Kerala Piravi: ‘ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ…’ എന്നായിരുന്നു ഞങ്ങളുടെ പഴമക്കാരുടെ പ്രാര്‍ത്ഥന.
ആകാശങ്ങളിലേപ്പോലെ ഭൂമിയിലും നിറയണേയെന്ന ഈ പ്രാര്‍ത്ഥന കേട്ട് ചെത്താന്‍ തെങ്ങില്‍ കയറിയ ആള്‍ വിളിച്ചു പറഞ്ഞു…, “എന്‍റെ കഞ്ഞികുടി മുട്ടിക്കല്ലേ ചേടത്തി”
ആകാശങ്ങളിലിരിക്കുന്ന ബാവായ്ക്കു പകരം സ്വര്‍ഗ്ഗസ്ഥനായ പിതാവേയെന്ന കടുപ്പമുള്ള വാക്കുണ്ടായതിന്‍റെ പൊരുള്‍ ഇതാണെന്ന് പൂര്‍വ്വീകരുടെ പഴമൊഴി… കേട്ടു കേള്‍വിയില്‍ രസം പിടിക്കുമ്പോഴും നഷ്ടപ്പെടുന്ന ചില നാടന്‍ പദ പ്രയോഗങ്ങളെക്കുറിച്ചു ഗൗരവമായി ചിന്തിക്കാറുണ്ട്. എന്‍റെ അമ്മാമ്മയ്ക്കിങ്ങനെ പൊന്നണിഞ്ഞ ഒരു പാട് പദങ്ങള്‍ കൈവശം ഉണ്ടായിരുന്നു.
‘ഷോഡതി’ എന്നൊരു വാക്ക് കേട്ടാല്‍ എത്ര ആളുകള്‍ക്ക് അത് മനസ്സിലാകും. ലോട്ടറിക്ക് അമ്മാമ്മ ഉപയോഗിച്ചിരുന്ന പദമാണത്.
പിറവിത്തിരുനാളായ ക്രിസ്തുമസ്സിന്‍റെ പഴയപേരാണ് ‘നത്താള്‍’. ഈസ്റ്ററിനെ വിളിക്കുന്നത് ‘കരേറ്റത്തിരുനാളെ’ന്ന്. ഞങ്ങളുടെ തീരദേശ അമ്മാമ്മമാര്‍ ഇത്തരം പദങ്ങളുടെ ലെക്‌സിക്കണ്‍ ആയിരുന്നെന്ന് നൈതല്‍ ദേശത്തെ മുതിര്‍ന്ന എഴുത്തുകാരനായ കെ എ സെബാസ്റ്റ്യന്‍ പറയാറുണ്ട്. അതേറെ വാസ്തവുമാണ്.
അമ്മാമ്മ മരിച്ചതില്‍ പിന്നെ വീട്ടില്‍ ആരും തന്നെ ഇത്തരം വാക്കുകള്‍ ഉപയോഗിക്കാറില്ല. പ്രാര്‍ത്ഥനാ പുസ്തകങ്ങളുടെ പരിഷ്‌ക്കാരം എന്ന പേരില്‍ നത്താളും, കരേറ്റത്തിരുനാളുമൊക്കെ സഭാ പുസ്തകങ്ങളില്‍ നിന്ന് അപ്രത്യക്ഷമായി… റൂഹാ എന്ന പദത്തിനു പകരം പരിശുദ്ധാത്മാവ്, ബേസ് പ്രക്കാനയ്ക്കു പകരം ശുദ്ധീകരണസ്ഥലം, അങ്ങനെ നഷ്ടപ്പെടുന്ന പഴയ പദങ്ങളുടെ പെരുക്കം കൂടിക്കൊണ്ടിരിക്കുന്നു.
“ബാവായ്ക്കും പുത്രനും പരിശുദ്ധറൂഹായ്ക്കും” എന്ന വാക്കുകള്‍ വയലാറിന്‍റെ വരികളില്‍ ഉള്ളതുകൊണ്ടുമാത്രം അത് എക്കാലവും പച്ച പിടിച്ചു നില്‍ക്കുമെന്ന് ആശ്വസിക്കാം. മറിയം പെറ്റു എന്നതു പോലെയുള്ള നാടന്‍ പദങ്ങളിലെഴുതിയ ജോസഫ് പുലിക്കുന്നേലിന്‍റെ ഓശാനയാണ് മലയാള ബൈബിളുകളില്‍ വായിക്കാനിമ്പമുള്ളത്.
Read More: എന്‍റെ കൊത്തങ്കല്ലുകള്‍
‘അശരണരുടെ സുവിശേഷം’ എന്ന നോവലില്‍ ഇതുപോലെ ധാരാളം പഴമ നിറഞ്ഞ വാക്കുകള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ താമസിക്കുന്നത് കടലോര ഗ്രാമങ്ങളുടെ അടുത്താണ്. കടലില്‍ രാത്രി സഞ്ചരിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. അത്ര വലിപ്പമില്ലാത്ത വഞ്ചിയില്‍ രാത്രിയിലെ കടലിന്‍റെ കന്യകാ രൂപം ഉള്‍ക്കുളിര്‍ നല്‍കുന്ന കാഴ്ച്ചയാണ്. നോവലില്‍ പറയുന്ന കടലിന്‍റെ ഒട്ടുമിക്ക ഭാവങ്ങളും നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്.
കടലില്‍ രാത്രി സഞ്ചരിക്കുന്നവര്‍ക്ക് കാണാന്‍ സാധിക്കുന്ന ഒരു അത്ഭുത കാഴ്ച്ചയാണ് മീനുകള്‍ കൂട്ടം കൂടി വരുമ്പോഴുണ്ടാകുന്ന വെളിച്ചത്തിന്‍റെ ഒഴുക്ക്. ‘മീന്‍പുലപ്പ്’ എന്നാണ് ഇതിനെ വിളിക്കുന്നത്. ഈയൊരു വാക്ക് മലയാള ഭാഷയ്ക്ക് സുപരിചിതമല്ല.
കടലോര ജനതയുമായി ഇഴുകിച്ചേര്‍ന്നു കിടക്കുന്ന ഇത്തരം പദങ്ങള്‍ തീര മണ്ണില്‍നിന്ന് ധാരാളം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. മലയാള ഭാഷ തൊടാന്‍ മടിച്ചുനിന്ന ഒരു വലിയ ഭാഷാ ശേഖരത്തില്‍ നിന്ന് ഒരു കൈക്കുടന്ന മാത്രമാണ് നോവലിനായി കോരിയെടുത്തിട്ടുള്ളത്. പകര്‍ന്നെടുത്തതിലും എത്രയോ അധികം ചൊരിമണ്ണിലിപ്പോഴും കീഴടക്കാത്ത അക്ഷയഖനിയായി കിടക്കുന്നു.
കടലോര ഭാഷയെന്നു കേള്‍ക്കുമ്പോള്‍ പലപ്പോഴും ഭാഷയിലെ ഏങ്കോണിപ്പുകളും നീട്ടലുകളും ചേര്‍ന്ന് പറച്ചിലില്‍ വരുന്ന സവിശേഷതയായി അതിനെ തെറ്റിദ്ധരിച്ചിട്ടുണ്ട്. ചെമ്മീന്‍, അമരം തുടങ്ങി ഇതുവരെ വന്നിട്ടുള്ള കടലോര സിനിമകളിലും മറ്റു സാഹിത്യരൂപങ്ങളിലും കടലോര ജനതയുടെ ഭാഷ എന്നപേരില്‍ ചേര്‍ക്കപ്പെട്ട ഏങ്കോണിപ്പുകളും നീട്ടലും വികലമായ സൃഷ്ടിയാണ്. കടലോര ഭാഷയുടെ കൊടിയടയാളം ഇത്തരം സംഭാഷണങ്ങളില്‍ എന്നതിനേക്കാള്‍ അതിന്‍റെ തനിമ നിറഞ്ഞ നാടന്‍ പദ പ്രയോഗങ്ങളിലാണ് കണ്ടെത്തേണ്ടത്.
കടച്ചങ്ക്, ഒടിച്ചുകുത്തി, കച്ചാന്‍കാറ്റ്, കരിക്കലുനേരം,വടനീര്.., മലയാള ഭാഷയില്‍ അപൂര്‍വ്വമായി ഉപയോഗിച്ചിരുന്ന ഇത്തരം തീരഗ്രാമങ്ങളുടെ വിശുദ്ധി നിറയുന്ന പദങ്ങള്‍ രചനകളില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നതും അത് ഏറെ സ്വീകരിക്കപ്പെടുന്നതും വ്യക്തിപരമായി സന്തോഷം നല്‍കുന്നു.
ഇത്തരമൊരു ശ്രമം കടലോരജീവിതവുമായി ബന്ധപ്പെട്ടു മാത്രമല്ല നമ്മുടെ മലയോര പ്രദേശങ്ങളിലും ഇടനാടന്‍ ഗ്രാമങ്ങളുടെ തനിമയില്‍ നിന്നും ധാരാളമായി ഉണ്ടാവണം. വടക്കന്‍ കേരളത്തിന്‍റെ തനിമയാര്‍ന്ന ഗ്രാമ്യഭാഷകളെ പരിചയപ്പെടുത്തിയ സാഹിത്യകാരന്‍മാരെ വിസ്മരിക്കുന്നു എന്ന് ഇതിനര്‍ത്ഥമില്ല. കൂടുതല്‍ ഗ്രാമ്യപദങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇത്തരുണത്തില്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.
തീരഗ്രാമങ്ങളില്‍ സാധാരണമായ ഒരു പദമാണ് അരപ്രൈസ്. മലയാള ഭാഷയില്‍ ഇത്തരമൊരു പ്രയോഗം ഞാനാദ്യം കാണുന്നത് ഉണ്ണി ആര്‍ ന്‍റെ കഥകളിലാണ്. എന്നാല്‍, അദ്ദേഹം ഞങ്ങളുടെ പ്രദേശത്തുനിന്നുള്ള എഴുത്തുകാരനല്ല എന്നുകൂടി ഓര്‍ക്കുക.
കടലിനോടു ചേര്‍ന്നു ജീവിക്കുന്ന പല എഴുത്തുകാര്‍ക്കും ഈ മണ്ണിന്‍റെ ഭാഷയെ അടയാളപ്പെടുത്താനായിട്ടുമില്ല. ‘അവളുടെ നയനങ്ങളില്‍ ആഹ്ലാദത്തിന്‍റെ വേലിയേറ്റം’ എന്ന് അവര്‍ എഴുതിയ ഇടത്തില്‍ നിന്നുമാണ്. ”അവടെ കണ്ണേ മീന്‍ പുലപ്പെന്ന്” തീരജീവിതത്തെ കാച്ചിക്കുറുക്കി എഴുതാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്. ലാളിത്യത്തിന്‍റെ ഈ ഭാഷാസൗന്ദര്യം മലയാളി അവന്‍റെ വായനയില്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുമുണ്ട്.
Read More: വീർപ്പയുണ്ടോ? ഫോൺ തരുപ്പിലാണോ?
Kerala Piravi: ഇന്നത്തെ കഥകളെ നിരീക്ഷിച്ചാല്‍ അത് കൂടുതല്‍ അടയാളപ്പെടുത്തുന്നത് സാധാരണ ജനങ്ങളുടെ ജീവിതമാണെന്നു കാണാം. ഓരോ കഥയും പ്രാദേശിക ചിഹ്നങ്ങളാല്‍ നിറം ചാര്‍ത്തുന്നതിനു ഇത്തരം താഴെത്തട്ടിലുള്ളവരുടെ അഥവാ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പച്ചയായ പകര്‍പ്പെഴുത്തിലൂടെ കഴിയുന്നുണ്ട്. സാധാരണ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും സാധാരണക്കാരനായി വളര്‍ന്ന ഒരാളെന്ന നിലയില്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍, അവിടുത്തെ ജനങ്ങള്‍, അവരുടെ സംസാരരീതി, ചലനങ്ങള്‍ ഒക്കെ ശ്രദ്ധയോടും സൂക്ഷ്മതയോടും നിരീക്ഷിക്കുന്നതിനും. എഴുത്തുലോകത്ത് അവ പുനസൃഷ്ടിക്കുന്നതിനും ശ്രമിക്കാറുണ്ട്.
‘തൊട്ടപ്പന്‍’ എന്ന കഥ അപ്രകാരം എഴുതിയ ഒന്നാണ്. മാരാരിക്കുളം മുതല്‍ ചേര്‍ത്തല തെക്ക് എഴുപുന്ന വരെ നീളുന്ന ഒരു ഭൂപ്രദേശത്തെ കഥയില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. തീട്ടപ്പറമ്പുകളുള്ള, തീട്ടക്കൂരികള്‍ തിങ്ങി നിറഞ്ഞ തോടുകളുള്ള ഭൂമിക വിവരിക്കുമ്പോള്‍ അതങ്ങനെ തന്നെ പറയാനാണ് ശ്രമിച്ചത്. പ്രിയ എ എസ് എന്ന പ്രിയ എഴുത്തുകാരി തൊട്ടപ്പനെന്ന കഥയെക്കുറിച്ച് സംസാരിക്കുമ്പോളൊക്കെ അതിലെ ഭാഷയുടെ ലാവണ്യത്തെയാണ് എടുത്തു പറയുന്നത്. കനമുള്ള ഒരു അച്ചടി ഭാഷപോലും കഥയില്‍ ഉപയോഗിക്കാത്ത, എഴുത്തിന്‍റെ അള്‍ത്താരയില്‍ ഉയര്‍ത്തിയ നാട്ടുഭാഷയുടെ വിശുദ്ധിതന്നെയാണ് ആ കഥയുടെ സ്വീകാര്യത…
എല്ലാ കഥകളും ഇപ്രകാരം എഴുതണമെന്നല്ല പറഞ്ഞു വരുന്നത്. ഓരോ കഥയ്ക്കും അത് ആവശ്യപ്പെടുന്ന ഒരു ഭാഷയും രചനാകൗശലവുമുണ്ട്. പ്രാദേശിക ഭാഷയുടെ ആവര്‍ത്തനങ്ങള്‍ വിരസത സമ്മാനിക്കുന്ന കഥകളും ഉണ്ടായിട്ടുണ്ടായേക്കാം. എങ്കില്‍ പോലും സൂക്ഷ്മതയോടെ കൈകാര്യം ചെയ്താല്‍ ഏറെ സ്വീകാര്യമായ ഒന്നാണ് നാട്ടു ഭാഷ അതില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നതും സാധ്യതയുള്ളതും കടലെഴുത്തു തന്നെയാണ്.
ഞാനാദ്യം സൂചിപ്പിച്ചതുപോലെ ചിലരുടെ മരണത്തോടെ നമുക്ക് അന്യമാകുന്ന ചില വാക്കുകളുണ്ട്. അതിനെ കാലത്തിനൊപ്പം കൂട്ടിക്കൊണ്ടു വരാനും നിലനിര്‍ത്താനും സാഹിത്യത്തിനു കഴിയണം.
ഈയടുത്ത കാലത്ത് കാഞ്ഞാങ്ങാട് നെഹ്രു കോളേജിലെ സാഹിത്യവേദിയുമായി പരിചയപ്പെടാനുള്ള അവസരമുണ്ടായി. സാഹിത്യവേദിയെ മുന്നോട്ടു നയിക്കുന്നത് സാഹിത്യകാരനായ അംബികാസുതന്‍ മാങ്ങാടാണ്. അദ്ദേഹം എഡിറ്റ് ചെയ്ത്, സാഹിത്യവേദി പ്രസിദ്ധീകരിച്ച നാട്ടുഭാഷാ നിഘണ്ടുവാണ് ‘പൊഞ്ഞാറ്’. നൊസ്റ്റാള്‍ജിയയ്ക്ക് അത്യുത്തര കേരളത്തിന്‍റെ വീര്യം നിറഞ്ഞ വാക്കാണ് ‘പൊഞ്ഞാറ്’. ഗൃഹാതുരത എന്ന സംസ്‌കൃത പദത്തേക്കാള്‍ എത്രയോ സൗന്ദര്യം പൊഞ്ഞാറിനുണ്ടെന്ന് അവതാരികയില്‍ ഡോ ടി ബി വേണുഗോപാലപ്പണിക്കര്‍ പറയുന്നു.
തീരദേശത്തിന്‍റെ ഒരു ഭാഷാ നിഘണ്ടു ഇനി എന്നാണ് ഉണ്ടാവുക? ജസരി എന്ന പേരില്‍ ലക്ഷദ്വീപിന്‍റെ ഒരു ഭാഷാ നിഘണ്ടുവിനെക്കുറിച്ച് പൊഞ്ഞാറ് എന്ന പുസ്തകത്തിന്‍റെ ആമുഖത്തില്‍ സൂചനയുണ്ട്. ജസരിയെന്നാല്‍ ദ്വീപിനെക്കുറിച്ച് എന്നാണ് അര്‍ത്ഥം.
കടപ്പുറത്തിന്‍റെ വാമൊഴി ഭാഷയുടെ ആഴമറിഞ്ഞ് എഴുതിയതാണ് ‘അശരണരുടെ സുവിശേഷം’. അതിലെ മീന്‍മണക്കുന്ന ഓരോ വാക്കുകളും. ഉപ്പുകാറ്റിന്‍റെ തണുപ്പു നിറയുന്ന പദങ്ങളും നൈതല്‍ എന്ന ഞങ്ങളുടെ തീരത്തിന്‍റെ പകര്‍പ്പെഴുത്തു തന്നെയാണ്. അവജ്ഞയോടെ ചിലര്‍ മുഖം കടുപ്പിച്ച എഴുത്താണ് തീരഭാഷയുടെ കരുത്തായി ഇന്ന് ഏറെ വായനക്കാരാല്‍ സ്വീകരിക്കപ്പെടുന്നത്. കടപ്പുറത്തിന്‍റെ സുവിശേഷമെന്നും ശുഷ്‌കമായ നമ്മുടെ കടലോരസാഹിത്യത്തിനു മുതല്‍ക്കൂട്ടെന്നും ബെന്യാമിന്‍ അവതാരികയില്‍ പറയുമ്പോള്‍ അത് ഏറെ സന്തോഷവും ചാരിതാര്‍ത്ഥ്യവും നല്കുന്നു.
പുലിക്കുന്നേലിന്‍റെ ഓശാന ബൈബിള്‍ വായിച്ചിട്ട് നാട്ടിലെ കോളേജ് അധ്യാപകന്‍ തര്‍ക്കിച്ചിരുന്നു. ഇതിലെ ഭാഷ ശരിയല്ല. ‘മറിയം പെറ്റെന്നോ പെറാനെന്നാ അവള്‍ പട്ടിയാണോ.’
നൊന്തു പെറ്റ സ്‌നേഹത്തിലെ ‘പെറ്റ’ എന്ന വാക്കിനു പകരം പ്രസവിച്ചു ചേര്‍ത്താല്‍ അതേ ആഴമുണ്ടാകുമോ? മുലപ്പാലാണോ, അമ്മിഞ്ഞപ്പാലാണോ നിങ്ങളുടെ ഉള്ളം കൂടുതല്‍ പൊള്ളിക്കുന്നത്?
കേട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സംഗീതാത്മക ഭാഷ ലത്തീനാണ്. അതു കഴിഞ്ഞാല്‍ പ്രിയം തമിഴിനോടാണ്. നാട്ടു ഭാഷകളുടെ സമ്പന്നതയില്‍ നമ്മുടെ മലയാളം ഈ രണ്ടു ഭാഷകളേക്കാളുമേറെ ഇമ്പവും താളവും ചേര്‍ന്ന് ലോകത്തെ കീഴടക്കുമെന്നു തന്നെയാണ് എന്‍റെ പ്രതീക്ഷ. കാത്തിരിക്കുന്നു. ശ്രേഷ്ഠഭാഷയിലെ അരൂപി നിറഞ്ഞ നാട്ടുപദങ്ങളുടെ സമൃദ്ധിക്കുവേണ്ടി.