scorecardresearch
Latest News

രാജ്യം ഇരുളാല്‍ മൂടപ്പെടുമ്പോള്‍ കലാകാരന്മാര്‍ ദുര്‍ഗമാരെ വരയ്ക്കുന്നതെന്തു കൊണ്ട്?: അനിതാ ദുബെ സംസാരിക്കുന്നു

കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പ് അവസാനിക്കാറാകുന്ന വേളയിൽ അതിൻ്റെ ക്യൂറേറ്ററായ അനിത ദുബെയുമായി ഫൊട്ടോ ആർട്ടിസ്റ്റായ ഹരിഹരൻ സുബ്രഹ്മണ്യൻ നടത്തിയ ദീര്‍ഘ സംഭാഷണത്തിന്റെ ആദ്യ ഭാഗം

രാജ്യം ഇരുളാല്‍ മൂടപ്പെടുമ്പോള്‍ കലാകാരന്മാര്‍ ദുര്‍ഗമാരെ വരയ്ക്കുന്നതെന്തു കൊണ്ട്?: അനിതാ ദുബെ സംസാരിക്കുന്നു

കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ വനിതാ ക്യൂറേറ്റര്‍ ആണ് അനിതാ ദുബെ. ഈ പതിപ്പിന് തിരശ്ശീല വീഴാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, ബിനാലെ അനുഭവങ്ങളെക്കുറിച്ചും, കേരളത്തെക്കുറിച്ചും, കലയില്‍ താന്‍ കടന്നു വന്ന വഴികളെക്കുറിച്ചുമൊക്കെ ഫൊട്ടോ ആർട്ടിസ്റ്റായ ഹരിഹരൻ സുബ്രഹ്മണ്യവുമായി  സംസാരിക്കുകയാണവര്‍. ദീര്‍ഘ സംഭാഷണത്തിന്റെ ആദ്യ ഭാഗം.

“വിദേശ കലാമാതൃകകളും അവയുടെ മൂല്യം കുറഞ്ഞ പകർപ്പുകളും സൃഷ്ടിച്ചു കൊണ്ട് നമ്മുടെ കലാകാരന്മാർ ഇന്ത്യൻ കലാ വീക്ഷണത്തിലും സ്മരണകളിലും വീഴ്ത്തിയിട്ടുള്ള നിഴൽ ചെറുതല്ല. ഈ നിഴൽ നമ്മുടെ ചിത്രശില്പ കലകളിൽ ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധിയും ഒട്ടും തന്നെ ചെറുതല്ല. വിശുദ്ധിയുടെ പാതയിലൂടെ പ്രയാണം ചെയ്ത് ഇവിടെയെത്തിയിട്ടുള്ള ഇന്ത്യൻ കലയുടെ ദൗത്യം പാരീസിലും അമേരിക്കയിലും ഇപ്പോഴരങ്ങേറുന്ന ഉത്സവങ്ങളാൽ നിഷ്ക്കരുണം ചവിട്ടി മെതിക്കപ്പെടുകയും ചെയ്യപെടുന്നുണ്ട്,” മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് താങ്കള്‍ പങ്കെടുത്ത, ഇന്ത്യൻ റാഡിക്കൽ പെയിൻറ്റേഴ്സ് ആൻഡ് സ്കൾപ്റ്റർസ് അസോസിയേഷന്റെ കലാ പ്രദർശനത്തിന്റെ മാനിഫെസ്റ്റോയില്‍ നിന്നുള്ള വാക്കുകളാണിവ.  ഈ മുപ്പത് വർഷങ്ങൾ അനിതാ ദുബെയെന്ന സ്ത്രീയിലും കലാകാരിയിലും ബൗദ്ധികമായ എന്ത് മാറ്റം സൃഷ്ടിച്ചിട്ടുണ്ട് ?

മുപ്പത് വർഷങ്ങളിൽ വന്ന മാറ്റങ്ങൾ … ആദ്യ ചോദ്യം തന്നെ ഉഷാറാണല്ലോ. അതൊരു തീക്ഷ്ണമായ സമയമായിരുന്നു. ട്രയന്നാലെകൾക്ക് ശേഷമുള്ള യൂറോപ്പിലെയും അമേരിക്കയിലുമുള്ള ‘ഫെസ്റ്റിവൽ ഓഫ് ഇന്ത്യ’യുടെ പതിപ്പുകൾ അരങ്ങേറിയിരുന്ന സമയം. കലയും കലാകാരനും ചുരുക്കമുള്ള ചില ഗാലറികളുടെയും കലാരക്ഷകരെന്ന് നടിക്കുന്ന ചില ഉദ്യോഗസ്ഥരുടെയും നിയന്ത്രണത്തിലായിരുന്ന ഒരു കാലം. വളരെ സങ്കീർണ്ണമായ പ്രശ്നങ്ങളായിരുന്നു നിലനിന്നിരുന്നത്. ബറോഡയിൽ പഠിച്ചിരുന്ന എൻ്റെ സുഹൃത്തുക്കളിൽ പലരും നേരിട്ടിരുന്ന പ്രശ്നങ്ങളുമായിരുന്നു അവ. കലാരംഗത്ത് നിലനിന്നിരുന്ന ഒരാധിപത്യത്തോട് ബന്ധപ്പെട്ടിരുന്നു അത്. ആ പ്രത്യേകതരം ആധിപത്യം സംരക്ഷിക്കാൻ താത്പര്യപ്പെട്ടിരുന്ന വ്യവസ്ഥയിൽ തങ്ങൾ പെട്ടിരുന്നില്ല എന്ന് മനസ്സിലാക്കിയ ഒരു കൂട്ടം വളരെ പ്രഗത്ഭരായ കലാകാരന്മാരുടെ പ്രതികരണമായി വേണം അതിനെ കാണാൻ.

ജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളൊന്നും അന്ന് കലാരചനയിൽ അധികം കാണാനുണ്ടായിരുന്നില്ല. സാധാരണ മനുഷ്യരെപ്പറ്റിയൊക്കെ സംസാരിച്ചിരുന്നവർ ആ വിഭാഗത്തിൽ പെട്ടവരായിരുന്നില്ലെന്ന വൈരുദ്ധ്യവുമുണ്ടായിരുന്നു. എന്നാൽ റാഡിക്കൽ ഗ്രൂപ്പ് രൂപീകരിക്കാൻ കാരണഭൂതരായ കലാകാരന്മാരെല്ലാം സാധാരണ കുടുംബങ്ങളിൽ നിന്നും വന്നവരായിരുന്നു. കേരളത്തിലെ നാട്ടിൻപുറങ്ങളിലെ സർവ്വസാധാരണമായ ജീവിത ചുറ്റുപാടുകളിൽ നിന്നും വരുന്നവർ. നിലവിലുള്ള കലാസംഭാഷണങ്ങളിലോ പ്രവർത്തനങ്ങളിലോ തങ്ങളോ തങ്ങളുടെ വിചാരങ്ങളോ ഭാഗമാകുന്നില്ല എന്ന് ഇവർ പെട്ടെന്ന് മനസ്സിലാക്കി. ഇവരെല്ലാവരും മലയാളികളായിരുന്നു. ലഖ്‌നൗവിലെ ഒരു മധ്യവർത്തി കുടുംബത്തിൽ നിന്നും വന്ന എനിക്ക് ഇവരുടെ ശരിയിലെ ഉണ്മ ബോധ്യപ്പെടുകയും അവരോടൊപ്പം നിൽക്കാൻ ഞാൻ തീർച്ചപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

കൃഷ്ണകുമാര്‍ |  വര: ജോണ്‍സ് മാത്യു

റാഡിക്കൽ ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട ഒരു കലാകാരനായ കൃഷ്ണകുമാറിനൊക്കെ കലയെക്കുറിച്ച് ഒരു സാർവത്രികമായ കാഴ്ചപ്പാടുണ്ടായിരുന്നു. ആ സമയത്ത് തന്നെയായിരുന്നു കലാചരിത്രകാരിയും നിരൂപകയുമായ ഗീത കപ്പൂറിന്റെ നേതൃത്വത്തിൽ വേരുകളിലേയ്ക്കുള്ള ഒരു അന്വേഷണം വ്യവസ്ഥിതിയുടെ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കുന്ന ഒരു കൂട്ടം കലാകാരന്മാർ തങ്ങളുടെ രചനകളിലൂടെ ആരംഭിക്കുന്നത്.  എന്നാൽ എൻ്റെ ഈ കൂട്ടുകാർ ഒരു രീതിയിലും ഭരണകൂടം കനിഞ്ഞു നൽകിയിരുന്ന ഒരു ആനുകൂല്യവും അനുഭവിക്കുന്നവരായിരുന്നില്ല. തങ്ങൾ സാരിക്കാൻ ആഗ്രഹിച്ച സാധാരണ മനുഷ്യരുടെ ഇടയിൽ നിന്ന് തന്നെ വന്നവരായിരുന്നു അവർ.

പക്ഷേ മാധ്യമങ്ങൾക്ക് അവരെയല്ല വേണ്ടിയിരുന്നത്. അവരും അവര്‍ കൈകാര്യം ചെയ്യുന്ന കലാതത്ത്വങ്ങളും നമ്മുടെ മാധ്യമങ്ങൾക്ക് അസ്പൃശ്യമായിരുന്നു. സാധാരണക്കാരെക്കുറിച്ചുള്ള കുറെ ഉന്നതകുലജാതരുടെ തത്വസംഹിതകളിലായിരുന്നു അവർക്ക് താൽപ്പര്യം. ഈ ചുറ്റുപാടിൽ നിന്ന് കലയെയും കലാകാരനെയും മോചിപ്പിക്കാനുള്ള ചിലരുടെയെങ്കിലും തീക്ഷ്ണമായ ആഗ്രഹത്തിൽനിന്നും പിറവിയെടുത്തതായിരുന്നു റാഡിക്കൽ ഗ്രൂപ്പ്. മലയാളികളായ കലാകാരന്മാരാണ് അതിന് തുടക്കമിട്ടതെങ്കിലും സമാനമനസ്ക്കരായ മറ്റ് കലാപ്രവർത്തകരും അവരുടെ പ്രവൃത്തികളിൽ ആകൃഷ്ടരാവുകയുണ്ടായി. ഞാൻ തന്നെ ഒരുദാഹരണമാണ്.

ആ സമയത്താണ് മുഖ്യധാരയിൽ പ്രവർത്തിച്ചിരുന്ന കലാകാരന്മാരും നിരൂപകരും ദേശീയതാവാദവുമായി വന്ന് കലാരംഗത്തെ കൂടുതൽ മലീമസമാക്കാൻ തുനിയുന്നത്. മനുഷ്യനെ സംബന്ധിക്കുന്ന ഒന്നും തന്നെ അവരുടെ കലയിൽ കാണാനാവുമായിരുന്നില്ല. കൃഷ്ണകുമാറാകട്ടെ ഈ തരത്തിലുള്ള കലയുടെ പാമരത്തം കൃത്യമായി അറിയുന്ന ഒരാളായിരുന്നു. സാർവത്രികതയിലായിരുന്നു അയാൾക്ക് മമത. എഴുപതുകളുടെ അന്ത്യത്തിൽ തന്നെ കേരളത്തിലെ പൊതുവിടങ്ങളിൽ അയാളുടെ നേതൃത്വത്തിൽ സാധാരണക്കാർക്ക് വേണ്ടി പോസ്റ്റർ പ്രദർശനങ്ങളും ചിത്രപ്രദർശനങ്ങളും സംഘടിപ്പിക്കപ്പെട്ടിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ഒരിക്കൽ ലളിതകലാ അക്കാദമിയുടെ തിരഞ്ഞെടുപ്പ് രീതികൾക്കെതിരെ പ്രതിഷേധിച്ച് അക്കാദമിയുടെ വാർഷികപ്രദർശനം നടക്കുന്ന വേദിയുടെ വെളിയിലെ തെരുവിൽ അയാൾ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് കൃഷ്ണകുമാറും അലക്സ് മാത്യുവും കൂട്ടരുമെല്ലാം ചേർന്ന് റാഡിക്കൽ ഗ്രൂപ്പിന് തുടക്കമിടുന്നത്. അലക്സിനോടുള്ള അടുപ്പവും അവർ സമർത്ഥിച്ച കാര്യങ്ങളിലെ ശരിയും എന്നെയും അവരുടെ കൂടെ ചേരാൻ പ്രേരിപ്പിച്ചു.

ബറോഡയിൽ ഫൈൻ ആർട്സ് ഡിപ്പാർട്ട്മെൻറ്റിൽ വച്ചായിരുന്നു ഞങ്ങളുടെ ആദ്യ പ്രദർശനം ഒരുക്കപ്പെട്ടത്. ഗ്രൂപ്പിന്റെയും പ്രദര്ശനത്തിന്റെയും ലക്ഷ്യങ്ങളെ മുൻ നിർത്തി ഞങ്ങൾ ഒരു മാനിഫെസ്റ്റോ തയ്യാറാക്കാൻ തീരുമാനിക്കുകയും അതിൻ്റെ ചുമതല എന്നിൽ നിക്ഷിപ്തമാവുകയും ചെയ്തു. ‘ചോദ്യങ്ങളും സംവാദവും’ (Questions and Dialogue) എന്നായിരുന്നു ഏറെ വിവാദമുയർത്തിയ ആ പ്രദർശനത്തിന്റെയും മാനിഫെസ്റ്റോവിന്റെയും പേര്.

ഭ്രാന്തമായ എല്ലാ തരം ദേശീയതാവാദത്തിനും വിരുദ്ധമായ ഒരു നിലപാടാണ് ഞങ്ങളെ നയിച്ചത്. യൂറോപ്യൻ കലാകാരന്മാരിലധികമാളുകളും അവരവരുടെ ദേശീയതയ്ക്കതീതമായി ചിന്തിച്ച്, പല ആഫ്രിക്കനും പൗരസ്ത്യവുമായ രാജ്യങ്ങളിലെ സംസ്കൃതിയിൽ നിന്നും ഊർജ്ജം കണ്ടെത്തി ചിത്രങ്ങളും ശില്പങ്ങളും നിർമ്മിച്ചിരുന്നു. പലപ്പോഴും ദേശീയത ഉയർത്തിപ്പിടിച്ചിരുന്ന ഇവിടുത്തെ കലാകാരന്മാർ പിന്തുടർന്നിരുന്ന കലാസങ്കേതങ്ങൾ ആ വിദേശ കലാകാരന്മാരുടെയായിരുന്നു എന്നത് വിരോധാഭാസം നിറഞ്ഞ ഒരു സത്യമായിരുന്നു. ഈ കലാസൃഷ്ടികൾ നാം വിദേശത്ത് എഴുന്നള്ളിച്ച് കൊണ്ടു പോയി പ്രദർശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ലജ്‌ജാകരമായ അവസ്ഥ ആലോചിച്ച് നോക്കൂ.
വിഷയം കൃത്രിമമായ ദേശീയത…
സങ്കേതം വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തത്…
ആലോചിക്കൂ …
പ്രപഞ്ചവും മനുഷ്യനും അതിൽ അവൻ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെയും വേർതിരിവിന്റെയും സാർവത്രികമായ വ്യഥകളായിരുന്നു ഞങ്ങളെ മഥിച്ചു കൊണ്ടിരുന്നത്. മൗലികതയോടെ അത് എങ്ങിനെ ആവിഷ്‌ക്കരിക്കാമെന്നും. കലാലോകത്ത് അധിനിവേശാനന്തരജ്വരം അപ്പോഴും മുറ്റി നിന്നിരുന്നു.

രണ്ട് വഴികളിലൂടെയായിരുന്നു കലാകാരന്മാർ ഇത് തരണം ചെയ്യാൻ തുനിഞ്ഞത്. ഒന്ന്,  തീവ്രമായ ദേശീയതയിലൂടെ. എന്നാൽ ഈ ദേശീയത ചിത്രത്തിലും ശില്പത്തിലും അതിൻ്റെ ബാഹ്യമായ അടയാളങ്ങൾ ഉൾപ്പെടുത്തുന്നതിൽ മാത്രം ശ്രദ്ധിക്കുകയും അത് തന്നെ പലപ്പോഴും അധിനിവേശചരിത്രം നമുക്ക് അറിവ് പകർന്ന് നൽകിയ അടയാളങ്ങളിൽ ഒതുങ്ങുകയും ചെയ്തു. വേട്ടയുടെ കഥ നാം പറഞ്ഞിരുന്നത് വേട്ടക്കാരൻ നമ്മുടേതെന്ന് അടയാളപ്പെടുത്തിയ ബിംബങ്ങളിലൂടെയായിരുന്നു. ഓരോ രചനയിലും ചില മുൻധാരണപ്രകാരമുള്ള അടയാളപ്പെടുത്തലുകളിലൂടെ നാം നമ്മുടെ ദേശീയതയെക്കുറിച്ച് വാചാലരാകേണ്ട ഒരു നിർബന്ധമുണ്ടായിരുന്നു.

അനിതാ ദുബെ, ഹരിഹരന്‍ സുബ്രമണ്യന്‍

സാർവത്രികത മറ്റൊരു വഴിയായിരുന്നു. തൻ്റെ ഓരോ പ്രവൃത്തിയിലും ഒരു മനുഷ്യന് തൻ്റെ ദേശീയത പ്രകടിപ്പിക്കേണ്ടതുണ്ടോ? ഉത്ക്കർഷേച്ഛയുള്ളതും സാർവത്രികവുമായുള്ള രണ്ടാം വഴിയോടായിരുന്നു ഞങ്ങൾക്ക് ആഭിമുഖ്യം. നിലവിലുള്ള വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന ഒരു ചിന്താഗതിയായിരുന്നു ഇത്. മികച്ച കലാകാരന്മാരിൽ പലരുടെയും കൈയ്യൊപ്പ് ഒരു രീതിയിലെത്തിപ്പെട്ട്, അതിൻ്റെ വാണിജ്യപരമായ വിജയത്തിന്റെ തണലിൽ തന്നെയിരുന്ന് അവര്‍ ഒരേ പോലെയുള്ള രചനകൾ പടച്ച് വിടുന്നതിൽ വ്യാപൃതരായി. അക്കാലത്ത് ഇന്ത്യൻ കലാരംഗം അടക്കിവാണിരുന്നത് ബോംബെയിലെയും ഡൽഹിയിലെയും ചില വമ്പൻ ഗാലറികളും അവർക്ക് വേണ്ടി ദേശീയത മുറ്റിനിൽക്കുന്ന കുറിപ്പുകളെഴുതിക്കൊടുത്തിരുന്ന ചരിത്രകാരന്മാരുമായിരുന്നു.

ഈ വ്യവസ്ഥയ്‌ക്കെതിരെ പ്രതികരിച്ചാണ് റാഡിക്കൽ ഗ്രൂപ്പ് ഒരു സ്ഫോടനത്തോടെ പിറവി കൊണ്ടതെങ്കിലും ജീവനത്തിന്റെ സമസ്യകൾ അതിലെ അംഗങ്ങൾക്കും ബാധകമായിരുന്നു. ഈ ഗാലറികളൊന്നും തന്നെ ദക്ഷിണേന്ത്യൻ കലാകാരന്മാരെ ഉൾക്കൊണ്ടിരുന്നില്ല. കെ.സി.എസ്.പണിക്കരുടെ നേതൃത്വത്തിൽ ചോഴമണ്ഡലം പോലെയുള്ള കലാഗ്രാമങ്ങൾ പിറവിയെടുത്തെങ്കിലും അവയിലെ പങ്കാളിത്തവും ഒരു പ്രത്യേക വിഭാഗം കലാകാരന്മാരിൽ ഒതുങ്ങുന്നതായി പിന്നീട് നാം കണ്ടു.

കലാസൃഷ്ടികളുടെ വില്പനയും അതിലൂടെ കൈവരുന്ന കലാകാരന്റെ ജീവിക്കാനുള്ള അവസരവും പൂർണ്ണമായും നിയന്ത്രിച്ചിരുന്ന ഒരു വ്യവസ്ഥിതിയിൽ അതിനെതിരെ പ്രവർത്തനം നടത്തുന്ന ഒരു കലാകാരൻ അവൻ്റെ വിശപ്പെങ്ങിനെ അടക്കും എന്ന ലളിതവും അതിപ്രധാനവുമായ ചോദ്യത്തിന് തൃപ്തികരമായ ഒരു മറുപടി ഞങ്ങൾക്ക് കാണാനായില്ല എന്നത് വേദനിപ്പിക്കുന്ന ഒരു സത്യമായിരുന്നു.

കലാസൃഷ്ടികൾ വിൽക്കപ്പെടാനുള്ളവയാണോ ? അല്ലെങ്കിൽ കലാകാരൻ ജീവിതച്ചിലവിനുള്ള പണം എങ്ങനെ കണ്ടെത്തും? ഇനി വിൽക്കാമെങ്കിൽത്തന്നെ വ്യവസ്ഥിതിയ്‌ക്കെതിരെ പ്രതികരിക്കുന്ന ഒരു സൃഷ്ടി അതേ വ്യവസ്ഥിതിയിലൂടെ വിൽക്കാനാകുമോ? ചോദ്യങ്ങൾ അനവധിയുണ്ടായിരുന്നു. ഇല്ലാതിരുന്നത് തൃപ്തികരമായ ഉത്തരങ്ങളായിരുന്നു. ഇന്നും.

anita dube, interview,
ഫൊട്ടോ കടപ്പാട് : അനിത ദുബെ

റാഡിക്കൽ ഗ്രൂപ്പ് ചിന്താസക്തരായ കുറച്ച് കലാകാരന്മാരുടെ ഒരു ഒത്തുചേരൽ മാത്രമായിരുന്നു. ഒരു രാഷ്ട്രീയകക്ഷിയുടെ സാംസ്ക്കാരിക സംഘടനയൊന്നുമായിരുന്നില്ല അത്. അതിനാൽ തന്നെ അതിന് സാമ്പത്തികമായ ഒരു അടിത്തറയോ ഒരു സംഘടനയുടെ കെട്ടുറപ്പോ ഇല്ലാതെ പോയി. ജീവിതം എന്ന അപാരതയുടെ മുൻപിൽ പകച്ചു നിന്ന് തുടങ്ങിയിരുന്നു ഞങ്ങളിൽ പലരും. ഈ ഒരു കുഴപ്പം പിടിച്ച അവസ്ഥയുടെ ഇടയിലാണ് കോഴിക്കോട് പ്രദർശനം സംഘടിക്കപ്പെട്ടത് . അഭൂതപൂർവ്വമായ സ്വീകരണമായിരുന്നു അതിന് ലഭിച്ചത്. പക്ഷേ അപ്പോഴേയ്ക്കും വെളിച്ചം കടന്നു വരുമെന്നു ഞങ്ങൾ കരുതിയിരുന്ന ഞങ്ങളുടെയുള്ളിൽത്തന്നെയുള്ള പല വാതിലുകളും അടയ്ക്കപ്പെട്ട് കഴിഞ്ഞിരുന്നു. സൗഹൃദങ്ങളിലും വിള്ളലുകൾ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. ചോദ്യങ്ങൾ ഉണ്ടാകുന്നത് യൗവ്വനത്തിലാണെങ്കിലും ഉത്തരങ്ങൾ പലപ്പോഴും നമുക്ക് തന്നെ തൃപ്തികരമായി അനുഭവപ്പെടുന്നത് മദ്ധ്യവയസ്സ് കഴിയുമ്പോഴാണ് എന്നത് സങ്കടകരമായ ഒരു വസ്തുതയാണ്. പക്ഷേ നാമിത് അംഗീകരിച്ചേ തീരൂ.

എന്നിരുന്നാലും ആ പ്രദർശനം പോലെയുള്ള ഒന്ന് അതിന് മുൻപ് കേട്ടിട്ടുണ്ടായിരുന്നില്ല. ജനപങ്കാളിത്തം വിസ്മയിപ്പിക്കുന്ന അളവിലായിരുന്നു. മൂന്ന് ദിവസം കൊണ്ട് ആയിരക്കണക്കിനാളുകളാണ് പ്രദർശനം കണ്ടത്. ഒരു ചിത്രശില്പ പ്രദര്‍ശനത്തിനൊക്കെ ആയിരങ്ങളിൽ കണക്കെടുക്കാനായത് ഒരുപക്ഷേ പിന്നീട് ഈ ബിനാലെയുടെ പതിപ്പുകളാവും.

ചിത്രകാരിയും കൊച്ചി മുസിരിസ് ബിനാലെയുടെ ക്യൂറേറ്ററുമായ അനിതാ ദുബെ

ചിത്രവും ശില്പവും ജനങ്ങളുടെ ഇടയിൽ ഒരു സ്വാധീനവും സൃഷ്ടിച്ചില്ലാത്ത എൺപതുകളിലാണ് കോഴിക്കോട് പ്രദർശനം നടന്നത് എന്നോർക്കണം.
റാഡിക്കൽ ഗ്രൂപ്പ് പ്രതിനിധാനം ചെയ്ത ഏതെങ്കിലും തത്വശാസ്ത്രത്തെക്കാൾ കൃഷ്ണകുമാറിന്റെ സുഹൃദ്‌വലയമായിരുന്നു പ്രദർശനത്തിന്റെ വിജയത്തിന് പിന്നിൽ. ഗ്രൂപ്പിനുള്ളിൽത്തന്നെയുള്ള ഒരു ഏകാകിയായിരുന്നു കെ.കെ. അയാളുടെ രാഷ്ട്രീയത്തിലെ വ്യക്തത ഞങ്ങളിൽ ഏറെപേർക്കും ഉണ്ടായിരുന്നില്ല. ഒരു കൂട്ടായ്മയായി പ്രവർത്തിക്കുന്നു എന്ന് കരുതിയിരുന്നപ്പോഴും വ്യത്യസ്ത ചിന്താസരണികളാൽ നയിക്കപ്പെട്ടിരുന്ന വ്യക്തികൾ മാത്രമാണെന്ന ചിന്താഗതി ഞങ്ങളെ കീഴടക്കി.

ചോദ്യങ്ങൾ ഉയർത്തപ്പെട്ടുവെങ്കിലും അർത്ഥസമ്പുഷ്ടമായ സംവാദവും ഉരുത്തിരിയുന്ന ഉത്തരങ്ങളും ഉണ്ടാകാതെ പോയതിനാലാകാം കൃഷ്ണ കുമാർ പൊടുന്നനെ ആത്മഹത്യ ചെയ്തത്.
റാഡിക്കൽ ഗ്രൂപ്പിനെക്കുറിച്ച് ഏറെ സംസാരിച്ചുവെന്ന് അറിയാം. അല്ലാതെ പറ്റില്ല. കാരണം ബിനാലെയുടെ ക്യൂറേറ്ററാകാമോ എന്ന് എന്നോട് അതിൻ്റെ ട്രസ്റ്റ് അംഗങ്ങൾ ചോദിച്ചപ്പോൾ ഞാൻ അവരോട് തെല്ല് സമയം മറുപടി പറയാനായി ആവശ്യപ്പെട്ടു. മനസ്സിനെ മഥിച്ചത് മനുഷ്യൻ സാർവത്രികമായി അനുഭവിക്കുന്ന അന്യവൽക്കരണവും പാർശ്വവൽക്കരണവുമായിരുന്നു.

മുപ്പത് വർഷങ്ങൾക്ക് മുൻപ് ഇതേ കാര്യങ്ങൾ കലയിലൂടെ എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്ന ഒരു അന്വേഷണത്തിൽനിന്നാണ് റാഡിക്കൽ ഗ്രൂപ്പ് പിറവിയെടുക്കുന്നത്. ഇപ്പോഴും കലയെ ഗൗരവമായി സമീപിക്കുന്ന ഒരു കലാകാരനോ കലാകാരിക്കോ ഇതേ ചിന്തകളുയരുന്നത് തന്നെ ഒടുങ്ങാത്ത അലകളുയർത്തിയ ഒരു കല്ലായിരുന്നു എന്നല്ലേ അത്  തെളിയിക്കുന്നത്? കല്ല് താഴ്ന്ന് പോയിരിക്കാം. അതുയർത്തിയ അലകൾ മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും നമ്മുടെ മനസ്സുകളെ മഥിക്കുന്നു.

റാഡിക്കൽ ഗ്രൂപ്പ് ഉയർത്തിയ അലകൾ ഒടുങ്ങുന്നില്ല എന്ന് പറയുമ്പോഴും ഇന്ത്യൻ കലാചരിത്രകാരന്മാരെ ഈ അലകൾ സ്വാധീനിച്ചതായി നമുക്ക് കാണാനാവുന്നില്ല. അതോ അതുയർത്തിയ ചിന്താസരണികളെ അവഗണിക്കാനുള്ള ഒരു ശ്രമം നടന്നതായി കരുതാമോ? ശിവജി പണിക്കർ തത്വത്തിൽ നിന്നും വിഭിന്നമായ റാഡിക്കൽ ഗ്രൂപ്പിന്റെ പ്രായോഗിക ആചാരങ്ങളെക്കുറിച്ച് ധാരാളം എഴുതിയിട്ടുള്ള ഒരാളാണ്.   ‘Contemporary Art in Baroda’ എന്ന 1997ൽ എഴുതപ്പെട്ട തൻ്റെ ഗ്രന്ഥത്തിലെ ‘The Last Decade’ എന്ന അവസാനത്തെ അദ്ധ്യായത്തിൽ ബറോഡ സ്‌കൂളിലേക്കുള്ള റാഡിക്കൽ ഗ്രൂപ്പിന്റെ 1987ലെ വരവിനെക്കുറിച്ച് ആശിഷ് രാജാദ്ധ്യക്ഷ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഗീതാ കപ്പൂറും തൻ്റെ പല ലേഖനങ്ങളിലും ഗ്രൂപ്പിനെ പരാമർശിച്ചിട്ടുണ്ട്. എങ്കിലും, ഈ പരാമർശങ്ങളുടെയെല്ലാം കാതൽ നമ്മളോട് തർക്കിക്കുന്നത് ഇപ്രകാരമാണ്. ‘ആധുനിക കലയുടെ റഡാർ സ്ക്രീനിലെ സംശയകരമായ ഒരു കുത്ത് (blip) മാത്രമായിരുന്നു റാഡിക്കൽ ഗ്രൂപ്പ്’. ‘ഇങ്ങനെ വിസ്മൃതിയിലേയ്ക്ക് ആണ്ട് പോകേണ്ട ഒരു ദുര്യോഗം, മൂന്ന് ദശാബ്ദത്തിനിപ്പുറവും താങ്കളുടെ മനസ്സിൽ അലകളുയർത്തുന്ന ഒരു ചാലകശക്തിയ്ക്ക് എങ്ങനെ കൈവന്നു? ‘Afterall : A Journal of Art, Context and Enquiry’ എന്ന അന്താരാഷ്‌ട്ര ത്രൈമാസികത്തിന്റെ 2014 വേനൽക്കാല പതിപ്പിൽ താങ്കള്‍ എഴുതിയ ‘Midnight Dreams : The Tragedy of a Lone Revolutionary’ എന്ന ലേഖനത്തിൽ ഒറ്റപ്പെട്ട് പോയ ഒരാളായിട്ടാണ് കൃഷ്ണകുമാറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് പ്രദർശനം കാണാൻ ആളുകൾ ഇരമ്പി കയറുന്നു… സമാന്തരമായ ഒരു സാംസ്ക്കാരിക മണ്ഡലത്തിനായുള്ള എഴുത്തിലും സിനിമയിലുമുള്ള ചില വേറിട്ട പ്രവർത്തനങ്ങൾക്ക് സ്വീകാര്യത കിട്ടുന്നു… അങ്ങനെയുള്ള ഒരു സാഹചര്യത്തിലും ഏകാകിയായി ചരിക്കേണ്ട ഒരു ദുര്യോഗം കൃഷ്ണകുമാറിനുണ്ടാകുന്നു. അതയാളെ ആത്മഹത്യയിലെത്തിക്കുന്നു. ചോദ്യങ്ങൾ അനവധിയാണ്. മനുഷ്യരും കാലവും മറുപടി തരാത്ത അനവധി ചോദ്യങ്ങൾ. അല്ലേ?

റാഡിക്കൽ ഗ്രൂപ്പ് വരുമ്പോൾ നിലവിലുണ്ടായിരുന്ന അവസ്ഥയെക്കുറിച്ച് കഴിഞ്ഞ ചോദ്യത്തിന്റെ ഉത്തരത്തിൽ സൂചിപ്പിച്ചിരുന്നുവല്ലോ. ദില്ലിയിലും ബോംബെയിലും നിലനിന്നിരുന്ന അധികാരത്തിന്റെ ശക്തമായ ഒരു ദുർഗ്ഗത്തെ താത്വികമായി വെല്ലുവിളിച്ചു കൊണ്ടായിരുന്നു അതിൻ്റെ പിറവി. ഈ സ്ഥാപനങ്ങളോട് ചേർന്ന് നിന്ന് കലാപ്രവർത്തനം നടത്തുന്നവരിൽ നിന്നും എത്ര ചെറിയ തോതിലാണെങ്കിലും അവയെ എതിർക്കുന്നവരോടുള്ള മമത എങ്ങിനെയായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ ?

ഏതൊരു ഗ്രൂപ്പിനും പറ്റാവുന്ന ഒരു പ്രധാനപ്പെട്ട പാളിച്ച റാഡിക്കൽ ഗ്രൂപ്പിനും പറ്റിയെന്നത് ശരിയാണ്. താത്‌വികമായി മുൻപോട്ട് വായിക്കപ്പെട്ട കാര്യങ്ങൾ പ്രയോഗത്തിലെത്തിക്കാൻ ഞങ്ങൾ പരാജയപ്പെടുക തന്നെ ചെയ്തു. പക്ഷേ അപ്പോഴും അത് മനുഷ്യനിൽ ഉയർത്തിയ സംശയങ്ങൾ… ചോദിക്കാൻ പ്രേരിപ്പിച്ച ചില ചോദ്യങ്ങൾ… അവയെല്ലാം തന്നെയും റഡാർ സ്ക്രീനിലെ തീർത്തും അവഗണിക്കപ്പെടേണ്ട ഒരു കുത്ത് മാത്രമൊന്നുമല്ല. അവ ഇന്നും കലാകാരന്മാരെ കുഴയ്ക്കുന്നുണ്ട്. ഈ ബിനാലെയുടെ ക്യൂറേറ്ററിയൽ കുറിപ്പിൽ ‘അന്യതയിൽ നിന്നും അന്യോന്യതയിലേയ്ക്ക്’ എന്ന ആശയം കടന്ന് കൂടിയിട്ടുള്ളത് തന്നെ ആ തരംഗങ്ങൾ ഇപ്പോഴും മനുഷ്യരുടെ ഉള്ളിൽ അവയുടെ ചാഞ്ചാട്ടം തുടരുന്നത് കൊണ്ടാണ്.

ഒരു കൂട്ടായ്മയുടെ പ്രാധാന്യം അളക്കുന്നത് അനേകം മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിലെ പല കൂട്ടായ്മകളുടെയും നേട്ടമായി പറയപ്പെടുന്നത് അവ സൃഷ്ടിച്ച മികച്ച കലാകാരന്മാരെയാണ്. ബംഗാൾ സ്‌കൂൾ മുതൽ മദ്രാസ് സ്‌കൂൾ വരെയും അറിയപ്പെടുന്നത് അവയിൽ പ്രവർത്തിച്ചിരുന്ന മികച്ച കലാകാരന്മാരുടെ അക്കാലത്തെയോ പിൽക്കാലത്തെയോ സൃഷ്ടികളിലൂടെയാണ്. അങ്ങനെ ഒരു അളവുകോലുപയോഗിച്ചാൽ റാഡിക്കൽ ഗ്രൂപ്പിലെ കലാകാരന്മാരുടെ മികവും തെല്ലും പിറകിലല്ല എന്ന് നമുക്ക് മനസ്സിലാകും.

‘Boy Listening’ ശിൽപം: കൃഷ്ണകുമാര്‍

കൃഷ്ണകുമാറിന്റെ തന്നെ ‘Boy Listening’ എന്ന ശിൽപം അത്രയ്ക്ക് ശ്രദ്ധ നേടിയ ഒരു സൃഷ്ടിയാണ്. അയാളുടെ ചില രേഖാചിത്രങ്ങൾ എത്ര ശക്തമാണ്. പിൽക്കാലത്ത് ജ്യോതി ബാസുവും സി.കെ.രാജനും എത്ര മികച്ച കലാസൃഷ്ടികൾ നിർമ്മിച്ചിട്ടുണ്ട്. രാജൻ്റെ പല സൃഷ്ടികളും ഉയർന്ന ബൗദ്ധികതലം ഉൾക്കൊണ്ടവയാണ്. കൂടാതെ വളരെ നല്ല ഒരു ഡോക്യുമെന്റ്ററും കൂടിയാണ് അദ്ദേഹം. ഒരു കാലയളവിലുള്ള ജ്യോതി ബസുവിന്റെ രചനകൾക്ക് എന്ത് ശക്തിയായിരുന്നു. രണ്ട് പേരുകൾ ഞാൻ പറഞ്ഞുവെന്നേയുള്ളു.
ആളുകൾക്ക് പറയുമ്പോൾ എന്താണ് പറഞ്ഞു കൂടാത്തത്? പക്ഷേ ഇന്ത്യൻ ചിത്രശില്പ കലകളുടെ ഏതൊരു മഹത്തരമായ പ്രദർശനത്തിലും റാഡിക്കൽ ഗ്രൂപ്പിലെ അംഗങ്ങളുടെ സൃഷ്ടികൾ ഉൾപ്പെട്ടിട്ടുണ്ടാകും എന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല.

എന്നെ പിന്നീട് കുഴക്കിയിട്ടുള്ള സംശയം മറ്റൊന്നാണ്. മാർക്സിസം ആഴത്തിൽ വേരോടിയിട്ടുള്ള ഒരു സംസ്ഥാനമാണ് കേരളം. അവിടെ നിന്നും വന്ന സാധാരണക്കാരായ ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മ അവിടെപ്പോലും നിലനിൽക്കാതെ പോയത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്രബലമായ ഒരാശയത്തെ ഒരളവിൽ അതേ ചിന്താരീതിയുള്ള ഒരു ജനത സ്വീകരിക്കാതെ പോയതിന് പിന്നിലെ കാതലിനെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്.
താങ്കൾ സൂചിപ്പിച്ച പോലെ, കുറച്ചൊക്കെ സ്വീകാര്യത ലഭിച്ച കൂട്ടായ്മകളോടൊത്ത് ഗ്രൂപ്പിന് അതിൻ്റെ പ്രവൃത്തിമണ്ഡലം വികസിപ്പിക്കാൻ കഴിയാതെ പോയത് എന്ത് കൊണ്ടാണ്? എല്ലാം കുഴയ്ക്കുന്ന കാര്യങ്ങളാണ്.

‘Midnight Dreams’ എന്ന എൻ്റെ പേപ്പറിനെക്കുറിച്ച് കൂടി പറയാം. ഒരു കോൺഫറൻസിനോട്‌ അനുബന്ധപ്പെട്ട് അവതരിപ്പിച്ച ഒരു പേപ്പറാണിത് വാസ്തവത്തിൽ. കൃഷ്ണകുമാറിന്റെ ആത്‌മഹത്യയും റാഡിക്കൽ ഗ്രൂപ്പിന്റെ പിരിഞ്ഞുപോക്കും അതിനോട് ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന എല്ലാവരിലും ഏറെ ദുഃഖവും മരവിപ്പുമുണ്ടാക്കി. ചിലർക്ക് അത് വിനാശകരമായിപ്പോലും തീർന്നു. ഏറെ കാലത്തിന് ശേഷമുള്ള ഒരു തിരിഞ്ഞു നോട്ടമായിരുന്നു അത്. ഈ നിശബ്ദതയ്ക്കിടയിൽ ഗ്രൂപ്പുമായോ അത് മുൻപോട്ട് വച്ച കാര്യങ്ങളുമായോ വലിയ സമ്പർക്കമൊന്നുമില്ലാത്ത പലരും അതിനെ ഇകഴ്ത്തിക്കൊണ്ട് പലതും എഴുതുകയുണ്ടായി.

ആ പേപ്പർ സത്യത്തിൽ ഒരു മുള്ളിന്റെ ധർമ്മമാണ് അനുഷ്ഠിച്ചത്. പൊള്ളയായ വാദങ്ങൾ കൊണ്ട് നിറഞ്ഞ പല വാദമുഖങ്ങളും ആ മുള്ള് കൊണ്ട് ബലൂൺ പോലെ ഉടഞ്ഞു. തങ്ങൾ ജീവിക്കുന്ന കാലഘട്ടത്തിലെ ആസക്തികളും അവസ്ഥയും സൃഷ്ടികളുമായി കൂട്ടിയിണക്കാനുള്ള ഒരു കൂട്ടം കലാകാരന്മാരുടെ ശ്രമവും, നിലവിലുണ്ടായിരുന്ന  ആഖ്യാനശൈലിയ്ക്ക് എതിരായ ദൃശ്യപരത ഉയർത്താൻ ശ്രമിച്ചതുമൊക്കെ ഞാനതിൽ പ്രതിപാദിച്ചിരുന്നു.  ദേശീയതയുടെ ആധിക്യത്തിൽ എങ്ങനെ ഒരു കലാകാരന്റെ കർമ്മമേഖല ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്ഥാപനത്തിന്റേതായി മാറിപ്പോകാം എന്ന് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്നുമൊക്കെയുയർന്ന് വിശാലമായ ഒരു സാർവ്വദേശീയതയിൽ കലാകാരൻ എത്തിച്ചേരേണ്ടതുണ്ട് എന്ന  വീക്ഷണമുള്ള ഒരു ഗ്രൂപ്പ് എങ്ങനെ തികച്ചും  പരാജയമാകും എന്ന് ആലോചിക്കൂ.

കൃഷ്ണകുമാറിന്റെ സൃഷ്ടികളിൽ വന്ന മാറ്റം തന്നെ അന്ന് ദില്ലിയുടെ കലാസഭകളിൽ വേരോടിയിരുന്ന കലാരീതികളിൽ നിന്നും വിഭിന്നമായിരുന്നു. വിശാലമായ സ്ഥലത്തിന്റെ ഉപയോഗം… ഇൻസ്റ്റാളേഷനുകളിലേയ്ക്കുള്ള ശ്രദ്ധപതിപ്പിക്കൽ … പഴകിയതും ഉപയോഗിച്ചതുമായ തുണിയൊക്കെ ഉപയോഗിച്ചുള്ള നിർമ്മാണരീതി…
‘Question and Dialogue’ന് ശേഷമുള്ള ഒരു ചുരുങ്ങിയ കാലം കൊണ്ട് തന്നെ പല കലാകാരന്മാരുടെയും കലയോടുള്ള സമീപനത്തിൽ ഏറെ മാറ്റങ്ങൾ വന്നു.

ഇതിനിടയിലും കൗതുകവും അതിലേറെ ദുഖവും ഉണർത്തുന്ന ഒരു വസ്തുതയുണ്ട്. ‘Midnight Dreams’ നിലവിലുള്ള സ്ഥാപനവൽക്കരണത്തോട് കലഹിക്കുന്ന ഒരു പേപ്പറാണ്. വിമർശനാത്മകതയാണ് അതിൻ്റെ കാതൽ. ഇന്ത്യയിൽ, ഒരു സാംസ്കാരിക സമ്മേളനത്തിലും ഇത് വായിക്കപ്പെടാതെ പോയിട്ടുള്ള ഒരു സംസ്ഥാനമുണ്ടെങ്കിൽ അത് കേരളമായിരിക്കും. ഇന്ത്യയിലെ മാർക്സിസത്തിന്റെ അവസാനത്തെ കോട്ടയെന്ന് വിശേഷിക്കപ്പെടുന്ന ഒരു സ്ഥലത്തെക്കുറിച്ചാണ് ഇങ്ങനെ പറയേണ്ടി വരുന്നത്.  ഇരുൾ പടരുന്ന ഒരു കാലയളവിലാണ് നാം ഇപ്പോൾ ജീവിക്കുന്നതെന്ന് മറക്കരുത്. ഫ്രിഡ്ജിൽ ആട്ടിറച്ചി സൂക്ഷിച്ചാൽ പോലും അത് മാട്ടിറച്ചിയാണെന്ന് വരുത്തി ഒരാളെ അനായാസമായി തല്ലിക്കൊല്ലാവുന്ന ഒരു രാജ്യമാണിതിപ്പോൾ. മാർക്സിസം, വ്യവസ്ഥിതിയെ വിമർശനാത്മകമായി സമീപിക്കുന്ന ഒരു സജീവതയാണ്. അത് കൊണ്ടാണ് ഏറെ കമ്മ്യൂണിസ്റ്റുകാർ കൊല്ലപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്ത് പോന്നിട്ടുള്ളത്. പക്ഷേ കാലത്തിന്റെ മാറ്റങ്ങൾ അവരിലും കണ്ട് തുടങ്ങി. കേരളത്തിനും ഇന്ന് വിമർശനാത്മകതയോട് മമതയുള്ളതായി അനുഭവപ്പെടുന്നില്ല. ഒരുകാലത്ത് വിമർശിക്കാൻ ധൈര്യം കാണിച്ചിട്ടുള്ളവരുടെ പ്രതിമകളും ചിത്രങ്ങളുമാണ് എങ്ങും കാണാനാകുന്നത്. വിമർശനാത്മകത രാജാക്കന്മാരെ ഇല്ലായ്മ ചെയ്യും. ഇത് ഒരുപക്ഷേ പലരെയും അലോസരപ്പെടുത്തുന്നുണ്ടാകാം. എന്നാല്‍ അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന ചലനാത്മകത അത്യപാരമായിരിക്കും.

1977 ല്‍ അടിയന്തിരാവസ്ഥ പിൻവലിക്കപ്പെട്ട സാഹചര്യത്തിൽ ‘The Great Configuration: Bimonthly on the Problems of Art’ എന്ന ഒരു ദ്വൈമാസിക പ്രസിദ്ധീകരണം ആരംഭിച്ചു. 1978 ലെ ജൂലൈ – ആഗസ്റ്റ് ലക്കത്തിൽ ഒരു  വായനക്കാരൻ   പത്രാധിപർക്ക് അയച്ച കത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി.”അടിയന്തിരാവസ്ഥയുടെ നാളുകളിൽ രാജ്യം അടിച്ചമർത്തലിന്റെ തീക്ഷ്ണതയിൽ ഉരുകുകിയില്ലാതാകുന്ന വേളയിലും നമ്മുടെ കലാകാരന്മാർക്ക് ശവങ്ങളുടെ മുകളിലൂടെ കൊല്ലപ്പെട്ട തന്റെ അമ്മയുടെ മുലയും തേടി ഇഴഞ്ഞു നീങ്ങുന്ന നബണ്ണയുടെ കുഞ്ഞിനെ കാണാനായില്ല. തുർക്ക്മാൻ ഗേറ്റിലെ കൂട്ടക്കൊല അവർക്ക് ഒരു വിഷയമായേ തോന്നിയില്ല. ഒരു രാജനെയോ ഒരു സ്നേഹലതാ റെഡ്ഢിയെയോ ഒരാളും വരച്ചതായി അറിവില്ല. എന്നാൽ സംഹാരരുദ്രയായ ദുർഗ്ഗയെ അതിമനോഹരമായി വരയ്ക്കുന്നതിൽ അവർ വ്യാപൃതരായിരുന്നു.” രാജ്യം ഇരുളാൽ മൂടപ്പെട്ട വേളകളിലെല്ലാം എന്തു കൊണ്ടാണ് നമ്മുടെ കലാകാരന്മാർ ദുര്‍ഗമാരെ വരയ്ക്കുന്നതിൽ അഭിരമിച്ച് പോരുന്നത്?

ദുർഗ്ഗ വരച്ചത് എം.എഫ്.ഹുസൈൻ ആയിരുന്നു. എത്രയോ പേരുടെ മരണത്തിനിടയാക്കിയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധിയെയാണ് ഹുസൈൻ ഹതാശയരായ ഒരു ജനതയുടെ മുൻപിൽ നന്മയുടെ രക്ഷകയായ ദുർഗ്ഗാ ദേവിയായി അവതരിപ്പിച്ചത്. ഹുസൈനും ഒരു കാലത്ത് ഒരു ഗ്രൂപ്പിലൂടെയാണ് മുഖ്യധാരയിലേയ്ക്ക് വരുന്നത്. ബോംബെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ‘Progressive Painters Group’ ആയിരുന്നു അത്. അങ്ങനെയുള്ള ഒരാളാണ് പിൽക്കാലത്ത് പൂർണ്ണമായും വ്യവസ്ഥിതിക്ക് കീഴ്‌പ്പെട്ട് രാജ്യത്തിലെ അധികാരികളുടെയും പണക്കാരുടെയും സുഹൃത്തായി ജീവിച്ചതും.

ഭരണം മാറി തീവ്ര വലതുപക്ഷം അധികാരത്തിൽ വന്ന സമയത്താണ് അയാൾ അനഭിമതനായത്. കലാരംഗത്ത് മാത്രമല്ല… ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുസ്ലീങ്ങളെ ഈ വലതുപക്ഷക്കാർ വേട്ടയാടാൻ തുടങ്ങിയിരുന്നു. 1970 ൽ ഒരു ഹിന്ദു ദേവതയെ നഗ്നയായി ചിത്രീകരിച്ചതിനായിരുന്നു 26 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ അവർ ഉന്നമിട്ടതെന്ന് ഈ അവസരത്തിൽ നാം ഓർക്കുകയും വേണം. അല്ലാതെ വലതുപക്ഷ അതിക്രമത്തിനെതിരെ പ്രതികരിച്ചതിനൊന്നുമല്ല. അദ്ദേഹത്തെ അവർ നേരിട്ട രീതിയെയോ കലയുടെ മേല്‍ അവർ ഏർപ്പെടുത്താൻ തുനിഞ്ഞ നിയന്ത്രണത്തെയോ ഞാൻ പിന്താങ്ങുകയേ അല്ല. പക്ഷേ രണ്ടിലുമുള്ള വേർതിരിവ് നാം കാണാതെ പോകരുത്.

കാര്യങ്ങൾ പിന്നെയും മോശപ്പെട്ടിരിക്കുന്നു ഇപ്പോള്‍. ഫ്രിഡ്ജിൽ ഒരു മുസ്ലിം മാംസം സൂക്ഷിച്ചാൽ അയാളെ അയാളുടെ വീട്ടിൽക്കയറി അടിച്ചുകൊല്ലാമെന്ന് ആയിട്ടുണ്ട് കാര്യങ്ങൾ. എന്നാൽ പ്രഖ്യാപിതമായ ഒരടിയന്തിരാവസ്ഥ ഇല്ലാത്തത് കൊണ്ട് പ്രതികരണ ശേഷി അശേഷം ഇല്ല എന്ന് പറയാനാകില്ല. ബിനാലെയിൽ പോലും അധികാരത്തിലിരിക്കുന്നവർ ചരിത്രം എങ്ങനെ വ്യാജമായി നിർമ്മിക്കുന്നു എന്ന് വിവക്ഷിക്കുന്ന ഒരു കാലിഡസ്‌കോപ്പിക്ക് ഇൻസ്റ്റാളേഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും ദുർഗ്ഗമാരെ വരയ്ക്കുന്നതിൽ അഭിരമിക്കുന്നവർ ഇല്ലാ എന്നല്ല. പക്ഷേ പഴയതോളം മോശമല്ല കാര്യങ്ങൾ.

 

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Kochi muziris biennale anita dube interview part 1