scorecardresearch

തിരഞ്ഞെടുപ്പ് ജോലി നൽകിയ തുല്യതയും ആകാശവും

തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരാണ് ജനാധിപത്യപ്രക്രിയയിലെ ജീവനുള്ള യന്ത്രങ്ങൾ. അവർ എണ്ണയിട്ട് യന്ത്രം പോലെ പ്രവർത്തിക്കുന്നതാണ് തിരഞ്ഞെടുപ്പിനെ കഴിയുന്നത്ര സുതാര്യവും കാര്യക്ഷമവുമാക്കുന്നത്. അതിനായി അവർ കടന്നുപോകുന്ന അനുഭവങ്ങളിലെ ചിലത്, ആദ്യത്തെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പശ്ചാത്തലത്തിൽ പങ്കുവയ്ക്കുകയാണ് കണ്ണൂർ സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥയുമായ ലേഖിക

തിരഞ്ഞെടുപ്പ് ജോലി നൽകിയ തുല്യതയും ആകാശവും

തിരഞ്ഞെടുപ്പ് എന്നത് ജനാധിപത്യസംവിധാനത്തിലെ  ഓരോ മനുഷ്യരുടെയും നിർണായകമായ വിരൽസ്പർശമാണ്. ഏറ്റവും സൂക്ഷ്മതയോടെയും കൃത്യതയോടെയും നിർവഹിക്കേണ്ടുന്ന ഒന്ന്. വോട്ട് ചെയ്യുന്ന പൗരർ മാത്രമല്ല, അതിൽ ഭാഗഭാക്കാകുന്ന ഓരോരുത്തരും ജനാധിപത്യം നിലനിർത്തുന്നതിലെയും ബലപ്പെടുത്തുന്നതിലെയും പ്രധാന ഘടകങ്ങളാണ്. മൊട്ടുസൂചി മുതൽ വോട്ടിങ് മെഷീൻ വരെ അണിനിരക്കുന്ന ഒന്ന്. ജനങ്ങളെയും ജനാധിപത്യത്തെയും ഭരണകൂടത്തെയും ഭരിക്കപ്പെടുന്നവരെയും വിളക്കിച്ചേർക്കുന്ന സംവിധാനമാണ് തിരഞ്ഞെടുപ്പ്. അത് കൃത്യതയോടെ നടപ്പാക്കുന്ന ജീവനുള്ള യന്ത്രമാണ് ഉദ്യോഗസ്ഥർ.

ജീവിതത്തിലത്രയും കാലം തിരഞ്ഞെടുപ്പെന്നത് വോട്ട് ചെയ്യാൻ പോകുന്നതിൽ മാത്രം ഒതുങ്ങിയിരുന്ന എനിക്ക് ഇത്തവണ വോട്ടിങ് നടപ്പാക്കുന്നതിലെ ഭാഗവുമാകേണ്ടി വന്നു.  സർക്കാർ ജോലി കിട്ടിയ ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ്. ആദ്യത്തെ തവണയാതിനാലാകാം കിലുക്കത്തിലെ കിട്ടുണ്ണിയെ പോലെ ‘അടിച്ചുമോളെ’ എന്ന് മനസിൽ പറഞ്ഞു.

അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നു. സ്കൂളിൽ ആദ്യമായി പോകുന്ന കുട്ടിയെ പോലെ ആകാംക്ഷയോടെ കാത്തിരുന്നതായിരുന്നു ആ ദിവസം. ഇലക്ഷൻ ഡ്യൂട്ടി സംബന്ധിച്ച കഥകൾ പലതും യക്ഷിക്കഥകൾ പോലെ കേൾക്കാത്ത ജീവനക്കാരുണ്ടാകില്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാലത്ത് നേരിട്ട പലവിധ അനുഭവങ്ങളുടെ കെട്ടുകണക്കിന് ഫയലുകൾ ഓർമയിൽ കെട്ടിവച്ചിരിക്കുന്നവരാകും ഭൂരിപക്ഷം ഉദ്യോഗസ്ഥരും. അവരുടെ ഇടയിലാണ് ഒന്നാം ക്ലാസിലെ പ്രവേശനോത്സവത്തിനു പോകുന്ന കുട്ടിയെ  പോലെ ഏപ്രിൽ അഞ്ചിനു രാവിലെ ഞാൻ പുറപ്പെടുന്നത്. പുതിയ ഒരു അനുഭവത്തെക്കുറിച്ചുള്ള ആകാംക്ഷയിൽ ഉള്ളിൽ പതഞ്ഞുയരുന്ന സന്തോഷവുമുണ്ട്, അതേസമയം, അതേക്കുറിച്ചുള്ള ആശങ്കയുടെ പഞ്ചാരിമേളവമുണ്ട്.

Election 2021, Jubeena T K , IE Malayalam

ഏപ്രിൽ അഞ്ചിന് കാലത്ത് എട്ടിനു കലക്ഷൻ സെന്ററിൽ എത്തിച്ചേരാനാണ് ലഭിച്ച നിർദേശം. അതിരാവിലെ ഉറക്കമെഴുന്നേറ്റ്, റെഡിയായി ആറ് മണിക്കുള്ള കെ എസ് ആർ ടി സി പിടിച്ച് കലക്ഷൻ സെന്ററിലേക്ക് യാത്ര തിരിച്ചു. രണ്ടു മണിക്കൂർ നീണ്ട യാത്രയ്ക്കു ശേഷം കൃത്യം എട്ടിനു കലക്ഷൻ സെന്ററിൽ ഹാജർ വച്ചു. നാലംഗ ടീമാണ് ഞങ്ങളുടേത് എന്ന് അറിയാമായിരുന്നു. അതിലുള്ള രണ്ടു പേരെ ഫോണിലൂടെ കണ്ടെത്തി പരിചയപ്പെട്ടു. അവരിൽ നിന്നാണ് ആ വിവരം അറിഞ്ഞത്. കോവിഡ് പിടിപെട്ടതിനാൽ പ്രിസൈഡിങ് ഓഫീസർ ഡ്യൂട്ടിക്കു വരില്ല. അത് ഒരാഴ്ച മുമ്പ് തന്നെ അധികാരികളെ അറിയിച്ചു. ഈ വിവരമെല്ലാം പങ്കുവച്ച് നിൽക്കുമ്പോൾ എനിക്ക്  പ്രത്യേകിച്ച് എന്തെങ്കിലും തോന്നിയോയെന്ന് ചോദിച്ചാൽ  പ്രിസൈഡിങ് ഓഫീസർ പകരം ആൾ വരുമോ ഇല്ലയോ എന്ന് മഞ്ജു വാര്യർ സ്റ്റൈലിൽ മനസ്സിൽ ചോദിച്ച് ഞാൻ ധൈര്യം സംഭരിച്ച് നിന്നു.

ഈ സമയം ചെറുപൂരങ്ങളെത്തുന്നതുപോലെ ചെറിയ ചെറിയ കൂട്ടങ്ങളായി ടീമുകൾ എത്തി. അങ്ങനെ കലക്ഷൻ സെന്റർ ആൾക്കൂട്ടമുള്ള ഒരിടമായി വേഗം രൂപാന്തരപ്പെട്ടു. അതേസമയം, മൈക്കിലൂടെ പലതരം അറിയിപ്പുകൾ വന്ന് തുടങ്ങി കോവിഡ് പ്രോട്ടക്കോൾ സംബന്ധിച്ച അറിയിപ്പ് മുതൽ കലക്ഷൻ സെന്ററിൽ പാലിക്കേണ്ട കാര്യങ്ങൾ വരെ. എത്തിയവരൊക്കെ അറ്റൻഡൻസ് രേഖപ്പെടുത്താൽ പല വരികളിലായി നിലയുറപ്പിച്ചു.

Also Read: തിരഞ്ഞെടുപ്പ്: ആ മഷി വരയ്ക്കപ്പുറം

പോളിങ് ഉദ്യോഗസ്ഥർക്ക് അവരുടെ ചുമതല അനുസരിച്ച് ഒന്ന് മുതൽ നാല് വരെ ( 1,2,3,4) തരം തിരിച്ച് പ്രത്യേകം പ്രത്യേകം വരികളുണ്ടായിരന്നു. തുടക്കക്കാരിയുടെ അങ്കലാപ്പും ആശങ്കകളുമൊന്നും പിടികൂടിയില്ലെന്ന് വിശ്വസിച്ചപ്പോഴും ക്യൂ ഏതാണ് എന്ന് മനസ്സിലാക്കാൻ കുറേ പേരോട് ചോദിക്കേണ്ടി വന്നു. ചോദിച്ച് ചോദിച്ച് യഥാർത്ഥ വരിയെലെത്തി എന്ന് പറയുന്നതാകും ശരി. തുടക്കം തന്നെ കറക്കി. ഇങ്ങനെ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നതിനു പകരം പരീക്ഷാ സെന്ററുകളിലൊക്കെ വയ്ക്കുന്നത് പോലെ ഒരു ബോർഡുണ്ടായാൽ കാര്യങ്ങൾ എളുപ്പമായേനെ.

അവിടെ അറ്റൻഡൻസ് രേഖപ്പെടുത്തിയ ശേഷം പ്രിസൈഡിങ് ഓഫീസർ ഇല്ലാത്ത “അനാഥ” ഉദ്യോഗസ്ഥരായ ഞങ്ങളെന്ന മൂവർ സംഘം അനൗൺസ്മെന്റ് നടത്തുന്ന സ്റ്റേജിലെത്തി.  അവിടെയുണ്ടായിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനം കാര്യം  അറിയിച്ചു. ബൂത്ത് നമ്പറും മറ്റും അദ്ദേഹം ചോദിച്ച് മനസിലാക്കി. റിസർവിലുള്ളതിൽനിന്ന് ഒരു ഉദ്യോഗസ്ഥനെ ഉടനെ തരാമെന്ന് പറഞ്ഞു. അപ്പോഴാണ്  ക്രിക്കറ്റിലും ഫുട്ബോളിലുമെല്ലാം  പുറത്തിരിക്കുന്ന പന്ത്രണ്ടാമന്റെ വില മനസിലായത്. അങ്ങനെ  ഞങ്ങൾ കാത്തിരിപ്പ് തുടർന്നു. അതിനിടയിൽ ഇടയ്ക്കിടെ പോയി പ്രിസൈഡിങ് ഓഫീസറുടെ കാര്യം ഓർമിപ്പിച്ചു. അപ്പോഴെല്ലാം ‘ ആ നാലിഞ്ചിന്റെ സ്പാനറിങ്ങെടുത്തേ”, എന്ന മട്ടിൽ കാത്തിരിക്കൂ, ഇപ്പോൾ തരാം എന്ന് അദ്ദേഹം ആവർത്തിച്ചുകൊണ്ടേയിരുന്നു. ഇതേ സമയം, തന്നെ റിസർവിൽനിന്നുള്ള ഉദ്യോഗസ്ഥരെ അലോട്ട് ചെയ്യുന്നത് സംബന്ധിച്ച അറിയിപ്പുകൾ മൈക്ക് വഴി മുഴങ്ങുന്നത് ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നു.

ഒരു മണിയായിട്ടും  ആളെ കിട്ടാതെ വിഷമിച്ച ഞങ്ങൾ സ്റ്റേജിൽ വീണ്ടും ചെന്ന് മറ്റൊരു ഡെസ്കിലിരിക്കുന്ന ആളിനോട് കാര്യം പറഞ്ഞു അപ്പോഴാണ് മനസിലായത് അവിടെ പറഞ്ഞാൽ ഉടനെ റിസർവ് ഉദ്യോഗസ്ഥരെ ലഭിക്കുമെന്ന്. പക്ഷേ അവിടെ ചോദിക്കണെന്ന് അറിയാൻ ഞങ്ങൾക്ക് മന്ത്രതന്ത്രങ്ങൾ അറിയില്ല, അവിടെയാണ് ഇക്കാര്യം അറിയിക്കേണ്ടത് എന്നത് വരുന്നവർക്ക് മനസിലാകാൻ ഒരു കടലാസിൽ  പോലും എഴുതിവച്ചിട്ടുമില്ല. അവിടെ ബോർഡ് വച്ചിരുന്നുവെങ്കിൽ കാര്യം എളുപ്പമായിരുന്നേനെ. അങ്ങനെ നീണ്ടകാത്തിരിപ്പും അസഹനീയമായ ചൂടും കാരണം നല്ല ക്ഷീണം തോന്നിത്തുടങ്ങി. ഭക്ഷണം കഴിക്കാനായി അവിടെയുള്ള സ്റ്റാളിലെത്തിയപ്പോൾ അവിടെയും നല്ല തിരക്ക്. ഭക്ഷണം കിട്ടാൻ സമയമെടുക്കും എന്ന് പറഞ്ഞു. വിശപ്പും ക്ഷീണവും സമയമില്ലായ്മയും കാരണം സ്കൂളിന് താഴെയുള്ള ഹോട്ടലിലേക്ക് നടന്നു. അവിടെ ചെന്നപ്പോഴും തിരക്കിന് കുറവില്ല. ചോറ് തീരാറായെന്ന് അവിടെനിന്നു പറഞ്ഞെങ്കിലും അവസാനമുണ്ടായിരുന്ന ചോറ് ഞങ്ങൾക്ക് കിട്ടി. എന്നിട്ടും ആളുകൾ എത്തുന്നുണ്ടായിരുന്നു. അവർക്ക് രാവിലത്തെ പെറോട്ടയെയും സാമ്പാറിനെയും തിരഞ്ഞെടുത്ത്  വിശപ്പിനെ പരാജയപ്പെടുത്തേണ്ടി വന്നു. ചിലർ ഓട്ടോറിക്ഷയെടുത്ത് അടുത്ത ടൗണിലെ ഹോട്ടലിൽ പോയി ചോറ് കഴിച്ചു മടങ്ങിയെത്തി.

Election 2021, Jubeena T K , IE Malayalam

ചോറ് കഴിച്ച് മടങ്ങിയെത്തിയ ഞങ്ങൾ പോളിങ് സാമഗ്രഹികൾ വാങ്ങി, പരിശോധിച്ച് അനുവദിച്ച മൂന്നു മണിക്ക് ബസിൽ കയറി. അപ്പോഴാണ് ആ ബസിൽ 11 മണി മുതൽ ഞങ്ങളെ കാത്ത് വേറെ ഒരു ടീം ഇരിപ്പുണ്ടായിരുന്നുവെന്ന് അറിഞ്ഞത്. ഞങ്ങൾ രണ്ട് ടീമും ഒരേയിടത്തേക്കാണ് പോകേണ്ടത്. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ബൂത്തിലെത്തി. രാത്രി 11 വരെ ബൂത്ത് സജ്ജമാക്കുകയെന്ന ജോലിയിൽ കർത്തവ്യനിരതരായി. അവിടുത്തെ ബൂത്ത് ലെവൽ ഓഫീസർ (ബി എൽ ഒ) യുടെ സഹായത്താൽ ഞങ്ങൾ സ്ത്രീകൾക്ക് താമസിക്കാൻ അടുത്ത് ഒരു വീട്ടിൽ ഇടം കിട്ടി. രാത്രി പന്ത്രണ്ടോടെ വീട്ടിലെത്തിയ ഞങ്ങൾ ഉറങ്ങിയെന്ന് വരുത്തി ഏപ്രിൽ ആറിന് പുലർച്ചെ നാലോടെ എഴുന്നേറ്റ് തയാറായി അഞ്ച് മണിക്ക് ബൂത്തിലെത്തി. അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി. മോക്ക് പോൾ നടത്തി കൃത്യം ഏഴ് മണിക്ക് പോളിങ് ആരംഭിച്ചു.

പോളിങ് രണ്ട് മണിക്കൂർ പിന്നിട്ട് ഒമ്പത് മണിയായപ്പോൾ ഞാൻ ഇരുന്ന ബൂത്തിലെ വിവി പാറ്റ് യന്ത്രം പണി മുടക്കി. ഒരു മണിക്കൂർ നേരം വോട്ടിങ് നിർത്തിവയ്‌ക്കേണ്ടി വന്നു. രണ്ടു പേർ വിരലിൽ മഷി പുരട്ടി വോട്ട് ചെയ്യാൻ തയാറായപ്പോഴാണ് വിവി പാറ്റ് യന്ത്രം പണി മുടക്കിയത്. അവർ ഒരുമണിക്കൂറോളം കാത്തുനിന്നതിലെ പരിഭവം മറച്ചുവച്ചില്ല.

ബൂത്തിൽ എനിക്ക് ഉള്ള ഉത്തരവാദിത്തം ബാലറ്റ് കൺട്രോൾ യൂണിറ്റുമായി ബന്ധപ്പെട്ടതായിരുന്നു. ഒരാൾ വോട്ട് ചെയ്തു കഴിഞ്ഞാൽ പത്ത് സെക്കൻഡ് കഴിയുമ്പോൾ ബീപ്പ് ശബ്ദം കേൾക്കും. അത് കേട്ടുകഴിഞ്ഞാൽ മാത്രമേ വോട്ട് രേഖപ്പെടുത്തിയതായി ഉറപ്പുവരുത്താനാവുകയുള്ളൂ. പലരും വന്ന് തങ്ങളുടെ സ്ഥാനാർത്ഥിയുടെ നേരെയുള്ള ബട്ടണിൽ വിരലമർത്തി പുറത്തേക്ക് ഒറ്റപോക്കായിരിക്കും. അങ്ങനെ പോകുന്നവരെ ബീപ്പ് ശബ്ദം കേൾക്കുന്നത് വരെ പിടിച്ചുനിർത്തുകയെന്നതാണ് എന്റെ ജോലി. വോട്ട് ചെയ്ത് ഓടുന്നവരോട് ഞാൻ നിൽക്കാൻ പറയും പലരും  ഭയന്ന് തങ്ങളെന്തോ തെറ്റ് ചെയ്തോ എന്ന മുഖഭാവത്തോടെ നിൽക്കും. ബീപ് ശബ്ദം കേട്ടിട്ട് പോകാമെന്ന പറയുമ്പോൾ ആ മുഖങ്ങളിൽ ആശ്വാസം വിടരുന്നത് കാണാം. ചിലരോട് നിൽക്കാൻ പറയുമ്പോൾ തന്നെ ബീപ് ശബ്ദം കേൾക്കും അപ്പോൾ അവരോട് പൊയ്ക്കോളാൻ പറയും, അപ്പോൾ എന്താണ് കാര്യമെന്ന് അറിയാത്ത അവർ ആളെ കളിയാക്കുന്നോ എന്ന മട്ടിൽ ദേഷ്യത്തോടെ നോക്കുന്നതും കണ്ടു.

Also Read: തിരഞ്ഞെടുപ്പിൽ തെളിയാത്ത വിരലടയാളങ്ങൾ

കുറച്ച് സമയം ജനാധിപത്യത്തിലെ അടയാളം എന്റെ കൈവശമായിരുന്നു.  ചൂണ്ടുവിരലിൽ മഷിപുരട്ടുന്ന ചുമതല കുറച്ച് നേരം ചെയ്യേണ്ടി വന്നു. മഷി പടർന്നതിന് ഒരാൾ കുറച്ച് സങ്കടം പറഞ്ഞു. പലരും മഷി പുരട്ടിയാൽ  ഉടനെ തന്നെ തുടച്ചുകളയാൻ ശ്രമിക്കുന്നത് കണ്ടു. കൈയിൽ എന്തെങ്കിലും പറ്റിയാൽ നമ്മൾ ചെയ്യുന്ന സ്വാഭാവിക പ്രവർത്തനമാണല്ല അത് തൂത്ത് കളയുക എന്നത്, അതായിരിക്കാം. ഓപ്പൺ വോട്ട് ചെയ്യാൻ വരുന്നവരുടെ വലതുകൈയിലെ വിരലിൽ മഷിപുരട്ടണം. അപ്പോൾ ഒരു സ്ത്രീ പറഞ്ഞു. ഭക്ഷണം കഴിക്കുന്ന കൈയാണ് മഷി പുരട്ടാൻ പറ്റില്ലെന്ന്. പിന്നെ ഏറെ നേരം വേണ്ടി വന്നു അവരെ പറഞ്ഞ് സമ്മതിപ്പിച്ച് മഷി പുരട്ടാൻ. അതിനിടയിൽ അപകടത്തിൽപെട്ട് ആശുപത്രിയിലായിരുന്ന ഒരാൾ ഒരു കാലിന്റെ മാത്രം ബലത്തിൽ വോട്ട് ചെയ്യാനെത്തിയതും കണ്ടു. ജനാധിപത്യത്തിലെ വിശ്വാസവും ജനാധിപത്യത്തിന്റെ ബലവും ആ മനുഷ്യൻ ഓർമപ്പെടുത്തി.

Election 2021, Jubeena T K , IE Malayalam

ഞാനിരുന്ന ബൂത്തിൽ സമയത്തിന് നല്ല ഭക്ഷണം, ചായ ഒക്കെ കിട്ടി. ഞങ്ങളുടെ ബി എൽ ഒയും മറ്റും അതെല്ലാം ചെയ്യുന്നതിൽ കൂടുതൽ കരുതലെടുത്തിരുന്നു എന്ന് മറ്റ് പലബൂത്തുകളിലും ഇതൊന്നും ശരിയാംവിധം കിട്ടാത്ത കാര്യമറിഞ്ഞപ്പോൾ മനസിലായി. പല ബൂത്തിലും ചായയും ഭക്ഷണവും ഒന്നും കൃത്യസമയത്ത് ലഭിച്ചിരുന്നില്ല.

എല്ലാ കാര്യങ്ങളിലെന്നതുപോലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലും സ്ത്രീകളുടെ കാര്യത്തിലെ മറവി ഇവിടെയും തെറ്റിയില്ല. ഏത് ജോലിക്കും സ്ത്രീകളുണ്ടാകുമ്പോൾ അവരുടെ ആവശ്യങ്ങൾ കൂടെ പരിഗണിക്കണമെന്നുള്ളത് പലപ്പോഴും മുൻഗണനകളിൽ പോയിട്ട് പട്ടികയിൽ പോലും ഉണ്ടാകില്ല. അക്കാര്യത്തിൽ ഇവിടെയും തെറ്റ് പറ്റിയില്ല. ഉറങ്ങാനും മറ്റുമുള്ള സൗകര്യക്കുറവ് പലരും  പണ്ട് മുതലേ പറഞ്ഞുകേട്ടിരുന്നു. ഞങ്ങൾക്ക് അതിനായി അടുത്ത് ഒരിടം കിട്ടിയിരുന്നു. എന്നാൽ മറ്റൊരു വിഷയം ആരുടെയും ശ്രദ്ധയിൽപെടാതെ പോയതാണോ പറയാത്തതാണോ എന്നറിയില്ല. അത് മാത്രം ഒന്ന് ചൂണ്ടിക്കാണിക്കുന്നു. ഭാവിയിലെങ്കിലും പരിഹരിക്കാവുന്ന പ്രശ്നമായി അതിനെ കാണണം.  മാലിന്യങ്ങൾ നിക്ഷേപിക്കാനായി മൂന്ന് ബോക്സ് തയ്യാറക്കിയിരുന്നു. എന്നാൽ സാനിറ്ററി നാപ്കിൻ നിക്ഷേപിക്കാൻ സംവിധാനമുണ്ടായിരുന്നില്ല. അതൊക്കെ പൊതിഞ്ഞുകെട്ടി ബാഗിൽവച്ച് വീട്ടിൽ കൊണ്ടുപോകേണ്ടി വന്നു.

പോളിങ് ഏഴ് മണിവരെയായിരുന്നു. കൃത്യസമയത്ത് പോളിങ് അവസാനിപ്പിച്ച് കലക്ഷൻ സെന്ററിൽ ഏൽപ്പിക്കേണ്ട സാധനങ്ങളൊക്കെ എണ്ണം പറഞ്ഞ് റെഡിയാക്കി. പോളിങ്ങിലെ ഏറ്റവും കഠിനമായ ജോലി അവസാനം കുറേ കവറുകൾ റെഡിയാക്കുന്നതാണെന്നു തോന്നി. ആദ്യമായതുകൊണ്ടാവാം അങ്ങനെ തോന്നിയത്. സീൽ ചെയ്യേണ്ട കുറേ കവറുകൾ, സീൽ ചെയ്യേണ്ടാത്ത കുറേ കവറുകൾ.അങ്ങനെ എന്തെക്കയോ പൊതിഞ്ഞ് തിരികെ ഏൽപ്പിക്കേണ്ടതുണ്ട്. അതിനിടയിൽ രാത്രി എങ്ങനെ വീട്ടിലെത്തും എന്ന ആശങ്കയും. എട്ട് മണി ആയപ്പോഴേക്കും എല്ലാം പാക്ക് ചെയ്ത് വേഗത്തിൽ കലക്ഷൻ സെന്ററിലേക്ക് തിരിച്ചു. ആ സമയം അവിടെ അധികം ആളുകൾ എത്തിയിരുന്നില്ല. അതിനാൽ അധികം തിരക്കില്ലാതെ സാധനങ്ങൾ ഏൽപ്പിക്കാൻ സാധിച്ചു.

കലക്ഷൻ സെന്ററിൽനിന്ന് എല്ലാഭാഗത്തേക്കും പോകാൻ ബസ് ഉണ്ടെന്ന് അറിഞ്ഞപ്പോൾ ആശ്വാസമായി. തിരികെ വീട്ടിൽ എത്തിയപ്പോൾ രാത്രി 12 മണി. സാധാരണഗതിയിൽ ഉത്തരവാദിത്തവും ബാധ്യതയും ബുദ്ധിമുട്ടുകളും മാത്രമാണ് തുല്യമായി പങ്ക് വയ്ക്കപ്പെടാറുള്ളത്. തിരഞ്ഞെടുപ്പ് ജോലിയിൽ പുരുഷ ഉദ്യോഗസ്ഥർ നേരിട്ട പ്രതിസന്ധികളും ജോലി ഭാരവും ഉത്തരാവാദിത്തവുമൊക്കെ വനിതാ ഉദ്യോഗസ്ഥർക്കും ഉണ്ടായി. വനിതകളാണ് എന്നപേരിൽ ആരെയും മാറ്റി നിർത്തിയില്ല.   ജനാധിപത്യ പ്രക്രിയയുടെ ഭാഗമായിട്ടാണെങ്കിലും ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ ഭയവും ആശങ്കയും ഒന്നിമില്ലാതെ  രണ്ട്ദിുവസം  രാത്രി പന്ത്രണ്ട്രുവരെ കേരളത്തിൽ ഒരു സ്ത്രീക്കു  പുറത്തിറങ്ങി ആകാശം കാണാൻ കഴിഞ്ഞല്ലോ എന്ന് ആലോചിച്ചപ്പോൾ എനിക്ക് ജനാധിപത്യത്തിലും തുല്യതയിലുമൊക്കെ ഒരു വിശ്വാസം വന്നു.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Kerala assembly election 2021 first polling duty experience