scorecardresearch

സലപില

“ഇവിടുത്തെ യുവാക്കളുടെ സ്വപ്നങ്ങളിൽ ഇപ്പോൾ കേരളത്തിലേയ്ക്കുള്ള തീവണ്ടികളാണ്” “കാഴ്ചയുടെ പാളങ്ങൾ” യുവ കഥാകൃത്തിന്റെ യാത്രാപംക്തിയിൽ ആദ്യം ഒരു അസമീസ് ഗ്രാമം

സലപില

ഗുവാഹത്തിയിലെ ഗോപിനാഥ് ബൊർദലോയി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുമ്പാൾ സന്ധ്യയായിരുന്നു. പുറത്ത് 13 ഡിഗ്രി തണുപ്പ്. അപ്പോൾ, നൂറ്റിയെഴുപത് കിലോമീറ്റർ തെക്ക് ന്യൂ ബൊങ്ഗയ്ഗോൺ ജില്ലയിൽ നിന്നും ഒരു വിളി. “സാബ് ഹമാരേ ഘർ  ആവോന.’  വിളിക്കുന്നത് സബൂർ അലി, ഞങ്ങൾക്കൊപ്പം യാത്ര ചെയ്യുന്ന പ്രകാശണ്ണന്റെ പണിക്കാരൻ. യാത്രാ പരിപാടികളിൽ ചെറിയ മാറ്റമുണ്ടാക്കി ഞങ്ങൾ മനാസ് നദിക്കരയിലെ ആ കുഗ്രാമത്തിലേക്ക് യാത്ര തിരിച്ചു.

സബൂർ അലിയെ എനിക്കും പരിചയമുണ്ട്. തിരുവനന്തപുരത്തെ പണിസ്ഥലത്തും ഗുവാഹത്തി എക്സ്പ്രസ്സിലും വച്ച് അവനെ ഞാൻ കണ്ടിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ ഉദാഹരണം പോലെ മെല്ലിച്ച ശരീരം. കുഴിഞ്ഞ കവിളുകൾ. എന്നാൽ അവന്റെ കണ്ണുകളിൽ ആകർഷകമായ നിഷ്കളങ്കത കവിഞ്ഞു നിൽക്കും. ഭീകരമായ തിരക്കുള്ള തിരുവനന്തപുരം ഗുവാഹത്തി എക്സ്പ്രസ്സിലാണ് അവൻ നാട്ടിലേയ്ക്ക് പോകുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബംഗാളുമായി ബന്ധിക്കുന്ന ദേശീയ പാതയിൽ നിന്നും തിരിഞ്ഞ് കമുകുകളും മുളങ്കൂട്ടങ്ങളും നിറഞ്ഞ ചെറുമൺപാതയിലൂടെ വണ്ടിയോടിച്ച് ഞങ്ങൾ സലപില (എത്ര കാവ്യാത്മകമായ പേര് അല്ലേ?) എന്ന ആ ഗ്രാമത്തിൽ എത്തുമ്പോൾ അർദ്ധരാത്രിയായി. സബൂറിന്റെ വീടെത്തി. വലിയൊരു കുടുംബം ഞങ്ങളെ കാത്ത് ഉറങ്ങാതിരിക്കുന്നു. സബൂറിന്റെ ഉമ്മ, ബാപ്പ മകൻ, മകൾ, ഭാര്യ, അനിയൻ. അപ്പോഴേക്കും തണുപ്പ് അഞ്ച് ഡിഗ്രിയെങ്കിലും ആയിട്ടുണ്ടാവും. മുളകൊണ്ട് നിർമ്മിച്ച രണ്ട് ഒറ്റമുറി കുടിലുകളാണ് സബൂറിന്റെ പഴയ വീട്. ഒരെണ്ണം അടുക്കള. കാക്കണം കമ്പുകൾ കൂട്ടിച്ചേർത്ത് ചുമരും മുളവാതിലും നിർമ്മിച്ചിരിക്കുന്നു, മേൽക്കൂര ഷീറ്റ് മേഞ്ഞിട്ടുണ്ട്. തണുപ്പിന് കാഠിന്യം കൂടിയപ്പോൾ അവൻ മുറ്റത്ത് വൈക്കോൽ കൂന കൂട്ടിയിട്ട് കത്തിച്ചു. ഞങ്ങൾ ചുറ്റിലുമിരുന്ന് തീ കാഞ്ഞു. ചെറിയ ഗ്ലാസ്സുകളിൽ കട്ടൻ ചായയുമായി അവന്റെ ഭാര്യ വന്നു. ഉമ്മ അരിമാവ് കൊണ്ടുണ്ടാക്കിയ ഒരു പലഹാരം ഞങ്ങൾക്ക് തന്നു. പുറത്ത് ഉറട്ടിയുടെയും അകത്ത് അപ്പത്തിന്റെയും സങ്കരം. വിശപ്പില്ലാഞ്ഞിട്ടും ഞങ്ങളത് കഴിച്ചു. തണുപ്പ് മാറി. ആസാം തേയിലയുടെ രുചി അലിഞ്ഞു ചേർന്നപ്പോൾ ശരീരത്തിന് ഒരു ചൂടൊക്കെ കിട്ടി. ‘ഇനി കിടക്കാം,’ സബൂർ പറഞ്ഞു. പഴയ വീടിനോട് ചേർന്ന് വേറൊരു വീടും കൂടിയുണ്ട്. അതിന്റെ ചുവരും മേൽക്കൂരയും ടിൻ ഷീറ്റാണ്. നിലം നന്നായി അടിച്ചൊരുക്കിയിട്ടുണ്ട്. കേരളത്തിൽ പണി ചെയ്തതിന്റെ മിച്ചമാണ് ഷീറ്റിട്ട വീടായി ഉയർന്നു നിൽക്കുന്നത്. രണ്ട് കട്ടിലുകളും ആ വീട്ടിലുള്ള എല്ലാ കമ്പിളി പുതപ്പുകളും ഞങ്ങൾക്ക് വേണ്ടി മാറ്റിവച്ചിരുന്നു. കൊടും തണുപ്പിൽ ഞങ്ങൾ കട്ടിലിലും നിലത്തുമായി കിടന്നുറങ്ങി.

ആസാമിലെ ലോക്കൽ സമയം ഒരു മണിക്കറോളം കൂടുതലാണ്. നേരത്തേ പുലരും. ഞങ്ങൾ നേരത്തേ ഉണർന്നു. ടോയ്‌ലെറ്റിൽ പോണം. ഹാന്റ് പമ്പ് വച്ച കിണറ്റിൽ നിന്നും സബൂർ ഒരു കിണ്ടി വെള്ളം പിടിച്ചു തന്നു. ‘സാറേ, കേരളത്തിലെ പോലെയൊന്നും അല്ല. ദാ അവിടെയാണ് കക്കൂസ്.’

നാല് മുളംചുവരുകൾ. മുളവാതിൽ. അകത്ത് പഴയൊരു ക്ലോസറ്റ്. ആകാശത്തേക്ക് തുറക്കുന്ന കക്കൂസ്. ചെറുകിണ്ടിയുമായി അകത്തു കയറി. അകത്തു നിന്നും പുറവും പുറത്തു നിന്നും അകവും കാണാൻ പാകത്തിൽ ധാരാളം വിടവുകൾ.’

guwahati, v.shinilal,travelogue
മനാസ് നദി

പുറത്ത് കോടമഞ്ഞ്. ഞങ്ങൾ നാട്ടുവഴിയിൽ നടക്കാനിറങ്ങി. മനാസ് നദി മഞ്ഞുമൂടി കിടക്കുന്നു. ഭൂട്ടാനിൽ നിന്നും ഉത്ഭവിക്കുന്ന നദിയാണ് മനാസ്. ജോഗിഗൊപ്പയിൽ വച്ച് അത് ബ്രഹ്മപുത്രയിൽ ചേരുന്നു. വേനലിലും മഴക്കാലത്തും ജലസമൃദ്ധമാണ് മനാസ്. ചിലപ്പോൾ കരകവിഞ്ഞ് സലപിലയിലേയ്ക്കൊരു വരവുണ്ട്. വിളിക്കാത്ത അതിഥിയായി വന്ന് വീട്ടിലുള്ളതെല്ലാം നക്കിയെടുത്ത ശേഷം ഒന്നുമറിയാത്ത പോലെ പോയി ബ്രഹ്മപുത്രയിൽ ഒളിക്കും. നദിക്കരയിൽ കണ്ട ഒരു കൊച്ച് ചായക്കടയിൽ ഞങ്ങൾ കയറി. ഒട്ടും ധൃതിയില്ലാതെ നിശ്ശബ്ദരായിരിക്കുന്ന കുറെ ആളുകൾ. അറിയാവുന്ന ഹിന്ദിയിൽ അവർ ഞങ്ങളോട് സംസാരിച്ചു. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ വലിയ സന്തേഷം. പലരുടെയും മക്കൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്.

നദിയുടെ ഇരുകരകളിലും കവുങ്ങ് മരങ്ങളുടെ സമൃദ്ധി. കവുങ്ങോളം പൊക്കത്തിൽ വളരുന്ന ഒരു തരം വാഴയുമുണ്ട്. ഇത് എവിടെയും കാണാം. ചായക്കടയിൽ ചായ മാത്രമേയുള്ളു. കേരളത്തിലെ ചായക്കടകളിലെ പോലെ ആരും രാഷട്രീയമൊന്നും പറയുന്നില്ല. പുതച്ച് മൂടിയിരുന്ന് പുകവലിക്കുകയും ചായ കുടിക്കുകയും മാത്രം ചെയ്യുന്നു. ഗ്രാമത്തിന് ഒരു ഒച്ചയുമില്ല. തൊട്ടു താഴെ ഒഴുകുന്ന മനാസ് നദി പോലും നിശ്ശബ്ദതയിൽ ഘനീഭച്ചു കിടക്കുന്നു.

പ്രയാണവഴിയിൽ മുടന്തിപ്പോയ ഗ്രാമം

സബൂറിന്റെ വീട്ടിൽ നാല് ആടുകളും രണ്ട് ആട്ടിൻ കുട്ടികളും ഉണ്ട്. രണ്ട് പൂച്ചകൾ ആട്ടിൻ കുട്ടികളെ മുട്ടിയുരുമ്മി കളിക്കുകയാണ്. അവ പരസ്പരം ചൂട് പങ്കുവക്കുന്നു. അടുക്കളയുടെ ചുവരിൽ തൂക്കിയിട്ടിട്ടുള്ള ചെറിയ മുളങ്കൂട്ടിൽ നാലഞ്ച് പ്രാവുകളെയും വളർത്തുന്നുണ്ട്. ഒരു നായ യജമാന ഭാവത്തിൽ അവിടെ വട്ടംചുറ്റി നടക്കുന്നു.

സബീറിന്റെ ഉമ്മ ഞങ്ങൾക്ക് കട്ടൻ ചായ തന്നു. മലയാളിയുടെ അടുക്കള പോലെ ബഹളമയമല്ല അവരുടെ അടുക്കള. തട്ടും മുട്ടും കേൾക്കുന്നില്ല. പ്രഷർകുക്കർ ചീറ്റുന്നില്ല. ഗ്യാസടുപ്പ് കത്തുന്നില്ല. വളരെ പതിയെയാണ് കാര്യങ്ങൾ. രാവിലെ കുട്ടികൾക്ക് മാത്രം ഉറട്ടിയപ്പം. ഒരെണ്ണം വീതം. ഞങ്ങളുടെ ഡ്രൈവർ പഞ്ചറൊട്ടിക്കാൻ വേണ്ടി ടൗണിലേക്ക് പോയിരിക്കുന്നു. മനാസ് ടൈഗർ സാങ്ച്വറിയിലേക്ക് പോകാൻ ഇനിയും സമയമുണ്ട്.

സബീർ ഞങ്ങളെയും കൂട്ടി ഗ്രാമത്തിന്റെ ഉള്ളിലേക്ക് നടന്നു. ഗ്രാമം മുഴുവൻ മുളയും കവുങ്ങും. നടപ്പാതയ്ക്കും പുഴയ്ക്കമിടയിൽ ഇടയില്ലാത്ത മുളങ്കാട്. ചെറിയ കൈത്തോടുകൾ കടക്കാൻ മുളന്തടിപ്പാലം. ബ്രഹ്മപുത്ര അതിന്റെ അസംഖ്യം കൈവഴികളാൽ അസാമിനെ എമ്പാടും നനച്ച് കടന്നു പോകുന്നു. നാൽപ്പത് വർഷം മുമ്പുള്ള കേരളത്തെ പറിച്ചു വച്ചതു പോലെ ഗ്രാമം.

കുറച്ച് ചെറുപ്പക്കാർ ഞങ്ങൾക്കൊപ്പം നടക്കാൻ കൂടി. മിക്കവരും കേരളത്തിൽ പണി ചെയ്തിരുന്നവരാണ്. ‘സാബ്, ആസാം അച്ഛാ നഹിം ഹെ. കേരൾ തോ ബഹുത് ബഢിയാ.’ ഒരുവൻ ആവേശം മൂത്ത് പറഞ്ഞു കൊണ്ടിരുന്നു. ഭാര്യയുടെ പ്രസവമടുത്തപ്പോൾ അവധിക്ക് വന്നതാണവൻ. സബൂർ അവനെ ശാസിച്ചു. ആസാമിനെ കുറ്റം പറയരുതെന്ന് അസമിയിൽ അവനോട് പറയുന്നത് ഞങ്ങൾക്ക് മനസ്സിലായി. കേരളത്തിൽ പണിയെടുത്താൽ മാസം പതിനയ്യായിരം വരെ മിച്ചം പിടിക്കാം. അത് കൂട്ടി വച്ച് രണ്ട് ബിഗ (1 ബിഗ=14,400 ചതുരശ്ര അടി) ഭൂമി വാങ്ങിയിട്ടുണ്ട് അവൻ.

സലപില മുസ്‌ലിം ഭൂരിപക്ഷമുളള ഗ്രാമമാണ്. കുറച്ചപ്പുറത്ത് ഹിന്ദുഭൂരിപക്ഷ ഗ്രാമമുണ്ട്. കോൺഗ്രസുകാരനാണ് എം.എൽ.എ. തൊട്ടടുത്ത കൊക്രജാറിൽ വർഗീയ സംഘർഷം പതിവാണെങ്കിലും സലപിലയിൽ അങ്ങനെയില്ല. 2012 ലെ കൊക്രജാർ കൂട്ടക്കൊലയുടെ അലയൊലികൾ സലപിലയിലും എത്തിയെങ്കിലും ആരും ആയുധമെടുത്തിറങ്ങിയില്ല.

സബൂർ ഞങ്ങളെ ഒരു ഉരുളക്കിഴങ്ങ് തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. വിളവെടുക്കാൻ പാകമായിട്ടില്ല. മുള്ളങ്കിയും സവാളയും അടുത്തടുത്ത പാടങ്ങളിൽ വിളഞ്ഞ് കിടക്കുന്നുണ്ട്. വഴിയിൽ ഞങ്ങളെ ഒരു വൃദ്ധൻ തടഞ്ഞു നിർത്തി. പ്രാചീനമായ ഏതോ അവസ്ഥയിൽ നിന്നും മുന്നിൽ പ്രത്യക്ഷപ്പെട്ട സൂഫിയെ പോലെ പ്രശാന്തമായ രൂപം. ഞങ്ങൾക്ക് വേണ്ടി അയാൾ ഫോട്ടോക്ക് പോസ് ചെയ്തു. അദ്ദേഹത്തിന്റെ നാല് മക്കൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്.guwahati, v.shinilal,travelogue

ഒറ്റാലുമായി ഒരു കുട്ടി മുന്നേ നടന്ന പോകുന്നു. ഞങ്ങൾക്കൊപ്പം നടക്കാൻ ഒരെട്ടാം ക്ലാസുകാരനും കൂടി . വഴിയരികിലെ കോൺക്രീറ്റ് വീട് ചൂണ്ടി അവൻ പറഞ്ഞു. ‘വോ, മേരാ മാമാ കീ ഘർ ഹെ. മാമാ ഡോക്ടർ ഹെ.’ ഡോക്ടറുടെ ബോർഡെന്നും കാണുന്നില്ല. ആൾ മുറിവൈദ്യനാണ്.

ഗ്രാമത്തിലെ വീടുകളെല്ലാം മുള നിർമ്മിതികളാണ്. മുള വാതിൽ മുളംചുവര്. മുളം ചുവരിൽ ചാണകവും മണ്ണും കുഴച്ച്തേച്ച് മിനുസപ്പെടുത്തിയിട്ടുണ്ട്. പുല്ല് മേഞ്ഞ മേൽക്കൂരകൾ ടിൻ ഷീറ്റിന് വഴി മാറിത്തുടങ്ങിയിട്ടുണ്ട്. കേരളവുമായുള്ള സമ്പർക്കം കൊണ്ടുണ്ടായ മാറ്റങ്ങൾ. യുവാക്കളുടെ സ്വപ്നങ്ങളിൽ ഇപ്പോൾ കേരളത്തിലേയ്ക്കുള്ള തീവണ്ടികളാണ്. എല്ലാ വീടുകൾക്കും ലളിതമായ ജൈവവേലികളുണ്ട്. നെടുകെ നീളൻ മുളകൾ കെട്ടി കമുകിന്റെ ചണങ്ങ് അടർന്ന് വീഴുന്ന മുറക്ക് തൂക്കിയിടും. ക്രമേണ അതൊരു മറയാകും. ജൈവ മറ .

സബൂർ ഞങ്ങളെ മാലിക് ഭായിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. അയാളാണ് ലാൻഡ് ലോഡ്. ധാരാളം ബിഗ ഭൂമിയും വയലും നെൽകൃഷിയും അയാൾക്കുണ്ട്. വീടിന്റെ വിശാലമായ മുറ്റത്ത് ഒരു ട്രാക്ടർ ഒതുക്കിയിട്ടിരിക്കുന്നു. പഴുത്ത് വിളഞ്ഞ് നിൽക്കുന്ന ബൊറോയ് (ബംഗ്ലാ ഭാഷയിൽ) തോട്ടത്തിലേയ്ക്ക് കടന്നു. കിലോക്ക് അമ്പത് രുപ നിരക്കിൽ അയാൾ മൊത്തക്കച്ചവടക്കാർക്ക് കൊടുക്കുന്നു. അയാൾക്കൊപ്പം ഫോട്ടോയെടുക്കാൻ ക്ഷണിച്ചപ്പോൾ സബൂർ ഭവ്യതയോടെ മാറി നിന്നു. ബൊറോയ് പഴങ്ങൾ ആവുന്നത്ര പറിച്ച് തിരികെ നടക്കുമ്പോൾ ഞങ്ങൾ ഏഴുപേർ ഇരുപതോളം പേരുടെ വലിയ കൂട്ടമായി മാറിക്കഴിഞ്ഞിരുന്നു.

സലപിലയിൽ ഒരു പ്രാഥമിക വിദ്യാലയം ഉണ്ട്. കുട്ടികളെ കണ്ടപ്പോൾ ഞാനും ഹരിയും കൂടി സ്കൂളിലേക്കിറങ്ങി. ഹരി അവരുടെ ഫൊട്ടോയെടുത്തു. സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടയിലാണ് അദ്ഭുതതീക്ഷ്ണമായ രണ്ടു കണ്ണുകൾ ക്യാമറയിൽ പതിയുന്നത് ഞാൻ ശ്രദ്ധിച്ചത്. സ്ക്രീനിൽ തന്റെ മുഖം കണ്ടപ്പോൾ അത്യന്തം അദ്ഭുതത്തോടെ യാതൊരു കലാകാരനും അഭിനയിച്ച് ഫലിപ്പിക്കാനാവാത്തത്ര സ്വാഭാവികതയോടെ അവളുടെ കണ്ണുകൾ വിടർന്നു തിളങ്ങുന്നത് കണ്ടു. കാലം ആ കണ്ണുകളിലെ കൗതുകവും തട്ടിയെടുക്കമല്ലോ എന്നോർത്തപ്പോൾ സങ്കടവും തോന്നി. പണ്ടെങ്ങോ പാടിപ്പടിച്ച ഒരാസാമി പാട്ട് അറിയാവുന്നത് പോലെ കുട്ടികൾക്കൊപ്പം പാടി:

‘ബീ ലോത്തേ, ഹാലീ സേ
കുഹു ആ പോതുമേ
ജോർ സെ ഡാലെ ഡാലെ
കുഹുആ ഓലീ സേ
കുഹു …..കുഹു … ഓലിയേ…..’guwahati, v.shinilal,travelogue

സബൂറിന്റെ മകൾ ഇന്ന് സ്കൂളിൽ പോകുന്നില്ല. അവളുടെ വീട്ടിൽ അങ്ങ് കേരളത്തിൽ നിന്നും ആളുകൾ വന്നിട്ടുണ്ട്. ചുവരിലെ കൂട്ടിലിരുന്ന പ്രാവുകൾ ഉണർന്ന് കുറുകിത്തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് ശ്രദ്ധിച്ചത്. ഒരു ചെങ്കദളിവാഴ കുടംവന്ന് നിൽക്കുന്നു. അഞ്ചാറെണ്ണത്തിന്റെ ചെറിയ കൂട്ടം. കമുകിനോളം ഉയരംവച്ച് പരിണമിച്ചങ്ങനെ ഗമയിൽ ഞങ്ങളെ നോക്കി നിൽക്കുന്നു: തിരുവനന്തപുരത്തുകാരുടെ കപ്പ വാഴ. എട്ടു വർഷം മുമ്പ് സബൂർ കേരളത്തിൽ നിന്നും കൊണ്ടുവന്ന ഒറ്റക്കന്ന് പല തലമുറ താണ്ടിയിരിക്കുന്നു. അയൽപക്കക്കാർ കന്നിളക്കിക്കൊണ്ട് പോയി. പച്ചവാഴകൾക്കിടയിൽ ഈ ചുവന്ന വാഴകൾ ഒരു കാലത്ത് കുലച്ചുമറിഞ്ഞ് നിന്നേക്കാം എന്നൊരു രാഷ്ട്രീയ പ്രതീക്ഷ.

കേരളം പല രൂപത്തിൽ ആ കുടിലിനുള്ളിൽ എത്തിയിരിക്കുന്നു. ഒരു പുട്ടുകുറ്റിയും ഇഡ്ഡലി പാത്രവും ആ അടുക്കളയിലുണ്ട്. ‘ഇഡ് ലി കൈസേ ഹെ?’

‘ബഹുത് അച്ഛാ ഹെ ഭയ്യാ . ഹം മഛ്ലി കെ സാഥ് ഖാതാ ഹെ.’ ഇഡ്ലിയും മീനും. സംസ്കാരങ്ങൾ ആരുടെയും തിട്ടൂരങ്ങൾക്ക് വഴങ്ങാതെ സങ്കരപ്പെടുകയാണ്. സബൂറിന്റെ ബാപ്പ മാലിക്കിന്റെ പാടത്ത് പണിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. ഇരുന്നൂറ് രൂപയാണത്രെ ശമ്പളം.

ആ കുടുംബം ഞങ്ങൾക്ക് വേണ്ടി ക്യാമറക്ക് മുന്നിൽ നിരന്നു നിന്നു. സബൂറിന്റെ ഭാര്യ ഐശാ കാർത്തുൺ, ഉമ്മ, മകൾ.

സബൂറിനോട് ഞാനപ്പോൾ ചോദിച്ചു: ‘ഉമ്മാടെ പേരെന്താ?’ അവൻ ജിജ്ഞാസയോടെ അൽപ്പനേരം എന്നെ നോക്കി നിന്നു. തെല്ലിട ആലോചിക്കാൻ ശ്രമിച്ചു. പിന്നെ, നിഷ്കളങ്കമായി ഉമ്മയോട് തന്നെ ചോദിച്ചു: ‘പേരെന്താ?’

‘സഫിയാ കാത്തൂൺ.’ മെല്ലിച്ചുണങ്ങിയ ആ ഉമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘അപ്പോൾ, സബൂറിന് സ്വന്തം ഉമ്മയുടെ പേരറിയില്ലേ?’

“ഇല്ല സാർ. ഞാൻ ഉമ്മ ഉമ്മ എന്നു മാത്രമേ വിളിച്ചിട്ടുള്ളു. പേരറിയേണ്ട ആവശ്യമേ വന്നിട്ടില്ല,’ നാണത്തോടെ അവന്റെ പറച്ചിൽ.

ഞങ്ങൾ അതിശയത്തോടെ പരസ്പരം നോക്കി. ഈ നിഷ്കളങ്കതയെ എങ്ങനെ വിശദീകരിക്കാനാണ്.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Kazhchayude palangal salapila new bongaigaon manas national park assam migrant worker kerala

Best of Express