നാഗപട്ടണത്തെ തിരുകൂവിലില്‍ മുത്തുവേലിന്റെയും അഞ്ജുകത്തിന്റെയും മകനായി ജനിച്ച ദക്ഷിണാമൂര്‍ത്തി കുടുതല്‍ ജനകീയവും ജാതി ചിഹ്നങ്ങളില്ലാത്ത കരുണാനിധി എന്ന പേര് സ്വീകരിച്ചത് ബ്രാഹ്മണ്യത്തോടുള്ള തന്റെ പ്രതിഷേധം വ്യക്തമാക്കാന്‍ കൂടിയാണ്. പിന്നിട് ദ്രാവിഡ കഴകം ആയി മാറിയ ജസ്റ്റിസ് പാര്‍ട്ടിയിലെ അളഗിരി സ്വാമിയുടെ പ്രസംഗം കേട്ട് 14 ആം വയസ്സില്‍ പൊതു രംഗത്തേക്കു ഇറങ്ങിയ അദ്ദേഹം എട്ടു ദശകങ്ങള്‍ പൊതു ജീവിതം നയിച്ചു. ഡി എം കെ പ്രസിഡന്റ്‌ ആയി 50 വർഷം തികച്ചത് അടുത്തയിടെയാണ്. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടം. ഇതോടൊപ്പം അദ്ദേഹത്തിന്‍റെ കുടുബവും വളര്‍ന്നു. രാഷ്ട്രീയത്തിലും സിനിമയിലും വ്യവസായത്തിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ കൊമ്പന്മാരായി മാറി. മക്കള്‍ രാഷ്ട്രീയം ഒരു ഫാഷന്‍ ആയി മാറും മുന്‍പേ അദ്ദേഹം പാര്‍ട്ടിയെ ഒരു ‘ഫാമിലി ബ്രാന്‍ഡ്’ ആക്കി.

അദ്ദേഹത്തിന്‍റെ മൂത്ത സഹോദരി ഷൺമുഖത്തമ്മാളുടെ മകന്‍ മാരനായിരുന്നു ഈ പ്രവര്‍ത്തനങ്ങളില്‍ പ്രധാന സഹായി. തന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ കരുണാനിധി തുടങ്ങിയ ‘തമിള്‍ നേഷന്‍’ പിന്നിട് മാസികയായും പത്രമായും വളർന്നപ്പോള്‍ അതിനു പിന്നില്‍ പ്രവർത്തിച്ചത് മാരനായിരുന്നു. മുരശൊലി മാരന്‍. പാര്‍ട്ടിയുടെ പ്രചാരണത്തില്‍ ‘മുരശൊലി’ ദിനപത്രം വലിയ ശക്തിയായി മാറി. കരുണാനിധിയും മാരനുമായുള്ള ഇണപിരിയാത്ത ബന്ധത്തെപ്പറ്റി കവി കണ്ണദാസന്‍ തന്റെ ആത്മകഥയില്‍ പല സംഭവങ്ങളും വിവരിക്കുന്നുണ്ട്.

വാജ്പേയി മന്ത്രിസഭയില്‍ വാണിജ്യ മന്ത്രിയായിരുന്നു മാരന്‍. അദ്ദേഹത്തിന്‍റെ മക്കളായ കലാനിധി മാരനും ദയാനിധി മാരനും മാധ്യമ ശക്തിയായ സണ്‍ ഗ്രൂപ്പിന്റെ നേതൃത്വം കൈയാളുന്നു. സ്പൈസ് ജെറ്റില്‍ അവര്‍ക്ക് ഗണ്യമായ പങ്കാളിത്തമുണ്ട്‌. രാഷ്ട്രീയത്തില്‍ മാരന്റെ കാലടികള്‍ പിന്തുടര്‍ന്ന ദയാനിധി മാരന്‍ കേന്ദ്ര ഐ ടി മന്ത്രിയായി. ഈ രാഷ്ട്രീയ-വ്യവസായ താൽപര്യങ്ങള്‍ കരുണാനിധിയും കുടുംബവും തമ്മില്‍ ഒരു തുറന്ന സംഘര്‍ഷത്തിലേയ്ക്ക് നയിച്ചുവെങ്കിലും ഇപ്പോള്‍ പുറമേക്ക് എല്ലാം ശാന്തമാണ്. ഈ സംഘര്‍ഷത്തിനിടയ്ക്കാണ് ടു ജി അഴിമതി ഉയര്‍ന്നു വന്നതും കലൈഞ്ജര്‍ ടി വി സ്ഥാപിച്ചതും. എയര്‍സെല്‍ മാക്സിസ് അഴിമതിയാരോപണം നേരിട്ട അവര്‍ അതില്‍ നിന്നും സമര്‍ത്ഥമായി ഊരിപ്പോന്നു.

ഈ ബന്ധം പഴയ നിലയില്‍ എത്തിക്കുന്നതിന് പിന്നില്‍ കരുണാനിധിയുടെ ഇളയ മകനും ഡി എം കെ വര്‍ക്കിങ് പ്രസിഡന്റുമായ എം കെ സ്റ്റാലിൻ നിർണ്ണായക പങ്ക് വഹിച്ചുവെന്നാണ് കരുതപ്പെടുന്നത്. മൂത്ത സഹോദരന്‍ അളഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് ശേഷം പാര്‍ട്ടി സ്റ്റാലിന്റെ കൈകളിലാണ്. അദ്ദേഹത്തിന്‍റെ വിശ്വസ്തര്‍ ആണ് പാര്‍ട്ടിയുടെ മർമ്മസ്ഥാനങ്ങളില്‍. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വിജയം കൊയ്തില്ലെങ്കില്‍ ഈ സമവാക്യങ്ങള്‍ മാറി മറിയാം. അളഗിരിക്ക് തെക്കന്‍ ജില്ലകളിൽ ഇന്നും വലിയ സ്വാധീനമുണ്ട്. സാമ്പത്തികമായും ഇന്ന് വലിയ നിലയിലാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ അളഗിരി.

കരുണാനിധിയുടെ ആദ്യ ഭാര്യ പദ്മാവതി ചെറു പ്രായത്തില്‍ മരിച്ചു. അവരില്‍ ജനിച്ച  മുത്തുവിനെയാണ് അദ്ദേഹം 1971ൽ എം ജി ആര്‍ സ്റ്റൈലില്‍ അവതരിപ്പിച്ചത്. അത് എം ജി ആര്‍ പാര്‍ട്ടി വിടുന്നതിന് വഴി തെളിച്ചു. പിന്നിട് അച്ഛനുമായി തെറ്റിയ ആ മകന്‍ ജയലളിതയുടെ അടുത്തു നിന്നു അഞ്ചു ലക്ഷം രൂപ സഹായധനം വാങ്ങുന്ന ദൃശ്യവും കണ്ടു.kanimozhi,karunanidhi

മാരന്മാരുമായുള്ള ബന്ധം തകർന്നപ്പോഴാണ് തന്റെ മൂന്നാം ഭാര്യ രാജാത്തി അമ്മാളില്‍ ജനിച്ച മകള്‍ (കവയിത്രിയും മാധ്യമ പ്രവര്‍ത്തകയുമായ) കനിമൊഴിയെ കരുണാനിധി രാജ്യസഭയിലേയ്ക്ക് നയിച്ചത്. ടുജി കേസില്‍ ഐ ടി മന്ത്രി എ രാജയ്ക്കൊപ്പം പ്രതി ചേര്‍ക്കപ്പെട്ട അവരെ അടുത്തയിടെയാണ് വിചാരണക്കോടതി കുറ്റവിമുക്തയാക്കിയത്. സാമ്പത്തികമായി നല്ല നിലയില്‍ ആണെങ്കിലും സ്റ്റാലിൻ കനിഞ്ഞാലേ അവര്‍ക്ക് രാഷ്ട്രീയത്തില്‍ ഇനി ശോഭിക്കാനാവൂ.

കരുണാനിധിയുടെ സ്റ്റാലിന്‍ കനിമൊഴിയെയും മാരന്മാരെയും എങ്ങനെയാവും കാണുക എന്നത് കാത്തിരുന്നു കാണണം. എതായാലും മറ്റൊരാള്‍ കുടുബത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്. സ്റ്റാലിന്റെ മകനും സിനിമാതാരവുമായ ഉദയനിധി സ്റ്റാലിന്‍.

Read More:  പി എസ്  ജോസഫ് എഴുതിയ മറ്റ് ലേഖനങ്ങൾ ഇവിടെ വായിക്കാം

ഇന്ത്യ ടുഡേയുടെ മുൻ എക്സിക്യൂട്ടീവ് എഡിറ്ററാണ് ലേഖകൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ