27 കാരനായ സൂര്യകുമാർ റോയിയുടെ കണ്ണുകളിൽ, വാക്കുകളിൽ പറഞ്ഞറിയിക്കാനാകാത്ത തരത്തിലുള്ളൊരു വിഷാദമുണ്ട്. വീട്ടിലെ പട്ടിണിയിൽ നിന്നും രക്ഷപ്പെടുവാനായി മാൽദയിൽ നിന്നും കേരളത്തിലേയ്ക്കുള്ള ട്രെയിനിലെ തിക്കിത്തിരക്കിലേയ്ക്ക്, തനിക്ക് മുൻപേ 2500 കിലേമീറ്റർ നീളുന്ന ആ വഴി തേടിയ നൂറുകണക്കിനാളുകളെ പോലെ, സൂര്യകുമാർ കയറിക്കൂടിയത് ഒൻപത് വർഷങ്ങൾക്ക് മുൻപാണ്. തൊഴിൽ രംഗത്ത് കുടിയേറ്റ തൊഴിലാളികളുടെ സാന്നിധ്യം ഒരു നിർണ്ണായക ഘടകമായ സംസ്ഥാനത്ത്, ആ ഒൻപത് വർഷങ്ങളിൽ തനിക്ക് ലഭിച്ചത് ഊഷ്മളമായ സ്നേഹവും ഹൃദ്യമായ പെരുമാറ്റവും മാത്രമാണെന്നയാൾ പറയുന്നു.

ജൂൺ 24 ന്റെ സംഭവം ഒരു നടുക്കമായാണെത്തിയത്. അന്നാണയാളുടെ അമ്മാവൻ മണിക് റോയ്, ഒരു കോഴിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാരായ രണ്ടു പേരുടെ ആക്രമണത്തിനിരയായത്. 21 ദിവസം കഴിഞ്ഞ് മണിക്ക് മരിച്ചു. മരണകാരണം ആക്രമണത്തിൽ നിന്നുണ്ടായ പരുക്കുകളാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ആക്രമണത്തിന്റെ പേരിൽ അറസ്റ്റിലാകുകയും അതിനുശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്ത ആ രണ്ടുപേർ, മണിക്കിന്റെ മരണത്തെത്തുടർന്ന്, വീണ്ടും അറസ്റ്റിലായി.

“അങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല” കൊല്ലം ജില്ലയിലെ അഞ്ചലിൽ ഒരു പരിചയക്കാരന്റെ കടയിലെ പ്ലാസ്റ്റിക് കസേരയിലിരുന്ന് റോയ് പറയുന്നു.

അഞ്ചലിലെ കുടിയേറ്റ തൊഴിലാളികളുടെ സമൂഹത്തിൽ മണിക്കിന്റെ മരണം വലിയ ചലനങ്ങളുണ്ടാക്കി. പ്രധാനമായും പശ്ചിമ ബംഗാൾ, ഒഡിഷ, അസ്സം എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളി സമൂഹമാണവിടെയുള്ളത്. കുടിയേറ്റക്കാർ ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക്, ജോലിക്കായി പോകുമെന്നതിനാൽ, അവരുടെ ജനസംഖ്യ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഏകദേശം 2000 തൊഴിലാളികൾ, അവരുടെ അധികാര പരിധിയ്ക്കുള്ളിൽ ജീവിക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു.

“ഇവിടെയിതുവരെ കുടിയേറ്റക്കാരിൽ നിന്ന് മോഷണമോ പിടിച്ചുപറിയോ പോലുള്ള കുറ്റകൃത്യങ്ങൾ ഉണ്ടായിട്ടില്ല. അക്കാര്യത്തിൽ വളരെ സമാധാനപരമായിരുന്നു അഞ്ചൽ. അത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ സംഭവമാണിത്.” ക്രമസമാധനപരിപാലനവിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

2006 ൽ കേരളത്തിൽ വന്ന ആദ്യകാല കുടിയേറ്റക്കാരിൽ പെടുന്നവരാണ് സൂര്യകുമാറിന്റെ കുടുംബം. മൂന്നു വർഷത്തിനുശേഷം, കേരളത്തിൽ പോയി വരുമാനമുണ്ടാക്കണമെന്ന പിതാവിന്റെ നിർബന്ധത്താലാണ്, ഏഴാം ക്ലാസ്സ് വരെ പഠിച്ച സൂര്യകുമാർ അവരുടെ വഴി പിന്തുടർന്നത്.
“എന്റെ അച്ഛന് കേരളത്തെപ്പറ്റി എപ്പോഴും നല്ലതേ പറയാനുണ്ടായിരുന്നുള്ളു. ആളുകൾ വളരെ മര്യാദക്കാരാണെന്നും ഒരിക്കലും പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും അച്ഛൻ പറഞ്ഞിരുന്നു.” സൂര്യകുമാർ പറഞ്ഞു. അച്ഛനിപ്പോൾ മാൾദയിലാണ്, ചില ആവശ്യങ്ങൾക്കായി ഏതാനും മാസം മുൻപാണ് അവിടേയ്ക്ക് പോയത്.

ആദ്യം സൂര്യകുമാർ ജോലി ചെയ്തത് മാവേലിക്കരയിലാണ്. ഒരു മാസത്തിനുശേഷം അഞ്ചലിലെത്തി. ഇപ്പോൾ ഒൻപതു വർഷമായി അഞ്ചലിൽ ജോലി ചെയ്യുന്നു. മണിക്ക് എന്നാണ് കേരളത്തില്ലെത്തിയതെന്ന് കൃത്യമായി ഓർമ്മിക്കുന്നില്ല, പക്ഷേ താൻ വന്നു കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞാണത്, സൂര്യകുമാർ പറഞ്ഞു. കേരളത്തിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഭാഷയുടെ കാര്യത്തിൽ കഷ്ടപ്പെടാറുണ്ട്. പക്ഷേ കുടുംബക്കാർ ഇവിടെയുണ്ടായിരുന്നതിനാൽ അക്കാര്യത്തിൽ മണിക്ക് ഭാഗ്യവാനായിരുന്നു. ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതെ തനിയെയെത്തുന്നവരുടെ കാര്യത്തിൽ ഒറ്റപ്പെടൽ കൂടുതൽ ദുരിതമാകുന്നു. മിക്കവാറും, ബാഹ്യസമൂഹത്തിൽ അൽപമാത്രമായ കൂട്ടുകെട്ടുകളുണ്ടാക്കിക്കൊണ്ട് സ്വന്തം സമുദായം ഒന്നിച്ചു നിൽക്കും.

“ഇതവരുടെ ദേശമാണ്, ഞങ്ങളുടേതല്ല. കൂലിയുടെ കാര്യത്തിൽ പ്രശ്നമുണ്ടാകുമ്പോൾ എങ്ങനെയാണവരോട് സംസാരിക്കേണ്ടതെന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങൾക്ക് വഴക്കുണ്ടാക്കണമെന്നില്ല. പണി ചെയ്തു ജീവിക്കണമെന്നേയുള്ളു.” പശ്ചിമ ബംഗാളിലെ മെദിനിപ്പൂരിൽ നിന്നുള്ള 33 കാരനായ കാലു പറയുന്നു. എന്ന് കെട്ടിട നിർമ്മാണജോലിയിലെ ദിവസക്കൂലിക്കാരനായ കാലുവിന് നാട്ടിൽ തന്നെ നിന്നിരുന്നുവെങ്കിൽ കുടുംബത്തിന്റെ ആവശ്യങ്ങൾക്കുള്ള പണം സമ്പാദിക്കാനാവില്ലായിരുന്നു എന്നയാൾ പറഞ്ഞു. അയാളുടെ കുടുംബം ബംഗാളിൽ തന്നെയാണ്. ഇവിടെ മറ്റു രണ്ടു ബംഗാളികളോടൊപ്പം മുറി പങ്കിട്ടു താമസിക്കുന്നു. “എനിക്ക് മണിക്കിനെ അറിയില്ല, പക്ഷേ അയാളെ തല്ലിക്കൊന്നുവെന്ന് ഞാൻ കേട്ടു” ഒരു ബസിൽ കയറുവാൻ തിരക്കിട്ടോടുന്നതിനിടെ കാലു പറഞ്ഞു.

അഞ്ചലിലെ മറ്റൊരു പണിക്കാരനായ കലാം, സ്കൂൾ പഠിപ്പുപേക്ഷിച്ച് പതിനാലാമത്തെ വയസ്സിലാണ് കേരളത്തിലെത്തിയത്. ഇപ്പോൾ 28 വയസ്സായ കലാം ഒഴുക്കോടെ മലയാളം സംസാരിക്കും.

2013 ൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ(ഗിഫ്റ്റ്) നടത്തിയ ഒരു പഠനത്തിൽ കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം 25 ലക്ഷമാണെന്ന് കണ്ടെത്തിയിരുന്നു. 2.3 ലക്ഷം ആളുകൾ പ്രതിവർഷം വരുന്നുവെന്നാണ് കണക്ക്. അതിനുശേഷം വന്ന സർക്കാരുകൾ അവരുടെ സാമൂഹ്യസുരക്ഷിതത്വവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കി. സാക്ഷരതാമിഷന്റെ ഭാഗമായി, ഇത്തരം തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മലയാളം ക്ലാസ്സുകളും നടത്തപ്പെടുന്നു. കെട്ടിടം പണിയിലെ സഹായിയായി ജോലി ചെയ്ത് 600-800 രൂപ വരെ കലാം ഒരു ദിവസം നേടുന്നുണ്ട്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണയാൾ. കുട്ടികൾ ‘നാട്ടി‘ലാണ്. അവർ സ്കൂൾ പ്രായമെത്തുന്നു. “ഞങ്ങളെ നോക്കാൻ ആരുമില്ലായിരുന്നു. അതുകൊണ്ട് പഠിക്കാൻ പറ്റിയില്ല” കലാം മലയാളത്തിൽ പറഞ്ഞു. നാട്ടിൽ ഈ കൂലി കിട്ടുമായിരുന്നെങ്കിൽ ഞങ്ങൾ ഇവിടെ വരുമായിരുന്നുവെന്നു തോന്നുന്നുണ്ടോ? സ്വന്തം നാടു വിട്ട് അന്യദേശത്തു പോയി ജോലി ചെയ്യണമെന്ന് ആർക്കാണാഗ്രഹം? “

തനിക്കൊരിക്കലും ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്ന് പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന് ആ പ്രദേശത്തെ തടി സംബന്ധമായ തൊഴിലിൽ കോൺ‌ട്രാക്ടറായ രാജു പറയുന്നു. “ നമ്മൾ മലയാളികൾ ഗൾഫിൽ പോയി ജോലി ചെയ്യുന്നതുപോലെ അവർ ഇവിടെ വരുന്നു. കഠിനാധ്വാനം ചെയ്യുന്നു. എന്റെ ജോലിക്കാരിൽ ഒരുപാടു ബംഗാളികളുണ്ട്, ഒരു പ്രശ്നവും എനിക്കവരെക്കൊണ്ടുണ്ടായിട്ടില്ല.“ രാജു പറഞ്ഞു.

ജൂൺ 24 ന് സംഭവിച്ചത് , അന്ന് മണിക്കിന് അവധിയായിരുന്നുവെന്നാണ് സ്ഥലത്തെ പൊലീസ് പറഞ്ഞത്. മണിക്കും കൂട്ടുകാരൻ ദീപക്കും ചേർന്ന്, സുന്ദരൻ എന്ന മലയാളി നടത്തുന്ന, അവരുടെ പതിവു കടയിൽ നിന്നു തന്നെ ചിക്കൻ വാങ്ങി. മണിക്കിന് ചിക്കൻ വളരെ ഇഷ്ടമായതിനാൽ ഞായറാഴ്ചകളിൽ നാടൻ കോഴിയെ സ്വന്തമായി പാചകം ചെയ്തു കഴിക്കുന്ന ശീലമുണ്ടായിരുന്നു.

അവർ വീട്ടിലേയ്ക്ക് വരുന്നതിനിടെ, കോഴിക്കച്ചവടം നടത്തുന്ന അറുപതുകാരനായ ശശിധരക്കുറുപ്പ് വഴിയിൽ തടഞ്ഞു. തന്റെ ഏതാനും കോഴികൾ കളവുപോയതിന്റെ പശ്ചാത്തലത്തിൽ കുറുപ്പ്, അവരെ ചോദ്യം ചെയ്തു. കൈയിലിരിക്കുന്ന ചിക്കൻ താൻ വാങ്ങിയതാണെന്ന് മണിക്കിന്റെ വാക്ക് കുറുപ്പ് വിശ്വസിച്ചില്ല. താനീ പ്രശ്നം കൈകാര്യം ചെയ്തോളാമെന്നു പറഞ്ഞ് ദീപക്കിനോട് ചിക്കനുമായി വീട്ടിലേയ്ക്ക പോകാൻ മണിക്ക് ആവശ്യപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. ദീപക് പെട്ടെന്ന് സ്ഥലം വിടുകയാണെന്നു കണ്ട കുറുപ്പ്, സഹായത്തിന് കൂട്ടുകാരനായ ആസിഫ് ( 23) നെ വിളിച്ചു. മണിക്കിനോടു വഴക്കിട്ട ആസിഫും കുറുപ്പും അയാളെ വളരെ ശക്തമായി മർദ്ദിച്ചു, പ്രത്യേകിച്ച് മുഖഭാഗത്ത്. മൂക്കിൽ നിന്നു രക്തം പ്രവഹിക്കുവാൻ തുടങ്ങിയ മണിക്കിനെ അഞ്ചൽ സെന്റ് ജോസഫ് മിഷൻ ആശുപത്രിയിൽ എത്തിച്ചു. അന്ന് രാത്രി മണിക്ക് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കുറുപ്പിനെയും ആസിഫിനെയും അറസ്റ്റ് ചെയ്തുവെന്ന് ഇൻസ്പെക്ടർ സതി കുമാർ പറഞ്ഞു. അവരെ രണ്ടു ദിവസം കഴിഞ്ഞ് ജാമ്യത്തിൽ വിട്ടു. മണിക്കിന്റെ മൂക്കിന്റെ എക്സ് റേ എടുത്തെങ്കിലും പൊട്ടൽ കണ്ടില്ല. അയാളെ അടുത്ത ദിവസം ആശുപത്രിയിൽ നിന്നും വിട്ടു.

പിന്നീട് തലവേദന അനുഭവപ്പെടാൻ തുടങ്ങിയതിനാൽ അയാൾ സ്ഥലത്തെ സൂര്യ ആശുപത്രിയിൽ മൂന്നു തവണ പോയിരുന്നതായി സൂര്യകുമാർ പറയുന്നു. തലവേദനയെപ്പറ്റി മാത്രമാണയാൾ പരാതിപ്പെട്ടിരുന്നതെന്നും അന്നത്തെ ആക്രമണത്തെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ലെന്നും സൂര്യ ആശുപത്രിയിൽ അയാൾ കണ്ട ഡോക്ടർ അറിയിച്ചു. ഭാഷയിലെ പ്രശ്നം കൊണ്ട് ഡോക്ടർക്ക് കാര്യം മനസ്സിലാകുന്നില്ലെന്നാണ് മണിക്ക് കരുതിയതെന്ന് സൂര്യകുമാർ പറയുന്നു. “ വീട്ടീൽ പോകണമെന്ന് കാക്കു ( അമ്മാവൻ) എന്നോടു പറഞ്ഞു.”. ജൂലൈ 14 ആയപ്പോഴേയ്ക്കും മണിക്കിന്റെ അവസ്ഥ കൂടുതൽ മോശമായി. അയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിച്ചു. “പക്ഷേ പോകുന്ന വഴിയിൽ അദ്ദേഹം മരിച്ചു.” സൂര്യകുമാർ പറഞ്ഞു.

mob lynching

ചിത്രീകരണം: വിഷ്ണുറാം

കഴുത്തിലും തലയിലും ഏറ്റ പരുക്കുകളാണു മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. ജൂൺ 24 ന് ഏറ്റ ആക്രമണം തലച്ചോറിൽ ആഘാതങ്ങളേല്‍പ്പിച്ചിട്ടുണ്ടാകുമെന്നും അത് മസ്തിഷ്കവീക്കത്തിലേയ്ക്ക് നയിച്ചിരിക്കാമെന്നുമാണ് ഫോറൻസിക് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അയാളുടെ മരണത്തെത്തുടർന്ന്, കൊലപാതക കുറ്റം ചുമത്തി പൊലീസ് കുറുപ്പിനെയും അസിഫിനെയും അറസ്റ്റ് ചെയ്തു. മറ്റാരെങ്കിലും ആക്രമണത്തിൽ പങ്കാളികളായിരുന്നോ എന്നതിനെപ്പറ്റിയും അവർ അന്വേഷിക്കുന്നുണ്ട്.

കുറുപ്പ്, തന്റെ കോഴികൾ മോഷ്ടിക്കപ്പെട്ടുവെന്ന് പോലീസിൽ പരാതിപ്പെട്ടിരുന്നതേയില്ല എന്നതും പറയേണ്ടിയിരിക്കുന്നു.

നാട്ടിലെ ബന്ധുക്കളോട് മരണവിവരം പറയുന്ന ചുമതല തന്നിലായി എന്ന് സൂര്യകുമാർ പറയുന്നു. ഫോണിൽ സംസാരിക്കുമ്പോൾ തൊണ്ടയിടറിയ അയാൾ മറ്റാളുകളെ കൊണ്ടാണ് വിവരം അറിയിച്ചത്. “ അമ്മാവന്റെ മരണമറിഞ്ഞ അമ്മായി ആകെ തകർന്നിരിക്കുന്നു, ചിലപ്പോൾ കരയും, ചിലപ്പോൾ ചിരിക്കും, ചിലപ്പോൾ, ഗ്രാമത്തിലെ ( രാജ് നഗർ) നദിയുടെ കരയിലേയ്ക്ക് തനിച്ചു പോകും.” സൂര്യകുമാർ പറഞ്ഞു.

സൂര്യകുമാറും ദുഃഖത്തിലാണ്, “മുൻപ് ജോലി കഴിഞ്ഞ് ഞങ്ങൾ അഞ്ചൽ ബസ് സ്റ്റാൻഡിൽ വച്ച് തമ്മിൽ കാണുമായിരുന്നു, ചായ കുടിച്ചുകൊണ്ട് വിവരങ്ങൾ കൈമാറും. ഇപ്പോൾ സംസാരിക്കാനെനിക്ക് ആരുമില്ല. തനിയെ പോയി ചായ കുടിച്ച് തിരികെ വരും”

Read More:കോഴിയെ മോഷ്‌ടിച്ചെന്ന് ആരോപിച്ച് അക്രമം: ബംഗാള്‍ സ്വദേശി മരിച്ചത് തലയ്‌ക്ക് അടിയേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

താമസിയാതെ ഈ ഒറ്റപ്പെടൽ മാറിയേക്കാം. ഒന്നര വർഷം മുൻപ്, സാമ്പത്തിക പ്രശ്നങ്ങൾ മൂലം എട്ടാം ക്ലാസ്സിൽ പഠിപ്പവസാനിപ്പിച്ച് മണിക്കിന്റെ മകനും കേരളത്തിലെത്തിയിരുന്നു. “എന്റെ അച്ഛൻ ഒരു നേർവഴിക്കാരനായിരുന്നു, ആരോടും വഴക്കിനു പോകില്ല. കേരളത്തിൽ ജോലി ചെയ്യുന്നതിൽ സന്തോഷമായിരുന്നു അച്ഛന്. എനിക്കവിടേയ്ക്കു പോകാനും പേടിയില്ല. ഇപ്പോൾ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ എനിക്കിവിടെ നിൽക്കണം. പക്ഷേ ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ ഞാൻ കേരളത്തിലേയ്ക്ക് വരും. എനിക്കെന്റെ കുടുംബത്തെ പരിപാലിക്കുവാനുള്ള പണമുണ്ടാക്കണം” അമ്മയുടെ നിർബന്ധം മൂലം ഇപ്പോൾ നാട്ടിലേയ്ക്ക് തിരികെപ്പോയ ആ 20 കാരൻ പറയുന്നു.

Read In English:  Dying 2,500 km from home

മൊഴിമാറ്റം: സ്മിത മീനാക്ഷി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook