/indian-express-malayalam/media/media_files/uploads/2018/08/Along-the-Cheruthoni-river-only-battered-remains-can-now-be-seen-Express-Photo-Arun-Janardhanan.jpg)
എന്റെ ജന്മദേശത്ത്, ഞങ്ങളുടെ ജീവിതങ്ങൾക്ക് മേൽ ഉയർന്ന് നിന്ന രണ്ട് അണക്കെട്ടുകൾ, പ്രധാനപ്പെട്ട അമ്പലങ്ങളും ദൈവങ്ങളും അധികമില്ലാത്ത ഈ പട്ടണത്തിൽ, ഭീതി പടർത്തുവാനുള്ള കാരണങ്ങളായി, പരസ്പരം കഷ്ടിച്ച് ഒരു കിലോമീറ്റർ അകലത്തിൽ നിലകൊള്ളുന്ന നിൽക്കുന്ന ഇടുക്കി ഡാമും ചെറുതോണി ഡാമുമാണവ.
ആ ഭീതി, എന്റെ ഏഴാം വയസ്സിൽ, ഒന്നുരണ്ടു രാത്രികളെന്നെ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുവാൻ പ്രേരിപ്പിച്ച ഒരു കഥയ്ക്ക് സമാനമായിരുന്നു, വളരെ കഷ്ടപ്പെട്ട് ഞാൻ വായിച്ചെടുത്ത "മലയാള മനോരമ'യിലെ ആ കഥയുടെ സംഭവകാലം 1992. ഈ ഓഗസ്റ്റ് മാസത്തിന് മുൻപ് അന്നാണ്, എറണാകുളം, തൃശൂർ ജില്ലകളെ പ്രളയത്തിലാഴ്ത്തിയ ചെറുതോണി അണക്കെട്ട് അവസാനമായി തുറന്നുവിട്ടത്. അന്ന് അണക്കെട്ടിൽ നിന്നു വിമുക്തമായ ജലം 100 കിലോമീറ്റർ അകലെയുള്ള അറബിക്കടലിലേയ്ക്കുള്ള പ്രയാണത്തിലുണ്ടാക്കിയ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട്, രണ്ടാം ക്ലാസ്സിൽ പഠിച്ചിരുന്ന ഞാൻ ഭയപ്പാടോടെ വായിച്ചറിഞ്ഞു.
അണക്കെട്ട് വെള്ളപ്പൊക്കം മാത്രമാണുണ്ടാക്കിയത്, അപകടങ്ങളുണ്ടാ ക്കിയില്ല, പക്ഷേ എന്റെ മനസ്സിന്റെ താളുകളിൽ ആ പേടിസ്വപ്നം മായാതെ തങ്ങിനിന്നു. അന്നത്ത മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ, ഹെലികോപ്റ്ററിൽ വ്യോമനിരീക്ഷണത്തിനു വരികയും, കാഴ്ചകൾ കൂടുതൽ വ്യക്തമാകുന്നതിനായി, നയാഗ്ര വെള്ളച്ചാട്ടത്തിന് സമാനമായ ബാഷ്പ പടലത്തിലൂടെ, അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ താഴ്ത്തിപ്പറ പ്പിക്കുകയും ചെയ്തപ്പോൾ ആ പേടി വിസ്മയത്തിന് വഴിമാറി.
ഇരുപത്തിയാറ് വർഷങ്ങൾക്കു ശേഷം, പെരിയാറിന്റെ കൈവഴിയായ ചെറുതോണിയാറിന്റെ തീരത്ത് നിൽക്കുമ്പോൾ, ആ പേടിസ്വപ്നമൊടുവിൽ വഴി തെളിച്ച് പുറത്തുവരികയും നഗരത്തിന് മീതെ ഭീതിദമായി പരക്കുകയും ചെയ്തിരിക്കുന്നുവെന്ന് ഞാനറിയുന്നു.
/indian-express-malayalam/media/media_files/uploads/2018/08/The-bridge-over-the-river-collapsed-when-the-shutters-of-the-dam-were-openedExpress-Photo-Arun-Janardhanan.jpg)
കേരളത്തിലാകെ നാശം വിതച്ച പ്രളയം കഴിഞ്ഞ് ഒരാഴ്ചയാകുമ്പോൾ, 13 മരണങ്ങൾക്കാണ് എന്റെ പഞ്ചായത്തായ വാഴത്തോപ്പ് സാക്ഷിയായത്. 52 പേരുടെ ജീവനാശവുമായി, കേരളത്തിലെ ജില്ലകളിൽ വച്ച് ഏറ്റവും കൂടുതൽ മരണങ്ങൾ രജിസ്റ്റർ ചെയ്ത, പശ്ചിമഘട്ടത്തിലെ മലയോരജില്ലയായ ഇടുക്കിയിൽ ഏറ്റവും കൂടിയ മരണസംഖ്യയുള്ള ഗ്രാമമാകുന്നു ഇത്. ജില്ലയിലെ ഏഴുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. തങ്ങളുടെ വീടുകളെ തകർത്തുകൊണ്ട് ഇടിഞ്ഞുവീണ ഇടുക്കിയുടെ മലമടക്കുകളിൽ നിന്ന് അവരുടെ ശരീരങ്ങൾ പോലും കണ്ടെടുക്കാനായിട്ടില്ല. അനവധി വീടുകളാണ് തങ്ങളുടെ സാന്നിധ്യത്തിന്റെ അടയാളങ്ങൾ പോലും ബാക്കിവയ്ക്കാതെ എന്റെ ദേശത്ത് നിന്ന് അപ്രത്യക്ഷമായത്.
സംസ്ഥാനത്തെ മറ്റു ജില്ലകളിലെ ദുരിതാശ്വാസക്യാമ്പുകളിൽ നിന്നും ആളുകൾ തങ്ങളുടെ വീടുകളിലേയ്ക്ക് മടങ്ങിപ്പോകുന്ന അവസരത്തിൽ, ഇടുക്കി ജില്ലാ ആസ്ഥാനത്തുള്ള പല ക്യാമ്പുകളിലെയും ആളുകൾക്ക് മടങ്ങിപ്പോകാനൊരു വീടില്ല.
വൈദ്യുതബന്ധങ്ങളും വിനിമയ ശൃംഖലയും താറുമാറായ ഇടുക്കി ഓഗസ്റ്റ് പത്തിന് ശേഷം കേരളത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഓഗസ്റ്റ് 15 ഉച്ചതിരിഞ്ഞ നേരത്ത്, മഴ ഭീകരമാകുന്നു എന്നറിയിച്ചുകൊണ്ട്, എനിക്ക് അമ്മയുടെ ഫോൺകോൾ ലഭിച്ചു. ഫോണിന്റെ ചാർജ് തീരുന്നതിനെപ്പറ്റിയുള്ള താക്കീതുമായി അച്ഛൻ ഇടപെട്ടതിനാൽ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അമ്മ സംഭാഷണം അവസാനിപ്പിച്ചു, അതിന് ശേഷമുള്ള ഏതാനു മണിക്കൂറുകളിൽ, അവിടെയും ചുറ്റുവട്ടത്തുമായി നാല് ഉരുൾപൊട്ടലുകളുണ്ടായി. അവയിലൊന്ന് ഞങ്ങളുടെ വീടിന്റെ ചുവരുകളിൽ മണ്ണടയാളങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് ഉരഞ്ഞുപോയെങ്കിലും ഭാഗ്യവശാൽ അപകടങ്ങളുണ്ടായില്ല. ആ രാത്രി തന്നെ, എഴുപതുകളിലെത്തിയ മാതാപിതാക്കളും 90 വയസ്സായ അമ്മൂമ്മയും ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് താമസം മാറി. നാലു ദിവസത്തിനുശേഷമാണവർക്ക് വീട്ടിൽ തിരിച്ചെത്തുവാനും എന്നോട് സംസാരിക്കുവാനും കഴിഞ്ഞത്.
പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ പോലും അകലെയല്ലാതെ, ചെറുതോണി നദിയിലേയ്ക്ക് അഭിമുഖമായ ഒരു ചരിവിലാണ് എന്റെ അമ്മുമ്മയുടെ വീട്. അവിടെ നദിയോരത്ത്, പച്ചപ്പുൽമേടുകൾ, കുട്ടികളായിരുന്നപ്പോൾ ആ പുല്ലിൽ ഉരുണ്ടുകളിച്ച് ദേഹമാസകലം പോറലുകളേറ്റ് ചൊറിയുകയും അത് രസകരമായൊരു കളിയായി ആസ്വദിക്കുകയും ചെയ്തിരുന്നു. പക്ഷേ 1992 ൽ ചെറുതോണി അണക്കെട്ട് തുറന്നതിൽ പിന്നെ , ആ പുൽമേട് അപ്രത്യക്ഷമായതായി വിഷാദത്തോടെ ഞങ്ങൾ മനസ്സിലാക്കി. അണക്കെട്ടുകൾ തുറക്കുമ്പോഴുള്ള കൗതുകകരമായ ഒരു ലക്ഷണമായി ഞാനതിപ്പോൾ തിരിച്ചറിയുന്നു- ഓരോ തവണയത് തുറന്നടയ്ക്കുമ്പോഴും , നദിയോരമൊരിക്കലും മുൻപുണ്ടായിരുന്നത് തന്നെയാകില്ല.
ഇത്തവണത്തെ അസഹനീയമായ പ്രളയത്തിൽ നിന്നും വ്യത്യസ്തമായി, കഴിഞ്ഞ അണക്കെട്ട് തുറക്കൽ, ഒരു അപ്രതീക്ഷിത സമ്മാനം കൊണ്ടുവന്നിരുന്നു- മത്സ്യങ്ങൾ. ഒഴുകിപ്പോകുന്ന വെള്ളത്തിൽ നിന്നും എന്റെ അമ്മൂമ്മയും അവരുടെ സ്നേഹിത ലീലയും പാത്രങ്ങൾ കൊണ്ട് മീൻ പിടിക്കുന്ന കാഴ്ച ഞാനോർക്കുന്നു. പ്രളയജലത്തിൽനിന്ന്, കൂർത്ത വടികളുപയോഗിച്ച് അയൽക്കാർ പിടിച്ചെടുത്ത, എന്നോളം വലിയ ഒരു മീനിനെക്കാണൻ ഞാനൊരു ദിവസം സ്കൂളില്‍പ്പോക്കു പോലും മുടക്കി. അന്ന്, ചുറ്റുവട്ടത്താകെയുള്ള വീടുകൾ ആ വലിയ മീനിന്റെ രുചിയറിഞ്ഞു.
ഇപ്പോൾ, അമ്മൂമ്മയുടെ വീടിന്റെ, ഭാഗ്യവശാൽ ഇപ്പോഴും നാശമേൽക്കാത്ത പൂമുഖമേൽഭാഗത്ത് നിൽക്കുമ്പോൾ, പൂർണ്ണമായി നശിച്ച മറ്റു രണ്ടു വീടുകൾ എനിക്കുകാണാം. ഒന്ന് ലീലയുടേതാണ്. എന്റെ അമ്മൂമ്മയും തയ്യൽക്കാരനായിരുന്ന അപ്പൂപ്പനും ഇടുക്കിയിലേയ്ക്ക് കുടിയേറിയ അതേ കാലത്താണ് ലീലയും ആ ഈ പട്ടണം സ്വന്തം നാടാക്കിയത്. അണക്കെട്ട് സ്ഥാപിതമായിരുന്നു, നഗരം വികസനത്തിന്റെ പാതയിലും അതിനാൽ തൊഴിലവസരങ്ങളുമേറെ. ചെറുതോണി ചന്തയിൽ വെറ്റില കച്ചവടമായിരുന്നു ലീലയ്ക്ക്. നദിയിൽ നിന്ന് സ്വയം ശേഖരിച്ച കല്ലുകളും പാറകളും കൊണ്ട് ലീല സ്വന്തം വീടുപണിതത് അമ്മൂമ്മ ഇപ്പോഴും ഓർമിക്കുന്ന കാര്യമാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് വീടു വിറ്റ ലീല ഇപ്പോൾ കുട്ടികളുമൊത്ത് എറണാകുളത്തിനടുത്ത് താമസിക്കുന്നു.
ഒഴുകിപ്പോയ രണ്ടാമത്തെ വീട്, എന്റെ ബാല്യകാല സുഹൃത്തുക്കളായ അനീഷിന്റെയും അഞ്‌ജുവിന്റെയുമാണ്. ഒരിക്കൽ​ ആ നദിയോര ഗൃഹം ഓലമേഞ്ഞതായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ ആ വീടിന്റേതായി അവശേഷിക്കുന്നത് ഒരു കതക് മാത്രമാണ്. ജലനിരപ്പുയരുന്നതിന് മുൻപ് തന്നെ അനീഷ് വീടു വിട്ടിരുന്നു. അവനൊരുപാട് കരഞ്ഞെവെന്നാണ് ഞാനറിഞ്ഞത്. ഈയിടെയാണവൻ വിവാഹിതനായത്. ഇടുക്കിക്കാരിയല്ലാത്ത ഭാര്യ, താൻ ജീവിക്കുവാൻ വന്ന വീട് , മഴയും മലകളും കൂടി തകർത്തെറിഞ്ഞത് കണ്ട ആഘാതത്തിൽ കടുത്ത പനി ബാധിച്ച അവസ്ഥയിലാണ് തിരികെയെത്തിയത്.
ചെറുതോണിയുടെ തീരങ്ങളിൽ മറ്റെല്ലായിടത്തും, തകർന്ന കോൺക്രീറ്റ് അവശിഷ്ടങ്ങളാണ് കാണുന്നത്. പെരിയാറിന്റെ ഇരുകരകളിലുമുള്ള കുട്ടികൾ പഠിച്ചിരുന്ന ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഇപ്പോൾ ഒരു ദുരിതാശ്വാസ ക്യാമ്പാണ്.
ചെറുതോണി പട്ടണം ഒരു വലിയ പാറയുടെ താഴെയാണ്, സത്യത്തിൽ, കുന്നിന്റെ ചെരിവിൽ ‘Y“ ആകൃതിയിൽ ചരിഞ്ഞു കിടക്കുകയാണത്. ഈ Y, യ്ക്ക് മുകളിലായി, പട്ടണമധ്യേ, ഒരു സ്ഥല അടയാളമുണ്ട്, ‘MFL-3 എന്നെഴുതിയിട്ടുള്ള ഒരു മഞ്ഞ ബോർഡ്. മാക്സിമം ഫ്ലഡ് ലെവൽ, അതായത്, അണക്കെട്ട് പൂർണ്ണമായും തുറന്നാൽ, ജലം പരമാവധി ഉയരമാവുന്ന ഇടമാണത് അടയാളപ്പെടുത്തുന്നത്. ഇത്തവണ, ഉള്ളളവിന്റെ പകുതിപോലും തുറന്നുവിട്ടില്ലെങ്കിലും ദേശം ആപത്തിലായി.
/indian-express-malayalam/media/media_files/uploads/2018/08/Reconstruction-work-in-progress-at-NH-185-near-Kathipara-in-Idukki-district-Express-Photo-Nirmal-Harindran.jpg)
പട്ടണത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ, നദിയതിന്റെ ഗതിയിൽ വന്ന എല്ലാത്തിനെയും ഒഴുക്കിക്കൊണ്ടുപോയിരിക്കുന്നു. ഉദാഹരണത്തിന്, നദീതീരത്തെ വികസനപദ്ധതികളിൽ ഒന്നായ ചെറുതോണി ബസ് സ്റ്റാൻഡിന്റെ സൂചനകൾ പോലുമവിടിപ്പോഴില്ല. ബസ് സ്റ്റാൻഡിനെതിരെ തടസ്സമുന്നയിച്ചതിന്റെ പേരിൽ, കഴിഞ്ഞ പത്തുവർഷമായി ഇലക്ട്രിസിറ്റി ബോർഡിന്റെ ( കെ എസ് ഇ ബി) ഉദ്യോഗസ്ഥർ പലവിധ പ്രതിഷധങ്ങളും ഭീഷണികളും നേരിട്ടിരുന്നു.
എങ്കിലും പെരിയാറിപ്പോൾ, തകർന്നു തരിപ്പണമായ എന്റെ നാടുമായി മൈത്രിയിലെന്നപോലെ കാണപ്പെടുന്നു. ഒരസാധാരണ തിരിച്ചടിയിലൂടെ നദി സ്വന്തം കരകൾ തിരിച്ചുപിടിച്ചിരിക്കുകയാണ്. വഞ്ചനാപരമായി സാവധാനമവളില്‍ നിന്നു തട്ടിയെടുത്ത നദീതടഭാഗങ്ങളെല്ലാം തന്നെ, ഇപ്പോൾ വീണ്ടുമവൾക്ക് സ്വന്തമായിത്തീർന്നിരിക്കുന്നു.
മൊഴിമാറ്റം: സ്മിതാ മീനാക്ഷി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.