കാർട്ടൂണിസ്റ്റ് ശങ്കറിനു കഥകളി ഇഷ്ടമായിരുന്നു. സംപ്രേക്ഷണം ചെയ്യുമ്പോള്‍ ആട്ടത്തിന്റെ നിറങ്ങള്‍ ഊറ്റിക്കളയുന്ന അക്കാലത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയോടു കടുത്ത അമര്‍ഷവും. ആ നിലയ്ക്ക് വെള്ള പ്രതലത്തില്‍ കറുത്ത മഷി കൊണ്ട് വരച്ച ഈ കഥകളി ചിത്രങ്ങള്‍ അദ്ദേഹത്തെ ചൊടിപ്പിക്കേണ്ടതാണ്. മറിച്ചു ചിന്തിക്കാനും ന്യായമുണ്ട്. ഇന്നുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഈ രേഖാ ചിത്രങ്ങളെ ഒരു ആശ്വാസമായി കണ്ടേക്കാം. അത്രയ്ക്ക് നിറക്കൂട്ടുണ്ട് ഇന്നത്തെ കഥകളി അരങ്ങുകള്‍ക്ക്.
കായംകുളത്തു 1902ല്‍ ജനിച്ച ശങ്കര്‍ കണ്ടു വളര്‍ന്ന കഥകളി ശരിക്കും ‘രാത്രിയുടെ കല’ തന്നെ ആയിരുന്നിരിക്കണം. ‘കുറ്റാകുറ്റിരുട്ട്’ എന്നത് ഭാഷാ പ്രയോഗം മാത്രമല്ലാത്ത കാലം. കളിവിളക്കിന്റെ ഇളകുന്ന തിരി നാളങ്ങളുടെ അല്പവെളിച്ചത്തിലാണ് കഥ ആടിയിരുന്നത്. ട്യൂബ് ലൈറ്റ് ഇല്ല, സ്റ്റേജ് ലൈറ്റ് ഇല്ല.
അലങ്കാരം മാത്രമാണ് ഇന്നത്തെ നിലവിളക്ക്, ചിലപ്പോഴെങ്കിലും കപട ആത്മീയതയുടെ അലംഘനീയമായ പ്രതീകവും.
അമ്പലത്തിലെ ഇടനാഴികളില്‍ കാണുന്ന പഴയ ചുമര് ചിത്രങ്ങള്‍ പോലെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കു തെളിഞ്ഞു വരുകയും തിരിച്ചു ഇരുട്ടിലേക്ക് തെന്നി നീങ്ങുകയും ചെയ്യുന്ന പച്ചയും ചുവപ്പും വെളുപ്പുമൊന്നും ഇപ്പോളില്ല. കടുത്ത വര്‍ണ്ണപ്പകിട്ടുള്ള ഒരു രംഗകലയാണ് ഇന്നത്തെ കഥകളി. പൊതു നിരത്തില്‍ ഉച്ച വെയിലത്ത് വെട്ടിത്തിളങ്ങുന്ന പരസ്യങ്ങള്‍ തൊട്ട് വീട്ടിലെ ഭിത്തിയില്‍ ക്യുബിസ്റ്റ് മരപ്പണിയില്‍ വരെ അതിനു ഉപോല്‍പ്പന്നങ്ങള്‍ ഉണ്ട്. ഇത്തരം ബഹുരൂപങ്ങള്ക്കിടക്ക് ഈ കലയെ പിടിച്ചു നിർത്തുന്നതിപ്പോഴും അഭിനയം തന്നെ.
കലാമണ്ഡലം ഗോപി എന്ന ഗോപിയാശാനെ കണ്ടു വരയ്ക്കാന്‍ അവസരങ്ങളുണ്ടായിട്ടുണ്ട്. അരങ്ങു നിറഞ്ഞു നില്‍ക്കുമ്പോഴും ചുട്ടികുത്താന്‍ നീണ്ടു നിവര്‍ന്നു കിടക്കുമ്പോഴും കളിക്ക് കയറുന്നതിനു തൊട്ടു മുമ്പത്തെ ഒരുക്കങ്ങളുമാണ് ഈ ചിത്രങ്ങളില്‍.
കലാമണ്ഡലത്തിലെ അണിയറയില്‍ ചമഞ്ഞ്, കിരീടം ചൂടി, ഉടുത്തൊരുങ്ങി, തന്റെതായി ശേഷിക്കുന്ന മാല വരെ ഊരിമാറ്റി പൂര്‍ണ്ണമായി കഥാപാത്രമാവുന്ന മഹാനടന്.








ഇന്ത്യന്‍ എക്സ്പ്രസ്സ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റ് ആണ് ഇ. പി. ഉണ്ണി