കുട്ടികള്‍ പ്രളയ ജലത്തില്‍ മുങ്ങിക്കുതിര്‍ന്ന കളിപ്പാട്ടങ്ങള്‍ വെയിലില്‍ വെച്ചുണക്കുകയായിരുന്നു. ഒരു കളിപ്പിയാനോ, അവര്‍ ചോറും കറിയും വെച്ചുണ്ടാക്കുന്ന പ്ലാസ്റ്റിക്ക് പാത്രങ്ങള്‍, കളിക്കുന്ന ബാറ്റുകള്‍, ചായപ്പൊതികള്‍… അങ്ങിനെ കുട്ടികള്‍ അവരുടെ സ്വന്തം സാധനങ്ങള്‍ക്ക് വീണ്ടും ജീവന്‍ വെപ്പിക്കാന്‍ പ്രാര്‍ഥിക്കും മട്ടില്‍ പ്ലാവിന്റെ തണലിനെ ഭേദിച്ച് വരുന്ന വെയിലിനെ പ്രതീക്ഷയോടെ നോക്കിയിരിക്കുകയായിരുന്നു. ഞാന്‍ കുറച്ചു നേരം അവരെ നോക്കി നിന്നു. കുട്ടികളില്‍ വലിയ സന്തോഷമില്ല. കളിപ്പാട്ടങ്ങള്‍ ഉണക്കുന്നവരില്‍ രണ്ടു പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങിയെത്തിയിട്ട് അധികം സമയമായിട്ടില്ല. അതവരെ ഭയപ്പെടുത്തുകയും വിഷാദത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഗുലാം ഭായിയുടെ നാലു വയസ്സുകാരി, അമ്മു എന്ന് ഞങ്ങള്‍ വിളിക്കുന്നവള്‍, എന്നെ നോക്കുന്നതേയില്ല. സാധാരണ ജോലി കഴിഞ്ഞ് വരുമ്പോള്‍ അവള്‍ തിന്നുകൊണ്ടിരിക്കുന്ന ബിസ്‌ക്കറ്റ് എനിക്ക് നേരെ നീട്ടുന്നവളാണ്, പുതിയ ഉടുപ്പോ കുടയോ ചോറ്റുപാത്രമോ കളര്‍ പെന്‍സിലോ പുസ്തകമോ എന്തു കിട്ടിയാലും എന്നെ കാണിക്കാന്‍ മുറ്റത്ത് കാത്തു നില്‍ക്കുന്നവളാണ്. അവളുടെ ഓരോ പിറന്നാളിനും എനിക്ക് സേമിയ പായസവും മധുര മിഠായികളും തരുന്നവളാണ്. അവള്‍ ഒന്നു ചിരിക്കുന്നതു പോലുമില്ല. അവളുടെ അമ്മ പറഞ്ഞു, “കളിപ്പാട്ടങ്ങള്‍ ഉണങ്ങിക്കിട്ടിയാല്‍ അവള്‍ ഉഷാറാകും.”

ചെറിയ പെരുന്നാളിന്റെ തലേന്ന് രാത്രി പെയ്ത (ജൂൺ 13) മഴയില്‍ കോഴിക്കോട് മൂഴിക്കലിലെ ആറ് കുടുംബങ്ങള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സുകള്‍ വെള്ളത്തിലായി. അവിടെ താമസിക്കുന്ന ഏഴാമെത്തയാള്‍ ഞാനാണ്. ഒറ്റയ്ക്കാണ്, കുടുംബം ഇല്ലാതെ- ജോലി സ്ഥലത്ത് ബാച്ചിലര്‍ ജീവിതത്തിന് ഇപ്പോള്‍ കാല്‍ നൂറ്റാണ്ടായി പ്രായം. പെരുന്നാള്‍ തലേന്ന് സ്വന്തം വീട്ടിലേയ്ക്ക് പോയതിനാല്‍ ഞാന്‍ അന്നത്തെ പ്രളയ വാര്‍ത്തയറിഞ്ഞില്ല. അവധി കഴിഞ്ഞു വന്നപ്പോഴാണ് അവിടുത്തെ അയല്‍ക്കാര്‍ക്ക് പെരുന്നാളുണ്ടായില്ല എന്നറിഞ്ഞത്. അരിയും സാധനങ്ങളും ഒലിച്ചു പോയി. 1993ല്‍ മാധ്യമത്തില്‍ ട്രെയിനിയായി വന്ന കാലത്ത് ഞാന്‍ മൂഴിക്കലില്‍ തന്നെയായിരുന്നു താമസം. അന്ന് ഓഫീസ് അനുവദിച്ച ക്വാര്‍ട്ടേഴ്‌സ് ഇപ്പോഴത്തെ താമസ സ്ഥലത്തിനടുത്തു തന്നെയായിരുന്നു. എല്ലാ മഴക്കാലത്തും അവിടെ വെള്ളം കയറും. ഒരിക്കല്‍ ഉമ്മയുടെ വള പണയം വെച്ചതിന്റെ തിരിച്ചടവിനുള്ള പണം മുറിയില്‍ വെച്ച് പോവുകയും പ്രളയത്തില്‍ അത് നഷ്ടമാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായതാണ്. ചെളിവെള്ളത്തില്‍ നീന്തി മുറിയില്‍ കയറി, അതില്‍ ഒഴുകി നടന്ന് പെട്ടി പിടിച്ചെടുത്ത് ആ പണവുമായി തിരിച്ചു നീന്തിയതിന്റെ ഓര്‍മ്മ ഇന്നുമുണ്ട്. 13 വര്‍ഷം സൗദിയില്‍ ‘മലയാളം ന്യൂസി’ല്‍ ജോലി ചെയ്ത് ജീവിച്ച് വീണ്ടും മാധ്യമത്തില്‍ എത്തി. താമസം പഴയതിനടുത്ത് തന്നെയുമായി.

ഇക്കുറി വാടക ക്വാര്‍ട്ടേഴ്‌സില്‍ വെള്ളം കയറിയത് ഓഗസ്റ്റ് 14നായിരുന്നു. പിറ്റേന്ന് അവധിയായതിനാല്‍ വൈകുന്നേരത്തൊടെ നാട്ടില്‍ പോയി. മടങ്ങി വന്നപ്പോഴേക്കും അവിടെയുള്ള രണ്ട് ബംഗാളി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. മറ്റുള്ളവര്‍ ബന്ധുവീടുകളിലേയ്ക്കും മാറിക്കഴിഞ്ഞിരുന്നു. ഞങ്ങളുടെ അമ്മു സ്വര്‍ണ്ണപ്പണിക്കാരനായ ബംഗാള്‍ സ്വദേശി ഗുലാം ഭായിയുടെ മകളാണ്. അവളാണ് സഹോദരനും മറ്റു കുട്ടികള്‍ക്കുമൊപ്പം കളിപ്പാട്ടങ്ങള്‍ ഉണക്കാനിരിക്കുന്നത്.

പ്രളയത്തില്‍ വാടക വീടുകളുടെ ഒന്നാം നില പൂര്‍ണ്ണമായും വെള്ളത്തിലായി. ഗുലാം ഭായി ക്യാമ്പില്‍ പോകാന്‍ വിസമ്മതിച്ചു. ഒടുവില്‍ ഒരു തോണിയില്‍ വന്ന ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അവരെ നിര്‍ബന്ധിച്ച് ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. ക്യാമ്പില്‍ നിന്ന് മടങ്ങി വന്നപ്പോള്‍ വീട്ടിലെ എല്ലാ സാധനങ്ങളും നഷ്ടപ്പെട്ടിരുന്നു. അവരും ജീവിതത്തിലേയ്ക്ക് പതുക്കെ മടങ്ങി വരുന്നു. അതിന്റെ ഏറ്റവും വലിയ ചിത്രം കളിപ്പാട്ടങ്ങള്‍ ഉണക്കാനിരിക്കുന്ന കുട്ടികള്‍ തന്നെ. അതിജീവിക്കാന്‍ നമുക്ക് ഏറ്റവും വലിയ പ്രതീക്ഷകള്‍ നല്‍കുന്നത് ഈ കുട്ടികള്‍ അല്ലാതെ മറ്റാര്?

അപ്പോള്‍ സൗദി ജീവിത കാലത്ത് കണ്ട മര്‍യം എന്ന നാലുവയസ്സുകാരി ഓര്‍മ്മയിലേക്ക് വന്നു. അവളിപ്പോള്‍ ഒരു യുവതിയായിക്കാണും. പലസ്തീനിലേക്കുള്ള ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്ന കാലമായിരുന്നു അത്. ബാങ്കില്‍ സംഭാവനകള്‍ നല്‍കാനുള്ള ഒരു വലിയ ഗ്ലാസ് ബോക്‌സ് വെച്ചിട്ടുണ്ട്. അവള്‍ സഹോദരനും പിതാവിനുമൊപ്പമാണ് വന്നത്. അവന് ഒരു ആറു വയസ്സുകാണും. പിതാവ് തന്റെ പോക്കറ്റില്‍ നിന്ന് ഒരു വലിയ കെട്ട് പണമെടുത്ത് പെട്ടിയിലിടുന്നു. അതില്‍ നിന്ന് കുറച്ചു നോട്ടുകള്‍ മകനെക്കൊണ്ടും ഇടുവിപ്പിച്ചു. അപ്പോള്‍ മര്‍യം ചിണുങ്ങാന്‍ തുടങ്ങി. അവള്‍ തന്റെ പോക്കറ്റില്‍ സൂക്ഷിച്ചത് ആ പെട്ടിയിലിടണം. അവളുടെ പിതാവ് അവളരെ പെട്ടിയുടെ മുകളിലേയ്ക്ക് ഉയര്‍ത്തി. പോക്കറ്റില്‍ നിന്നും അവള്‍ എടുത്തത് കളിപ്പാട്ട ശേഖരത്തില്‍ നിന്നും ആരും കാണാതെ കൊണ്ടു വന്ന ഒരു കവണയായിരുന്നു! പലസ്തീനില്‍ പോരാടുന്നവരുടെ പ്രധാന ആയുധം കവണയാണെന്ന് ആ പ്രായത്തില്‍ തന്നെ അവള്‍ മനസ്സിലാക്കിയിരുന്നു. കല്ലും കവണയുമാണല്ലോ സാധാരണ പലസ്തീനിയുടെ അതിജീവനത്തിനുള്ള ആയുധങ്ങള്‍. പക്ഷെ, കവണ ആ പെട്ടിയിലിടാന്‍ പറ്റുമായിരുന്നില്ല. അത് നോട്ടുകള്‍ മാത്രം നിക്ഷേപിക്കാന്‍ പറ്റുന്ന പെട്ടിയായിരുന്നു. മര്‍യം കരയാന്‍ തുടങ്ങി. ബാങ്ക് മാനേജര്‍ ഇറങ്ങി വന്നു, അയാള്‍ക്ക് കാര്യം മനസ്സിലായി. അയാള്‍ പെട്ടി തുറു കൊടുത്തു. അവള്‍ കവണ അതില്‍ നിക്ഷേപിച്ചു, അഭിമാനം കൊണ്ടു തുടുത്ത മുഖവുമായി ബാബ (അച്ഛന്‍)യുടെ കയ്യില്‍ തൂങ്ങി മര്‍യം മടങ്ങിപ്പോയി.

കുട്ടികളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് ഈ ലോകത്തെ നില നിര്‍ത്തുത്, ജീവിത ദുരകളല്ല. ഈ പ്രളയ കാലത്ത് നാം അത്തരത്തിലുളള പല സംഭവങ്ങളും കേള്‍ക്കുകയും കാണുകയും ചെയ്തു. സൈക്കിള്‍ വാങ്ങാന്‍ ഒരുക്കികൂട്ടി വെച്ച പണം കൊടുത്ത കുട്ടിമുതല്‍ ഒരേക്കര്‍ ഭൂമി വിട്ടുകൊടുത്ത കുട്ടികള്‍ വരെ നമ്മെ പഠിപ്പിച്ചത് അതാണ്. പ്രളയ കാലത്ത് ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ച് ലോകത്തിനു തന്നെ മാതൃകയാകാന്‍ മലയാളിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍, കുട്ടിക്കാലത്തെ പോലെ നാം ദുരയില്ലാത്ത, നിഷ്‌കളങ്കരായ മനുഷ്യര്‍ ആയി മാറി എന്നു കൂടി അര്‍ഥമുണ്ട്. മുതിര്‍വര്‍ കുട്ടികളാവുകയും കുട്ടികള്‍ മുതിരുകയും ചെയ്ത അസാമാന്യ സന്ദര്‍ഭത്തിലൂടെയാണ് ഓരോ മലയാളിയും കടന്നു പോയത്. മുതിർന്നവര്‍ ഇനി കുട്ടികളേയും പുതു തലമുറയേയും എങ്ങിനെ പെരുമാറണം, ജീവിക്കണം എന്ന് ഉപദേശിക്കുന്നത് നിര്‍ത്താമെന്ന സന്ദേശം കൂടി അവര്‍ കേരളീയ സമൂഹത്തിന് തന്നിരിക്കുന്നു.

2

എഴുത്തുകാരനും ഇല്ലസ്‌ട്രേറ്ററുമായ ബോണി തോമസ് കൊച്ചി ഷിപ്പ്‌യാര്‍ഡിന് സമീപം ഹോട്ടല്‍ നടത്തുന്ന ഒരാളെ അന്വേഷിക്കുന്നു. ഫോണില്‍ സംസാരിക്കുമ്പോള്‍ ബോണി പറഞ്ഞു, ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുതായി ഞാനും ഭാര്യയും ഒരു എഫ്.ബി പോസ്റ്റിട്ടിരുന്നു. ആദ്യം വന്ന കോള്‍ ഈ ഹോട്ടലുടമയുടേതായിരുന്നു. ഭക്ഷണം എത്തിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു. രണ്ടു മണിക്കൂര്‍ മുമ്പ് പറഞ്ഞാല്‍ മതി. ബോണി ഒരാളെ വണ്ടിയുമായി ഭക്ഷണം ശേഖരിക്കാന്‍ വിട്ടു. ഭക്ഷണം ശേഖരിക്കാൻ വിട്ടയാളെ പിന്നീട് കാണാന്‍ കഴിഞ്ഞത് രണ്ടു ദിവസത്തിന് ശേഷമായിരുന്നു. ആലുവ യു.സി കോളേജിലെ ക്യാമ്പിലേയ്ക്ക് 1000 പൊതി ഭക്ഷണമാണ് ആ ഹോട്ടലുകാരന്‍ നല്‍കിയതെന്ന് അയാള്‍ പറഞ്ഞു. “ഞാന്‍ കച്ചവടം തൽക്കാലം നിര്‍ത്തുന്നു , ക്യാമ്പുകളിലേക്ക് ഭക്ഷണം എത്തിക്കലിനാണ് ഇപ്പോള്‍ പ്രധാന്യം” എന്ന് ഹോട്ടലുടമ പറഞ്ഞതായി അയാൾ പറഞ്ഞു. ബോണിക്ക് നൂറു കണക്കിന് ഫോണുകള്‍ വന്നതിനാല്‍ ആദ്യം വന്ന നമ്പര്‍ കുഴ മറിഞ്ഞു പോയി. ആ ഹോട്ടലുടമയെ നേരില്‍ കാണണം, എല്ലാം ശാന്തമായ ശേഷം ഞാന്‍ ആ നല്ല മനുഷ്യനെത്തേടി പോകുന്നുണ്ട്- ബോണി പറഞ്ഞു. എനിക്ക് തോുന്നുന്നു, ബോണിക്ക് അയാളെ കണ്ടെത്താനാകില്ല എന്ന്, കാരണം കേരളം മുഴുവന്‍ കഴിഞ്ഞ കുറച്ചു ദിവസം ഇത്തരം മനുഷ്യര്‍ മാത്രമായിരുന്നുവല്ലോ. അത് ഒരാളല്ല, ചിതറാതെ ഒരുമിച്ചു നിന്ന മലയാളി സമൂഹമായിരുന്നില്ലേ? അതു കൊണ്ടാണ് കേരളത്തിന്റെ പല ഭാഗങ്ങളില്‍ മത്സ്യത്തൊഴിലാളികളെ ആദരിച്ചപ്പോള്‍ നാം ഇങ്ങിനെ പറഞ്ഞത്, ‘ഇതാ കേരളത്തിന്റെ മനുഷ്യ നന്മയുടെ സേന.’

വീട് ശുചിയാക്കുകയാണ്, കഥാകൃത്ത് ഫ്രാന്‍സിസ് നൊറോണ പറഞ്ഞു, വീട് വെള്ളത്തിലായെടാ, സോക്രട്ടീസ് വാലത്ത് പറഞ്ഞു, ക്ലീനിങ്ങില്‍ തന്നെയാണ്, ബെന്യാമിന്‍ പറഞ്ഞു. വയനാട്ടിലെ വീടുകളില്‍ പലതും പട്ടിണിയിലാണ്, അവിടെ കുറച്ച് ഭക്ഷണപ്പൊതികള്‍ എത്തിക്കുകയാണ് വിനോയ് തോമസ് പറഞ്ഞു. പ്രളയത്തിന്റെ ഇരകളും അല്ലാത്തവരും ഒരേ മനുഷ്യ മുഖത്തിലേയ്ക്ക്, ഒരുമയ്ക്കല്ലാതെ മറ്റൊന്നിനും നില നില്‍പ്പില്ല എന്നതിലേയ്ക്ക് മാറുകയായിരുന്നു.

3

സംസ്ഥാനത്തിന് പുറത്ത് നിന്നും ഇന്ത്യയ്ക്ക് പുറത്തു നിന്നും പ്രത്യേകിച്ചും ഗള്‍ഫില്‍ നിന്ന് വലിയ സഹായമാണ് ഒഴുകിയെത്തുന്നത്. പ്രവാസിക്ക്, പ്രത്യേകിച്ചും ഗള്‍ഫിലെ പ്രവാസിക്ക് കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള മനസ്സ് എക്കാലത്തുമുണ്ട്. കുട്ടികളെക്കുറിച്ചു പറഞ്ഞതുപോലെ പ്രതീക്ഷയാല്‍ നയിക്കപ്പെടുവരാണവര്‍. പല ഗള്‍ഫ് നഗരങ്ങളും ഇന്നത്തെ നിലയിലായതില്‍ മലയാളിയുടെ വിയര്‍പ്പുണ്ട്. അവിടുത്തെ ഭരണാധികാരികള്‍ അതു പറയാറുമുണ്ട്. യു എ ഇ 700 കോടി ദുരിതാശ്വാസത്തിനായി നല്‍കുന്നു, ഖത്തര്‍ 35 കോടി നല്‍കുന്നു. എന്ന വാര്‍ത്തകള്‍ പലരേയും അത്ഭുതപ്പെടുത്തുന്നുണ്ടാകും. മലയാളി പുറം നാടുകളില്‍ നേടിയ വിശ്വാസ്യതയുടേയും വര്‍ക്ക്മാന്‍ഷിപ്പിന്റേയും പേരില്‍ ലഭിക്കുന്നതാണിത്. മലയാളി ഡയസ്‌പോറക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം കൂടിയാണിത്. നാട്ടിലും മറുനാട്ടിലും മലയാളി തിരിച്ചറിയപ്പെട്ട ഒരു സന്ദര്‍ഭം കൂടിയാണിത്. ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് പോകുന്ന ലിങ്ക്ലൈനാണ് മലയാളി. നാടു വിട്ടുപോയവരും നാട്ടിലുള്ളവരും പല വഴികളില്‍ക്കൂടി പോയി പലയിടങ്ങളില്‍ ഒന്നിക്കുന്നു. അതെല്ലാം ഒടുവില്‍ ഒറ്റ ലിങ്ക് ലൈനായി മാറുന്നു.

ഈ ദുരന്തത്തിലും മോശമായ കാര്യങ്ങള്‍ ഉണ്ടായിട്ടില്ലേ. ഉണ്ടായിട്ടുണ്ടാകാം. അതൊന്നും കാണേണ്ടതില്ല, ഇവിടെ നടന്ന പ്രവർത്തനങ്ങള്‍ അത്തരം കാര്യങ്ങളെയെല്ലാം റദ്ദാക്കിയിരുന്നു. ഇതോടൊപ്പം പ്രകൃതിയെ ഒപ്പം കൂട്ടാതെയുള്ള ജീവിതത്തിനും അറുതി വരേണ്ടതുണ്ട്. അല്ലെങ്കില്‍ ഈ കൊച്ചു സംസ്ഥാനത്തിന്റെ ഗതിയും ഭാവിയും വെളിച്ചം കെട്ടതായിപ്പോയേക്കും.

4

വെയില്‍ കൂടുതല്‍ തിളങ്ങി. വൈകാതെ സന്ധ്യ വരും. ഞാന്‍ തൊഴില്‍ ശാലയില്‍ നിന്ന് വാടക മുറിയിലേയ്ക്ക് മടങ്ങി. കുട്ടികള്‍ മുറ്റത്ത് കളിക്കുന്നുണ്ട്, തകര്‍പ്പനായി. അമ്മു എന്നോട് ചിരിച്ചു, പകുതി കടിച്ച ബിസ്‌ക്കറ്റ് എനിക്കു നേരെ നീട്ടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ