ഇന്ത്യയിലെ പബ്ലിഷിംഗ് രംഗത്തെ അഞ്ചു പ്രധാന പേരുകള്‍ എടുത്താല്‍ അതില്‍ കാര്‍ത്തിക വി കെ എന്ന മലയാളിയും ഉള്‍പ്പെടും.  ഡല്‍ഹിയില്‍ ജെ എന്‍ യുവില്‍ പഠിക്കുന്ന സമയത്താണ് ആകസ്മികമായി കാര്‍ത്തിക പ്രസാധനരംഗത്ത്‌ എത്തിച്ചേരുന്നത്.  കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലേറെയായി ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ മികച്ച പ്രസാധകരോടൊപ്പം പ്രവര്‍ത്തിച്ച കാര്‍ത്തിക ഇപ്പോള്‍ ആമസോണിന്റെ ഉടമസ്ഥതയിലുള്ള വെസ്റ്റ്ലാന്‍ഡ്‌ ബുക്സിന്റെ ചുമതല വഹിക്കുന്നു.

1996ല്‍ പെന്‍ഗ്വിനില്‍ തുടങ്ങി, ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യയുടെ ചീഫ് എഡിറ്റര്‍ പദവി വരെയെത്തിയ പ്രസാധനജീവിതത്തെക്കുറിച്ചും, വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയുടെ കാലത്ത് പബ്ലിഷര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, തന്റെ ജീവിതത്തെ അര്‍ത്ഥവത്താക്കുന്ന വായനക്കാരും എഴുത്തുകാരുമായുള്ള ബന്ധത്തെക്കുറിച്ചും കാര്‍ത്തിക ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് സംസാരിക്കുന്നു.

പ്രസാധന മേഖലയിലേക്ക് എത്തിയത് എങ്ങനെയാണ്?

ആകസ്മികമായിട്ടാണ്. ജെഎൻയുവിൽ പിഎച്ച്ഡി ചെയ്യുന്ന സമയത്തു പെന്‍ഗ്വിന്‍ ഇന്ത്യയിലേക്ക് കോപ്പിറൈറ്റേഴ്സിനെ ആവശ്യം ഉണ്ടെന്ന് കാണിച്ചു പരസ്യം വന്നു. സുഹൃത്തുക്കൾ പോയി വന്നിട്ട് എന്നോടൊന്ന് ശ്രമിച്ചു നോക്കാൻ പറഞ്ഞു. ആ ജോലി കിട്ടി. ഒരാഴ്ച കൊണ്ടാണ് ഇതാണ് ചെയ്യേണ്ടത് എന്ന് ഞാന്‍ തീരുമാനിച്ചത്. പിഎച്ച്ഡി സൂപ്പർവൈസറും എതിർപ്പൊന്നും പറഞ്ഞില്ല. 1996 ഡിസംബറിലാണ് തുടങ്ങിയത്.

എന്താണ് ഒരു പബ്ലിഷറുടെ ജോലി?

പ്രധാനമായും എഡിറ്റോറിയലുമായി ബന്ധപ്പെട്ടുള്ളവയാണ്. വരുന്ന കയ്യെഴുത്തുപ്രതികളിൽ ഏതു പബ്ലിഷ് ചെയ്യണമെന്ന തീരുമാനം എടുക്കുക, തെരഞ്ഞെടുത്ത കയ്യെഴുത്തുപ്രതി എങ്ങനെ മാർക്കറ്റ് ചെയ്യും എന്നാലോചിക്കുക. എന്തു കൊണ്ട് ഈ പുസ്തകം പബ്ലിഷ് ചെയ്യണം എന്നുള്ളതിന് വ്യക്തമായൊരു കാരണം പറയണം. എന്റെ കാര്യത്തില്‍, ഞാന്‍ തന്നെയാണ് പബ്ലിഷറും എഡിറ്ററും. അങ്ങനെ വരുമ്പോള്‍ എഴുത്തുകാരുമായി നിരന്തരം അവരുടെ കയ്യെഴുത്തുപ്രതിയെ മെച്ചപ്പെടുത്താനുള്ള സംവാദങ്ങളിൽ ഏർപ്പെടേണ്ടി വരും.

പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്യണം, മാർക്കറ്റിലേക്ക് പോകുന്നതിനു മുൻപേ  മാർക്കറ്റിംഗ് പ്ലാൻ ഉണ്ടാവണം. ഹാർഡ്‌ബാക്കില്‍ പബ്ലിഷ് ചെയ്ത പുസ്തകമാണെങ്കിൽ അതിന്റെ പേപ്പർബാക്ക് പുറത്തിറക്കണം. റീപ്രിന്റുകൾ വേണമെങ്കിൽ അതു ചെയ്യണം. അതിനായി പിന്നെയും എഡിറ്റിംഗുകൾ ആവശ്യം വരാം. അങ്ങനെ ഇതൊരു ‘ഫുൾ ടൈം’ ജോലിയാണ്. നിരന്തരമായി നമ്മൾ പുസ്തകങ്ങളെ ‘ട്രാക്ക്’ ചെയ്യണം.

ആദ്യം പെൻഗ്യുൻ, പിന്നെ ഹാർപ്പർ ആൻഡ് കോളിൻസ് ഇന്ത്യ, ഇപ്പോൾ വെസ്റ്റ്ലാൻഡ് പബ്ലിഷേഴ്സ്. ഒരു പ്രസാധക എന്ന നിലയിൽ താങ്കളുടെ കരിയർ എങ്ങനെ നോക്കിക്കാണുന്നു?

പബ്ലിഷിംഗ് എന്താണ് എന്ന് പഠിച്ചത് പെൻഗ്വിനിലാണ്. എഡിറ്റോറിയൽ അസിസ്റ്റന്റ് ആയിട്ടാണ് പെൻഗ്വിനില്‍ ജോലിയിൽ പ്രവേശിച്ചത്. പബ്ലിഷിംഗ് എന്താണ് എന്ന് അന്നെനിക്കറിയില്ല. മാത്രമല്ല, ഇന്ത്യയിലെ പബ്ലിഷിംഗ് മേഖലയില്‍ പുതിയ മാറ്റങ്ങൾ വന്നൊരു സമയം  കൂടിയായിരുന്നു അത്. വെസ്റ്റേൺ പബ്ലിഷിംഗ് ഹൗസുകളുടെ രീതിയിൽ എഡിറ്റർമാരുടെ ഒരു ടീം ഉണ്ടാക്കുന്നു, കയ്യെഴുത്തുപ്രതികൾ വായിക്കുന്നു, അതിനെ എങ്ങനെ ഒരു പുസ്തകമാക്കി മാറ്റുന്നു അങ്ങനെ എല്ലാ കാര്യങ്ങളും ഞങ്ങൾ എല്ലാരും പഠിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു.

ഫ്രാങ്ക്ഫർട്ട്  ബുക്ക്  ഫെയര്‍ പോലെയുള്ള ഇടങ്ങളില്‍ പോകുമ്പോഴാണ്  ദേശീയ-അന്തർദേശീയ പ്രസാധകരെ കാണുന്നത്. അവിടെ നിന്നാണ് അന്തർദേശീയ പബ്ലിഷിംഗിന്റെ സാദ്ധ്യതകൾ പഠിച്ചത്.  ഒരു ടീമിനൊപ്പം എങ്ങനെയാണ് ജോലി ചെയ്യേണ്ടത്, പബ്ലിഷിങ്ങിനപ്പുറം മാർക്കറ്റിംഗിൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതൊക്കെ പടിപടിയായി  പഠിച്ചത് പെൻഗ്വിനില്‍ നിന്നാണ്. ഡേവിഡ് ദവീദർ ആയിരുന്നു എന്റെ ബോസ്. ഈ മേഖല കൂടുതൽ മനസ്സിലാക്കി തന്നത് അദ്ദേഹമാണ്.

ഹാർപ്പർ ഒരു മൾട്ടിനാഷണൽ പബ്ലിഷർ ആണ്. ഇന്ത്യയിൽ പ്രതിവർഷം പതിനഞ്ച്  മുതൽ ഇരുപതു പുസ്തകം മാത്രമേ അവര്‍ പുറത്തിറക്കിയിരുന്നുള്ളു. ഞാൻ അവിടെ ചെല്ലുമ്പോൾ അവരതിനെ വിപുലമാക്കാനുള്ളൊരു പദ്ധതി മുന്നിൽ കാണുന്നുണ്ടായിരുന്നു. ഇംഗ്ലീഷ്  മാത്രമല്ല ഹിന്ദിയും പബ്ലിഷ് ചെയ്യുന്നത് പരിഗണിക്കുന്നുണ്ടായിരുന്നു. കുറെ വിവർത്തനങ്ങൾ ഉൾപ്പെടുത്താൻ ശ്രമിച്ചു. കയ്യെഴുത്തുകൾ വായിക്കുന്നത് മാത്രമല്ല, ബിസിനസ്സ് കൂടി ഈ ജോലിയില്‍ ഉള്‍പ്പെടുന്നുണ്ട് എന്ന് ഈയൊരു അനുഭവത്തിലൂടെ മനസ്സിലായി. അവിടെ പത്തു വർഷം ജോലി ചെയ്തു.

ഹാർപ്പറിൽ നിന്നും രാജി വച്ചു എന്ന് വാർത്ത വന്ന അടുത്ത ദിവസമാണ് ആമസോൺ കമ്പനി,  വെസ്റ്റ്ലാൻഡ് ബുക്സ് ഏറ്റെടുത്തു എന്ന വാർത്തയും വന്നത്. വെസ്റ്റ്ലാന്റിൽ ചേരാനാണ് ഹാർപ്പർ വിട്ടതെന്നു വരെ പലരും കരുതി. വെസ്റ്റ്ലാൻഡ്, ഇന്ത്യയിൽ ഒരു വലിയ പേരാണ്. അമിഷ് ത്രിപാഠി, അശ്വിന്‍ സാംഘി, പ്രീതി ഷേണോയ് തുടങ്ങിയ വലിയ എഴുത്തുകാരെ വെസ്റ്റ്ലാൻഡ് കൊണ്ടു വന്നിട്ടുണ്ട്.

‘കൊമേർഷ്യൽ ടൈറ്റിൽ പബ്ലിഷര്‍’ എന്നുള്ളതിനൊപ്പം കുറച്ചു ഗൗരവപരമായ ഉള്ളടക്കമുള്ള ‘നോൺ-ഫിക്ഷൻ’ പബ്ലിഷ് ചെയ്യാനായിരുന്നു പിന്നത്തെ ലക്ഷ്യം. അത്തരം എഴുത്തുകാരെയും, ഈ വിഭാഗത്തിൽ പെടുന്ന അവരുടെ എഴുത്തിനെയും കണ്ടെത്തി ഒരു ‘ഇമ്പ്രിന്റിനു’ കീഴിൽ കൊണ്ടു വരിക എന്നുള്ളതായിരുന്നു എന്റെ ഉദ്യമം. അങ്ങനെ ഒരു ടീം രൂപപ്പെടുത്തി, ഹാർപ്പറിലെ തന്നെ അജിത ഞങ്ങളുടെ ടീമിലേക്ക് എത്തി. അങ്ങനെയാണ്  ‘കോൺടെക്സ്റ്റ്’ രൂപപ്പെടുന്നത്. പുതിയ കാലത്തിന്റെ മാർക്കറ്റിംഗ് രീതികൾ, പ്രസാധന രീതികൾ ഒക്കെയാണ് ആമസോണ്‍ പിന്തുടരുന്നത്. പുതിയ കാലത്തെ പബ്ലിഷിംഗ് പഠിക്കാൻ പിന്നെയുമൊരു അവസരം.

ഒരു കയ്യെഴുത്തുപ്രതി എഡിറ്റിംഗിനായി വായിക്കുമ്പോൾ താങ്കളുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളോ രാഷ്ട്രീയപരമായ നിലപാടുകളോ അതിനെ ബാധിക്കാറുണ്ടോ?

അതിലൊരു സംശയമില്ല. ഇത് വളരെ ആത്മനിഷ്ഠമായ ഒന്നാണ്. എന്നാൽ മാർക്കറ്റ് എന്ന മറ്റൊരു ഘടകമുണ്ട്. എനിക്ക് വ്യക്തിപരമായി ഇഷ്ടപെടുന്ന കാര്യങ്ങൾ ഉണ്ടാകാം, മാർക്കറ്റിൽ മാറ്റങ്ങൾ വരുത്താൻ കഴിവുള്ള, എന്നാൽ എനിക്ക് വ്യക്തിപരമായി അധികം താല്പര്യം തോന്നാത്ത ഉള്ളടക്കം കാണാം. ഇവ രണ്ടിന്റെയും ഒരു ബാലൻസ് ആണ് ശരിക്കും ആവശ്യം. ചില സന്ദർഭങ്ങളിൽ എനിക്ക് ഒരുപാട് ഇഷ്ടപെട്ടതും ചിന്തിപ്പിച്ചതുമായ ഒരു കയ്യെഴുത്തുപ്രതി മാർക്കറ്റിൽ ഒരു മാറ്റവും ഉണ്ടാക്കില്ലായിരിക്കാം. അതു പോലെ തന്നെ ചിലപ്പോൾ ചിലതു വായിക്കുമ്പോൾ ഇതൊരുപക്ഷേ ആർക്കും വായിക്കാൻ താല്പര്യം കാണില്ല എന്നാലും  വായിക്കപ്പെടേണ്ടതാണ് എന്നും നമുക്ക് തോന്നും. അപ്പോൾ അതിനെ എങ്ങനെ മാർക്കറ്റിലേക്ക് എത്തിക്കാം എന്ന് ചിന്തിക്കും.

എഡിറ്ററിന്റെ കാഴ്ചപ്പാട് എന്നതു പോലെ തന്നെ പ്രധാനമാണ് പബ്ളിഷിംഗ് ഹൗസിന്റെ നിലപാട്. അത് കൈയ്യെഴുപ്രതികളുടെ തെരഞ്ഞെടുപ്പിനെ ബാധിക്കാറുണ്ടോ?

പബ്ളിഷിംഗ് ഹൗസിന്റെ കാഴ്ചപാട് എപ്പോഴും വായനക്കാർക്ക് ആസ്വദിക്കാൻ സാധിക്കുന്നതും ഉപകാരപ്പെടുന്നതുമായ പുസ്തകങ്ങൾ വിതരണം ചെയുക എന്നുള്ളതാണ്. അവര്‍ക്ക് പ്രത്യേക കാഴ്ചപ്പാട് ഉണ്ടാവാം, എന്നാൽ അവരുടെ വായക്കാരെന്നു പറയുന്നത് അനേകം  തരത്തിലുള്ളവരാണ്. ഞാൻ വിശ്വസിക്കുന്ന കാഴ്ചപ്പാടുള്ള പുസ്തകങ്ങള്‍ മാത്രമേ പബ്ലിഷ് ചെയ്യുകയുള്ളൂ എന്ന് വിചാരിച്ചാൽ ഞാൻ ഒരു ’cause’നു വേണ്ടി പബ്ലിഷ് ചെയ്യണം. അതായത് ഒരു ഫെമിനിസ്റ്റ് പബ്ലിഷിംഗ് ഹൗസ് അല്ലെങ്കിൽ ഒരു ഇടതുപക്ഷ ചിന്താഗതിയുള്ള പബ്ലിഷിംഗ് ഹൗസ്. പക്ഷേ ഇവിടെ അതല്ല. വ്യത്യസ്തരായി ചിന്തിക്കുന്ന ഒരു വായന സമൂഹത്തിനാണ് പുസ്തകങ്ങൾ നൽകുന്നത്. അപ്പോൾ അവർക്കു താല്പര്യവും സന്തോഷവും നൽകുന്ന ഉള്ളടമുള്ള പുസ്തകങ്ങൾ ഒരുക്കുക എന്നുള്ളതാണ്. അവിടെ നമ്മുടെ കാഴ്ചപ്പാടുകൾക്കു സ്ഥാനമില്ല.

വായക്കാരിലേക്ക് പല തരത്തിലുള്ള ഉള്ളടക്കങ്ങൾ എത്തിക്കണം എന്ന ലക്ഷ്യം മാത്രമേ ഉണ്ടാകൂ. അവിടെ വ്യക്തിപരമായ കാഴ്ചപാടുകൾ തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. എല്ലാ കാഴ്ചപ്പാടുകളെയും അവർക്കായി നൽകുക, എന്നിട്ട് വായനക്കാർക്കു കണ്ടെത്താനുള്ള അവസരം നൽകുക.

ഒരു കയ്യെഴുത്തുപ്രതി അംഗീകരിക്കുന്നത് പോലെത്തന്നെ മറ്റൊന്ന് നിരസിക്കേണ്ടിയും വരും. അതെങ്ങനെയാണ് കൈകാര്യം ചെയുന്നത്?

വളരെ കഷ്ടപ്പാടാണ്. അത്തരം സന്ദർഭങ്ങളിൽ ഏറ്റവും കുറച്ചു വാക്കുകൾ ഉപയോഗിച്ച് വിവരം അവരിലേക്ക്‌ എത്തിക്കാനാണ് നമ്മൾ ശ്രമിക്കുന്നത്. ഏറ്റവും പ്രധാനമായി നോക്കുന്നത് ഒരു പുസ്തകം നമ്മളിൽ ഉണ്ടാക്കുന്ന ‘ഇംപാകറ്റ്’ ആണ്. ഒരു കയ്യെഴുത്തുപ്രതി എഡിറ്ററുടെ കയ്യിൽ നിന്നും വായനക്കാരന്റെ കൈയിലേക്ക് പുസ്തകമായി എത്താൻ കുറച്ചു നാൾ എടുക്കും. ഇപ്പോൾ എഴുതുന്നൊരു കഥയോ, രാഷ്ട്രീയപരമായ എഴുത്തോ എന്തു വേണമെങ്കിലും ആയിക്കൊള്ളട്ടെ, അത് ഒരു വർഷം കഴിഞ്ഞും അതേ നിലയിൽ നമ്മളെ സ്വാധീനിക്കാൻ കഴിവുള്ളതാകണം. അല്ലാത്തപക്ഷം അത് വളരെ വ്യക്തമായി, വളരെ ചുരുങ്ങിയ ഭാഷയിൽ എഴുത്തുകാരനെ അറിയിക്കും. എന്റെ ജോലിയിൽ എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഭാഗം അതാണ്.

മറ്റൊരാള്‍ അയാളുടെ സംവേദനക്ഷമത, ഗ്രഹണശക്തി, അല്ലെങ്കില്‍ വ്യക്തിത്വം എന്നിവയുടെ അടിസ്ഥാനത്തില്‍ എഴുതുന്ന ഒരു ഉള്ളടക്കം എഡിറ്റ്‌ ചെയ്യുമ്പോള്‍ നമ്മുടെ അനുഭവ തലങ്ങളില്‍ അത് പെടുന്നില്ല എന്നത് ഒരു പോരായ്മയായി തോന്നിയിട്ടുണ്ടോ? ഉദാഹരണത്തിന് ഒരു സ്ത്രീയുടെ പുസ്തകം ഒരു പുരുഷൻ എഡിറ്റ് ചെയുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം.

വായന ‘ജൻഡേർഡ്‌’ ആണ് എന്നുള്ളത് ശരിയാണ്. പക്ഷേ കുറച്ചു കാലം ഈ മേഖലയിൽ ജോലി ചെയ്തു കഴിയുമ്പോൾ ഒരു എഡിറ്റർ എന്ന നിലയിൽ എഴുത്തുകാരന്റെ മനസ്സിലൂടെ അയാളുടെ പുസ്തകം വായിക്കുക എന്നതാണ് പ്രധാനമെന്ന് നമുക്ക് മനസിലാകും. അയാളുടെ ചുറ്റുപാടെന്താണ്, അയാളെന്തിനാണ് അങ്ങനെ എഴുതിയത് എന്നൊക്കെ മനസിലാക്കുക. എന്നിട്ട് അയാളുടെ സ്ഥാനത്തു നിന്ന് ആ പുസ്തകത്തെ മനസിലാക്കുക എന്നതാണ് മറ്റെന്തിനേക്കാളും പ്രധാനം. ‘എമ്പതറ്റിക്’ വായനയാണ് ആവശ്യം.

എന്തു കൊണ്ടാണ് ‘കോൺടെക്സ്റ്റ്’ എന്ന പേര് കൊടുത്തത്?

ശങ്കർ അയ്യർ ആധാറിനെ കുറിച്ച് എഴുതിയൊരു പുസ്തകം എഡിറ്റ് ചെയ്യുകയായിരുന്നു ആ സമയത്തു ഞാൻ. ആധാറിനെ സംബന്ധിച്ച് നിങ്ങളുടെ ചുറ്റുപാട് വളരെ പ്രധാനമാണ്. ഒരു മധ്യവർഗ കുടുബത്തിനു അത് മറ്റൊരു ‘ഐഡൻടിറ്റി കാർഡ്’ മാത്രമാണ്. പക്ഷേ തൊഴിലാളി വർഗത്തിന് അത് അന്നന്നുള്ള റേഷൻ വാങ്ങാൻ കൂടെ സഹായിക്കുന്ന ഒന്നാണ്. അപ്പോൾ നിങ്ങളുടെ ‘കോൺടെക്സ്റ്റ്’ വ്യത്യാസമാണ്. ‘കോൺടെക്സ്റ്റ്’ എന്ന ആ വാക്ക് എന്റെ മനസ്സിൽ തട്ടി. ശരിക്കും പറഞ്ഞാല്‍ എല്ലാം ‘കോൺടെക്സ്റ്റ്‌ന്’ അധിഷ്ഠിതമാണ്.

ഓരോ ദിവസങ്ങള്‍  കഴിഞ്ഞപ്പോഴും ആ വാക്കിന് കൂടുതൽ അർത്ഥങ്ങൾ ലഭിച്ചത് പോലെ തോന്നി. എന്റെ ടീമിനും ഞങ്ങൾ അവതരിപ്പിക്കുന്ന എഴുത്തുകാർക്കും, ഞങ്ങൾ പുറത്തു കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന ആശയങ്ങൾക്കും ഒക്കെ ഈയൊരു പേരാണ് ഏറ്റവും അനിയോജ്യമെന്നു തോന്നി.

‘കോൺടെക്സ്റ്റ്’ എന്ന ‘ഇമ്പ്രിന്റ്’ വിഭാവന ചെയുന്നത് എന്താണ്?

ഓരോ വായനക്കാരിലും ഒരു മാറ്റം വരുത്താൻ ‘കോൺടെക്സ്റ്റ്നു’ സാധിക്കണം. അതെത്ര ചെറുതും ആയിക്കൊള്ളട്ടെ, വാക്കോ വരിയോ കഥയോ എന്തെങ്കിലും ആയിക്കോട്ടെ. വായനക്കാരനെ ചെറിയ രീതിയിൽ എങ്കിലും സ്വാധീനിക്കണം, ഓരോ പുസ്തകവും.

നോൺ-ഫിക്ഷനു കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടോ?

നോൺ-ഫിക്ഷന് ഇപ്പോൾ ഒരുപാടു വായനക്കാരുണ്ട്. അതു പോലെ തന്നെ എഴുത്തുകാരുമുണ്ട്. അനുഭവ സമ്പത്തുള്ള എഴുത്തുകാർക്ക് പുറമേ ഒരുപാട് പുതിയ എഴുത്തുകാർ അവരുടെ ദിവസേനയുള്ള ജോലികൾക്കു ശേഷം വായിച്ചും ഗവേഷണം നടത്തിയും ഇത്തരം പുസ്തകങ്ങൾ എഴുതാൻ പരിശ്രമിക്കുന്നുണ്ട്.  പത്തു വർഷം മുൻപ് ഇതിങ്ങനെയല്ലായിരുന്നു.

karthika v k, Books and Ideas, Publishing, Westland, Amazon, Karthika VK, Perumal Murugan, TM Krishna, Anita Nair, Context, imprint, കാര്‍ത്തിക വി കെ, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ബാംഗ്ലൂര്‍ ലിറ്ററെച്ചര്‍ ഫെസ്റിവലില്‍

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കൊമേർഷ്യൽ ടൈറ്റിലുകൾ മിത്തുകളുടെയും ഇതിഹാസങ്ങളുടെയും പുനർ-വായന അധികമായി ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാർ പലപ്പോഴും ചരിത്രത്തെയും ഇതിഹാസങ്ങളെയും വളച്ചൊടിക്കുന്നു, മാറ്റി എഴുതിക്കുന്നു എന്നൊക്കെ നമ്മൾ കേൾക്കുന്നുമുണ്ട്. ഏതെങ്കിലും രീതിയിൽ എഴുത്തുകാർ അറിഞ്ഞോ അറിയാതെയോ ഈയൊരു ‘പ്രൊപ്പഗാണ്ട’യുടെ ഭാഗമാകുന്നുവെന്ന് തോന്നിയിട്ടുണ്ടോ?

ശരിക്കും ഒരുപാട് പ്രൊപ്പഗാണ്ടകൾ ഉണ്ട് ഇവിടെ. അതിലൊന്നാണ് ഈ മഹത്തായ ഭൂതകാലത്തെ കുറിച്ച് വിവരിക്കുന്നത്. പക്ഷേ എനിക്ക് തോന്നിയിട്ടുള്ളത് ഈ എഴുത്തുകാരൊന്നും ഭൂതകാലത്തിലേക്ക് തിരികെ പോണമെന്നു വാദിക്കുന്നവരല്ല. നമ്മൾ എവിടെ നിന്ന് തുടങ്ങി എന്ന് കാണിച്ചു തരികെയാണ് അവർ ശരിക്കും ചെയ്യുന്നത്. ആ ഒരു കാലത്തിൽ നിന്നും നമ്മൾ എത്രത്തോളം സഞ്ചരിച്ചു എന്നതാണ്. നമ്മുടെ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ നമ്മൾ അതിലൊരു  കണക്ഷൻ കാണുന്നതാണ്. പുനർവായന ഒരുപാട് കാലങ്ങളായി നടക്കുന്ന ഒന്നാണ്.

നമ്മൾ എപ്പോഴും വായിക്കാൻ ഇഷ്ടപെടുന്നവയാണ് ഇതിഹാസങ്ങൾ. ഇത്തരമൊരു അവസരം ലഭിച്ചപ്പോൾ എഴുതാൻ ആഗ്രഹമുണ്ടായിരുന്ന പലരും എഴുതാൻ തുടങ്ങി. പ്രൊപ്പഗാണ്ട എന്നതിനേക്കാളും ഇതാകും കുറച്ചൂടെ പ്രധാനപ്പെട്ട കാരണം. പക്ഷേ ഇതൊരു ട്രെൻഡായി മാറാൻ കാരണം, സാഹിത്യപരമായ വായന താല്പര്യപെടാത്തവരും ഇത്തരം പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയപ്പോഴാണ്.

പബ്ലിഷറും എഴുത്തുകാരും തമ്മിലുള്ള ബന്ധം എന്താണ്?

ഈയടുത്ത് അരുന്ധതി സുബ്രഹ്മണ്യത്തിന്റെ ഒരു സംഭാഷണം ഞാനും അനിത നായരും പോൾ സക്കറിയയും ഒരുമിച്ചു കേൾക്കാനിടയായി. അനിതയുടെയും സക്കറിയയുടെയും പുസ്തകങ്ങൾ ഞാൻ എഡിറ്റ് ചെയ്തിട്ടുണ്ട്. അവരുമായി അടുത്ത സൗഹൃദവുമുണ്ട്. അരുന്ധതിയുടെ സംഭാഷണത്തിൽ ഭക്ത കവികളും ദൈവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ പറയുന്നുണ്ട്. അവർ പറയുന്നത് അത് അനന്തമാണ് (infinite) എന്നാലത് അഗാധവുമാണ് (intimate) എന്നാണ്. അപ്പോൾ ഞങ്ങൾ വിചാരിച്ചു ഇത് തന്നെയാണ് ഒരു പബ്ലിഷറും എഴുത്തുകാരും തമ്മിലുള്ള ബന്ധവും. അത് അനന്തമാണ് കാരണം ഒരു പുസ്തകം കഴിയുമ്പോൾ അടുത്തത് വരുന്നു, അതിങ്ങനെ തുടരുന്നു. അത് വളരെ അഗാധമാണ്, കാരണം മറ്റേതു ബന്ധത്തിലാണ് ഒരാളെഴുതിയ കഥയിലെ വാക്കുകൾ മാറ്റാനും അതേച്ചൊല്ലി തല്ലുകൂടാനുമൊക്കെ സാധിക്കുക?

ഒരു പബ്ലിഷറും വായനക്കാരനും തമ്മിലുള്ള ബന്ധത്തെ എങ്ങനെ കാണുന്നു?

സത്യസന്ധമായി പറഞ്ഞാൽ വായനക്കാർക്ക് എന്താണ് വേണ്ടതെന്ന് നേരിട്ട് ശരിക്കും മനസിലാവില്ല. പ്രധാനമായും ഡാറ്റകൾ വഴിയാണ് നമുക്ക് മനസിലാകുന്നത്. നിരന്തരമായി നമുക്ക് ഫീഡ്ബാക്ക് ലഭിക്കും. നീൽസൺ ആണ് പ്രധാനമായും റീട്ടെയിൽ ഡാറ്റകൾ നമുക്ക് തരുന്നത്. പക്ഷേ അതൊരു നാല്പതു ശതമാനമേ ആകുന്നുള്ളു. ആ ഡാറ്റകളിൽ നിന്ന് വായനക്കാർ എന്താണ് ആഗ്രഹിക്കുന്നതെന്ന് ഒരു പരിധി വരെ നമുക്ക് മനസിലാകും. അപ്പോൾ വായനക്കാരിഷ്ടപ്പെടുന്ന മേഖലയിലെ എഴുത്തുകാരെ പിന്നെയും കണ്ടെത്തി നമ്മൾ പുസ്തകങ്ങൾ പബ്ലിഷ് ചെയ്യും.

വായനക്കാരെന്നു പറയുമ്പോൾ അതിൽ നമ്മുടെ പുസ്തകങ്ങൾ നിരൂപണം നടത്തുന്നവരും പെടും. ഇപ്പോഴുള്ള ബ്ലോഗുകൾ, ആപ്പുകൾ എന്നിവകളില്‍ കൂടെയെല്ലാം വായനക്കാരെ നമ്മൾ നിരന്തരം മനസിലാക്കുകയാണ്. ഇതെല്ലാം തന്നെ ഉണ്ടായിരുന്നാലും ചിലപ്പോള്‍ നമ്മളെ അതിശയിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടാകും. മാർക്കറ്റ് ഉണ്ടാവില്ല എന്ന് നമ്മൾ കരുതുന്ന പുസ്തകം ചിലപ്പോള്‍ വളരെ നന്നാവും. മറിച്ചും സംഭവിക്കാം. എഴുത്തുകാരെ അവരെ ഇഷ്ടപ്പെടുന്ന വായനക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഒരു പബ്ലിഷറിന്റെ കടമ. ഇവർ മൂന്ന് പേരും ഒരു ‘ഇക്വേഷന്റെ’ ഭാഗമാണ്.

ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ, ഒരു പുസ്തകത്തിലെ ഉള്ളടക്കം ‘ഒഫൻഡ്’ ചെയ്തു എന്നു പരാതികൾ വരികയും ആവശ്യമില്ലാത്ത ഒരുപാട് തലങ്ങളിലേക്ക് അത് വലിച്ചിഴയ്ക്കുകപ്പെടുകയും ചെയ്യുന്നുണ്ട്. ഒരു പബ്ലിഷര്‍ എന്ന നിലയില്‍ ഇതിനെ എങ്ങനെ കാണുന്നു?

ഒരു പുസ്തകം കാരണം ആരുടെയൊക്കെ വികാരങ്ങൾ മുറിപ്പെടുമെന്നത് നോക്കി നമുക്ക് പബ്ലിഷ് ചെയ്യാനാകില്ല. ശ്രദ്ധിക്കുന്നത് നമ്മൾ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നുള്ളതാണ്. അപകീർത്തിപ്പെടുത്തുക, ഒഫീഷ്യൽ സീക്രെട് ആക്ട്, പ്ലേഗിയറിസം അങ്ങനെ പബ്ലിഷിങ്ങുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായും നോക്കും. ഒരുപാട് വായനക്കാരുണ്ട്, അവർ പല രീതിയിൽ, പല സാഹചര്യങ്ങളിൽ ഒരു പുസ്തകം വായിക്കുന്നു. മനഃപൂർവമായി വെറുപ്പ് കലർന്ന ഭാഷ ഉപയോഗിക്കാൻ നമ്മുടെ നിയമങ്ങൾ പോലും അനുവദിക്കുന്നില്ല. നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ, അവിടെ നിങ്ങൾക്ക് ഒരു പ്രശ്നവമുണ്ടാകുന്നില്ല.

വായനക്കാരന്റെ വികാരങ്ങളെ പോലെത്തന്നെ പ്രധാനമല്ലേ എഴുത്തുകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യവും.

ജോസഫ് ലെലിവെൽഡ് എഴുതിയ ഗാന്ധിയുടെ ജീവചരിത്രം ഇന്ത്യയിൽ ഞങ്ങളാണ് പബ്ലിഷ് ചെയ്തത്. ആ പുസ്തകത്തിൽ ഗാന്ധിജിയുടെ ഹോമോ സെക്ഷുവൽ താല്പര്യങ്ങളെപ്പറ്റി എഴുതി എന്നു പറഞ്ഞു പ്രശ്നങ്ങൾ ഉണ്ടായി. ഗുജറാത്തിൽ പുസ്തകം നിരോധിക്കുമെന്നൊക്കെ പറഞ്ഞു. പക്ഷേ ആ സന്ദർഭത്തിൽ ഗാന്ധി കുടുംബം ഞങ്ങളുടെ ഒപ്പം നിന്നു. പുസ്തകം പബ്ലിഷ് ചെയ്യാൻ പറഞ്ഞു.

ഓൺലൈൻ മാധ്യമങ്ങൾ ഉള്ളപ്പോൾ നിരോധിക്കുക എന്നുള്ളത് അത്ര എളുപ്പമല്ല. ഒരു പരിധി വരെ നമ്മൾ സ്മാർട്ട് ആകണം. ഏതെങ്കിലും സാഹചര്യത്തിൽ ഒരു പുസ്തകം പ്രശ്നം സൃഷ്ടിക്കാൻ സാധ്യത ഉണ്ടെന്നു തോന്നിയാൽ നിങ്ങൾ അധികം പ്രസിദ്ധി കൊടുക്കാതെ ആ പുസ്തകം മാർക്കെറ്റിൽ എത്തിക്കുക, അതിനർഹമായ ശ്രദ്ധ നൽകുക. അതിനു ശേഷം ഒരു നിരോധനമൊക്കെ കൊണ്ടു വരാൻ ബുദ്ധിമുട്ടാണ്.

ജോസി ജോസെഫിന്റെ ‘എ ഫീസ്റ്റ് ഓഫ് വൾചേഴ്‌സ്’ പബ്ലിഷ് ചെയ്തപ്പോഴും ഇത്തരമൊരു വിവാദമുണ്ടായില്ലേ?

അതേ. ജോസി ജെറ്റ് ഐർവേസിനെ പറ്റിയൊരു പരാമർശം നടത്തിയത് കാരണം  കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ജോസി ആ കേസിനെ വളരെ ആത്മവിശ്വാസത്തോടെയാണ് നേരിടുന്നത്. കാരണം അദ്ദേഹത്തിന്റെ കൈയ്യിൽ അതെഴുതാൻ കാരണമായ എല്ലാ തെളിവുകളും ഉണ്ട്. പറയുന്ന കാര്യങ്ങളൊക്കെ തെളിയിക്കാൻ സാധിക്കുമെങ്കിൽ പിന്നെ എഴുതിയ ആളുടെ ഭാഗത്തു തെറ്റ് വരേണ്ടതില്ല. ആ കേസ് ജോസി ജയിക്കുകയാണെങ്കിൽ അത് ചരിത്രപരമായ ഒരു നേട്ടമായിരിക്കും, പലർക്കും ആത്മവിശ്വാസം ലഭിക്കും. മതിയായ തെളിവുകൾ ഉണ്ടെങ്കിൽ ധൈര്യപൂർവ്വം എഴുതാം എന്നൊരു ഉറപ്പ് പല എഴുത്തുകാർക്കും ലഭിക്കും. ഇന്നത്തെ കാലത്തു അതനിവാര്യവുമാണ്.

karthika v k, Books and Ideas, Publishing, Westland, Amazon, Karthika VK, Perumal Murugan, TM Krishna, Anita Nair, Context, imprint, കാര്‍ത്തിക വി കെ, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

കാര്‍ത്തിക വി കെ    ചിത്രം | ശില്പ മുരളി

വർധിച്ചു വരുന്ന സാഹിത്യോത്സവങ്ങളും അതിലെ വലിയ ജനത്തിരക്കും വായനയുടെ വളർച്ചയുടെ ഭാഗമായിട്ടാണ് എന്ന് തോന്നിയിട്ടുണ്ടോ?

വായനയുടെ വളർച്ച തീർച്ചയായും ഉണ്ട്. ചില ഫെസ്റ്റുകളിൽ ഒരുപാട് പുസ്തങ്ങൾ വിറ്റു പോകാറുണ്ട്. അതിനേക്കാളുപരി എഴുത്തുകാർക്ക് നല്ലൊരു ‘വിസിബിളിറ്റി’ ലഭിക്കുന്നു. അവർക്ക് ‘പെർഫോം’ ചെയ്യാനൊരു അവസരം ലഭിക്കുന്നു. പക്ഷേ ‘പെർഫോമൻസ്’ അറിയാത്ത എഴുത്തുകാരുടെ കാര്യം പ്രശ്നമാണ്. അവരുടെ പുസ്തകങ്ങളെക്കാൾ അവർക്കൊരുപക്ഷേ പെർഫോം ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. ഇത്തരത്തില്‍ ‘പെർഫോം’ ചെയ്യുന്നവരെ മാത്രമായിരിക്കും ഒരുപക്ഷേ ദീർഘകാലാടിസ്ഥാനത്തില്‍ ജനങ്ങൾ ഓര്‍ത്തിരിക്കുന്നത്. പക്ഷേ ഇതൊരു അവസരം കൂടിയാണ്. പബ്ലിഷര്‍, എഴുത്തുകാർ, വായനക്കാർ എല്ലാരും ഒരിടത്തുണ്ട്.

ഓൺലൈൻ പബ്ലിഷിംഗ് ഓഫ്‌ലൈൻ പബ്ലിഷിങ്ങിനെ ബാധിച്ചിട്ടുണ്ടോ?

ഇല്ലെന്നു തന്നെ പറയാം. കാരണം ഓൺലൈൻ വായന അത്ര വ്യാപകമായിട്ടില്ല ഇപ്പോഴും. പബ്ലിഷ് ആകുന്ന എല്ലാ പുസ്തകങ്ങളുടെയും ഇ-ബുക്ക് ഇപ്പോഴും ലഭ്യമല്ല. ആമസോൺ കിൻഡിൽ പോലെയുള്ളവയ്ക്ക് പ്രചാരം ലഭിക്കുന്നുണ്ട്. എന്നാലും ഓഫ്‌ലൈൻ പബ്ലിഷിങ്ങിനെ ബാധിക്കാൻ തക്കവണ്ണം ഓൺലൈൻ പബ്ലിഷിംഗ് എത്തിയിട്ടില്ല.

ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളിൽ ഒരുപാടു കഴിവുള്ളവർ എഴുതുന്നതായി കാണുന്നു. പക്ഷേ അതവിടെ തന്നെ നിന്ന് പോകുകയും ചെയുന്നു.   പ്രതിഭയുള്ളവരുടെ എഴുത്ത് അങ്ങനെ ചിതറിപ്പോകുന്നതായി തോന്നിയിട്ടുണ്ടോ?

ശരിക്കും പറഞ്ഞാൽ ഒരുപാട് എഴുത്തുകാരും വളരെ കുറച്ചു പബ്ലിഷേഴ്‌സുമാണ് നിലവിലുള്ളത്. അപ്പോൾ സോഷ്യൽ മീഡിയ പോലുള്ള സ്ഥലങ്ങൾ അവർക്കൊരു പ്ലാറ്റ്ഫോമാണ്. അതിനു ശേഷം പബ്ലിഷ് ചെയ്യപ്പെടുന്നവരുമുണ്ട്. അത്തരമൊരു മാധ്യമം ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇത് വളരെ ‘കൺജെസ്റ്റഡ്’ ആയിപ്പോയേനെ. അപ്പോൾ ശരിക്കും ഇതൊരു ‘കോ-എക്‌സിസ്റ്റൻസ്’ ആണ്. ഓഫ്‌ലൈൻ പബ്ലിഷിംഗ് ഒരുപാട് സമയമെടുക്കുന്ന പ്രക്രിയയാണ്. നവമാധ്യമങ്ങൾ അങ്ങനെയല്ല. അത് വളരെ വേഗം വായനക്കാരിൽ എത്തുന്നു. അത്തരമൊരു വായന ഇഷ്ടപ്പെടുന്നവർക്ക് അത് നല്ലതാണ്. ഒന്ന് മറ്റൊന്നിനെ ഇല്ലാതാക്കുകയല്ല, ഒരുമിച്ചു നിലനിൽക്കുകയാണ് ചെയ്യുന്നത്.

ഒരുപാട് എഴുത്തുകാരുമായി ചേർന്ന് പുസ്തങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ടല്ലോ. എഴുത്തുകാരിൽ ഏറ്റവും ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ ഒരു സ്വഭാവം പറയാമോ?

ഇഷ്ടപ്പെടുന്നത് അവർ ചെയുന്ന പ്രവർത്തിയോടുള്ള അവരുടെ  പ്രതിബദ്ധതയാണ്. അതു പോലെ തന്നെ അവരതിൽ എന്ത് മാറ്റവും വരുത്തി അതിനെ നന്നാക്കാനും തയ്യാറാണ് എന്നുള്ളതാണ്. ഇഷ്ടപ്പെടാത്തതായി ഒന്നും ഉണ്ടെന്നു തോന്നുന്നില്ല. എനിക്കവരെ എല്ലാരേം ഇഷ്ടമാണ്. എത്ര വർഷങ്ങൾ അവരതിനായി ചിലവഴിക്കുന്നു. അവരിൽ ഇഷ്ടപ്പെടാൻ മാത്രമുള്ള കാരണങ്ങളെ എനിക്കുള്ളൂ.

താങ്കൾ ചെയ്യുന്ന ജോലിയിൽ ഏറ്റവും ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കാര്യം?

ഏറ്റവും ഇഷ്ടമുള്ളത് ഒത്തിരി മനുഷ്യരെ പരിചയപ്പെടാനും അടുത്തറിയാനും സാധിക്കുന്നു എന്നുള്ളതാണ്. ജീവിതത്തിലെ പല മേഖലകളിലുള്ള വ്യക്തികളെ അറിയാനും അവരോടൊപ്പം പ്രവർത്തിക്കാനും സാധിക്കുന്നു. പിന്നെ ‘മെറ്റീരിയൽ’ നേട്ടങ്ങളുടെ പുറകിൽ പോകാതെ വികാരങ്ങൾക്കും ചുറ്റിനുമുള്ള മനുഷ്യർക്കും പ്രാധാന്യം നൽകുന്ന ഒരുപാട് സുഹൃത്തുക്കളെ ഉണ്ടാക്കാൻ സാധിച്ചു.

ഇഷ്ടമില്ലാത്ത കാര്യം ഒന്നിനും സമയം തികയുന്നില്ല എന്നുള്ളതാണ്. പിന്നെ ഒരു പുസ്തകത്തിന്റെ മാർക്കറ്റിങ്ങിനെ കുറിച്ചോർത്തുള്ള ടെൻഷൻ.

കുടുംബം, കേരളവുമായുള്ള ബന്ധം?

പ്രീഡിഗ്രീ വരെ കേരളത്തിലാണ് പഠിച്ചത്. പിന്നെ ഡൽഹിയിൽ. ഭർത്താവ് ഒരു വൈൽഡ് ലൈഫ് കൺസെർവേഷൻ സംഘടനയുമായിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. രണ്ട് കുട്ടികളാണ്. കേരളത്തിലേക്ക് വരുന്നത് എപ്പോഴും നല്ലൊരു അനുഭവമാണ്. ഒരുപാട് സുഹൃത്തുക്കൾ ഇവിടെയുമുണ്ട്. പിന്നെ ഡൽഹിയിൽ ഇതു പോലെ തെളിഞ്ഞ ആകാശമൊന്നും കാണാൻ കഴിയില്ല. അതൊക്കെ ഒരുപാട് ആസ്വദിക്കാറുണ്ട്.