scorecardresearch
Latest News

കരിയിലയുടെ പച്ച ഞരമ്പ്

വാർദ്ധക്യം വന്ന് കൈപിടിക്കുമ്പോൾ ഒരുപക്ഷേ എല്ലാവരും ഇങ്ങനെ ആകുമായിരിക്കും. നടന്ന വഴികളിലൂടെ, കൊണ്ട വെയിലുകളിലൂടെ, നനഞ്ഞ മഴകളിലൂടെ മനസ്സ് കൊണ്ടെങ്കിലും നടക്കുമായിരിക്കും. അതുവരെ ആടിത്തീർത്ത അധ്യായങ്ങളെല്ലാം വേർപ്പെട്ട് ഭൂതകാലത്തിലേക്ക് ആകൃഷ്ടരാകുമായിരിക്കും. ഒരു ബിന്ദുവിൽ നിന്ന് തുടങ്ങി അതേ ബിന്ദുവിൽ പൂർത്തിയാകുന്ന ഒരു ദീർഘവൃത്തമായിരിക്കുമോ ജീവിതം!

rahna thalib, memories, iemalayalam

“എന്താപ്പൊ ചെയ്യാ…നിങ്ങള് ഇങ്ങനെ വെഷമിക്കല്ലേ.”

“സഹിക്കാൻ പറ്റണ്ടേ…ഇങ്ങനെ ഒരു വെഷമം പറയാനില്ല ന്റെ മോളേ.”

“എന്ത് കുട്ട്യോളാ?”

“ഒരാണും ഒരു പെണ്ണും. അതും എന്ത് നല്ല മക്കളാച്ചിട്ടാ… ”

“എന്താ അപ്പൊ ആദ്യം കണ്ട്?”

“പെറ്റേന്റെ പിറ്റേന്ന് മുതല് കെടപ്പന്നെ കെടപ്പ്. ഡോട്ടറെടുത്ത് പോയി വിവരം പറഞ്ഞ് മരുന്നു കൊടുത്തിട്ടും ഓൾക്കൊരു മാറ്റോം ഇണ്ടായില്ല. രണ്ടീസം കഴിഞ്ഞപ്പോ കുട്ട്യോളെ മൊല തൊടീക്കാണ്ടായി. നോക്ക്യേപ്പഴല്ലേ കണ്ടത്.. അകിട് കല്ലച്ചോണ്ടിരിക്കയാരുന്ന്. അതിന്റെ പിറ്റേന്ന് ഓള് പോയി. കുട്ട്യോൾടെ കാര്യാ പൊറുപ്പില്ലാത്ത്. കുപ്പീല് പാലാക്കി കൊട്ക്ക്ണ്ണ്ട്. വല്ലാണ്ടൊന്നും കുടിക്കുല്ല…പുല്ലൊന്നും തിന്ന്ണൂല്ല..അവറ്റടെ മോത്ത് നോക്കുമ്പോ ഇക്കൊരു സമാധാനംല്ല”

“സാരല്ല. അവറ്റ വലുതായിക്കോളും എങ്ങനേലും.”

“ഉം..അതന്നെ. അന്റോടുത്തത് പെറാറായ?”

സുലൈഖാത്തയും രാധേച്ചിയും തമ്മിലുള്ള സംഭാഷണം തുടരുകയാണ്. ആടിന്റെ വേർപാടും സുലൈഖാത്തയുടെ ദെണ്ണവും കേട്ട് രാധേച്ചിക്ക് മാത്രമല്ല, ബസിലുണ്ടായിരുന്ന എല്ലാവർക്കും വിഷമം തോന്നി. ആടും ഒരു മനുഷ്യനല്ലേ എന്ന് ചോദിച്ച ഒരു മലയാളകഥയിലെ ഉമ്മയെ എനിക്കോർമ വന്നു.

സുലൈഖാത്ത കാലുവേദനയ്ക്ക് ഡോക്ടറെ കാണിക്കാൻ താലൂക്കാശുപത്രിയിലേക്കും രാധേച്ചി കുടുംബശ്രീ ലോൺ അടക്കാൻ ബാങ്കിലേക്കുമാണ് പോകുന്നത് എന്ന് അപ്പോൾ കേറിയ ആരോടോ പറയുന്നത് കേട്ടു.

ഈ വഴിക്കുള്ള ബസിന്റെ അവസാനസ്റ്റോപ്പാണ് ഞങ്ങളുടേത്. അതിനാൽ തന്നെ ബസ്ജീവനക്കാർക്ക് ചായ കുടിക്കാനായി അഞ്ചോ പത്തോ മിനുട്ട് നേരം മൂന്നുംകൂടിയ മുക്കിലെ ചായപ്പീടികയ്ക്ക് മുൻപിൽ നിർത്തിയിടും. ബസോട്ടമില്ലാത്ത തൊട്ടടുത്ത ഗ്രാമത്തിൽനിന്നുള്ള ആൾക്കാരും നഗരത്തിലേക്ക് പോകാൻ ഈ ബസ് തന്നെയാണ് ആശ്രയിക്കുന്നത്. യാത്രക്കാരിൽ ഏറിയ പങ്കും സ്ത്രീകളായിരിക്കും. അവർ പരസ്പരം വീട്ടിലെയും നാട്ടിലെയും വിശേഷങ്ങൾ പങ്കുവെയ്ക്കും. ചെറുപ്പക്കാർ മൊബൈലിൽ മുഖം പൂഴ്ത്തിയിരിക്കും.

rahna thalib, memories, iemalayalam

നേരം പുലരുമ്പോൾ തുടങ്ങുന്ന ഓട്ടത്തിന് താത്ക്കാലികവിരാമമിടുന്നത് നഗരത്തിലേക്കുള്ള ഇരുപത് മിനുട്ട് നേരത്തെ ഈ യാത്രയിലാണ്. വ്യത്യസ്തദിക്കുകളിലേക്ക് വ്യത്യസ്തലക്ഷ്യങ്ങളുമായി യാത്ര ചെയ്യുന്ന ഞങ്ങൾക്കിടയിൽ എന്തൊക്കെയോ സമാനതകളുണ്ടല്ലോ എന്നോർക്കുന്നതിൽ രസം തോന്നി. പെട്ടെന്നിറങ്ങാൻ പാകത്തിൽ പടിയുടെ തൊട്ടടുത്ത സീറ്റിലാണ് ഞാൻ ഇരിക്കുന്നത്.

നാല് സ്റ്റോപ്പ്‌ കഴിഞ്ഞുള്ള വളവ് സ്റ്റോപ്പിൽ നിന്ന് നല്ലോണം പ്രായമായ ഒരു അമ്മമ്മ ബസിൽ കേറി. നീളൻ സീറ്റിലിരുന്ന പെൺകുട്ടി എണീറ്റ് അമ്മമ്മയ്ക്കിരിക്കാൻ സ്ഥലം കൊടുത്തു.

“കാട്ടകാമ്പാല്” കണ്ടക്ടർ കാശ് വാങ്ങിക്കാനായി അടുത്ത് വന്നതും അമ്മമ്മ പറഞ്ഞു.

“അങ്ങട്ട് പോണില്ലല്ലോ. ഈ വണ്ടി കുന്നംകുളം വരേയുള്ളൂ.”

“അത് പറഞ്ഞാ എങ്ങനാ ശരിയാവാ? ഇയ്ക്കിന്റെ വേലായുധൻടോടുക്കാ പോണ്ടേ…ചിറയ്ക്കലല്ലേ അവൻ എന്നെ കാത്ത്നിക്കാ…” അമ്മമ്മേടെ ശബ്ദം ഉച്ചത്തിലായി.

“അതിനിപ്പോ ന്താ കുഴപ്പം.. കുന്നംകുളത്ത്ന്ന് അക്കിക്കാവ് വഴിയും പോർക്കുളം വഴിയും മാറി മാറി വണ്ടിള്ളതല്ലേ…അതില് പോയാൽ പോരേ” കണ്ടക്ടർ പോംവഴി ഈണത്തിൽ പറഞ്ഞു.

“അത് ഞാൻ തീരുമാനിച്ചോളാ” അമ്മമ്മ കെറുവിച്ചു.

“ഇങ്ങളെന്തെങ്കിലും ചെയ്യ്…കാശ് കാട്ട്യേ…” കണ്ടക്ടർ അപ്പോഴേക്കും അസ്വസ്ഥനായിരുന്നു.

അമ്മമ്മ അതു കേട്ട ഭാവം ഇല്ലാതെ ബസിലുള്ളവരെ മാറിമാറി നോക്കി. ചുറ്റുമുള്ളവരുടെ മുറുമുറുപ്പിൽ നിന്നും എന്തോ പന്തികേട് മണത്ത കണ്ടക്ടർ പിന്നൊന്നും മിണ്ടാതെ അമ്മമ്മയെ ഒന്നിരുത്തിനോക്കി പിന്തിരിഞ്ഞു.

“ഒന്നങ്ങുട് ബാക്കിലേക്ക് ഇറങ്ങിനിന്നൂടെ പിള്ളേരെ.. കേറുണോടത്തന്നെ തിക്കിത്തിരക്കി നിന്നോളും” പോകുന്ന പോക്കിന് കഴയ്ക്കല് നിന്നിരുന്ന പെൺകുട്ടികളുടെ നേരെ അയാൾ അനാവശ്യമായി കയർത്തു.

“അമ്മാ..അമ്മാ… അമ്മമ്മ ബസില് കേറീണ്ട്ട്ടാ ”
അക്കൂട്ടത്തിലുണ്ടായിരുന്ന നിവേദ്യ ബഹളത്തിന്റെ കാരണം മനസ്സിലാക്കി പുറകിലോട്ട് വിളിച്ചു പറഞ്ഞു.

rahna thalib, memories, iemalayalam

നിവേദ്യയെ എനിക്ക് കുറച്ച് കാലമായിട്ട് അറിയാം. ജോലി കിട്ടിയ നാളുകളിലേതോ ഒരു ദിവസം ബസില് വെച്ചാണ് അവളെ ആദ്യം കാണുന്നത്. അന്ന് സ്കൂളീന്ന് വരുമ്പോ അവൾക്ക് വയറുവേദനിച്ചിട്ട് തീരെ വയ്യായിരുന്നു. സീറ്റ്‌ ഒഴിവു കണ്ടപ്പോൾ അവളൊന്നിരുന്നു. അതിന് അന്നത്തെ കണ്ടക്ടർ അവളെ വല്ലാതെ അങ്ങ് ചൊറിഞ്ഞു. കൺസെഷൻ ചാർജ് ആണെന്ന് വെച്ച് ഇരിക്കാൻ പാടില്ലെന്ന് നിയമമുണ്ടോ എന്നവളും. പോരാത്തതിന് സീറ്റ്‌ ഒഴിവുണ്ട്താനും. ചുണക്കുട്ടി ഉരുളയ്ക്ക് ഉപ്പേരി കൊടുത്തുകൊണ്ടിരുന്നു. അതിൽ കണ്ടക്ടറുടെ സർവ്വാധിപത്യത്തിനും അഭിമാനത്തിനും കോട്ടം തട്ടി. പെൺകുട്ടികൾക്കിത്രയേറെ തന്റേടം നാടിന് തന്നെ ആപത്താണെന്നും ഓരോ പൊതുവിടത്തിൽ വെച്ചും അവരെ ചവിട്ടിത്തേക്കണമെന്നുമുള്ള വാശിയോടെ അയാൾ ആവുന്നത്ര ചീപ്പായി. ആളുകൾ രണ്ട് പക്ഷവും പറഞ്ഞ് നേരം പോക്കി. നിവേദ്യ തെല്ലും പതറാതെ, ഒന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ തല ഉയർത്തി അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്നു.

പിറ്റേ ദിവസത്തെ മടക്കയാത്രയ്ക്ക് ബസ് കാത്തുനിൽക്കുമ്പോ ഞാൻ അവളെ പോയി പരിചയപ്പെട്ടു. തലേ ദിവസം അവൾക്ക് വേണ്ടി കണ്ടക്ടറോട് ഒന്നുംതന്നെ പറഞ്ഞില്ലല്ലോ എന്ന ജാള്യതയോടെ. അന്നവൾ ബോയ്സില് പ്ലസ്‌ വണിലായിരുന്നു. പിന്നെ ഇടയ്ക്ക് കാണുമ്പോ ഞാനോരോ വിശേഷങ്ങള് ചോദിക്കും. സ്കൂളിലും കോളേജിലും പഠിക്കുന്ന കുട്ട്യോളോട് വർത്തമാനം പറയുന്നതിലൂടെയും അവരുടെ വിശേഷങ്ങൾ അറിയുന്നതിലൂടെയും കൊഴിഞ്ഞുപോയൊരു കാലത്തിലേക്ക് എനിക്ക് എത്തിനോക്കാനാവാറുണ്ട്.

ഇപ്പോൾ നിവേദ്യ പ്ലസ് ടു കഴിഞ്ഞു. ഹൈദരാബാദിൽ ഫാഷൻ ഡിസൈനിങ് ഡിപ്ലോമയ്ക്ക് ചേരാനായി എൻട്രൻസ് എഴുതി റിസൾട്ട്‌ കാത്തിരിക്കുന്നു. അതുവരെ നഗരത്തിലെ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടിൽ എന്തോ കമ്പ്യൂട്ടർ കോഴ്സിന് ചേർന്നിട്ടുണ്ട്.

“ഈശ്വരാ..ഇങ്ങള് ഇപ്പൊ എവിടുന്നാ കേറിയത്? ”

തിരക്കിനിടയിലൂടെ വന്ന് നിവേദ്യയുടെ അമ്മ അമ്മമ്മയുടെ പുറപ്പെട്ടുപോക്ക് ഉറപ്പ് വരുത്തി.

“അല്ല.. ഇങ്ങളിപ്പോ എവിടുക്കാ.. ഈശ്വരാ.. ഇനീപ്പോ ന്താ ചെയ്യാ.. മടങ്ങിപ്പോകണ്ടേ ഞാൻ..” നിവേദ്യയുടെ അമ്മയുടെ മുഖം ദേഷ്യവും സങ്കടവും കലർന്ന് വിവർണ്ണമായിരുന്നു.

“ഇതാപ്പോ നല്ല കൂത്ത്‌… നിയ്യിപ്പോ ഇങ്ങനെ പറഞ്ഞാൽ ഇക്കിപ്പോ ഇന്റെ ആങ്ങളോട്ക്ക് പോവണ്ടേ” അമ്മമ്മ ഉശിരോടെ മറുപടി പറഞ്ഞു.

“ആങ്ങളോടുക്ക്..ഞാനൊന്നും പറയ്ണില്ല.. മനുഷ്യമ്മാരെ മെനക്കെടുത്താൻ…” നിവേദ്യയുടെ അമ്മ ഒന്ന് നിറുത്തി.

“എന്താ അവരുടെ ഒരു സൂത്രംന്നോക്കേയ്…ഇന്നിപ്പോ വീട്ടില് കാണാണ്ടായപ്പോ ഞാൻ അടുത്ത വീടുകളിലൊക്കെ നോക്ക്യേതാ… വെറ്റിലേം അടയ്ക്കേം ഒക്കെ ചോദിച്ച് സാവിത്രിയേച്ചിടെ അവിടേക്ക് പോകാറുണ്ട്.. അങ്ങട്ടെങ്ങാനും പോയീണ്ടാവൂന്നാ നിരീച്ച്..ഇങ്ങനെ ഒരു പണി കാട്ടും ന്ന് വെച്ചാ ആരെങ്കിലും..നമ്മള് കാണാണ്ടിരിക്കാൻ രണ്ട് സ്റ്റോപ്പ് ഇപ്പുറം നടന്നിട്ടാപ്പോ ഈ കേറിയെക്കണതെയ്…ഇമ്മക്കിപ്പോ ഇതെപ്പഴുങ്ങനെ നോക്കിയിരിക്ക്യാൻ പറ്റോ… ഇനീപ്പോ കുന്നംകുളത്തിറങ്ങി ഓട്ടോ പിടിച്ച് വീട്ടീ കൊടുന്നാക്കീട്ട് വേണം ഇയ്ക്ക് പണിക്ക് പോവാൻ.”
നിവേദ്യയുടെ അമ്മ പകുതി തന്നോട്തന്നെയും പകുതി തന്നെ ശ്രദ്ധിക്കുന്നവരോടും എന്ന മട്ടിൽ പറഞ്ഞോണ്ടിരുന്നു.

“അമ്മമ്മ എങ്ങോട്ടാ പോണത്” എന്റെ അരികിലായി നിന്നിരുന്ന നിവേദ്യയോട് ഞാൻ തിരക്കി.

“എങ്ങട്ടാന്ന് ചോദിച്ചാൽ അങ്ങനെ ഒന്നൂല്ല. അമ്മമ്മയ്ക്ക് ആകെ അത്തംപിത്താണ്. കണ്ണ് തെറ്റിയാൽ ഇതുപോലെ ബസില് കേറും. കാട്ടകാമ്പാൽക്ക് പോവാണ്ന്നാ പറയാ അമ്മമ്മേടെ വീട് അവിടാരുന്നു. ഇപ്പൊ അവിടെ ആരൂല്ല.” നിവേദ്യ ചെറുചിരിയോടെ പറഞ്ഞു.

“അപ്പൊ?” എനിക്ക് ആകാംഷ കൂടി.

“കളം മെഴുകണം, പാടത്ത് പണികളുണ്ട്, കതിര് നോക്കാൻ പോണം, കൊയ്യാൻ പോണം, കറ്റ പിടിച്ചുകൊടുക്കാൻ പോണം എന്നൊക്കെയുള്ള വർത്തമാനേ ഉള്ളൂ അമ്മമ്മയ്ക്ക്. അതിനൊക്കെ ന്ന് മനസ്സില് വെച്ചിട്ടാവും ഈ പോകുന്നതേയ്. പിന്നെ അമ്മമ്മേടെ കൂട്ടുകാരി സ്വപ്നത്തില് വന്ന് വിളിക്ക്യാണ് ന്നൊക്കെ ഇടയ്ക്ക് പറയും..കടവത്ത് കുളിക്കാൻ പോകാനാണത്രേ..” അവൾ പറഞ്ഞു നിർത്തി.rahna thalib, memories, iemalayalam

ഞാൻ അമ്മമ്മയെ നോക്കി. അമ്മമ്മ ഗൗരവത്തിൽ പുറത്തേക്ക് നോക്കിയിരിക്കുകയാണ്. ചുവന്ന ബ്ലൗസും മുഷിഞ്ഞ വെളുത്ത നേര്യേതുമാണ് വേഷം. ഏറെ ക്ഷീണിച്ച ശരീരം. പുറത്തേക്ക് ഉന്തി നിൽക്കുന്ന തോളെല്ല്. ആഭരണമെന്ന് പറയാൻ കാതിൽ വെള്ളക്കല്ലുള്ള കമ്മലും കഴുത്തിൽ കറുത്ത ചരടിൽ കോർത്ത ഏലസ്സും മാത്രം. നോക്കിയിരിക്കെ, വൃദ്ധയായ ആ സാധുസ്ത്രീയുടെ കണ്ണുകളിൽ സമൃദ്ധമായ കൃഷിയോർമകൾ ഓളം വെട്ടുന്ന തീരെ മെലിഞ്ഞ ഒരു പുഴ ഒഴുകുന്നുണ്ടെന്ന് എനിക്ക് തോന്നി. അവർ ഇപ്പോൾ ജീവിച്ചിരിക്കുന്നത് ആ പുഴയുടെ അങ്ങേ കടവിലായിരുന്നുവെന്നും.

വാർദ്ധക്യം വന്ന് കൈപിടിക്കുമ്പോൾ ഒരുപക്ഷേ എല്ലാവരും ഇങ്ങനെ ആകുമായിരിക്കും. നടന്ന വഴികളിലൂടെ, കൊണ്ട വെയിലുകളിലൂടെ, നനഞ്ഞ മഴകളിലൂടെ മനസ്സ് കൊണ്ടെങ്കിലും നടക്കുമായിരിക്കും. അതുവരെ ആടിത്തീർത്ത അധ്യായങ്ങളെല്ലാം വേർപ്പെട്ട് ഭൂതകാലത്തിലേക്ക് ആകൃഷ്ടരാകുമായിരിക്കും. ഒരു ബിന്ദുവിൽ നിന്ന് തുടങ്ങി അതേ ബിന്ദുവിൽ പൂർത്തിയാകുന്ന ഒരു ദീർഘവൃത്തമായിരിക്കുമോ ജീവിതം!

ബസ് പട്ടണത്തിലെത്തിരുന്നു. ഒരു നിമിഷം പോലും കളയാനില്ല എന്ന മട്ടിൽ യാത്രക്കാർ എല്ലാവരും ഇറങ്ങാൻ തിക്കുംതിരക്കും കൂട്ടി. ബസിൽ കയറാനുള്ളവർ ഇറങ്ങുന്നവർക്ക് കാലുകുത്താൻ സാധിക്കാത്ത വിധം വാതിലിൽതന്നെ തടിച്ചുകൂടി നിന്നു.

ഒരുവിധം ബസ് ഇറങ്ങിയതും ഞാൻ അമ്മമ്മയുടെ അരികിലേക്ക് ചെന്നു. നിവേദ്യയുടെ അമ്മ അമ്മമ്മയുടെ കൈപിടിച്ച് നടന്നുതുടങ്ങിയിരുന്നു.

“വേഗം നടക്കിൻ. ഇങ്ങളെ ഏല്പിച്ചിട്ട്‌ വേണം എനിക്ക് പണിക്ക് പോകാൻ”

“ഞാൻ പൊയ്ക്കോളാ. ഇന്റെ കൂടെ ആരും വരണ്ടാ.” അമ്മമ്മ കൈവിടുവിച്ച് പിന്തിരിഞ്ഞു.

“പോലീസ് സ്റ്റേഷനില് ഏല്പിച്ചിട്ടേ ഉള്ളൂ കാര്യം. ഇങ്ങള് ഇങ്ങനെ തുടങ്ങ്യാൽ ബാക്കി ഉള്ളോർക്കു ജീവിക്കണ്ടേ. ഇങ്ങളെ നോക്കിയൊണ്ട് ഇരുന്നാൽ മത്യാ..” നിവേദ്യയുടെ അമ്മ അമ്മമ്മയെ പിടിച്ച് നടക്കാനൊരുങ്ങി.

“ഇതാപ്പോ നല്ല കൂത്ത്‌…നിയ്യ് പണിക്ക് പൊയ്ക്കോ…ഞാൻ പൊയ്ക്കോളാന്നല്ലേ പറഞ്ഞത്” അമ്മമ്മ ചുണ്ട്കോട്ടി ദേഷ്യത്തിൽ പറഞ്ഞു.

“ഇങ്ങള് കുറേ നേരായി പോകും പോകും ന്ന് പറേണുണ്ടല്ലോ. അതിന് ഇങ്ങടേല് കാശുണ്ടാ?”

“ഇന്റെല് കാശൊക്കെ ണ്ട്”
അമ്മമ്മ കയ്യിലെ പ്ലാസ്റ്റിക് കവർ എടുത്ത് കാണിച്ചു.

“നോക്കട്ടെന്നാൽ. എത്രണ്ട് ന്ന് അറിയാലോ”

അമ്മമ്മ കയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന പ്ലാസ്റ്റിക് കവർ നിവർത്തി അതിൽനിന്നും മറ്റൊരു പ്ലാസ്റ്റിക് കവർ എടുത്തു. അതിൽനിന്ന് ജ്വല്ലറിയുടെ പേര് തെളിയാത്ത, തൊലിയടർന്ന ഒരു പഴകിയ പേഴ്സ് തപ്പിത്തടഞ്ഞുയർത്തി.

“ദാ, ഇതില്ണ്ട് കാശ്.” അമ്മമ്മേടെ മുഖത്ത് കളി ജയിച്ച കുഞ്ഞിന്റെ സന്തോഷം.

“ആ…ണ്ട് ണ്ട്… ഇങ്ങള് തുറക്ക്. ഞാനൊന്ന് കാണട്ടേന്നേയ്.”

അമ്മമ്മ പതിയെ പേഴ്സ് തുറന്നു. ഞാനും ഏറെ ആകാംഷയോടെ അതിനുള്ളിലേക്ക് നോക്കി. നീര് വറ്റിത്തുടങ്ങിയ പാതിമുറിഞ്ഞ രണ്ട് വെറ്റില അതിന്റെ അരിക് ചേർന്നു കിടന്നു. പിന്നെ കുറേയധികം അടയ്ക്ക കുത്തിപ്പൊടിച്ചതും.

നിവേദ്യയുടെ അമ്മ അമ്മമ്മയെ ദയനീയമായി നോക്കി. അന്നേരം അമ്മമ്മ മെരുങ്ങിയ ആട്ടിൻകുട്ടിയുടെ ഭാവത്തോടെ ഏതോ ശൂന്യതയിലേക്ക് നോക്കിനിന്നു. നിവേദ്യയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞുതൂവിയിരുന്നു. എന്റെയും!

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Kariyilayude pacha njarambu memories rahna thalib