളിൽ നിന്ന് നഗ്നമായ പെണ്ണുടലിനെ പൊതു സ്ഥലത്തേയ്ക്ക് കുടിയിരുത്തിയ ‘യക്ഷി’ എന്ന അതിപ്രശസ്തമായ ശില്പത്തിന്റെ അൻപതാം വാർഷികാഘോഷങ്ങളും നടന്ന കാലയളവില്‍ തന്നെയാണ് കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ആദ്യമായി ഒരു വനിതാ  ക്യൂറേറ്റര്‍ ഉണ്ടാകുന്നത്.  കലയെക്കുറിച്ചും, കേരളത്തെക്കുറിച്ചും ബിനാലെ അനുഭവങ്ങളെക്കുറിച്ചുമൊക്കെ ഫൊട്ടോ ആർട്ടിസ്റ്റായ ഹരിഹരൻ സുബ്രഹ്മണ്യവുമായി അനിതാ ദുബെ സംസാരിക്കുന്നു.  ദീര്‍ഘ സംഭാഷണത്തിന്റെ രണ്ടാം ഭാഗം.

കേരളത്തിൽ സ്ത്രീ സംബന്ധിയായ രണ്ട് സംഭവങ്ങൾ അരങ്ങേറിയ കാലയളവില്‍ തന്നെയാണ് അനിതാ ദുബെ ക്യൂറേറ്റ് ചെയ്ത കൊച്ചി മുസിരിസ് ബിനാലെ നടക്കുന്നത്.  ഒന്ന്, ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്നുള്ള സുപ്രീം കോടതിയുടെ വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കാതെയുള്ള വലതുപക്ഷ ശക്തികളുടെ തീവ്രവാദത്തോളം എത്തുന്ന അക്രമത്തിലൂന്നിയ എതിർപ്പ്. രണ്ട്,  കേരളത്തിൽ ആദ്യമായി പൊതുയിടത്തിലേയ്ക്ക് സ്ത്രീയുടെ നഗ്നതയെ അതിശയകരമായ ഒരു ശില്പത്തിലൂടെ തുറന്ന് വിട്ടതിന്റെ അൻപതാം വാർഷികാഘോഷം. കാനായി കുഞ്ഞിരാമന്റെ ‘യക്ഷി’ എന്ന ശിൽപ്പത്തിന്റെ അൻപതാം വാർഷികം കേരളാ ലളിതകലാ അക്കാദമി ആഘോഷിച്ച ഈ കാലത്തും ‘യക്ഷി’ ഒരു അശ്ളീല വസ്തുവാണെന്നും അത് പുരുഷന്റെ അശ്ളീലത നിറഞ്ഞ നയനഭോഗമാണെന്നും പറയുന്ന കലാകാരന്മാരെയും ഫെമിനിസ്റ്റുകളെയും നമുക്ക് കാണാമെന്നത് അത്ഭുതമുളവാക്കുന്നു. ഒരു സ്ത്രീയെന്ന നിലയിലും ഒരു കലാകാരിയെന്ന നിലയിലും ഇതിനെയൊക്കെ എങ്ങിനെയാണ് കാണുന്നത്?

നമ്മുടെയിവിടെ ഒരു സ്ത്രീ എന്തിന്റെയെങ്കിലും മേൽനോട്ടം വഹിച്ചാൽ അതിലെന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ ധാരാളം പേരുണ്ടാകും. ബിനാലെയിൽ ഇത് രണ്ട് രീതിയിലാണ് പ്രവർത്തിക്കുന്നത്. ഒന്ന്, ഒരു സ്ത്രീയായ എൻ്റെ തിരഞ്ഞെടുപ്പുകൾ തന്നെ മോശമായി കരുതപ്പെടുന്നത്. രണ്ട്, സ്ത്രീ കലാകാരികളുടെ അനുപാതം കൂടുതലായത് കൊണ്ട് തന്നെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന സൃഷ്ടികളും മോശമായിരിക്കും എന്ന വിശ്വാസം. ഇത് കാണാൻ വരുന്നവർക്ക് മാത്രമുള്ള ഒരു പോരായ്മയല്ല. പുരുഷന്മാരായ കലാകാരന്മാരും അങ്ങനെയാണ് ധരിച്ച് വച്ചിരിക്കുന്നത്. ഇതിന് വിദ്യാഭ്യാസമോ അതിൻ്റെ അഭാവമോ ഒരു വ്യത്യാസവും വരുത്തുന്നില്ല എന്നത് സങ്കടകരമാണ്.

സ്ത്രീകൾക്ക് ഇത്രയും പ്രാമുഖ്യം കൊടുത്തിരിക്കുന്ന ഒരു ബിനാലെയിൽ പോലും കാണാൻ വരുന്നവരുടെയിടയിലെ പുരുഷൻമാരുടെയും സ്ത്രീകളുടെയും അനുപാതമെടുത്താൽ നാം അത്ഭുതപ്പെട്ട് പോകും. കാണാൻ വരുന്ന സ്ത്രീകൾ അത്രകണ്ട് കുറവാണ്. അവർ വരുന്നുണ്ടെങ്കിൽത്തന്നെ കുടുംബം വരാൻ സന്നദ്ധത പ്രകടിപ്പിക്കുന്നത് കൊണ്ട് മാത്രം വരാൻ കഴിയുന്നവരാണ്. ഇത് സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതലുള്ള, അവരിലേറെപേരും വിദ്യ അഭ്യസിച്ചിട്ടുള്ള ഏറ്റവും പുരോഗമനപരമെന്ന് നാം പൊതുവെ വിശേഷിപ്പിക്കുന്ന ഒരു സംസ്ഥാനത്താണ് നടക്കുന്നത് എന്ന വിരോധാഭാസവും ഉൾക്കൊണ്ട ഒരു കാര്യമാണ്.

കൊച്ചി മുസിരിസ് ബിനാലെയുടെ ക്യൂറേറ്റോറിയല്‍ നോട്ടിനു മുന്നില്‍ അനിതാ ദുബെ

ആധുനികതയൊക്കെ സംഭാഷണത്തിലും സാഹിത്യത്തിലും ഒതുക്കപ്പെട്ടത് പോലെയുണ്ട് ഇവിടെ. സ്ത്രീകളെ സ്വതന്ത്രരായി വിടാൻ പുരുഷന്മാർക്ക് ഇപ്പോഴും എത്ര മടിയും ഭയവുമാണ് എന്ന് ഇവിടെ വന്ന് കാര്യങ്ങൾ കണ്ടറിയുമ്പോഴാണ് മനസ്സിലായത്. വേറെയെവിടെയും പോലെ പുരുഷാധിപത്യം നിറഞ്ഞുനിൽക്കുന്ന ഒരു സ്ഥലമാണ് കേരളവും. അതിൻ്റെ ദോഷഫലങ്ങൾ എല്ലാ മേഖലകളിലും കാണാനാവും.

ശബരിമലയിലരങ്ങേറിയ അസുഖകരമായ സംഭവങ്ങളിൽ നിന്ന് പുരോഗമനവാദികളെന്ന് മേനി പറയുന്നവരും ഒന്നും പഠിച്ചില്ല എന്നാണ് നവോത്‌ഥാന മതിൽ നമ്മളെ മനസ്സിലാക്കിത്തരുന്നത്. സ്ത്രീകളുടെ പ്രശ്നമായിട്ടാണ് ശബരിമലയെ എല്ലാവരും സമീപിക്കുന്നത്. അങ്ങനെയായതു കൊണ്ട് നിങ്ങൾ സ്ത്രീകൾ അതിനെതിരെ മതിൽകെട്ടി പ്രതിരോധിച്ചോളൂ എന്ന് പറയുന്നതിലെ ധാർമികത മനസ്സിലാകുന്നില്ല. ഇത് ഞങ്ങളുടെയും പ്രശ്നമാകുന്നതിനാൽ ഞങ്ങളും കൈകോർക്കാനുണ്ട് എന്ന് പറയാൻ ഇവിടെയുള്ള പുരുഷന്മാർക്ക് എന്ത് കൊണ്ട് തോന്നിയില്ല? ആർത്തവവും അതിനോടനുബന്ധപ്പെട്ട രക്തവും അശുദ്ധമാണെങ്കിൽ ആ അശുദ്ധിയിൽ നിന്നാണ് മാനവകുലം തുടർന്നു കൊണ്ടേയിരിക്കുന്നത് എന്ന് നമുക്ക് സമ്മതിക്കേണ്ടി വരും.

വംശീയതയിലും തൊട്ടുകൂടായ്മയിലും അധിഷ്ഠിതമായ ഇങ്ങനെയുള്ള ദുരാചാരങ്ങളെ പിന്തുടർന്നാണ് എവിടെയും വലതുപക്ഷ തീവ്രവാദം മുളയ്ക്കുന്നത്. വിദ്യാഭ്യാസം നേടിയ, പുരോഗമനാശയങ്ങൾ സ്വായത്തമാക്കിയ എന്ന് പൊതുവെ കരുതപ്പെടുന്ന ഒരു സമൂഹത്തിലാണ് ഈ അസംബന്ധനാടകം അരങ്ങേറിയതെന്നും കൂടി അറിയുമ്പോഴാണ് വലത് ശക്തികൾ രാജ്യത്ത് നേടിയ കരുത്ത് നമുക്ക് മനസ്സിലാവുക. പലരുടെയും യഥാർത്ഥ മുഖങ്ങൾ വെളിവാക്കിയ മാസങ്ങളാണ് കടന്നു പോയവ. ഉയർന്ന് വന്ന പ്രതീക്ഷയുടെ സ്വരങ്ങളൊക്കെയും പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെയാണ് എന്നത് പ്രതീക്ഷയ്ക്ക് ഇടം നൽകുന്ന കാര്യമാണ്. സമൂഹത്തിനെ ഇപ്പോൾ അതിനെ ചൂഴ്ന്ന് തുടങ്ങിയ ഈ ഇരുളിൽ നിന്നും രക്ഷിക്കാനാവുക അവർക്ക് മാത്രമാണ്. വ്യാജമായി നിർമ്മിക്കപ്പെട്ട ഒരു ഐതിഹ്യത്തിന്റെയും ചരിത്രത്തിന്റെയും പേരിൽ എന്തൊക്കെയാണ് ഇവിടെ നടന്നത്.

ഈ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഒരാഘോഷമായിട്ടാണ് ഈ പ്രശ്നത്തിന് എത്രയോ മുൻപ് ബിനാലെയുടെ ഈ പതിപ്പ് നിര്‍ണയിക്കപ്പെട്ടത് എന്നത് എനിക്ക് ഏറെ ആഹ്ളാദം പ്രദാനം ചെയ്യുന്നുണ്ട്. ചിരിയിലൂടെ… കളിയിലൂടെ.. .പാട്ടിലൂടെ…നൃത്തത്തിലൂടെ… നമുക്ക് ഒരുമിച്ച് അറിവിലേയ്ക്കും വെളിച്ചത്തിലേയ്ക്കും എത്തിപ്പെടാൻ ആകണം. എൻ്റെ ക്യൂറേറ്റോറിയൽ കുറിപ്പിലും ഞാൻ ഈ വസ്തുതയ്ക്കാണ് ഊന്നൽ നൽകിയിട്ടുള്ളത്. എത്ര കൃത്യമായ ഇടപെടലാണത് എന്ന് ഇപ്പോഴെനിക്ക് ഒന്നു കൂടി ബോധ്യപ്പെടുന്നു.

Read More: കൊടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; ബിനാലെ വിവാദ ചുഴിയില്‍

‘യക്ഷി’യുടെ അൻപതാം വാർഷികത്തിന്റെ ആഘോഷങ്ങളെക്കുറിച്ച് ഞാൻ പത്രങ്ങളിലൂടെ അറിഞ്ഞു. നഗ്നമായ പെണ്ണുടലിൻ്റെ രാഷ്ട്രീയം അത് പറയുന്നവരെയും ആശ്രയിച്ചിരിക്കും. ക്ഷേത്രാങ്കണങ്ങളിൽ നിന്നും എന്തു കൊണ്ടാണ് സ്ത്രീ നഗ്നതയെ മാത്രം പകൽ വെളിച്ചം നിറഞ്ഞ പൊതുയിടത്തിലേയ്ക്ക് ഒരു പുരുഷനായ കലാകാരന് കൊണ്ടു വന്നിരുത്താൻ തോന്നിയതെന്ന് എന്നെ പോലെയുള്ള ഒരു സ്ത്രീ ആരാഞ്ഞാൽ ഒരുപക്ഷേ നിങ്ങളാകുന്ന പുരുഷൻ നൽകുന്ന ഉത്തരം കേട്ട് ഞാൻ തൃപ്തയാകണമെന്നില്ല. ക്ഷേത്രങ്ങളിലെ നഗ്നത പുരുഷന്റേതുമാണ്… സ്ത്രീയുടേതുമാണ്… ഇരുവരും അനിതരരായി മൈഥുനത്തിലേർപ്പെട്ടിരിക്കുന്ന ഏകതാനതയുടേതുമാണ്. ഇതിൽ സ്ത്രീയുടെ നഗ്നതയെ മാത്രം ഉച്ച വെയിലത്ത് ഒരു പുരുഷൻ കുടിയിരുത്തുന്നതിനെ ഒരു സ്ത്രീ സംശയത്തോടെ വീക്ഷിച്ചാൽ അതിനെ കുറ്റപ്പെടുത്താനാകുമോ? എന്നാൽ ഈ എതിർപ്പ് കേവലമായ നഗ്നതയ്ക്കെതിരെയല്ല എന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്. നഗ്നത ആഭാസമോ വൃത്തികേടോ അല്ല. അതിൽ അസമത്വം വരുത്തുമ്പോൾ അതിനെ അങ്ങിനെതന്നെ അംഗീകരിക്കാനാകില്ല എന്ന് മാത്രം.

സ്ത്രീ പ്രാതിനിദ്ധ്യത്തിന് ഇത്രകണ്ട് പ്രാധാന്യം കൊടുക്കുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ക്യൂറേഷൻ നടത്തുകയും ചെയ്യുന്നതിനിടയിൽ ഒരിടിവെട്ടുപോലെ ഒരു #MeToo പരാതി ബിനാലെയുടെ മുഖ്യ ഭാരവാഹികളിൽ ഒരാളുടെ പേരിൽ ഉയർത്തപ്പെടുക. ഇത് ഒരു സ്ത്രീയെന്ന നിലയിൽ എങ്ങനെയാണ് ഉൾക്കൊണ്ടത്?

തീരെ പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നു നടന്നത്. പക്ഷേ ഞാൻ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെയുടെ ഭാരവാഹിയായത് കൊണ്ടു മാത്രം ഈ വിഷയത്തിൽ അയാൾക്കൊരു പ്രത്യേക പരിഗണന ഒരിക്കലും എനിക്ക് കൽപ്പിച്ച് നൽകാനാകില്ല. സാമൂഹ്യമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾ ഉയരുകയും കാര്യം ചൂടുപിടിക്കുകയും ചെയ്തു. ഈ പ്രശ്നം അറിഞ്ഞയുടനെ ഞാൻ ബിനാലെ ട്രസ്റ്റിന് അവർ ഈ കാര്യത്തിലെടുക്കാൻ പോകുന്ന നിലപാടിനെക്കുറിച്ച് വ്യക്തത വരുത്തിയെ തീരൂ എന്ന് ആവശ്യപ്പെട്ട് ഒരു കത്ത് ഔദ്യാഗികമായി കൈമാറുകയുണ്ടായി. ആക്ഷേപമുയർന്നിട്ടുള്ള സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ ഒരു കമ്മറ്റിയെ നിയോഗിക്കുന്നുണ്ടെന്നുള്ള ഉറപ്പ് കിട്ടുകയും അധികം താമസിയാതെ മുൻ ചീഫ് സെക്രട്ടറി ലിസ്സി ജേക്കബ്ബിന്റെ നേതൃത്വത്തിൽ അത് യാഥാർഥ്യമാവുകയും ചെയ്തു. ആരോപിതനായ ഭാരവാഹി സ്വയം താൻ കമ്മറ്റിയുടെ അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ ബിനാലെ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതായ ഒരു പരസ്യപ്രസ്താവന ഇറക്കുകയും ചെയ്തു. ഈ കാര്യത്തിൽ ഒരു സംഘടനയ്ക്ക് ചെയ്യാവുന്നതിന്റെ പരമാവധി ബിനാലെ ട്രസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് അനുഭവപ്പെട്ടിട്ടുള്ളത്.

Read More: മീ ടൂ ആരോപണം: ബിനാലേ ഫൗണ്ടേഷനില്‍ നിന്ന് റിയാസ് കോമു രാജിവച്ചു

പക്ഷേ നിയോഗിക്കപ്പെട്ട കമ്മറ്റിയുടെ സിറ്റിങ്ങുകളെക്കുറിച്ച് വന്ന വാർത്ത തീർത്തും നിരാശാജനകമാണെന്ന് പറയേണ്ടിയിരിക്കുന്നു. ചെയർപേഴ്‌സൺ പോലും പങ്കെടുക്കാത്ത ഒരു സിറ്റിങ്ങിനെക്കുറിച്ച് പത്രങ്ങളിൽ വന്നത് ഓർമ്മയിലെത്തുന്നു.

ഒരു സിറ്റിങ്ങിൽ ഒരാൾ പങ്കെടുക്കാത്തതിൻ്റെ കാരണങ്ങൾ പലതുമാകാം. പക്ഷേ ഇങ്ങനെയുള്ള നിർണ്ണായകപ്രാധാന്യമുള്ള പ്രശ്നങ്ങളിൽ നിങ്ങൾ പത്രക്കാർ അന്വേഷിച്ച് കാര്യങ്ങൾ ഒരു പരിസമാപ്തിയിൽ എത്തുന്നുണ്ടോ എന്ന് ഉറപ്പ്‌ വരുത്തേണ്ടതുമുണ്ട്.

ദുര്‍ഗാഭായ് വ്യാം-സുരേഷ് വ്യാം എന്നിവരുടെ ഗോണ്ട് പെയിന്റിംഗിന് മുന്നില്‍ അനിതാ ദുബെ

പാർശ്വവൽക്കരണവുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി. വിദേശങ്ങളിൽ പലയിടത്തും തെരുവ് കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള കലാമേളകൾ അരങ്ങേറുന്നതായി കാണാം. നമ്മുടെ നാട്ടിലാകട്ടെ തെരുവിൽ ചിത്രം വരയ്ക്കുകയും അവിടെത്തന്നെ ജീവിതം ജീവിച്ചും തീർക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ടവരായ കലാകാരന്മാരെ പലയിടങ്ങളിലും കാണാം. സ്റ്റൂഡന്റ്റ്സ് ബിനാലെ പോലെ ഒരു ചെറിയ മൂല … അതും വലിയ ചുവരുകൾ ആവശ്യത്തിന് ലഭ്യമാകുന്ന ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും നടത്തപ്പെടുന്ന ഒരു ബിനാലെയിൽ ഈ കൂട്ടർക്ക് ഒരുക്കാമായിരുന്നില്ലേ? ഒരു ബസ്‌ക്കേഴ്‌സ് ബിനാലെ ? കൊച്ചി ബീച്ചിൽ കഴിഞ്ഞ വര്ഷം വരെ തകരഷീറ്റിൽ ഇനാമൽ പെയിന്റ് ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുകയും അത് കാണുന്നവർ നൽകുന്ന പണം കൊണ്ട് ജീവിതം കഴിച്ചിരുന്ന ജലീൽ എന്ന് പേരായ ഒരു ചിത്രകാരനുണ്ടായിരുന്നു. അയാളുടെ കലാസപര്യയിൽ മതിപ്പ് തോന്നിയ പൗരസമിതി അയാൾക്ക് ഒരു അവാർഡ് നൽകുകയുണ്ടായി. ജീവിതത്തിൽ ആദ്യമായി കിട്ടുന്ന കലാപ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങിയ ചാരിതാർഥ്യത്തോടെ തൊട്ടടുത്ത ദിവസം അയാൾ മരിച്ചു. ഒരു കാലത്ത് കൊച്ചിയിലെ ലഹരിമരുന്ന് ശൃംഖലയിലെ ഒരു കണ്ണിയായ ഇയാളെ പൗരാവലിയുടെ മതിപ്പിന് അർഹനാക്കിയത് അയാളിൽ നിക്ഷിപ്തമായിരുന്ന കലയായിരുന്നു . ഇങ്ങനെയുള്ള ഒരു വിമോചനം അനുഭവിക്കുന്നവരുടെ ഒരു പ്രത്യേക ലോകവും കൂടിയാണത്.

താങ്കളിൽ നിന്നും ഇത് അറിഞ്ഞ സ്ഥിതിയ്ക്ക് ഒന്ന് പറയട്ടെ. ഇങ്ങനെയുള്ള ഒരു കൂട്ടരെക്കുറിച്ചുള്ള ചിന്തയുണ്ടായില്ല എന്നതാണ് നേര്. കൂടെയുണ്ടായിരുന്ന സഹായികളിൽനിന്നും ഇവിടെ ഇങ്ങനെയുള്ളവരുണ്ടെന്ന വസ്തുത മനസ്സിലാക്കാൻ കഴിഞ്ഞില്ല.

Silence : Blood Wedding: അനിതാ ദുബെ

നിങ്ങളുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘Silence : Blood Wedding’ എന്ന സൃഷ്ടി ശബരിമലയിലെ സ്ത്രീപ്രശ്നത്തിന്റെ ഒരു പരിച്‌ഛേദമായി ഇപ്പോൾ അനുഭവപ്പെടുന്നു. വ്യക്തിപരമായ ഏറെ സമസ്യകൾ ജീവിതത്തിലുണ്ടായിരുന്ന ഒരു കാലയളവിലെ സൃഷ്ടിക്ക് വർഷങ്ങൾക്ക് ശേഷം ഇങ്ങനെ ഒരു സംവേദനതലം അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞാൽ അത്ഭുതപ്പെടുമോ? പ്രത്യേകിച്ചും അതിൻ്റെ നിർമ്മാണശൈലിയിലെ പ്രത്യേകത. മതാന്ധതയുടെ, ബലി നടക്കുന്ന അൾത്താരയിൽ കിടത്തപ്പെട്ടിട്ടുള്ള സ്ത്രീ.  ചോര വാർന്ന് അസ്ഥികൾ കാണുമാറാകുന്ന നഗ്നമായ ഉടലില്‍.  മതാന്ധതയെ ഓർമ്മപ്പെടുത്തുന്നു വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ആ സൃഷ്ടി. കാലത്തിനതീതമായ ഒരു സംവേദനം. അല്ലെ?

ഇത് ഏറെ സന്തോഷം പകരുന്ന ഒരു കാര്യമാണ്. ശരിയാണ്. ശബരിമലയിലരങ്ങേറിയ ആക്രമണോല്സുകതയും അതിന് കാരണഭൂതമായ അശുദ്ധമെന്ന് കരുതപ്പെടുന്ന ആർത്തവരക്തവും മൊത്തത്തിലുള്ള ഈ അസംബന്ധ നാടകത്തിൽ ഒന്നും ചെയ്യാനാകാതെ ഉഴറുന്ന സ്ത്രീകളും… ഇവയെല്ലാത്തതിന്റെയും സ്മരണയുണർത്തുന്ന ഘടനയും വർണ്ണസമ്മേളനവും തന്നെയാണ് Blood Weddingന് ഉള്ളത് . അതിൽ ആർത്തവരക്തവും ആത്മീയതയും അശ്ലീലതയും എല്ലാം കണ്ടവരുണ്ട്. ഇത്രയും വർഷങ്ങൾക്ക് ശേഷവും ഒരു സൃഷ്ടിയ്ക്ക് ഒരു നിർണ്ണായക ഘട്ടത്തിൽ സംവേദിക്കാനാകുന്നുണ്ടെന്നത് ചെറിയ കാര്യമല്ല.  ജീവിതത്തിലെ വളരെ വിഷമം പിടിച്ച ഒരു ഘട്ടത്തിൽ, 1997 ലാണ്, ഞാൻ അത് സൃഷ്ടിച്ചത് .

ക്യൂറേറ്ററുടെ ഉയർന്ന കസേരയിൽ നിന്നുമിറങ്ങി അനിതാ ദുബെ എന്ന സാധാരണ സ്ത്രീയായി ബിനാലെയിൽ ഒരുക്കപ്പെട്ടിരിക്കുന്ന കലാസൃഷ്ടികൾ കണ്ട് നടക്കുമ്പോൾ അവ അനോന്യതയിലേയ്ക്ക് മനുഷ്യരെ എത്തിപ്പെടാൻ പ്രാപ്തമാക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ?

തീർച്ചയായും ഉണ്ട്… മുപ്പത് വർഷങ്ങൾക്ക് മുൻപ് താഴ്ന്ന് പോയ ആ കല്ലുണ്ടാക്കിയ തരംഗങ്ങളുടെ നിലയ്ക്കാത്ത ചലനം എന്നിലിപ്പോഴുമുയർത്തുന്ന ചില രചനകളെങ്കിലും ഇവിടെ എനിക്ക് കണ്ടെത്താനായി. ക്യൂറേറ്ററാകുമ്പോഴും അതല്ലാതെ ഒരു കാണിയായി നടക്കുമ്പോഴും. ഇത് കൊണ്ടും കൂടെയാണ് ഇന്ന് ദുർഗ്ഗമാരെയല്ലാതെ കൊല്ലപ്പെട്ട അമ്മയുടെ മുലയും തേടി മൃതശരീരങ്ങളുടെ മുകളിലൂടെ ഇഴയുന്ന നബണ്ണയുടെ കുഞ്ഞിനെ കാണാൻ കഴിയുന്നവരുമുണ്ടെന്ന് ഞാൻ പറയാൻ കാരണം.

അതെ… താഴ്ന്ന് പോയ ആ കല്ലുയർത്തിയ അലകളുടെ ചലനതരംഗം മൂന്ന് ദശകങ്ങൾക്ക് ശേഷവും എന്നിലുള്ളത് ഞാനറിയുന്നു. റഡാർ സ്ക്രീനിലെ ആ ചെറിയ കുത്ത് (blip) ഇപ്പോഴും ചിലരുടെ കണ്ണിലെ കരടായി നിലനിൽക്കുന്നു.

തീർച്ചയായും പ്രത്യാശയ്ക്ക് വകയുണ്ട്.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Kochi muziris biennale curator anita dube interview part