Latest News

വേദനയുളള സത്യങ്ങൾ പറയുകയെന്നതാണ് കലയുടെയും കലാകാരന്റെയും ധർമ്മം കെ ജി ജോർജ്

മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ ചലച്ചിത്രകാരൻ കെ ജി ജോർജിന്റെ സിനിമാ ജീവിതത്തെക്കുറിച്ചുളള സംഭാഷണം.

KG George new generation malayalam director

രണ്ടായിരത്തിന്‍റെ ആദ്യദശകത്തോടെയാണ് ‘ന്യൂ ജനറേഷന്‍’ എന്ന വാക്ക് മലയാള സിനിമാ ചര്‍ച്ചകളില്‍ പ്രചാരത്തിലേക്ക് എത്തുന്നത്. ഏതാണ്ട് എണ്‍പതുകള്‍തൊട്ട് മലയാള സിനിമയെ ബാധിച്ച ‘ദ്വന്ദ്വ-ബിംബകേന്ദ്രീകൃത’ സിനിമകളേയും അവയുടെ ഫോര്‍മുലകളെയും ഉപേക്ഷിച്ചുകൊണ്ട്, അത് ഊട്ടിയുറപ്പിച്ചതായ പൊതുബോധത്തെ കൂസാതെ ഒരു പറ്റം ചെറുപ്പക്കാര്‍ അന്നുവരെയുണ്ടായിരുന്ന ശീലങ്ങളെ തിരസ്കരിച്ചുകൊണ്ട് സിനിമ എടുക്കുകയാണ് എന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട് ‘ന്യൂ ജനറേഷന്‍’ അഥവാ പുതു തലമുറസിനിമകള്‍.

പലപ്പോഴും, സാമ്പത്തികമായ മുതല്‍മുടക്കിന്‍റെയും വിതരണ സമ്പ്രദായത്തിന്റെ അസമാനതകളെ മാത്രം അടിസ്ഥാനപ്പെടുത്തി നിര്‍വചിക്കപ്പെട്ട, ‘മുഖ്യധാരാ സിനിമ’, ‘സമാന്തര സിനിമ’ എന്ന കൈവഴികളെ ഒരു ചാലിലേക്ക് കീറിയിടുവാന്‍ പുതു തലമുറ സിനിമകള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്. അതിനുപുറമെ, സിനിമ സംവിധായകന്‍റെ മാധ്യമമാണ്, നായകബിംബങ്ങളുടേത് മാത്രമല്ല എന്ന വാശിയും പലപ്പോഴും പുതുതലമുറ സിനിമകളിലെ ഉപരിപ്ലവമായൊരു രാഷ്ട്രീയ മണ്ഡലത്തെ നിര്‍മിച്ചപ്പോള്‍, യുവസംവിധായകരുടെ സിനിമകളെയൊക്കെ ‘പുതുതലമുറ സിനിമകള്‍’ എന്നുള്ള വിലയിരുത്തലുകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.

മലയാള സിനിമയില്‍ ഇപ്പോള്‍ സംഭവിക്കുന്ന ഈ മാറ്റത്തിനു വേഗത കൂടിയ ഒരു പ്രധാനഘടകം ഇന്റര്‍നെറ്റിന്‍റെ ലഭ്യതയാണ്. കേരളത്തിലെ സിനിമാ വ്യവസായത്തെ നിലനിര്‍ത്തുന്ന ബഹുഭൂരിപക്ഷം വരുന്ന പ്രേഷകര്‍ ഇന്റര്‍നെറ്റ് എന്ന നവ മാധ്യമത്തിന്റെ തുറന്ന ഒരു ലോകത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. വിരല്‍തുമ്പില്‍ ലഭിക്കുന്ന എണ്ണമറ്റതായ അറിവുകളും (information) സിനിമകളും ഒരു വലിയ ശതമാനം പ്രേഷകരെ സിനിമയെക്കുറിച്ചുള്ള താരതമ്യപ്പെടുത്തലുകളിലേയ്ക്കും അപഗ്രഥനങ്ങളിലേക്കും കൊണ്ടെത്തിച്ചു എന്നത് പുതുതലമുറ സിനിമകള്‍ക്ക്‌ പ്രോത്സാഹനമായി. മലയാളസിനിമയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന നിശ്ചലാവസ്ഥയെ തരണം ചെയ്യാന്‍ ശ്രമിച്ച ഒരു വലിയപറ്റം യുവപ്രഷകരും, സിനിമാ ആരാധകരും, മെല്ലെ ഓടുന്ന മലയാള സിനിമയില്‍ ശ്വാസം മുട്ടിക്കൊണ്ടിരുന്നവരൊക്കെ ജിജ്ഞാസയോടെ തിയേറ്ററുകളില്‍ കാത്തുകെട്ടിയിരിക്കുകയായിരുന്നു.

പുതുതലമുറ സിനിമകള്‍ ബോക്സ് ഓഫീസില്‍ പ്രതിഫലിച്ചു തുടങ്ങിയ മുതല്‍ പുതിയ സാങ്കേതികവിദ്യകളെയും സാങ്കേതിക വിദഗ്ദ്ധരേയും തങ്ങളുടെ സിനിമകളില്‍ പരീക്ഷിച്ചുകൊണ്ട് പഴഞ്ചന്‍ സിനിമാസങ്കേതങ്ങളും അവരെ മത്സരങ്ങളിലേക്കു പൂട്ടി. പുതുതലമുറ സിനിമകളെ വിമര്‍ശിക്കുന്നതില്‍ ആത്മരതികണ്ടെത്തിയ സംവിധായകര്‍ സൈബര്‍ തെരുവുകളില്‍ മീമുകളായി. നിരന്തരം പുനരാഗമിക്കുന്ന സുലഭമായിക്കൊണ്ടിരിക്കുന്ന ഇന്‍റര്‍നെറ്റ് സിനിമയെ കൂടുതല്‍ ജനാധിപത്യവത്കരിച്ചുകൊണ്ടിരിക്കും. സിനിമയുടെ ബോക്സ് ഓഫീസ് വിജയവും പരാജയവും തീരുമാനിക്കുന്ന നിലയില്‍ നിന്നും സിനിമയെന്ന വ്യവസായത്തിന്‍റെ സമ്പദ് വ്യവസ്ഥയും സൈബര്‍ ലോകത്തേക്ക് വികേന്ദ്രീകരിക്കപ്പെടും. ഏതൊരു വിദേശസിനിമയോടും കിടപിടിക്കതക്കതായ സിനിമ നിര്‍മിക്കാനും അതിനോട് മത്സരിക്കുവാനും ഓരോ ചലച്ചിത്ര നിര്‍മാതാക്കളും നിര്‍ബന്ധിക്കപ്പെടും. അത് തന്നെയാണ് പുതുതലമുറ സിനിമകളുടെ ഭാവി. അതുകൊണ്ട് തന്നെയാണ് സിനിമയുടെ കാഴ്ച്ചാപരവും ആശയപരവും വ്യവസായപരവുമായ മാറ്റങ്ങള്‍ക്കു തിരികൊളുത്തിയ ‘പുതുതലമുറ സിനിമ’ കളിലേക്ക് തിരിഞ്ഞുനോക്കുക എന്നത് അനിവാര്യമാവുന്നത്. കെ.ജി ജോര്‍ജ് ,ജോണ്‍ അബ്രഹാം ,അരവിന്ദന്‍ എന്നിവരില്‍ തുടങ്ങി രാജീവ് രവി, ലിജോ ജോസ് പെല്ലിശ്ശേരി, സനല്‍ കുമാര്‍ ശശിധരന്‍, ദിലീഷ് പോത്തന്‍ എന്നിവരില്‍ എത്തി നില്‍ക്കുന്ന ‘പുതുതലമുറ ചിത്രങ്ങള്‍’ അപനിര്‍മിക്കപ്പെടെണ്ടതായുണ്ട്.

തുടക്കം
വര്‍ഷം 1974, പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാഭ്യാസത്തിനിടയില്‍ പരിചയപ്പെട്ട അധ്യാപകന്‍റെ സിനിമയില്‍ ഭാഗമാവാന്‍ കെ.ജി ജോജ് എന്ന തിരുവല്ലാക്കാരന്‍ മദ്രാസിലെത്തുന്നു. കെ.ജി.ജോര്‍ജ് അടുത്തറിയുന്ന ആദ്യ സിനിമാസംരംഭം. സംവിധായകന്‍, മലയാള സിനിമയിലെ അതികായനായ  രാമു കാര്യാട്ട്. ചിത്രം, നെല്ല്. മലയാളത്തിലെ ഏറ്റവും പ്രഗത്ഭനായ സംവിധായകന്‍റെ കീഴില്‍ സിനിമ ജീവിതം ആംഭിക്കുക എന്നത് കക്കാട്ടില്‍ ഗീവര്‍ഗ്ഗീസ് ജോര്‍ജ് എന്ന ഇരുപത്തേഴുകാരനെ സംബന്ധിച്ച് സ്വപ്നതുല്ല്യമായ അരങ്ങേറ്റം ആയിരുന്നു.

എങ്കിലും തന്‍റെ സിനിമാസങ്കല്‍പ്പങ്ങളിലെ വ്യത്യസ്ഥതയും കാഴ്ചകളിലെ പുതുമയും ആഖ്യാനരീതിയിലെ പരീക്ഷണ സ്വഭാവവും ആവശ്യപ്പെടുന്നത് അതല്ല എന്നുള്ള തിരിച്ചറിവാണ് രാമു കാര്യാട്ടിന്‍റെ സഹായിയായി പഞ്ഞമില്ലാതെ ജീവിക്കാം എന്നാകിലും കെ.ജി.ജോർജിനെ മാറാനും സ്വന്തമായി സിനിമ ചിത്രീകരിക്കാനും പ്രോത്സാഹനമാകുന്നത്. ഒരു വര്‍ഷത്തിനിടയില്‍ തന്നെ ആദ്യ സിനിമ രൂപാന്തരം പ്രാപിക്കുന്നു- ‘സ്വപ്നാടനം’. പാട്ടും ആട്ടവും നിറഞ്ഞ, ലയമൊത്ത, അതിഭാവുകത്വം നിറഞ്ഞ മലയാളസിനിമാ കാഴ്ചകളെ തകിടം മറിച്ചുകൊണ്ടൊരു ‘സൈക്കോ-ഡ്രാമ’.

ഡോ.ഗോപി എന്ന മാനസിക രോഗിയുടെ വിഭ്രാന്തികള്‍ ജോര്‍ജ് സൃഷ്ടിച്ച മനോതലങ്ങളിലൂടെ പ്രേക്ഷകർ അനുഭവിച്ചറിഞ്ഞു. കഥാപാത്രത്തിന്‍റെ പിരിമുറുക്കങ്ങള്‍ കറുപ്പും വെളുപ്പും ഗ്രേയുമായി പടര്‍ന്നു കിടന്ന വര്‍ണരാജിയില്‍ രാമചന്ദ്രബാബുവിന്‍റെ ക്യാമറ മനോഹരമായി പകര്‍ത്തി. ‘സൈക്കോ മുഹമ്മദ്‌’ എന്ന ഭിഷഗ്വരനായ കഥാകാരനില്‍ പിറന്ന കഥാതന്തു കെ.ജി.ജോര്‍ജ് എന്ന തിരക്കഥാകൃത്തിന്‍റെയും സംവിധായകന്‍റെയും രൂപത്തില്‍ മലയാളത്തിന്‍റെ ‘പുതുതലമുറ സിനിമയ്ക്കു’ ജന്മം നല്‍കി.

വ്യത്യസ്ഥതകളോടുള്ള കലഹം
കെ.ജി.ജോര്‍ജിന്‍റെ സിനിമകളെ അധികമൊന്നും അറത്തുമുറിക്കേണ്ടതില്ല, അതിന്‍റെ വ്യത്യസ്ഥതകളറിയാന്‍. ഓരോ സിനിമകളേയും പരീക്ഷണങ്ങളാക്കി എന്നതാണ് കെ.ജി.ജോര്‍ജിനെ അനന്യമാക്കുന്ന പ്രധാന ഘടകം. കെ.ജി.ജോര്‍ജ് ഒരിക്കലും ഒരു പ്രത്യേകയിനം സിനിമകളിലും (genre-specified) ഒതുങ്ങി നിന്നില്ല. ‘സ്വപ്നാടനം’, ‘ഇരകള്‍’ എന്നിവ സൈക്കോ-ഡ്രാമയാണ്. ‘യവനിക’ ഒരു ത്രില്ലര്‍ ആണ്. ‘ആദാമിന്‍റെ വാരിയെല്ലും’ ‘മറ്റൊരാളും’ ‘മേളയും’ ഒരു ഡ്രാമയാകുമ്പോള്‍ ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്’ ഒരു കുറ്റാന്വേഷണ ഡ്രാമയാണ്. ‘ഉള്‍ക്കടല്‍’ മലയാളത്തിലെ ആദ്യ ക്യാംപസ് ചിത്രവും ‘പഞ്ചവടിപ്പാലം’ ആക്ഷേപഹാസ്യവുമാണ്.

വിഷയങ്ങളോടുള്ള തുറന്നസമീപനവും ആഖ്യാനശൈലിയിലെ ബാഹുല്യവും കെ.ജി.ജോര്‍ജിന്‍റെ സിനിമകളെ genre-specified ഫോര്‍മുലകളില്‍ ഒതുക്കുന്നില്ല. ഓരോ genre മാത്രം ആലിംഗനം ചെയ്തുനിന്ന തന്‍റെ സമകാലീനരായ പലരേയും ബാധിച്ച ആവര്‍ത്തന വിരസമായ ആഖ്യാനശൈലിയില്‍ മുങ്ങി നില്‍ക്കുന്നുമില്ല. ഓരോ സിനിമകളിലും താന്‍ എന്ന സംവിധായകനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളെയും അയാളുടെ ഭൂതകാലത്തേയും പൊളിച്ചെഴുതുന്ന, പ്രേക്ഷകന്‍റെ മുന്‍വിധികള്‍ക്കു അപരനാവുന്ന, എപ്പോഴും പുതുമ നിര്‍മിക്കുന്ന, പരിണമിച്ചുകൊണ്ടിരിക്കുന്ന ചലച്ചിത്രകാരനാവുക എന്നത് ഒരു നിര്‍ബന്ധബുദ്ധി തന്നെയായിരുന്നു അതിനു കാരണം എന്ന് വേണം കരുതാന്‍.

പാത്രസൃഷ്ടിയിലെ പ്രാഗത്ഭ്യം
സംവിധായകന്‍ എന്ന നിലയില്‍ ജോര്‍ജിന്‍റെ കഥപറച്ചിലുകളിലെ മികവ് അടയാളപ്പെടുത്തുന്നത് അയാളുടെ പാത്രസൃഷ്ടികളിലൂടെയാണ്‌. ‘സ്വപ്നാടന’ത്തിലെ ഡോ.ഗോപി, ‘ഉള്‍ക്കടലി’ലെ രാഹുലനും റീനയും, ‘മേള’യിലെ കോമാളിയായ ഗോപാലന്‍, ‘യവനിക’യിലെ തബലിസ്റ്റ് അയ്യപ്പന്‍, ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്കിലെ’ ലേഖ, ‘ആദാമിന്‍റെ വാരിയെല്ലി’ലേ ആലീസും വാസന്തിയും, ‘പഞ്ചവടിപ്പാലത്തിലെ’ ദുശ്ശാസനകുറുപ്പ്, ‘ഇരകള്‍’ ലെ ബേബി തുടങ്ങി ഓരോ സിനിമയിലേയും കഥാപാത്രങ്ങള്‍.

അവയില്‍ ഓരോന്നും വ്യത്യസ്തങ്ങളായ സാഹചര്യങ്ങളും ആഖ്യാനശൈലികളും പിന്‍പറ്റിയുള്ള കതാപാത്രങ്ങളാവുമ്പോഴും അവയില്‍ പൊതുവായി കാണുന്ന ഘടകം കഥാപാത്രങ്ങളുടെ നിര്‍മിതിയിലുള്ള ‘പ്രാഗ്‌രൂപങ്ങൾ’ (archetype -” A collective inherited unconscious idea, pattern of thought, lineage etc.universally present in individual psyche” ) ആണ്.

ഉദാഹരണമായി, ‘ഇരകള്‍’ എന്ന സിനിമയിലുടനീളം ഗോത്രാധിപത്യ രീതി പിന്‍പറ്റിപോവുന്ന ജന്മി കുടുംബത്തിലെ സ്ത്രീ- പുരുഷ കഥാപാത്രങ്ങളില്‍ കാണുന്ന അധികാരശ്രേണീപരമായ അസാമാനത കാണാവുന്നതാണ്. ഭരത് ഗോപി അവതരിപ്പിക്കുന്ന വൈദികകഥാപാത്രത്തിനു കുടുംബത്തിനുമേല്‍ ഉള്ള പൗരോഹിത്യപരമായ അധികാരം ഉപയോഗിക്കുമ്പോഴും സൗമ്യനും പെങ്ങളെ സ്നേഹിക്കുന്നവനുമായ വൈദികന്‍. പെങ്ങളുടെ മകനെ ശരിയായ ദിശയിലേക്ക് നയിക്കണമെന്നു ആഗ്രഹിക്കുമ്പോഴും പെങ്ങളുടെ കുടുംബത്തിലെ പുകയുന്ന അസ്വാരസ്യങ്ങളാണ് ഗണേശ്‌കുമാർ അവതരിപ്പിച്ച ബേബി എന്ന കഥാപാത്രത്തിന്റെ സ്വഭാവവൈകല്യങ്ങള്‍ക്ക് കാരണമാകുന്നത് എന്ന് ഗോപി തിരിച്ചറിയുന്നുണ്ട്. അധികാരഘടനയും കുടുംബ ബന്ധങ്ങളുടെ കനപ്പെട്ട പ്രതിബദ്ധയും നിശബ്ദമാക്കുന്ന വൈദികന്‍റെ മനോതലം ഗോപിയെന്ന മഹാനടന്റെ ചുരുക്കം വാക്കുകളിലും കനത്ത നിശബ്ദതയിലും ആഴ്ത്തിയാണ് കെ.ജി.ജോര്‍ജ് അവതരിപ്പിക്കുന്നത്. ഇത് മലയാള സിനിമയിലെ സമാനതകളില്ലാത്ത പാത്രസൃഷ്ടിയാണ്.

ആ കുടുംബത്തിലെ അധികാരഘടനകള്‍, അതിനകത്ത് തുടക്കം മുതല്‍ ഒടുക്കം വരെ നിലനില്‍ക്കുന്നതായ വയലന്‍സ്, ലൈംഗികബന്ധങ്ങള്‍, ലഹരി തുടങ്ങി ഒട്ടേറെ ചേരുവകള്‍ അനാവശ്യങ്ങളല്ലാതെ ചേര്‍ത്തുവയ്ക്കാന്‍ ജോര്‍ജ് ശ്രദ്ധിക്കുന്നു. ബേബിയുടെ പ്രേമത്തിനു പാത്രമായ രാധയുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന കച്ചവടക്കാരനായ കഥാപാത്രവും അയാളെ അസൂയമൂത്ത് വധിക്കുന്ന ബേബിയും മറ്റൊരു പ്രാഗ്‌രൂപമാണ്. രാധയ്ക്കു ഉപഹാരമായി സൗന്ദര്യവര്‍ദ്ധകവസ്തുകള്‍ നല്‍കുന്ന കടക്കാരനില്‍ തന്‍റെ ‘ഇണയെ’ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന എതിരാളിയെ കാണുകയും അതിനാല്‍ അയാളെ വധിച്ച് ആത്മസംതൃപ്തി നേടുകയും ചെയ്യുന്ന ബേബി ഏറ്റവും ‘മൃഗീയമായ’ മനുഷ്യചോദനകളെ കാണിക്കുന്നു. ഇതേ കാരണങ്ങള്‍ തന്നെ പിന്നീട് തന്‍റെ സുഹൃത്തായ രാഘവനെ വധിക്കുന്നതിലേക്കും ബേബിയെ നയിക്കുന്നുണ്ട്. ഈ കഥാപാത്രങ്ങളിലെ സാര്‍വ്വജനീകതയാണ് അതിനെ ഭാഷയ്ക്കും ദേശത്തിനും അതീതമാക്കുന്നതും.

കഥാപാത്രങ്ങളുടെ മനോതലങ്ങള്‍
“ഞാന്‍ എപ്പോഴും കഥാപാത്രങ്ങളുടെ സൈക്കോളജി പഠിക്കുന്ന ഒരാളാണ്. അതുകൊണ്ടാണ് എന്റെ സിനിമകള്‍ വ്യത്യസ്തമാക്കുന്നതും” ഐഇ മലയാളത്തിനു നല്‍കിയ
അഭിമുഖത്തിനിടയില്‍ കെ.ജി.ജോര്‍ജ് പറയുന്നു. കെ.ജി.ജോര്‍ജിന്‍റെ പാത്രസൃഷ്ടിയിലെ മികവും ഇതുതന്നെയാണ്. ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ മനസ്സുണ്ടെന്ന് അയാള്‍ വിശ്വസിച്ചുപോന്നു എന്നു മാത്രമല്ല, അതെല്ലാവരെയും വിശ്വസിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു എന്നു തന്നെ വേണം പറയാന്‍. കെ.ജി.ജോര്‍ജിന്‍റെ സിനിമകളെ ആസ്പദമാക്കി ലിജിന്‍ ജോസ് സംവിധാനം ചെയ്ത ‘8 1/2 ഇന്‍റര്‍കട്ട്സ്’ എന്ന ഡോക്യുമെന്‍ററിയില്‍ ഉപയോഗിച്ച ‘യവനിക’യിലെ ഒരു രംഗമുണ്ട്. മദ്യപാനിയും സ്ത്രീലമ്പടത്വം ഒരു പോരായ്മയായി കാണാത്തവനുമായ തബലിസ്റ്റ് അയ്യപ്പന്‍ റിഹേഴ്സലിനിടയില്‍ മദ്യപിച്ചുകൊണ്ട് സഹനടിയെ ലൈംഗികച്ചുവയോടെ നോക്കുകയും അവരുടെ ശരീരത്തില്‍ കടന്നുപിടിക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന്, നടി മറ്റൊരു നാടകപ്രവര്‍ത്തകനോട് പരാതിപ്പെടുന്നു. പരാതികേള്‍ക്കുന്നയാള്‍ പ്രശ്നത്തില്‍ ഇടപെടാനെന്നോളം ചെന്ന് അയ്യപ്പന്‍റെ കയ്യില്‍ നിന്നും മദ്യക്കുപ്പി ഏടുത്തു മാറ്റുന്നു. അയ്യപ്പന്‍ അയാളോട് തര്‍ക്കിക്കുന്നതിനിടയില്‍ തന്നെ പരാതിക്കാരിയായ നടി തന്‍റെ ഭാഗം അഭിനയിക്കുവാനായി അരങ്ങിലേക്ക്
പ്രവേശിക്കുകയാണ്. തനിക്കു തബല വായിക്കേണ്ട സമയമായി എന്നു തിരിച്ചറിയുന്ന ഗോപി ഒരേ സെക്കൻഡിൽ തിരിഞ്ഞുകൊണ്ട് തബലയിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നു. ഭരത് ഗോപി എന്ന മഹാനടന്‍ താളകൊഴുപ്പോടെ ദ്രുതതാളമുള്ള തബലിസ്റ്റ് അയ്യപ്പനെ പകര്‍ന്നാടുന്ന രംഗം. ഇവിടെയാണ്‌ വളരെ നിസ്സാരമായ ഒരു ഷോട്ടിലൂടെ തബലിസ്റ്റ് അയ്യപ്പന്‍റെ മനോതലത്തിലെക്ക്, കെ.ജി.ജോര്‍ജ് വെളിച്ചം വീശുന്നത്. ഒരുപക്ഷെ മറ്റൊരു സംവിധായകനാണെങ്കില്‍ അത്തരമൊരു കഥാപാത്രത്തെ സമര്‍ത്ഥിക്കുവാനായി പ്രത്യേകമായൊരു ഷോട്ട് എടുക്കുമായിരിക്കും. അത് ചെയ്യുന്നില്ല എന്നിടത്താണ് ജോർജ് എന്ന വിട്ടുവീഴ്ചകളിലേര്‍പ്പെടാത്ത സംവിധായകന്‍റെ വിജയം. അതുകൊണ്ടാണ് കഥാപാത്രങ്ങളുടെ മനോതലങ്ങള്‍ ഒട്ടും ഏച്ചുകെട്ടലുകള്‍ ഇല്ലാതെ സംവേദിക്കുന്നതും.

സാമൂഹ്യ നിര്‍മിതികള്‍
“വേദനകളോട് എനിക്ക് വ്യത്യസ്തമായ സമീപനമാണ് ഉള്ളത്. വേദനയുള്ള സത്യങ്ങള്‍ പറയുക എന്നത് കലയുടെ, കലാകാരന്‍റെ ധര്‍മമാണ്.” എന്ന് ചെറുപുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ദൈര്‍ഘ്യമുള്ള, ആഴം കൂടിയ നിശബ്ദതയിലേക്ക് കെ.ജി.ജോര്‍ജ് ചാഞ്ഞിരുന്നു. കെ.ജി.ജോര്‍ജിന്‍റെ സിനിമകളെല്ലാം വേദനയുള്ളവയാണ്. ഒരിക്കല്‍പോലും നന്മയുടെയോ തിന്മയുടെയോ മാത്രം പ്രതിരൂപങ്ങളായ കഥാപാത്രങ്ങളെ കെ.ജി.ജോര്‍ജ് സിനിമകളില്‍ കാണാന്‍ സാധിക്കില്ല. ബഹുഭൂരിപക്ഷം വരുന്ന കുടുംബപ്രേക്ഷകനെന്ന സിനിമാവ്യവസായത്തിലെ കമ്പോളഘടകത്തെ തൃപ്തിപ്പെടുത്താനായി സിനിമയില്‍ ‘ശുഭാന്ത്യം’ കുറിക്കുവാനോ പോതുബോധങ്ങളെ താലോലിക്കുവാനോ ആയുള്ള ശ്രമങ്ങള്‍ അതില്‍ ഉണ്ടാവുന്നുമില്ല.

സാങ്കല്‍പികമായ ഭൂമികയില്‍ ഹാസ്യദ്യോതകമായി പഞ്ചായത്ത് ഭരണത്തിന്‍റെ കഥപറയുന്ന ‘പഞ്ചവടിപ്പാലത്തിലും’ തുറന്ന ചിരികളല്ല, ഇരുണ്ട ഹാസ്യത്തിന്‍റെ സത്യസന്ധതയാണ് മുഴച്ചുനില്‍ക്കുന്നത്. മതപരമോ പുരുഷകേന്ദ്രീകൃതമായതോ ആയ പൊതുബോധങ്ങള്‍ ഒരു പടത്തിലും കാണാന്‍ സാധിക്കില്ല. ക്യാമറക്കണ്ണുകള്‍ ഒരിക്കലും പെണ്ണിന്‍റെ ശരീരത്തിലേയ്ക്ക് ഒളിഞ്ഞുനോക്കുന്നില്ല. ഒരു കഥാപാത്രത്തെപ്പോലും വെള്ളപൂശിക്കൊണ്ട് ദ്വന്ദങ്ങളിലേയ്ക് സാമൂഹ്യനിര്‍മിതിയെ തഴച്ചിടാനും അദ്ദേഹം കൂട്ടാക്കുന്നില്ല. ‘ഇരകള്‍’ തന്നെ എടുക്കുകയാണെങ്കില്‍, ‘പോസിറ്റീവ്’ എന്നു നമുക്ക് പറയാന്‍ സാധിക്കുന്ന ഒരു കഥാപാത്രവും അതിലില്ല. കെ.ജി.ജോര്‍ജ് അതിനെ കണക്കാക്കുന്നത് ഒരു രാഷ്ട്രീയ സിനിമയായിട്ടാണ്. നിരന്തരം ഇരകളാകുന്നതും ഇരയാകുന്നതും അതേസമയം വേട്ടക്കാരും ആകുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് ‘ഇരകള്‍’ എന്നും അതിലുള്ളത് ‘വേദനയുള്ള സത്യങ്ങള്‍’ ആണെന്നും ‘8 1/2 ഇന്‍റര്‍കട്ട്സില്‍’ കെ.ജി.ജോര്‍ജ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.

സാങ്കേതിക തികവ്
നല്ലൊരു സിനിമയെ അടയാളപ്പെടുത്തുക അതില്‍ ഉപയോഗിക്കുന്നതായ സിനിമയുടേതായ ഭാഷയെ വിലയിരുത്തിക്കൊണ്ടാവണം. സിനിമ എന്ന ക്രാഫ്റ്റിനെ ഏറ്റവും വലിയ ബഹുജനമാധ്യമം ആക്കുന്നത് വിവിധ മാധ്യമങ്ങളെ അതിലേക്ക് സംയോജിപ്പിക്കാം എന്ന ഘടകത്താലാണ്. കെ.ജി.ജോര്‍ജിന്‍റെ ഓരോ ഫ്രെയിമും ഓരോ പെയിന്‍റിങ്ങുകളാണ്. കെ.ജി.ജോർജിനെ സിനിമയിലേക്ക് ആകര്‍ഷിക്കുന്നതും പെയിന്റിങ്ങുകളോടുള്ള താത്പര്യമാണ്. പിന്നീട് പുണെയില്‍ ലഭിച്ച സാങ്കേതിക പരിജ്ഞാനവും സിനിമാവിദ്യാഭ്യാസവും നൂതനമായ ആശയങ്ങളും കെ.ജി.ജോർജിനെ ഒരു മാസ്റ്റര്‍ ആക്കുന്നു.

ആദ്യ പടമായ ‘സ്വപ്നാടനം’ മുതല്‍ ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍റെ മികവു ദൃശ്യമായിരുന്നു. സ്വപ്നാടനത്തില്‍ തീര്‍ത്ത ‘മതിഭ്രമ’ ത്തിന്‍റെ രംഗങ്ങള്‍ അന്നുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ദൃശ്യാ ഭാഷ സൃഷ്ടിക്കുന്നുണ്ട്. സ്റ്റുഡിയോ ഫ്ലോറുകളില്‍ മാത്രം ഒതുങ്ങിയിരുന്ന നടകത്വമുളള സിനിമയെ അതിന്റേതായ ദൃശ്യഭാഷയിലേക്ക് വികസിപ്പിക്കുകയായിരുന്നു കെ.ജി.ജോര്‍ജ് ചെയ്തത്.

ഇത്തരം നൂതനമായ ആഖ്യാന ശൈലി ഏറ്റവും ശ്രദ്ധേയമാവുന്നത് പഞ്ചവടിപാലത്തിലാണ്. ക്ലൈമാക്സ് രംഗത്തില്‍ പാലംപൊളിയുന്നത് ഷൂട്ട്‌ ചെയ്യുവാനായി ഒരു കൃത്രിമ പാലം പണിയുക എന്നതാണ് കെ.ജി.ജോര്‍ജ് ചെയ്തത്. ഒന്നിലധികം കാമറകളുടെ സഹായത്തോടെ മൂന്നോ നാലോ ആംഗിളിലായി തീര്‍ത്ത ക്ലൈമാക്സ് രംഗങ്ങള്‍. മലയാളത്തില്‍ ആദ്യമായി ഒന്നിലധികം കാമറ ഉപയോഗിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ സിനിമയാണ് പഞ്ചവടിപാലം.

അയത്നലളിതമല്ലാത്ത സിനിമ എന്ന കല എങ്ങനെയാണ് ഒരു നല്ല കലാകാരനിലൂടെ എളുപ്പത്തില്‍ അതിന്റേതായ ഭാഷയില്‍ സംസാരിക്കുന്നത് എന്നു കെ.ജി.ജോര്‍ജ് കാണിച്ചുതരുന്നു.

കലാകാരന്‍ അല്ല, കലയാണ്‌ എന്നും ശബ്ദിക്കുന്നത്. കാലംതെറ്റി വന്ന ചലച്ചിത്രകാരന്‍ ആണ് കെ.ജി.ജോര്‍ജ് എന്നു പറയുന്നില്ല. മലയാള സിനിമ കെ.ജി.ജോര്‍ജിനോളം പോന്നിരുന്നില്ല അദ്ദേഹം സിനിമയെടുത്ത കാലത്ത് എന്നേ പറയാന്‍ സാധിക്കൂ. ഇന്നേക്ക് നൂറു വർഷം കഴിഞ്ഞാലും, തികവുള്ള, ഒതുക്കമുള്ള അദ്ദേഹത്തിന്‍റെ പരീക്ഷണ സിനിമകള്‍ പുതുമയോടെ തന്നെ നില്‍ക്കും. അതിലെ പ്രമേയപരമായ സവിശേഷതകളും’, വിട്ടു വീഴ്ചകളില്ലാത്ത ആഖ്യാനശൈലിയും ഭാഷയും ഒരിക്കലും കാലഹരണപ്പെടാത്തതാണ്. അത് തന്നെയാണ് ‘പുതുതലമുറ ചിത്രങ്ങളെ’ നിര്‍വചിക്കുന്നതും.

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Kg george pioneer of the new wave of malayalam film making

Next Story
ഇത്തിരി കടലാസ്സും, ഇത്തിരി മഷിയും കൊണ്ട് വിജയന്‍ താണ്ടിയ ദൂരങ്ങള്‍khasakkinte ithihasam, n e sudheer
The moderation of comments is automated and not cleared manually by malayalam.indianexpress.com