scorecardresearch
Latest News

Kerala Floods: പാഠപുസ്തകങ്ങളിൽ പഠിക്കാതെപോയ പ്രളയ പാഠങ്ങൾ

“ആഗോളതാപനം സംഭവിച്ചാലും സംഭവിച്ചില്ലെങ്കിലും തുറന്ന് വിടാൻ അണക്കെട്ടുകൾ ഉണ്ടായിരുന്നാലും ഇല്ലെന്നാകിലും ഇന്നുണ്ടായതിലും വലിയ പ്രളയം സംഭവ്യമാണ് എന്നതാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിന്റെ ചരിത്രസാക്ഷ്യം” രണ്ട് പ്രളയകാലങ്ങൾ കഥാകൃത്തിന്റെ കാഴ്ചയിൽ

Kerala Floods: പാഠപുസ്തകങ്ങളിൽ പഠിക്കാതെപോയ പ്രളയ പാഠങ്ങൾ

പാഠപ്പുസ്തകങ്ങളിലൂടെ പഠിക്കാതെ, പ്രായം ചെന്നവർ വല്ലപ്പോഴുമൊക്കെ പറഞ്ഞു കേട്ടത് മാത്രമായത് കൊണ്ട് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെ ഒരനുഭവപാഠമായി നമുക്ക് ഉൾക്കൊള്ളാനായില്ല. ചരിത്രബോധത്തിന്റെ സ്ഥാനത്ത് കേവലം ഒരു പഴംകഥയുടെ പ്രതീതി മാത്രമാണ് ഇന്നേയ്ക്ക് തൊണ്ണൂറ്റിനാല് വർഷം മുൻപുണ്ടായ ആ മഹാപ്രളയം നമുക്ക് നൽകിപ്പോന്നിരുന്നത്. പ്ലാസ്സിയുദ്ധവും ഫ്രഞ്ച് വിപ്ലവവുമൊക്കെ തല്ലിപ്പ ഠിപ്പിച്ച കൂട്ടത്തിൽ സ്വന്തം നാട്ടിലെ മുൻതലമുറയ്ക്ക് പ്രകൃതിയുമായി ജീവന്മരണപോരാട്ടം നടത്തേണ്ടി വന്ന ആ പ്രളയാനുഭവം കൂടി ഒരു പാഠഭാഗമായി നമ്മെ പഠിപ്പിക്കാതിരുന്നത് പോയ തലമുറയുടെ വലിയൊരു കൃത്യവിലോപമായിരുന്നില്ലേ എന്നൊരു വിചാരമുണ്ടായത് സമാനമായ ഒരു പ്രളയകാലത്തെ അടുത്തറിയേണ്ടി വന്ന ഇക്കഴിഞ്ഞ നാളുകളിലാണ് .

1996 ൽ തകഴിച്ചേട്ടനെ ആദ്യമായി കണ്ടപ്പോൾ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയെഴുതിയതിന്റെ പശ്ചാത്തലം ഒന്ന് പറയാമോ എന്ന് ചോദിച്ചതും ആ വെള്ളപ്പൊക്കത്തെ ഒരു കഥയ്ക്കപ്പുറം അനുഭവമായി അറിയാനുള്ള ആഗ്രഹം കൊണ്ട് തന്നെ ആയിരുന്നു . പക്ഷേ, “ഞാൻ വല്യ വെള്ളപ്പൊക്കങ്ങൾ പലതും കണ്ടിട്ടുള്ള ആളാ… കുറേക്കാലമായിട്ട് വെള്ളപ്പൊക്കമൊന്നും കാണുന്നില്ല, ” എന്നൊരു ഒഴുക്കൻ മറുപടി മാത്രം തന്ന് തകഴിച്ചേട്ടൻ അന്ന് ആ ചോദ്യത്തെ നിരാകരിച്ചതും ആ ചരിത്രം ഇനി ആവർത്തിക്കാനിടയില്ല എന്നൊരു മിഥ്യാബോധം നമുക്കെന്ന പോലെ തകഴിച്ചേട്ടനും ഉണ്ടായിരുന്നത് കൊണ്ട് തന്നെ ആയിരുന്നിരിക്കാം .

ഒടുവിൽ ജീവിതം കൺമുന്നിൽ കാട്ടിത്തന്ന ഈ പ്രളയാനുഭവത്തിനൊപ്പമെങ്കിലും ആ പഴയ പ്രളയത്തെ ഒരു ചരിത്രവസ്തുതയായി അറിയണമെന്ന് മനസ്സ് വെമ്പൽ പൂണ്ടപ്പോഴാണ് അന്നാളുകളിലെ രണ്ട് പ്രധാനപ്പെട്ട ദിനപ്പത്രങ്ങളുടെ കിട്ടാവുന്നത്ര താളുകൾ ഞാൻ തേടിപ്പിടിച്ചത്.

നമ്മുടെ നാട്ടിൽ മാത്രമല്ല ഇന്നത്തെ തമിഴ്‌നാടിന്റെയും കർണാടകത്തിന്റെയുമൊക്കെ ഭാഗങ്ങളായ തെക്കെ ഇന്ത്യയിലെ മറ്റനേകം ഭൂപ്രദേശങ്ങളിലും അങ്ങകലെ ലാഹോറിലും പീക്കിങ്ങിലും വരെ ഒരേ നാളുകളിൽ ഉണ്ടായ ആ മഹാപ്രളയത്തിന്റെ ഭയാനകതയെ ഇരുപത്രങ്ങളും ചിത്രീകരിച്ചിരുന്നത് ‘ഭയങ്കരമായ വെള്ളപ്പൊക്കം ‘ എന്ന ഒരേ തലക്കെട്ടിന്റെ താഴെയാണ് . അതിനടിയിൽ ഒന്നൊന്നായി പറഞ്ഞു പറഞ്ഞു പോയ ഹൃദയഭേദകമായ അനേകം പ്രളയകാല ദുരന്തങ്ങളെല്ലാം ആ ‘ഭയങ്കരമായ ‘ എന്ന ഒരേയൊരു വാക്കിന്റെ ചിറകിൻ കീഴിൽ അഭയം പ്രാപിച്ചു. അത് തന്നെ അച്ചടിച്ചിട്ടുള്ളത് വലിയതെന്ന് വിശേഷിപ്പിക്കാൻ മാത്രം വലിപ്പമുള്ള ടൈപ്പ് ഉപയോഗിച്ചൊന്നും ആയിരുന്നതുമില്ല. പ്രളയാനുഭവത്തിന്റെ ദൃശ്യമെന്ന് പറഞ്ഞ് മരുന്നിനു പോലും ഒരെണ്ണം എടുത്ത് കാട്ടാനുണ്ടായിരുന്നില്ല -ആ പത്രങ്ങളുടെ പക്കൽ.thakazhi,vellappokkathil ,aymanam john

അങ്ങനെ പ്രളയകാലത്ത് തപാൽ വഴി വൈകിക്കിട്ടിയ ഏതാനും വാർത്താക്കുറിപ്പുകളല്ലാതെ മറ്റെന്തെങ്കിലും വിഭവം വായനക്കാർക്ക് നൽകാൻ പാങ്ങില്ലാതിരുന്ന അന്നത്തെ ആ പത്രങ്ങൾ പൊടിപ്പൊ തൊങ്ങലോ ഇല്ലാത്ത അച്ചടിഭാഷയിൽ വായനക്കാർക്ക് നൽകിയ വസ്തുതാ വർണ്ണനകൾ വായിച്ചു പോകെ ഉള്ളിൽ തെളിയുന്ന വാഗ്മയ ചിത്രങ്ങൾ മാത്രമാണ് ആ പ്രളയം നമ്മുടെ മാധ്യമ ചരിത്രത്തിൽ അവശേഷിപ്പിച്ചു പോയിട്ടുള്ളത്. ഇക്കഴിഞ്ഞ നാളുകളിൽ പത്ര,ദൃശ്യ മാധ്യമങ്ങൾ വഴി നമ്മുടെയൊക്കെ കൺമുന്നിലൂടെ കുത്തിയൊഴുകി കടന്ന് പോയതും ഇപ്പോഴും ഒഴുക്ക് നിലയ്ക്കാത്തതുമായ ദൃശ്യ,ശ്രവ്യ പ്രളയങ്ങളുമായി താരതമ്യം ചെയ്‌താൽ ആ പത്രറിപ്പോർട്ടുകളിലെ പാവം അക്ഷരങ്ങളെ ആനകൾക്കൊപ്പം നടന്നു പോകുന്ന ഉറുമ്പുകളായെ നമുക്കിന്ന് കാണാൻ കഴിയൂ. നമുക്കൊപ്പമുള്ള പ്രളയസമാനമായ വിവരസാങ്കേതിക വിദ്യകൾ എഴുന്നെള്ളിച്ചു നടത്തുന്ന ആ ആനകളുടെ സ്ഥാനത്ത് അച്ചുകൂടത്തിലേയ്ക്ക് പെറുക്കിപ്പെറുക്കി വയ്‌ക്കേണ്ടിയിരുന്ന കൊച്ചു കൊച്ചു ലോഹാക്ഷരങ്ങൾ മാത്രമായിരുന്നല്ലോ നമ്മുടെ ദരിദ്രരായിരുന്ന മുൻഗാമികളുടെ പക്കൽ അന്നുണ്ടായിരുന്നത്. മറ്റൊരു വിധം പറഞ്ഞാൽ അന്ന് ലോകം വലുതായിരുന്നതിനാൽ മനുഷ്യർ തങ്ങളെ ചെറിയവരായിക്കണ്ടു. ഇന്ന് ലോകം ചെറുതായതോടെ മനുഷ്യർക്ക് തങ്ങളെ വലിയവരായി കാണാമെന്നായി . അവരുടെ അക്ഷരങ്ങൾക്കും ഒത്തിരി വലിപ്പം വച്ചു. അത് വർണ്ണപ്പൊലിമയുള്ളവയുമായി,പ്രളയ ദുരന്തങ്ങളെ അവർ പത്രമാധ്യമങ്ങളിലെ പല കോണുകളിൽ നിന്നെടുത്ത പലവർണ്ണ ചിത്രങ്ങളിലൂടെ കണ്ടു .അവർക്ക് ചുറ്റും ദൃശ്യമാധ്യമങ്ങൾ അകലത്തെ പ്രളയ കാഴ്ചകളെ തത്സമയം അരികെക്കാണിച്ചു കൊണ്ടിരുന്നു.ജൽപ്പനങ്ങളെ അവ അലർച്ചകളാക്കി പ്രക്ഷേപണം ചെയ്തു.

സൂക്ഷിച്ചു വായിച്ചാൽ അന്നത്തെ മനുഷ്യർ ആ പ്രളയത്തെ അതിജീവിച്ചതും ഉറുമ്പുകളെപ്പോലെ തന്നെ ആയിരുന്നു എന്ന് കാണാൻ കഴിയും.പുരപ്പുറങ്ങളിലും മരങ്ങൾക്ക് മുകളിലും കുന്നിൻപുറങ്ങളിലും കയറിയിരുന്നാണ് അവർ പ്രളയകാല രാപകലുകളെ അതിജീവിച്ചത്. അഭയാർഥി കേന്ദ്രങ്ങളിൽ പാർപ്പിക്കപ്പെട്ടവരിൽ ബഹുഭൂരിപക്ഷത്തിനും – പ്രാണരക്ഷാർത്ഥം നൽകപ്പെട്ട ഭക്ഷണസാധനങ്ങളല്ലാതെ മറ്റെന്തെങ്കിലും അവരുടെ രക്ഷകർ അവർക്കെത്തിച്ചു കൊടുത്തതായി ആ പത്രറിപ്പോർട്ടുകൾ ഒരിടത്തും പറയുന്നില്ല. അവർക്ക് കിട്ടിയ അതിജീവനപ്പായ്ക്കറ്റുകളിൽ മിക്കപ്പോഴും അരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആലപ്പുഴയിൽ സ്ലീബാപ്പള്ളി വക സ്‌കൂളിലും മറ്റു കെട്ടിടങ്ങളുമായി പാർപ്പിച്ച 700 ഓളം പേർക്ക് കറികളോട് കൂടിയ കഞ്ഞിയും കുളിക്കാൻ എണ്ണയും പ്രായമുള്ളവർക്ക് കറപ്പ് , വെറ്റില,പാക്ക് എന്നിത്യാദികളും , കുട്ടികൾക്ക് പാലും പുറമെ എല്ലാവർക്കും ആത്മീയമായ ഉപദേശങ്ങളും കൂടി കൊടുത്തതാണ് ഒരേയൊരു വേറിട്ട വാർത്ത. ആ സാധുക്കൾക്കൊപ്പം ഭക്ഷണാർത്ഥം സ്ഥലം പിടിക്കാൻ ആത്മാഭിമാനം അനുവദിക്കാതിരുന്നതിനാൽ കഷ്ടതകൾ സഹിച്ച്, മാറിക്കഴിഞ്ഞ് പോന്നിരുന്ന ഉയർന്ന കുടുംബക്കാരായ അനവധി കുട്ടനാടൻ മഹിളകൾക്ക് അത് കണക്കാക്കാതെ അവിടെ നിന്ന് അരിയും സാധനങ്ങളുംഎത്തിച്ചു കൊടുത്തതായ ‘സദ്‌വാർത്ത’യും വേണമെങ്കിൽ വ്യത്യസ്തമായിക്കാണാം. മറ്റെല്ലാം അരി പിരിവെടുത്തതിന്റെയും വിതരണം ചെയ്തതിന്റെയും വിവരണങ്ങൾ മാത്രം.

aymanam john,kerala flood
99ലെ വെളളപ്പൊക്കെത്തെ കുറിച്ച് മലയാള മനോരമ പത്രത്തിൽ അന്ന് വന്ന റിപ്പോർട്ടിൽ നിന്ന്

അതെ സമയം, പട്ടണങ്ങളിൽ നിന്നകലെ എത്തിക്കാൻ ഭക്ഷണമില്ലാതെ പോയ അന്യസ്ഥലങ്ങളിലാവട്ടെ ആളുകൾ കൂട്ടത്തോടെ പട്ടിണി കിടന്നു.പ്രളയജലം മൂടിയ എറണാകുളം പട്ടണത്തിൽ പൈപ്പ് വെള്ളം ലഭ്യമല്ലാതെ വന്നപ്പോൾ മനുഷ്യർ കുളങ്ങളിലെ കലക്കവെള്ളം കോരിക്കുടിച്ചിരുന്നതായി ‘ദീപിക’യുടെ വാർത്തയിൽ പറയുന്നു . പ്രളയബാധിതർ പാർത്ത ദുരിതാശ്വാസ ക്യാമ്പുകളിൽ ചിലതും വെള്ളം മൂടിയവ തന്നെ ആയിരുന്നു. അമ്പതിലേറെപ്പേരെ പാർപ്പിച്ച ചേന്നങ്കരി പള്ളിക്കൂടത്തിൽ കഴുത്തറ്റം വെള്ളമുണ്ടായിരുന്നെന്നും മുളകൾ വെച്ച് കെട്ടിയും പുറമെ വള്ളങ്ങൾ കൊണ്ടിട്ടുമാണ് അവരവിടെ താമസിച്ചു പോന്നതെന്നുമാണ് ‘മനോരമ’യുടെ ആലപ്പുഴ റിപ്പോർട്ടർ പറഞ്ഞിട്ടുള്ളത്. ചെങ്ങന്നൂരിൽ ആളുകൾ ഗത്യന്തരമില്ലാതെ കുന്നുകളുടെ മുകളിലാണ് അഭയം കണ്ടെത്തിയത്.

അക്കാലത്തെ പാർപ്പിടങ്ങളും ഉറുമ്പുകളുടേത് പോലെ പുഴകളിലൂടെ ഒഴുകാൻ പാകത്തിലുള്ളവ ആയിരുന്നു. നെടുംപ്രയാർ ദേശത്തെ ലേഖകന്റെ ഭാഷ്യം അനുസരിച്ച് അവിടെ വെള്ളം കയറാത്ത പറമ്പുകൾ ഒന്നുമേ അവശേഷിപ്പിക്കാതെ പമ്പാനദി പരന്നൊഴുകിയപ്പോൾ ഉള്ളിൽ മനുഷ്യരുള്ളതും ഇല്ലാത്തതുമായ പുരകളും പത്തായങ്ങളും നദിയിലൂടെ ഒഴുകി നടന്നതായി കണ്ടു . ആരും കണ്ടിട്ടില്ലാത്തത്ര വലിപ്പമുള്ള തടികൾ ഒഴുകി വന്ന് പുരയിടങ്ങളിലെ വൃക്ഷങ്ങളെ ഇടിച്ചു വീഴ്ത്തിയിട്ട്, കരയിലുണ്ടായിരുന്ന പുരകളെ തട്ടിത്തകർക്കുകയും ചെയ്തത്രെ. മാവേലിക്കരയിൽ ചിലയിടങ്ങളിൽ വെള്ളത്തിൽ ഒഴുകിപ്പോകാതിരി ക്കാൻ വീടുകളെ ബലമുള്ള വടങ്ങൾ കൊണ്ട് അടുത്തുള്ള വൃക്ഷങ്ങളിൽ കെട്ടി ഇട്ടിരുന്നതായും എഴുതപ്പെട്ടിട്ടുണ്ട്. ചാലക്കുടിപ്പുഴയുടെ ഇരുകരകളിലെയും വീടുകളത്രയും ഒഴുകിപ്പോകെ രാത്രിയിൽ മരങ്ങൾക്ക് മുകളിൽ അഭയം കണ്ടെത്തിയിരുന്ന അന്തേവാസികളെ പുലർച്ചെ വള്ളങ്ങളിൽ പോയി രക്ഷ പെടുത്തുകയാണുണ്ടായത്. ആൾനാശം എത്രമാത്രമെന്ന് അറിയാനാവാത്തവണ്ണം മാള എന്ന ദേശമാകെ നശിച്ചെന്നും അവിടെ മനുഷ്യരായി ശേഷിച്ചവർ ഉണ്ടെങ്കിൽ അവർ പട്ടിണി കിടന്ന് മരിക്കുകയെ ഉള്ളൂ എന്നുമായിരുന്നു അവിടുത്തെ പ്രാദേശികലേഖകന്റെ റിപ്പോർട്ട്.

പ്രളയജലത്തിൽ മുങ്ങി മരിച്ചവരും മറ്റ് കെടുതികളിൽ മരണപ്പെട്ടവരും എത്രയെന്ന് കൃത്യമായി കണ്ടെത്താൻ ശ്രമിച്ചിരുന്നതായിപ്പോലും ആ പത്രറിപ്പോട്ടുകളിൽ സൂചനയില്ല . പമ്പയാറിലൂടെയും മീനച്ചിലാറിലൂ ടെയും നിരധി മനുഷ്യശവങ്ങൾ ഒഴുകിപ്പോയതായും കൊച്ചിയിലെ കായലിലും അഴിമുഖത്തും അനവധി മൃതശരീരങ്ങൾ വന്നടിഞ്ഞതായും അതാത് ദേശങ്ങളിലെ ലേഖകന്മാർ എഴുതിയിട്ടുണ്ട്. ആലുവയിൽ ഒരു മാളികവീട്ടിൽ അഭയം പ്രാപിച്ച നാൽപ്പത് പേരിൽ എല്ലാവരും മാളിക ഇടിഞ്ഞു വീണ് മരണപ്പെട്ടതും വടക്കാഞ്ചേരിയിൽ സ്‌കൂൾ കെട്ടിടം ഇടിഞ്ഞു വീണ് 60 കുട്ടികളും രണ്ട് അധ്യാപകരും കഥാവശേഷരായതും മൂന്നാറിൽ മലയിടിച്ചിലിൽ നൂറോളം പേര് മരിച്ചതും തൃശ്ശൂരിലെ മെത്രാൻ തിരുമനസ്സിലെ പിതാവും തിരുമനസ്സിലെ ഏതാനും കുടുംബാംഗ ങ്ങളും വഞ്ചി മറിഞ്ഞ് ഒഴുക്കിൽ പെട്ട് മരണപ്പെട്ടതും കോതമംഗലത്തെ കുട്ടംപുഴയിൽ ഈറ്റ വെട്ടാൻ കാട്ടിൽ പോയ ഏതാനും ആളുകൾ മൃതിയടഞ്ഞതും മേപ്രാലിൽ ഒഴുകി വന്നടിഞ്ഞ ഒരു ഭവനത്തിൽ മൂന്ന് നാല് പേരുടെ മൃതദേഹങ്ങൾ കണ്ടതും ആലപ്പുഴയ്ക്കടുത്ത് പറൂർ എന്ന സ്ഥലത്തെ അഭയാർഥികേന്ദ്രമായിരുന്ന പ്രൈമറി സ്കൂൾ തകർന്ന് നാല് പേർ മരിച്ചതുമൊക്കെ പ്രത്യേക തലക്കെട്ടൊന്നുമില്ലാതെ പല വാർത്ത കൾക്കിടയിലെ വരികളിൽ മാത്രം ഒതുക്കപ്പെട്ട ദുരന്തസംഭവങ്ങളാണ്.

മുളകുകാടെന്ന സ്ഥലത്ത് പുഴയിലൂടെ ഒഴുകിപ്പോകുകയായിരുന്ന കൂറ്റൻ തടി വലിച്ച് കരയ്‌ക്കെത്തിക്കാൻ ശ്രമിച്ച മുക്കുവരിൽ മൂന്നു പേർ മരത്തിന്റെ പോടിൽ ഒളിച്ചിരുന്ന സർപ്പത്തിന്റെ കടിയേറ്റ് മരണപ്പെട്ടതും കൗതുകവാർത്തയായി വേർതിരിക്കപ്പെട്ടില്ല. അതു പോലെ തന്നെ, കുറുമാലിപ്പുഴ കര കവിഞ്ഞൊഴുകി വഴിയിലൂടെ കാളവണ്ടിയിൽ പോകുകയായിരുന്ന ഒരു കത്തനാരെയും വണ്ടിക്കാരനെയും കാളയേയും വണ്ടിയോടൊപ്പം ഒഴുക്കിക്കൊണ്ട് പോയതും രക്ഷ തേടി രാത്രി മുഴുവൻ വെള്ളത്തിൽ കിടന്ന് തുഴഞ്ഞ് മൃതപ്രായനായ കത്തനാർ അടുത്തുള്ള ഒരമ്പലത്തിലെ ശാന്തിക്കാരനാൽ രക്ഷിക്കപ്പെട്ടതും വാർത്താസംഗ്രഹത്തിനിടയിലെ ഒരൊറ്റ വാചക വാർത്ത മാത്രമായി.

aymanam john,kerala flood

പ്രളയസ്ഥലത്ത് ഭരണാധികാരികളുടെ സാന്നിധ്യമുണ്ടായതായി പറയപ്പെട്ടിട്ടുള്ളത് ഒരിടത്ത് മാത്രമാണ്. വടക്കോട്ട് സർക്കീട്ട് പോയ ദിവാന് പ്രളയം മൂലം തൃശൂരിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്നതായി പറയുന്നുണ്ട് .ആ ദിവാൻ അവിടെ നിന്ന് സ്‌പെഷൽ ബോട്ടിൽ എറണാകുളത്തെത്തിയപ്പോൾ സാധുക്കൾ ചുറ്റും കൂടി നിന്ന് കരഞ്ഞു കൊണ്ട് ഞങ്ങളെ രക്ഷിക്കണേ എന്ന് നിലവിളിച്ചത്രേ.

അന്നത്തെ ആ പത്രറിപ്പോർട്ടുകൾ പ്രകാരം വിവിധദേശങ്ങളിലുണ്ടായ പ്രളയത്തിന്റെയും വിനാശങ്ങളുടെയും വ്യാപ്തി ഏതാണ്ട് ഇങ്ങനെയൊക്കെ സംഗ്രഹിക്കാം .കുഴിത്തുറയിൽ റോഡിൽ രണ്ടാൾ പൊക്കത്തിലാ യിരുന്നു വെള്ളം കയറിയത്. കൊച്ചി മുതൽ കൊടുങ്ങല്ലൂർ വരെ ഒരു സമുദ്രം പോലെ ആയിത്തീർന്നിരുന്നു. പുളിങ്കുന്ന് കാവാലം,കണ്ണാടി എന്നീ കുട്ടനാടൻ പ്രദേശങ്ങളിലെ നാശനഷ്ടങ്ങൾ കണ്ടാൽ ജർമൻ സൈന്യം കയറിയിറങ്ങിപ്പോയ ബെൽജിയമാണെന്ന് തോന്നുമെന്നായിരു ന്നു അവിടുത്തെ ലേഖകന്റെ കൽപ്പനാവൈഭവം കലർന്ന വിവരണം. കൈനകരിയിൽ വീടുകൾ ആകമാനം വെള്ളത്താൽ മൂടപ്പെട്ടു, പുരപ്പുറത്ത് കയറി രക്ഷ തേടിയ ദേശവാസികളെ രക്ഷാപ്രവർത്തകർ ബോട്ടുമാർഗം ആലപ്പുഴയിലെത്തിച്ചു. കാറ്റും കോളും നിമിത്തം കായലിലെ വെള്ളം കടലിലേക്ക് പോകാതെയായെന്ന് കുമരകത്ത് നിന്നുള്ള റിപ്പോർട്ടിൽ പറഞ്ഞു .കല്ലടയിൽ വെള്ളം പോലും കുടിക്കാനില്ലാതെ മൂന്നു നാൾ മരങ്ങൾക്ക് മുകളിൽ കഴിഞ്ഞവർ മോഹാലസ്യപ്പെട്ടു താഴെ വീഴുകയുണ്ടായി .പറവൂരും ചേന്നമംഗലത്തും ഉയരമേറിയ തെങ്ങുകൾ മാത്രമേ വെള്ളത്തിന് മുകളിൽ കാണാനുണ്ടായിരുന്നുള്ളൂ .പറവൂർ പ്രദേശത്ത് രണ്ടായിരത്തിൽപ്പരം ചെറുഭവനങ്ങൾ നശിച്ചു.പല റോഡുകളും തോടുകളായി.വള്ളങ്ങളിൽ പ്രാണരക്ഷാർത്ഥം സഞ്ചരിച്ചവരിൽ അനേകർ ഒഴുക്കിന്റെ ശക്തിയിൽ വള്ളം മറിഞ്ഞ് മരണപ്പെട്ടു .ഭവനരഹിതർ ഗത്യന്തരമില്ലാതെ ടൗണിൽ കിടന്ന് ഉഴലുന്നുവെന്നാണ് പറയപ്പെട്ടത് . മൂന്നാർ വെള്ളത്തിനടിയിലായി. മൂന്ന് പാലങ്ങൾ ഒഴുകിപ്പോയി. കൊച്ചിയിലെ മുണ്ടൻവേലിയിൽ തെങ്ങുകളും വീടുകളും നാമാവശേഷമാക്കിക്കൊണ്ട് ഒരു പുതിയ അഴിമുഖം സൃഷ്ടിക്കപ്പെട്ടു . തൃപ്പൂണിത്തുറയ്ക്കും ഇടപ്പള്ളിയ്ക്കുമിടയിൽ വള്ളങ്ങൾ ഊന്നിക്കൊണ്ട് പോയിരുന്നത് റോഡുകളിലൂടെയായിരുന്നത്രേ. ഭാരതപ്പുഴ ഒരു കായലാണെന്നേ തോന്നുമായിരുന്നുള്ളൂ. ഷൊർണൂർ തീവണ്ടിപ്പാലത്തിൽ വലിയ ഒരാൽവൃക്ഷം വന്നിടിച്ച് മൂന്നു നാല് തൂണുകൾ ഇളകിപ്പോയി.പാലത്തിന്റെ പതിന്നാല് ആർച്ചുകളിൽ അറ്റങ്ങളിലെ മൂന്നെണ്ണം വീതം നില നിർത്തി ശേഷിച്ചവ പ്രളയജലം ഒഴുക്കിക്കൊണ്ടു പോയി.കൊല്ലം പട്ടണത്തെ പ്രളയം കാര്യമായി ബാധിച്ചില്ലെങ്കിലും തീരദേശത്തെ മുക്കുവർ അതികഠിനമായ പട്ടിണിയുടെ അനുഭവങ്ങളിലൂടെ കടന്ന് പോയി.തെക്കേ മലബാർ മുഴുവൻ മുങ്ങിപ്പോയി.കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി. 2000 വീടുകൾ നിലം പൊത്തി.മാഹിപ്പാലം ഒഴുക്ക് കൊണ്ട് പോയി. പുലാമന്തോൾ നദി ഒരു മൈൽ വീതിയിൽ ഒഴുകി.ഒറ്റപ്പാലവും പട്ടാമ്പിയും മുഴുവൻ മുങ്ങി. കോതമംഗലത്ത് പെരിയാർ റബർ തോട്ടം അപ്പാടെ വെള്ളത്തിൽ മുങ്ങി. അവിടെ തൊഴിലാളികൾ ഒന്നടങ്കം പട്ടിണി കിടന്നതായും വാർത്തയുണ്ട്.

തഞ്ചാവൂർ പട്ടണം ഒരു മഹാസമുദ്രം പോലെ കാണപ്പെട്ടു. ശ്രീരംഗം, ഭവാനിപുരം എന്നിവിടങ്ങളെല്ലാം മുങ്ങിക്കിടന്നതായി പറയുന്നുണ്ട്. കുമാരധാരി,നേത്രാവതി നദീതീരങ്ങളിൽ ഇരുപത് മൈൽ നീളത്തിലും അര മൈൽ വീതിയിലും വെള്ളവും വൃക്ഷത്തലപ്പുകളും മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. ദക്ഷിണകാനറയിൽ 9000 ആളുകൾ പാർത്തിരുന്ന പ്രദേശത്ത് നിന്ന് 8000 പേരോളം ഒഴിഞ്ഞു പോയി. ഷിമോഗയിലും ഹസ്സനിലും തീവണ്ടിപ്പാളങ്ങൾ ഒഴുകിപ്പോയി തുംഗഭദ്ര കര കവിഞ്ഞു.മുസ്സൻ ഹലി എന്ന ദേശത്ത് അണക്കെട്ട് പൊട്ടി. ഈറോഡ് പട്ടണവും മുങ്ങി. തൃശ്ശിനാപ്പള്ളിയിൽ കോളറ പടർന്നു പിടിച്ചു. അവിടെയടുത്ത് കണ്ഠമൂർത്തി അണക്കെട്ട് പൊട്ടി.

ഇന്ത്യയിലേക്കാൾ ഭയാനകമായ വെള്ളപ്പൊക്കമാണ് ചൈനയിൽ ഉണ്ടായതെന്ന് പീക്കിങ്ങിൽ നിന്നുള്ള റിപ്പോർട്ടിൽ പറയപ്പെട്ടു .ആയിരം ഗ്രാമങ്ങൾ മുങ്ങിപ്പോയി. പതിനായിരം മൈൽ സ്ഥലത്ത് വെള്ളമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ചിക്കിലി എന്നൊരു സംസ്ഥാനം തന്നെ നശിച്ചു പോകുകയും ചെയ്തത്രേ. ലാഹോറിൽ അതിവൃഷ്ടിയിൽ നദികളിൽ കര കവിഞ്ഞ് നിരത്തുകളിൽ വെള്ളം പൊങ്ങി.aymanam john,kerala flood

മനുഷ്യനിർമ്മിത ദുരന്തങ്ങൾക്ക് ഇന്നെന്ന പോലെ ആ മഹാപ്രളയകാലത്തും താൽക്കാലികമായിപ്പോലും അറുതി വന്നിരുന്നില്ല . ജാതീയത അവിടവിടെ പൊന്തി ക്കിടന്നതായി അന്നത്തെ വാർത്തകളിലും വായിക്കാം .. ആലപ്പുഴയിൽ നിന്ന് അഭയാർത്ഥി ബോട്ടിൽ കുട്ടനാട്ടുകാരായ ആളുകളെ രക്ഷിക്കാൻ പോയവരിൽപ്പെട്ട ബി.എ.ബി.എൽ കാരനായ ഒരുന്നതകുലജാതൻ അവിടെയെത്തിയ പാടെ സ്വസമുദായക്കാർ പാർക്കുന്നതെവിടെയാണെന്ന് അന്വേഷിച്ചത് പരിഹസിക്കപ്പെട്ടിട്ടുണ്ട്. അക്കാര്യത്തിൽ ചരിത്രം ആവർത്തിച്ചതിന്റെ പേരിലും ആലപ്പുഴ പട്ടണം നമ്മുടെ പ്രത്യേക ശ്രദ്ധ അർഹിക്കുന്നുണ്ട്. അന്നത്തെ പ്രളയകാലത്ത് അവിടെ അയ്യായിരത്തോളം വന്ന അഭയാർത്ഥി കളെ ജാതി തിരിച്ച് പലയിടങ്ങളിൽ പാർപ്പിക്കേണ്ടി വന്നത്, ഒന്നിച്ച് പാർക്കുന്നതിൽ സവർണ്ണർ പ്രകടിപ്പിച്ച അനിഷ്ടം കൊണ്ടായിരുന്നുവെന്ന് പറയുന്നുണ്ട് . പുതിയ പ്രളയകാലത്തും ആലപ്പുഴയിലെ ഒരു ദുരിതാശ്വാസ ക്യാമ്പിൽ സമാനമായ എതിർപ്പുയർന്നതായും നീരസം കാട്ടിയവരെ പണ്ടേപ്പോലെ തന്നെ മാറ്റിപ്പാർപ്പിച്ചതായും ഒരു ചാനൽ വാർത്ത കണ്ടതോർക്കുന്നു. മാപ്പിളലഹള ജാതിവൈരത്തെ മൂർധന്യാവസ്ഥയിൽ എത്തിച്ചെങ്കിലും പ്രളയം സർവജാതികളെയും യോജിപ്പിച്ചതായി കോഴിക്കോട് കലക്ടർ അഭിപ്രായപ്പെട്ടതായി അന്നത്തെ പത്രവാർത്തയിൽ വായിച്ചപ്പോഴും സമാനമായ നിഗമനങ്ങൾ ഈ പ്രളയകാല അഭിപ്രായപ്രകടനങ്ങളിലും പലപ്പോഴും കേൾക്കാൻ ഇടയായതോർത്തു.

വ്യാപാരികളുടെ കൊള്ളയും ഇക്കാലത്തേത് പോലെ തന്നെ അക്കാലവും വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നതായി കാണുന്നു. കോട്ടയത്തെ വ്യാപാരികൾ പ്രളയകാലത്ത് അരിവില ചാക്കൊന്നിന് 15 രൂപ ആയിരുന്നത് 20 -21 രൂപ ആയി ഉയർത്തിയത് ദീപികയുടെ രൂക്ഷമായ വിമർശനത്തിന് വിധേയമായതായി കാണാം .

അണക്കെട്ടുകൾ വിരളമായിരുന്നെങ്കിലും ഉണ്ടായിരുന്നവ ഇന്നത്തെപ്പോലെ തന്നെ അന്നും പഴി കേട്ടിരുന്നു. പേച്ചിപ്പാറ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്ന് വിട്ടത് മൂലമാണ് കുഴിത്തുറയിൽ റോഡിൽ രണ്ടാൾപൊക്കത്തിൽ വെള്ളം വന്നത് എന്ന് ആക്ഷേപം ഉണ്ടാകുകയും ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വിശദീകരിക്കുകയു മുണ്ടായി. മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയതായി അഭ്യൂഹമുണ്ടായതായും അനുമാനിക്കാം.കാരണം അണക്കെട്ടിന് ഒരു കോട്ടവും ഉണ്ടായിട്ടില്ലെന്നുള്ള എൻജിനീയറുടെ സാക്ഷ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

മാടത്തകൾ മടങ്ങി വന്നപ്പോൾ

അതിജീവനത്തിന്റെ കഥകൾ മാത്രമല്ല ഏത് മഹാപ്രളയത്തെയും വെല്ലുന്ന നിശ്ചയദാർഢ്യത്തിന്റെ കഥകളും പഴയ പ്രളയകാലത്തിന് പറയാനുണ്ട് .അയിത്താചരണത്തിനെതിരെയുള്ള വൈക്കം സത്യാഗ്രഹം കൊടുമ്പിരി കൊണ്ട് നടന്നിരുന്ന നാളുകൾ കൂടിയായിരുന്നു അത്. കിഴക്കേ നടയിൽ നെഞ്ചൊപ്പം വെള്ളത്തിൽ നിന്ന് കൊണ്ടാണ് ആ നാളുകളിൽ വോളണ്ടിയർമാർ സത്യാഗ്രഹം അനുഷ്ഠിച്ചത് എന്നെഴുതപ്പെട്ടിട്ടുണ്ട് . പ്രളയജലത്തിൽ അവിടെ ഇട്ടിരുന്ന കടത്തുവള്ളത്തിൽ സഞ്ചരിച്ചവരിൽ ചിലർ വള്ളം തുഴഞ്ഞ് കൊണ്ട് പോയി സത്യാഗ്രഹികൾക്ക് മേൽ ഇടിപ്പിക്കുകയും അവരെ നയമ്പു കൊണ്ട് കുത്തുകയുമൊക്കെ ചെയ്തതായും പ്രളയകാല വാർത്തകളിൽ പറയുന്നുണ്ട് .സത്യാഗ്രഹത്തോടനുബന്ധിച്ച് കോട്ടയം ജയിലിൽ അടച്ച ഇ.വി.രാമസ്വാമിനായ്ക്കരെ അവിടെ നിന്ന് തിരുവനന്തപുരം സെൻട്രൽജയിലിലേയ്ക്ക് മാറ്റുവാൻ ഉത്തരവായപ്പോൾ അധികാരികൾ നൽകിയ കാറിൽ പോകാൻ വിസമ്മതിച്ച അദ്ദേഹം ഏഴു ദിവസം കാൽനടയായി സഞ്ചരിച്ച് അവിടെയെത്താൻ സന്നദ്ധനായതും ആ വാർത്തകളുടെ ഭാഗമായി.aymanam john,kerala flood

ഇനി തുടക്കത്തിൽ പറഞ്ഞ പഠിക്കാനാവാതെ പോയ ആ പ്രളയപാഠങ്ങളിലേക്ക് തന്നെ മടങ്ങി വരട്ടെ. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം പാഠഭാഗമായി നമ്മെ പഠിപ്പിച്ചിരുന്നുവെങ്കിൽ തീർത്തും സുരക്ഷിതമായ പാർപ്പിടസ്ഥാനങ്ങൾ നമ്മുടെ ദേശത്ത് തുലോം പരിമിതമാണെന്നുള്ളതായിരുന്നു അതിൽ നിന്ന് പഠിക്കേണ്ടിയിരുന്ന പ്രധാന പാഠം. എന്നാൽത്തന്നെ ആ പാഠം പഠിക്കാതെ പോയതു കൊണ്ട് മാത്രമായിരിയ്ക്കില്ല; അന്ന് പരന്നൊഴുകിയ നദികളെ അവയുടെ ഉറവിടങ്ങളിൽ തന്നെ അണ കെട്ടി നിലയ്ക്ക് നിർത്തിയിട്ടുണ്ടല്ലോ എന്നൊരു അഹങ്കാരം കൊണ്ട് കൂടിയാവണം പഴയ വെള്ളപ്പൊക്കം തൂത്തെറിഞ്ഞ പാർപ്പിടങ്ങളുടെ അതെ സ്ഥാനങ്ങളിൽ നമ്മൾ പുതിയകാല പാർപ്പിടങ്ങൾ കെട്ടിപ്പൊക്കിയത്. മലകൾ ഇടിച്ചു നിരത്തിയും കണ്ടൽക്കാടുകൾ വെട്ടിത്തെളിച്ചും റിസോർട്ടുകൾ പണിത് കൂട്ടി ആ കൈയേറ്റങ്ങൾ കുറേക്കൂടി വ്യാപകമാക്കിയപ്പോൾ ദൈവത്തിന്റെ സ്വന്തം നാട് എന്നൊരഹമ്മതിയും അതിന് കൂട്ട് നിന്നു.

അത് കൊണ്ട് പുതിയ പ്രളയത്തെ നമുക്ക് ഇങ്ങനെയും കാണാം: ആനത്താരകൾ നമ്മൾ കൈയ്യേറി ഹിൽ ഹൈവേ കളാക്കി മാറ്റിയപ്പോൾ ആനകൾ അന്യമാർഗങ്ങളിലൂടെ നമ്മുടെ നാടുകളിലേക്ക് എങ്ങനെ കൈയേറ്റം നടത്തിയോ അത് പോലെ തന്നെയാണ് പ്രളയം വന്നപ്പോൾ പഴയ ഗതിമാർഗം നഷ്ടപ്പെട്ട പുഴ ഗതി മാറി പുതിയ വഴികൾ കണ്ടെത്തി ഒഴുകിയത്. നമ്മുടെ കൂറ്റൻ അണക്കെട്ടുകളെയും കവച്ചു വച്ച് കടന്ന് ഒഴുകി വരാൻ പ്രളയജലത്തിന് കേവലം രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രം മതി എന്ന് കൂടി പുതിയ പ്രളയകാലം സാക്ഷ്യപ്പെടുത്തി .

1924 ൽ ആഗോളതാപനം എന്നൊരു വാക്ക് പോലും ഉച്ചരിക്കപ്പെട്ട് തുടങ്ങിയിട്ടില്ല .അണക്കെട്ടുകളായി നാമമാത്രം ചിലതേ അന്നുണ്ടായിരുന്നുള്ളൂ താനും.അങ്ങനെ നോക്കുമ്പോൾ ആഗോളതാപനം സംഭവിച്ചാലും സംഭവിച്ചില്ലെങ്കിലും തുറന്ന് വിടാൻ അണക്കെട്ടുകൾ ഉണ്ടായിരുന്നാലും ഇല്ലെന്നാകിലും ഇന്നുണ്ടായതിലും വലിയ പ്രളയം സംഭവ്യമാണ് എന്നതാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിന്റെ ചരിത്രസാക്ഷ്യം.

അതുകൊണ്ട് കേരളത്തിന്റെ കാലവർഷാകാശത്തിലെ മഴമേഘങ്ങളെ നാമിനി ദൈവത്തിന്റെ താടിമീശയായല്ല ഡെമോക്ളീസ് തലയ്ക്ക് മീതെ കണ്ട വാളായിത്തന്നെ കാണുകയാവും നല്ലത് .തുലാവർഷത്തിന്റെ തുടക്കം കാട്ടുന്ന ഇടിമിന്നലുകളെ വാൾവീശലുകളായും.

Read More: അയ്മന ജോൺ എഴുതിയ കഥകളും ലേഖനങ്ങളും ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Kerala floods aymanam john