ഞാനാദ്യമായൊരു പൊതുവേദിയില്‍ സംസാരിക്കുന്നത് ഒമ്പതാമത്തെ വയസിലാണ്. അന്ന് എന്റെ പ്രസംഗം കഴിഞ്ഞതും മാണി സാര്‍ എന്നെ എടുത്ത് കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു, ”നീ സ്റ്റേജില്‍ നിന്നു വീഴുമോ എന്ന് ഞാന്‍ ഭയന്നിരുന്നു”.
അതെ, സഭാകമ്പം കാരണം ഞാന്‍ വിറക്കുന്നുണ്ടായിരുന്നു. സ്റ്റേജിന്റെ അരികിലിരുന്നിരുന്ന മാണി സാര്‍ ഞാന്‍ ഏത് നിമിഷവും വീഴുമോ എന്ന് ഭയന്നിരുന്നു. എന്റെ മുന്നിലുള്ളവരില്‍ ഞാന്‍ കണ്ടത് അഭിമാനത്തോടെ ചിരിക്കുന്ന എന്റെ മുത്തച്ഛനെ മാത്രമായിരുന്നു. അദ്ദേഹം എന്നില്‍ നിന്നും കണ്ണെടുക്കുന്നത് മാണി സാറിന്റെ മുഖത്തെ പ്രതികരണം കാണാന്‍ വേണ്ടി മാത്രമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പണി നടന്ന തേവർമറ്റം പാലത്തിന്റെ ഉദ്ഘാടന വേദിയായിരുന്നു അത്. ഞങ്ങളുടെ ഗ്രാമത്തെ പുഴയുടെ അക്കരെയുള്ള ലോകവുമായി ബന്ധിപ്പിച്ചത് ആ പാലമായിരുന്നു. കുട്ടികളായിരിക്കെ, ജീവിതത്തില്‍ പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന പാഠം ഞങ്ങള്‍ ആദ്യം പഠിച്ചത് ആ മരപ്പാലം മുറിച്ചുകടന്നു കൊണ്ടായിരുന്നു. കോണ്‍ക്രീറ്റ് പാലം വരുന്നതിന് മുമ്പ് എന്റെ മുത്തച്ഛന് രണ്ട് വട്ടം ആ പാലത്തില്‍ നിന്നും വീണിട്ടുണ്ട്. അന്ന് മാണി സാര്‍ തന്റെ സുഹൃത്ത് പാലത്തില്‍ നിന്നും രണ്ട് വട്ടം വീണ കഥ പ്രസംഗത്തില്‍ പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു. (കുഞ്ഞുമാണിയും കുട്ടിയമ്മയും തന്റെ സുഹൃത്തുക്കളാണെന്ന് മുത്തച്ഛന് എന്നും പറയുമായിരുന്നു).
Read More: കെ.എം.മാണിക്ക് നാടിന്റെ യാത്രാമൊഴി, സംസ്കാരം നാളെ
ഒരുപാട് പേര് അന്നത്തെ ചടങ്ങ് കാണാനെത്തിയിരുന്നു. ഗ്രാമത്തിലെല്ലാം എന്റെ ശബ്ദം എത്തിച്ചു കൊണ്ട് ലൗഡ് സ്പീക്കറുകളുമുണ്ടായിരുന്നു. പിറ്റേദിവസം എല്ലാവരും എന്നെ അഭിനന്ദിച്ചു. സ്കൂളില്‍ ഞാനൊരു താരമായി മാറി. എന്റെ അധ്യാപകര്‍ എനിക്ക് ശോഭനമായ ഭാവി പ്രവചിച്ചു. (പക്ഷെ എന്നത്തേയും പോലെ എന്റെ അനിയത്തി ആനിയാണ് അന്നത്തെ സംഭവത്തിലും നേട്ടമുണ്ടാക്കിയത്. തന്നെ മാലിയിടുന്ന ആനിയെ മാണി സാര്‍ എടുത്തുയര്‍ത്തുന്ന ഞങ്ങളുടെ ആല്‍ബത്തിലെ ചിത്രം കാലങ്ങളോളം മങ്ങാതെ നിന്നു. എന്നാല്‍ എന്റെ ചിത്രം ഞാന്‍ ഹൈസ്കൂളിലെത്തുമ്പോഴേക്കും മങ്ങിപ്പോയിരുന്നു).
പക്ഷെ എനിക്ക് മുത്തച്ഛന്റെ ചിരിയും മാണി സാറിന്റെ അഭിനന്ദവുമായിരുന്നു ഏറ്റവും വിലപ്പെട്ടത്.”നീ എന്നേക്കാള്‍ വലിയ പ്രാസംഗികയാവും. എന്നെ തോല്‍പ്പിക്കും” എന്ന് അദ്ദേഹം പറഞ്ഞു. എന്റെ ചിന്തക്കും അപ്പുറത്തായിരുന്നു അത്. എനിക്കറിയാവുന്ന തീപ്പൊരി പ്രാസംഗികനായിരുന്നു മാണി സാര്‍. ഞങ്ങളുടെ ഗ്രാമത്തിലെ കൊച്ചു കുട്ടിക്ക് വരെ അദ്ദേഹത്തിന്റെ ശബ്ദം പരിചിതമായിരുന്നു. (സ്കൂളിലും കോളേജിലുമൊക്കെ പ്രസംഗ മത്സരത്തിലും മറ്റും ഞാന്‍ അദ്ദേഹത്തെ അനുകരിക്കുമായിരുന്നു). ഞങ്ങളുടെ പ്രദേശത്തെ മിക്കവാറും വീടുകളില്‍ ബജറ്റ് രേഖകളടങ്ങിയ സ്യൂട്ട്ക്കേസുമായി നില്ക്കുന്ന മാണി സാറിന്റെ ചിത്രമുണ്ടായിരുന്നു. തന്റെ മണ്ഡലത്തിലെ ഒരു കല്യാണമോ മാമോദീസയോ മരണമോ ഒന്നും അദ്ദേഹം ഒഴിവാക്കിയിരുന്നില്ല. താന്‍ നാട്ടിലില്ലാത്തപ്പോള്‍ ആരെങ്കിലും മരിച്ചാല്‍ തിരിച്ചെത്തുമ്പോള്‍ വേദനിക്കുന്ന മുഖവുമായി അദ്ദേഹം ആ വീട്ടിലെത്തുമായിരുന്നു. അങ്ങനെ ഒരിക്കല്‍ ഒരു വീട്ടിലെത്തിയപ്പോള്‍ മരിച്ചത് തന്റെ അച്ഛനാണ് അല്ലാതെ മാണി സാറിന്റെയല്ലെന്ന് മരിച്ചയാളുടെ മകന് പറഞ്ഞതായി കഥയുണ്ട്.
Also Read: കുട്ടിയമ്മയുടെയും പാലാക്കാരുടെയും സ്വന്തം മാണി
മാണി സാര്‍ എന്നു വിളിക്കുന്നതായിരുന്നു മാണി സാറിന് ഇഷ്ടം. തന്നെ മാണി സാര്‍ എന്നു വിളിക്കാത്ത ഒരു കേരളാ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നൊരു കഥ തന്നെയുണ്ട് നാട്ടില്‍.
എന്താലും എന്റെ കാര്യത്തില്‍ മാണി സാറിന്റെ പ്രവചനം തെറ്റി.
ഞാനൊരു പ്രാസംഗികയുമായില്ല, മാണി സാറിനെ തോല്പ്പിച്ചതുമില്ല. എന്റെ ‘ശോഭനമായ ഭാവിയില്‍’ ഒരു മാധ്യമപ്രവര്‍ത്തകയായ ഞാന്‍ അദ്ദേഹത്തെ ഡല്‍ഹിയില്‍ വച്ച് കാണുകയുണ്ടായി. ഞാന്‍ കൊച്ചേട്ടന്റെ കൊച്ചുമകളാണെന്ന് പറഞ്ഞതും ആ മുഖത്തെ ചിരി വിടര്‍ന്നു, കണ്ണുകള്‍ തിളങ്ങി, സ്നേഹത്തോടെ അദ്ദേഹം പറഞ്ഞു ”നമ്മുടെ ആളല്ലേ!’.
ആളുകളുടെ മനസില്‍ ഇടം നേടാന്‍ മാണി സാറിന് മാണി സാറിന്റേതായ മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു. എല്ലായിടത്തും അദ്ദേഹത്തിന്റെ ആളുണ്ടായിരുന്നു. അവര്‍ മാണി സാറുമായി ബന്ധപ്പെടേണ്ട ആളെ വിളിക്കും. ആ ഫോണ്‍ കോള്‍ കൈമാറും മുമ്പ് അങ്ങേ തലക്കലുള്ളത് ഇന്നയാളാണെന്ന് മാണി സാറിനെ അറിയിക്കും. പിന്നെ വര്‍ഷങ്ങളായി അറിയുന്നയാളെ പോലെയായിരിക്കും മാണി സാര്‍ സംസാരിച്ചു തുടങ്ങുക തന്നെ.
Read More: കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല: ജോസ് കെ.മാണി
2016 ല്‍ ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ട് ഞാനദ്ദേഹത്തെ വിളിക്കുകയുണ്ടായി. 1986 ല്‍ മരിച്ചുപോയ, എന്റെ മുത്തച്ഛന്റെ ചെറുമകളെന്ന നിലയിലാണ് ഞാനെന്നെ വീണ്ടും അദ്ദേഹത്തിന് പരിചയപ്പെടുത്തിയത്.”ആഹാ, ലിസേ എന്തുണ്ട് വിശേഷം?’ എന്നു പറഞ്ഞായിരുന്നു അദ്ദേഹം സംസാരിച്ച് തുടങ്ങിയത്. ആ ഊഷ്മളമായ ശൈലി കൊണ്ട് മാണി സാര്‍ നിങ്ങളെ നിരായുധരാക്കും. യുഡിഎഫ് വിടുന്നതിനെ കുറിച്ചുള്ള എന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം പറഞ്ഞത്, ‘ഞാന്‍ സംസാരിക്കുന്നത് കൊച്ചേട്ടന്റെ കൊച്ചുമകളോടാണ് അല്ലാതെ മാധ്യമപ്രവര്ത്തകയോടല്ല,” എന്ന മുഖവുരയോടെയായിരുന്നു. പറയുന്ന കാര്യങ്ങളെ ദുരുപയോഗം ചെയ്യില്ലെന്ന് ഞാനുറപ്പ് നല്കി. അത് പാലിക്കുകയും ചെയ്തു.
24 വര്‍ഷം മുമ്പാണ് ഞാന്‍ പാല വിടുന്നത്. പക്ഷെ ഇന്നും എന്റെ ഉള്ളില്‍ പാലയും കെഎം മാണിയുമുണ്ട്. ആറ് കേന്ദ്ര സര്‍ക്കാര്‍ മാറി വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പല പാര്‍ട്ടികളില്‍ നിന്നുമായി നൂറില്‍പ്പരം രാഷ്ട്രീയക്കാരുമായി സംസാരിച്ചിട്ടുണ്ട്. പക്ഷെ മാണി സാറിന്റെ ഇമേജ് നല്കുന്ന പുതുമയും ഊഷ്മളതയും ഇന്നും വേറെ തന്നെയാണ്.
Also Read:‘വളര്‍ന്നും പിളര്‍ന്നും’ വലുതായവര്‍: ശക്തനായി കെ എം മാണി
മാണി സാറില്ലാത്ത പാലാ പാലായല്ല. നമ്മളദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ടാകാം, മോശം വാക്കുകള്‍ ചൊരിഞ്ഞിട്ടുണ്ടാകാം, ചിലര്‍ വെറുത്തിട്ടുണ്ടാകാം. പക്ഷെ പാലാക്കാരുടെ രാഷ്ട്രീയവും രാഷ്ട്രീയക്കാരനുമായിരുന്നു മാണി സാര്‍. അതുകൊണ്ടാണ് പാലാക്കാര് ഇന്നുവരെ അദ്ദേഹത്തെ മാത്രം അസംബ്ലിയിലേക്ക് തിരഞ്ഞെടുത്ത് അയച്ചിരുന്നത്. അദ്ദേഹത്തിന്റെ പാര്‍ട്ടി പിളരുകയും വളരുകയും പിന്നേയും പിളരുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷെ പാലാക്കാരുടെ എന്നത്തേയും നേതാവായി മാണി സാര്‍ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് പോലെ, ‘വളരും തോറും പിളരും, പിളരും തോറും വളരും.’ കേരള രാഷ്ട്രീയത്തില്‍ ഒരിക്കലും ആ വാക്കുകള്‍ മറക്കപ്പെടില്ല.
പാലായ്ക്ക് മറ്റൊരു മാണി സാര്‍ ഉണ്ടാകില്ല, ഉറപ്പ്.