ജോസ് മരിക്കുന്നത് ഒരു ശനിയാഴ്ചയാണ്. രാമപുരം പച്ചക്കറി മാര്‍ക്കറ്റില്‍ ജോസിന്‍റെ പ്രേതം കിടന്നതിന് ചുറ്റുമായി തലേ രാത്രിയില്‍ പെയ്ത മഴ അഴുക്കുശീലകള്‍ പോലെ വിരിഞ്ഞു കിടന്നു. സംഘര്‍ഷത്തിനിടയില്‍ സേതുവിന്‍റെ കത്തി കൊണ്ട് പോറി പിളര്‍ന്നു പോയൊരു പഴച്ചക്കയില്‍ നിന്നും സ്വര്‍ണ്ണ നിറമുള്ള ചുളകള്‍.
കോഴിക്കുഞ്ഞുങ്ങളെപ്പോലെ ഭീതിയോടെ പുറത്തേക്ക് നോക്കി പമ്മിയിരുന്നു. സേതുവിനെ ജീപ്പില്‍ കയറ്റി കൊണ്ടു പോയതിനു ശേഷവും ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായര്‍ വഴിയോരത്തെ പച്ചക്കറി ചാക്കുകളിലും വട്ടികളിലുമൊക്കെയായി തെറിച്ചു കിടന്ന ജോസിന്‍റെ ചോര ഉടുത്ത മുണ്ടിന്‍റെ തുമ്പു വെച്ച് തുടച്ചു കൊണ്ടിരുന്നു. ആംബുലന്‍സില്‍ വന്നിറങ്ങിയ പോലീസ് സര്‍ജന്‍ പരിശോധിക്കാനായി ജോസിന്‍റെ പ്രേതം മലര്‍ത്തിയിട്ടു. അടുത്ത നിമിഷം അയാള്‍ അത്രയും ഭയത്തോടെ അടുത്ത് നിന്ന എസ് ഐ യുടെ കൈ മുറുക്കിപ്പിടിച്ചു
“പിശാച് കടിച്ചു കുടഞ്ഞത്രയും കൊടൂരമായ മുറിവുകള്‍. ഹോ! എന്തൊരു മരണമാണ് ഇയാളുടേത്!”
അന്ന് പകല്‍ മുഴുവന്‍ സേതു ജയിലിലെ തണുത്ത തറയില്‍ ചെവി ചേര്‍ത്തു വെച്ച് കിടന്നു. അങ്ങനെ കിടക്കുമ്പോള്‍ അയാള്‍ക്ക് പള്ളി സെമിത്തേരിയിലെ കീരിക്കാടന്‍മാരുടെ കുടുംബ കല്ലറയിലേക്ക് ഏഴടി നീളമുള്ള ജോസിന്‍റെ പെട്ടി ഇറക്കുന്നതിന്‍റെയും, മഴ പെയ്തു പുതഞ്ഞ മണ്ണില്‍ ആ പെട്ടി പൂഴ്ന്നു പോകുന്നതിന്‍റെയും അടുത്ത നിമിഷം ഭൂമി നിരപ്പായി പെട്ടി അദൃശ്യമാവുന്നതിന്‍റെയും കാഴ്ചകള്‍ സ്വപ്നത്തില്‍ തെളിഞ്ഞു വന്നു. പൊടുന്നനെ അഴികളില്‍ ലാത്തി തട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്.
“എഴീച്ച് ബാ, നിനക്ക് വിരുന്നുണ്ട്”
ഇടനാഴിയുടെ അറ്റത്തുള്ള വിസിറ്റേഴ്സ് റൂമിലേയ്ക്ക് തുറക്കുന്ന വാതിലിന്‍റെ ചതുരവടിവിനകത്ത് കൈയ്യില്‍ വാഴയിലപ്പൊതിയുമായി നിലത്തു നോക്കി ബീഡി പുകച്ചു നില്‍ക്കുന്ന അച്യുതന്‍ നായരെ അകലെ നിന്നും കണ്ടപ്പോള്‍ സേതുവിന് ശരീരം തളരുന്നത് പോലെ തോന്നി.
“ഇത് കൊടുക്കാമോ സാറേ?” അച്യുതന്‍ നായര്‍ ഒതുക്കത്തില്‍ പാറാവുകാരന്‍റെ ചെവിയില്‍ ചോദിച്ചു.
“എന്തുവാ ഇത്?”
“ഇച്ചിരി പുട്ടാ സാറേ, യെവന്‍റെ മുത്തശ്ശി ഉണ്ടാക്കി തന്നു വിട്ടതാ”
“തനിക്കിത് നിയമം അറിയാഞ്ഞിട്ട് ചോദിക്കുവല്ലല്ലോ, ആ എന്തേലും ചെയ്യ്”
പതിയെ കള്ളിജനലിന്‍റെ ചെറിയ വായിലേക്ക് അച്യുതന്‍ നായര്‍ വാഴയിലപ്പൊതി തിരുകി.
“കഴിച്ചോ. രണ്ട് കുറ്റിയുണ്ട്. ഇനിയിപ്പം തടി കൂടുമെന്ന പേടിയൊന്നും വേണ്ടല്ലോ”.
സേതു അത്രയും ശ്രദ്ധയോടെ അച്ഛന്‍റെ മുഖത്തേക്ക് നോക്കി. അച്ഛന്‍റെ കണ്ണിന്‍റെ ഓരത്ത് നിന്നും ഒരു തണുത്ത തുള്ളി രൂപം കൊണ്ട് മൂക്കിനു മുകളിലൂടെ ഉരുണ്ട് പോളിയെസ്റ്റര്‍ ഷര്‍ട്ടില്‍ വീണ് പരക്കുന്നത് വരെ സേതു ശാന്തമായി അച്ഛനെ നോക്കിക്കൊണ്ടിരുന്നു. പിന്നെ പതിയെ പൊതിയഴിച്ച് ഇടതു കൈ കൊണ്ട് പുട്ടുടച്ച് കടലക്കറി തൂവി കുഴച്ചു.
“നിന്‍റെ വലത്തേക്കൈയ്യിന് വേദനയുണ്ടോ?”
സേതു തലയുയര്‍ത്തി.
“വലത്തേകൈയ്യിന് അയാളുടെ ചോരേടെ മണമാണച്ഛാ”
അച്യുതന്‍ നായര്‍ ജയില്‍വളപ്പിനകത്തെ തണുത്ത ആകാശത്തേക്ക് നോക്കി വെറുതേ നിന്നു.
“അച്ഛാ!”
“ഇപ്പൊ വിളിച്ചത് വിളിച്ചു, ഇനി മതി. നിനക്ക് താഴെ രണ്ടെണ്ണം വളര്‍ന്നു വരുന്നുണ്ട്, അവരെ ഓര്‍ത്തേങ്കിലും കൂടുതല്‍ സ്നേഹം കാണിച്ച് ഞങ്ങളെയിനി ദ്രോഹിക്കരുത്”.
“ആത്മഹത്യ ചെയ്താലോ എന്ന് പല വട്ടം ആലോചിച്ചിട്ടുണ്ട്. അച്ഛന്‍റെ മുഖം ഓര്‍ക്കുമ്പോള്‍ ജീവിക്കാന്‍ കൊതി തോന്നും. മരിച്ചു കളയാം എന്ന് കരുതി തന്നെയാണ് ഇന്ന് രാമപുരത്ത് ബസ്സിറങ്ങിയത്. അയാളുടെ ഒരടിക്ക് തികച്ചുണ്ടോ അച്ഛാ ഞാന്‍?”
‘ആത്മഹത്യ’ എന്ന വാക്കില്‍ കുരുങ്ങി ഒരു നിമിഷം അച്യുതന്‍ നായര്‍ സേതുവിനെ സൂക്ഷിച്ചു നോക്കി, പിന്നെ തിടുക്കത്തില്‍ കള്ളിജനലിന്‍റെ വായിലൂടെ കൈയ്യിട്ട് സേതുവിന്‍റെ ഇല അടുത്തേക്ക് നീക്കി അതില്‍ സേതുവിനായി ഒളിപ്പിച്ചു വെച്ചിരുന്ന ബ്ലേഡിന്‍റെ തുണ്ട് തപ്പിയെടുത്ത് അതിലെ പുട്ടിന്‍റെ തരികള്‍ വടിച്ചു കളഞ്ഞ് ഭദ്രമായി പോക്കറ്റിലെടുത്ത് വെച്ചു.
“അച്ഛന്‍ അടുത്ത മാസം വരാം, മോന്‍ നന്നായിരിക്കണം!”
അച്യുതന്‍ നായര്‍ കഴിച്ചു കൊണ്ടിരുന്ന സേതുവിന്‍റെ മുഖത്തേക്ക് നോക്കാതെ തലതാഴ്ത്തി തിടുക്കത്തില്‍ ജയില്‍ക്കെട്ടിടത്തിന്‍റെ പടിയിറങ്ങിപ്പോയി. അസ്തമിച്ചു തുടങ്ങിയ പകലിന്‍റെ അവസാനത്തെ വെയില്‍ അപ്പോഴേക്കും സേതുവിന്‍റെ മുഖത്ത് നീളന്‍ അഴികള്‍ വരച്ചിട്ടിരുന്നു.
അന്ന് സന്ധ്യയോടെ രാമപുരം മാര്‍ക്കറ്റ് വിജനമായി. ജനങ്ങള്‍ ജോസിന്‍റെ പെട്ടി സെമിത്തേരിയുടെ മണ്ണില്‍ പുതഞ്ഞ് അപ്രത്യക്ഷമായിപ്പോയ സംഭവം പരസ്പരം പറഞ്ഞു കൊണ്ട് ഭീതിയോടെ കതകിന് സാക്ഷയിട്ട് ഈ രാത്രിയൊന്ന് കഴിഞ്ഞു കിട്ടാന്‍ കാത്തു കിടന്നു. പാതിരാത്രിയിലെപ്പോഴോ മാര്‍ക്കറ്റില്‍ രണ്ടിടത്തായി തെറിച്ചു വീണു കിടന്ന ജോസിന്‍റെ ചെരുപ്പുകള്‍ ഒരുമിച്ചു കൂടി നടന്നു തുടങ്ങി. പകല്‍ ജോസിന്‍റെ ശരീരം കുഴഞ്ഞു കിടന്ന ചളിയില്‍ ചവുട്ടി പതിയെ അത് അടുത്തുള്ള കടത്തിണ്ണകളിലേക്ക് നടന്നു കയറി. അവിടെ അടച്ചിട്ട നിരപ്പലകകള്‍ ഇളക്കിത്തുറന്ന് അകത്ത് കയറിയ ചെളി പുരണ്ട കാലുകള്‍ അട്ടിയിട്ട പച്ചക്കറി ചാക്കുകളില്‍ തുളകള്‍ വീഴ്ത്തി. പലവട്ടം ഉറക്കം മുറിഞ്ഞ് ഒടുക്കം പ്രഭാതത്തില്‍ വൈകിയുണര്‍ന്ന രാമപുരത്തെ ജനങ്ങള്‍ സഞ്ചികളുമായി അലസതയോടെ നടന്ന് ഞായറാഴ്ചച്ചന്തയിലെത്തുമ്പോള്‍ കാണുന്നത് നിരത്തിലാകെ ചിതറിക്കിടക്കുന്ന മൃതശരീരത്തിന്‍റെ ഗന്ധമുള്ള ചീഞ്ഞുപോയ പച്ചക്കറികളാണ്!
പിന്നെയും എത്രയോ മാസങ്ങള്‍ക്ക് ശേഷമൊരു പകല്‍ നേരത്ത് മോളെ കാലില്‍ കിടത്തി വെയില്‍ കായിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിറം മങ്ങിയ ഇന്‍ലെന്റ് ദേവിയെ തേടിയെത്തുന്നത്. വിലാസം മഴയില്‍ കുതിര്‍ന്നു പോയതിന്‍റെ പേരില്‍ കൈയ്യില്‍ കിട്ടാന്‍ ഒരുപാട് വൈകിപ്പോയ ആ കത്ത് പൊളിച്ചു വായിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ അവള്‍ വിവാഹ മോതിരം അഴിച്ച് കൈയ്യില്‍ പിടിച്ചിരുന്നു. കത്തില്‍ വിശാലമായി ഒഴിച്ചിട്ട പുറത്തില്‍ അവള്‍ക്ക് ഏറ്റവും പരിചയമുള്ള കൈപ്പടയില്‍ കണ്ണീരുതട്ടി കലങ്ങിയ ഒരു വരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വരി…
അല്ലെങ്കില്‍ത്തന്നെ അവര്‍ക്ക് രണ്ടുപേര്‍ക്കും മാത്രം മനസ്സിലാവുന്ന ആ വരി ഇനിയാരും വായിച്ച് ഗ്രഹിക്കാതിരിക്കാന്‍ കൂടി വേണ്ടി ആയിരുന്നല്ലോ അന്ന് രാത്രിയില്‍ മോളെ ഉറക്കിക്കിടതിയതിനുശേഷം സ്റ്റൗ പൊട്ടിത്തെറിക്കുന്നതും ദേവിയിലേയ്ക്ക് തീ പടരുന്നതും.