scorecardresearch

എസ് എസ് എൽ സി – പത്തും ഇരുന്നൂറ്റിപ്പത്തും കോപ്പും

പഴയ കാലത്ത് എസ് എസ് എൽ സി എന്തായിരുന്നു അത് എത്രത്തോളം മാറി എന്നതിനെ കുറിച്ചൊരു നഖചിത്രം

എസ് എസ് എൽ സി – പത്തും ഇരുന്നൂറ്റിപ്പത്തും കോപ്പും
Kerala SSLC Result Memories

‘അന്നൊക്കയല്ലേ പത്ത്, ഇന്ന് എന്ത് പത്ത്?, ‘അന്നായിരുന്ന എസ് എസ് എൽ സി ഇന്ന് എന്തോന്ന് എൽ സി’ എന്നൊക്കെ ചോദിക്കുന്ന ചില രക്ഷിതാക്കളെയും അധ്യാപകരെയും ഒക്കെ നമ്മുടെ കൂട്ടത്തിൽ തന്നെ കാണാം. ഇപ്പോൾ ഇവരൊക്കെ പറയുന്നത് കേൾക്കുമ്പോൾ പഴയ പട്ടാളക്കഥ പോലെയോ ‘അമ്മാൻ സിൻഡ്രോം’ പോലെയോ തോന്നിയേക്കാം. എന്നാൽ സംഗതി അത്ര സിംപിളല്ല, അന്നത്തേത് ഒരു ഒന്നൊന്നര എസ് എസ് എൽ സി യായിരുന്നു എന്നതാണ് വാസ്തവം.

അന്ന് കുട്ടികളുടെ ഇടയിൽ ഒന്നാം തരം പേടിയുടെ കാര്യത്തിൽ ‘ഫസ്റ്റ് ക്ലാസ്’ ആയിരുന്നു എസ് എസ് എൽ സി. രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്കൂൾ മാനേജ്മെന്റുകൾക്കും അഭിമാനപൂർവ്വം കാണിക്കാനുള്ള പൊങ്ങച്ചപട്ടികയിലെ ഒന്നാം റാങ്ക് എസ് എസ് എൽ സി ഫലത്തിലായിരുന്നു.

എസ് എസ് എൽ സി എന്നത് ഇന്ന് ഏതാണ്ടൊരു പേടിക്കാലമല്ലാതായി മാറിക്കഴിഞ്ഞു. എന്നാൽ ഏകദേശം 15 വർഷം മുമ്പ് വരെ അതല്ലായിരുന്നു സ്ഥിതി. സ്കൂളിലെ മാത്രമല്ല, ജീവിതത്തിലെ തന്നെ ഏറ്റവും വലിയ കടമ്പ എസ് എസ് എൽ സി യായിരുന്നു. ചൈനീസ് വൻമതിൽ പോലെ ഒന്ന്.

അക്കാലത്ത് എട്ടാം ക്ലാസിലെത്തുന്ന കുട്ടി ഹൈസ്കൂളിലേക്ക് ആയിക്കഴിഞ്ഞു എന്നാണ് വെപ്പ്. അന്ന് ഒന്ന് മുതൽ നാല് വരെ പ്രൈമറി സ്കൂൾ, അഞ്ച് മുതൽ ഏഴ് വരെ യു പി അഥവാ അപ്പർ പ്രൈമറി, എട്ട് മുതൽ പത്ത് വരെ ഹൈസ്കൂൾ. എട്ടാം തരത്തിലേക്ക് എത്തുമ്പോൾ മുതൽ കുട്ടികളുടെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങും. അപ്പോൾ തുടങ്ങും പത്തിലേക്കുള്ള ‘വാംഅപ്പ്.’ പത്താം തരം എന്നതായിരുന്നു അക്കാലത്തെ യഥാർത്ഥ ജീവിത പരീക്ഷ.

പത്താം തരം അഥവാ പത്താംക്ലാസ് എന്ന എസ് എസ് എൽ സി എങ്ങനെ ഇങ്ങനെയൊരു വലിയ കടമ്പയായി എന്ന് ചോദിച്ചാൽ അതിനുത്തരം പ്രത്യേക ഉത്തരം ഒന്നും നൽകാൻ ആരുടെയും ഓർമ്മയിലില്ല. പക്ഷേ, ചില കാര്യങ്ങൾ അതിന് സഹായകമാവുന്നതാണ്. എസ് എസ് എൽ സി കൊണ്ടുള്ള ചില ഗുണങ്ങൾ.

അന്ന് സർക്കാർ ജോലിയിലെ ക്ലാർക്ക് തുടങ്ങിയ തസ്തികകളില്‍ പി എസ് സി വഴി അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം എന്നതാണ്. പത്താം ക്ലാസ് വരെ പഠിച്ചവർക്ക്, പത്തിൽ തോറ്റവർക്കും, ബാങ്ക് പ്യൂൺ പോലെയുള്ള ജോലികൾക്ക് അപേക്ഷിക്കാമായിരന്നു. മാത്രമല്ല സെക്കൻഡറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് എന്ന എസ് എസ് എൽ സി പാസായാൽ പിന്നെ പഠനം സ്കൂളിലല്ല, അങ്ങ് കോളജിലാ. ആകെ മൊത്തം ഒരാളുടെ തലേവര മാറ്റി വരയ്ക്കാൻ കഴിവുള്ള ക്ലാസായിരന്നു എസ് എസ് എൽ സി. അവൻ എസ് എസ് എൽ സിക്കാരനാ, അവൾ എസ് എസ് എൽ സിക്കാരിയാ എന്നൊക്കെ പറയുന്നത് അക്കാലത്ത് വലിയ സംഭവമായിരന്നു.

എസ് എസ് എൽ സിക്ക് മറ്റൊരു ഗുണം കൂടെയുണ്ടായിരന്നു എസ് എസ് എൽ സി പാസായാൽ ( പഴയ ചിട്ടവട്ടം അനുസരിച്ച് എസ് എസ് എൽ സി പൊതുപരീക്ഷ കഴിഞ്ഞാലുടൻ) തന്നെ ടൈപ്പ് പഠിക്കാനായി പോകും. ടൈപ്പ് മാത്രമോ ടൈപ്പും ഷോട്ട് ഹാൻഡും കൂടെയോ പഠിച്ച എസ് എസ് എൽ സി പാസായ ആളിനു അന്ന് വലിയ വിലയായിരുന്നു. കമ്പനികളിൽ ജോലി, സർക്കാർ സ്ഥാപനങ്ങളിൽ ജോലി, വിദേശത്ത് ജോലി അങ്ങനെ ജോലി സാധ്യതയുടെ വാതിലുകൾ പല വഴിക്ക് ഇവർക്കായി തുറക്കുമായിരുന്നു. അതിനും പക്ഷേ എസ് എസ് എൽ സി അടിസ്ഥാന യോഗ്യതയായിരുന്നു.

എസ് എസ് എൽ സിയുടെ പഴയ കാലത്തെ ഏറ്റവും വലിയ വിലപിടിപ്പുള്ള രണ്ട് വാക്കുണ്ടായിരന്നു. മലയാളിക്കുട്ടികളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് വാക്ക്. 210 ഉം മോഡറേഷനും. അറുന്നൂറ് മാർക്കിന് നടത്തുന്ന പരീക്ഷയിൽ കടന്നു കൂടാൻ വേണ്ടിയിരുന്ന ഏറ്റവും കുറഞ്ഞ മാർക്കാണ് 210 മാർക്ക്. അതായത് മൊത്തം മാർക്കിന്റെ മുപ്പത്തിയഞ്ച് ശതമാനം. അത് കിട്ടിയാൽ രക്ഷപ്പെട്ടു, തല ഉയർത്തി നടക്കാമെന്ന സ്ഥിതി 1980 കൾ വരെ ഉണ്ടായിരുന്നു. ആ 210 കിട്ടാൻ പലരെയും സഹായിച്ചിരുന്ന ഒരു വാക്കാണ് ‘മോഡറേഷൻ.’ മാർക്ക് സംവിധാനം അവസാനം ആയപ്പോഴേക്കും മോഡറേഷൻ ഏതാണ്ട് മുപ്പത് മാർക്ക് വരെയായത്രേ. 180 മാർക്ക് വാങ്ങിയാൽ പത്താംതരം കയിച്ചിലാകാം എന്നതായിരുന്നു അവസ്ഥ.

പണ്ട് കാലത്ത് രണ്ട് വിഭാഗമായിട്ടായിരുന്നു, ഇംഗ്ലീഷ് മലയാളം ഹിന്ദി (ത്രിഭാഷ പദ്ധതി- ഇതിൽ മലയാളത്തിന് പകരം തമിഴ്, കന്നട, അറബി, സംസ്കൃതം, ഗുജറാത്തി, അഡീഷണൽ ഇംഗ്ലീഷ്, അഡീഷണൽ ഹിന്ദി, എന്നിവ ഒന്നാം ഭാഷയായി മാറിയെടുക്കാനുള്ള അനുവാദവുമുണ്ടായിരുന്നു. ഇപ്പോഴും ഇതുണ്ടെന്നാണ് വിശ്വാസം) എന്നിവ ഉൾപ്പെടുന്ന ഭാഷാവിഭാഗവും കണക്ക്, സയൻസ്, സാമൂഹികപാഠം, തുടങ്ങിയ ഉൾപ്പെടുന്ന വിഭാഗവും ഇതിൽ രണ്ടിനും ജയിക്കാനുള്ള മിനിമം മാർക്ക് വാങ്ങുകയും വേണമായിരുന്നു അന്ന്.

1980 കളുടെ ആദ്യ പകുതി വരെ പത്താം ക്ലാസ് ആദ്യ പത്ത് റാങ്കുകാരുടെ ഗമ കഴിഞ്ഞാൽ പിന്നെ ഫസ്റ്റ് ക്ലാസുകാരുടെ ഗമയായിരുന്നു നാട്ടിൽ പടർന്നിരുന്നത്. ഫസ്റ്റ് ക്ലാസ് എന്നാൽ 60 ശതമാനം മാർക്ക് ലഭിക്കണം.

1980 കളുടെ ആദ്യ പകുതി കഴിഞ്ഞപ്പോൾ മുതൽ ചില മാറ്റങ്ങൾ എസ് എസ് എൽ സി പരീക്ഷയ്ക്ക് വന്നു തുടങ്ങി. പുതിയൊരു സംവിധാനം പരീക്ഷാ മത്സരത്തിലെ ഭാഗമായി രൂപപ്പെട്ടു. അതാണ് ‘ഡിസ്റ്റിങ്ഷൻ.’ 80 ശതമാനമോ അതിൽ കൂടുതലോ മാർക്ക് വാങ്ങുന്നവരെ ഉൾപ്പെടുത്തുന്ന പട്ടികയായി അത്. അപ്പോൾ ഫസ്റ്റ് ക്ലാസിനുള്ള ഗമ പോയി. ഡിസ്റ്റിങ്ഷൻ കൂളിങ് ഗ്ലാസ് വച്ച്, കോളർ വീശി ഷൈൻ ചെയ്ത് നടന്നു. ഫസ്റ്റ് ക്ലാസിന് പഴയ ഗുമ്മിലാതായി. ഒപ്പം 50 ശതമാനം വാങ്ങുന്നവർ സെക്കൻഡ് ക്ലാസുകാരായും ജയിക്കുന്നവർ തേഡ് ക്ലാസുകാരായും അനൗദ്യോഗികമായി രേഖപ്പെടുത്തി, ഫസ്റ്റ് ക്ലാസിന് ചെറിയൊരു പവർ നൽകി. എന്നാലും വാഴ്ത്തപ്പെടുന്നത് ഡിസ്റ്റിങ്ഷൻകാരായി. ഏട്ട് ചുമതലക്കാരനായി വിലസിയ പൊലീസ് സ്റ്റേഷനിൽ എസ് ഐ ചുമതലയേറ്റപ്പോഴത്തെ അവസ്ഥയിലായി ഡിസ്റ്റിങ്ഷൻ വന്നതോടെ ഫസ്റ്റ് ക്ലാസ്.

Kerala SSLC Result Memories

അതിനിടയിൽ മറ്റൊരു ചെറിയ പണി കൂടി ഇതോടൊപ്പം നടന്നിട്ടുണ്ടത്രേ. അതായത് 210 മാർക്ക് നേരിട്ട് വാങ്ങിയാൽ അങ്ങനെ കിട്ടിയയാൾ മോഡറേഷനിൽ ജയിച്ചതല്ല എന്ന് കാണിക്കാൻ വേണ്ടി 211 എന്നാക്കി കൊടുക്കന്ന അഭ്യാസം തുടങ്ങി എന്ന് കരക്കമ്പി ഉണ്ടായിട്ടുണ്ട്. അതായത് മോഡറേഷൻ ഇല്ലാതെ ജയിച്ചതാണെന്ന് അടിവരയിടാനുള്ള തന്ത്രം. ഇതേ തന്ത്രം സെക്കൻഡ് ക്ലാസിനും ഫസ്റ്റ് ക്ലാസിനും ഡിസ്റ്റിങ്ഷനും ഒക്കെ ഉണ്ടായിരുന്നത്രേ. അതിനെ കുറിച്ചുള്ള പഴങ്കഥ ഇങ്ങനെയാണ്. 299 മാർക്ക് കിട്ടിയ കുട്ടിക്ക് ഒരു മാർക്ക് കൂടുതൽ കൊടുത്ത് മുന്നൂറാക്കി സെക്കൻഡ് ക്ലാസാക്കും, 300 കിട്ടിയ ആളിനെ 301 ആക്കും, 359 കിട്ടിയ ആളിന് ഒരു മാർക്ക് കൂട്ടിക്കൊടുത്ത് 360 ആക്കി ഫസ്റ്റ് ക്ലാസ് ആക്കും 360 കിട്ടിയയാളിന് 361 ആക്കി കൊടുക്കും. 479 കിട്ടുന്നകുട്ടിക്ക് 480 ആക്കി ഡിസ്റ്റിങ്ഷനാക്കും 480 കാരനെ 481 ആക്കി മാറ്റുകയും ചെയ്യുന്ന ഒറ്റമാർക്ക് ലോട്ടറിയായിരുന്നു അത്. അങ്ങനെ ഡിസ്റ്റിങ്ഷനും ഫസ്റ്റ്ക്ലാസും ഒരുപാട് പേർ രക്ഷിതാക്കളുടെയും സ്കൂളുകളുടെയും പൊങ്ങച്ചമാനം കാത്ത കഥയും അതിലേറെ പേർ അപമാനഭയത്തിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടതുമായ കഥയും പഴയകാല എസ് എസ് എൽ സിക്ക് പറയാനുണ്ട്.

എന്തായാലും അന്നൊക്കെ പത്താം ക്ലാസ് എന്നത് ഒരു ഭയങ്കര സംഭവമായിരുന്നു. പത്ത് ജയിക്കുക എന്നത് യുദ്ധം ജയിക്കുന്ന പ്രതീതിയായിരുന്നു. പത്താം ക്ലാസ് ജയിച്ചാൽ ജീവിതത്തിലെ പകുതി ജയിച്ചു എന്ന് വിശ്വസിക്കുന്നവരായിരുന്നു മലയാളികൾ. അതു കൊണ്ട് തന്നെ അത് അക്കാലത്തെ വിദ്യാർത്ഥികളിലുണ്ടാക്കിയ സമ്മർദ്ദം ചെറുതല്ല. രക്ഷിതാക്കളും അധ്യാപകരും ചേർന്നുണ്ടാക്കിയ സമ്മർദ്ദം അന്നത്തെ വിദ്യാർത്ഥികളിൽ പലരെയും ഇപ്പോഴും പിന്തുടരുന്നുണ്ട്.

അന്ന് എസ് എസ് എൽ സി പരീക്ഷയും അതുമായി ബന്ധപ്പെട്ട റിസൾട്ട് കാലവും മരണകാലം കൂടെയാണ്. നിരവധി കുട്ടികളാണ് പരാജയം താങ്ങാനാവാതെയും പരാജയ ഭീതി കൊണ്ടും ജീവനൊടുക്കിയിരുന്നത്. അതിനെല്ലാം കാരണം പത്താം തരത്തിന് വേണ്ടതിനേക്കാളേറെ മലയാളികൾ കൊടുത്ത അനാവശ്യ പ്രാധാന്യമായിരന്നു . ആദ്യം നൂറ് ശതമാനം വിജയത്തിന് വേണ്ടിയും പിന്നെ നൂറ് ശതമാനം ഫസ്ക്ലാസിന് വേണ്ടിയും പിന്നീട് നൂറ് ശതമാനം ഡിസ്റ്റിങ്ഷന് വേണ്ടിയും അന്ന് സ്കൂളുകൾ പലതും ഇത്രയും മാർക്ക് നേടുമെന്ന് ഉറപ്പില്ലാത്ത വിദ്യാർത്ഥികളെ ഒന്‍പതാം ക്ലാസിൽ തോൽപ്പിക്കാൻ തുടങ്ങി. അവർ സ്കൂൾ മാറി പോയാൽ ജയിച്ച് സർട്ടിഫിക്കറ്റ് നൽകും. അൺ എയിഡഡ് സ്കൂളുകളിലെയും ചില എയിഡഡ് സ്കൂളുകളിലെയും കഥയായിരുന്നു ഇത്.

2000ത്തിലാണ് ഗ്രേഡിങ് സംബന്ധിച്ച് ഉറപ്പുള്ള തീരുമാനങ്ങൾ എടുത്തുതുടങ്ങുന്നത്. വിദ്യാഭ്യാസ രംഗത്തെ പല പരിഷ്ക്കാരങ്ങളുടെ തുടർച്ചയായി ഇ. ടി. മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് ഗ്രേഡിങ് സമ്പ്രാദായം ആരംഭിക്കുന്നതെന്നതാണ് ഓർമ്മ. നാലകത്ത് സൂപ്പി മാറി, ഇ. ടി. രണ്ടാമതും വിദ്യാഭ്യാസ മന്ത്രിയായ കാലമായിരുന്നു അത്.

Kerala SSLC Result Memories

Read Here

എസ് എസ് എൽ സി പരീക്ഷയും അതേക്കുറിച്ചുള്ള പേടിയും മാറാൻ തുടങ്ങിയത് ഗ്രേഡിങ് വന്നതിന് ശേഷമായിരുന്നു.തോൽവിയും ജയവും ഇല്ലാതായി തോൽവിപ്പേടിയിൽ ആത്മഹത്യ, ഒളിച്ചോട്ടം എന്നിവയൊക്കെ കുറഞ്ഞു. തോൽവിയുടെ പേരിൽ നേരിടേണ്ടി വരുന്ന പരിഹാസത്തിന് അർദ്ധ വിരാമമായി. പരിഹാസം ഭയന്നും നേരിട്ടും ആത്മഹത്യ ചെയ്തവരും ചെയ്യാൻ ശ്രമിച്ചവരും ഒളിച്ചോടിയവരും നിരവധിയുണ്ട്. ഭൂരിപക്ഷവും അതിനെ അതിജീവിച്ചു.

എന്നാലിപ്പോൾ ഗ്രേഡിങ് രീതിയിലും കുട്ടികൾക്ക് പുതിയൊരു പേടി വന്നിട്ടുണ്ട്. ഫുൾ എ പ്ലസ് ആവശ്യമാണന്നത്. എ പ്സസ് വാങ്ങാനുള്ള സമ്മർദ്ദമാണ് ഇപ്പോൾ കുട്ടികൾക്ക് മേലുള്ളത്. പരീക്ഷാ രീതിയും മാർക്ക് രീതിയും മാറി. എന്നാൽ രക്ഷിതാക്കളും അധ്യാപകരും സ്കൂളുകളും വിദ്യാർത്ഥികളിൽ ഏൽപ്പിക്കുന്ന സമ്മർദ്ദത്തിന് കാര്യമായി മാറ്റമൊന്നും വന്നിട്ടില്ല. പണ്ട് തങ്ങൾ അനുഭവിച്ച സമ്മർദ്ദം ഇന്ന് തങ്ങളുടെ മക്കൾക്ക് എ പ്ലസ് രൂപത്തിൽ വച്ചു കെട്ടുകയാണ് പുതുതലമുറ രക്ഷിതാക്കൾ. രണ്ട് കാലത്തും അഭിമാന പ്രശ്നം തന്നെയാണ് എസ് എസ് എൽ സി. മലയാളിയുടെ മനസും സമീപനവും മാറാതെ ഇത് മാറാനും പോകുന്നില്ല.

നിങ്ങൾക്കും എഴുതാം, ഇവിടെ ഈ പംക്തിയിൽ. നൊസ്റ്റോളജിയ, അന്നൊക്കെയായിരുന്നു, പഴയകാല ഓർമ്മകൾ എന്നിവ പങ്ക് വെക്കുന്ന ഈ ഇടത്തില്‍ നിങ്ങള്‍ക്കും എഴുതാം. എഴുത്തുകള്‍ iemalayalam@indianexpress.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. സബ്ജക്റ്റ് ലൈനില്‍ ‘ഓര്‍മ്മകള്‍-നൊസ്റ്റോളജി’ എന്ന് ചേര്‍ക്കുക.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Kerala sslc result 2021 online kerala 10th result memories pass mark percentage keralaresults nic in