ഒരോ വിജയങ്ങളും സന്തോഷത്തിന്റേതാണ്. എന്നാൽ ആ വിജയം ഫുട്ബോളിലാണെങ്കിൽ നമുക്കത് ഒരാഘോഷമാണ്. അത്രത്തോളം ഈ ബോളിനെ നമ്മൾ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം അവസാന വാക്കാണ് സന്തോഷ് ട്രോഫി. ആ ട്രോഫിയിൽ 14 വർഷങ്ങൾക്കുശേഷം ആറാമത്തെ തവണ മുത്തം ചാർത്തുമ്പോൾ ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരോ മലയാളിയും കോരിത്തരിക്കുന്നു. ഇത്രത്തോളം കേരള ഫുട്ബോളിനെ ഉയർത്തിയ എല്ലാ ആത്മാക്കളും സന്തോഷക്കണ്ണീരുതിർക്കുന്നു.

നാട്ടിൻപുറത്തെ കോച്ചിങ് ക്യാമ്പുകളിലൊക്കെ പങ്കെടുത്തിരുന്ന കാലം. ഫുട്ബോൾ എന്താണെന്നും, പന്തിനെയും എതിരാളികളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നും പറഞ്ഞുതരാൻ കോച്ചുകൾ ഏറെയായിരുന്നു. ഫുട്ബോൾ പഠനത്തിന്‍റെ ഭാഗമായി ക്യാമ്പ്‌ അംഗങ്ങളോടൊപ്പം കോഴിക്കോട്ടെ സ്റ്റേഡിയത്തിൽ കണ്ട മൽസരങ്ങളും, കോരിത്തരിപ്പിച്ച ടീമുകളും, കളിക്കാരും എന്നും ഹൃദയത്തിന്‍റെ കോണിലുണ്ടായിരുന്നു.

ചാക്കോ, പാപ്പച്ചൻ, വിജയൻ, ഷറഫലി, വി.പി.സത്യൻ, തോബിയാസ്, മെഹമൂദ്, കുരികേശ് മാത്യു തുടങ്ങിയ കേരള പൊലീസിന്‍റെ താരങ്ങളെയായിരുന്നു അന്ന് കൂടുതൽ ഇഷ്ടം. അന്നത്തെ കേരള ടീം എന്ന് പറയുമ്പോൾ ഭൂരിപക്ഷവും കേരള പൊലീസ് തന്നെ.

ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് 92ൽ കേരളം രണ്ടാമതായി സന്തോഷ് ട്രോഫിയിൽ മുത്തമിടുന്നത്. വി.പി.സത്യന്‍റെ നേതൃത്വത്തിൽ. അതും 88മുതൽ 91വരെ തുടർച്ചയായി ഫൈനലിൽ തോറ്റ നിരാശക്കൊടുവിൽ. ഫുട്ബോൾ പ്രേമികളുടെ  20 വർഷത്തെ ആവേശവും പ്രതീക്ഷയും കാർമേഘം പോലെ ഉരുണ്ട് കൂടി പേമാരിയായ് പെയ്ത് മലയാളികളെ പുളകം കൊള്ളിക്കുകയായിരുന്നു.

അന്ന് ഈ മൽസരങ്ങൾ സംപ്രേക്ഷണം ചെയ്ത ദൂരദർശന് നന്ദി. ആ ചെറിയ പെട്ടിക്ക് മുന്നിൽ മുപ്പതോളം വരുന്ന ഞങ്ങൾ വിജയാഹ്ലാദ നൃത്തം ചെയ്തതുമൊക്കെ ഏങ്ങനെ മറക്കാൻ?

ഈയടുത്ത് കണ്ട സത്യന്‍റെ ജീവിതത്തെ ആസ്‌പദമാക്കിയിറങ്ങിയ ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിൽ ആ ഒരു ആവേശത്തോടെ തന്നെ ഇത് അയവിറക്കാനും സാധിച്ചു. എത്രത്തോളം ഈ വിജയം നമ്മൾ ആഗ്രഹിച്ചിരുന്നു, എത്രത്തോളം ആ വിജയം നമ്മളെ കോരിത്തരിപ്പിച്ചു എന്നതിന്‍റെ നേർക്കാഴ്ചയായിരുന്നു ആ വിജയത്തിന്‍റെ അടുത്തദിവസം സർക്കാർ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അവധി നൽകിയ സർക്കാർ തീരുമാനം.

93ലും നമ്മൾ വിജയം ആവർത്തിച്ചു. കുരികേശ് മാത്യുവിന്‍റെ നേതൃത്വത്തിൽ. പാപ്പച്ചനെയും, ഐ.എംവിജയനേയും കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത് ഇവിടെ നിന്നായിരുന്നു. 93ലെ ടൂർണമെന്റിന്‍റെ താരം ഐ.എം.വിജയൻ തന്നെയായിരുന്നു.  ഫൈനലിൽ രണ്ട് ഡിഫന്റർമാരെ കബളിപ്പിച്ച് ഇടത് വിങ്ങിലൂടെ പാപ്പച്ചൻ നേടിയ ആ വിജയ ഗോൾ മനസിൽ നിന്നും ഒരിക്കലും മായില്ല. ഒരുപക്ഷേ ഇത് വായിക്കുമ്പോഴെങ്കിലും ആ വിജയഗോൾ മനസിൽ ഓടിയെത്തും. പിന്നീട് നീണ്ട ഇടവേളക്ക് ശേഷം 2001ൽ ശിവകുമാറിന്‍റെ നേതൃത്വത്തിലും, 2004ൽ എസ്.ഇഗ്നേഷ്യസിന്‍റെ നേതൃത്വത്തിലും കിരീടം നമ്മോടൊപ്പം നിന്നു. 2004ൽ മുഴുവൻ സമയത്തിൽ 2-2 എന്ന നിലയിൽ നിന്ന് എക്സ്ട്രാ ടൈമിൽ ക്യാപ്റ്റൻ ഇഗ്നേഷ്യസിന്‍റെ തന്നെ ഗോളിൽ 3-2 നമ്മൾ പഞ്ചാബിനെ തകർക്കുകയായിരുന്നു.

92ലെ വിജയം വ്യക്തിപരമായി വളരെ സ്വാധീനിച്ചു. കൂടുതൽ ഫുട്ബോൾ കളിക്കാനും, എവിടെ ഫുട്ബോൾ മൽസരമുണ്ടായാലും പോയി കാണാനും ഒരു തലമുറയെ തന്നെ സ്വാധീനിച്ച വിജയമായിരുന്നു സത്യനും കൂട്ടരും നമുക്ക് നേടിത്തന്നത്.

ഫുട്ബോളിന് വേണ്ടി കൂടുതൽ കൂടുതൽ ക്ലബ്ബുകൾ പൊട്ടി മുളയ്ക്കുകയും, വാശിയേറിയ സെവൻസ് മൽസരങ്ങൾ ഇവിടെ അരങ്ങേറുകയുമുണ്ടായി. 97ൽ വിജയനും അഞ്ചേരിയുമെല്ലാം ഉൾപ്പെട്ട FC കൊച്ചിൻ എന്നൊരു പ്രൊഫഷണൽ ക്ലബ്ബുമുണ്ടായി. സൺഡേ സിയ, യൂജിൻ ഗ്രേ എന്നീ ഘാനൻ കളിക്കാരും ഇപ്പോഴും ഓർമ്മയിലുണ്ട്. രണ്ടായിരമാണ്ടോടെ FC കൊച്ചിനും ഇല്ലാതായി. വിജയനും അഞ്ചേരിയും JCTയിലേക്കും, സൺഡേയും യൂജിനും ചർച്ചിൽ ബ്രദേഴ്സിലേക്ക് പോയതും അത്യന്തം സങ്കടത്തോടെ നോക്കി നിൽക്കാനേ ഇവിടുത്തെ ഫുട്ബോൾ പ്രേമികൾക്ക് കഴിഞ്ഞുള്ളൂ.

ഒരു കാലത്ത് അരങ്ങ് വാണ കേരള പോലീസും, FC കൊച്ചിനും, അവർക്ക് നാം പകർന്നു കൊടുത്ത ആവേശവുമൊക്കെ എവിടെപ്പോയി? ഒരു പക്ഷേ കേബിൾ TV യുഗവും, അതിലൂടെ വീട്ടിലേക്കൊഴുകിയെത്തിയ പ്രീമിയർ ലീഗും, സ്‌പാനിഷ് ലീഗും, സച്ചിൻ-ദ്രാവിഡ്-ഗാംഗുലി ത്രയങ്ങളുമായിരിക്കാം നമ്മുടെ അഭിരുചികളെ വഴിതിരിച്ചുവിട്ടത്.

ഇപ്പോഴും, അടങ്ങാത്ത ആവേശത്തോടെ സെവൻസ് ഫുട്ബോൾ മലപ്പുറത്തും കോഴിക്കോടിന്‍റെ ചില ഭാഗങ്ങളിലും ഉണ്ട്. സെവൻസിനെ കുറിച്ചോർക്കുമ്പോൾ ലോക്കൽ ഫുട്ബോൾ മൽസരത്തിൽ പോലും രണ്ടായിരമാണ്ടോടെ വന്ന ആഫ്രിക്കൻ പ്രാതിനിധ്യത്തെ പറ്റിയും ഓർക്കുന്നു. അവർക്കിഷ്ടമില്ലെങ്കിലും ഓമനത്വത്തോടെ നമ്മളവരെ ‘സുഡാനി’ എന്ന് വിളിച്ചു.

ഇരുമ്പിന്‍റെ ശക്തിയും ചടുല വേഗതയുമുള്ള സുഡാനികൾ. നാട്ടിലെ ഒരു ടീമിലേക്ക് സുഡാനികളെ അന്വേഷിച്ച്, അവർ താമസിക്കുന്ന സ്ഥലം സന്ദർശിച്ചത് ഓർമയിൽ തങ്ങിനിൽക്കുന്നു. റൂമിലേക്ക് കയറിയപ്പോൾ തന്നെ മൂക്ക് പൊത്തേണ്ട അത്ര ദുർഗന്ധമായിരുന്നു. ടീമിന് രണ്ട് പേരെ കിട്ടേണ്ട വ്യഗ്രതയിലും, കളി കാണുന്ന രസത്തിലും, സ്വന്തം നാട്ടിലെ അവരുടെ ജീവിതാവസ്ഥയെ കുറിച്ച് അന്നോ ഇന്നോ ചിന്തിച്ചിട്ടില്ല. പക്ഷേ…

ഫുട്ബോൾ മാത്രം കൈമുതലായ അഭയാർത്ഥി ക്യാമ്പുകൾ സാമുവൽ എന്ന ‘സുഡാനി’യിലൂടെ വേദനിപ്പിച്ചു. ഉപ്പൂപ്പ ഫൈസിക്ക് കൊടുത്തുവിട്ട മൊഹബ്ബത്തിട്ട ചായപോലെ, – സക്കറിയ എന്ന പുതുമുഖ സംവിധായകൻ നമുക്ക് തന്ന ‘കുറച്ച് ഫുട്ബോളിട്ട നന്മ നിറഞ്ഞ ചായ’ കുടിച്ചപ്പോൾ വികാരാധീരനായിപ്പോയി.

കച്ചവട താൽപര്യങ്ങൾ മാറ്റിനിർത്തിയാൽ പോലും ‘ക്യാപ്റ്റനും’ ‘സുഡാനിയും’ രഹസ്യമായി നമ്മളോട് എന്തൊക്കെയോ പറയുന്നുണ്ട്. ഒരു തിരിച്ചുവരവിന് വേണ്ടി ആവശ്യപ്പെടുന്നുണ്ട്.

ഇപ്പോഴിതാ വീണ്ടും 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ രാഹുൽ രാജിന്‍റെ ക്യാപ്റ്റൻസിയിൽ വീണ്ടും നമ്മൾ കിരീടം ചൂടിയിരിക്കുന്നു, ഒരു കളിയിൽ പോലും കാലിടറാതെ. ആദ്യത്തെ രണ്ട് പെനാൽറ്റി കിക്കുകൾ തന്നെ തടുത്ത മിഥുൻ എന്ന ഗോൾകീപ്പറാണ് കളിയിലെ ഹീറോ. തിരിച്ചുവരവിന് വേണ്ടി ആഗ്രഹിക്കുന്ന ഒരു ജനതയുടെ ആവേശം മിഥുനിന്‍റെ കൈകൾക്ക് കരുത്ത് നൽകുകയായിരിക്കണം. തൊണ്ണൂറുകളിലെ അതേ ആവേശത്തോടെയാണോ ഈ കളി നമ്മൾ കണ്ടതെന്നോ, ഈ വാർത്തകൾ മാധ്യമങ്ങൾ പങ്കുവച്ചതെന്നോ അറിയില്ല. പഴയ ആവേശങ്ങൾ തിരിച്ചു വരട്ടെ. കൂടുതൽ ഫുട്‌ബോൾ ക്ലബ്ബുകളും അത് ഉയർത്തുന്ന ആവേശങ്ങളും നെഞ്ചിടിപ്പും കൊണ്ട് മലയാളക്കരയിൽ ഇനി ആരവങ്ങളുയരുമെന്ന് പ്രതീക്ഷിക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ