/indian-express-malayalam/media/media_files/uploads/2018/09/hariharan-1.jpg)
"പാതിരയോടടുത്തു. ഒരു വലിയ ചത്ത പശു ഒഴുകിവന്നു. പുരയില്‍ അടിഞ്ഞു. പട്ടി മുകളെടുപ്പില്‍ നിന്ന് അതുനോക്കി നില്‍ക്കയാണ്. താഴത്തേക്കിറങ്ങിയില്ല. ആ ശവശരീരം മന്ദം മന്ദം മാറുന്നു. പട്ടി മുറുമുറുത്തു. ഓല മാന്തിക്കീറി വാലാട്ടി, പിടികിട്ടാത്തമട്ടില്‍ അല്പം അകലാന്‍ അതു തുടങ്ങവേ, പതുക്കെപ്പതുക്കെ പട്ടി താഴേക്കിറ റങ്ങി കടിയിട്ടു വലിച്ചടുപ്പിച്ചു തൃപ്തിയോടെ തിന്നുതുടങ്ങി. കൊടിയ വിശപ്പിനു വേണ്ടുവോളം ആഹാരം! 'ഠേ' ഒരടി! പട്ടിയെ കാണ്‍മാനില്ല. ഒന്നു കുതിച്ചുതാണിട്ടു പ ശു അങ്ങകന്ന് ഒഴുകിപ്പോയി. അപ്പോള്‍ മുതല്‍ കൊടുങ്കാറ്റിന്റലര്‍ച്ചയും തവളകളുടെ തുടിപ്പും അലയുടെ ശബ്ദവും അല്ലാതൊന്നും കേള്‍പ്പാനില്ല. അവിടെമൊക്കെ നിശ്ശബ്ദം. ഹൃദയമുള്ള വീട്ടുകാവല്‍ക്കാരന്‍.
പട്ടിയുടെ നിസ്സഹായസ്ഥിതി വെളിപ്പെടുന്ന മോങ്ങല്‍ പിന്നീട് കേട്ടിട്ടില്ല! അഴുകിച്ചീഞ്ഞ ശവശരീരങ്ങള്‍ ആ ജലപ്പരപ്പില്‍ അവിടവിടെ ഒഴുകിപ്പോയി. കാക്ക ചിലതിലിരുന്നു. കൊത്തിത്തിന്നുന്നുമുണ്ട്. അതിന്റെ സൈ്വരതയെ ഒരു ശബ്ദവും ഭഞ്ജിച്ചില്ല! കള്ളന്മാര്‍ക്കും അവരുടെ വൃത്തിക്കും വിഘാതമുണ്ടായില്ല! എല്ലാം ശൂന്യം.
അല്പസമയം കഴിഞ്ഞപ്പോള്‍ ആ കുടില്‍ നിലത്തുവീണു. വെള്ളത്തിലാണ്ടു. അനന്തമായ ആ ജലപ്പരപ്പില്‍ ഒന്നും ഉയര്‍ന്നു കാണ്‍മാനില്ല. യജമാനന്റെ ഗൃഹത്തെ മരണം വരെ ആ സ്വാമിഭക്തിയുള്ള മൃഗം കാത്തു. അവന്‍ പോയി. അവനുവേണ്ടിയെന്നോണം ആ കുടില്‍ അവനെ മുതല പിടിക്കുന്നതുവരെ ജലത്തിനുമീതെ ഉയര്‍ന്നുനിന്നു. അതു താണു.പൂര്‍ണമായി ജലത്തില്‍ താണു.
വെള്ളമിറക്കം തുടങ്ങി. ചേന്നന്‍ നീന്തിത്തുടിച്ച് പട്ടിയെ അന്വേഷിച്ചു കൊട്ടിലിലേക്കു വരുകയാണ്. ഒരു തെങ്ങിന്‍ചുവട്ടില്‍ പട്ടിയുടെ ശവശരീരം അടിഞ്ഞുകിടക്കുന്നു. ഓളങ്ങള്‍ അതിനെ മെല്ലെ ചലിപ്പിക്കു ന്നുണ്ട്. പെരുവിരല്‍ കൊണ്ട് ചേന്നന്‍ അതിനെ തിരിച്ചും മറിച്ചും ഇട്ടുനോക്കി. അതവന്റെ പട്ടിയാണെന്നു സംശയം തോന്നി. ഒരു ചെവി മുറിഞ്ഞിരിക്കുന്നു. തൊലി അഴുകിപ്പോയിരുന്നതിനാല്‍ നിറം എന്തെന്നറിഞ്ഞുകൂടാ."
'വെള്ളപ്പൊക്കത്തിൽ' -തകഴി
പ്രളയം വന്നപ്പോൾ ജീവൻ മാത്രം മുറുകെ പിടിച്ച് അഭയം തേടി ഓടിയവർ വെള്ളമിറങ്ങിയപ്പോൾ വീടുകളിൽ തിരിച്ചെത്തിയപ്പോഴായിരുന്നു തങ്ങളുടെ തീരാനഷ്ടങ്ങളെക്കുറിച്ചു ബോധവാന്മാരായതും നിരാശയിലാഴ്ന്നുപോയതും.
പല വീടുകളിലും അപ്പോഴും വെള്ളം പൂർണ്ണമായി ഇറങ്ങിയിരുന്നില്ല .ഒരു ജീവിതത്തിന്റെ സമ്പാദ്യമായ വീട്ടുപകരണങ്ങൾ എല്ലാം നശിച്ചു പോയിരുന്നു. ഉടുതുണിക്ക് മറുതുണി യില്ലാതെ വീടുവിട്ടോടിയവർ ക്യാമ്പുകളിൽ നിന്നും കിട്ടിയ വസ്ത്രങ്ങളുമായാണ് തിരികെയെത്തിയത്.
കുട്ടികളുടെ പാഠപുസ്തകങ്ങൾ വെള്ളം അപ്പാടെ വിഴുങ്ങിയിരുന്നു. സർക്കാരും സന്നദ്ധസംഘടനകളും ജനങ്ങളും ഭക്ഷണവും കുടിവെള്ളവും മരുന്നുകളുമായി സഹായത്തിനെത്തുമ്പോഴും മുൻപിലുള്ള ജീവിത വഴിയിലെ വെളിച്ചക്കുറവ് ഇവിടെയുള്ള പലരിലും ഒരു പകച്ച നോട്ടം ബാക്കിവെച്ചിരിക്കുന്നു.
"വെള്ളം ഇറങ്ങിയിട്ട് വേണം ഞങ്ങൾക്ക് വീണ്ടുമൊന്ന് കാര്യങ്ങളൊക്കെ ചെയ്യാൻ " എന്ന വായ്മൊഴിയാണ് ഒരുവിധം എല്ലാവരിലും നിന്ന് കേൾക്കാനായത്.
വെള്ളം. ഇപ്പോഴും കുട്ടനാട്ടിൽ സർവത്ര വെള്ളമാണ്. കൃഷിയിടങ്ങളും പല വീടുകളും എല്ലാം .പ്രകൃതിയുടെ പ്രതീക്ഷിക്കാതെയുള്ള പ്രഹരമേറ്റ മനുഷ്യന്റെ നിസ്സഹായമായ അവസ്ഥയായിരുന്നു ഞങ്ങളെ അവിടെ എതിരേറ്റത്.
അവിടെ നിന്നുമെടുത്ത ഫോട്ടോസിൽ, മനുഷ്യന്റെ നിരാശയുടെയും പ്രത്യാശയുടെയും അതിജീവനവാഞ്ഛയുടെയും ആപത്തിലാഴ്ന്നുപോയ സഹജീവികളെ സഹായിക്കാനുള്ള ത്വരയുടെയും കഥകൾ പറയുന്ന പത്ത് ചിത്രങ്ങളാണിവ.
അവിടെനിന്നും വിട്ടുപോരുമ്പോൾ പുസ്തകങ്ങൾ മുഴുവനും നഷ്ടപ്പെട്ട ദുഃഖം ഇനിയും വിട്ടുമാറാത്ത പതിനഞ്ചുകാരിയുടെ പതിഞ്ഞ സ്വരത്തിലുള്ള വാക്കുകൾ ഓർത്തുപോയി.
"ഈ വർഷം ഇങ്ങനെ പോയാ പോട്ടെ. അടുത്ത കൊല്ലം എന്തായാലും പുതിയ പുസ്തകങ്ങളുമായി ഞാൻ സ്ക്കൂളിൽ പോകും."
/indian-express-malayalam/media/media_files/uploads/2018/09/hariharan-2.jpg)
മൂന്ന് തലമുറകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. കാലുകളുടെ ബലക്ഷയം കൊണ്ട് നടക്കാനാകാത്ത തൊണ്ണൂറുകാരിയായ നളിനിയെ മകൻ സുശീലൻ തൂക്കിയെടുത്താണ് രക്ഷയ്ക്കായി എത്തിയ വള്ളത്തിൽ കയറ്റിയത്.വെള്ളം കുറഞ്ഞപ്പോൾ വീട്ടിലേയ്ക്ക് തിരികെ പോന്ന അവരെ എതിരേറ്റത് വെള്ളത്തിൽ മുങ്ങി നശിച്ച വീട്ടുപകരണങ്ങളും രേഖകളുമാണ്. സ്വിച്ച് ബോർഡിന്റെ പൊക്കത്തിൽ വെള്ളം കയറിയ വീടിനുളളിൽ മുറികളിൽ നശിച്ചു പോയ സാധനങ്ങൾ കൂട്ടിയിട്ടിട്ടുണ്ടായിരുന്നു.
/indian-express-malayalam/media/media_files/uploads/2018/09/hariharan-6.jpg)
വെള്ളമിറങ്ങാത്ത വീടുകളിൽ താമസിക്കാനാകാതെ താൽക്കാലികമായ ഒരു ഷെഡ് കെട്ടി , അതിനു മുൻപിൽ വീട്ടുപകരണങ്ങളും തുണികളും ഉണക്കിയെടുക്കുന്ന വൃദ്ധൻ.
/indian-express-malayalam/media/media_files/uploads/2018/09/hariharan-4.jpg)
പ്രളയം അതിനെ അതിജീവിച്ചവർക്ക് പാഠങ്ങൾ നൽകിയാണ് പോയതെന്ന് ഈ ചിത്രം പറയുന്നു. ഇനിയും നീന്തൽ പഠിക്കാത്ത തന്റെ മകനെ അത് പഠിപ്പിക്കുന്ന ഒരു അച്ഛന്റെ കരുതൽ കായൽ നമുക്ക് കാട്ടിത്തരുന്നു. പ്രദേശം കുട്ടനാടായത് കൊണ്ട് അവന് ഇനിയും പ്രളയകാലങ്ങൾ നേരിടേണ്ടി വരും.
/indian-express-malayalam/media/media_files/uploads/2018/09/hariharan-5.jpg)
ജീവിക്കാൻ വേണ്ടുന്ന സാധനങ്ങൾ കൊണ്ടുവരുന്ന വള്ളങ്ങളെയും വള്ളക്കാരെയും വാങ്ങാനായി എത്തുന്ന ആളുകളെയും കൊണ്ട് നിറഞ്ഞ കനാലിന്റെ നേർത്ത തീരഭൂമികൾ. തീരത്തിനപ്പുറം വെള്ളമൊഴിയാത്ത വീടുകളും പാടങ്ങളുമാണ്.
/indian-express-malayalam/media/media_files/uploads/2018/09/hariharan-9.jpg)
"സുലോചനാലയം" ഇപ്പോഴും വെള്ളമിറങ്ങാതെ കിടക്കുകയാണ്. അത് വഴി കടന്നുപോയപ്പോൾ ഒരു പ്രേതാലയം പോലെ അത് തോന്നിച്ചു. തിരികെ വരുമ്പോഴായിരുന്നു മുറ്റത്ത് മറിച്ചിട്ടിരുന്ന കൂളറുടെ മുകളിൽ ഇരിക്കുന്ന ആ വെള്ളരിപ്രാവിനെ കണ്ടത്. ഉടനെ മനസ്സിലേയ്ക്കോടിയെത്തിയത് മറ്റൊരു പ്രളയവും അതിൽപ്പെട്ടുഴറുന്ന നോഹയുടെ പേടകവും കരയന്വേഷിച്ചു രാവിലെ പറന്നുപോയി സന്ധ്യയ്ക്ക് തന്റെ ചുണ്ടിൽ ഒലീവിലയുമായി തിരികെ പേടകത്തിലെത്തിയ രക്ഷകനായ ആ കുഞ്ഞുപ്രാവുമായിരുന്നു. അതിന്റെ നിറവും സമാധാനത്തിന്റെ വെള്ളയായിരുന്നല്ലോ.
/indian-express-malayalam/media/media_files/uploads/2018/09/hariharan-8.jpg)
ബോട്ടുകളുടെ വരവും കാത്ത് ജീവിതം കഴിക്കുന്ന ഒരു ജനത വിദൂരതയിൽ കാണുന്ന ആ കരയിൽ കഴിഞ്ഞു വരുന്നു. ഓരോ ബോട്ടും തങ്ങൾക്ക് ജീവിതം കരുപിടിപ്പിക്കാനുള്ള എന്തെങ്കിലുമായിട്ടാവും വരുന്നുണ്ടാവുക എന്ന പ്രത്യാശ ആ മുഖങ്ങളിൽ കാണാനാവും. സംഘത്തിലെ മറ്റൊരു ഫോട്ടോഗ്രാഫറായ ശിവന്റെ കാലുകൾക്കിടയിലൂടെ പ്രപഞ്ചത്തെയാകെ ആവാഹിച്ചുകാട്ടിത്തരുന്ന ബോട്ടിന്റെ മുൻഭാഗത്തുള്ള തിളങ്ങുന്ന ലോഹഗോളത്തിൽ കുട്ടനാടിന്റെ പരിച്ഛേദവുമില്ലേ ?
/indian-express-malayalam/media/media_files/uploads/2018/09/hariharan-3.jpg)
ആപത്തിലാണ്ടുപോയ സഹജീവികളെ സഹായിക്കാനുള്ള മനുഷ്യന്റെ അഗാധമായ വാഞ്ഛ ഈ പ്രളയം നമുക്ക് പ്രകടമാക്കിത്തന്നു. യുണൈറ്റഡ് സിഖ്‌സ് എന്ന സർദാർജികളുടെ സന്നദ്ധ സംഘടനയുടെ പ്രവർത്തകർ കുട്ടനാട്ടിലേയ്ക്ക് പോകുന്ന ഈ കാഴ്ച ആലപ്പുഴ ബോട്ട് ജട്ടിയിൽ നിന്നുമാണ് പകർത്തിയത്.
/indian-express-malayalam/media/media_files/uploads/2018/09/hariharan-11.jpg)
നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫിനിഷിങ് പോയിന്റിൽ നിന്നുകൊണ്ട് പാഞ്ഞുവരുന്ന ചുണ്ടൻ വള്ളങ്ങളോട് മത്സരം കഴിഞ്ഞുവെന്നും ആവേശം മതിയാക്കൂ എന്നും പറയുന്നപോലെ വികസനം മന്ത്രവും മുദ്രാവാക്യവുമാക്കിയ രാഷ്ട്ര ശിൽപ്പികളിൽ പ്രമുഖന്മാരിലൊരാളായ ജവാഹർലാൽ നെഹ്രുവിന്റെ ദീർഘകായ പ്രതിമ നിൽപ്പുണ്ട്. സംസ്ഥാനം നാം പുനർനിർമ്മിക്കുമ്പോൾ വികസനത്തിന്റെ ഇത്രയും നാൾ നാം പിന്തുടർന്ന് വന്നിരുന്ന പാഠങ്ങൾ നിർത്താനും തനിക്ക് പുറകിൽ തണൽ വിരിക്കുന്ന തെങ്ങിന്റെ ഹരിതനിറം മനസ്സിൽ സൂക്ഷിക്കാനും ആ ഉയർത്തപ്പെട്ട കൈ നമ്മളോട് പറയുന്നുണ്ടോ ?
Read More: ഹരിഹരൻ സുബ്രഹ്മണ്യന്റെ ലേഖനങ്ങളും ഫൊട്ടോകളും കാണാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us