scorecardresearch

ശ്ശോ... ഈ ഹരിതകര്‍മ്മസേനാംഗങ്ങളെക്കൊണ്ട് തോറ്റു!

"കഴിഞ്ഞ ഒറ്റ വര്‍ഷംകൊണ്ട് ഹരിതകര്‍മ്മസേന നീക്കം ചെയ്തത് 4836 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്! ഹരിതകർമ്മ സേനയുടെ പ്രവർത്തനം കേരളത്തെ മാലിന്യമുക്തമാക്കുന്നതിന് എത്രത്തോളം സഹായിക്കുന്നുവെന്ന് കണക്കുകളെയും അനുഭവത്തെയും അടിസ്ഥാനമാക്കി മൈന ഉമൈബാൻ എഴുതുന്നു.

"കഴിഞ്ഞ ഒറ്റ വര്‍ഷംകൊണ്ട് ഹരിതകര്‍മ്മസേന നീക്കം ചെയ്തത് 4836 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്! ഹരിതകർമ്മ സേനയുടെ പ്രവർത്തനം കേരളത്തെ മാലിന്യമുക്തമാക്കുന്നതിന് എത്രത്തോളം സഹായിക്കുന്നുവെന്ന് കണക്കുകളെയും അനുഭവത്തെയും അടിസ്ഥാനമാക്കി മൈന ഉമൈബാൻ എഴുതുന്നു.

author-image
Myna Umaiban
അപ്‌ഡേറ്റ് ചെയ്‌തു
New Update
haritha karmasena, myna umaiban, iemalayalam

കേരള സമൂഹത്തിന് ഹരിതകര്‍മ്മസേനയുടെ സംഭാവനയെന്ത് എന്നൊരു ചോദ്യം ചോദിച്ചാല്‍ "ഒരു കാര്യവുമില്ലാതെ തങ്ങളുടെ 50 രൂപ കൊണ്ടുപോയി തിന്നുന്നവര്‍" എന്നായിരിക്കും മലയാളിയുടെ പൊതുബോധം നൽകുന്ന ഉത്തരം.

Advertisment

തങ്ങളുടെ വീടുകളില്‍ അതിനുമാത്രം പ്ലാസ്റ്റിക്-ഖരമാലിന്യങ്ങള്‍ ഇല്ലെന്നും, ഹരിതകർമ്മസേന ആവശ്യപ്പെടുന്ന രീതിയില്‍ വൃത്തിയാക്കി കൊടുക്കുവാന്‍ സാധ്യമല്ലെന്നും മലയാളി പറയും. 50 രൂപ കൊടുക്കുവാന്‍ (അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന ഫീസ് ) സാധ്യമല്ലാത്ത അതിദരിദ്രരെക്കുറിച്ച് ഉപന്യാസം രചിക്കും. കുഴപ്പം മുഴുവന്‍ ഹരിതകര്‍മ്മസേനയ്ക്കാണ്. അവര്‍ വാങ്ങുന്ന യൂസര്‍ഫീയുടെ ഭാരം താങ്ങാനേ വയ്യ!

ഈ ന്യായ വാദങ്ങളെല്ലാം എവിടെ ഇരുന്നു പറയുന്നുവെന്ന് നോക്കണം-സമൂഹ മാധ്യമങ്ങളുടെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഇരുന്നു കൊണ്ടാണ് പറയുന്നത്. സമൂഹമാധ്യമം ഒരാള്‍ ഉപയോഗിക്കണമെങ്കില്‍ മിനിമം ഇന്റര്‍നെറ്റ് ഡാറ്റ ആവശ്യമാണ്. ഹരിതമകര്‍മ്മസേനയ്ക്ക് കൊടുക്കുന്ന 50 രൂപയുടെ അഞ്ച് ഇരട്ടിയോ അതിലധികമോ കുത്തക മുതലാളിമാര്‍ക്ക് കൊടുക്കേണ്ടി വരുന്നതില്‍ ഒരു ഖേദവും ഇല്ല. അടഞ്ഞുകിടക്കുന്ന വീടുകളില്‍ക്കും മിനിമം കൊടുക്കേണ്ടി വരുന്ന വൈദ്യുതി ചാര്‍ജ്ജ് പ്രശ്‌നമല്ല. അംബരചുംബികളായ വീടുകള്‍, ഫ്ലാറ്റുകള്‍, ലക്ഷങ്ങളും കോടികളും മുടക്കി നിര്‍മ്മിക്കുന്ന വീടുകളില്‍ താമസിക്കുന്നവര്‍ക്ക് 50 രൂപ ഹരിതകര്‍മ്മസേനയ്ക്ക് നല്‍കേണ്ടിവരുന്നത് വലിയ അസ്വസ്ഥതയുണ്ടാക്കുന്നു. 0.7 ശതമാനം മാത്രമാണ് കേരളത്തിലെ അതിദരിദ്രര്‍. അവരെ മുൻനിർത്തിയാണ് ന്യായം ചമയ്ക്കുന്നത്.

20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഒരു ബന്ധു വീടിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്നു. മുറ്റത്തിന് താഴെ വെറുതെ കിടന്ന പറമ്പില്‍ ആ വര്‍ഷം ഇഞ്ചി നടാന്‍ തീരുമാനിച്ചിരുന്നു. അവിടെ ഒരാള്‍ തൂമ്പാ മണ്ണിലേക്ക് ആഞ്ഞു വെട്ടുന്നുണ്ട്. ഓരോ പ്രാവശ്യവും തൂമ്പാ മടങ്ങി വരുമ്പോള്‍ അതില്‍ പ്ലാസ്റ്റിക് കൂടുകള്‍ കൂടി പൊങ്ങിവന്നു. ഈ കുറിപ്പ് വായിക്കുമ്പോള്‍ അതിവൈകാരികതയോ അതിശയോക്തിയോ തോന്നിയേക്കാം, പക്ഷേ യാഥാര്‍ത്ഥ്യമതായിരുന്നു. തൂമ്പാ ഓരോ പ്രാവശ്യം ഉയര്‍ന്ന താഴമ്പോഴും അയാള്‍ ആരെയൊക്കെയോ പ്രാകിക്കൊണ്ടിരുന്നു. വൈകുന്നേരം ആയപ്പോഴേക്കും ആ തൂമ്പാപ്പണിക്കാരന്‍ ഒരു കുന്നോളം പ്ലാസ്റ്റിക് കൂടുകള്‍ അവിടെ കൂട്ടി വെച്ചിരുന്നു. എല്ലാം മണ്ണില്‍ നിന്ന് ലഭിച്ചവ!

Advertisment

വര്‍ഷങ്ങളായി ആ വീട്ടുകാര്‍ പ്ലാസ്റ്റിക്ക് ലഭിച്ചാല്‍ അത് ഉപയോഗം കഴിഞ്ഞ് പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. അന്ന് ഞാന്‍ ഒരു ചെറുബോധവല്‍ക്കരണം നടത്തി. ഫലപ്രദമായോ എന്ന് അറിഞ്ഞുകൂടാ എന്നിരിക്കലും എന്റെ ആശ്വാസത്തിന്. അക്കാലത്ത് എവിടെ നോക്കിയാലും ഷിമ്മി കൂടുകളുടെ സംഘനൃത്തമായിരു ന്നു; വഴിയില്‍, പുഴയില്‍, റോഡരികുകളില്‍ എന്നുവേണ്ട സകലയിടത്തും.

haritha karmasena, myna umaiban, iemalayalam

അന്ന് കണ്ടിരുന്നതില്‍ നിന്ന് എത്രയോ അളവ് പ്ലാസ്റ്റിക്-ഖര മാലിന്യങ്ങള്‍ ഇന്ന് നമ്മുടെ നിരത്തുകളില്‍ ഇല്ലാതായിരിക്കുന്നു. ഹരിത കര്‍മ്മ സേനയുടെ രൂപീകരണത്തോടെയാണ് വലിയൊരളവില്‍ ഈ മാറ്റം ഉണ്ടാവാന്‍ തുടങ്ങിയത്.

കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രവര്‍ത്തനമാണ് ഹരിത കര്‍മ്മ സേനയുടെത്. അജൈവ മാലിന്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ ഒരു സമൂഹത്തിന് ലഭിച്ച സൗഭാഗ്യമാണ് ഹരിത കര്‍മ്മ സേനാംഗങ്ങള്‍.

നമ്മുടെ പരിസ്ഥിതിക്ക് വിഘാതമായേക്കാവുന്ന അജൈവമാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിക്കാന്‍ ഒരു വാര്‍ഡില്‍ രണ്ടു പേര്‍ വീതമാണുള്ളത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ എന്തു ചെയ്യുന്നു എന്ന് പ്രബുദ്ധരായ മലയാളികള്‍ അന്വേഷിക്കാറുണ്ടോ എന്നറിയില്ല.

നമ്മള്‍ മലയാളികള്‍ ഒരിക്കലെങ്കിലും മെറ്റീരിയല്‍ കളക്ഷന്‍ സെന്ററില്‍ എത്തേണ്ടതാണ്. അവിടെ കുന്നുകൂടി കിടക്കുന്ന അജൈവമാലിന്യങ്ങള്‍ കാണേണ്ടതാണ്. അതില്‍ തൊഴിലെടുക്കുന്ന സ്ത്രീകളെ കാണേണ്ടതാണ്. അവരുടെ ജീവിതം എന്താണ് എന്ന് അന്വേഷിക്കേണ്ടതാണ്. മാനവികതയുടെ മൂല്യം ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണെങ്കില്‍, പരിസ്ഥിതിയെപ്പറ്റി അൽപ്പമെങ്കിലും ചിന്തിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ കൊടുക്കുന്ന 50 രൂപയുടെ വലിപ്പം അപ്പോള്‍ മനസ്സിലാകും.

എന്‍സിഎഫ് എന്ന പേരില്‍ അറിയപ്പെടുന്ന മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകളില്‍ ഞാന്‍ പലപ്പോഴായി പോയിട്ടുണ്ട്. അവിടെ ജോലി എടുക്കുന്ന ഹരിത സേനാംഗങ്ങളോട് സംസാരിച്ചിട്ടുണ്ട്. എന്റെ ഭയം അവര്‍ക്ക് നാളെ വരാവുന്ന തൊഴില്‍ജന്യരോഗങ്ങളെ കുറിച്ചാണ്. അത്രമാത്രം അഴുക്കുകളിലാണ് അവര്‍ ജീവിക്കുന്നത്.

നമ്മള്‍ വീടുകളില്‍ നിന്ന് കൊടുക്കുന്ന പ്ലാസ്റ്റിക്കുകള്‍ കഴുകി വൃത്തിയാക്കി ഉണക്കി കൊടുക്കണമെന്നാണ് പറയുന്നതെങ്കിലും പലരും അത് ചെയ്യുന്നില്ല. പുഴുത്ത് ചീഞ്ഞുനാറിയ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് പലപ്പോഴും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി അഥവാ എം സി എഫില്‍ എത്തുന്നത്. അതാണ് അവര്‍ തരംതിരിക്കുന്നത്. 10 മിനിറ്റ് പോലും നമുക്ക് ആ ചുറ്റുപാടില്‍ നില്‍ക്കാന്‍ സാധിച്ചു എന്ന് വരില്ല.

"കുന്നുകൂടിയ ഗാര്‍ബേജുകള്‍ക്കുള്ളിലാണ് ഞങ്ങളുടെ ജീവിതം. ആര്‍ക്കും വേണ്ടാത്ത ഗാര്‍ബേജ് ആണ് ഞങ്ങള്‍…" എത്രയോ ഹരിത സേനാംഗങ്ങള്‍ അവരുടെ ദുഃഖം എന്നോട് പങ്കുവെച്ചിട്ടുണ്ട്. ഈ സ്ത്രീകള്‍ സൂക്ഷ്മസംരംഭം എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴിലെടുക്കുന്നവരാണ്. ഒരു വീട്ടില്‍ നിന്ന് നിശ്ചിത യൂസര്‍ഫീ വാങ്ങുന്ന ഇവര്‍ അത്ര നല്ല സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുമല്ല. അന്തസ്സായി തൊഴിലെടുത്തു ജീവിക്കുന്നു എന്നുമാത്രം പറയാം.

haritha karmasena, myna umaiban, iemalayalam

ഒരു ദേശീയ സെമിനാറില്‍ അവതരിപ്പിക്കുന്നതിന് വേണ്ടി ഹരിത കര്‍മ്മ സേനയെക്കുറിച്ച് മുമ്പ് തയ്യാറാക്കിയ ഒരു വീഡിയോ കണ്ട് ചില ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞത് "ഇത് ഒരു ദേശീയ സെമിനാറില്‍ കാണിക്കേണ്ട," എന്നാണ്. കേരളം ഇത്രയേറെ ഗാര്‍ബേജുകള്‍ ഉണ്ടാക്കുന്നു എന്നത് നമുക്ക് നല്ലതല്ല എന്ന്.

വീടുകളില്‍ പ്ലാസ്റ്റിക്കുകള്‍ ഇല്ല എന്ന് ന്യായീകരിക്കുന്നവര്‍ ഒരുപാടുണ്ട്. അതൊരിക്കലും ശരിയല്ലാത്ത ന്യായമാണ്. ഓരോ ദിവസവും നമ്മള്‍ കടയില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്നത് ഏറെയും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ്. പ്ലാസ്റ്റിക്കില്‍ പൊതിയാത്ത ഒരു വസ്തുവും ഇല്ല എന്ന് വേണമെങ്കില്‍ പറയാം. പ്ലാസ്റ്റിക് വീട്ടിലില്ല എന്ന് പറയുന്നവര്‍ ഒരുപക്ഷേ അവ കത്തിച്ച് പരിസ്ഥിതിക്ക് മറ്റൊരു തരത്തില്‍ ബുദ്ധിമുട്ടുന്നുണ്ടാക്കുന്നവര്‍ ആയിരിക്കാം. അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും പൊതുവിടത്തില്‍ നിക്ഷേപിക്കുന്നവര്‍ ആയിരിക്കാം. വലിച്ചെറിയുക അല്ലെങ്കില്‍ കത്തിക്കുക എന്നതല്ലാതെ വീട്ടില്‍ പ്ലാസ്റ്റിക് ഇല്ല, പ്ലാസ്റ്റിക് കുറവാണ് എന്ന് പറയുന്നവരെ വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

അജൈവമാലിന്യങ്ങള്‍ കത്തിക്കുകയും വലിച്ചെറിയുകയും ചെയ്യുന്നത് പരിസ്ഥിതിക്ക് വലിയ ദോഷം ഒന്നും ചെയ്യുന്നില്ല എന്നും കേരള പ്രകൃതിയില്‍ പരിസ്ഥിതിക പ്രശ്‌നങ്ങളൊന്നും കാര്യമായിട്ടില്ല എന്നും ഡാറ്റ സഹിതം വിശകലനം ചെയ്യുന്ന ഒരിടം കൂടിയാണ് ഇന്ന് കേരളം. തങ്ങള്‍ പരിസ്ഥിതി വിരുദ്ധര്‍ എന്ന് അന്തസ്സോടെ കൈയ്യടിക്കുന്നവര്‍.

പക്ഷേ, പൊതുവിടത്തില്‍ പ്ലാസ്റ്റിക് കത്തിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് കേരളത്തില്‍ ശിക്ഷ വിധിച്ചിട്ടുമുണ്ട്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവ്യതിയാന മന്ത്രാലയം 2016 ല്‍ പുറപ്പെടുവിച്ച ഖരമാലിന്യ പരിപാലന നിയമങ്ങളും ചട്ടങ്ങളും നിര്‍ബന്ധമായും ഓരോ പൗരനും വായിച്ചിരിക്കേണ്ടതാണ്. യൂസര്‍ഫീയെക്കുറിച്ചും അതില്‍ 4, 15 ചട്ടങ്ങളില്‍ പറയുന്നുണ്ട്. കൂടാതെ തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നുളള വിവിധ നിയമങ്ങളും ചട്ടങ്ങളും അറയേണ്ടതുണ്ട്. അതായത് കാടടച്ച് വെടിവയ്ക്കരുത് എന്ന് സാരം.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം എന്ന് എത്ര കേട്ടാലും അനുസരിക്കാത്തവരാണ് നമ്മള്‍. ബാഗില്‍ ഒരു സഞ്ചി കരുതുന്നവര്‍ ഇന്നും വിരളമാണ്. സഞ്ചി കരുതിയാല്‍ തന്നെ അതിനുള്ളിലേക്ക് വരുന്ന സാധനങ്ങള്‍ എല്ലാം മിക്കവാറും പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞവ തന്നെയായിരിക്കും. ചോക്ലേറ്റിന്റെ റാപ്പര്‍ മുതല്‍ തുടങ്ങുകയാണ് പ്ലാസ്റ്റിക്കിന്റെ അനവധിയായ ഉപയോഗം.

ഇനി ഹരിതകര്‍മ്മസേനാംഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട് വകുപ്പുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാം. മാത്രമല്ല, അവര്‍ക്ക് നിശ്ചിത ഇടവേളകളില്‍ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുളള പരിശീലനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കാവുന്നതാണ്.

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യം എം സി എഫില്‍ ഇവര്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെ നിന്നും മാലിന്യം തരംതിരിക്കുന്നു. തരംതിരിച്ച മാലിന്യത്തില്‍ പുനരുപയോഗം ചെയ്യാന്‍ കഴിയുന്നവ അതിനായു ള്ള കമ്പനികള്‍ക്ക് അതത് തദ്ദേശ സ്ഥാപനം കൈമാറുന്നു.

haritha karmasena, myna umaiban, iemalayalam

പുനരുപയോഗം സാധ്യമല്ലാത്ത മാലിന്യങ്ങള്‍ റിസോഴ്സ് റിക്കവറി ഫെസിലിറ്റി അഥവാ ആര്‍ ആര്‍ എഫിലേക്ക് ഹരിത കര്‍മ്മസേന എത്തിക്കുന്നു. ആര്‍ആര്‍എഫിലേക്കെത്തിക്കുന്ന ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ച് റോഡ് ടാറിങ്ങിനു പയോഗിക്കുന്നു. ഇതുവഴി ഈ പ്ലാസ്റ്റിക് മാലിന്യത്തിന്റെ പുനരുപയോഗവും സാധ്യമാക്കുന്നു. അങ്ങനെ പുനരുപയോഗം തീര്‍ത്തും സാധ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം ഒഴിവാക്കുന്നതിനും ഹരിത കര്‍മ്മസേന ഇടപെടുന്നു.

കഴിഞ്ഞ ഒറ്റ വര്‍ഷംകൊണ്ട് ഹരിതകര്‍മ്മസേന നീക്കം ചെയ്തത് 4836 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്! ഈ കണക്ക് നല്‍കുന്നത് കുടുംബശ്രീയാണ്.

കേരളത്തില്‍ സുസ്ഥിര മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍, ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെയും കുടുംബശ്രീയുടെയും മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

കുടുംബശ്രീ നല്‍കിയ ഫേസ് ബുക്ക് കുറിപ്പ് താഴെ നല്‍കുന്നു.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മാത്രം ഇവര്‍ നമ്മുടെ നാട്ടില്‍ നിന്ന് നീക്കം ചെയ്തത് 4836.262 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് എന്നറിയുമ്പോഴാണ് നമ്മുടെ കേരളത്തില്‍ ഇവര്‍ നടത്തുന്ന നിശബ്ദ വിപ്ലവത്തിന്റെ വ്യാപ്തി വ്യക്തമാകുന്നത്. കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 28,235 ഹരിതകര്‍മ്മസേനാംഗങ്ങള്‍ ചേര്‍ന്നാണ് ഈ നേട്ടം കൈവരിച്ചത്. പ്രകൃതിയെ മാലിന്യവിപത്തില്‍ നിന്നും രക്ഷിക്കുന്നതിനുള്ള ഈ പരിശ്രമം ഏറ്റെടുത്തിരിക്കുന്ന ഈ ഹരിതകര്‍മ്മസേനാംഗങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്നവരല്ല. പൊതുസമൂഹം കൈകാര്യം ചെയ്യാന്‍ അറയ്ക്കുന്ന മാലിന്യം പരിപാലിക്കുന്ന ഈ ഹരിതകര്‍മ്മസേനാംഗങ്ങളുടെ നിലനില്‍പ്പ് തുച്ഛമായ യൂസര്‍ ഫീസ് മാത്രമാണ്.

നമുക്കും വരുംതലമുറയ്ക്കും വേണ്ടി ഇത്രയും ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് പ്രതിഫലമായി നിശ്ചിത യൂസര്‍ ഫീസ് നല്‍കേണ്ടതില്ലെന്ന നിലയില്‍ ഇപ്പോള്‍ വ്യാപകമായ രീതിയില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹി തമാണ്. ഈ വാര്‍ത്തയ്ക്കൊപ്പം പ്രചരിപ്പിക്കുന്ന വിവരാവകാശരേഖയില്‍ ഒരിടത്തുപോലും ഹരിതകര്‍മ്മസേനയ്ക്ക് യൂസര്‍ ഫീസ് നല്‍കേണ്ടതില്ല എന്ന പരമാര്‍ശമില്ല എന്നതാണ് വാസ്തവം.

publive-image
ചിത്രങ്ങള്‍ | കുടുംബശ്രീ

ഹരിതകര്‍മ്മസേന പ്രവര്‍ത്തന മാര്‍ഗ്ഗരേഖ അംഗീകരിച്ചുകൊണ്ടുള്ള 12/08/2020ലെ സര്‍ക്കാര്‍ ഉത്തരവ് G.O (RT) No. 1496/2020/തസ്വഭവ അനുസരിച്ചാണ് ഹരിതകര്‍മ്മസേനയുടെ രൂപീകരണവും പ്രവര്‍ത്തനവും നടത്തുന്നത്. ഒരു വാര്‍ഡില്‍ രണ്ട് പേര്‍ എന്ന നിലയിലാണ് തദ്ദേശ സ്ഥാപന പരിധിയിലെ ഹരിതകര്‍മ്മസേനയില്‍ അംഗങ്ങളുണ്ടാകുക. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന യൂസര്‍ഫീസ് ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് നല്‍കാന്‍ വീടുകളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടത്തിലെ 4(3), 15(f) ചട്ടങ്ങള്‍ പ്രകാരമാണിത്.

'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന പൊതുതത്വം പാലിച്ച് സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയെന്ന കടമ നിറവേറ്റുന്നതിന് ഏറെ സഹായകമാകുന്ന ഹരിതകര്‍മ്മസേനയ്ക്ക് ഏവരും അകമഴിഞ്ഞ പിന്തുണ നല്‍കുമെന്നും അടിസ്ഥാനരഹിതമായ വിവരങ്ങള്‍ വിശ്വസിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യാതിരുന്ന് ഹരിതകര്‍മ്മസേനയുടെ ആത്മവീര്യം കെടാതെ കാക്കുമെന്നും പ്രതീക്ഷിക്കട്ടെ.

ഹരിതകര്‍മ്മസേനയെ പാരിസ്ഥികപ്രവര്‍ത്തനങ്ങളുടെ മുഖ്യധാരയില്‍ നിൽക്കുന്നവര്‍ എന്ന നിലയില്‍ ഇതുവരെ പഠിച്ചിട്ടില്ല. അവര്‍ ചെയ്യുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി അളന്ന് തിട്ടപ്പെടുത്തിയിട്ടില്ല. അവരുടെ സംഭാവനകളെ വേണ്ടവിധം വിലയിരുത്തിയിട്ടുമില്ല. പരിസ്ഥിതി സംഘടനകളും സര്‍ക്കാരും സാമൂഹികസംഘടനകളും ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളെ പഠിക്കുവാന്‍ വൈകരുത്.

ഹരിതകര്‍മ്മസേനയ്‌ക്കൊപ്പം നിൽക്കുക. അതൊരു സാമൂഹിക പ്രവര്‍ത്തനവും പാരിസ്ഥിതിക പ്രവര്‍ത്തനവുമാണ്. ഒരര്‍ത്ഥത്തില്‍ ഭൂമിയുടെ മാലാഖമാരാണ് ഓരോ ഹരിതകര്‍മ്മസേനാംഗവും. അവരെ ആദരിക്കാന്‍ വൈകരുത്.

  • കോളജ് അധ്യാപികയും എഴുത്തുകാരിയുമായ ലേഖിക കുറച്ചു കാലം കുടുംബശ്രീ പി ആർ ഒ ആയിരുന്നു
Environment Pollution Kudumbasree

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: