Kerala Piravi: കഞ്ഞിവെള്ളമൊഴിച്ചുവച്ചോ വെളിച്ചെണ്ണപുരട്ടിവച്ചോ മണ്‍പാത്രങ്ങളെ മെരുക്കിയെടുക്കാറുള്ളതുപോലെയാണ് മലയാള ഭാഷ ജീവിതത്തിനായി എന്നെ മെരുക്കിയെടുത്തിരിക്കുന്നത് എന്നു തോന്നുന്നു ഇതെഴുതാനിരിക്കുമ്പോള്‍ പെട്ടെന്ന്.
പച്ചവെള്ളം ജീവിതപ്പച്ചയ്ക്കാവശ്യം എന്ന പോലെ എന്റെ നാവിന്റെ കോരികയില്‍ ഇത്തിരി പച്ചമലയാളം ഉള്ളതുകൊണ്ടാണ് എന്റെ ജീവിതം ഇങ്ങനെയെങ്കിലും പച്ചപിടിച്ചിരിക്കുന്നത് എന്നും ഒരു വാചകം വരുന്നു.
മലയാളമില്ലായിരുന്നുവെങ്കില്‍ ഞാനെങ്ങനെ ജീവിക്കുമായിരുന്നു എന്നു സ്വയം ചോദിക്കുമ്പോള്‍ ഉത്തരം മുട്ടുകയും മുട്ടുവിന്‍ തുറക്കപ്പെടും എന്ന വാക്യത്തില്‍ത്തട്ടി ഏതോ മേല്‍ക്കൂരയുത്തരമോ ചോദ്യോത്തരമോ തുറക്കപ്പെടുകയും ചെയ്യുന്നു.
എന്റെ മലയാളം ഇങ്ങനെയൊക്കെയാണ്. കളിമലയാളം, നര്‍ത്തനമലയാളം, കുസൃതിമലയാളം എന്നൊക്കെയാണ് വായനക്കാര്‍ പറയുന്നത്.
Read More: വീർപ്പയുണ്ടോ? ഫോൺ തരുപ്പിലാണോ?
Kerala Piravi: എനിയ്‌ക്കൊന്നേ അറിയൂ ,മലയാളം തരുന്ന ശീതളഛായയില്‍ ഇരുന്നാണ് ഞാന്‍ ചിരിക്കുന്നത്.എന്റെ മലയാളത്തോന്ന്യാക്ഷരക്കൂട്ടമാണ് എനിക്കെന്നേയ്ക്കുമായുള്ള കൂട്ട്. മലയാളം ആയിരുന്നില്ലെങ്കില്‍ ഞാന്‍ മറ്റേതെങ്കിലും ഭാഷയിലായിരുന്നിരിയ്ക്കും കുത്തിമറിഞ്ഞ് കളിച്ചു രസിച്ചിട്ടുണ്ടാവുക എന്നു തോന്നുന്നു. ഒക്കെയും ഓരോ തോന്നലുകളാണ് . തോന്നലുകളാണോ സത്യം അതോ സത്യങ്ങളാണോ തോന്നലുകള്‍ എന്നറിഞ്ഞുകൂടാ എനിക്ക് .
പണ്ടത്തെ ബാലരമയില്‍ സിറാജ് മീനത്തേരി ‘കണക്കിലെ കളികള്‍’ എന്നെഴുതിക്കാണുമ്പോഴേ എനിയ്ക്കാ കളി കയ്ക്കുമായിരുന്നു. കണക്കില്ലാത്തവര്‍ക്ക് കണക്കറ്റാശ്രയിക്കാന്‍ പറ്റുന്ന ഇടമെന്ന നിലയില്‍ ഞാന്‍ പിന്നെ കാഞ്ഞിരക്കയ്പ്പുള്ള മലയാളമധുരത്തിന്റെ തുഞ്ചത്ത് ചേക്കേറി.
ആദ്യകാലത്ത് ഒരിയ്ക്കല്‍ എം ടി, ‘തലമുടി ചായ്ച്ചും ചെരിച്ചു കെട്ടുന്നതുപോലെയാണ് പ്രിയ, മലയാളത്തെ ഉപയോഗിക്കുന്നത് ‘എന്ന് ഒരു മറുപടിക്കത്തിലെഴുതിയപ്പോഴാണ് ജീവിതത്തിലാദ്യമായി എന്റെ ഭാഷയെ തിരിച്ചും മറിച്ചും ഞാനൊന്ന് നോക്കുന്നത്. എനിക്കന്ന് യാതൊരു പ്രത്യേകതയും തോന്നിയില്ല എന്റെ ഭാഷയ്ക്ക്.
പിന്നെപ്പിന്നെ എഴുത്തിലേയ്ക്ക് തന്നെ കൂപ്പുകുത്തുകയും മുങ്ങാംകുഴിയിടുകയും ചെയ്തപ്പോള്‍ വായനക്കാരും പറഞ്ഞു ‘വാക്കമ്മാനാട്ടക്കാരി’ എന്ന്. അപ്പോഴും ചിക്കുപായയില്‍ നെല്ലെന്നപോലെ വിതര്‍ത്തിപ്പരത്തിയിട്ട് ഞാനെന്റെ വാക്കൊക്കെ ചിക്കിനോക്കി . ഈ ചുറ്റുപാട് മലയാളമനുഷ്യരുപയോഗിക്കുന്ന ഭാഷതന്നെയല്ലേ ഞാനുമുപയോഗിക്കുന്നത് എന്ന അത്ഭുതം മാത്രമേ അന്നേരവും വാക്കിന്റെ ചിക്കുപായ എനിയ്ക്ക് തന്നുള്ളു.
ഞാനൊരു ചമ്മനാട്ടമ്പലക്കാരിയായതു കൊണ്ടാവുമോ വാക്കമ്മാനാട്ടക്കാരിയായത് എന്ന സംശയം ജീവിതത്തിലാദ്യമായി കടന്നു വരുന്നു ദാ ഇപ്പോ , വാക്കമ്മാനാട്ടക്കാരി എന്ന വാക്കെഴുതിക്കഴിഞ്ഞപ്പോള്‍…മകള്‍ ഉണ്ടാവണേ, കഥ എഴുതണേ എന്നമ്മ പ്രാര്‍ത്ഥിച്ചത് ചമ്മനാട്ടമ്പലത്തിലായതു കൊണ്ട് അതും ഒരു കാരണമാവാം .
പക്ഷേ ജനമായ ജനമൊക്കെ ചൂണ്ടിക്കാണിച്ച എന്റെ വാക്കിന്റെ ചായ്ച്ചുചരിയ്ക്കലുകള്‍ ഉപകരിച്ചതും എനിയ്ക്കതെക്കുറിച്ച് നേരിയ തോതിലെങ്കിലും ബോധ്യം വന്നതും അരുന്ധതിയെ വിവര്‍ത്തനം ചെയ്യാനിരുന്നപ്പോഴാണ് .വാക്കുവച്ച് കളിയ്ക്കുന്ന അരുന്ധതിയെ വിവര്‍ത്തനം ചെയ്യാന്‍ വാക്കു വച്ച് അതേ പോലെ കളിയ്ക്കുന്ന ഒരു ‘ഞാന്‍’ വേണമായിരുന്നു. അരുന്ധതിയുടെ കുട്ടിക്കുസൃതിക്കളിയിംഗ്‌ളീഷിനെ തോല്‍പ്പിക്കാന്‍, പാതിക്കണ്ണുപൂട്ടി ഉന്നം കൂര്‍പ്പിച്ച് എന്റെ വാങ്മയത്തെറ്റാലിയില്‍ ഞാനെന്റെ ഇത്തിരിക്കുഞ്ഞന്‍മലയാളം പതിച്ചുവച്ചു. ഞങ്ങള്‍ ഞാനും അരുന്ധതിയും രസിച്ചുതകര്‍ത്തു കളിച്ചു. വിവര്‍ത്തനയാതനകളൊക്കെ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ ഇപ്പോഴങ്ങനെയാണ് തോന്നുന്നത്, അത് കളിയായിരുന്നു, വിവര്‍ത്തനക്കളി. അല്ലെങ്കിലും ജീവിതമങ്ങനെയാണല്ലോ, ജീവിച്ചു കഴിയുമ്പോള്‍ തോന്നും ഒക്കെ ഒരു കളിയായിരുന്നുവെന്ന്, ഒന്നിലും ഒരു കാര്യവുമുണ്ടായിരുന്നില്ലെന്ന്….
ചിന്തകള്‍ ചിന്തിക്കാന്‍ പഠിപ്പിച്ച മീന്‍ചൂണ്ടയേകാന്തതകള്‍ എന്ന് എസ്തയെയും റാഹേലിനെയും കുറിച്ചുപറയുമ്പോള്‍, ചിന്തകള്‍ ചിന്തിക്കാന്‍ പഠിപ്പിച്ച എന്റെ അസുഖയേകാന്തതകള്‍ എന്ന് എനിയ്ക്ക് പെട്ടെന്നോര്‍മ്മ വന്നു. ഒരര്‍ത്ഥത്തില്‍ അതൊരു ശക്തമായ വെളിപാടായിരുന്നു. അകമേയുള്ള ഏകാന്തത കൊണ്ടു തുന്നിയ വാക്കിന്റെ ഉടുപ്പ് പുറമേ ഇട്ടവരായിരുന്നു ഞാനും അരുന്ധതിയും.ആ അര്‍ത്ഥത്തില്‍ ഞങ്ങളും ഇരട്ടക്കുട്ടികളായിരുന്നു.
Read More: അരപ്രൈസ് പെറ്റ മലയാളം
Kerala Piravi: മണ്ണില്‍ കളിയ്ക്കാനോ മരം കേറാനോ ഓടി രസിക്കാനോ സമ്മതിയ്ക്കാത്ത അനാരോഗ്യത്തിന്റെ ‘ഠ’ വട്ടത്തില്‍ ചുരുണ്ടുകൂടിക്കിടന്നപ്പോഴും ഞാന്‍ കളിക്കുട്ടിയായിരുന്നുവെന്ന്, കുസൃതികളൊപ്പിച്ചിരുന്നുവെന്ന്,ഇത്തിരിപ്പോരം രസങ്ങളൊപ്പിച്ചിരുന്നുവെന്ന് ഞാന്‍ അന്നേരം തിരിച്ചറിഞ്ഞു. മലയാളവാക്കുകളായിരുന്നു എന്റെ കളിപ്പാട്ടങ്ങള്‍, കൊത്തങ്കല്ലുകള്‍, കരുക്കള്‍…
പണ്ടയ്ക്കുപണ്ടേ ഉണ്ടായ ചില നേര്‍ത്ത വെളിപാടുകളുടെ ഏകാന്തമായ പാടുകള്‍ ഞാനന്നേരം തിരിച്ചറിഞ്ഞു. എന്റെ പഴയ ചില കഥയെഴുത്തുവേളകളുടെ ഓര്‍മ്മകള്‍ എന്നെ വന്നുമ്മവച്ചു. ഞാന്‍, ‘മലയാളം’ എന്ന എന്റെ തന്നെ കഥ ഓര്‍ത്തു പോയി . കുട്ടിക്കാലആശുപത്രിവേളകള്‍ തന്ന കഥയായി ഞാനതിനെയും വായിച്ചു അന്നേരം. ചില നേരങ്ങളില്‍ ചില വാക്കുകള്‍ പുസ്തകത്തില്‍ നിന്നോ ജീവിതത്തില്‍ നിന്നോ പാട്ടില്‍ നിന്നോ വന്നെന്റെ നാവില്‍ ചക്കപ്പശപോലെ പ്‌സ, പ്‌സ എന്ന് ഒട്ടിപ്പിടിച്ച എന്റെ ആശുപത്രിഇരുട്ടുകള്‍ ,അതോ വെളിച്ചങ്ങളോ …!. ആ ചക്കപ്പശകളെ തേച്ചുരച്ചുകളയാന്‍ നോക്കി നോക്കി തല പെരുത്തുവന്ന കുട്ടിയാണ് പിന്നെ വളര്‍ന്നപ്പോള്‍ “മലയാളം” എന്ന കഥയെഴുതിയത്. ആശുപത്രിക്കട്ടിലില്‍ക്കിടന്നു വാക്കുകൊണ്ടു കളിയ്ക്കുന്ന എനിക്കൊരു തുറുകണ്ണന്‍ മൂകസാക്ഷിയുണ്ടായിരുന്നു. പല്ലി. ആ പല്ലിയാണ് ‘അതാ നോക്കൂ ഒരു പല്ലി’യിലെ പല്ലി.
ഒരു പക്ഷേ എന്റേത് ആ ‘പല്ലിമലയാള’മാണ് എന്നതാവും കൂടുതല്‍ ശരി ..
കുട്ടിക്കാലത്തു നഷ്ടപ്പെട്ട കളിനേരങ്ങളെ ഞാന്‍ തിരിച്ചുപിടിയ്ക്കുന്നത് വാക്കുകൊണ്ടുകളിച്ചാണ്.വാക്കിന്‍മേല്‍ കളി കൂടെയില്ലായിരുന്നുവങ്കില്‍ കുട്ടിക്കാലമേയില്ലാത്ത ഒരുവളായിത്തീര്‍ന്നേനെ. ഇപ്പോഴും കുട്ടിയാകാന്‍ പറ്റുന്നത് വാക്കിന്റെ ചെപ്പും പന്തും കളി കൂടെയുള്ളതുകൊണ്ടാണ് . വാക്കിന്റെ കരു എങ്ങനെയാണ് ഇങ്ങനെയൊക്കെ നീക്കുക, ആലോചിയ്ക്കുമോ വെട്ടുമോ തിരുത്തുമോ എന്നൊക്കെ ചോദിക്കാറുണ്ട് പലരും. എനിയ്ക്ക് മലയാളം ചതുരംഗപ്പലകയല്ല. വെറും കളിയാണ് . ഒരു ഓടിപ്പിടുത്തക്കളി , ഒരു ഒളിച്ചുകളി . മനപ്പൂര്‍വ്വമുള്ള ഒരു നീക്കവുമില്ലാത്ത കളികള്‍… അപ്പപ്പോള്‍ തോന്നുന്നപോലെ എങ്ങോട്ടോ ഓടുന്നു, ഒളിയ്ക്കുന്നു. അത്രമാത്രം..
ഏകാന്തതയുടെ അപാരതീരച്ചിപ്പിയില്‍ ഭാഷ നിറഞ്ഞാലേ എഴുത്താളാവാന്‍ പറ്റൂ. പുറത്തെ ഏകാന്തതയല്ല ഏകാന്തത, അകത്തെ ഏകാന്തതയാണ് ഏകാന്തത. അതുകൊണ്ടൊക്കെത്തന്നെയാണ് പുതുകഥാകാരന്‍ അബിന്‍ ജോസഫ് ‘കൂട്ടാന്തത’ എന്ന വാക്കു കൊണ്ട് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഏകാന്തതയ്ക്ക് മരുന്നു കണ്ടുപിടിയ്ക്കുമ്പോള്‍, ആ വാക്കു നുണഞ്ഞ് അസൂയയോ ലഹരിയോ സ്‌നേഹമോ എന്റെ ഉള്ളില്‍ പരക്കുന്നതും വാക്ക് ഉള്ളാലെ നൃത്തമാരംഭിയ്ക്കുന്നതും.
അതെ എനിയ്ക്ക് വാക്ക്, നൃത്തം കൂടിയാണ്. മലയാളാക്ഷരക്കാരി അല്ലെങ്കില്‍പ്പിന്നെ നര്‍ത്തകി ആകാനായിരുന്നു എനിയ്ക്കിഷ്ടം. പുറമേയ്ക്ക് ഏതാണ്ടനാകര്‍ഷകയായ, പക്ഷേ നൃത്തഭൂഷകളും മുദ്രകളും ചോടുകളും അണിയുമ്പോള്‍ ഒരു മുഴുവന്‍ ചിലങ്കമുത്ത് ഓടിയിറങ്ങി നൃത്തമാവും പോലുള്ള അലര്‍മേല്‍വള്ളിയെപ്പോലെ നൃത്തം ചെയ്യണമെന്നാഗ്രഹിക്കുന്ന ഒരുവള്‍ ഇപ്പോഴുമുണ്ട് എന്റെയുള്ളില്‍.അസുഖം,നൃത്തത്തിനു ചിലങ്ക പണിതുതന്നില്ല.പക്ഷേ എഴുത്തിന് ചിലങ്ക പണിതു തന്നു. മലയാളച്ചിലങ്ക.
എന്റെയുള്ളിന്റെയുള്ളിലെ ‘മതിമോഹനശുഭനര്‍ത്തനമാടുന്ന’ എന്നെ എനിയ്ക്കു തിരിച്ചു കിട്ടുന്നത് ഈ മലയാളച്ചിലങ്ക കെട്ടി ചോടുവയ്ക്കുമ്പോഴാണ് . ‘മൂക്കൂത്തിക്കവിളിലോ അല്ലിമലര്‍ മിഴിയിലോ ഞാന്‍ മയങ്ങി’ എന്നു ചോദിച്ചാടാന്‍ തുടങ്ങിയ പെണ്‍കുട്ടിയെ അസുഖം തട്ടിക്കൊണ്ടുപോയി മലയാളം തന്ന് മയക്കിക്കിടത്തി.. മലയാളത്തില്‍ കഥയെഴുതിക്കോളാം എന്ന വാഗ്ദാനമായിരുന്നു വിമോചനദ്രവ്യമായി ചോദിച്ചത്. അതുകൊടുത്തപ്പോള്‍ ഞാനടിമുടിമലയാളവാക്കായി മാറി .പിന്നെ മലയാളത്തിലായി മയക്കം.
ഇംഗ്‌ളീഷിലെഴുതിയാല്‍ മുന്നോട്ടും പിന്നോട്ടും ഒരേ പോലെ വായിയ്ക്കാവുന്ന (MALAYALAM ), കുട്ടിക്കുറുമ്പുമലയാളം… തുടക്കം തൊട്ടു വായിച്ചാലും ഒടുക്കം തൊട്ടുവായിച്ചാലും ത്രസിപ്പിയ്ക്കുന്ന താളത്തില്‍ എനിയ്ക്ക് മലയാളകഥയെഴുതണം. ‘പറയുക പറയുക കഥകള്‍ നിരന്തരം, കഥ പറഞ്ഞങ്ങനെ കഥകളായ്ത്തീരുക, അതിലൊരു കഥയില്ലയെങ്കിലും.’ ….(‘കഥയമമ’യില്‍ റഫീക്ക് അഹമ്മദ്)എന്ന വരി ഓര്‍മ്മയുണ്ടെങ്കില്‍ക്കൂടിയും …
Kerala Piravi: ‘വിഷമമലയാളം’ എന്നും അപൂര്‍വ്വം ചിലര്‍ പറഞ്ഞിട്ടുണ്ട്. അതും പരിഗണിക്കാതെ വയ്യ. കുത്തും കോമയും ഇടാതെയും ഇട്ടും വാക്കുകള്‍ക്കിടയ്ക്ക് വിളക്കിപ്പിടിപ്പിയ്ക്കലുകള്‍ ഇല്ലാതെ ഒരു പുഴയൊഴുകും പോലെ ഉപയോഗിക്കുന്നതും കാരണം മറുനാടന്‍ മലയാളിയ്ക്ക് മനസ്സിലാകാതെ പോകുന്നു. എന്റെ കോളമെഴുത്ത് എന്നു കേട്ടതും ഓര്‍മ്മയുണ്ട്. വിളക്കാന്‍ മടിയുള്ള ഒരു വാക്കിന്‍ തട്ടാത്തിയാണ് എന്നതാണു സത്യം. വിളക്കാന്‍ വേണ്ടത് വ്യാകരണമാണ്, മലയാളം സ്‌കൂളദ്ധ്യാപകന്റെ മകളായിരുന്നിട്ടും വ്യാകരണം ഇഷ്ടമല്ല. ‘നിപ്രസംഉപ്രസംആ’ എന്നതൊക്കെ ഇപ്പോഴും ‘ആ..ആര്‍ക്കറിയാം’ എന്നൊരു അറിയായ്ക തന്നെയാണ്.
‘പ്രിയ’ എന്നാല്‍ ‘ആരോടാണോ പ്രിയം തോന്നുന്നത് ലവള്‍’ എന്ന മട്ടിലെ ബഹുവ്രീഹിക്കാരനെ മാത്രമേ ഇഷ്ടമുള്ളു അന്നും ഇന്നും .ജീവിതത്തിന്റെ ബഹുതരവീഥികളിലൂടെ ഞാന്‍ നടക്കുന്നത് മലയാളത്തിന്റെ വിരലില്‍ത്തൂങ്ങിയാണ്. ‘വാക്കിന്‍ വിരല്‍ തൂങ്ങിയല്ലോ നടക്കുന്നൂ’ എന്ന് കവി മധുസൂദനന്‍നായര്‍…
വീട്ടിലും വാക്കുവച്ചാണ് കളി . ‘ചക്രശ്വാസവും ചതുരശ്വാസവും ഉണ്ടോ ,ചക്രവര്‍ത്തി വലിയ്ക്കുന്ന ശ്വാസമാണോ ചക്രശ്വാസം ‘, ‘പേടമാന്‍ എന്ന പോലെ പേടവുമണ്‍ ഇല്ലാത്തതെന്താ, പേടമാന്‍കൂട്ടം എന്നു പറയുന്നതിനു പകരം പേടമെന്‍ എന്നു പറഞ്ഞൂൂടേ’, ‘അടിത്തറ പോലെ തൊഴിത്തറയുണ്ടോ’ എന്ന മട്ടില്‍ ഒരു കളിക്കുട്ടി എപ്പോഴും പുറകേയുണ്ട്.
എനിക്കായി ഈ കളി മലയാളമില്ലെങ്കില്‍ , ‘കരയിലേക്കൊരു കടല്‍ദൂര’ മെന്ന സിനിമയിലെ പാട്ടുവരിയിലെപ്പോലെ എന്റെ ‘ഏകാന്തതയും ഏകാന്തം’. മലയാളമില്ലെങ്കില്‍ , എനിയ്‌ക്കൊരു വീടില്ലാഭൂമിയില്ലാകാശമില്ലാചിറകില്ലാമേഘവുംതാരവുമില്ല ഇല്ലാമഴകള്‍ ഇല്ലാവെയിലുകള്‍ സന്ധ്യകള്‍’. സത്യമാണ് , ‘നീയില്ലെങ്കില്‍ നിന്‍ ഛായയാം ഞാനില്ല കേവലസ്വപ്നമാം ഭൂവും’.
മലയാളം തരുന്ന ഛായയില്‍ നിന്നാണ് ഞാന്‍ ചിരിയ്ക്കുന്നത്. എന്നും എപ്പോഴും. എനിക്കെന്നും നവംബര്‍ ഒന്നാണ്… എല്ലാ ദിവസവും മലയാള ഭാഷാ ദിനമാണെനിയ്ക്ക്…