നാടക സംവിധായകന് ദീപന് ശിവരാമനുമായി നടിയും ആക്ടിവിസ്റ്റുമായ പാര്‍വ്വതി നടത്തിയ ദീര്‍ഘ സംഭാഷണം. നാടക പരീക്ഷണങ്ങളെക്കുറിച്ച്, ജീവിത യാത്രയെക്കുറിച്ച്, പുതിയ തലമുറയെക്കുറിച്ച് ദീപന് മനസ്സ് തുറക്കുന്നു. ഇന്നിന്റെ നാടകങ്ങള്‍, ഖസാക്കിന്റെ ഇതിഹാസം, പിന്നിട്ട വഴികള്‍ എന്നീ മൂന്ന് ഭാഗങ്ങളായി അഭിമുഖം വായിക്കാം.
ഖസാക്ക് വായിച്ചിട്ടില്ലാത്ത ഒരാള്‍ക്ക് ദീപന്റെ നാടകം, ഇപ്പോഴത്തെ ആഖ്യാന രീതിയില്‍ മുഴുവനായി മനസ്സിക്കാന്‍ സാധിക്കുമോ? അത്തരം വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു?
നാടകത്തിലെ ഒരവസരത്തില്‍ ഒരു പുളിമരം തലയില്‍ ചുമന്ന് വരുന്ന ഒരു സ്ത്രീയെ കാണിക്കുന്നുണ്ട്. അതിനുമപ്പുറം എന്ത് കഥയാണ് കാണിക്കാന്‍ കഴിയുക ഖസാക്കില്‍? അത് തന്നെയല്ലേ ആ കഥ?

കേള്‍വിയുടെ ഒരു പാരമ്പര്യത്തില്‍ നിന്ന് വരുന്നത് കൊണ്ടാണ് നമുക്ക് കഥ ഇത്രയും പ്രധാനപ്പെട്ടതാകുന്നത്. സാഹിത്യമാണ് നമ്മളെ ഏറ്റവും കൂടുതല്‍ engage ചെയ്യിച്ചിട്ടുള്ളത്, സിനിമയെക്കാളും, ചിത്രകലയെക്കാളും, നാടകത്തെക്കാളുമൊക്കെ. പിന്നെ സാംബശിവന്റെ കഥാപ്രസംഗം, ടി വി സീരിയല്‍ തുടങ്ങി എല്ലാത്തിലും കഥയാണ്. കഥയില്ലാതെ വരുന്നത് നമുക്ക് പ്രശ്നമാണ്.
Read More: ഇന്നിന്റെ നാടകങ്ങള്‍
ഇതില്‍ നിന്നും വേറിട്ടൊരു ആലോചന വേണമല്ലോ. പരീക്ഷണാത്മകമായി കലയും നാടകവുമൊക്കെ ചെയ്യുന്നവര്‍ നേരിടുന്ന ചോദ്യമാണ് ഇപ്പോള്‍ ചോദിച്ചത്. അങ്ങനെയുള്ളവര്‍ക്ക് കാണികളും കുറവായിരിക്കും.
എനിക്ക് സത്യത്തില്‍ അത്ഭുതമാണ്. എന്റെ നാടകം കാണാന്‍ ആള്ക്കാര് വരുമ്പോ. മനസ്സിലാക്കാന്‍ എളുപ്പമുള്ള ഒരാഖ്യാനമല്ലല്ലോ എന്റേത്.
ഖസാക്കിന്റെ ഡിസൈന്‍ രൂപപ്പെടുത്തിയതിനെ കുറിച്ച് പറയാമോ?
ഖസാക്കിന്റെ ഇതിഹാസം വളരെ ചിത്രാപമായ ഒരു കഥയാണ്, ഒരുപാട് ദൃശ്യങ്ങളുണ്ടതില്. വായിക്കുമ്പോള്‍ നമുക്കതെല്ലാം കാണാന്‍ സാധിക്കും. എന്നാല്‍ നാടകം നടക്കുന്നയിടത്ത് ഈ മലയോ പനയോ ഒന്നുമില്ല.
Read More: നാട്ടിൻപുറത്തിന്റെ സ്വാതന്ത്ര്യവും നഗരത്തിന്റെ സൗകര്യങ്ങളും: പിന്നിട്ട വഴികളെക്കുറിച്ച് ദീപൻ
ഒരു Excavation നടക്കപ്പെട്ട ഭൂമിയാണ് ഖസാക്ക്, ഒരര്‍ത്ഥത്തില്‍. മരിച്ചു മണ്ണടിഞ്ഞു പോയവര്‍ തിരിച്ചു വന്നു കഥ പറയുകയാണ്. തുടക്കത്തില്‍ നടീ നടന്മാര് ചൂട്ടും കത്തിച്ച് വരുന്നത് ഇതിന്റെ രൂപകമായിട്ടാണ്. പരേതാത്മാക്കളുടെ ഘോഷയാത്രയാണത്. അസാന്റെ ബാങ്ക് വിളിയുടെ ഉറവിടം തേടി പോവുകയാണ് അവര്‍, നടുപ്പാതിരായ്ക്ക്. ആ യാത്രയിലാണ് ഒടുവില്‍ രവിയും പങ്കാളിയാവുന്നത്.
ഈ ഫിലോസഫിയാണ് ആദ്യം രൂപപ്പെടുന്നത്, അതിനു ശേഷമാണ് അത് നാടകത്തിലേക്ക് സംയോജിപ്പിക്കാനുള്ള വസ്തുക്കളും വഴികളുമൊക്കെയുണ്ടാവുന്നത്.
ഉപയോഗിച്ചിരിക്കുന്ന പ്രോപര്ട്ടികളെല്ലാം രൂപകമായിതീരുന്ന അവസ്ഥയുണ്ട്. അതിലെ തീ, മണം അല്ലെങ്കില്‍ ചിറ്റമ്മയുടെ പപ്പറ്റ് ഇവയൊക്കെ രൂപകങ്ങളാണ്. സ്ത്രീ ഒരു വലിയ സ്വാധീനമാണ് രവിയുടെ ജീവിതത്തില്‍. അതാണ് ആ വലിയ പപ്പറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. അയാള്‍ പേടിച്ചു പോകുന്നത്രയും വലുതാണത്. മണ്ണ് ഉഴുത് മറിച്ച് വരുന്ന ഒരു വലിയ കലപ്പ പോലെയാണ് അതിന്റെ സങ്കല്പം.
Read More: സംഭാഷണങ്ങളുടെ ലോകത്തേയ്ക്ക് വീണ്ടും ഞാൻ
അത് പോലെ അപ്പുക്കിളിയുടെ പപ്പറ്റ്. പല വസ്ത്രങ്ങള്‍ തുന്നിക്കൂട്ടിയുണ്ടാക്കിയ പപ്പറ്റുമായി വരുന്ന നാല് അമ്മമ്മാര്, അത് മരിച്ചു കിടക്കുന്ന ആ സ്ത്രീയുടെ കൈയ്യില്‍ കൊടുക്കുകയും, നരിയും നീലിയും കൂടി കുട്ടിയേയുമെടുത്തു ശവപ്പറമ്പിലേക്ക് പോവുകയും ചെയ്യുന്നു. ആ ഒരു ഇമേജിനൊക്കെ കാഴ്ചക്കപ്പുറത്തുള്ള ഒരു ദാര്ശിനിക തലമുണ്ട്.
ഖസാക്ക് ആദ്യം വായിക്കുന്നത് എപ്പോഴാണ്?
1994ലായിരിക്കണം.
രവിയുമായിട്ടാണോ identify ചെയ്യുന്നത്?
അല്ല. ഞാന്‍ നാട്ടിന്‍പുറത്ത് ജീവിച്ച ഒരാളാണ്. അത് കൊണ്ട് കുപ്പുവച്ചന് അല്ലെങ്കില്‍ കിണറു പണിക്കാരന് ഇവരോടൊക്കെയായിരിക്കും കൂടുതല്‍ identify ചെയ്യുക. രവിയെപ്പോലെ നഗരത്തില്‍ പഠിക്കുകയും തത്ത്വചിന്താപരമായ പ്രശ്നങ്ങളില്‍ പെട്ട് നാട്ടില്‍ നിന്ന് പോവുകയുമൊക്കെ ചെയ്യുന്ന ഒരാളുമായല്ല. വളരെ സന്തോഷമായി നാട്ടിന്‍പുറത്ത് ജീവിച്ച ഒരാളാണ് ഞാന്‍.
സ്ഥലം, കാലം, ക്രിയ എന്നിവ ഖസാക്കിന്റെ ഇതിഹാസത്തില്‍ ആവിഷ്കരിച്ചതിനെക്കുറിച്ച് പറയാമോ?
ഖസാക്ക് എന്നത് സത്യത്തില്‍ നിലനില്ക്കുന്നില്ല, ഭൗതികാതീതമായ അല്ലെങ്കില്‍ കല്പനാത്മകമായ ഒരിടമാണത്. നേരത്തെ പറഞ്ഞ Excavation നടക്കപ്പെട്ട ഭൂമി എന്ന ഒരു ഫിലോസഫിയില്‍ നിന്നാണ് അതിലെ സ്പേസ് രൂപപ്പെടുത്തിയത്. ഉദാഹരണത്തിന് ഭൂമിയില്‍ നിന്നും വാതില്‍ തുറന്നു വരുന്ന പോലെയുള്ള ചില സീക്വന്‍സുകള്‍ ഉണ്ടതില്‍.
സമയം അല്ലെങ്കില്‍ കാലം എന്നതിന്റെ രേഖപ്പെടുത്തല്‍ തന്നെയാണ് മാജിക്കല്‍ റിയലിസത്തിനെ വേറിട്ടതാക്കുന്നത്. മാര്‍കേസ്, വിജയന് തുടങ്ങിയര്‍ വളരെ വിജയകരമായി ചെയ്തിടുള്ളതാണ് ഈ ടൈം മെഷീനിനെ ഉടയ്ക്കുക എന്നത്. ലീനിയറായ അടുത്തത് എന്നൊന്നില്ല. ചിലപ്പോള്‍ നൂറു വര്‍ഷം പിന്നിലേക്ക് പോകും പെട്ടെന്ന്. അത് പോലെ മുന്നോട്ടും പോകും.
മനുഷ്യ മനസ്സും അങ്ങനെ തന്നെയല്ലേ. ഓര്‍മ്മകള്‍, വിചാരങ്ങള്‍ ഇവയൊക്കെ ഒരടുക്കും ചിട്ടയുമില്ലാതെയല്ലേ ഉണ്ടാവുന്നത്.
ഖസാക്കിന്റെ കാസ്റ്റിംഗ് എങ്ങനെയായിരുന്നു?
എനിക്ക് തന്നെ പുതിയ അനുഭവമായിരുന്നു അത്. എനിക്ക് അറിയാവുന്ന അഭിനേതാക്കള്‍ക്കൊപ്പമാണ് ഞാന്‍ സാധാരണ പ്രവര്‍ത്തിക്കുന്നത്.
ഞാന്‍ തൃക്കരിപ്പൂർ ചെന്ന് ഇവരെയൊക്കെ കണ്ടു. ഒരു 35 പേരോളം ഉണ്ടായിരുന്നു. അവരെ വച്ച് ആദ്യം ഒരു വര്‍ക്ക്ഷോപ്പ് നടത്തി. അതില്‍ നിന്നും ഇരുപതു പേരെ തിരഞ്ഞെടുത്തു.
പിന്നത്തെ ഒരു മാസം അവരെ പരിശീലിപ്പിച്ചു. ആ സമയത്ത് ഒരു നടന് തന്നെ അഞ്ചും ആറും കഥാപാത്രങ്ങള്‍ ചെയ്യും. ഇപ്പോള്‍ നൈജാം അലിയായി അഭിനയിച്ച ആള് തന്നെ രവിയായിട്ടും അഭിനയിച്ച് നോക്കിയിട്ടുണ്ട്. എല്ലാ വൈകുന്നേരങ്ങളിലും ഇങ്ങനെ ഒരു improvisation ഉണ്ടാവും.
ഞാന്‍ ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ, ഈ improvisation ഒരു real setting ങ്ങില്‍ ചെയ്യണം എന്ന്. ചുക്രുവും മൈമുനയും ഭക്ഷണം കഴിക്കുന്ന രംഗമാണെങ്കില്‍ അവിടെ അവര്‍ ശരിക്കും അടുക്കളയില്‍ ഭക്ഷണമുണ്ടാക്കിത്തന്നെ കഴിക്കണം. അത് പോലെ ചുക്രുവിനെ കിണറ്റില്‍ നിന്നെടുക്കുന്നതാണെങ്കില് ശരിക്കും അവിടെ നിന്ന് തന്നെ എടുക്കണം.
അത് വളരെ പ്രധാനപ്പെട്ടതായിരുന്നു. കാരണം ഈ അഭിനേതാക്കള്‍ അമെച്വര്‍ നാടക പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരാണ്. വടക്കന്‍ കേരളത്തിലെ അമെച്വര്‍ നാടകങ്ങളില്‍ മെലോഡ്രാമ വളരെ കൂടുതലാണ്. ഇവരെ സ്റ്റേജില്‍ കയറ്റി പരിശീലിപ്പിച്ചാല്‍ ഈ മെലോഡ്രാമ വരും. ശരിക്കുള്ള സെറ്റിങ്ങില്‍ അതിനു സാധ്യത കുറവാണ്. ഉദാഹരണത്തിന് ഒരാള്‍ തെങ്ങില്‍ കയറുമ്പോള്‍ മെലോഡ്രാമ ഇല്ലല്ലോ. എന്നാല്‍ തെങ്ങില്‍ കയറുന്നതായി അഭിനയിക്കാന്‍ പറയുമ്പോള്‍ സംഗതി മാറും.
അങ്ങനെയാണ് അഭിനേതാക്കള്‍ക്ക് ബോഡി മെമ്മറി ഉണ്ടാവുന്നത്.
ഖസാക്കിന്റെ ഇതിഹാസം ദീപന് എന്ന വ്യക്തിക്ക് എന്താണ്?
എന്നിലേക്ക് തന്നെയുള്ള ഒരു തിരിഞ്ഞു നോട്ടമായിരുന്നു. എന്നെത്തന്നെ പുനപരിശോധിക്കാന്‍ സാധിച്ചു. പഠിച്ച പല കാര്യങ്ങളും നമ്മുടെ ഒരിടത്ത് വച്ച് തന്നെ പരീക്ഷിക്കാന്‍ സാധിച്ചു.
എന്റെ പൂര്‍വ്വികരോട് സംവദിക്കുന്ന പോലെയായിരുന്നു എനിക്ക് ഖസാക്ക്. ചെറുപ്പത്തില്‍ പൌര്‍ണമി ദിവസം മാവിന്റെ കടയ്ക്കല്‍ പിതൃക്കള്‍ക്ക് വീത് വയ്ക്കാന്‍ പോകുമായിരുന്നു ഞാന്‍. അതിന്റെ ഒരു revised version എന്ന് വേണമെങ്കില്‍ പറയാം.