Kerala Piravi: കൽക്കത്ത ചുരത്തിയ എന്റെ മലയാളം

Kerala Piravi, Malayalam Day: വാക്ക് രൂപപ്പെട്ടതാവണം ഭൂമിയിലെ ആദ്യത്തെ വിസ്മയങ്ങളിലൊന്ന്. പാറ്റയെ പൂമ്പാറ്റയാക്കുന്ന, തുമ്പിയെ തുമ്പിയും തൂമ്പയുമാക്കുന്ന ജൈവികമായ കുസൃതിയും വികൃതിയും വാക്കുകൾ കൊണ്ടല്ലാതെ വേറെന്തുകൊണ്ടാണ് തീർക്കാനാവുക

kerala piravi 2019, കേരള പിറവി ആശംസകൾ, kerala, kerala piravi messages, malayalam day, കേരള പിറവി ദിനം, short note about kerala piravi in malayalam, kerala piravi greetings, കേരള പിറവി, kerala piravi messages in malayalam, november 1 kerala piravi quotes, കേരള പിറവി ലേഖനം, kerala piravi greetings malayalam, കേരളപ്പിറവി ആഘോഷം, kerala piravi wishes in malayalam, malayalam, malayalam day

Kerala Piravi: ഭാഷാസ്നേഹത്തിന്റെ സമവാക്യങ്ങൾ പരതുമ്പോൾ ഭൂതകാല സക്രീനിൽ തെളിയുന്നത് കറുപ്പും വെളുപ്പും വർണ്ണക്കൂട്ടുകള്‍  ഇടകലർന്നു കിടക്കുന്ന ഒരു കൊളാഷാണ്. ആ കൊളാഷിൽ പതിയാതെ പതിഞ്ഞും തെളിയാതെ തെളിഞ്ഞും കിടക്കുന്നത് രണ്ട് പതിറ്റാണ്ടിന്റെ ഓർമ്മകളും. ചിതറിക്കിടക്കുന്ന ആ ഓർമ്മകളെ ചേർത്തുവയ്ക്കാനുളള ശ്രമമാണിത്.

പിറന്ന നാടിന്റെ ഭാഷയാണ് മാതൃഭാഷയെങ്കിൽ മലയാളമല്ല, ബംഗാളിയാണ് എന്റെ മാതൃഭാഷ. പക്ഷെ, പല്ലമുളയ്ക്കാത്ത പ്രായത്തിൽ കേട്ടുറങ്ങിയതുമുണർന്നതും  പതുക്കെപ്പതുക്കെ പിച്ചവച്ചതും അക്ഷരമധുരം ആദ്യമായി നുണഞ്ഞതും മലയാളത്തിലായിരുന്നു. ബംഗാളി എനിക്ക് ദേവകിയാണ്, മലയാളം യശോദയും. കുട്ടിക്കാലം പടികടക്കുന്നതിനും തിരിച്ചറിവ് പടികടന്നുവരുന്നതിനും മുമ്പ് പ്രവാസം ജീവിതത്തിൽ അനിവാര്യതയായി മാറുകയാണുണ്ടായത്. ഒരുപക്ഷേ, കേരളത്തിൽ നിന്നും ഏറെയകലെ കിടക്കുന്ന കൊൽക്കത്തയിലെ പ്രവാസ ജീവിതമായിരിക്കണം മലയാളഭാഷയെ ഇത്രമേൽ സ്നേഹിക്കാൻ എന്നെ പ്രേരിപ്പിച്ചത്.

ഏതൊരാളെയും സ്വന്തം ഭാഷയുടെയും നാടിന്റെയും കടുത്ത അനുരാഗിയാക്കി മാറ്റുന്ന ഒരു മാന്ത്രികച്ചരടിന് പ്രവാസമെന്ന് വേണമെങ്കിൽ പേരിടാം. പ്രവാസ ജീവിതത്തിൽ, കേവലം ഭാഷയും സംസ്കാരവും മാത്രമല്ല, സ്വന്തം നാടുമായി ബന്ധപ്പെട്ടു കിടക്കുന്ന എന്തും ഓർമ്മയുടെ, അനുഭവത്തിന്റെ ഒരു ചെറിയ തുണ്ടു പോലും മധുരതരമാണ്. എല്ലാ ഇലകളും മധുരിക്കുന്ന, എല്ലാ ഇലകളും പൂക്കളേക്കാൾ വാസനിക്കുന്ന ഒന്നായി സ്വന്തം ഭാഷ മാറുന്നത് പ്രവാസ കാലത്താണ്.

കേരളത്തിൽ വെളിച്ചം കണ്ട് ആറോ ഏഴോ ദിവസങ്ങൾക്കു ശേഷം മാത്രം കൊൽക്കത്തയിൽ എത്തിച്ചേരുന്ന പത്രമാസികകളും അവയോടൊപ്പം അരിപ്പൊടിയുമച്ചാറുമുപ്പേരിയുമൊക്കെ നിരത്തിവച്ച ലേയ്ക്ക്‌ മാർക്കറ്റിലെയും മെട്രോ ഗലിയിലെയും  മലയാളിക്കടകൾ കാണുമ്പോൾ നാടിനെക്കുറിച്ചുളള ഗൃഹാതുര ഓർമകൾ തിടം വയ്ക്കുമായിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന സാമ്പാ മിർസ നഗറിൽ നൂറിലധികം മലയാളി കുടുംബങ്ങളാണ് എൺപതുകളിലും തൊണ്ണൂറുകളിലും പാർത്തിരുന്നത്. അവിടേയ്ക്ക് വെളിച്ചെണ്ണയും കൂർക്കയും ഏത്തപ്പഴവും വാരികകളും കാൻവാസ് സഞ്ചികളിൽ​ കുത്തിനിറച്ച് ​ആഴ്ചയിലൊരിക്കൽ ഒരു മലയാളി വരുമായിരുന്നു. കൊച്ചു ഫ്ലാറ്റിന്റെ കൊച്ചുബാൽക്കണിയിൽ നിന്ന് നോക്കുമ്പോൾ ദൂരെ നിന്ന് സൈക്കിൾ ചവിട്ടി, വിയർത്തൊലിച്ച് വന്നിരുന്ന ആ മനുഷ്യനായിരുന്നു എനിക്കെന്റെ പ്രിയ ഭാഷയുടെ പ്രതീകം.

ഒരു ലക്ഷ്യവും കണക്കുകൂട്ടലുകളുമില്ലാതെയാണ് ചെറുപ്പത്തിലേ വാക്കുകൾ കുത്തിക്കുറിക്കാൻ തുടങ്ങിയത്.  അതുകൊണ്ടു തന്നെ താണ്ടിയ സഞ്ചാരപഥങ്ങളിലേക്ക് പിന്തിരിഞ്ഞുനോക്കുമ്പോൾ, നടന്നുകയറിയ പടിക്കല്ലുകളെ എണ്ണിനോക്കുമ്പോൾ പലപ്പോഴും സ്വയം വിശ്വസിക്കാൻ പ്രയാസപ്പെടേണ്ടിവരുന്നു.  യാത്രയുടെ ഓരോ വളവിലും തിരിവിലും എന്നെ കാത്തിരുന്ന സർപ്രൈസുകൾ തികച്ചും ആകസ്‌മികവും അപ്രതീക്ഷിതവുമായിരുന്നു.  കാരണം ഗുരുമുഖങ്ങളിൽനിന്ന് മലയാളഭാഷയെ കൈനീട്ടമായി സ്വീകരിക്കാനുള്ള സൗഭാഗ്യമൊന്നും എനിക്ക് കൈവന്നിട്ടില്ല.  എഴുത്തുകാരനായിരുന്ന അച്ഛനൊഴിച്ച് ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ പ്രോത്സാഹനവുമായി ആരും കാത്തുനിന്നിരുന്നുമില്ല. സ്നേഹവാത്സല്യങ്ങൾക്ക് പിശുക്ക് കാട്ടിയിരുന്നെങ്കിലും ഒരുപക്ഷെ അക്ഷരങ്ങളും സ്വരവ്യഞ്ജനങ്ങളും അതൊരു നിധിയാണെന്ന് ഒരിക്കലും വെളിപ്പെടുത്താതെ ഒരു സഞ്ചിയിലിട്ട് എന്നെയേൽപ്പിച്ച്  ചേർത്തുനിർത്തി മൂർദ്ധാവിൽ ചുംബിച്ചിട്ടുണ്ടാവണം എന്ന് വിശ്വസിക്കാനാണ്, ആശ്വസിക്കാനാണ് എനിക്കിഷ്ടം..  അല്ലാതെ എഴുത്തിലേക്കെത്തിപ്പെടാൻ എനിക്കെന്താണർഹത എന്നുപലപ്പോഴും ഞാൻ അതിശയിച്ചിട്ടുണ്ട്.

kerala piravi , sunil njaliyath , malayalam

Kerala Piravi: ഒരു ചിത്രകാരന് നിറങ്ങളും ബ്രഷും ആയുധമാണ്. പാട്ടുകാരന് ശബ്‌ദവും സംഗീതോപകരണങ്ങളും കൂട്ടുണ്ട്. തച്ചന് ഉളിയും കർഷകന് കൈക്കോട്ടുമുണ്ട്.  എന്നാൽ ഒരെഴുത്തുകാരന് സ്വന്തമെന്ന് പറയാൻ അക്ഷരങ്ങൾ മാത്രം.  അക്ഷരങ്ങൾ കൊണ്ട് ഭാവനയുടെയും അനുഭൂതിയുടെയും ഒരു പ്രപഞ്ചം തന്നെ സൃഷ്‌ടിക്കുന്ന പ്രക്രിയയെ  എന്ത് നിറത്തിൽ ചാലിച്ചാണ് വിവരിക്കുക എന്നോർത്ത് ഞാൻ പലപ്പോഴും ഒരു സന്ദേഹിയായിട്ടുണ്ട്. സാമ്പാ മിർസയിലെ മലയാളിക്കുട്ടികൾക്ക് കുറച്ചുകാലം മലയാള ഭാഷയുടെ ബാലപാഠങ്ങൾ ഞാൻ പറഞ്ഞുകൊടുത്തിരുന്നു. ഒരു സാംസ്കാരിക സംഘടനയുടെ ‘മാതൃഭാഷാ പഠന പദ്ധതി’യുടെ ഭാഗമായിട്ടാണ് ഞായറാഴ്ചകളിൽ ക്ലാസ്സുകൾ നടന്നിരുന്നത്. ഭാഷാപഠനത്തിന്റെ വ്യവസ്ഥാപിത പതിവ് ചാലുകളിലൂടെ കുട്ടികളെ വഴി നടത്താൻ എനിക്കായില്ല. ഞാനതിന് ശ്രമിച്ചതുമില്ല, പകരം കേവലം അന്പത്തിയൊന്ന് അക്ഷരങ്ങൾ കൊണ്ട് വാക്കുകളും വരികളും കോർത്ത് ഒരു മായാപ്രപഞ്ചം സൃഷ്ടിക്കുന്ന രാസവിദ്യയെക്കുറിച്ചാണ് പലപ്പോഴും കുട്ടികൾക്ക് പറഞ്ഞുകൊടുത്തിട്ടുളളത്. അന്ന് ക്ലാസിൽ വന്നിരുന്ന ഒരു കുട്ടി പിന്നീട് വളർന്ന്, മുതിർന്ന്, വിവാഹിതയായി, അമ്മയായി കൊച്ചിയിലെ താമസക്കാരിയായി. അപ്പോഴും അവൾ കുട്ടിക്കാലത്തെ ആ ഭാഷാപഠനക്ലാസുകൾ മറന്നിട്ടുണ്ടായിരുന്നില്ല. ആ ഓർമയുടെ വീണ്ടെടുപ്പാണ് എനിക്കെന്റെ പ്രിയ ഭാഷ മലയാളം.

നാലുപതിറ്റാണ്ടിലേറെക്കാലം മുമ്പ് കൊൽക്കത്തയിലെ ഫ്രീ സ്കൂൾ​ സ്ട്രീറ്റിൽ​ (പിന്നീട്, ‘മിർസാ ഗാലിബ് സ്ട്രീറ്റ്’ എന്ന് ആ തെരുവിനെ പുനർനാമകരണം ചെയ്തു) അഛന്‍ ‘രശ്മി പ്രസ്’ എന്നൊരു അച്ചടിശാല നടത്തിയിരുന്നു. വർഷങ്ങളോളം റഹ്മാൻ എന്നൊരു മലയാളിയായിരുന്നു ആ ലെറ്റർപ്രസ്സിലെ കമ്പോസിറ്റർ. കൊൽക്കത്തയിലെയും അയൽ സംസ്ഥാനങ്ങളിലെയും മലയാളി സംഘടനകളുടെ സോവനീറുകളും മറ്റും അച്ചടിച്ചിരുന്നത് ‘രശ്മി’യിലായിരുന്നു. ബൾബിന്റെ ഇളംമഞ്ഞ വെളിച്ചത്തിൽ ഉയരമുളള മരക്കസേരയിലിരുന്ന് ചരിച്ചുവച്ച മരത്തിന്റെ ചതുരക്കളങ്ങളിൽ നിന്ന് മലയാളി ലിപികളുടെ ഈയ്യക്കട്ടകൾ ഒന്നൊന്നായി പെറുക്കിയടുക്കി വച്ച് ഒടുവിൽ അവയിൽ നിന്ന് പ്രൂഫ് എടുത്ത് മഷിയുണങ്ങാൻ അയയിൽ റഹ്മാൻ തൂക്കിയിടുന്നത് ബാല്യകാല കൗതുകത്തോടെ ഞാൻ നോക്കി നിൽക്കുമായിരുന്നു. ചെറുതും വലുതുമായ ആ​ അക്ഷരക്കുപ്പായക്കാഴ്ചയും റഹ്മാനുമായിരിക്കണം എന്നിൽ എന്റെ പ്രിയ ഭാഷയുടെ ഞാറു നട്ടത്.

വാക്ക് രൂപപ്പെട്ടതാവണം ഭൂമിയിലെ ആദ്യത്തെ വിസ്മയങ്ങളിലൊന്ന്. പാറ്റയെ പൂമ്പാറ്റയാക്കുന്ന, തുമ്പിയെ ”തുമ്പയും” തൂമ്പയുമാക്കുന്ന ജൈവികമായ കുസൃതിയും വികൃതിയും വാക്കുകൾ കൊണ്ടല്ലാതെ വേറെന്തുകൊണ്ടാണ് തീർക്കാനാവുക. കാരണം ഓരോ വാക്കും എത്ര ആഴത്തിലാണ് നമ്മെ തൊടുന്നത്, മാറ്റിമറിക്കുന്നത്.

എത്ര പരിമിതമാണ് എന്റെ പദസമ്പത്ത് എന്ന ചിന്തയാണ് എഴുതാനിരിക്കുമ്പോൾ എന്നെ സദാ ചുറ്റിപ്പറ്റി നിൽക്കുന്ന വേവലാതികളിലൊന്ന്. ടാഗോറിന്റെ ‘ചോഖേർ ബാലി’യുടെ വിവർത്തനവേളയിൽ പലപ്പോഴും ചില വാക്കുകൾക്കുവേണ്ടി വെന്തിരുന്നിട്ടുണ്ട്. പക്ഷെ, പലപ്പോഴും എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കന്നിമഴയിൽ മണ്ണടരുകളിൽനിന്ന് ഈയ്യാംപാറ്റകളെന്നപോലെ വാക്കുകൾ അറിയാതെ പൊന്തിപ്പറക്കും. ഇന്നോളം എന്നെ മതിപ്പിക്കുകയും മഥിപ്പിക്കുകയും ചെയ്‌ത ഒന്ന് വാക്കെന്ന വിസ്മയമാണ്. അത് മാത്രമാണ്.

Read Here: Kerala Piravi: എന്റെ മൊഴി വഴി

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Kerala piravi malayalam in kolkatta sunil naliyath

Next Story
Kerala Piravi: വീർപ്പയുണ്ടോ? ഫോൺ തരുപ്പിലാണോ?kerala piravi , maina umaiban, malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com