Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

യക്ഷിയാനം

ഇന്ത്യയുടെ കലാചരിത്രത്തിലെ ഒരു നാഴികക്കല്ലായ യക്ഷി ശില്‍പ്പത്തിന് അന്‍പതു വയസ് തികയുന്ന വേളയില്‍ കാലം വരുത്തിയ കേടുപാടുകള്‍ തീര്‍ക്കുന്നതിനായി മലമ്പുഴയില്‍ എത്തിയ കാനായി കുഞ്ഞിരാമനുമായി ഹരിഹരന്‍ സുബ്രഹ്മണ്യന്‍ നടത്തുന്ന സംഭാഷണം

kanayi kunjiraman, hariharan subrahmanian

1917 ഏപ്രിൽ രണ്ടിനായിരുന്നു കലാലോകത്തിന്റെ നെറുകയിൽ തന്നെ മാഴ്സൽ ഡ്യുഷാമ്പ് ഒരു ബോംബ് സ്ഫോടനം നടത്തിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നടന്ന ആ പൊട്ടിത്തെറിയുടെ ശബ്ദതരംഗങ്ങൾ ഇന്നും പല രൂപങ്ങളിൽ കലാലോകത്ത് പടരുന്നത് നമുക്ക് കാണാം.

ന്യൂയോർക്കിലെ “സൊസൈറ്റി ഓഫ് ഇൻഡിപെൻഡന്റ് ആര്ടിസ്റ്റ്സ് ” സംഘടിപ്പിച്ച സലോണിന്റെ പ്രത്യേകത അതിന് ഒരു ജൂറി ഉണ്ടായിരുന്നില്ല എന്നതാണ്. നിർദ്ദിഷ്ട ഫീസ് കൊടുക്കുന്ന ആർക്കും കലാവസ്തുക്കൾ പ്രദർശിപ്പിക്കാം എന്ന ആശയം തന്നെ വിവാദപരമായ ഒന്നായിരുന്നു. ആ പ്രദർശനത്തിന് ഡ്യൂഷാംപ് സമർപ്പിച്ച ശില്‌പമായിരുന്നു കലാലോകത്ത് ഇന്നേവരെ ഉണ്ടായ തിരമാലകളിൽ ഏറെ വലുതായ ഒരെണ്ണമായി ഭവിച്ചത്. പുരുഷന്മാർ മൂത്രമൊഴിക്കാനായി ഉപയോഗിക്കുന്ന ഒരു “യൂറിനൽ” തലകീഴായിനിർത്തിയ രൂപത്തിൽ “ആർ.മട്ട് ” എന്ന് ഒപ്പിട്ട ശേഷം ഡ്യൂഷാംപ് പ്രദർശനത്തിനായി സമർപ്പിച്ചു.അതി

നിട്ടിരുന്ന പേരും രസകരമായിരുന്നു. “ഫൗണ്ടൻ” (Fountain) എന്നായിരുന്നു അത്.

സലോൺ ഭാരവാഹികളാൽ “ഫൗണ്ടൻ ” കലാഭാസമായി വ്യാഖ്യാനിക്കപ്പെടുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്തു . പക്ഷെ കലാലോകത്തെ പ്രമുഖരിൽ പലരും അതിനെ പുനർവ്യാഖ്യാനം ചെയ്യുകയും കാലത്തിനനുസരിച്ച ഒരു മുന്നേറ്റമായി അതിനെ കണക്കാക്കേണ്ടതായിട്ടുണ്ട് എന്ന് പറയുകയും ചെയ്തു. ഒരു പക്ഷെ “ഫൗണ്ടൻ”നെക്കുറിച്ചുള്ള ഏറ്റവും നല്ല വിശദീകരണം നൽകിയത് അമേരിക്കക്കാരിയും സെറാമിക്ക് കലാകാരിയുമായ ബിയാട്രീസ് വുഡ് ആയിരിക്കാനാണ് സാധ്യത.

“മിസ്റ്റർ മട്ട് അയാളുടെ സ്വന്തം കരങ്ങൾ കൊണ്ടുണ്ടാക്കിയതാണോ അല്ലയോ എന്നതിന് ഇവിടെ ഒരു പ്രസക്തിയുമില്ല. ഈ കലാശില്പവും അത് ഇങ്ങനെയായിത്തീരുന്നതിന്റെ പ്രക്രിയയും അയാളുടെ തിരഞ്ഞെടുപ്പാണ് എന്നതാണ് പ്രധാനം. ജീവിതത്തിൽ നിന്നും സാധാരണമായ ഒരു വസ്തു കണ്ടെടുത്ത് അതിനൊരു പേരുമിട്ട് അതിനെ ഒരു ഗാലറിയിൽ സ്ഥാപിച്ചപ്പോൾ അതിന് നമ്മെ അലോസരപ്പെടുത്തുന്ന ഒരു കാഴ്ചയുടെ തലം കൈവന്നു.ഇത്രയും നാൾ നമ്മളിൽ ഏതൊരു “യൂറിനലും ” ഉയർത്തിയ ചിന്താസരണികളല്ല അത് ഈ ഗാലറിയിൽ കാണുമ്പോൾ നമുക്ക് ഉണ്ടാകുന്നത്.”

“ഫൗണ്ടൻ “ന്റെ വ്യാഖ്യാന വൈവിധ്യങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും. ഒന്നാം ലോകമഹായുദ്ധം നടക്കുന്ന ഒരു കാലഘട്ടവും കൂടിയായിരുന്നു അത്.
“ഗൊയ്‌ഥെയും ഷേക്സ്പിയറും മോണാലിസയും ഡേവിഡും കയ്യിലുണ്ടായിട്ടും നിങ്ങൾക്ക് ഒരു മഹായുദ്ധത്തിലാണ് എത്തിപ്പെടാനായതെങ്കിൽ ഇതാ നിങ്ങൾക്കായി ഉദാത്തമായ ഒരു പേരിട്ട ഒരു “യൂറിനൽ” ഞാൻ തരാം. നിങ്ങൾക്ക് അനുയോജ്യമായ സാംസ്ക്കാരിക മുദ്ര ഇത് തന്നെയാണ്.”

വ്യാഖ്യാനങ്ങളെല്ലാം പഠിച്ചുകഴിയുമ്പോൾ ഒരു കാര്യം തെളിഞ്ഞു വരും. കലയെ ഒരു വസ്തുവിൽനിന്നും ഒരു സങ്കൽപ്പത്തിലേക്കുയർത്തുക എന്ന ദുഷ്‌കരമായ ദൗത്യമായിരുന്നു ഡ്യൂഷാംപ് “ഫൗണ്ടെനി”ലൂടെ നിർവ്വഹിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ കലാലോകത്തുണ്ടായ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു മുദ്രയായി അത് അംഗീകരിക്കപ്പെടുകയും ചെയ്തു.

1969 ൽ കാനായി കുഞ്ഞിരാമൻ എന്ന ഇന്ത്യയുടെ മഹാശില്പി ഇംഗ്ലണ്ടിലെ തൻ്റെ കലാപഠനം പൂർത്തിയാക്കിയശേഷം തിരികെ കേരളത്തിലെത്തിയ വേളയിലാണ് പാലക്കാടിനടുത്തുള്ള മലമ്പുഴ ഉദ്യാനത്തിൽ ഒരു ശിൽപം നിർമ്മിക്കാനുള്ള അവസരം അവിചാരിതമായി അദ്ദേഹത്തെ തേടിയെത്തിയത്. അന്ന്  ഇന്ത്യയുടെ കലാചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അവിടെ സൃഷ്ടിക്കപ്പെട്ടത്. യക്ഷി എന്ന് അദ്ദേഹം നാമകരണം ചെയ്ത ആ ശില്പത്തിന് ഈ വര്ഷം 50 വയസ്സ് തികയുകയാണ്. കോൺക്രീറ്റിൽ മെനഞ്ഞ ശില്പത്തിൽ കാലം വരുത്തിയ കേടുപാടുകൾ തീർക്കാനായി ശില്പി കഴിഞ്ഞ ഒരു മാസമായി മലമ്പുഴയിലുണ്ട്. അര നൂറ്റാണ്ടുകഴിഞ്ഞ ശില്പത്തിന് കാര്യമായ കേടുപാടുകളില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യാനത്ത്, യക്ഷിയുടെ സമീപത്തിരുന്നും, അണക്കെട്ടിനടുത്തുള്ള കുന്നിൻമുകളിലുള്ള ടൂറിസ്റ്റ് ബംഗ്ളാവിലും ഇരുന്ന് അദ്ദേഹത്തോട് ഏറെ കാര്യങ്ങൾ സംസാരിക്കുകയുണ്ടായി.kanayi kunjiraman

 ഡ്യൂഷാമ്പിൽ നിന്ന് തുടങ്ങട്ടെ … സ്ഥലവും വസ്തുവും തമ്മിലുള്ള ബന്ധം പരിചിതത്വത്തിൽ നിന്നും അപരിചിതത്വത്തിലേയ്ക്ക് മാറ്റപ്പെടുമ്പോൾ ആ പുതിയ ചുറ്റുപാടിൽ ആ വസ്തുവിന് വന്ന് ചേരുന്ന പാടെ വ്യത്യസ്തവും അസ്വാസ്ഥ്യജനകവുമായ ഒരു പരിവേഷം … ഡ്യൂഷാമ്പോളം കൃത്യതയോടെ ഇത് ചെയ്തവർ കലാചരിത്രത്തിലില്ല. സ്ഥലവും വസ്തുവും തമ്മിലുള്ള ഈ വൈരുദ്ധ്യത്തിന്റെ വെളിച്ചത്തിൽ യക്ഷി എന്ന ശില്പത്തെ താങ്കൾ ഒന്ന് വ്യാഖ്യാനിക്കാമോ?

ഡ്യൂഷാമ്പും ഫൗണ്ടനും യക്ഷിയും.  ഓ… എനിക്ക് അത്ഭുതവും സന്തോഷവും തോന്നുന്നു. ഈ കാര്യങ്ങളൊക്കെ ചേർത്ത് വായിക്കാനും ഇവിടെ ഒരാളുണ്ടല്ലോ. അർത്ഥവത്തായ ഒരു ചോദ്യത്തിൽ ആരംഭിച്ച ഒരു അഭിമുഖം ആണിത്.  ഡ്യൂഷാമ്പിനെക്കുറിച്ച് ഇവിടെ പ്രദിപാദിച്ചകൊണ്ട് ആദ്യമേ ഞാനൊരു കാര്യം പറയാം. അദ്ദേഹത്തെ നേരിൽക്കണ്ട് സംസാരിച്ചിട്ടുള്ള ഇന്ത്യയിൽ നിന്ന് ഒരുപക്ഷെയുള്ള ജീവിച്ചിരിക്കുന്ന ഒരേയൊരു കലാകാരൻ ഞാനായിരിക്കും. ലണ്ടനിലെ സ്ലേഡ് സ്‌കൂളിൽ പഠിക്കുമ്പോഴാണ് അടുത്തുള്ള ട്ടേട്ട് ഗാലറിയിൽ ഡ്യൂഷാമ്പിന്റെ ഒരു വലിയ റെട്രോസ്പെക്ടീവ് നടക്കുന്നത്. ഒരു ദിവസം ഞങ്ങൾ കുറെ വിദ്യാര്തഥികൾ അവിടേയ്‌ക്ക് സംഘം ചേർന്ന് പോകുകയും ലോക കലാചരിത്രത്തിൽ തന്നെ പേരെടുത്ത പല ചിത്രങ്ങൾ ഉൾപ്പെട്ട ആ പ്രദർശനം കാണുകയും ചെയ്തു. അകത്ത് ഓഫീസിൽ ഡ്യൂഷാമ്പുള്ള വിവരം ഒരു ജീവനക്കാരനാണ് ഞങ്ങളോട് പറഞ്ഞത്. കാണണമെന്ന അമിതാവേശം കൊണ്ട് രണ്ടാമതാലോചിക്കാതെ ആ ജീവനക്കാരനോട് അനുമതി ചോദിച്ചു.അല്പം കഴിഞ്ഞു അനുമതികിട്ടുകയും ഞങ്ങൾ ആ മഹാനായ കലാകാരനായി സംസാരിക്കുകയും ചെയ്തു. കലാലോകത്ത് അദ്ദേഹത്തിനുണ്ടായിരുന്ന പ്രഭാവം പറഞ്ഞറിയിക്കാൻ പറ്റില്ല. കലയുടെ ഗതിയെത്തന്നെ അത്രകണ്ട് മാറ്റിയ ഒരാളായിരുന്നല്ലോ അദ്ദേഹം. കലയെക്കുറിച്ചുള്ള സങ്കല്പം തന്നെ “ഫൗണ്ടൻ” സൃഷ്ടിക്കപ്പെട്ട ശേഷം അത്രയ്ക്ക് മാറ്റിമറിക്കപ്പെട്ടു. ലണ്ടനിലെ പഠനം കഴിഞ്ഞു തിരിച്ചെത്തുമ്പോഴും എന്റെ മനസ്സിൽ ഡ്യൂഷാംപ് തെളിച്ച കലാപത്തിന്റെ ഒരു കനൽ നീറിയിരുന്നു. പറഞ്ഞുവരുമ്പോൾ ഇവിടെയുള്ള വിദ്യാഭ്യാസവും അതുകഴിഞ്ഞ് സ്‌ക്കോളർഷിപ്പോടുകൂടിയുള്ള വിദേശയാത്രയും അവിടെയുള്ള പഠനവും എല്ലാം ഡ്യൂഷാമ്പിനെ അറിയാനും തിരികെ വന്ന് എന്നെ സ്വയം നിർണ്ണയിക്കാൻ സഹായിക്കുന്ന യക്ഷി സൃഷ്ടിക്കാനും വേണ്ടിയായിരുന്നുവെന്ന് വരെ തോന്നിയിട്ടുണ്ട് .kanayi kunjiraman, hariharan subrahmanian

 കലാപ്രവർത്തനത്തിന്റെ ബാല്യകൗമാരഘട്ടങ്ങൾ എങ്ങിനെയായിരുന്നു? ജീവിതത്തിലും കലാവീക്ഷണത്തിലുമുള്ള താങ്കളുടെ മാറ്റങ്ങൾ ഇവയെക്കുറിച്ച് അറിഞ്ഞാൽ ഒന്ന് കൂടി വ്യക്തമാകുമെന്ന് തോന്നുന്നു?

ശരിയാണ്. കുഞ്ഞായിരിക്കുമ്പോഴേ ഞാൻ വരയ്ക്കാറുണ്ട്. ചുറ്റുമുള്ള ഭിത്തികളിൽ കരിക്കട്ടകൊണ്ടും സ്‌ലേറ്റിൽ സ്‌ലേറ്റ് പെൻസിൽകൊണ്ടും വരയ്ക്കുമായിരുന്നു .ഒരാൾ വിടാതെ എൻ്റെ അദ്ധ്യാപകർ എന്നെ വരച്ച് സമയം കളയുന്നതിനു വഴക്ക് പറയുമായിരുന്നു. ഒരാൾ മാത്രമായിരുന്നു ഇതിനൊരപവാദം. ഗോവിന്ദൻ മാഷ് . സ്‌കൂളിൽ ഡ്രോയിംഗിനും പാട്ടിനും എനിക്കായിരുന്നു എല്ലാവർഷവും ഒന്നാം സമ്മാനം.വീട്ടിലാകട്ടെ അന്തരീക്ഷം തീർത്തും സുഖകരമായുള്ളതായിരുന്നില്ല. അച്ഛന്റെ പേര് കാനായി രാമൻ എന്നായിരുന്നു. ധനികനും ഒരു തികഞ്ഞ തെമ്മാടിയുമായിരുന്നു ആള്. എൻ്റെ ഗ്രാമമായ കുട്ടമത്ത് മുതൽ അടുത്തുള്ള പട്ടണമായ ചെറുവത്തൂർ വരെയും അരിച്ചുപെറുക്കിയാൽ എന്റെ അച്ഛന്റെയത്രയും വൃത്തികെട്ട സ്വഭാവമുള്ള മറ്റൊരാളെ കാണാൻ കഴിയുമായിരുന്നില്ല. സ്വന്തം കാര്യങ്ങൾക്കല്ലാതെ ഒരു പൈസ മറ്റാർക്കും ചിലവാക്കാത്ത ഒരു അറുപിശുക്കനും കൂടിയായിരുന്നു ആള് . മുഴുത്ത ഒരു കള്ളുകുടിയനും. അയാൾക്ക് മൂന്ന് ഭാര്യമാരാണ് ഉണ്ടായിരുന്നത്. അയാൾ ആദ്യം വിവാഹം ചെയ്ത സ്ത്രീയുടെ മൂത്ത കുട്ടിയായിട്ടാണ് എൻ്റെ ജനനം. അയാൾ രണ്ടാമത് ഒരു പെണ്ണിനേയും കൂട്ടിവന്നപ്പോൾ ‘അമ്മ അയാളോട് കയർക്കുകയും അയാളെ വിട്ട് സ്വന്തം വീട്ടിലേയ്ക്ക് പോയി. അമ്മയുടെ വീട്ടിൽ നല്ല ദാരിദ്ര്യമായതിനാൽ അച്ഛന്റെയൊപ്പമാണ് ഞാൻ താമസിച്ച് പോന്നത്. അതിരാവിലെ എന്നെ വിളിച്ച് എഴുന്നേൽപ്പിച്ചിട്ട് “പോടാ..കണ്ടത്തി പോയി പണിയെടുക്കെടാ” എന്നും പറഞ്ഞു അച്ഛൻ ഓടിക്കുമായിരുന്നു. കണ്ടത്തിൽ പണിയെടുത്തുകൊണ്ടിരുന്ന ഒരു ദിവസമായിരുന്നു ജീവിതത്തിൽ ഒരു വ്യതിയാനമുണ്ടാക്കിയ ഒരത്ഭുതസാധനം ഞാൻ കണ്ടെത്തിയത്.
കളിമണ്ണായിരുന്നു അത്.

ആദ്യമായി ഒരു പിടി കയ്യിലെടുത്ത് മുഷ്ടി ചുരുട്ടി അത് പിഴിഞ്ഞപ്പോഴുള്ള അനുഭൂതിയുടെ ഭൂതകാലക്കുളിര് ഇപ്പോഴും ഞാൻ അനുഭവിക്കുന്നുണ്ട്. പറയാൻ പോയാൽ എൻ്റെ ശില്പകലാജീവിതത്തിന്റെ ആദ്യ ചുവടുകൾ പോലും അത്രയ്ക്ക് മണ്ണിനോടും അതിന്റെ  ഉർവ്വരതയോടും ബന്ധപ്പെട്ടാണ് കിടക്കുന്നത്. കളിമണ്ണ് എനിക്ക് നല്ലവണ്ണം വഴങ്ങുന്ന ഒന്നായിരുന്നു. പെട്ടെന്ന് തന്നെ അത് കൊണ്ട് മനുഷ്യരൂപങ്ങൾ മെനഞ്ഞെടുക്കാൻ എനിക്കായി. ഗാന്ധിജി, നെഹ്‌റു തുടങ്ങിയ ദേശീയ നേതാക്കളും എന്റെയൊപ്പം കണ്ടത്തിൽ പണിയെടുക്കുന്ന സാധാരണ മനുഷ്യരുമെല്ലാം എനിക്ക് വിഷയങ്ങളായിരുന്നു. തങ്ങളുടെ രൂപങ്ങൾ കളിമണ്ണിൽ തീർത്തിരിക്കുന്നത് കണ്ട പണിക്കാർ ഏറെ സന്തോഷിക്കുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കണ്ടത്തിലെ പണി എനിക്ക് മറ്റൊരു കാര്യത്തിലും ഏറെ ഗുണം ചെയ്യുകയുണ്ടായി. പണികഴിഞ്ഞു ആളുകളെല്ലാം അടുത്തുള്ള ഒരു കുളത്തിൽ മേലുകഴുകുകയും ചിലർ കുളിക്കുകയും ചെയ്യുമായിരുന്നു. സ്ത്രീകൾ തെല്ലും സങ്കോചം കൂടാതെ തങ്ങളുടെ മേൽവസ്ത്രം അഴിച്ചുവച്ചിട്ട് ശരീരം കഴുകുമായിരുന്നു. ഇന്നത്തെപോലെ അടിവസ്ത്രങ്ങളൊന്നും സുലഭമായി എല്ലാവരും ഉപയോഗിച്ചിരുന്ന ഒരു കാലമായിരുന്നില്ല അത്. അത് കൊണ്ട് തന്നെ സ്ത്രീയുടെ നഗ്നമായ മേനി എനിക്ക് കാമോദ്ദീപകമായ ഒരു ചരക്ക് മാത്രമായി ഒരു കാലത്തും അനുഭവപ്പെട്ടിട്ടില്ല. എന്നെ സംബന്ധിച്ച് മണ്ണും പ്രകൃതിയും അതിനോട് ചേർന്ന് പോകുന്ന ആദിമ സ്ത്രീശക്തിയുടെയും പ്രതിബിംബമാണ് അത്. പിന്നീട് ലണ്ടനിൽ പഠിക്കുമ്പോൾ അവിടെ “സ്വിങ്ങിങ് സിക്സ്റ്റിസ്” എന്നറിയപ്പെട്ടിരുന്ന തീക്ഷ്ണമായ 1960കളിലും അവിടുത്തെ പെണ്ണുങ്ങൾ തങ്ങളുടെ ശരീരവും മനസ്സും ബന്ധനങ്ങളിൽ നിന്നും സ്വതന്ത്രമാക്കുന്നത് ഞാൻ കണ്ടു. പഴകിയ സദാചാരവും സ്ത്രീശരീരത്തിനുമേൽ അതടിച്ചേല്പിച്ച പാപബോധവും അവിടുത്തെ പ്രക്ഷുബ്ധയൗവ്വനം വലിച്ചെറിഞ്ഞു.kanayi kunjiraman, interview,hariharan subrahmanian

 കുട്ടമത്ത് നിന്നാൽ ശരിയാകില്ലെന്നും അവിടെ നിന്ന് രക്ഷപെടണമെന്നുമുള്ള തോന്നൽ ഉടലെടുക്കാനുള്ള സാഹചര്യം എന്തായിരുന്നു?

ഒരു അസാധാരണ സംഭവത്തിന്റെ തുടർച്ചയായി എടുക്കപ്പെട്ട ഒരു തീരുമാനമായിരുന്നു അത്. എനിക്കന്ന് പതിനഞ്ച് വയസ്സാകുന്നതേയുള്ളു. ഒരു മരപ്പലകയിൽ ഞാൻ നെഹ്രുവിന്റെ പടം വരയ്ക്കുകയും അത് ഇനാമൽ പെയിന്റ് കൊണ്ട് നിറം പിടിപ്പിക്കുകയും ചെയ്തു. ഞാനതു നീലേശ്വരത്തുള്ള കോൺഗ്രസ്സിന്റെ ഒരു നേതാവും തയ്യൽക്കാരുടെ സംഘടനാനേതാവുമായ ഒരാളെ കാണിച്ചു. അയാൾ അതീവ സന്തോഷത്തോടെ അത് സ്വീകരിക്കുകയും തൊട്ടടുത്ത ദിവസം അവിടെ നടന്ന ഒരു ജാഥയിൽ അതുയർത്തിപിടിച്ച് നടക്കുകയും ചെയ്തു. ഈ പടം മാതൃഭൂമിയിൽ അച്ചടിച്ച് വരികയും ഞാൻ ആ പ്രദേശങ്ങളിലെല്ലാം കുറച്ച് പ്രശസ്തനാവുകയും ചെയ്തു. ജാഥകഴിഞ്ഞപ്പോൾ പടം ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി കോൺഗ്രസ്സുകാർ സ്ഥാപിച്ചു. മാസങ്ങൾക്ക് ശേഷം മംഗലാപുരത്ത് ഒരു പൊതുയോഗത്തിൽ സംബന്ധിച്ച ശേഷം മദിരാശിയിലേയ്ക്ക് മടങ്ങുകയായിരുന്ന പണ്ഡിറ്റ് നെഹ്‌റു വണ്ടി ചെറുവത്തൂരിൽ നിന്നപ്പോൾ അവിചാരിതമായി ആ പടം കാണുകയും, വണ്ടിയിൽ നിന്നുമിറങ്ങി അതിന്റെയടുത്ത് പോയി അത് സൂക്ഷ്മമായി നോക്കുകയും അത് വരച്ചയാളാരാണെന്ന് തിരക്കുകയും ചെയ്തു. വാർത്ത പരക്കുകയും സ്റ്റേഷനിൽ ആളുകൾ കൂടുകയും ചെയ്തു. പടം നോക്കി നിൽക്കുന്ന നെഹ്രുവിന്റെ പടം മാതൃഭൂമി പാത്രത്തിൽ അടിച്ചു വരികയും ചെറുവത്തൂരിൽ ആ വലിയ മനുഷ്യൻ ഇറങ്ങാൻ കാരണം ഞാനാണെന്ന് ആളുകൾ പറയുകയും ചെയ്തു.ഈ കാര്യം ഏറെ മതിപ്പോടെ ചിലയാളുകൾ എന്റെ അച്ഛന്റെയടുക്കൽ പോയി പറഞ്ഞെങ്കിലും അച്ഛന്റെ പ്രതികരണം വളരെ നിരാശാജനകമായിരുന്നു. “അവനത് വരച്ചത് കൊണ്ട് എനിക്കിപ്പൊ എന്താ ഇണ്ടായത് ” എന്നും ചോദിച്ചു കൊണ്ട് അച്ഛൻ പറയാൻ വന്നവരോട് തട്ടി കയറി. ഇത് എന്നിൽ വളരെ നിരാശയുയർത്തുകയും ഇനി ആ നാട്ടിൽ ജീവിച്ചിട്ട് കാര്യമില്ല എന്ന തീരുമാനത്തിൽ എന്നെക്കൊണ്ട് എത്തിക്കുകയും ചെയ്തു. മദിരാശി സ്‌കൂൾ ഓഫ് ഫൈൻ ആർട്സിനെക്കുറിച്ചും അവിടെ ഒരു അദ്ധ്യാപകനും പ്രഗത്ഭ ചിത്രകാരനുമായിരുന്ന കെ. സി. എസ്. പണിക്കരെക്കുറിച്ചും ഞാൻ കേട്ടിരുന്നു. എൻ്റെ ഒരകന്ന അമ്മാവനും മദിരാശിയിലുണ്ടായിരുന്നു.കൈവന്ന ഒരു ധൈര്യത്തിൽ ഞാൻ തീവണ്ടികയറി മദിരാശിയിലേയ്ക്ക് പോയി. ഫൈൻ ആർട്സ് സ്‌കൂളിൽ പോയി പണിക്കരെ ഞാൻ എൻ്റെ ചിത്രങ്ങൾ കാണിക്കുകയും അവിടെ ചേർന്ന് പഠിച്ചാൽ കൊള്ളാമെന്നുണ്ട് എന്ന് പറയുകയും ചെയ്തു. ചിത്രങ്ങൾ സൂക്ഷ്മമായി നോക്കിക്കണ്ട ശേഷം അദ്ദേഹം എന്നോട് അവിടെ ചേർന്നുകൊള്ളുവാൻ പറഞ്ഞു. അപ്പോൾ എന്റെ കയ്യിൽ പണമൊന്നുമില്ലെന്നും വീട്ടിൽനിന്നും ഒരണ പോലും കിട്ടില്ലെന്നും ഞാൻ പറഞ്ഞു. എന്നെ തെല്ല് അത്ഭുതത്തോടെ വീക്ഷിച്ചിട്ട് അദ്ദേഹം ഒരാളെവിട്ട് അവിടെ കാന്റീൻ നടത്തുന്ന ആളെ വിളിപ്പിച്ചു. എന്നെ ചൂണ്ടികാണിച്ചിട്ട് “ഇയാളെ നിങ്ങടെ കൂടെ നിർത്തിക്കോളൂ. അയാളുടെ ഫീസിനുള്ള പൈസ കൊടുക്കണം. ഇയാൾ ജോലി ചെയ്ത് നിങ്ങളെ സഹായിക്കും.” എന്ന് പറഞ്ഞു. അയാൾ സമ്മതം മൂളിയപ്പോൾ കാന്റീനിൽ തന്നെ കിടക്കാനുള്ള സൗകര്യവും ഒരുക്കാൻ പറഞ്ഞു. എന്നിട്ടാണ് മഹത്തരമായ ഒരു കാര്യം അദ്ദേഹം നിർദ്ദേശിച്ചത്.

“കുഞ്ഞിരാമൻ ശില്പകലയിൽ കൂടുതൽ ശ്രദ്‌ധിക്കൂ. അതായിരിക്കും നല്ലത്.”
ആ മഹാനായ അദ്ധ്യാപകന് എൻ്റെ ചിത്രങ്ങൾക്കുള്ളിൽ നിന്നും എന്നിൽ അതിനോടകം ഉണർന്ന് കഴിഞ്ഞ ശില്പിയെ തിരിച്ചറിയാനായി എന്നത് എന്നിൽ അത്ഭുതമുയർത്തി. സ്‌കൂളിൽ സുലഭമായി ലഭിച്ചിരുന്ന മാധ്യമം കളിമണ്ണായിരുന്നു. അതുകൊണ്ട് ഞാൻ ധാരാളം ശില്പങ്ങൾ നിർമ്മിച്ചു. അങ്ങനെയിരിക്കെ ക്യാമ്പസ്സിൽ എന്തിന്റെയോ പണി തുടങ്ങുകയും ധാരാളമായ തോതിൽ സിമന്റ് ചാക്കുകളും കമ്പിയും കൊണ്ടുവരപ്പെട്ടു. കമ്പിയും സിമന്റും കിട്ടിയിരുന്നെങ്കിൽ നല്ലൊരു ശില്പമുണ്ടാക്കാമെന്ന് ഞാൻ അവിടെയുള്ള വാച്ച്മാനോട് പറഞ്ഞപ്പോൾ അയാൾ ആവശ്യമുള്ളത് എടുത്തുകൊള്ളുവാൻ പറയുകയും ഞാൻ അതുകൊണ്ട് ഒരു ആറടിയിൽ കൂടുതൽ പൊക്കമുള്ള ശിൽപം തീർക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ആ ശിൽപം നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് വാങ്ങുകയുണ്ടായി. ഏറെ പേരെടുത്ത മഹാശില്പിയായ ദേബി പ്രസാദ് റോയ് ചൗധരിയായിരുന്നു അന്ന് സ്‌കൂൾ പ്രിൻസിപ്പൽ. നെഹ്രുവിന്റെയൊക്കെ അടുത്ത പരിചയക്കാരനായ അദ്ദേഹം ഭരണകാര്യങ്ങളിലൊന്നും അത്രകണ്ട് ശ്രദ്ധിച്ചിരുന്നില്ല. അവിടെയുള്ള ഏറെ കാര്യവും ശ്രദ്ധിച്ചിരുന്നത് പണിക്കർ തന്നെയായിരുന്നു.
അവിടെനിന്നും പാസായതിന് ശേഷമായിരുന്നു ഞാൻ ഇംഗ്ലണ്ടിലെ കോമൺവെൽത്ത് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതും അതെനിക്ക് ലഭിക്കുന്നതും. ലണ്ടനിലെ സ്‌ലേഡ് സ്‌കൂളിൽത്തന്നെ ചേർന്ന് ശില്പകല അഭ്യസിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്ന കാലവുമായിരുന്നു അത്. അവിടെ ശില്പകലാവിഭാഗത്തിന്റെ മേധാവിയായിരുന്ന റെഗ് ബട്ലർ ലോകപ്രശസ്തനായ ഒരു ശില്പിയായിരുന്നു. കൂടാതെ അവിടെ പഠിപ്പിക്കാൻ വന്നിരുന്ന പ്രൊഫസർമാരിൽ മറ്റൊരാൾ നോം ഗാബോ ആയിരുന്നു . ഇവരൊക്കെയും ലോകകലാചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളവരാണ്. ഇവരുടെ കൂടെയൊക്കെ ശില്പനിർമ്മാണം നടത്താനായി എന്നത് തന്നെ ഏറെ അഭിമാനകാരവും സന്തോഷകരവുമാണ്. വിപ്ലവാനന്തര റഷ്യയിൽ ശില്പകലയിൽ ഒരു വിസ്ഫോടനം തന്നെയുണ്ടാക്കിയവരാണ് ഗാബോവും സഹോദരനായ പെവ്സനറും.kanayi kunjiraman, interview,hariharan subrahmanian

താങ്കളുടെ ശിക്ഷണം ഗാബോവിന്റെ അടുക്കലായിരുന്നു എന്ന് പറഞ്ഞത് കൊണ്ട് ചോദിക്കട്ടെ. ഇരുപതാം നൂറ്റാണ്ടിലെ ശില്പകലയിലെ ആധുനികതയ്ക്ക് തുടക്കമിടുന്നത് തന്നെ ഗബോവും സഹോദരന്‍ പെവ്സനറുമാണ്. ‘കൺസ്ട്രക്റ്റിവിസം’ എന്നറിയപ്പെടുന്ന അവരുടെ കലാതത്വവും രചനാരീതിയും പക്ഷെ താങ്കളുടെ രചനാരീതിയെ ബാധിച്ചതായേ കാണുന്നില്ല. പ്രത്യേകിച്ചും ഗാബോയുടെ ‘ലീനിയർ കൺസ്ട്രക്ഷൻസ്’ എന്ന ശില്പപരമ്പരയിലെ പിണ്ഡത്തിന്റെ (Mass) ഏറ്റവും കുറഞ്ഞ അളവിലുള്ള ഉപയോഗം ശില്പത്തിനുള്ളിലെ സ്ഥലകാലങ്ങളുടെ വ്യത്യസ്തമായ ഒരു ദൃശ്യാഖ്യാനമാണ് നമുക്ക് നൽകുന്നത്. ശിൽപം സ്ഥിതിചെയ്യുന്ന സ്ഥലത്തിലൂടെ പിണ്ഡത്തിന്റെ അഭാവം കാരണം ശില്പത്തിന്റെ മറുവശത്തിനപ്പുറത്തുള്ള സ്ഥലവവും നോക്കുന്നയാൾക്ക് കാണാനാകുന്ന ഒരു അവസ്ഥ. പക്ഷെ താങ്കളുടെ കാര്യമെടുക്കുമ്പോൾ ഇതിന്റെയൊന്നും സ്വാധീനം കാണപ്പെടുന്നില്ല എന്നത് വിസ്മയകരമല്ലേ?

ആദ്യമേ ഒരു കാര്യം പറയട്ടെ… പല അഭിമുഖങ്ങൾക്കും ഞാൻ ഇരുന്നു കൊടുത്തിട്ടുണ്ട്. എൻ്റെ ബാല്യകാലം…കൗമാരം… എവിടെയൊക്കെ ശില്പങ്ങൾ ചെയ്തിട്ടുണ്ട്…. ഇങ്ങനെയൊക്കെ ഒരു പതിവ് രീതിയിലാണ് ചോദ്യങ്ങൾ എന്നോട് ചോദിക്കുക. ഗാബോവിന്റെയോ പെവ്സനറുടെയോ ആധുനിക ശില്പകലയിലുള്ള സ്ഥാനം പോയിട്ട് അവരെക്കുറിച്ചുപോലും ഒരു പേരെടുത്ത ശില്പിയുമായി അഭിമുഖം നടത്തുന്നവർ കേട്ടിട്ടില്ല എന്നത് വളരെ ദുഖകരമാണ്. പത്രമാപ്പീസിൽ ജോലി ചെയ്യുന്ന ജൂനിയർമാരെയാണ് ഇവിടെ ഇതിനൊക്കെ നിയോഗിക്കുക. വിദേശത്തൊക്കെ പ്രശസ്ത കലാകാരന്മാരെക്കുറിച്ച് എഴുതുന്നതും അവരുമായി അഭിമുഖത്തിന് പോകുന്നതുമൊക്കെ “കൾച്ചറൽ റിപ്പോർട്ടർ”മാരാണ്. ആ കലാകാരന്മാരെക്കുറിച്ചും അവരുടെ കലാരൂപങ്ങളെക്കുറിച്ചും അവർക്ക് നല്ല പാണ്ഡിത്യമുണ്ടാകും.  എത്രയോ അഭിമുഖങ്ങളിൽ ഈ രണ്ടു അതികായന്മാരുടെ പേരുകൾ ഞാൻ പറഞ്ഞിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ചോദ്യം എന്നോട് ആദ്യമായിട്ടാണ് ഒരാൾ ചോദിക്കുന്നത്.

നാം നിർമ്മിക്കുന്ന കല നമ്മുടെ കാലത്തിന്റെ സമസ്യകളോടും രാഷ്ട്രീയത്തോടും ബന്ധപ്പെട്ട് കിടക്കണം. അപ്പോഴാണ് അത് കാലാതിർത്തികളെ ഭേദിക്കുക. റഷ്യയിൽ വിപ്ലവം നടക്കുകയും സമൂഹം സമൂലമായ ഒരു പരിവർത്തനത്തിന് വിധേയമാകുന്നു എന്നും തോന്നിപ്പിച്ച ഒരു കാലത്താണ് ഗാബോയും പെവ്സനറും തങ്ങളുടെ കലയിലും പരിവർത്തനം കൊണ്ടുവരുന്നത്. റഷ്യയിൽ ഉടലെടുത്തുത്തുടങ്ങിയ വ്യവസായവൽക്കരണവും അതിനോടനുബന്ധിച്ച് നിർമ്മിക്കപ്പെട്ട യന്ത്രങ്ങളുടെ ആകാരങ്ങളും ഇവരുടെ രചനകളിൽ ന്യായമായും കയറിക്കൂടി. ഭൂതകാലത്തിന്റെ  ഭാരം ഇറക്കിവയ്ക്കാൻ സമൂഹം ശ്രമിച്ചപ്പോൾ ആ ഭാരത്തിന്റെ തിരസ്‌ക്കാരം തങ്ങളുടെ ശില്പങ്ങളിൽ പിണ്ഡത്തിന്റെ അഭാവത്തിലൂടെയാണവർ (Negation of Mass) ആവിഷ്ക്കരിച്ചത്. 1969ലാണ് ഞാനിവിടെ യക്ഷി നിർമ്മിക്കുന്നത്. തികഞ്ഞ ഒരു കാർഷിക സമൂഹമായ പാലക്കാട്ടിൽ. ഇവിടെ ‘കൺസ്ട്രക്റ്റിവിസത്തിനും’ ‘നെഗേഷൻ ഓഫ് മാസിനും’ ഒരു കാര്യവുമുള്ളതായി എനിക്ക് തോന്നിയില്ല. യക്ഷിയുടെ രൂപം ഇങ്ങനെയാകാനുള്ള കാരണങ്ങൾ ഇവിടെത്തന്നെ തേടിയാൽ നമുക്ക് കിട്ടും. അതുകൊണ്ട് തന്നെയാണ് ആ കാരണങ്ങളുടെ ഉത്തരമായ യക്ഷിയ്ക്ക് ഇത്ര സ്വീകാര്യത കിട്ടിയതും.

kanayi kunjiraman, interview,hariharan subrahmanian
കാനായിയും ഭാര്യ നളിനിയുമായി മലമ്പുഴയില്‍ സംസാരിച്ചിരിക്കുന്ന ഫ്രാൻസിൽ നിന്നുമുള്ള ചിത്രകാരനും ഡോക്യുമെന്റ്ററി സംവിധായകയും

 യക്ഷിയുടെ നിർമ്മാണത്തിലേയ്ക്ക് നയിക്കുന്ന സാഹചര്യവും അതിൻ്റെ രൂപഘടന യഥാതഥമാകാനുള്ള കാരണവും ഒന്ന് വിശദീകരിക്കാമോ?

പഠനം കഴിഞ്ഞപ്പോൾ യൂറോപ്പിൽ നിൽക്കാൻ എനിക്ക് തോന്നിയതേയില്ല . കൂടാതെ എന്റെയൊപ്പം ഗുരുനാഥന്മാരും സുഹൃത്തുക്കളുമായ ചില ശില്പികളുടെ ജീവിതരീതിയിലെ മിതത്വവും മര്യാദയും എന്നെ സ്വാധീനിച്ചു. ഞാൻ ഒരു മറക്കാനാവാത്ത അനുഭവം പറയട്ടെ? എൻ്റെ ഗുരുനാഥനായ ബട്ലർ അന്ന് ലോകത്ത് അറിയപ്പെടുന്ന ഏറ്റവും പ്രഗത്ഭ ശില്പികളിൽ ഒരാളായിരുന്നു. ഒരിക്കൽ ഞാൻ ലണ്ടനിലെ ഒരു പ്രാന്തപ്രദേശത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചുപോവുകയുണ്ടായി. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ചെറിയ തീവണ്ടിയാപ്പീസിൽ ഇറങ്ങി പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ബട്ലർ ഒരു നിക്കറൊക്കെയിട്ട് ഒരു സാധാരണക്കാരനായി തന്റെ കുട്ടികളോടൊപ്പം ഒരു തുടക്കക്കാരൻ മാത്രമായ എന്നെയും കാത്ത് നിൽക്കുന്നു. അവരുടെ അമർഷവും നീരസവും വിപ്ലവവുമൊക്കെ അവർ കലയിൽ ഒതുക്കി. ജീവിതത്തിലാകട്ടെ വളരെ മാന്യരായി അവർ പെരുമാറി.ഈയൊരു കാര്യം ഞാനും ജീവിതത്തിലേയ്ക്ക് പകർത്താൻ ഈ കാലമത്രയും ശ്രമിച്ചിട്ടുണ്ട്. എന്നാൽ കലയിലുള്ള, പ്രത്യേകിച്ചും കേരളത്തിലും ഇന്ത്യയുടെ ഇത്തരഭാഗങ്ങളിലും ഞാൻ തീർക്കുന്ന ശില്പങ്ങളിൽ അവരുടെ ഒരു രീതിയായിരിക്കരുത് ഞാൻ തുടരേണ്ടത് എന്ന ഒരു ദൃഢനിശ്ചയം എന്നെ കീഴടക്കിയിരുന്നു. ആ മനസ്സുമായിട്ടാണ് ഞാൻ പഠനം കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തുന്നതും മലമ്പുഴയിൽ ശില്പങ്ങൾ തീർക്കാൻ ക്ഷണിക്കപ്പെടുന്നതും. മലമ്പുഴയിലെ ഉദ്യാനത്തിൽ പ്രതീക്ഷിച്ചപോലെ സന്ദർശകർ അക്കാലത്ത് വന്നിരുന്നില്ല. ഇതിനു പരിഹാരം കാണാനായി ഒരു കമ്മിറ്റി രൂപീകരിക്കപ്പെടുകയും അവർ വിദഗ്ദ്ധ ഉപദേശത്തിനായി കെ.സി.എസ്.പണിക്കരെ സമീപിക്കുകയും ചെയ്തു. അദ്ദേഹമാണ് എന്റെ പേര് നിർദ്ദേശിച്ചത്. മലമ്പുഴയിൽ വരുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന രൂപം മനസ്സിൽ തികഞ്ഞുണ്ടായിരുന്നില്ല. ആദ്യം ഒരു പരിശീലനം പോലെയാണ് നന്ദി എന്ന ശിൽപം തീർത്തത്. പെട്ടെന്നായിരുന്നു ഡ്യൂഷാംപ് പറഞ്ഞ ഒരു കാര്യം ഞാൻ ഓർത്തത്. പരിചിതമായ ഒരു സ്ഥലത്തുനിന്നും ഒരു വസ്തുവിനെ തീർത്തും അപരിചിതമായ മറ്റൊരു സ്ഥലത്തേയ്ക്ക് കുടിയിരുത്തുമ്പോൾ അത് കാഴ്ചക്കാരനിൽ ഉണ്ടാക്കുന്ന അസ്വസ്ഥതയിലൂടെ പ്രമാണങ്ങളുടെ ഒരു അട്ടിമറിയും പരിഷ്ക്കരണവും കൂടിയാണ് നടത്തപ്പെടുന്നത് . ഒരു ദിവസം അണക്കെട്ടിനുമുകളിൽ നിന്ന് കിഴക്കുള്ള മലനിരകളും നോക്കിനിന്നപ്പോൾ അതിലൊരു മലയ്ക്ക് ഒരു വന്യയായ പെണ്ണിൻ്റെ പുറകോട്ട് ചാഞ്ഞുകിടക്കുന്ന രൂപമുണ്ടെന്ന് തോന്നി. ഒരു മിന്നായം പോലെ മലമ്പുഴയിൽ ഞാനെന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു . പ്രകൃതിസൗന്ദര്യത്തിന്റെ അപാരതയിൽ അലസമായി പുറകോട്ട് ചാഞ്ഞുകിടക്കുന്ന ആ മലയുടെ പെണ്മ എന്നെ ഏറെ ആകർഷിച്ചു. ഒരു വനദേവതയായി. ഒരു യക്ഷിയായി ഞാനവളെ സങ്കൽപ്പിച്ചു.

kanayi kunjiraman, interview,hariharan subrahmanian
യക്ഷി ശില്‍പ്പത്തിനു പ്രചോദനമായ മലമ്പുഴയിലെ അടുപ്പുകൂട്ടി മലനിരകള്‍

യക്ഷിയുടെ സ്കെച്ച് തയ്യാറാക്കി സമർപ്പിച്ചപ്പോൾ മുതൽ പ്രശ്നങ്ങളും തുടങ്ങി. ഈ ആഭാസം ഒരു രീതിയ്ക്കും അനുവദിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥരുടെ സമിതി ഉറപ്പിച്ച് പറഞ്ഞു. 50 അടി ഉയരമുള്ള ഒരു ശില്പത്തിനുള്ള എസ്റ്റിമേറ്റായിരുന്നു ഞാൻ സമർപ്പിച്ചത്. ഇങ്ങനെയൊരു ശിൽപം നിർമ്മിക്കാനുള്ള അനുമതി കൊടുത്താൽ ആളുകൾ അത് അടിച്ചുതകർക്കുകയും തങ്ങളെ കയ്യേറ്റം ചെയ്യുകയും ചെയ്യുമെന്ന് കമ്മിറ്റിക്കാർ പറഞ്ഞു. അപ്പോഴുള്ള ഒരു ചീഫ് എഞ്ചിനിയർക്ക് എന്തോ നല്ല ബുദ്ധി തോന്നുകയും യക്ഷിയുടെ നിർമ്മാണം തുടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഫണ്ടിന്റെ ദൗർലഭ്യം യക്ഷിയുടെ ഉയരത്തെ ബാധിച്ചു.അതെനിക്ക് മനസ്സില്ലാതെയാണെങ്കിലും 30 അടിയായി കുറയ്‌ക്കേണ്ടിവന്നു. ഒലവക്കോടുള്ള ഒരു ലോഡ്ജിൽ താമസിച്ചായിരുന്നു യക്ഷിയുടെ പണിയിൽ മുഴുകിയിരുന്നത് . തുണിയില്ലാത്ത ഒരു പെണ്ണിന്റെ പ്രതിമ മലമ്പുഴയിലുയരുന്നു എന്നറിഞ്ഞ നാട്ടുകാർ പ്രശ്നമുണ്ടാക്കാൻ തുടങ്ങി. ഒരു ദിവസം രാത്രി പണികഴിഞ്ഞു ഒലവക്കോട്ടേയ്ക്കു പോകാനായി ബസ് കാത്തിരുന്ന എന്നെ ഒരെട്ടുപത്തുപേര് ചേർന്ന് മർദ്ദിച്ചു. അവശനായ ഞാൻ പാർക്കിനുള്ളിൽ അഭയം തേടി. എന്റെ പരിക്കുകൾ കണ്ട വാച്ച്മാൻ പോലീസിൽ പരാതിപ്പെടാൻ ഉപദേശിച്ചുവെങ്കിലും ഞാൻ അതിനു തുനിഞ്ഞില്ല. യക്ഷിയുടെ നിർമ്മാണം തീർക്കുക എന്നത് അത്ര വലിയ ഒരു ആവശ്യമായി എനിക്ക് മാറിക്കഴിഞ്ഞിരുന്നു. ഇതിനിടെ യക്ഷിയുടെ നിർമ്മാണം എങ്ങനെയും നിർത്തണമെന്ന ഉദ്ദേശത്തോടെ അതിൻ്റെ പണിയ്ക്ക് ആവശ്യമായ സാമഗ്രികളും സിമൻറ്റും നിർത്തിവയ്ക്കപ്പെട്ടു. മനംനൊന്ത് ഞാൻ പണിനിർത്തി സ്ഥലം വിട്ടു.
ഞാൻ ഇത്രയും വിശദീകരിച്ച് കാര്യങ്ങൾ പറഞ്ഞതിന് കാരണമുണ്ട്. ഈ കോലാഹലമൊക്കെയും തുണിയില്ലാത്ത ഒരു ശില്പത്തെ ചൊല്ലിയായിരുന്നുവെന്ന് മനസ്സിലാക്കുമ്പോഴാണ് നമുക്ക് അതിൻ്റെ അസംബന്ധം മനസ്സിലാവുക. ഈ സദാചാരം ഉയർത്തിപ്പിടിക്കുന്നവരിൽ ധാരാളം പേര് ക്ഷേത്രങ്ങളിൽ പോയി അവിടെയുള്ള എല്ലാവിധ കാമകേളികളും കൊത്തിവച്ചിട്ടുള്ള ശില്പങ്ങളുടെ പരമ്പരകൾ തന്നെ കണ്ടിട്ടുവരുന്നവരാണ്. ആ ശില്പങ്ങളും അവർ ആക്രമിക്കണമെന്നല്ല ഞാൻ അർത്ഥമാക്കുന്നത്. മറിച്ച് ഒരു പൊതുയിടത്തിൽ കണ്ട് പരിചിതമായ നഗ്നത മറ്റൊരു അപരിചിതമായ സ്ഥലത്ത് കാണുമ്പോൾ വിറളി പിടിക്കുന്ന നമ്മുടെ വൃത്തികെട്ട അപക്വമായ മനസ്സുകളെ ചൂണ്ടിക്കാണിക്കുകയാണ്. യക്ഷിയുടെ നിർമ്മാണ ഉദ്ദേശം തന്നെ ഇതായിരുന്നു. ഡ്യൂഷാംപ് കാട്ടിത്തന്ന പാത ഞാനുപയോഗിച്ചത് തികച്ചും നമ്മുടെ നാടിന്റെ സാഹചര്യത്തിലായിരുന്നു താനും. യക്ഷി ശരിക്കും ഒരു രീതിയിൽ “ആന്റി ആർട്ട് ” ആണെന്ന് പോലും പറയാം. യക്ഷിയുടെ പണി പൂർത്തീകരിക്കാൻ തീരുമാനിക്കപ്പെടുകയും ഞാൻ വീണ്ടും മലമ്പുഴയിലെത്തിച്ചേരുകയും ചെയ്തു.
അന്ന് തുടങ്ങിയതാണ് ഞാൻ ദിവസക്കൂലിയ്ക്കുള്ള ശില്പനിർമ്മാണം. എന്റെ പണിക്കാരെപ്പോലെ ദിവസക്കൂലിയ്ക്കാണ് ഞാൻ ശില്പനിർമ്മാണപണിയിലേർപ്പെടുന്നത്. കലാപ്രവർത്തനം ഒരിക്കലും എനിക്ക് ധനസമ്പാദനത്തിനുള്ള മാർഗ്ഗമായിരുന്നിട്ടില്ല .അന്നും ഇന്നും.
യക്ഷി എന്തുകൊണ്ടാണ് യഥാതഥമായ ശൈലിയിൽ തീർത്തതെന്ന ചോദ്യം പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞല്ലോ… സ്ഥലം പരിചിതത്വത്തിൽ നിന്നും അപരിചിതത്വത്തിലേയ്ക്ക് രൂപാന്തരം പ്രാപിക്കുമ്പോൾ അതിൽ കുടിയിരുത്തപ്പെട്ട ഒരു ആശയത്തിന് വരുന്ന ആസ്വാദനത്തിലെ അന്തരം … ഇല്ലെങ്കിൽ വൈരുദ്ധ്യം… ഇത് പരിശോധിക്കുകയാണ് യക്ഷിയിലൂടെ ഞാൻ ചെയ്തത്. അതിന് യഥാതഥമായ രീതിയിൽ തന്നെ വേണമായിരുന്നു വന്യമായ ആ നഗ്നതയെ ചിത്രീകരിക്കുവാൻ.kanayi kunjiraman, interview,hariharan subrahmanian

പ്രധിഷേധങ്ങളെ യക്ഷി അതിജീവിച്ചു . ഇന്ത്യയിലെത്തന്നെയുള്ള ഏറ്റവും പ്രിയമാർജ്ജിച്ച ഒരു പൊതുയിടത്തിലെ കലാരൂപമായി (example of public art) അവൾ മാറി. ഇതാ ഇപ്പോൾ ഞാൻ വീണ്ടും ഈ മലമ്പുഴയിലെത്തിയിരിക്കുന്നത് ഇവളുടെ അൻപതാം പിറന്നാൾ ആഘോഷിക്കാനാണ്. പണ്ട് എന്നെ ഇവളുടെ പേരിൽ ഇവിടെ നിന്നും അടിച്ചോടിച്ച നാട് ഇവളെ പൂർണ്ണമായി ഉൾക്കൊള്ളുകയും ഇവളെയും സൃഷ്ടാവായ എന്നെയും കൊണ്ടാടാൻ ഒരുമ്പെടുകയാണ്. ഒരാൾക്ക് ഇതിൽപ്പരം എന്താണ് സമാധാനം നൽകുക?
ഇപ്പോൾ തന്നെ ഞാൻ ഇവിടെ ഇരുപത് ദിവസങ്ങളായി ശില്പത്തിന്റെ അറ്റകുറ്റപണികൾ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പല സ്ക്കൂളുകളിൽനിന്നും കുട്ടികളും അദ്ധ്യാപകരും എന്നെ കാണുമ്പോൾ തിരിച്ചറിയുകയും ഒന്നിച്ച് ഫോട്ടോ എടുക്കുകയും കുശലാന്വേഷണം നടത്താറുമുണ്ട്. അതേ പോലെ കുടുംബമായി വന്ന് പരിചയപ്പെടുന്നവരുമുണ്ട്. ഇന്ന് അവരാരും യക്ഷിയെന്ന സദാചാരവിരുദ്ധശില്പത്തിന്റെ സൃഷ്ടികർത്താവായിട്ടല്ല എന്നെ കാണുന്നത്… മറിച്ച് ഏറെ ബഹുമാനത്തോടും സ്നേഹത്തോടുമാണ് പലരും അവരുടെ ഭാര്യമാരെയും കാമുകിമാരെയും പെൺമക്കളെയും വിളിച്ച് എന്നെ പരിചയപ്പെടുത്തുന്നത്. അമ്പതുവര്ഷം കൊണ്ട് യക്ഷിയ്ക്ക് ഇങ്ങനെ ഒരു ചെറിയ ചലനം ഉണ്ടാക്കാനായല്ലോ!!
യക്ഷി ശക്തിയുടെയും പ്രകൃതിയുടെയും ഉർവ്വരതയുടെയും മാതൃത്വത്തിന്റെയും പ്രതീകമായി ഇന്ന് വാഴ്ത്തപെടുന്നുണ്ട്. കാലുകൾ അകറ്റിവച്ചു യോനിയും പ്രദർശിപ്പിച്ചിരിക്കുന്ന ഒരു അഭിസാരികയായി അവളെ ഇപ്പോഴും കരുതുന്നവരോട് ഒന്നേ പറയാനുള്ളു.
യൂറോപ്പിൽ പലഭാഷകളിലും നിങ്ങൾ അറപ്പോടെ നോക്കിക്കാണുന്ന ആ വിശുദ്ധ അവയവത്തിന് “ശിശു ദ്വാരം” (child hole) എന്നർത്‌ഥം വരുന്ന പര്യായപദമുണ്ട്. മാതാവ് സൃഷ്ടിയെ പ്രപഞ്ചത്തിലേയ്ക്കെത്തിക്കുന്ന കവാടവും കൂടിയാണത്. മനസ്സിലെ വൃത്തികേടുകൊണ്ടാണ് ഈ സൗന്ദര്യാംശം കാണാൻ കഴിയാതെ പോകുന്നത് ചിലർക്ക്. സ്ക്കൂളുകളിൽ കലാചരിത്രപഠനവും ലൈംഗികവിദ്യാഭ്യാസവും പണ്ടുമുതലേ പാഠ്യക്രമത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ സമീപകാലത്ത് കേരളത്തിൽ സ്ത്രീത്വത്തിനെതിരെ നടമാടിയ കോമാളിയഭ്യാസങ്ങൾ നമുക്ക് കാണേണ്ടി വരില്ലായിരുന്നു.

 അന്തർദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന താങ്കൾ കൊച്ചി മുസിരിസ് ബയന്നാലെയുടെ നടത്തിപ്പിൽ എന്തുകൊണ്ടാണ് സഹകരിക്കാൻ തിരഞ്ഞെടുക്കപ്പെടാതെ പോയത്? ശില്പകല എന്ന പദം ഉരുവിടുമ്പോൾ തന്നെ ഭൂരിഭാഗം ആളുകൾക്കും മനസ്സിലോടിയെത്തുന്ന കാനായി കുഞ്ഞിരാമൻ എന്ന വ്യക്തിയുടെ പേര് എന്തുകൊണ്ടാണ് ബയന്നാലെയുടെ ചരിത്രതാളുകളിൽ ഒരിടത്തും കാണാനാകാതെ വരുന്നത്?

kanayi kunjiraman, interview,hariharan subrahmanian
കാനായി കുഞ്ഞിരാമനൊപ്പം ലേഖകന്‍

ബയന്നാലെയുടെ മുഖ്യസംഘാടകരിലൊരാളായ ബോസ് കൃഷ്ണമാചാരി ബയന്നാലെ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന വാർത്ത എന്നോട് വളരെ നേരത്തെ സൂചിപ്പിക്കുകയും സഹകരിക്കണമെന്നു അഭ്യർത്‌ഥിക്കുകയും ചെയ്തു. ആദ്യം സംഘടിപ്പിക്കപ്പെട്ട കമ്മറ്റിയിൽ ഞാനുമുണ്ടായിരുന്നു. കാര്യങ്ങൾ മുൻപോട്ട് പോയിരുന്നതും സുഗമമായിട്ടായിരുന്നു. സർക്കാർ ഫണ്ട് അനുവദിക്കാമെന്ന് തീരുമാനിക്കുകയും അത് കമ്മറ്റിയിൽ ചർച്ചചെയ്യാതെ ചിലർ കമ്മറ്റിയ്ക്കു വേണ്ടി അത് കൈപ്പറ്റുകയും ചെയ്തത് എനിക്ക് ചോദിക്കേണ്ടിവന്നു. അന്ന് തുടങ്ങിയ അഭിപ്രായഭിന്നത അങ്ങനെതന്നെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കൂടാതെ ബയന്നാലെയിലെ നമ്മുടെയിവിടത്തെ പ്രഗത്ഭരായ കലാകാരന്മാരുടെ പ്രാതിനിധ്യം തീർത്തും അപര്യാപ്തമാണെന്ന വിശ്വാസക്കാരനാണ് ഞാൻ. ഇവിടെയുള്ളവരെ പാശ്ചാത്യകല കാണിക്കുന്നത് മാത്രമല്ല ധർമ്മം. മറിച്ച് കാണാൻ വരുന്ന വിദേശീയർക്കും നാട്ടുകാർക്കും നമ്മുടെ കലാകാരന്മാരുടെ സൃഷ്ടികൾ കാണിക്കാനുള്ള ബാദ്ധ്യതയും ബയന്നാലെ കമ്മറ്റിയുടെ മേൽ നിക്ഷിപ്തമാണ്. എന്നാൽ ഈ ചുമതല അവർ എല്ലാ പതിപ്പുകളിലും അവഗണിക്കുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.

ഇന്ത്യയിൽത്തന്നെയുള്ള ചിത്രശില്പകലാകാരന്മാരെ ഓർക്കുമ്പോൾ പെട്ടെന്ന് മനസ്സിലോടിയെത്തുന്ന അസാധാരണ പ്രതിഭയുള്ള ഒരാളാരാണ്?

എൻ്റെ ബാച്ച്മേറ്റായ കെ.രാമാനുജം വരച്ച ചിത്രങ്ങൾ പോലെയുള്ളവ ഞാൻ മറ്റെങ്ങും കണ്ടിട്ടില്ല. വിഷയത്തിലും ശൈലിയിലും അത്രയ്ക്ക് നൈതികത പുലർത്തുന്നവയാണ് അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ. യൂറോപ്പിലോ അമേരിക്കയിലോ ആയിരുന്നു അദ്ദേഹം ജനിച്ചിരുന്നതെങ്കിൽ മാധ്യമങ്ങൾ അദ്ദേഹത്തെ ലോകോത്തരകലാകാരനായി ആഘോഷിക്കുമായിരുന്നു. ഇവിടെ എത്ര പത്രാധിപന്മാർക്ക് അദ്ദേഹത്തെപ്പോലെ ഒരു കലാകാരൻ ജീവിച്ചിരുന്നത് പോലും അറിയാമോ ആവോ?

 യൂറോപ്പിൽ ഇരുപതാം നൂറ്റാണ്ടിൽ ഉദയം ചെയ്ത പല പരിഷ്‌ക്കരണകൂട്ടായ്മകളിലും സാഹിത്യകാരന്മാരോടൊപ്പമോ പലപ്പോഴും ഒരു പടി ഉയരത്തിലോ ചിത്രകാരന്മാരും ശില്പികളും പ്രവർത്തിച്ചിട്ടുള്ളതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഒരു ചെറിയ പഞ്ചായത്തിലുള്ള ഒരു കുഞ്ഞുവായനശാലയുടെ അവാർഡിനർഹനാകുന്ന സാഹിത്യകാരന് നാം എന്തുകൊണ്ടാണ് ഒരു അന്തർദേശീയ അവാർഡിനർഹനായ ഒരു ചിത്രകാരനെക്കാളോ ശില്പിയെക്കാളോ മതിപ്പും ബഹുമാനവും നൽകുന്നത്? ആഗോളപശ്ചാത്തലത്തിൽ നമ്മുടെ ചിത്രകാരന്മാരും ശില്പികളും നേടിയിട്ടുള്ള പ്രശംസയും യശസ്സും നമ്മുടെ സാഹിത്യകാരന്മാർക്ക് ദുര്ലഭമായല്ലേ സത്യത്തിൽ ലഭിച്ചിട്ടുള്ളൂ.?

തികച്ചും ശരിയായ നിരീക്ഷണമാണിത്. യൂറോപ്പിലെ നവോത്‌ഥാനകാലഘട്ടം മുതലേ കലാകാരന്മാർ സാഹിത്യകാരന്മാരെക്കാളും പ്രശസ്തിയിൽ വിരാജിച്ചിരുന്നതായി നമുക്ക് കാണാം. പിന്നീട് ഇത് മുറിക്കപ്പെടാതെ പിന്തുടർന്ന് പോന്നു. പ്രമുഖപത്രങ്ങളുടെ മുഖ്യപത്രാധിപന്മാർ തങ്ങളുടെ ഫോട്ടോഗ്രാഫർമാരോടൊപ്പം പിക്കാസോയുടെയും ഡാലിയുടെയും സ്റ്റൂഡിയോകളിൽ പോയിവരെ അവരെ ഇൻറ്റർവ്യൂ ചെയ്തിട്ടുണ്ട്. സാഹിത്യകാരന്മാർ ഉൾപ്പെട്ട ദാദായിസത്തിലും സർറിയലിസത്തിലുമൊക്കെ ചിത്രകാരന്മാർക്കായിരുന്നു പ്രാമുഖ്യം. ഇന്ത്യയിൽ ഒരല്പമെങ്കിലും ഈ പ്രവണത കണ്ടിട്ടുള്ളത് സ്വാതന്ത്ര്യസമരകാലത്ത് ബംഗാൾ സ്‌കൂളിലാണ്. കലാചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ പല മേഖലകളിലും അതിൻ്റെ ഗുണം തീർച്ചയായും നമുക്ക് കാണാനാകും.

 യക്ഷിയുടെ വരുംകാല സംരക്ഷണത്തിന് എന്തെങ്കിലും നടപടികൾ കൈക്കൊള്ളാൻ പദ്ധതികളുണ്ടോ ?

ഒരു കലാശില്പത്തിനുപരിയായി പാലക്കാടിൻ്റെ ഒരു അടയാള ചിഹ്നമാണ് ഇന്ന് യക്ഷി. അതിനെ സംരക്ഷിക്കേണ്ട ചുമതല തീർച്ചയായും ഇവിടുത്തെ സമൂഹത്തിനും അവർ തിരഞ്ഞെടുത്തിട്ടുള്ള സർക്കാരിനുമുണ്ട്. അതിലേയ്ക്കായുള്ള പ്രവർത്തനങ്ങളും ചർച്ചകളും അണിയറയിൽ നടക്കുന്നതായിട്ടാണ് അറിയാൻ കഴിഞ്ഞത്. യക്ഷിയുടെ രൂപത്തിൻ്റെ മേലാകെ ലോഹത്തകിട്കൊണ്ട് പൊതിഞ്ഞാൽ ഏറെ വർഷങ്ങൾ അവൾ അവളുടെ വന്യമായ സ്ത്രൈണതയോടെ തല മാനത്തേയ്‌ക്ക്‌ അഭിമാനത്തോടെ ഉയർത്തി അങ്ങനെയിരിക്കും.

ഫൊട്ടോ : ഹരിഹരന്‍ സുബ്രഹ്മണ്യന്‍

 

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Kanhayi kunhiraman yakshi malampuzha dam

Next Story
സന്യാസീതുല്യനായ ഒരു അലോപ്പതിക്കാരന്‍priya a s,memories
The moderation of comments is automated and not cleared manually by malayalam.indianexpress.com