2018 ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തീയതി എന്നെഴുതി ഒരു കുറിപ്പ് തുടങ്ങുമ്പോള്‍, ന്യായമായും ഒരു ഡോക്യുമെന്ററിയുടെ സ്‌ക്രിപ്റ്റിന്റെ തുടക്കം എന്നു വിചാരിച്ചുപോകും ആരായാലും. പക്ഷേ അല്ല, 2018 ലെ പ്രളയ ഓണവും തിരുവോണവരള്‍ച്ചയും കഴിഞ്ഞ്, 17 മുതല്‍ 23 വരെ നടന്ന ദുരിതാശ്വാസ ക്യാമ്പിന്റെ ഓര്‍മ്മകളുമായി ഓണാവധിയെല്ലം കഴിഞ്ഞ്, ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തീയതി കുസാറ്റിലെ എന്റെ ഡിപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് ഞാന്‍ എന്ന ഉദ്യോഗസ്ഥ പോകാനൊരുങ്ങുന്നതിന്റെ മുഖവുരയാണ് മേല്‍പ്പറഞ്ഞ ഓഗസ്റ്റ് 29. ഒരു റേഡിയോയും വച്ചില്ലെങ്കിലും ആരും പാടിയില്ലെങ്കിലും, കിഷോര്‍കുമാറിന്റെ ‘ദുഖിമൻ മേരേ’യുടെ ഈണമാണ് ചുറ്റിലും എന്തിലും ഏതിലും എന്നെനിക്ക് തോന്നി.

ക്യാമ്പില്‍ യാതൊരു ഔദ്യോഗിക റോളും എനിക്കുണ്ടായിരുന്നില്ല. ഉള്ള അനാരോഗ്യവും പൊതിഞ്ഞുകെട്ടി, ഞാന്‍ വെറുമൊരു ദൃക്‌സാക്ഷിയായി നിലകൊള്ളുക മാത്രമാണ് ചെയ്തത്. ഞാനവരെ, അവരുടെ പായയിലിരുന്ന് കേള്‍ക്കുകയും മാറിനിന്ന് ശ്രദ്ധിക്കുകയും വിരല്‍ കൊണ്ടും വാക്ക് കൊണ്ടും തൊടുകയും മാത്രമാണ് ചെയ്തത്.

ക്യാമ്പിലുണ്ടായിരുന്ന പറവൂരുകാരോട്, ആദ്യമെല്ലാം പറഞ്ഞിരുന്നു, സര്‍ക്കാര്‍ തലത്തിലെ മേലുദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് വഴികള്‍,വീടുകള്‍ ഒക്കെ വെള്ളവും കറന്റും വൃത്തിയും സഹിതം വാസയോഗ്യമാക്കിയിട്ടേ അവരെ പറവൂര്‍ക്ക് പറഞ്ഞുവിടൂ എന്ന്. പക്ഷേ, അത് ഒരെഴുത്തുകാരി യുടെ വെറും റൊമാന്റിക് സ്വപ്‌നമായി ഒരു മൂലയ്‌ക്കൊതുങ്ങവേ, എണ്‍പതോളം കടുംബങ്ങള്‍ ‘ക്യാമ്പ് ‘ എന്ന കൂട്ടുകുടുംബം വിടാന്‍ തിരുവോണത്തിന് മുന്നേ നിര്‍ബന്ധിതരായി. ബക്രീദ് ദിവസം, ഞങ്ങളുടെ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ് വകയായി കിട്ടിയ ഓരോ നൂറുരൂപയും കൈയില്‍ പിടിച്ച് ക്യാമ്പിലെ ആണുങ്ങള്‍ അവരുടെ വീടുകളുടെ പ്രളയാന്തര അവസ്ഥ കാണാനും വല്ലതും മിച്ചമുണ്ടോ എന്നുനോക്കാനും പോയിവന്ന് പല പല അവസ്ഥകളില്‍ കൂനിപ്പിടിച്ചിരുന്നു.

‘പെറ്റമ്മയെപ്പോലെയാണ് ഈ ക്യാമ്പ് ഞങ്ങളെ നോക്കിയതെന്നും ഞങ്ങള്‍ മരിച്ചുപോയാലും ഞങ്ങളുടെ ആത്മാക്കള്‍ വരെ നിങ്ങള്‍ക്കായി വന്ന് പ്രാര്‍ത്ഥിക്കുമെന്നും’ പലതവണ പറഞ്ഞ്, ഞങ്ങള്‍ കൊടുത്ത അത്യാവശ്യഅടുക്കളസാധനങ്ങളുടെ കിറ്റുമായി അവര്‍, പ്രളയാവശിഷ്ടങ്ങ ളിലേയ്ക്ക് തിരികെപ്പോയി . ഇല്ലാത്ത വെള്ളത്തില്‍ കുളിച്ച്, വെള്ളം തല്ലിയുടച്ച പാത്രങ്ങളിലെ ശൂന്യഭക്ഷണം കഴിച്ച് അവരെങ്ങനെയാവും കഴിയുക എന്നോര്‍ത്ത് ഓണം കടന്നുപോയി.

ക്യാമ്പ് കഴിഞ്ഞ് ആദ്യമായി ഓഫീസിലേയ്ക്ക് പോകാന്‍ നേരത്ത് ഞാനുടുക്കാനെടുത്ത സാരി, ‘ഉടുപ്പു കീറിയവരും പ്രളയക്കറ വീണ തുണികള്‍ അലക്കിയെടുക്കാന്‍ നോക്കുന്നവരും’ എന്നോര്‍മ്മിപ്പിച്ചെന്നെ കുത്തിനോവിച്ചുകൊണ്ടിരുന്നു. എന്നിട്ടും ഞാന്‍, സാരിയ്ക്ക് ചേരുന്ന വളയും മാലയും കമ്മലും തിരഞ്ഞു, അതെല്ലാം ചേര്‍ന്നെന്റെ സ്വന്തം ‘പോസ്റ്റ് ക്യാമ്പ് ഡിപ്രഷനെ’ വലിച്ചെടുത്തു വറ്റിച്ചുകളയുമായിരിക്കും എന്നു വെറുതെ വ്യാമോഹിച്ചുകൊണ്ട്.priya a s,memories

ബാഗുപോയിട്ട് ഒറ്റപ്പുപുസ്തകം പോലുമില്ലാതെ, ക്യാമ്പുകള്‍ കൊടുത്ത ‘പാകമാകാത്തും പാകമായതുമായ’ ഉടുപ്പുകളില്‍ ഏറ്റവും നിസ്സഹായനായി, കുസൃതിക്കെട്ടൊക്കെ എവിടെയോ മറന്നുവച്ച്, ഏറ്റവും വലിയ ഒരു തോല്‍വി തോറ്റവരെപ്പോലെ കുട്ടികള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും സ്കൂള്‍പ്പടി കടക്കുന്നത്, ഞാനോടിക്കുന്ന കാറിനപ്പുറം ഒരു ചലച്ചിത്രം പോലെ മുന്നേ നടക്കുന്നു എന്നു തോന്നി. ഞാനവരുമായി ഉള്ളാലെ സംസാരിച്ചുകൊണ്ടേയിരുന്നു. ‘കളറുടുപ്പിട്ട് സ്‌ക്കൂളില്‍പ്പോകാനിഷ്ടമുള്ളവനായിരിക്കുംനീ, പാഠപുസ്തകങ്ങളെ വെറുക്കുന്നവളായിരിക്കും, ചുമട്ടുതൊഴിലാളി എടുക്കുന്ന ഭാരത്തേക്കാള്‍ ഭാരമുള്ള ബാഗില്ലാതെ സ്‌ക്കൂളില്‍പ്പോകാന്‍ കഴിയുന്ന ദിവസം നിന്റെ പ്രിയപ്പെട്ട സ്വപ്‌നമായിരിക്കും, മണ്ണിലേയ്ക്ക് ചെരുപ്പിടാത്ത കാല്‍ പൂഴ്ത്തിത്തുളച്ചു കയറ്റി മണ്ണു തട്ടിത്തെറിപ്പിച്ച് നടക്കാന്‍ നീ കൊതിച്ചിട്ടുണ്ടാവും. പക്ഷേ, നഷ്ടപ്പെട്ടുപോയതുകൊണ്ട് യൂണിഫോമിടാതിരിക്കുക, ബുക്കും ബാഗും ഒലിച്ചുപോയതുകൊണ്ട് കൈയും വീശി സ്‌ക്കൂളില്‍പ്പോകേണ്ടി വരിക, ഷൂവും സോക്‌സും പോയിട്ട് ചെരുപ്പുപോലുമില്ലാതിരിക്കയാല്‍ നഗ്നപാദ നായി സ്‌കൂള്‍പ്പടി കയറിച്ചെല്ലേണ്ടി വരിക – ഇതൊന്നുമായിരുന്നില്ലല്ലോ നിന്റെ സ്വപ്‌നത്തിന്റെ വഴി’ എന്ന് നെടുവീര്‍പ്പുകള്‍ വണ്ടിക്കുള്ളില്‍ നിറയവേ, വണ്ടിയിലെ റേഡിയോയും പ്രളയശേഷ ആകുലതകളെക്കുറിച്ചുതന്നെ പറഞ്ഞു.

ഇപ്പോഴും ക്യാമ്പില്‍ത്തന്നെ കഴിയുന്നവര്‍. വെള്ളമിറങ്ങിയിട്ടും ഓണമിറങ്ങിയിട്ടും ജീവിതത്തിലേക്ക് ഏതു കാല്‍ വച്ചിറങ്ങണമെന്ന റിയാത്തവര്‍. സ്‌കൂളിലെ ഉപ്പുമാവ് പാചകം ചെയ്യുന്ന അടുക്കളയിലും ഉപ്പുമാവ്‌ സാമഗ്രിച്ചാക്കുകളിലും വെള്ളം കയറിയ സ്‌കൂളുകളെ ക്കുറിച്ച് വണ്ടിറേഡിയോ പറയുമ്പോള്‍, കണ്ണില്‍ മഴ ചാറി. പക്ഷേ കൈ-വെപ്പറുക ളൊന്നും അനങ്ങിയില്ല. വയറൊന്നും ആരില്‍നിന്നും ഒലിച്ചുപോകാത്തു കൊണ്ട്, കുഞ്ഞുവയറുകൾ ഉപ്പുമാവ്‌ നേരമാകുമ്പോള്‍ അവരുടെ കുഞ്ഞുടമസ്ഥന്മാരെ തൊണ്ടി വിളിച്ച്, ‘എന്ത്യേ ,എവടെ നമ്മടെ ഉപ്പുമാവ്?’ എന്ന് ചോദിക്കുമായിരിക്കും എന്നോര്‍ത്തപ്പോള്‍, കണ്ണിലേയ്ക്ക് പുകമഞ്ഞു പോലെന്തോ കയറിവന്ന് മുന്നിലെ വഴി കാണാതായി. എത്ര കൊടുത്താലും തീരാത്തത്ര പൈസയും സഹായിക്കാനിറങ്ങി നടന്നാല്‍ തളരാത്തത്ര ആരോഗ്യവും ഉണ്ടായിരുന്നെങ്കില്‍ എന്ന് ജീവിതത്തിലാദ്യമായി ഞാനാഗ്രഹിച്ചു പോവുകയാണല്ലോ എന്നോര്‍ത്തു.priya a s,memories

ഓഫീസ് മുറ്റത്തെ കൂറ്റന്‍ പാലച്ചോട്ടില്‍ വണ്ടി നിര്‍ത്തി, ആളനക്കമില്ലാത്ത മുറ്റം നോക്കി വെറുതേ കുറച്ചുനേരം വണ്ടിയില്‍ത്തന്നെ ഇരുന്നു. ഒരു വലിയ കൂട്ടുകുടുംബവീടിന്റെ മുറ്റമായിരുന്നു ഇത് കുറച്ചു ദിവസം മുമ്പ്. പലപല പ്രായത്തിലെ വീട്ടംഗങ്ങളെന്നോണം പലപല വീട്ടുവേഷങ്ങളില്‍, കുളിയ്ക്കുമുമ്പുള്ള അലസതയായും ഭക്ഷണം കാത്തിരിക്കലായും വീര്‍പ്പുമുട്ടലുകളില്‍ നിന്ന് രക്ഷപ്പെടലായും തുല്യസങ്കടങ്ങള്‍ പങ്കുവയ്ക്കലായും ഇനിയെന്ത് എന്നാലോചിക്കലായും പരസ്പരം സമാശ്വസിപ്പിക്കലായും ക്യമ്പ് നടത്തുന്ന ഞങ്ങളെക്കാണു മ്പോഴുള്ള സ്‌നേഹവും ആദരവും കടപ്പാടും തുളുമ്പുന്ന ചിരിയായും കൈ ചേര്‍ത്തുപിടിക്കലായുമൊക്കെ അങ്ങിങ്ങ് ഇരിക്കുകയും കൂടി നില്‍ക്കുകയും ചെയ്തിരുന്നു കുറേമനുഷ്യര്‍. മുറ്റം, അവരൊക്കെ എന്ത്യേ എന്ന് മനസ്സിലാവാതെ നില്‍ക്കുംപോലെ തോന്നി.

വരാന്തയിലേക്ക് കയറിയപ്പോള്‍ , പോസ്റ്റ് ക്യാമ്പ് ഡിപ്രഷന്‍ നാലിരട്ടിയായി. ‘നേവി’ തയ്യാറാക്കിയ ഭക്ഷണം, മെയിന്‍ ക്യാമ്പുകളില്‍ നിന്ന് വലിയ അലൂമിനിയപ്പാത്രങ്ങളില്‍ കൊണ്ടുവന്നുവച്ച് അത് വിളമ്പിക്കൊടുക്കാന്‍ നില്‍ക്കുന്ന വോളന്റിയേഴ്‌സോ നിരനിരയായി പാത്രവും പിടിച്ച് അച്ചടക്കത്തോടെ നില്‍ക്കുന്ന രണ്ടുമടക്ക് മനുഷ്യ നിരയോ അവര്‍ക്ക് ഇരുന്ന് കഴിയ്ക്കാനും വെറുതെയൊന്ന് ഇറങ്ങിയിരിക്കാനുമായി ക്ലാസ് റൂമുകളില്‍നിന്നും പുറത്തേക്കെടുത്തിട്ട കസേരകളോ ഡസ്‌ക്കുകളോ ഇല്ലാത്ത നീളന്‍വരാന്ത. തൂത്ത് തുടച്ചതിന്റെ തിളക്കമുള്ള ശൂന്യവരാന്തയിലൂടെ, ഒരാഴ്ച മുമ്പ് കണ്ട അതേപാത്രങ്ങളെയും ഡസ്‌ക്കുകളെയും ക്യൂവിനെയും തട്ടിമുട്ടി ചരിഞ്ഞൊതുങ്ങി എന്ന മട്ടില്‍ത്തന്നെ നടന്ന് ഓഫീസ് മുറിയിലേയ്ക്ക് കയറി ഞാന്‍.

കസേരയില്‍ ചെന്ന് മിണ്ടാതെ അനങ്ങാതെ ഇരുന്നു ഞാനോര്‍ത്തു, ഒരു ക്യാമ്പ് ദിവസം പോക്കുവെയില്‍ നേരത്ത് വരാന്തയിലേയ്ക്ക് കയറിവരുമ്പോള്‍ വരാന്തയില്‍ പോക്കുവെയിലിന്റെ ചീളുകളും ട്യൂബ് ലൈറ്റിന്റെ പാല്‍വെളിച്ചവും. കുട്ടികള്‍ക്ക് പുസ്തകം വെയ്ക്കാന്‍ പാകത്തില്‍ ചരിഞ്ഞ പ്രതലമുള്ള ഡസ്‌ക്കുകളും അങ്ങിങ്ങായി കസേരകളില്‍ ഒറ്റപ്പെട്ടിരുന്ന മൗനാവിഷ്ടരും ചേര്‍ന്ന ആ വരാന്തക്കാഴ്ചയില്‍ ഞാനൊരു പള്ളിയ്ക്കകം കണ്ടു. ഒറ്റപ്പെട്ടവരിരുന്ന് കൊന്ത ചൊല്ലുകയായിരുന്നു , ഡസ്‌ക്കുകളിലേക്ക് കൈകുത്തിയിരുന്ന്. എനിക്ക് പെട്ടെന്ന് മുട്ടുകുത്തി ‘നന്മ നിറഞ്ഞ മറിയമേ’ ചൊല്ലാന്‍ തോന്നി. പാലമരത്തില്‍ ചാരി നിന്ന്, യേശു, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി എന്ന പള്ളിക്കകത്തെ പ്രാര്‍ത്ഥന കേട്ട് എന്തോ ആലോചിച്ചു കൊണ്ടു നില്‍ക്കുന്നു എന്ന് നിറയുന്ന കണ്ണുകള്‍ക്കിടയിലൂടെ ഞാനാ ദൃശ്യത്തെ വായിച്ചെടുത്തു. ഹൃദയം, തൊണ്ടക്കുഴിയില്‍ വന്നു തടഞ്ഞുനിന്നു. യേശു നോക്കി നിന്ന വരാന്തകള്‍, ആ അലൗകിക വെളിച്ചം എന്നെ കാണിച്ചു തന്ന ഒരു പിടി മനുഷ്യര്‍, ഇല്ലാത്ത കൊന്തയുടെ മണികളെണ്ണിയിരുന്ന് അവര്‍ തികഞ്ഞ സംയമനത്തോടെ ചൊല്ലിയ വാക്കില്ലാ പ്രര്‍ത്ഥനകള്‍ – അതെല്ലാം തിരികെ വേണം എന്ന് എനിക്ക് എന്നോട് വാശി പിടിക്കാന്‍ തോന്നി.

മെയിൻ ക്യാമ്പില്‍ നിന്ന് ആദ്യദിവസം ക്യാമ്പിലേക്ക് കൊടുത്തയച്ച ഭക്ഷണം തികയാതെ വരികയും കാലിയായ പാത്രങ്ങള്‍ക്ക് മുന്നില്‍നിന്നിളകാതെ അച്ചടക്കമുള്ള ക്യൂവായി,പരാതിയേയില്ലാത്ത മുഖപ്രസാദ ത്തോടെ ഭക്ഷണം കിട്ടാത്തവര്‍ നില്‍ക്കുകയും ചെയ്തപ്പോള്‍, ഞാനും ഒരു വോളന്റിയറും കൂടി ഭക്ഷണമെടുത്തുവരാം എന്നു പറഞ്ഞ് മെയിന്‍ക്യാമ്പിലേയ്ക്ക് കാറില്‍ പോയി. അപ്‌ളൈഡ് കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിലെ ആ പി എച്ച് ഡി വിദ്യാര്‍ത്ഥിയും ഞാനുമായി ചെന്നപ്പോഴേയ്ക്ക് ഭക്ഷണ വണ്ടി ക്യാമ്പിലേയ്ക്ക് പുറപ്പെട്ടിരുന്നു. തലമുടി നീട്ടി വളര്‍ത്തിയ, ഇരുണ്ട നിറക്കാരന്‍, പാലക്കാടുകാരന്‍, പി എച്ച് ഡിക്കാരന്‍ ഉണ്ണിക്കൃഷ്ണനെ പരിചയപ്പെടുന്തോറും എവിടെയോ പരിചയമുണ്ടല്ലോ എന്നു തോന്നി .പിന്നൊരു ദിവസം വെളിപാടുണ്ടായി, ഛായ യേശുവിന്റേ തായിരുന്നു. ദ്രവീഡിയന്‍ ഛായയില്‍ വന്നപ്പോള്‍ എനിക്കു മനസ്സിലാകാ തിരുന്നതാണ്. ഊട്ടാന്‍ അപ്പമന്വേഷിച്ച് പോയപ്പോള്‍ കൂട്ടുവന്ന ഉണ്ണിക്കൃഷ്ണന്‍, യേശുവല്ലാതെ മറ്റാരാകാനാണ്?priya a s ,kerala floods,memories

ക്യാമ്പ് സമയം,തൃക്കാക്കരഅമ്പലത്തിലെ ഉത്സവ സമയവുമായിരുന്നു. പോയതേയില്ല അമ്പലത്തില്‍. കല്ലില്‍ നിന്ന് ദശാവതാരങ്ങളും വിരല്‍ത്തുമ്പിലെ ചന്ദനച്ചാര്‍ത്ത് കൊണ്ട് പണിതെടുക്കുന്ന കരവിരുത് കാണാന്‍ ഓഫീസുനേരം കഴിഞ്ഞ് ഓടാറുള്ള പതിവ് ഇത്തവണ ഉണ്ടായില്ല. ക്യാമ്പിലുണ്ടായിരുന്നു ചന്ദനച്ചാര്‍ത്തും ദശാവതാരങ്ങളും. ക്യാമ്പില്‍ പങ്കെടുത്തവരും ക്യാമ്പ് നടത്തിയവരും എല്ലാം തന്നെ ദൈവങ്ങളായിരുന്നു, പാഠങ്ങള്‍ പലത് വിഷ്യല്‍രൂപത്തില്‍ കാണിച്ചു തരാന്‍ പാകത്തിലെ മനുഷ്യരൂപദൈവങ്ങളെ കണ്ടതിന് കണക്കില്ല.

ഊണിനായി ചതുരാകൃതിയിലെ പേപ്പര്‍പ്‌ളേറ്റും പിടിച്ചുനിന്ന ഒരെട്ടുവയസ്സുകാരന്‍ കുട്ടിയോട് ‘ഇത്ര മതിയോ’ എന്നു ചോദിച്ചപ്പോള്‍ ‘കുറച്ചൂു കൂടി’ എന്നവന്‍ പറയുന്നതു കേട്ടും കുറച്ചൂകൂടി ചോറിട്ടപ്പോള്‍ കനമില്ലാത്ത ആ പ്‌ളേറ്റ് വളയുന്നതു കണ്ടുമാണ് ഞാനവനെ ശ്രദ്ധിച്ചത്. ‘സാമ്പാറും കുറച്ചൂ കൂടി ഒഴിച്ചോ’ എന്നവന്‍ പറഞ്ഞപ്പോള്‍, ഇവനിത്ര ഉണ്ണുമോ, ഇനി ഏതു നേരത്താണ് ആഹാരം കിട്ടുക എന്ന ആധി കൊണ്ടാവുമോ കുട്ടി കൂടുതല്‍ ചോദിക്കുന്നത് എന്ന് വിചാരിക്കുകയും വളയുന്ന പ‌ളേറ്റ് പിടിച്ചുതരാം എന്നു പറഞ്ഞ് കൈ നീട്ടുകയും ചെയ്തപ്പോള്‍ അവന്‍ പറഞ്ഞു, ‘എനിക്കല്ല അമ്മൂമ്മയ്ക്കാണ്, അമ്മൂമ്മ മൂകളിലാണ്, താഴേക്കിറങ്ങാന്‍ വയ്യ.’ അവന്റെ കുഞ്ഞുകൈയിലെ പ്ളേറ്റില്‍ നിറഞ്ഞ കരുതല്‍ കൊണ്ടുതന്നെ, അവന്റെ അമ്മൂമ്മയുടെ വയറു നിറഞ്ഞു കാണുമല്ലോ എന്നു കരുതി, അവന്‍ സ്‌റ്റെപ്പ് കയറിപ്പോകു ന്നതും നോക്കി ഞാന്‍ കണ്ണിമയ്ക്കാതെ നിന്നു.

കുളിക്കാനായി പോകുന്ന പ്രായം ചെന്ന സ്ത്രീയോട്, ‘നൈറ്റി കിട്ടിയോ’ എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു, ‘കിട്ടി മോളെ,പക്ഷേ അടിപ്പാവാട കിട്ടിയില്ല’.കുറച്ചുപഴയ തുണികള്‍ ക്യാമ്പിലേക്കാവശ്യമെങ്കിലെടുക്കാം എന്നു കരുതി വണ്ടിയിലെടുത്തു വച്ചതില്‍ കുറച്ചടിപ്പാവാടകളുമുണ്ടല്ലോ എന്നോര്‍ക്കുകയും ‘പഴയത് മതിയോ’ എന്നു ചോദിക്കുകയും ആ പാക്കറ്റ് നിധി പോലെ വാങ്ങി ആ അമ്മ പോവുകയും ചെയ്തപ്പോള്‍, ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റ് ടോയ്‌ലറ്റുകളില്‍ എങ്ങനെ അവര്‍ നിന്നു കുളിയ്ക്കും ,അവരെവിടെ തുണിയിടും എന്നോര്‍ത്ത് ഞാന്‍ നിന്നു. പിന്നൊരു രാവിലെ സ്‌നേഹാതിരേകത്തോടെ അവര്‍ വന്നെന്നോട് ചേദിച്ചു, ‘ഓര്‍ക്കണില്ലേ, എനിക്കല്ലേ അടിപ്പാവാട തന്നത്?’. തിരിച്ചൊരു ചിരികൊടുത്ത് പേര് ചോദിച്ച് ഞാന്‍ നിന്നപ്പോള്‍, ‘മോഹിനി, ദൈവത്തിന്റെ പേരാണ് ‘ എന്നവര്‍ സ്വയം കളിയാക്കിയെന്നപോലെ പേര് പറഞ്ഞുതന്നു. പ്രളയത്തില്‍പ്പെട്ട ദൈവപ്പേരുകാരിയോട് എന്തു പറയണമെന്നറിയാതെ ഞാന്‍ ചിന്താവിഷ്ടയായി.

‘കഴിക്കാന്‍ വിളിച്ചാല്‍ ,നേരത്തും കാലത്തും വന്നു കഴിക്കാറുണ്ടോ ഇവന്‍’ എന്ന ഒരമ്മയോടും മകനോടുമുള്ള എന്റെ ചോദ്യം, ക്യാമ്പിലേയ്ക്ക് ഞാന്‍ കൂട്ടിക്കൊണ്ടുവന്ന എന്റെ മകന്‍ കൂടി കേള്‍ക്കാന്‍ വേണ്ടിയള്ള തായിരുന്നു.’മുട്ടയുണ്ടാക്കിവച്ചിട്ട് കഴിക്കാന്‍ വിളിച്ചാല്‍,വേണ്ടെന്നല്ലേ പറഞ്ഞത്’ എന്നു ചാടുന്ന മകന്റെ രീതിയെക്കുറിച്ച് പറഞ്ഞ് ആ അമ്മ കൂട്ടിച്ചേര്‍ത്തു, ‘ആ കോഴി വെള്ളത്തില്‍ മുങ്ങി ചത്തുപോയി ‘. മുട്ട വേണ്ടെന്ന് ഒച്ചവെച്ചിരുന്ന കഥാനായകന്‍ പെട്ടെന്ന് തല കുനിച്ചു. ഞാനവന്റെ താടിയില്‍ തൊട്ടു മുഖം പിടിച്ചുയര്‍ത്തുന്നതിനിടെ, ആ അമ്മ ‘വീടിന് മുകളില്‍ ടെറസ്സിലെങ്ങാണ്ട് കയറ്റിനിര്‍ത്തിയിട്ടിട്ട് പോന്ന പത്തോളം ആടുകളെ’ക്കുറിച്ച് പറഞ്ഞു. ‘ഒന്നും പറ്റിക്കാണില്ല, അവരവിടെ ത്തന്നെയുണ്ടാകും’ എന്ന് എന്റെ മകന്‍ ചാടിക്കേറി പ്പറഞ്ഞു. തിരിച്ചുനടക്കുമ്പോള്‍, ‘അതുങ്ങള്‍ ചത്തുകാണും, പക്ഷേ അങ്ങനെ പറഞ്ഞവരെ വിഷമിപ്പിക്കരുതല്ലോ’ എന്നു മകന്‍ പറഞ്ഞപ്പോള്‍ , പ്രിയങ്കരങ്ങളായ നുണകളേക്കാള്‍ അപ്രിയസത്യങ്ങള്‍ മാത്രം വഴങ്ങുന്ന എന്റെ നാവിന് മിണ്ടാട്ടം മുട്ടി. അവന്‍ പറഞ്ഞതോ ഞാന്‍ പറയാനിരുന്നതോ ശരി എന്ന് എനിക്കിപ്പോഴുമറിഞ്ഞുകൂടാ.priya a s ,memories

‘വയര്‍ നിറയാനല്ലല്ലോ എണീറ്റുനില്‍ക്കാന്‍ വേണ്ടിയല്ലേ കഴിക്കുന്നത്, പുറകില്‍ നില്‍ക്കുന്നയാള്‍ക്ക് കഴിക്കാനുണ്ടോ എന്ന് നോക്കാതെ ഞങ്ങളാരും ഒന്നുമെടുക്കാറില്ല’ എന്നു പറഞ്ഞ ക്യാമ്പംഗങ്ങള്‍, അവരിപ്പോഴും അദൃശ്യസാന്നിദ്ധ്യമായി ഞങ്ങളുടെ വരാന്തയിലുണ്ട്യ

വെള്ളത്തിലൂടെ നീന്തി വന്നതിനാല്‍ ചെവിയില്‍ നിന്ന് പഴുപ്പൊലിക്കുന്ന ഒരമ്മ, ‘മെയിന്‍ക്യാമ്പിലെ ഡോക്ടറെ ചെന്നു കാണൂ, വണ്ടി വന്നിട്ടുണ്ട്’ എന്നു ഞങ്ങള്‍ പറഞ്ഞതിനെ ‘വേണ്ട’ എന്ന് ഒരു ചെറുചിരിയോടെ നിരാകരിച്ചു. കുടുംബത്തിലെ ബാക്കിയെല്ലാവരും വീട് കഴുകാന്‍ പോയിരിക്കുന്നതിനാല്‍ ,പേരക്കുട്ടികളായ രണ്ടാണ്‍കുട്ടികളെ തനിച്ചാക്കിയേ ഡോകറ്ററുടെ അടുത്തേക്ക് പോകാനാവൂ , ഞാന്‍ മരുന്നിനു പോയി വരുന്ന നേരം കൊണ്ട് അവരിവിടുത്തെ ബള്‍ബെങ്ങാന്‍ പന്തുകളിച്ച് പൊട്ടിച്ചാലോ എന്നു ചോദിച്ച് ചെവി വേദനയെ നിസ്സാരവതക്കരിച്ച് അവരിരിക്കുന്നത് ഞാനത്ഭുതത്തോടെയാണ് കണ്ടുനിന്നത്.

‘നല്ല ടൈല്‍സല്ലേ, ഈര്‍ക്കിലിച്ചൂലേയുള്ളു ഇവിടെയൊക്കെ നോക്കീട്ട്, ഒരു പുല്‍ച്ചൂല് കിട്ടുവോ, ടൈല്‍സില് പാടു വീഴാതിരിക്കാനാ’ എന്നു ചോദിച്ച ക്യാമ്പ് അംഗത്തിനെ ഓര്‍മ്മിപ്പിക്കുന്നു ഡിപ്പാര്‍ട്ട്‌മെന്റിലെ ഓരോ ടൈല്‍സും.
‘കാറില്‍ ചായ കൊണ്ടുവരണ്ട ,തുളുമ്പും, പിന്നെ സീറ്റ് വൃത്തിയാക്കാന്‍ പാടാവും,ഞങ്ങള്‍ടെ ഒരോട്ടോയുണ്ട്, അതില് കൊണ്ടുവരാം ചായ’ എന്നു പറഞ്ഞ് എന്നെ പിന്തിരിപ്പിച്ചവര്‍ – അവരെ നോക്കി ഞാനത്ഭുതപ്പെട്ടു. വീടു മുഴുവന്‍ കയറിയ ചെളിയാണോ കാറിലേക്ക് തുളുമ്പി വീഴാനിടയുള്ളള കുറച്ചുചായത്തുള്ളികളാണോ മാരകം? സര്‍വ്വതിലും പ്രളയം കറ പിടിപ്പിച്ചിട്ടും, ഇവരിത്ര തെളിമയോടെ പെരുമാറുന്നതെങ്ങ നെയെന്ന് ഓരോ ക്യാമ്പ് ദിനവും എന്നെ ഞെട്ടിപ്പിച്ചതിന് കണക്കില്ല.

ദുരിതാശ്വാസ ക്യാമ്പില്‍ ഒന്നിനും ഒരു കുറവും വരാതെ കഴിയാനായതിന് നന്ദി പറഞ്ഞവരുടെ കൈ പിടിച്ച്, ക്യാമ്പ് നടത്താന്‍ ചിലര്‍ അവശേഷിക്ക ണമെന്നും കേരളം മുഴുവനായി ഒലിച്ചു പോയി മണ്‍മറഞ്ഞ സംസ്‌ക്കാര വും ജനാവലിയുമായി ‘മലയാളി’ ഏതോ ചരിത്രപാഠപുസ്തകത്തില്‍ ഒതുങ്ങരുതെന്നും പ്രകൃതിയമ്മ നിശ്ചയിച്ചതുകൊണ്ടുമാത്രമാണ് പ്രളയം ഞങ്ങളെപ്പോലെ കുറച്ചുപേരെ തൊടാതിരുന്നത് എന്നു പറയാതിരിക്കാനായില്ല. ‘ഇത് നിങ്ങളുടെ ഊഴം , എപ്പോഴോ വരും ഞങ്ങളുടേത് ഒരു പക്ഷേ ഭൂകമ്പമായും സുനാമിയായും, അപ്പോള്‍ ക്യാമ്പ് നടത്താന്‍ ബാക്കിയാവുക നിങ്ങളാവും, ഏതോ ചിലര്‍ ഭംഗിയായി ഞങ്ങളുടെ ദുരിതങ്ങളെ നെഞ്ചോട് ചേര്‍ത്ത ഓര്‍മ്മയില്‍ ഏതോ ചിലര്‍ക്കായി അന്ന് നിങ്ങളും ക്യാമ്പ് നടത്തും. ഒരു പക്ഷേ, നിങ്ങളുടെ ഈ സ്‌നേഹവര്‍ത്തമാനങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചുവളരുന്ന, അതിജീവനവും ഒരു കലയാണെന്ന് തിരിച്ചറിഞ്ഞ് വളരാനിടയായ ഒരു പുതുതലമുറയാവും അന്ന് ക്യാമ്പ് നടത്തുക. ഞങ്ങളാവണമെന്നില്ല അന്നത്തെ ക്യാമ്പംഗങ്ങള്‍, ഞങ്ങള്‍ക്ക് പിറക്കാനിരിക്കുന്ന ഏതോ വരുംതലമുറ അന്ന് നിങ്ങളുടെ വിരലുകളില്‍ പിടിച്ച് ഇതുപോലെ നന്ദിപറയും’. ഞാന്‍ പറഞ്ഞതു കേട്ട്, അവര്‍ ചിരിച്ചു,തലയാട്ടി, സ്‌നേഹപൂര്‍വ്വം കണ്ണില്‍നോക്കി.

ക്യാമ്പംഗങ്ങള്‍, അവരെന്നെ പഠിപ്പിച്ചത് എങ്ങനെ ഒരു ദുരിതാശ്വാസ ക്യാമ്പ് നടത്താമെന്നല്ല, എങ്ങനെയാണ് ഒരു ദുരിതാശ്വാസക്യാമ്പില്‍ കഴിയേണ്ടത് എന്നാണ്. പാകമാകാത്ത ഉടുപ്പുകള്‍ ഇട്ട്, കാലും നടുവും വേദനിച്ചാലും ക്യൂ നില്‍ക്കുന്നത് എങ്ങനെയാണെന്ന്, സ്ഥാവരജംഗമ സ്വത്തുക്കളൊന്നും ബാക്കിയായില്ലെങ്കിലെന്ത്, ഞാനും എന്റെ ശുഭാപ്തി വിശ്വാസവും ബാക്കിയുണ്ടല്ലോ എന്നു സ്വയം പറഞ്ഞ്, കരയാതെയും ശപിക്കാതെയും ആരെയും കുറ്റപ്പെടുത്താതെയും ജീവിതത്തിന്റെ നടകളിലെ ചേറ് തൂത്തുകളഞ്ഞും അതിനെ കവച്ചുനടന്നും ജീവിക്കുന്നതെങ്ങനെയാണെന്ന് അവരെനിക്ക് കാണിച്ചുതന്നു. സെമിനാര്‍ഹാളില്‍ വോളന്റിയേഴ്‌സ് കുട്ടികള്‍ സിനിമ വച്ചുകൊടുത്ത് ഉള്ളുരുക്ക മൊരു മൂലയിലേയ്ക്ക് തൂത്തുകൂട്ടിവെയ്ക്കാന്‍ പ്രേരിപ്പിച്ചപ്പോള്‍, അവര്‍ അനുസരണയോടെ വന്നിരുന്ന് സ്ക്രീനിലെ ഉര്‍വ്വശിക്കും ശ്രീനിവാസ നുമൊപ്പം ചിരിക്കാന്‍ ശ്രമിക്കുകയും അതിജീവനത്തിന്റെ വഴിയിലേക്ക് ആത്മസംയമനത്തോടെ നടക്കുക എന്ന കലയുടെ പൊട്ടും പൊടിയും ഏറ്റുവാങ്ങി ഞാനാ ചിത്രവര്‍ണ്ണത്തരികള്‍ക്കിടയില്‍ നില്‍ക്കുകയും ചെയ്തു.priya a s memories

ഹാള്‍ ടിക്കറ്റിലെ രജിസ്റ്റര്‍നമ്പറുകള്‍ മേശകളില്‍ ഒട്ടിക്കേണ്ടിവരുന്നത് ഒഴിവാക്കാനായി, സെമിനാര്‍ഹാളിനെ പരീക്ഷാവേളകളില്‍ ഒഴിവാക്കി നിര്‍ത്താറുള്ള ഒരു ഡിപ്പാര്‍ട്ട്‌മെന്റ്, നനഞ്ഞുകുതിര്‍ന്നുകയറിവന്ന ഒരു കൂട്ടം മനുഷ്യരെ അതിഥികളായി കണ്ട്, അവരെ ആ സെമിനാര്‍ ഹാളില്‍ രാജകീയമായി ഇരുത്തി ‘അരവിന്ദന്റെ അതിഥികളി’ലേതടക്കമുളള സിനിമകളിലെ പാട്ടുകൾ  കാണിച്ചുകൊടുത്തു. സെമിനാര്‍ ഹാളില്‍ ഹാള്‍ടിക്കറ്റില്ലാതെ നടക്കുന്നത് ജീവിതപരീക്ഷയാണ് എന്നു തോന്നി. ‘രാസാത്തി’ എന്ന പാട്ട് കേള്‍ക്കുമ്പോഴൊക്കെ കുസാറ്റിന്റെ അതിഥികളായി ഒരു പിടി പാവം പറവൂരുകാര്‍ വന്നുപോയതാണ് ജീവിതകാലം മുഴുവന്‍ ഞാനോര്‍ക്കുക. എനിയ്ക്കത് അതിജീവനത്തിന്റെ പാട്ടാണ്.

എന്റെ കളിമണ്‍കട്ടവീട്ടില്‍ പാരപ്പെറ്റോളം വെള്ളം കയറിയാല്‍, ഞാനിവരെപ്പോലെ സംയമനത്തോടെ ഒരു ദുരിതാശ്വാസ ക്യാമ്പിലിരു ന്നൊരു സിനിമ കാണുമോ, ചിരിക്കുമോ ഇത്രയും പാഠങ്ങള്‍ ഇവരെന്നെ പഠിപ്പിച്ചുകഴിഞ്ഞിട്ടും എന്ന് പല തവണ ഇതിനകം ഞാനെന്നോട് തന്നെ ചോദിച്ചുകഴിഞ്ഞു. ഇതേ പാഠം തന്നെയാണ് ഫാദര്‍ ബോബി ജോസ് കട്ടിക്കാടിന്റെ വാക്കുകള്‍ പകര്‍ന്നുതന്ന്, വണ്ടാനം മെഡിക്കല്‍കോളേജിലെ റേഡിയോളജിസ്റ്റും എന്റെ സുഹൃത്തുമായ ഡോ സുമ എന്റെ ഒരു ആശുപത്രിവേളയില്‍ എന്റെയുള്ളിലേക്കൊഴുക്കിവിട്ടത്. വീടില്ലാത്തവരോട് സംസാരിക്കുന്നവേളയില്‍ ഫാദര്‍ അവരോട് പറഞ്ഞു-“യേശുവിന് വീടുണ്ടായിരുന്നില്ല.സ്വന്തമായി കല്ലറയുമുണ്ടായി രുന്നില്ല.” വീടു പോയവര്‍,വീടു പണിയുന്നവര്‍, കൂറ്റന്‍ വീട് ഉള്ളവര്‍ -എല്ലാവരും തലചായ്ച്ചുറങ്ങേണ്ടത് ഈ വാചകത്തിലാണ് എന്ന് അന്ന് ബോദ്ധ്യമായതാണ്.

വഴിയരികിലെ ഓരോ വീടിനോടും ‘ഒരു കാറ്റു വന്ന് കുലുക്കിയാല്‍, ഒരു പെരുമഴവന്ന് തട്ടിയാല്‍ ചീട്ടുകൊട്ടാരമായി വീഴാനുള്ള ചിലതിനായി എന്തിനാണ് ഇത്ര വിയര്‍പ്പും പൈസയുമൊഴുക്കുന്നത്?’ എന്ന് ചോദിച്ചു കൊണ്ടാണ് പ്രളയം കടന്നുപോയത്. കൂറ്റന്‍ മതിലുകളില്ലായിരുന്നെങ്കില്‍ തോണി വന്നേനെ പല മുറ്റങ്ങളിലും വളരെ വേഗം എന്നു പറഞ്ഞുകേട്ടു. ഗേറ്റിനുമുകളിലൂടെ, നീണ്ട ഡ്രൈവ് വേയിലൂടെ വന്ന വള്ളങ്ങളില്‍ കയറിരക്ഷപ്പെട്ടവര്‍.

‘കുഞ്ഞേ പാഠപുസ്തകങ്ങളെല്ലാം പ്രളയത്തിലൊലിച്ചുപോയെങ്കിലെന്ത്, തന്നില്ലേ പ്രകൃതി താളുകള്‍ക്കപ്പുറത്തുള്ള ജീവിതപാഠം, അറിഞ്ഞില്ലേ ഇപ്പോഴേ ഇഷ്ടമുള്ളതെല്ലാം ഒരിയ്ക്കല്‍ നഷ്ടമാകെുമെന്ന്’ എന്ന് പേരോ നാളോ അറിയാത്ത ഒരാള്‍ വാട്‌സ് ആപ് ഫോര്‍വേര്‍ഡുകളിലിരുന്ന് ഹൃദയത്തിലേക്ക് തോണി തുഴഞ്ഞുകയറിവരും പോലെ, ജലമുനമുറിവു കള്‍ക്കുശേഷം പാടുമ്പോള്‍, വൈരാഗം എന്ന വാക്കിന്റെ പ്രസക്തി അറിയുകയാണ്. ഒന്നും എന്റെയല്ല, ഞാന്‍ ആരുടേതുമല്ല എന്നറിയുകയാണ്.. ഒരിക്കലുമില്ലാത്ത വിധം ഞാന്‍, എന്റെ ഹൃദയത്തിന്റെ ഷട്ടറുകളെല്ലാം തുറന്നിടുകയാണ്.

ഈ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസില്‍ നിന്നു പോകുന്നിടത്തോളം കാലം, ഈ വരാന്തയിലൂടെ നടക്കുമ്പോഴൊക്കെയും ഞാന്‍ ഇനിയും ആ ശാന്തമായ ക്യൂ നിരകള്‍ കാണും.

ഞങ്ങളുടെ പറവൂരുകാരുടെ സ്വപ്‌നത്തിന്റെ തറികള്‍ ശരിയാവാന്‍ ഇനിയും ഒരുപാട് നാളുകളെടുക്കും. കഴുകിക്കഴുകിയെടുത്താലും എല്ലാത്തിലും ചേറിന്റെ പാടുകള്‍ അവശേഷിക്കും.എല്ലാത്തിനെയും അതി ജീവിച്ചാലും അവര്‍ ചില രാത്രികളില്‍ ,കാലില്‍ ഒരു ജലമുനവന്ന് തണുപ്പിന്റെ മൂര്‍ച്ചയോടെ കുത്തിക്കയറി എന്നു വിചാരിച്ച് ചാടിയെഴുന്നേല്‍ക്കും. അല്ലെങ്കിലും ഒരതിജീവനത്തിന്റെയും വഴികള്‍ ഒരു തരിപോലും എളുപ്പമല്ലല്ലോ.

കിഷോര്‍കുമാര്‍ പാടി അഭിനയിക്കുന്ന ആ പാട്ടിലെ ‘ആ ചല്‍ കെ തുഛെ ,മെ ലേകെ ചലൂം ഇക് ഐസെ ഗഗന്‍ കെ തലേ, ജഹാം ഗം ഭീ നഹോ തും ഭീ നഹോ ആസൂ ഭീ നഹോ ബസ് പ്യാര്‍ ഹീ പ്യാര്‍ പലെ’ എന്ന വരിയിലേയ്ക്ക്, ഓരോ അതിജീവനക്കാരെയും പ്രത്യേകിച്ച് കുട്ടികളെ കൊണ്ടുപോകാന്‍ വേണ്ടിയാണ് മഹാപ്രളയം വന്നത് എന്നു വിചാരിച്ചുനോക്കുകയാണ് ഞാന്‍. അല്ലെങ്കിലും ആ പാട്ടിലെ ഓരോ വരിയും, കൂടെ നടക്കുന്ന ഒരു കുട്ടിക്ക് വേണ്ടിയാണല്ലോ.

ചില പാട്ടുകള്‍ അങ്ങനെയാണ്, മഹാപ്രളയങ്ങളെയും അതിജീവിക്കും. എനിക്ക് വിശ്വാസമുണ്ട്, മനുഷ്യന്‍, അത്തരമൊരു പാട്ടാണ്..

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook