Kannur International Airport Opening Today by CM Pinrayi Vijayan:
ഫ്രം ട്രാവന്‍കൂര്‍ വിത്ത് ‘ട്രങ്ക്‌പെട്ടി’
കുറച്ചു കാലം മുന്‍പ്, തിരുവിതാംകൂറില്‍നിന്ന് മലബാറിലേക്ക് കുടിയേറിയ ഒരപ്പാപ്പനുമായി ദീര്‍ഘനേരം സംസാരിച്ചിരുന്നു. വല്ലാത്തൊരു വൈകുന്നേര മായിരുന്നു, അത്. നരച്ച മുടിയിലൂടെ ഇടയ്ക്കിടെ വിരലോടിച്ച് അദ്ദേഹം ഓര്‍മയുടെ കാട് വെട്ടിത്തെളിച്ചു.
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുള്ള കാലത്തായിരുന്നു, കുടിയേറ്റം. ഭക്ഷ്യധാന്യങ്ങള്‍ കിട്ടാനില്ല, കൃഷിചെയ്‌തെടുക്കുന്ന നാണ്യവിളകൾക്ക് വിലയില്ല, പട്ടിണിയായിരുന്നു, അക്കാലത്ത് എല്ലാവരുടെയും പ്രശ്‌നം; നിലനില്‍പ്പിന് കുടിയേറ്റമല്ലാതെ മറ്റു വഴികളില്ല എന്നൊരവസ്ഥ. കല്‍ക്കരി തീവണ്ടിയില്‍ കോഴിക്കോട് വന്നിറങ്ങിയ വൈകുന്നേരം അദ്ദേഹം മറന്നിട്ടില്ല. ആദ്യത്തെ തീവണ്ടിയാത്രയാണ്. ദേഹത്തൊക്കെ കരിപുരണ്ടിരിക്കുന്നു. നാട്ടിലെ സ്ഥലംവിറ്റ് പുതിയത് വാങ്ങാനുള്ള പണം മടിക്കുത്തില്‍വെച്ചിട്ടുണ്ട്. അന്ന് കോഴിക്കോട് വണ്ടിയിറങ്ങി, അളകാപുരിയിലെ മുറിയില്‍ തങ്ങിയ രാത്രി, അദ്ദേഹത്തിന്റെ ജീവിതത്തിലെ പുതിയ ഒരധ്യായത്തിന്റെ തുടക്കമായിരുന്നു. കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കി. മലമ്പനിയോടും വന്യജീവികളോടും മല്ലിട്ടു. ഒരു കൃഷി പൊട്ടുമ്പോള്‍ അടുത്തതിറക്കി. അവര്‍ക്കൊക്കെ ജീവിതമെന്നാല്‍ നിലനില്‍പ്പിനു വേണ്ടിയുള്ള തീവ്രമായ പോരാട്ടമായിരുന്നു.
കുറേ നേരത്തിനുശേഷം കൈ കൊടുത്തു പിരിയുമ്പോള്‍ ഞാന്‍ എന്റെ ചാച്ചനെ ഓര്‍ത്തു. അച്ചാച്ചിയെ ഓര്‍ത്തു. അവര്‍ മലബാറില്‍ വന്നിറങ്ങിയ വൈകുന്നേരങ്ങള്‍ സങ്കല്‍പ്പിച്ചു. ബസിലിരിക്കുമ്പോള്‍ കുടിയേറ്റക്കാരുടെ തലമുറകളെയും തലവിധികളെയും കുറിച്ച് ചിന്തിച്ചു. കാലം കുറേ മാറുകയും കാട് തെളിയുകയും റോഡ് മെക്കാഡമാവുകയും വീടുകള്‍ രണ്ടു നിലയില്‍ പൊന്തുകയും ആശുപത്രിയും കെട്ടിടങ്ങളും വരികയും പള്ളി മേല്‍ക്കൂരകള്‍ ആകാശത്തോളം മുട്ടുകയും ചെയ്ത കാലത്താണ് ഞങ്ങള്‍ വളര്‍ന്നത്.
പക്ഷേ, പഞ്ഞം മാറി കാശ് വന്നിട്ടും കുടിയേറ്റക്കാര്‍ കുടിയേറ്റം വിട്ടില്ല. ജനിച്ചുവളര്‍ന്ന സ്ഥലത്തല്ല സ്വന്തം വിയര്‍പ്പുവീഴേണ്ടതെന്ന് അബോധത്തിലിരുന്ന് ആരോ പറയുന്നുണ്ടാവണം. മാമനായിരുന്നു, എന്റെ ഓര്‍മയിലെ ആദ്യത്തെ കുടിയേറ്റക്കാരന്‍.
ഫ്രം മസ്‌കറ്റ് വിത്ത് ‘കബോഡ്’
മമ്മിയുടെ കല്യാണത്തിനും ഞാന്‍ ജനിക്കുന്നതിനും ഒക്കെ മുന്നേ ബാബുമാമന്‍ മസ്‌കറ്റിലെത്തിയിരുന്നു. മാമന്റെ ലീവിന് വരവുകളും പോക്കുകളിലും കുറേ കബോഡുകളുണ്ടാകും. ചോക്ലേറ്റ് മുതല്‍ ഡിന്നര്‍ സെറ്റ് വരെ അതിലാണ് കൊണ്ടുവരിക. അച്ചാറു മുതല്‍ അച്ചപ്പംവരെ കൊണ്ടുപോകുന്നതും അതില്‍ത്തന്നെ.
വളരെ ചെറുപ്പത്തില്‍ മാമന്‍ ഞങ്ങള്‍ക്കൊരു കളിപ്പാട്ടവിമാനം കൊണ്ടുത്തന്നി രുന്നു. എന്റെ ഓര്‍മയിലെ ആദ്യത്തെ കളിപ്പാട്ടം അതാണ്. ബാറ്ററിയിടുന്ന ഒന്ന്. സ്വിച്ച് ഞെക്കിയാല്‍ ഒരു മൂളക്കമൊക്കെയുണ്ടാക്കി അത് പറന്ന് പൊങ്ങും. ചുവന്ന ലൈറ്റൊക്കെ കത്തിച്ച്. പക്ഷേ, തീരെ പൊടി പിള്ളേരായിരുന്ന എനിക്കും അനിയനും അത് നിലത്തുനിന്ന് ഉയരുന്നതുകാണുമ്പോള്‍ പേടിയാകും. ഞങ്ങള്‍ വിമാനം തല്ലി താഴെയിടും. ലൈറ്റൊക്കെ പടപടാ മിന്നുതന്നുകാണാനുള്ള കൗതുകത്തിന് വീണ്ടും പറപ്പിക്കും. പിന്നെയും പേടിക്കും, അടിച്ച് താഴെയിടും. പറക്കാതിരിക്കാന്‍ സമ്മതിക്കത്തുമില്ല, പറന്നാലപ്പോള്‍ത്തന്നെ തല്ലി വീഴ്ത്തുവേം ചെയ്യും എന്ന ഞങ്ങളുടെ ഫാസിസ്റ്റ് സംഘടനാതത്വത്തില്‍ മനംമടുത്ത് അത് പറക്കല്‍ നിര്‍ത്തി. വിമാനം എന്ന സംഗതി ജീവിതത്തില്‍ ആദ്യമായി മനസില്‍ കയറിയത് അങ്ങനെയായിരുന്നു.
അമ്മാവന്റെ വരുവുകളിലും പോക്കുകളിലും കേട്ട പേരാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റേത്. ഒരിക്കല്‍ പോയിട്ടുമുണ്ട്. പിന്നീട്, ഞാന്‍ അതേ വിമാനത്താവളത്തില്‍ പോകുന്നത് കുറച്ച് മാസങ്ങള്‍ക്കു മുന്‍പായിരുന്നു. രണ്ട് വിമാനത്താവളക്കാഴ്ചകള്‍ക്കിടയില്‍ രണ്ട് പതിറ്റാണ്ടിന്റെ ദൂരം. അംബാസിഡര്‍ കാറിലായിരുന്നു, കൂട്ടാനും കൊണ്ടവിടാനും പോകുന്നത്. സത്യത്തില്‍ അന്ന് വിമാനം കാണുന്നതിനേക്കാള്‍ കൗതുകം കാറ് കാണുന്നതിലായിരുന്നു. അമ്മാവനെയും കുടുംബത്തെയും യാത്രയാക്കി, പപ്പാ തിരിച്ചുവരാന്‍ കുറച്ച് മണിക്കൂറുകളെടുക്കും. അതിനും മുന്നേ മസ്‌കറ്റില്‍നിന്ന് അവരുടെ വിളിവരും, എത്തി എന്നും പറഞ്ഞ്. ഇന്നലെ വരെ വിമാനത്താവളം ഞങ്ങളുടെ നാട്ടില്‍നിന്ന് അസാരം ദൂരെയായിരുന്നു. ഇന്നലെ വരെ, അതെ ഇന്നലെ വരെ.
ഫ്രം കണ്ണൂര്‍ വിത്ത് ട്രോളി ബാഗ്
ഞങ്ങളൊക്കെ സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ കേള്‍ക്കുന്നതാണ് കണ്ണൂര് എയര്‍പോര്‍ട്ട് വരുമെന്ന്. മൂര്‍ഖന്‍പറമ്പ് എന്ന സ്ഥലത്താണ് വിമാനത്താവളമെന്ന് വായിച്ച സമയത്തൊക്കെ വല്ലാത്തൊരു നിഗൂഢത തോന്നിയിരുന്നു. സ്വാഭാവികമായിത്തന്നെ സംഗതി നീണ്ടു. കുറേ നാള് മുന്നേ പണി തുടങ്ങിക്കഴിഞ്ഞപ്പോഴാണ് നാട്ടുകാര്‍ക്കൊക്കെ ശരിക്കും വിമാനത്താവളം വരുമെന്ന് വിശ്വാസമായത്.
ആ സമയത്ത് വീട്ടിലോട്ടുള്ള ബസ് യാത്രകളും രസമായിരുന്നു. അടുത്തിരിക്കുന്നവര്‍ തമ്മിലുള്ള സംസാരത്തില്‍ വിമാനത്താവളമായിരിക്കും പ്രധാന അജണ്ട. സത്യത്തില്‍ വിമാനം പറക്കുമോ, അതോ മറ്റേ പാര്‍ട്ടിക്കാര്‍ക്ക് കാശടിക്കാനുള്ള വിദ്യായാണോ, എത്രുര്‍പ്യക്ക് കണ്ണൂര്ന്ന് കോഴിക്കോട് വരെ പോവാം- തുടങ്ങിയ ചില്ലറ വര്‍ത്താനങ്ങള്‍. നമ്മുടെ തൊട്ടടുത്ത് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതും കണ്‍മുന്നിലൂടെ പറന്നുയരുന്നതും എത്ര കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്. അല്ലെങ്കിലും രാത്രി ലൈറ്റൊക്കെയിട്ട് താഴ്ന്ന് പറക്കുന്നൊരു വിമാനത്തെ ആകാശത്ത് കാണുമ്പോള്‍, “ദോണ്ടെടാ ബിമാനം” എന്നൊച്ചവെക്കാത്തവരായി ആരുണ്ടാവും. വിമാനത്തില്‍ കയറാനൊന്നും ആഗ്രഹമില്ലെങ്കിലും വിമാനത്താവളം കാണാന്‍ ഒറ്റയ്ക്കും തെറ്റയ്ക്കും പോകുമെന്ന് ഉറപ്പാണ്. മാമന്റെ അടുത്ത വരവും കണ്ണുരേക്കായിരിക്കും.
ഞങ്ങളുടെ തലമുറയിലും കുടിയേറ്റക്കാരുടെ എണ്ണം ചില്ലറയല്ല. ഗള്‍ഫും ഓസ്‌ട്രേലിയയും മാത്രമല്ല, കാനഡയിലും ഇസ്രായേലിലും അവര്‍ വേരുറപ്പിക്കുന്നുണ്ട്. ഡിഗ്രിക്കാലത്ത് ഒപ്പമുണ്ടായിരുന്ന അനൂപ് കാനഡയില്‍നിന്ന് ഇടയ്ക്ക് വീഡിയോകോള്‍ വിളിച്ചപ്പോള്‍ വരവിനെപ്പറ്റി ചോദിച്ചു. നമ്മുടെ സ്വന്തം വിമാനത്താവളം വരട്ടെടാ എന്ന് മറുപടി.
അവന്‍ സ്വതവേയുള്ള ഒഴുക്കന്‍ തമാശമട്ടില്‍ പറഞ്ഞതാണെങ്കിലും എനിക്കന്ന് രാത്രി ഉറങ്ങാന്‍ പറ്റിയതേയില്ല. എന്റെയും നിങ്ങളുടെയും കൂടുവിട്ട് കൂടുമാറലുകളെക്കുറിച്ചാണ് ആലോചിച്ചതുമുഴുവന്‍. ഞാന്‍ നാലു വയസുവരെ വട്ട്യറ എന്ന സ്ഥലത്തായിരുന്നു. പിന്നെ കീഴ്പ്പള്ളിക്ക് മാറി. അതുകഴിഞ്ഞ് ഒരു കിലോമീറ്റര്‍ മാറി പാലരിഞ്ഞാലിലേക്ക്. ജോലിയുമായി മലപ്പുറത്തും കല്യാശ്ശേരിയിലും കോഴിക്കോടും. ഒന്നര വര്‍ഷത്തോളം കോട്ടയത്ത്. അര നൂറ്റാണ്ട് മുന്‍പ് അന്നംതേടി ചാച്ചന്‍ കോട്ടയത്തുനിന്ന് കീഴ്പ്പള്ളിയിലെത്തി. രണ്ടു തലമുറ മാറിയപ്പോള്‍ ഞാന്‍ തിരിച്ച് കോട്ടയത്തും. കാലത്തിന്റെയൊരു കളിയേ.
കുടിയേറ്റങ്ങളും പലായനങ്ങളും ഒരുകാലത്തും അവസാനിക്കില്ലെന്ന് മനുഷ്യരാശിയുടെ ഇന്നേവരെയുള്ള ചരിത്രംവെച്ച് പറയാനൊക്കും. പുഴ വഴിമാറി ഒഴുകുമ്പോള്‍ പുഴയോരത്തുള്ളവര്‍ അവിടം മാറുന്നതുപോലെ, സ്വന്തം വേരും നമ്മള്‍ പറിച്ചു നടും.
കാലം ഒന്നു തിരിഞ്ഞു കിടക്കുമ്പോള്‍ നമ്മുടെ ഉറക്കവും ഞെട്ടുമല്ലോ.
Read More: അബിൻ ജോസഫിന്റെ മറ്റ് രചനകൾ ഇവിടെ വായിക്കാം
Read More: കണ്ണൂരിലിറങ്ങിയ വിമാനവും ക്യാപ്റ്റൻ കൃഷ്ണൻനായരുടെ സ്വപ്നവും