scorecardresearch
Latest News

എന്റെ പകലറുതികളേ എന്റെ രാവറുതികളേ, നിങ്ങളോർക്കുന്നുവോ!

നാടകത്തിന് മേക്കപ് ചെയ്യാൻ ഊഴം കാത്തുനിന്ന പത്തു വയസുകാരൻ, ‘ഇന്ദുവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി’ എന്ന പാട്ടുവന്നു ഗ്രാമഫോണിന്റെ ഒച്ചയിലൂടെ യേശുദാസായി വിളിച്ചപ്പോൾ ആ ശബ്ദത്തിനു പുറകേ സർവവും മറന്ന് റോഡിലേക്കൊഴുകിപ്പോയ കഥ

viju nayarangadi, yesudas memories, iemalayalam

മലയാളിക്ക് യേശുദാസ് ആരായിരുന്നു എന്നതിനേക്കാൾ എനിക്കാ മനുഷ്യന്റെ ശബ്ദസാന്നിധ്യം എന്തായിരുന്നുവെന്ന് ബോ‌ധമുറച്ച കാലം മുതൽ ഞാൻ എന്നോടു തന്നെ ചോദിക്കുന്നുണ്ട്. എല്ലാ ചോദ്യങ്ങൾക്കും ജീവിതത്തിൽ കൃത്യമായ ഉത്തരങ്ങളൊന്നുമില്ല. ഉത്തരങ്ങളിലേക്കുള്ള അനേക വഴികളേയുള്ളു.

കയ്യിലൊന്നുമില്ലാതിരുന്നതാണ് എന്റെ ബാല്യവും കൗമാരവും. ഒന്നിനും തികയാത്ത കഴിവുകളായിരുന്നു കൂട്ട്. പഠിക്കുമോ, ശരാശരി. അഭിനയിക്കുമോ, ഏകദേശം. പ്രസംഗിക്കുമോ, കഷ്ടി. പാട്ടു പാടുമോ, പാടാനാവില്ലാ എന്ന ധാരണ തീരെയില്ലാതെ പാടിക്കളയും. ആര് കാണും ആര് ശ്രദ്ധിക്കും എന്നൊന്നും ആലോചിക്കാതെ എന്തക്രമവും ചെയ്തിരുന്ന കാലമായിരുന്നു എനിക്കെന്റെ പതിനഞ്ചു വയസ്സുവരെയുള്ള ജീവിതം. കാലിൽ കെട്ടുകെട്ടി പാട്ട് എന്നെ വലിച്ചു നടന്ന കാലം എന്നും, ആ കാലത്തെക്കുറിച്ച് പറയാം.

എന്റെ ഉള്ളിലൊരു  വേറിട്ട ഞാൻ ഉണ്ടെന്ന് അക്കാലത്ത് പാട്ട് ബോധ്യപ്പെടുത്തിത്തന്നതു പോലെ എനിക്ക് മറ്റൊന്നും ബോധ്യപ്പെടുത്തിത്തന്നിട്ടില്ല അതോടൊപ്പം തന്നെ എന്റെയുള്ളിലെഎനിക്കു വേണ്ടി മാത്രമായി പാടിക്കൊണ്ടിരുന്നതാരാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു, ഞാൻ യേശുദാസെന്ന ശബ്ദത്തെ  തൊട്ടനുഭവിച്ചറിയുകയുമായിരുന്നു.

ആ മനുഷ്യന് എൺപതു വയസ് തികയുന്ന ഇന്നും എന്റെയുള്ളിൽ ആ മനുഷ്യന് ശരാശരി ഇരുപത്തിയൊന്നു വയസാണ്. ഏറെക്കുറെ എട്ടു വയസ് മുതൽ ഞാൻ യേശുദാസിനെ, ജയചന്ദ്രനെ, ബ്രഹ്മാനന്ദനെ, പി സുശീലയെ, എസ് ജാനകിയെ, മാധുരിയെ നിരന്തരം കേൾക്കുന്നുണ്ട്. ശരീരം കേൾക്കുന്നതോടൊപ്പം മനസും കേൾക്കുന്നുണ്ട്. ‘മല്ലികപ്പൂവിൻ മധുരഗന്ധം’ എന്ന് ദൈവസ്പർശമുള്ള ശബ്ദത്തിൽ ജയചന്ദ്രൻ പാടുന്നു. ‘നളചരിതത്തിലെ നായകനോ’ എന്ന് സുശീലയും ‘ അകലെയകലയായ് സൗന്ദര്യത്തിൻ’ എന്ന് മാധുരിയും പാടുന്നു. അപ്പോഴൊക്കെ കാതിനപ്പുറം പാട്ട് നെഞ്ചിനകത്തെങ്ങോ വന്ന് കൊള്ളുന്നുണ്ട്. പക്ഷേ, ഇവരെയൊക്കെ തള്ളിമാറ്റി ഒരാൾ അപ്പോഴും അവിടെ നിന്നു, ‘പദ്മതീർത്ഥമേയുണരൂ ‘ എന്നയാൾ എന്നെ പൊതിഞ്ഞു നിന്നു. നോക്കൂ , എനിക്കിപ്പോൾ അനാകർഷകരൂപമുള്ള, വലിയ രണ്ടു കണ്ണുകൾ മാത്രമുള്ള ആ കുട്ടിയെ ഒന്നു വിരലുനീട്ടിയാൽ തൊടാം. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ, യേശുദാസ് എനിക്ക് ശബ്ദജീവിതമായിരുന്നു. എട്ടു വയസ്സിൽ എന്റെയുള്ളിലെ പ്രണയിയെ എനിക്ക് കാണിച്ചു തന്ന ശബ്ദജീവിതം.

viju nayarangadi, yesudas memories, iemalayalam

എട്ടു വയസുകാരന് പ്രണയം എന്നു വായിക്കുമ്പോൾ ഉള്ളിൽ ചിരിയൂറുന്നുണ്ടാവും. ആരോട് എന്നതായിരുന്നില്ല പകരം ഒരു എതിർലിംഗമുഖം മനസിലൂറി വരുമ്പോൾ അതിനോട് അന്തമില്ലാതെ സംസാരിച്ചിരുന്ന ഒരു പ്രകൃതം ഓർമവച്ച കാലം മുതൽ എനിക്കുണ്ട്. കണ്ടു മറക്കാതെ പോയതോ, കാണാനിടയാവാൻ മോഹിക്കുകയോ ചെയ്ത പല മുഖങ്ങളും അങ്ങനെ മുന്നിൽ വരും. അപ്പോൾ എനിക്ക് എന്റെ സകല പരിമിതികളും ഓർമ്മ വന്ന് അപകർഷത എന്നെ പൊതിയാനായി ആർത്തലച്ചുവരും. ആ നേരങ്ങളിൽ എനിക്ക് ചാരിനിൽക്കാനായി ലഭിച്ച ഒരേയൊരിടമാണ് യേശുദാസിന്റെ ശബ്ദം. ആ ശബ്ദം നൽകിയ ദൃശ്യസമൃദ്ധിലാണ് ഞാനെന്റെ പ്രണയത്തെ കണ്ടെത്തിയതും സ്ഥാപിച്ചെടുത്തതും. ദേവരാജനും ദക്ഷിണാമൂർത്തിയും രാഘവനും എം കെ അർജുനനും ചിട്ടപ്പെടുത്തിയ, വയലാറും ഭാസ്കരനും ഒ എൻ വിയും ശ്രീകുമാരൻ തമ്പിയും എഴുതിയ വരികളെ ആ മനുഷ്യൻ ശബ്ദം കൊണ്ട് ഇംപ്രവൈസ് ചെയ്തുവച്ചപ്പോൾ ഞാനൊരിക്കലും ആ പ്രായത്തിൽ കാണുവാനിടവന്നിട്ടില്ലാത്ത ഭൂപ്രകൃതിയെ ഉള്ളിൽ നിരന്തരമായി കണ്ടു. സ്വർണം ഉരുക്കിയൊഴിച്ച തൊണ്ടകൊണ്ടാണ് ആ മനുഷ്യൻ ഈ പാട്ടുകളെല്ലാം പാടിവച്ചത്. ‘സന്ധ്യ മയങ്ങും നേരം’ എന്ന് ആ ശബ്ദം , ഇന്നത്തെ കണക്കിൽ ഏറ്റവും പ്രാകൃതമായ ഒരു ശബ്ദസംവിധാനത്തിൽ പുറത്തുവരുമ്പോൾ, പക്ഷേ ആ ശബ്ദം വന്നു തൊട്ടുണർത്തിയ കാമം അടക്കമുള്ള മനോവികാരങ്ങളെ എനിക്കക്കാലത്തു തന്നെ തൊട്ടറിയാനായിട്ടുണ്ട്.

ദേവരാജൻ മാഷ് പാട്ടുണ്ടാക്കിയ ആ സുവർണകാലത്ത് യേശുദാസ് പാടിയ പാട്ടുകളും രവീന്ദ്രനു വേണ്ടി അദ്ദേഹം പാടിയ പാട്ടുകളും ജോൺസനു വേണ്ടി പാടിയ പാട്ടുകളും വേർതിരിച്ച് ശ്രദ്ധിച്ചിട്ടുണ്ടോ? ദേവരാജൻ മാഷ് പാട്ടിന്റെ സാഹിത്യത്തിൽ ഊന്നുന്നത്ര തന്നെ ഗൗരവത്തോടെ അതിന്റെ പശ്ചാത്തലത്തിൽ ഊന്നും. സിനിമയ്ക്കു വേണ്ടിയുള്ള പാട്ടാണ്. പാട്ടിൽ ഒരു സീൻ പിൻപറ്റുന്നുണ്ട്. അത് രാപ്പകലുകളിൽ ഏതുമാവാം, രണ്ടും മാറി മാറി വന്നേക്കാം. അതു കൊണ്ടു തന്നെ പാട്ടിന്റെ ബിജിയം മുതൽ ലാൻറിങ് നോട്ട് വരെ മാഷുടെ സൂക്ഷ്മ ശ്രദ്ധ പതിയും. യേശുദാസിലേക്ക് പാട്ടിന്റെ അഭൗമത വന്നുനിറഞ്ഞതിൽ ആ ശ്രദ്ധയ്ക്ക് വലിയ പങ്കുണ്ട്.

എനിക്കിപ്പോഴുമോർമയുണ്ട്, ആയിരത്തി തൊള്ളായിരത്തി എഴുപത്തിയഞ്ചിൽ, പാട്ടിന്റെ ഒരു സാങ്കേതികതയും അറിയാത്ത പത്തുവയസ്സിൽ, നായരങ്ങാടിയിൽ, അച്ഛന്റെ നേതൃത്വത്തിൽ, ഈഴുവത്തിരുത്തി യുവജന സമിതിയുടെ ആഭിമുഖ്യത്തിൽ, ശിവരാത്രി ദിനത്തിൽ നടന്ന ഒന്നാം ബാലകലാമേളയുടെ തുടക്കം. ചോയുണ്ണിയേട്ടന്റെ പാടത്ത് (ഇന്നവിടെ പ്ലാക്കായി വിജയന്റെ വീടാണ് ) കെട്ടിയുയർത്തിയ സ്റ്റേജിന്റെ ചുവട്ടിൽ ഇടതു വശത്ത് മൈക്ക സെറ്റുകാരൻ അബുക്ക കൈ കൊണ്ട് വൈൻഡ് ചെയ്യുന്ന ഗ്രാമഫോണിൽ ആദ്യത്തെ റെക്കോഡ് വച്ച്, അത് തിരിഞ്ഞുവരുമ്പോൾ ഗ്രാമഫോണിന്റെ റീഡിങ് നീഡിൽ വയ്ക്കുന്നു. ഒരു പരപരാ ശബ്ദത്തോടൊപ്പം ‘ഇന്ദ്രവല്ലരിപ്പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി’ എന്ന് യേശുദാസ് ശൂന്യതയിലെന്നവണ്ണം പൊട്ടിവീഴുന്നു. നാടകത്തിന് മെയ്ക്കപ്പ് ചെയ്യേണ്ട ഞാൻ റോഡിൽ നിന്ന് പാട്ടു വിളിച്ച വഴിയിലൂടെ അങ്ങ് ഇറങ്ങിപ്പോയി. അത്ര ഹൃദയഹാരിയായി ഞാനെന്റെ ജീവിതത്തിൽ മറ്റൊരു പാട്ടും കേട്ടിട്ടില്ല. യേശുദാസ് എന്നിലെ കാമുകനെ മഥിച്ചു മഥിച്ച് കണ്ണിൽ പ്രണയാഞ്ജനമെഴുതി മാത്രം ജീവിപ്പിച്ച എന്റെ കാലം ഇവിടെയാണരംഭിച്ചത്.

viju nayarangadi, yesudas memories, iemalayalam

അക്കാലത്താണ് ‘പിക്നിക്’ (1975) എന്ന സിനിമ വരുന്നത്. സിനിമ കാണൽ അക്കാലത്ത് വിരളമാണ്. പാട്ടുകൾ പക്ഷേ കൂടെ വരും. പിക്നിക്കിൽ അർജുനൻ മാഷ് യേശുദാസനെക്കൊണ്ട് പാടിച്ച പാട്ടുകൾ അക്കാലത്തെ ബാലജനസഖ്യവേദികളിൽ ഒരു ചളിപ്പും കൂടാതെ അവിദഗ്ദ്ധമായി ഞാൻ പാടിനടന്നു. ആരുടെ മുഖത്തു വിടർന്നിരുന്ന പരിഹാസവും അക്കാലത്ത് എനിക്ക് പ്രശ്നമേയല്ലായിരുന്നു. എന്നാൽ ആ മനുഷ്യൻ എന്നെ ശബ്ദംകൊണ്ട് ആഭിചാരം ചെയ്ത് പിടിച്ചുകൊണ്ടുപോയി, പിൽക്കാലത്തുള്ള എന്റെ ജീവിതത്തെ നിർണയിക്കുകയും നിശ്ചയിക്കുകയും ചെയ്തു.

ഞാനോർക്കുന്നു , ഏതോ വിദൂരതയിൽനിന്ന് ഒരു കല്യാണപ്പുരയുടെ തെങ്ങിൽ കെട്ടിയ കോളാമ്പി മൈക്കിൽനിന്ന് കാറ്റിലൊഴുകി വന്ന ‘കാറ്റടിച്ചു, കൊടുങ്കാറ്റടിച്ചു,  കായലിലെ വിളക്കുമരം കണ്ണടച്ചു’ എന്ന പാട്ട്. ആ പാട്ടിലെ യേശുദാസിന്റെ ശബ്ദത്തിൽ നിലീനമായിരുന്ന ഒരു തീവ്രവിഷാദം, ഇരുട്ടുവീണ് തുടങ്ങുന്ന ഒരു നേരമായി മാറുന്നു. അതെന്റെയുള്ളിൽ കൊത്തിയ ഏകാന്ത ഗംഭീരവും വിശാലവും നിശ്ചലവുമായ ഒരു ജലശേഖരവും അതിന്റെ കരയരികിൽ കത്തിയമർന്ന ഒരു വിളക്കുമരവുമാണ് എന്റെ മനസ്സിൽ പതിഞ്ഞ ആദ്യ ശബ്ദചിത്രം. ആ ചിത്രം ഇന്നും ഒളിമങ്ങാതെ നിൽക്കുന്നതുകൊണ്ടാണ് ഞാൻ കവിതയെ വിടാതെ പിൻതുടരാൻ വിധിക്കപ്പെട്ടവനായിത്തീർന്നത്.

യേശുദാസിന്റെ ശബ്ദത്തെ സവർണമെന്ന് സ്വത്വബോധവായനകൾ പുതിയ കാലത്തുണ്ടായിട്ടുണ്ട്. സംസ്കാരപഠനത്തിന്റെ സാമൂഹ്യസാഹചര്യങ്ങളാണ് ഈ വായനയെ രൂപപ്പെടുത്തിയത്. ഞാനാ പ്രബന്ധത്തിലെ വാദഗതികളെ ഇവിടെ അവതരിപ്പിക്കുന്നില്ല. പക്ഷേ, തീർത്തും അവർണനായ എനിക്ക്, എന്റെയുള്ളിലെ കാമുകസാന്നിധ്യത്തിന്, ആ ശബ്ദം എങ്ങനെ പകരം വന്നു ഭവിച്ചുവെന്നേ ഞാനാലോചിക്കുന്നുള്ളൂ.

ഓർക്കുക, പ്രണയം വ്യക്തിയെ അവന്റെയോ അവളുടെയോ എല്ലാ സാമൂഹ്യ സാഹചര്യങ്ങളെയും ‘സവർണം’ ആക്കുക തന്നെയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ആ ശബ്ദത്തിന്റെ സവർണതയ്ക്കു പകരം വയ്ക്കാൻ മറ്റൊരു ശബ്ദം തരൂവെന്ന് ഞാനുള്ളിൽ അലമുറയിട്ടിട്ടുണ്ട്. ഞാൻ പറഞ്ഞല്ലോ, തേനൂറും എന്ന മട്ടിലാണ് ജയചന്ദ്രൻ എന്നും പാടി വച്ചത്. മലയാളിയുടെ സ്വന്തം ശബ്ദം എന്ന തോന്നലാണ് ബ്രഹ്മാനന്ദൻ ഉണ്ടാക്കിവച്ചത്. പക്ഷേ, നിരന്തര പരിണാമിയായി, അകനാഭിയിൽ നിന്നുയർന്ന ശ്വാസത്തിന്റെ അപരിമേയ സാധ്യതകളെ അത് കേൾക്കുന്ന നേരത്തുള്ള എന്റെ മനോവിചാരത്തിലേക്കാണ് യേശുദാസ് ചേർത്തുവച്ചു പോന്നത്. അതിനാൽ ശബ്ദത്തിലെ സവർണാവർണതകളെ തൽക്കാലം എനിക്ക് മാറ്റിവയ്ക്കേണ്ടി വരുന്നു.

വ്യക്തിയെന്ന നിലയിൽ യേശുദാസിന്റെ അടുത്ത കാലത്തെ പല പ്രസ്താവനകളും നിലപാടുകളും എന്നെ സംബന്ധിച്ച് അസംബന്ധങ്ങളാണ്. പലതും അല്പത്തരങ്ങളുമാണ്. ഇയാൾ മരിച്ചുപോയാൽ എന്റെയുള്ളിലെ കാമുകനെ എങ്ങനെ സ്വസ്ഥനാക്കുമെന്ന എന്റെ എക്കാലത്തേയും വേവലാതിയെ അദ്ദേഹത്തിന്റെ പൊതു നിലപാടുകൾ മരവിപ്പിച്ചു നിർത്തിയിട്ടുമുണ്ട്.

പക്ഷേ, ഒരു നിമഷ നേരം ഞാൻ കണ്ണടച്ച് ചെവി നിശ്ചലമാക്കി മനസ് കൂർപ്പിച്ചാൽ, ആ ശബ്ദം അതിന്റെ ഏറ്റവും സൂക്ഷ്മമായ വിശദീകരണത്തോടൊപ്പം, ഏറ്റവും സൂക്ഷ്മമായ സംഗതികളോടൊപ്പം എന്റെ ചെവിയുടെ തൊട്ടുപിന്നിൽ പ്രത്യക്ഷപ്പെടും. ആ മനുഷ്യൻ അപ്പോൾ എന്റെ തൊട്ടടുത്തുണ്ട്. ഒരിക്കലും അപ്രത്യക്ഷനാവാതെ എന്റെയുള്ളിലെയെന്നെ ശമിപ്പിച്ചു നിർത്തും. മലയാളിയുടെ സൗമ്യകാമുകശബ്ദമേയെന്ന് യേശുദാസിനെ നിർവചിച്ചത് പി.പി.രാമചന്ദ്രനാണ്. അതെത്ര കൃത്യമായിരുന്നുവെന്ന് എന്നിൽ ഇന്നും തിരികെടാതെ നിൽക്കുന്ന കാമുകഭാവം അടിവരയിടുന്നു.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Kj yesudas 80th birthday viju nayarangady