Kerala Piravi: കുട്ടിക്കാലത്ത് മറ്റു ഭാഷാഭേദങ്ങൾ കേൾക്കുമ്പോൾ ഞങ്ങൾ സംസാരിക്കുന്ന ശൈലിയാണ് നല്ലത് എന്നും മറ്റുള്ളവ മോശമാണെന്നും വിചാരമുണ്ടായിരുന്നു. എല്ലാ ശൈലിക്കും അവരവരുടേതായ സ്വത്വവും മനോഹാരിതയുമുണ്ടെന്ന് ആരും പറഞ്ഞു തന്നിരുന്നില്ല. മാത്രമല്ല മറ്റു ശൈലി കേൾക്കുമ്പോൾ വീട്ടിലുള്ളവരും അയൽ വീട്ടിലുള്ളവരുമൊക്കെ വികലമായി അനുകരിച്ച് പരിഹസിച്ചു.
പ്രത്യേകിച്ച് മലബാർ പ്രയോഗങ്ങൾ ഞങ്ങളിൽ ചിരിയുണർത്തി. പ്രധാനമായും ചലച്ചിത്രങ്ങളാണ് അതിനു സഹായിച്ചത്. മാമുക്കോയയും കുതിരവട്ടം പപ്പുവുമൊക്കെ പറയുന്നത് ഫലിതമാണെന്ന് തോന്നിപ്പിക്കാൻ അവരുടെ സംസാരം തന്നെ ധാരാളമായിരുന്നു.
ഞങ്ങളുടെ ശൈലിയാണ് നല്ലതെന്ന തോന്നലിൽ നിന്നാണ് മറ്റൊരു ശൈലി മോശമാവുന്നത്.
ഭാഷഭേദം പലർക്കും ഫലിതമാണ്. ഒരു കൈത്തോടിനപ്പുറം പോലും ഭാഷാശൈലി മാറുന്നു. അപ്പുറത്തുള്ളവർ സംസാരിക്കുന്നത് ഇപ്പുറത്തുകാർക്ക് പരിഹാസവും കൗതുകവുമൊക്കെയാവുന്നു. ഓരോരുത്തരും സംസാരിക്കുന്ന ശൈലി അവരവർക്ക് മികച്ചതാണ്. അങ്ങനെയാവുകയും വേണം.
Read More: എന്‍റെ കൊത്തങ്കല്ലുകള്‍
പക്ഷേ കേൾക്കുന്നവർ പലവിധ വികാരത്തിലാണെടുക്കുന്നത് . ഭാഷയെപ്പറ്റി, ഭാഷ ഭേദത്തെപ്പറ്റി നമ്മുടെ അജ്ഞത കൊണ്ടാണത്.
ഞങ്ങളുടെ അത്ത (അച്ഛൻ )ഏറ്റുമാനൂര് ജനിച്ചു വളർന്നയാളും അമ്മച്ചി പെരുമ്പാവൂർ അടുത്ത് ജനിച്ചവളുമായിരുന്നു. അവർ രണ്ടുപേരും കൗമാരകാലത്ത് കുടുംബത്തോടൊപ്പം ഇടുക്കി ജില്ലയിലേക്ക് കൂടിയേറിയവരായിരുന്നു. അന്ന് ജില്ല രൂപീകരിച്ചിട്ടില്ല. കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു. അവരുടെ രണ്ടു പേരുടേയും സംസാരത്തിൽ അത്ര വലിയ വ്യത്യാസമില്ലായിരുന്നു. എന്നാൽ അത്തയുടെ അമ്മച്ചി തിരുവനന്തപുരം കാരിയായിരുന്നു. ചെറുപ്പത്തിൽ വിവാഹം കഴിഞ്ഞ് ശിഷ്ടകാലം കഴിച്ചുകൂട്ടിയത് കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായിരുന്നു. അവസാനം ഇടുക്കിയിലും. അത്തത്ത പോലീസിൽ ആയിരുന്നതുകൊണ്ട് സ്ഥലം മാറ്റത്തിനനുസരിച്ച് വീടും മാറുകയായിരുന്നു. എന്നിട്ടും അമ്മച്ചി ചെറുപ്പത്തിൽ ശീലിച്ച ചിലവാക്കുകൾ ഉപയോഗിച്ചു കൊണ്ടിരുന്നു. ‘കുഞ്ഞുങ്ങളെ കഞ്ഞികള് കുടിക്ക്,’ ‘കാപ്പികൾ കൂടിക്ക്’, ചോറുകൾ’ എന്നിങ്ങനെ ചില വാക്കുകൾ പറഞ്ഞിരുന്നു. പലപ്പോഴും അത് ഞങ്ങളെ ചിരിപ്പിച്ചു.
എന്നാൽ മലബാറുമായി ഞങ്ങൾക്ക് ബന്ധമൊന്നുമില്ലായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച അയൽവീട്ടിലെ സ്ത്രീയെ ഒരു പട്ടാമ്പിക്കാരൻ വന്ന് രണ്ടാം വിവാഹം ചെയ്തു . അദ്ദേഹമവിടെ താമസവും തുടങ്ങി. വർത്തമാനത്തിൽ അദ്ദേഹം ഓൻ, ഓൾ, ഓര് എന്നൊക്കെ പറഞ്ഞത് ഒരു പേരു വീഴാൻ കാരണമായി. ‘ഓൻ കാക്ക’ എന്നായിരുന്നു പിൽക്കാലത്ത് വിളിച്ചിരുന്നത്. ഓൻ, ഓൾ തുടങ്ങിയ വിളികൾ, വഴങ്ങാത്ത ഴ, ശ, സ, ഷ തുടങ്ങിയ അക്ഷരങ്ങൾ ഒക്കെ മലബാർ മുസ്ലീങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത് എന്നൊരു തെറ്റിദ്ധാരണ കൂടിയുണ്ടായിരുന്നു.
Kerala Piravi: ‘വായയിച്ച മയപെയ്തിറ്റ് വയിയെല്ലാം കൊയ കൊയ’ എന്നു പരിഹസിക്കുന്നത് കേട്ടു. മലപ്പുറത്തേക്ക് വിവാഹം കഴിച്ചയച്ച അനിയത്തി ഭാഷയെ സംബന്ധിച്ച് ഒരു കഥ പറഞ്ഞു. ഒരു മധ്യതിരുവിതാംകൂർകാരൻ ഒരു മലപ്പുറംകാരനുമായി വഴക്കിടുകയായിരുന്നു. അങ്ങനെത്തവനെ, ഇങ്ങനത്തവനെ, നീ അങ്ങനെ അല്ലേടാ, ഇങ്ങനെയല്ലേടാ എന്നൊക്കെ പോയി വിശേഷണങ്ങൾ. കേട്ടുനിന്ന മലപ്പുറം കാരൻ മറുപടി പറഞ്ഞത് ‘ച്ച് ജ്ജും’ എന്നായിരുന്നുവത്രേ! (എനിക്ക് നീയും)
Read More: അരപ്രൈസ് പെറ്റ മലയാളം
എനിക്ക് ഭാഷയുമായി മല്ലിടേണ്ടി വന്നത് ആദ്യം വയനാടുമായും പിന്നെ കോഴിക്കോടും മലപ്പുറവുമായിട്ടായിരുന്നു. വയനാട്ടിൽ മറ്റു പതിമൂന്നു ജില്ലകളിൽ നിന്നുള്ള കുടിയേറ്റമുണ്ട്. തൊട്ടയൽക്കാർ വിവിധ ജില്ലക്കാരാണ്. ഒരോ വീട്ടിലും ശൈലി വ്യത്യസ്തം. സുനിലിന്റെ വീട്ടുകാർ മലപ്പുറത്തു നിന്നു വന്നവരാണ്.
വിവാഹം കഴിഞ്ഞ സമയത്ത് സുനിലിന്റെ ഉമ്മ “നമുക്കിന്ന് കര്‍മുസ ഉപ്പേരി വെക്കാം” എന്നു പറഞ്ഞപ്പോള്‍ ഇതേ വരെ കാണാത്ത എന്തോ ആണെന്ന് കരുതി. കണ്ടപ്പോള്‍ ചിരിച്ചുപോയി.
കപ്ലങ്ങ, കര്‍മൂസയാണ് (ഓമയ്‌ക്ക, പപ്പായ) ഉപ്പേരി ഞങ്ങള്ക്ക് തോരനാണ്.
“ഓക്ക് കൊരയാണ്” എന്ന് അയല്‍വീട്ടിലെ ജാന്വേടത്തിയോട് പറയുന്നതു കേട്ടപ്പോള്‍ ആ സമയത്ത് എന്നെ അപമാനിക്കുന്നതായാണ് തോന്നിയത്. ചുമയ്‌ക്കാണ് ഇവര്‍ കുര എന്നു പറയുന്നത്. (ഞങ്ങളത് കളിയാക്കിയാണ് പറയാറ്) പട്ടി മാത്രമാണ് ഞങ്ങള്‍ക്ക് കുരയ്‌ക്കാറ്. പട്ടിയെയും വെറുതേ വിടാനാവില്ല. ഏതു പട്ടിയും ഞങ്ങള്‍ക്കു പട്ടിയും ഇവിടെ നായയും പട്ടിയുമാണ്. നായ ആണും പട്ടി പെണ്ണും. കൊടിച്ചി പട്ടിയും പെണ്‍ പട്ടിയും ഇവിടെ ഔട്ട്.
ജേണലിസത്തിന് കോഴിക്കോടു പഠിക്കുമ്പോൾ സഹപാഠികളായ ബഷീറും രമ്യയും സൗഹൃദത്തിൽ സംസാരം തുടങ്ങുകയും അടിയിൽ അവസാനിക്കുകയും ചെയ്യും. ബഷീർ മലപ്പുറംകാരനും രമ്യ കണ്ണൂർ കാരിയുമാണ്. രമ്യക്ക് അനക്ക് എനിക്കും ബഷീറിന് നിനക്കുമാണ്. അവരുടെ സംസാരത്തിൽ അനക്ക് വിപരീതാർത്ഥങ്ങളാകുന്നു.
എന്റെ സംസാരത്തിൽ ഭയ്ക്ക് ഫയായിരുന്നു പ്രശ്നം . കോഴിക്കോട് ബാങ്കിൽ ജോലി ചെയ്യുമ്പോൾ എല്ലാ വർക്കും ബേങ്കായിരുന്നു. എനിക്ക് മാനേജർ ആയിരുന്നത് അവർക്ക് മേനേജർ ആണ് . മാനേജർ എന്നു ഞാൻ പറയുമ്പോൾ മാനാഞ്ചിറയെപ്പറ്റിയാണോ എന്നു ചോദിച്ചു സഹപ്രവർത്തകർ. സഹപ്രവർത്തകയായ കാർത്തിയേച്ചി ചിലപ്പോൾ അനുകരിച്ച് ചോദിക്കും. ‘ നാട്ടിലോട്ട് പോകാറുണ്ടോ? എന്നതാ വിശേഷം? എന്നൊക്കെ.
സുനിലും ഞാനും പരമാവധി മാനകഭാഷ ഉപയോഗിക്കാൻ ശ്രമിച്ചു. പക്ഷേ, ഒരു മകൾ ജനിച്ച് അവൾ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രശ്നം. വഴിയരുകില്‍ വിൽക്കാനിട്ടിരുന്ന പഴയ പുസത്‌കങ്ങള്‍ക്കിടയില്‍ നിന്നാണ് ഒരു ഹിന്ദി ബാലപാഠം വാങ്ങിയത്. രണ്ടു വയസ്സുകാരി മകള്‍ക്ക് ഹിന്ദി പഠിപ്പിച്ചുകളയാം എന്നൊന്നും കരുതിയിട്ടല്ല. അതിലെ ബഹു വര്‍ണ്ണ ചിത്രങ്ങള്‍ കാണിച്ചുകൊടുക്കുക എന്നേ വിചാരിച്ചുള്ളു. ഹിന്ദിയായതുകൊണ്ട് ചിത്രങ്ങളുടെ പേര് ഞങ്ങള്‍ മലയാളീകരിച്ചു പറഞ്ഞുകൊടുത്തു.
ഒരു ദിവസം തണ്ണിമത്തന്റെ ചിത്രം ചൂണ്ടി അവള്‍ ചോദിച്ചു. “ഇതെന്താ?”
ഞാന്‍ പറഞ്ഞു .
തണ്ണിമത്തന്‍
അവള്‍ മനസ്സിലാവത്തതുപോലെ മിഴിച്ചുനോക്കി….
“തണ്ണിമത്തന്‍” എന്ന് ഞാന്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
വീണ്ടും താളുകള്‍ മറിച്ചു. വീണ്ടും അതേ ചിത്രം. ചെറുതാണെന്നു മാത്രം. അവള്‍ പറയുമോ എന്നറിയട്ടേ എന്നു കരുതി “ഇതെന്താ?” എന്നു ചോദിച്ചു.
ഒട്ടും സംശയമില്ലാതെ അവള്‍ പറഞ്ഞു.
“വത്തക്ക”
ചിരിയും ചിന്തയും ഒപ്പുമുണ്ടായി എനിക്ക്.
വയനാട്ടുകാരനായ സുനിലും ഇടുക്കികാരിയായ എന്റെയും സംസാരഭാഷയിലെ വ്യത്യാസമാണ് ഇവിടെ കണ്ടത്. അവള്‍ക്ക് ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്നത് മിക്കപ്പോഴും സുനിലാണ് .
വത്തക്ക എന്നു പറഞ്ഞപ്പോള്‍ വേറൊരു ചിത്രം മാതള നാരങ്ങ
അവള്‍ക്കത് ഉറുമാമ്പഴം എന്ന പേരിലാണ് പരിചയം.
Kerala Piravi: താളുകള്‍ മറിച്ചു. ഞാന്‍ തൂമ്പ എന്നു പറയുന്ന സാധനം കൈക്കോട്ടായി.(മണ്‍വെട്ടി, കൂന്താലി എന്നൊക്കെ പ്രാദേശിക പേരുകളുമുണ്ട്)
കലം, കുടം എന്നൊക്കെ പറയുന്നുവയുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്കാകെ സംശയം. കലവും കുടവുമൊക്കെ മാനകഭാഷ തന്നെയാണ്. പക്ഷേ സുനിലിന്റെ വീട്ടില്‍ അതിനൊക്കെ വേറെ പേരാണ് പറയുന്നത്.
കലം= ചെമ്പ്( എനിക്ക് ചെമ്പ് എന്നാല്‍ ലോഹമാണ്. ചെമ്പുകലം അറിയാം)
കുടം =പാനി( സ്‌കൂളില്‍ ഹിന്ദി പഠിച്ചപ്പോള്‍ വെള്ളത്തിനു കേട്ട പേരാണ് പാനി)
കറി വെയ്‌ക്കുന്ന മണ്‍ചട്ടി ചട്ടി കുടുക്കിയും കുടുക്കയുമാണ്. കപ്പ എനിക്കും സുനിലിന് പൂളയുമാണ്. പാവയ്‌ക്ക ഇവിടെ കയ്‌പക്കയാണ്. കത്തി മൂര്‍ച്ചകൂട്ടാന്‍ ഞങ്ങള്‍ രാകുമ്പോള്‍ ഇവര്‍ അണക്കും. തുണി അലക്കുമ്പോള്‍ ഇവര്‍ തിരുമ്പും. കഴുകിയ തുണി ഉണങ്ങാനിടുമ്പോള്‍ ഇവര്‍ ആറാനിടും. ഇവർക്ക് പൈയ്ക്കുമ്പോൾ ഞങ്ങൾക്ക് വിശക്കും. ഞങ്ങൾക്ക് തയ്യൽക്കാരിയേയുള്ളു. തുന്നൽക്കാരിയില്ല. ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ ഇവർ ബെയ്ക്കും. ഓടുന്നത് പായലും മണ്ടലുമാണ്. കൂര്‍ക്ക കൂര്‍ക്കലാണ്. ഉടുപ്പ് കുപ്പായമാണ് ഇവിടെ ഓറഞ്ച് നാരങ്ങയാണ്, താഴ് പൂട്ടാണ്, വീട് പുരയാണ് , മൊന്ത മുരുടയാണ്, തൊഴുത്ത് ആലയാണ്,വഴക്ക് കച്ചറയാണ്, നുണ എനിക്ക് കള്ളം പറയലാണ് സുനിലിന് കൊതിയും ഇങ്ങനെ മലയാളമാണ് ഭാഷയെങ്കിലും മൊത്തത്തില്‍ രണ്ടുപേരുടേയും സംസാരം വെവ്വേറെ…
മത്സ്യങ്ങളുടെ പേരാണ് ഒരു തരത്തിലും പിടി തരാതെ പോകുന്നത്. സ്രാവും മുള്ളനും അയലയും മാത്രമാണ് അവിടെയും ഇവിടെയും ഒന്നുതന്നെ പറയുന്നത്.
ചാള =മത്തി
കൊഴുവ =നത്തല്‍
നങ്ക്= മാന്തള്‍
ചൂര =സൂത
കൂരി =ഏട്ട
കിളിമീന്‍ =പുതിയാപ്ലകോര
കൊഞ്ച്= ചെമ്മീന്‍ ഇങ്ങനെ പോകുന്നു
Kerala Piravi: എല്ലാം സഹിച്ചു. പക്ഷേ, ‘ന്റെ’ ഉപയോഗമാണ് തീരെ സഹിക്കാന്‍ വയ്യാത്തത്. കോഴിയുടെ, കിളിയുടെ, കാളയുടെ, പക്ഷിയുടെ, മേരിയുടെ, റോസയുടെ, മിനിയുടെ, ഇങ്ങനെ യുടെ എല്ലാം ‘ന്റെ’യില്‍ ഒതുങ്ങുന്നു. കോഴീന്റെ, കിളീന്റെ, മേരീന്റെ..എന്നിങ്ങനെ
തെക്കുനിന്നുള്ള എന്റെ ശൈലി നന്നെന്നും വടക്കുന്നുള്ള ഭര്‍ത്താവിന്റെ ശൈലി ചീത്തയെന്നുമല്ല. പ്രാദേശീകമായി ഓരോന്നും കേട്ടിരിക്കാന്‍ എന്തു രസമാണ്. പക്ഷേ, രണ്ടു വയസ്സുകാരിയോട് രണ്ടുപേരും പറയുമ്പോഴുണ്ടാവുന്ന പ്രശ്‌നമാണ് ഇവിടെ പറഞ്ഞു വന്നത്.
സുനി മോളോട് “പാത്തിയോ?” എന്നു ചോദിക്കുമ്പോള്‍ “മൂത്രമൊഴിച്ചോ?” എന്നു തിരിച്ചും. എന്തായാലും അവള്‍ ചിലപ്പോള്‍ പാത്തണമെന്നും ചിലപ്പോള്‍ മൂത്രമൊഴിക്കണമെന്നും പറഞ്ഞു. എന്തു ചെയ്യാം അവളുടെ അച്ഛനുമമ്മയും ഒരേ നാട്ടുകാരാവാതെ പോയല്ലോ!
മൂർഖനേയും തെക്കനേയും ഒരുമിച്ചു കണ്ടാൽ ആദ്യം തെക്കനെ കൊല്ലണമെന്ന് കേട്ടു.
അടുത്തിടെ വാട്സ് ആപ്പിൽ നിന്നു കിട്ടിയ ഫലിതം ഏകദേശം ഇങ്ങനെയായിരുന്നു.
അധ്യാപിക ബഷീറിനോട് ഫീസടയ്ക്കാത്തത് എന്തെന്നു ചോദിച്ചു
മാങ്ങ വിറ്റിട്ട് അടയ്ക്കാ എന്നു മറുപടി.
കുറച്ചു ദിവസം കഴിഞ്ഞ് പുസ്തകം വാങ്ങാത്തത് എന്തെന്നു ചോദിച്ചപ്പോൾ
അടയ്ക്ക വിറ്റിട്ട് മാങ്ങാ എന്നും പറഞ്ഞത്രേ!
ഇങ്ങനെ വൈവിധ്യങ്ങൾ നിരവധിയുണ്ടെങ്കിലും എങ്കിലും ഭാഷ എന്ന നിലയിൽ മലയാളം ഒരുപാട് വാക്കുകളും പ്രയോഗങ്ങളും അന്യഭാഷകളിൽ നിന്ന് നിരന്തരം കടമെടുത്തു കൊണ്ടിരിക്കുന്നു.
ഗ്രാമീണരായ കുട്ടികളും നിരക്ഷരരായ സ്ത്രീകളമൊക്കെയാണ് മലയാളത്തിൽ തനി നാടൻ പദങ്ങൾ ഉപയോഗിക്കുന്നതും പുതിയവ കണ്ടു പിടിക്കുന്നതും. അതുകൊണ്ടാണ് ബലൂണിന് വീർപ്പയെന്ന പറയുന്നത് . പെയർ എന്നും ജോഡിയെന്നും പറയുമ്പോൾ തുണ എവിടെ എന്നു ചോദിക്കുന്നത്. ഫോൺ വൈബ്രേഷന് തരുപ്പിലിടാൻ പറയുന്നത്. മുടിയിൽ കെട്ടുന്ന ഇലാസ്റ്റിക്കിന് മുടിക്കുടുക്ക് എന്നു പറയുന്നത്. ഭാഷാശാസ്ത്രഞ്ജരോ പ്രൊഫസർമാരോ അല്ല ഭാഷയെ വികസിപ്പിക്കുന്നത്. അറിവില്ലാത്തവർ എന്നു നാം പറയുന്ന തനി നാട്ടുകാരാണ് !