/indian-express-malayalam/media/media_files/2025/11/06/kabhoom-fi-2025-11-06-12-11-20.jpg)
ഹരിഹരൻ്റെ 'ഉപ്പുവെള്ളത്തിലെ കാൽപ്പാടുകൾ '
കാലാവസ്ഥാ വ്യതിയാനം പോലെയുള്ള ഭൗമപ്രശ്നങ്ങള്‍ ജനജീവിതത്തെ വെല്ലുവിളിക്കുന്ന സന്ദര്‍ഭമാണിത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ തീരപ്രദേശങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വേലിയേറ്റ വെള്ളപൊക്കമെന്ന പ്രതിഭാസത്തിന്റെ നശീകരണ സ്വഭാവത്തെ പ്രതിഫലിപ്പിക്കാന്‍ കലാകാരും ശാസ്ത്രജ്ഞന്മാരും ആര്‍ക്കിടെക്ടുകളും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നൊരുക്കിയ ആര്‍ട്ട് എക്സിബിഷനാണ് 'കഭൂം.'
കാലാകാലങ്ങളായി താണനിലങ്ങളില്‍ താമസിക്കേണ്ടി വന്ന മനുഷ്യര്‍ വര്‍ഷങ്ങളായി മഴയുമായി ബന്ധപ്പെട്ട അനുഭവിക്കുന്ന കെടുതികളില്‍ നിന്ന് വ്യത്യസ്തമായി വീടുകളില്‍ ഏറ്റുവെള്ളം കെട്ടി നില്‍ക്കുന്ന ഒന്നാണ് വേലിയേറ്റ വെള്ളപ്പൊക്കം. കേരളത്തിലെ തീരപ്രദേശങ്ങളില്‍, പ്രത്യേകിച്ച് മൺട്രോതുരുത്ത്, കണ്ണൂര്‍, ആലപ്പുഴ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ മനുഷ്യന്റെ ആവാസത്തെ പൂര്‍ണമായും നശിപ്പിക്കുന്ന വിധത്തില്‍ വേലിയേറ്റ വെള്ളപ്പൊക്കവും ഓരുവെള്ള ഭീഷണിയും ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇവിടുത്തെ ജനതയുടെ നിലനില്‍പ്പിന്റെ പ്രശ്നം കൂടിയാണ്. സ്വന്തമായി ഭൂമിയില്ലാതെ കോളനിവത്ക്കരിക്കപ്പെട്ട ജനത ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും ഓരങ്ങളില്‍ വിന്യസിക്കപ്പെട്ടത്തിന്റെ ചരിത്രം മറന്നു കൊണ്ട് പരിസ്ഥിതി നാശമെന്ന യുക്തിയിലൂടെ മാത്രം പുതുകാല പ്രശ്നങ്ങളെ നേരിടാന്‍ കഴിയില്ല. ഇടനാട്ടിലും മലനാട്ടിലും തീരപ്രദേശങ്ങളിലും ഓരപ്പെട്ട ജീവിതം നയിക്കുന്നവരെയാണ് ഏറ്റവുമാദ്യം ദുരന്തങ്ങള്‍ ബാധിക്കുന്നത്.
മനുഷ്യനും ജലാശയങ്ങളും ജലകേന്ദ്രിതമായ ചാക്രിക പ്രതിഭാസങ്ങളും തമ്മിലുള്ള പൊരുത്തങ്ങള്‍ തകിടം മറിഞ്ഞ കാലമാണിത്. ഇത്തരത്തില്‍ മനുഷ്യന്റെ ആവാസങ്ങള്‍ നഷ്ടപ്പെടുന്ന കാലത്ത് കലയുടെ ഇടപെടല്‍ സർഗാത്മകമായി അടയാളപ്പെടുത്തുന്നതിന്റെ ഉദാഹരണമാണ് 'കഭൂം.'
/filters:format(webp)/indian-express-malayalam/media/media_files/2025/11/05/kabhoom-5-2025-11-05-19-03-03.jpg)
ജലം എന്ന സംയുക്തം കലയുടെ മണ്ഡലത്തില്‍ ചിത്രങ്ങളായും ശില്‍പ്പങ്ങളായും ഇന്‍സ്റ്റലേഷനായും ആവിഷ്ക്കരിക്കപ്പെടുന്നുണ്ടെങ്കിലും മനുഷ്യനനുഭവിക്കുന്ന ഒരു അടിയന്തിര പ്രശ്നത്തെ മുന്‍ നിര്‍ത്തി സംഘടിപ്പിക്കപ്പെട്ട 'ക്യൂറേറ്റോറിയല്‍' എന്ന നിലയിലാണ് കഭൂം വ്യത്യസ്തമാകുന്നത്. അന്‍പതോളം വരുന്ന ആര്‍ട്ടിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ആര്‍ക്കിടെക്റ്റ്സും അടങ്ങുന്ന ഒരു സംഘം ദുരിതബാധിത പ്രദേശങ്ങളില്‍ നടത്തിയ യാത്രയുടെ സാക്ഷാത്കാരമാണ് കഭൂം.
രാധാ ഗോമതി എന്ന കലാകാരിയുടെ രാഷ്ട്രീയബോധ്യമുള്ള ക്യൂറേഷനിലൂടെ സാധ്യമായ ഈ കൂട്ടായ്മയ്ക്ക് ശാസ്ത്രീയമായ നേതൃത്വം നല്‍കിയത് ഇക്വിനോക്ട് (Equinoct) എന്ന സംഘടനയാണ്.
കലയുടെ സാമൂഹികസന്നദ്ധത കൃത്യമായി വെളിപ്പെടുന്ന വിധം രാഷ്ട്രീയപ്രാധാന്യമുള്ള ഒരു വിഷയത്തെ സമഗ്രമായി അവതരിപ്പിക്കാന്‍ രാധാഗോമതിക്ക് കഴിഞ്ഞിരിക്കുന്നു. കൊച്ചിയുടെ തീരപ്രദേശങ്ങളില്‍ നടത്തിയ യാത്രകളില്‍ ഈ ഷോയിലെ കലാകാരനെന്ന നിലയില്‍ ഞാനും പങ്കെടുത്തിരുന്നു.
സർഗാത്മക വിനിമയം സാധ്യമാക്കിയ നീണ്ട ചര്‍ച്ചകളും ക്യാമ്പുകളും സംഘടിപ്പിച്ച് നടത്തിയ ക്യൂറേറ്റോറിയല്‍ വ്യത്യസ്തമായ അനുഭവമായിരുന്നു. ക്യൂറേറ്റര്‍ക്കൊപ്പം ഇടക്കൊച്ചി, ഏഴിക്കര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ അവ അടുത്തറിയാൻ സാധിച്ചു. മലിനജലം തളം കെട്ടിക്കിടക്കുന്ന വീടുകള്‍ക്കുള്ളില്‍ അതിരാവിലെ മുതല്‍ പണിയെടുക്കുന്ന സ്ത്രീകള്‍, ഉപജീവന മാര്‍ഗം നഷ്ടമായവര്‍, ഓടിക്കളിക്കാന്‍ ഇടമില്ലാതെ തീര്‍ത്തും ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങള്‍ തുടങ്ങി വിസര്‍ജിക്കാന്‍ പോലും ഇടമില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യരുടെ തുരുത്തുകള്‍ കൊച്ചിയുടെ തീരങ്ങളില്‍ രൂപപ്പെട്ടു കൊണ്ടിരിക്കുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/11/05/kabhoom-9-2025-11-05-19-20-18.jpg)
ഇടക്കൊച്ചിയിലെ ഒരു സ്കൂള്‍ കുട്ടി നേരിട്ട നാണക്കേടിന്റെ കഥ പങ്കുവച്ചപ്പോള്‍ വേലിയേറ്റ വെള്ളപ്പൊക്കമെന്ന ദുരന്തത്തിന്റെ ആഘാതശേഷി കുരുന്നു തലമുറയുടെ ജീവിതത്തെ എത്രമാത്രം ആഴത്തില്‍ ബാധിക്കുന്നുവെന്ന് ബോധ്യപ്പെട്ടിരുന്നു. രാവിലെയുണര്‍ന്ന് വീടിനുള്ളില്‍ കെട്ടി നില്‍ക്കുന്ന വെള്ളം കോരിക്കളഞ്ഞ ശേഷം പ്രാഥമിക കൃത്യങ്ങള്‍ നടത്തി കൃത്യസമയത്ത് സ്കൂളില്‍ എത്തിച്ചേരാന്‍ കഷ്ടപ്പെടുന്നതിന്റെ അനുഭവമായിരുന്നു അത്.
താമസിച്ചെത്തുന്ന കുട്ടിക്ക് ടീച്ചര്‍ എല്ലാ ദിവസവും ശിക്ഷ കൊടുത്തുകൊണ്ടിരുന്നു. സ്കൂള്‍ കെട്ടിടത്തിന് ചുറ്റും നാലഞ്ചു തവണ ഓടിയ ശേഷം മാത്രം ക്ലാസില്‍ കയറാന്‍ അനുമതി നല്‍കുന്ന ശിക്ഷയായിരുന്നു അത്. കുഞ്ഞുങ്ങളെ മനസിലാക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ പദ്ധതി പരാജയപ്പെടുന്നതിന്റെ ഉദാഹരണം കൂടിയാണിത്. ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഉപ്പുവെള്ളത്തോട് പൊരുതി നില്‍ക്കുന്ന ഒരു കുഞ്ഞിനെ സ്കൂള്‍ കെട്ടിടത്തിന് ചുറ്റും ഓടിപ്പിക്കുന്ന വിദ്യയാണ് അധ്യാപക സമൂഹത്തിന് വശമുള്ളത്. എങ്ങനെയാവും ഇവര്‍ക്ക് ആവാസവ്യവസ്ഥയെ പറ്റി കുഞ്ഞുങ്ങള്‍ക്ക് പാഠങ്ങള്‍ ചൊല്ലിക്കൊടുക്കാനാവുന്നത്.
നിശബ്ദനായി കുറ്റം വരിച്ചു കൊണ്ട് സ്കൂള്‍ കെട്ടിടത്തിന് ചുറ്റും ഓടുന്ന കുഞ്ഞിന്റെ മനോനിലയെ ആവിഷ്ക്കരിക്കാന്‍ ചിലപ്പോള്‍ പരിസ്ഥിതി സിദ്ധാന്തങ്ങള്‍ക്കോ ശാസ്ത്രസത്യത്തിനോ നമ്മുടെ വിദ്യാഭ്യാസപദ്ധതിക്കോ കഴിഞ്ഞെന്നു വരില്ല. മനുഷ്യന്റെ ദുരന്താനുഭവത്തെ വികാരവായ്‌പ്പോടെ തര്‍ജ്ജമ ചെയ്യാന്‍ ചില നേരങ്ങളില്‍ കലയുടെ സഹായം വേണ്ടി വരും. കഭൂം പോലെയുള്ള കലാപ്രദര്‍ശനങ്ങള്‍ ഇടപെടല്‍ ശേഷിയുള്ള ഒന്നാവുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.
ഏകദേശം ഒരു മാസക്കാലം നീണ്ടു നിന്ന ഈ എക്സിബിഷന്‍ കലയുടെ സൗന്ദര്യം മാത്രമല്ല നല്‍കുന്നത്; അറിവിന്റെയും അനുഭവത്തിന്റെയും പുതിയൊരു മാതൃക അത് മുന്നോട്ടു വച്ചു. ജലം കേന്ദ്ര വിഷയമായി വരുന്ന ഏറ്റവും പുതിയ മാനവികവിഷയങ്ങളായ ഹൈഡ്രോ ഹുമാനിറ്റീസ്, ബ്ലൂ ഹ്യുമാനിറ്റീസ് തുടങ്ങിയ ജ്ഞാനമണ്ഡലങ്ങളില്‍ മനുഷ്യനും ജലവും തമ്മിലുള്ള ബന്ധത്തെ തത്വചിന്താപരമായി ആവിഷ്ക്കരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
മാനുഷികവും, മൃഗപരവും, ഭൂവിജ്ഞാനീയപരവും, ഭൗമപരവുമായ എല്ലാ ശരീരസങ്കല്‍പ്പങ്ങളും അടിസ്ഥാനപരമായി ജലാത്മകമാണെന്ന് (aqueous) സാംസ്കാരിക ചരിത്രകാരിയായ ആസ്ട്രിഡ നീമാനിസിന്റെ 'ജല ശരീരങ്ങള്‍' (Bodies of Water) എന്ന ആശയം വ്യക്തമാക്കുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/11/05/kabhoom-2-2025-11-05-18-55-04.jpg)
വേർപെടുത്താനാവാത്ത കൈമാറ്റ പ്രക്രിയകളിലൂടെ ജീവാജൈവ ഘടകങ്ങളും ജലാശയങ്ങളും ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ കോശങ്ങളെ രൂപപ്പെടുത്തുന്ന ജലം; മേഘങ്ങൾ, നദികൾ, സമുദ്രങ്ങൾ, മണ്ണ്, പാറകള്‍, മറ്റ് ജീവികൾ എന്നിവയിലൂടെ ചംക്രമണം ചെയ്തിട്ടുള്ളതാണെന്ന വീക്ഷണത്തിലൂടെ മനുഷ്യകേന്ദ്രിത വ്യക്തിത്വത്തെക്കുറിച്ചുള്ള ആശയത്തെ അവര്‍ പ്രശ്നവത്ക്കരിക്കുന്നു.
മനുഷ്യന്റെ ഉടമസ്ഥതയില്‍ കൈകാര്യം ചെയ്യപ്പെടുന്ന വെറും വിഭവം എന്നതിലുപരി ശരീരത്തെ ആവാസവ്യവസ്ഥയുമായി ബന്ധിപ്പിക്കുന്ന സുതാര്യമായ കണ്ണികളായി അവര്‍ ജലത്തെ പുനർകൽപ്പന ചെയ്യുന്നു. നീമാനിസിസിന്റെ ആശയത്തെ മുന്‍ നിര്‍ത്തി ആലോചിച്ചാല്‍ ഉപ്പ് എന്ന മനുഷ്യേതര രൂപകമാണ് കഭൂം എന്ന കലാ പ്രദര്‍ശനത്തിന്റെ കേന്ദ്ര ബിന്ദുവായി തെളിഞ്ഞു വരുന്നത്. കഭൂമില്‍ പ്രദര്‍ശിപ്പിച്ച ഒട്ടുമിക്ക സൃഷ്ടികളിലും ഉപ്പ് എന്ന ലവണത്തിന്റെ നാനാതരത്തിലുള്ള അര്‍ഥങ്ങള്‍ തെളിഞ്ഞു വരുന്നത് കാണാം.
സമുദ്രങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് മനുഷ്യശരീരത്തില്‍ അലയടിക്കുന്ന സംയുക്തമാണ് ഉപ്പ്. ലവണം കൊണ്ട് ക്രമീകരിച്ച ഒരു ശരീരത്തില്‍ ജീവിച്ചിരിക്കുക എന്നാല്‍ ജലജീവിത ഭൂതകാലത്തിന്റെ ഓര്‍മ്മകളെ പേറിക്കൊണ്ട് ജീവിക്കുക എന്ന് കൂടി അര്‍ത്ഥമുണ്ട്.
ഈ സത്യം ഉപ്പിനെ അസ്തിത്വപരമായ ഒരു രൂപകമായി നിലനിര്‍ത്തുന്നു. അത് ഒരേ സമയം ബോധത്തിന്റെ അടിസ്ഥാന ധാതുവും, ആഹാരത്തില്‍ രുചിക്കൂട്ടുമാകുന്നു, കണ്ണുനീരിനെ ഗാഢമാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വർത്തമാനകാലത്തിൽ മനുഷ്യജീവിതത്തെ ദ്രവിപ്പിക്കുന്ന ലവണശക്തിയായി ഉപ്പ് പ്രത്യക്ഷപ്പെടുന്നതിന്റെ നേര്‍സാക്ഷ്യമാണ് കഭൂം എന്ന ആര്‍ട്ട് എക്സിബിഷന്‍.
വെള്ളം കെട്ടിനിൽക്കുന്ന കൊച്ചിയിലെ ഭൂപ്രകൃതിയിലും, നിരന്തരമായി ആവര്‍ത്തിക്കുന്ന വേലിയേറ്റ വെള്ളപ്പൊക്കത്താൽ വലയം ചെയ്യപ്പെട്ട ദ്വീപസമൂഹങ്ങളിലും, ഉപ്പുവെള്ളം എന്നത് ഒരു വില്ലനായി മാറിയിട്ടുണ്ട്. ഓരോ വേലിയേറ്റ വെള്ളപ്പൊക്കത്തിലും, അത് വീടുകളുടെയും വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും അസ്ഥികളിലേക്ക് അരിച്ചിറങ്ങുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/11/10/kabhoom-e-p-unni-9-2025-11-10-12-24-34.jpg)
ആവാസവ്യവസ്ഥ പ്രേതഭൂമിയായി മാറുന്നു. വെള്ളപ്പൊക്കം പിൻവാങ്ങുമ്പോൾ, ദുരന്തത്തിന്റെ ധാതുവെന്ന പോലെ ഉപ്പ് മാത്രം അവശേഷിക്കുന്നു. സമൂഹത്തിന്റെ ഓരങ്ങളില്‍ ജീവിക്കേണ്ടി വന്നവര്‍ ആദ്യം പുറംതള്ളപ്പെടുന്നു. ഉപ്പിലും ചതുപ്പിലും കെട്ടിപ്പൊക്കിയ നഗരങ്ങള്‍ പതിയെ ദ്രവിച്ചുതുടങ്ങുന്നു. കടല്‍ നമ്മളെ തൊട്ടിരിക്കുന്നു എന്നതിന്റെ അടയാളപ്പെടുത്തൽ കൂടിയായിരുന്നു ആ എക്സിബിഷൻ.
'Water as Mirror' എന്ന രാധാ ഗോമതിയുടെ ആവിഷ്ക്കാരം എക്സിബിഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. വെള്ളം കെട്ടിനിര്‍ത്തിയ ഒരു വീടിന്റെ അസ്ഥികൂടത്തിലൂടെയാണ് എല്ലാവരും കടന്നു പോകുന്നത്. ശ്രീജിത്ത് രമണന്‍ സംവിധാനം ചെയ്ത ‘ചെവിട്ടോര്‍മ്മ’യെന്ന നാടകത്തിന്‍റെ സെറ്റിനെ ഭാവന കലര്‍ത്തി രൂപമാറ്റം നടത്തിയ ആര്‍ട്ട് വര്‍ക്കാണ് 'Water as Mirror'. വിഷയത്തിന്റെ ആന്തരഭാവത്തെ അനുഭവിക്കും വിധമായിരുന്നു രാധ തന്റെ സൃഷ്ടി നിര്‍വഹിച്ചത്. വീടിന്റെ ഭിത്തിയില്‍ ജോഷി പി കെ എന്ന കലാകാരന്റെ ചുവര്‍ ചിത്രവുമുണ്ടായിരുന്നു.
'Welcome to Kochi' എന്ന ഹരിഹരന്റെ ഫോട്ടോ ഇന്‍സ്റ്റലേഷന്‍ വേലിയേറ്റ വെള്ളപ്പൊക്കമെന്ന ദുരന്തത്തിന്റെ മന്ദഗതിയിലുള്ള പ്രതിഭാസത്തെ ഓര്‍മ്മിപ്പിക്കുന്ന അസാധാരണമായ ഒരു കലാസൃഷ്ടിയാണ്. കൊച്ചിയിലെ തണ്ണീര്‍ത്തടങ്ങളില്‍ കാണുന്ന സ്ലൂയിസ് ഗേറ്റിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ഒരു ലോഹഘടനയില്‍ ഉപ്പുവെള്ളം നിറച്ച ഒന്‍പത് കുപ്പിഭരണികള്‍ നിരത്തി വച്ച് അതിനുള്ളില്‍ ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഹരിഹരന്‍ പകര്‍ത്തിയ ഫോട്ടോകള്‍ അടക്കം ചെയ്തിരിക്കുന്നു.
ഉപ്പുവെള്ളത്തില്‍ മുക്കിയിട്ട ഫോട്ടോകള്‍ ഒരു മാസം കൊണ്ട് തീരദേശങ്ങളിലെ വീടുകള്‍ പോലെ നിറം മാറുകയും ദ്രവിക്കുകയും ചെയ്തിരിക്കുന്നു. ഹരിഹരന്റെ കലാസൃഷ്ടി സ്വയം ദ്രവിച്ചു തീരുന്നത് വിഷയത്തിന്റെ സൂക്ഷ്മതയെ ആഴത്തില്‍ രേഖപ്പെടുത്തുന്നു.
കഭൂം എന്ന ഷോയുടെ ലോഗോ ഡിസൈന്‍ ചെയ്തത് ലതീഷ് ലക്ഷ്മണ്‍ എന്ന ആര്‍ട്ടിസ്റ്റാണ്. അദ്ദേഹം ഷോയ്ക്ക് വേണ്ടി തയ്യാറാക്കിയ ലോഗോ തന്നെയാണ് പ്രദര്‍ശനവസ്തുവായി തെരഞ്ഞെടുത്തത്. തരംഗസ്വഭാവമുള്ള ജലത്തിന്റെ ശബ്ദം ലതീഷിന്റെ രചനയില്‍ ഉള്ളടങ്ങിയിട്ടുണ്ട്.
/filters:format(webp)/indian-express-malayalam/media/media_files/2025/11/05/kabhoom-4-2025-11-05-19-01-48.jpg)
ഇക്വിനോക്ട്ന്‍റെ ശാസ്ത്ര സത്യങ്ങള്‍ കലാവസ്തുക്കളായി മാറിയ അനുഭവം സമകാലിക കലയുടെ ശക്തിയെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഡോ. ജയരാമൻ ചില്ലയിൽ, ഡോ. കെ ജി ശ്രീജ, ഡോ. സി ജി മധുസൂധനൻ, തുടങ്ങിയവരുടെ നേതൃത്വത്തില്‍ വികസിപ്പിച്ച വേലിയേറ്റ കലണ്ടറും ആപ്പുകളും വെള്ളത്തിന്റെ ഏറ്റത്തെ മുന്‍ കൂട്ടി അറിയാന്‍ പ്രദേശവാസികളെ സഹായിക്കുന്ന വിധം ജനകീയമാക്കിയത് ഏറെ ശ്രദ്ധേയമാണ്.
ഡിസൈന്‍ സ്കൂളായ അവനിയിലെ കലാകാരായ സൗമിനി രാജ, ഹന്ന പത്രോസ്, ലബീബ്ജാൻ എസ് എന്നിവർ ഒരുക്കിയ ഫോട്ടോഗ്രമട്രി ഇന്‍സ്റ്റലേഷന്‍ ദുരന്തബാധിതപ്രദേശത്തിലൂടെ കാഴ്ചക്കാരെ തത്സമയം നടത്തിക്കുവാന്‍ കെല്‍പ്പുള്ളതായിരുന്നു. ഉപ്പുതരികള്‍ കൊണ്ട് നിര്‍മ്മിച്ച ഇഷ്ടികകള്‍ നിരത്തിയ പ്രേതഭൂമിയിലൂടെ അവര്‍ നമ്മെ നടത്തിക്കുന്നു.
തടിയും കളിമണ്ണും കൊണ്ട് ചെയ്ത എ പി സുനിലിന്റെ റിലീഫുകള്‍ സംസാരഭാഷയുടെയും ചിത്രഭാഷയുടെയും സങ്കലനത്തെ പരീക്ഷിക്കുന്നതായിരുന്നു. പറവൂര്‍ സ്വദേശിയായ സുനിലിന്റെ ഓര്‍മ്മകളില്‍ ഏറ്റുവെള്ളത്തിന്റെ വിവിധ ഭാവങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ട്.
ദുരന്താനുഭവത്തെ അച്ചിലിട്ടു വാര്‍ത്ത പോലെ അയാളുടെ ഓര്‍മ്മകള്‍ ചെളിയുടെ പാളികളായി ഗാലറിഭിത്തിയില്‍ തറഞ്ഞു കിടപ്പുണ്ട്. ഇന്ത്യൻ എക്സ്പ്രസിന്‍റെ ചീഫ് പൊളിറ്റിക്കൽ കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണി വേലിയേറ്റ വെള്ളപൊക്കം ബാധിച്ച പ്രദേശങ്ങളില്‍ നടത്തിയ ഫീല്‍ഡ് വിസിറ്റുകള്‍ക്കിടയിൽ തത്സമയം കോറിയെടുത്ത സ്കെച്ചുകളും ഷോയുടെ ഭാഗമായിരുന്നു.
മനുഷ്യന്‍റെ ദുഃഖവും ഉപ്പുകലര്‍ന്ന പ്രകൃതിയും കടന്നു വരുന്ന അദ്ദേഹത്തിന്റെ രചനകള്‍ ദുരന്തത്തിന്റെ നേരനുഭവത്തിന് സാക്ഷ്യം പറയുന്നു. ആലപ്പുഴ കനാല്‍ നവീകരിച്ചതിന്റെ മാതൃക 'Inspiration Collective'ലൂടെ പ്രദര്‍ശനത്തിന്റെ ഭാഗമാകുമ്പോള്‍ ഏതൊക്കെ വിധം കനാലുകളെയും ജലവിതാനങ്ങളെയും പരിചരിക്കാമെന്നതിന്റെ പാഠം കൂടി വെളിവാകുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/11/05/kabhoom-7-2025-11-05-19-09-13.jpeg)
ജയശ്രീ പി ജി യുടെ മൂന്നു ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. ഉപ്പു കലര്‍ന്ന മണ്ണില്‍ എല്ലാ വസ്തുക്കളും ചുവപ്പിന്റെ രാശിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന ഛായാരഹസ്യം അവര്‍ തന്റെ ചിത്രങ്ങളിലൂടെ അതിസമര്‍ത്ഥമായി അവതരിപ്പിച്ചിരിക്കുന്നു. ദുരന്താനുഭവത്തിന്റെ രാസപ്രവര്‍ത്തനം ആ ചിത്രങ്ങളില്‍ സൂക്ഷ്മമായി അടയാളപ്പെട്ടിരിക്കുന്നു.
അഞ്ജു ആചാര്യയുടെ ചിത്രം ഒരു വലിയ മീനിന്റേതാണ്. മനുഷ്യനെ വിഴുങ്ങാന്‍ വരുന്ന സമുദ്രത്തിന്റെ പ്രതീകമായി അത് ചെകിള വിടര്‍ത്തി നില്‍ക്കുന്നു. ജെ ദേവികയുടെ ‘കടല്‍ക്കുട്ടി’ എന്ന നോവലിന് ചിത്രരൂപം ഒരുക്കി കൊണ്ടാണ് ബബിത രാജീവ് പ്രദര്‍ശനത്തിന്റെ ഭാഗമാകുന്നത്.
ഭാഷയില്‍ അമര്‍ന്നുകിടന്ന അത്യപൂര്‍വമായ ഒരു ആഖ്യാനത്തെ ചിത്രലേഖനം ചെയ്തതിലൂടെ ദേവികയുടെ ഭാവനാലോകത്തിന് മറ്റൊരു ജീവിതം നല്‍കാന്‍ ബബിതയ്ക്ക് കഴിഞ്ഞു. പുസ്തകം പെറ്റ ചിത്രത്താളുകളിലൂടെ ഓരോ കഥാപാത്രവും നമ്മെ പിന്തുടരുന്നു. സബിത കടന്നപള്ളിയുടെ ഫോട്ടോ ഇന്‍സ്റ്റലേഷന്‍ വിഷയത്തിന്റെ സൂക്ഷ്മതയെ ആന്തരികാനുഭവമാക്കുന്നുണ്ട്.
ജലം വിഴുങ്ങിയ വസ്തുക്കള്‍ക്കൊപ്പം വെള്ളത്തിലാണ്ടു പോയ സ്വന്തം ശരീരഭാഗങ്ങളും വൃത്താകൃതിയിലുള്ള അക്രിലിക്ക് ഷീറ്റില്‍ അടക്കം ചെയ്ത നിലയിലാണ് അവര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത മാധ്യമത്തെ സൂക്ഷ്മമായി മെരുക്കുവാനുള്ള ശേഷിയാണ് സബിതയുടെ കലയെ വ്യത്യസ്തമാക്കുന്നത്.
വേലിയേറ്റ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ ജീവിക്കയാല്‍ സുനില്‍ വല്ലാര്‍പ്പാടത്തിന്റെ സൃഷ്ടികളില്‍ ഉപ്പിന്റെ തീവ്രത തെളിഞ്ഞുകാണാമായിരുന്നു. ദ്രവണം എന്ന പ്രതിഭാസത്തെ ക്യാന്‍വാസില്‍ ചിത്രപ്പെടുത്താനുള്ള സുനിലിന്റെ ശ്രമം നിരന്തരമായ കയ്യടക്കത്തിന്റെ സാക്ഷ്യമാണ്. മാഞ്ഞുപോകുന്നതിനെ ചിത്രമാക്കുക എളുപ്പവേലയല്ല. സുനിൽ വല്ലാർപ്പാടത്തിൻറെ ഇന്‍സ്റ്റലേഷന്‍ ദ്രവിച്ച വസ്തുക്കളുടെ നിരന്തരയാത്രയെ കൂടി ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/11/05/kabhoom-8-2025-11-05-19-16-56.jpg)
പ്രകാശന്‍ കെ എസിന്റെ മണ്ണ് കൊണ്ടുള്ള കലാസൃഷ്ടി വയലിന്റെയോ നിലത്തിന്റെയോ സൗന്ദര്യത്തെയല്ല പ്രക്ഷേപിക്കുന്നത്; മറിച്ച് അറിവിന്റെയും ചെറുത്തുനില്‍പ്പിന്റെയും നൈരന്തര്യത്തെ കൂടി അടയാളപ്പെടുത്തുന്നുണ്ട്. കൃത്രിമ പല്ലുണ്ടാക്കുന്ന റെസിന്‍ കൊണ്ട് പ്രകാശന്‍ നിര്‍മ്മിച്ച വിചിത്ര മീനുകളുടെ ശില്‍പ്പങ്ങള്‍ക്ക് താഴെ കുഡുംബി സമുദായത്തില്‍പ്പെട്ടവര്‍ക്കിടയിൽ നിലനിന്ന ലിപിയില്ലാത്ത ഗൂഢഭാഷയെ കൂടി എഴുതിവച്ചപ്പോള്‍ ഭാഷയുടെയും സംസ്ക്കാരത്തിന്റെയും നിഗൂഢചരിത്രം കൂടി വെളിപ്പെട്ടുവന്നു.
ശില്‍പ്പിയുടെ വിരല്‍ത്തുടിപ്പ് ഓരോ സൃഷ്ടിയിലും അനുഭവിക്കാന്‍ കഴിയും വിധം വിഷയത്തിന്റെ വൈകാരികവും അസ്തിത്വപരവുമായ സന്ദര്‍ഭങ്ങളെ കൊത്തിയെടുക്കാന്‍ സലില്‍ മോഹന്‍ദാസിന്റെ ശില്‍പ്പങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകമായി ദുരന്ത ബാധിത പ്രദേശത്ത് നടത്തിയ നിരന്തര യാത്രകളുടെ ഫലമാണ് ജേണലിസ്റ്റ് കൂടിയായ ആരതി എം ആറിന്റെ ‘ഉപ്പുവീടുകള്‍’ എന്ന ഡോക്യുമെന്ററി.
പുറത്തു നിന്ന് നോക്കുന്ന ഒരാളുടെ കണ്ണുകള്‍ കൊണ്ടല്ല ആരതി തന്റെ കാഴ്ച്ചപ്പാടിനെ അടയാളപ്പെടുത്തുന്നത്. ഉപ്പുവെള്ളത്തിലാണ്ട് പോയ ജീവിതങ്ങളെ തന്റെ തന്നെ ആത്മശരീരത്തില്‍ ഉള്‍ചേര്‍ക്കുവാനും അതിനെ ചലിക്കുന്ന ജീവിതചിത്രമാക്കുവാനും ആരതിക്ക് കഴിഞ്ഞിരിക്കുന്നു. ബ്ലെയ്സ് ജോസഫിന്റെ കണ്ടല്‍ശില്‍പ്പം അതിന്റെ പ്രാതിഭാസികമായ കല്‍പ്പന കൊണ്ട് വേറിട്ട് നില്‍ക്കുന്നതാണ്.
ഇരുമ്പു കമ്പികള്‍ കൊണ്ട് നിര്‍മ്മിച്ച മനുഷ്യരൂപത്തില്‍ കണ്ടല്‍ വിത്തുകള്‍ പൊതിഞ്ഞിരിക്കുന്ന ശില്‍പ്പം ഡൈനാമിക് എന്ന് വിളിക്കാവുന്ന വിധത്തില്‍ ഊര്‍ജഭാവം നിലനിര്‍ത്തുന്നതാണ്. എണ്ണിയാലൊടുങ്ങാത്ത കണ്ടല്‍വിത്തുകളുടെ മുള പൊട്ടുന്ന ഭാഗത്ത് മണ്ണ് പൊതിഞ്ഞാണ് ഇരുമ്പുകൊണ്ടുള്ള മനുഷ്യന്റെ അസ്ഥികൂടത്തില്‍ തൂക്കിയിട്ടിരിക്കുന്നത്.
ഒരു മാസം നീണ്ടു നിന്ന ഷോയില്‍ കണ്ടല്‍വിത്തുകള്‍ മുളയ്ക്കുന്ന വിധം വളര്‍ന്നു കൊണ്ടിരിക്കുന്ന പച്ചപ്പിന്റെ രൂപകമായി ആ ശില്‍പ്പം നിലകൊള്ളുന്നു. സഞ്ജയ് വീരകുമാറും വിഷ്ണു കെ യും നേതൃത്വം കൊടുക്കുന്ന ക്ലൈമാട്രിക്സ് കളക്ടീവ് എന്ന ക്രിയാത്മക സംഘം രൂപകല്‍പ്പന ചെയ്ത ഇന്‍സ്റ്റലേഷനില്‍ കാണികള്‍ക്ക് ഇടപെടാവുന്ന വിധം ചോദ്യങ്ങള്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്ന ഒരു ഇന്റര്‍ഫേസിലൂടെ ഡേറ്റയ്‌ക്കൊപ്പം ഇമോഷനും പ്രതിപ്രവര്‍ത്തിക്കുന്ന ഒരു ഡിജിറ്റല്‍ സൃഷ്ടിയും പ്രദര്‍ശനത്തിന്റെ ഭാഗമായിരുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/11/05/kabhoom-6-2025-11-05-19-07-02.jpeg)
ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടുന്ന പഠിതാക്കളും സാമൂഹികപ്രവര്‍ത്തകരും ഡേറ്റകള്‍ മാത്രമല്ല ശേഖരിക്കേണ്ടതെന്നും മനുഷ്യന്റെ മനോഭാവങ്ങളെ കൂടി അടയാളപ്പെടുത്തും വിധം നൂതനമായ ഒരു എത്തനോഗ്രാഫിക്ക് രീതിശാസ്ത്രത്തിന്റെ രൂപത്തിലാണ് ഈ കലാസൃഷ്ടി ആവിഷ്ക്കരിച്ചിരിക്കുന്നത്.
സുനില്‍ രാജിന്റെ വീഡിയോ ഇന്‍സ്റ്റലേഷന്‍ അദ്ദേഹത്തിന്റെ ഗ്രാഫിക് ചിത്രങ്ങളുടെ തന്നെ ചലനരൂപമായിരുന്നു. 'മെറ്റാഞ്ചേരി' എന്ന് പേരുകൊടുത്ത സുനിലിന്റെ സൃഷ്ടി കാലത്തിന്റെ ഒഴുക്കില്‍ പെട്ട് ഒരു നഗരം മാറുന്നതിനെ അടയാളപ്പെടുത്തുന്നു.
പ്രദര്‍ശനത്തില്‍ പങ്കെടുത്ത ആര്‍ട്ടിസ്റ്റുകള്‍ സുനില്‍ വല്ലാര്‍പ്പാടം, ബബിത രാജീവ്, സബിത കടന്നപ്പള്ളി കൂടാതെ കലാകാരിയായ അശ്വതി ജി എസ്, കലാസ്വാദകരായ ശിവാനി ദിവാകരന്‍, അഖിലേഷ് എസ്, ആർ എൽ വി കോളേജിലെ വിദ്യാര്‍ഥികളും കലാകാരുമായ ആശ്വന്ത്, ലയ പദ്മനാഭന്‍, സൂരജ് തുടങ്ങിയവര്‍ക്കൊപ്പം എം ആര്‍ വിഷ്ണുപ്രസാദ് ആശയവത്ക്കരിച്ച 'Eviction Camp' എന്ന അവതരണവും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ടായിരുന്നു.
കാണികളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് പെർഫോമൻസ് ആർട്ടിന്റെ മാധ്യമത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാവികാല അസന്നിഗ്ദ്ധതയെ ഓര്‍മ്മിപ്പിക്കും വിധത്തിലുള്ള ഒരു ക്ലൈമറ്റ് റെഫ്യൂജി ക്യാമ്പിനെ പുനഃസൃഷ്ടിക്കുന്ന അവതരണമായിരുന്നു അത്.
ബിജു ഇബ്രാഹിമിന്റെ ഫോട്ടോ ഇന്‍സ്റ്റലേഷന്‍ അത്തരത്തില്‍ ഗുരുവിന്റെ ചിന്തയിലെ പ്രകൃതിഭാവങ്ങളെ അന്വേഷിക്കുന്ന വിധമുള്ളതായിരുന്നു. പ്രകൃതിയെ ആവിഷ്ക്കരിക്കുന്ന ഗുരുവിന്റെ വരികള്‍ കഥകളി മുദ്രയിലൂടെ ആര്‍ച്ച ഗൗരി വീഡിയോ ആവിഷ്ക്കാരമായും കലാമണ്ഡലം സുധീഷ് പദമായും അവതരിപ്പിച്ചിരുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/11/05/kabhoom-1-2025-11-05-18-51-05.jpeg)
കൂടാതെ ജലത്തിലലിഞ്ഞ ദുഃഖത്തെ വെളിപ്പെടുത്തും വിധം അനിത ശ്രീജിത്ത് രചിച്ച വരികള്‍ പുഷ്പവതി പൊയ്പ്പാടത്തിന്റെ ശബ്ദത്തില്‍ എക്ഷിബിഷനില്‍ മുഴങ്ങി കേള്‍ക്കാമായിരുന്നു. സുനില്‍ വല്ലാര്‍പ്പാടം ആലപിച്ച പണ്ഡിറ്റ് കറുപ്പന്റെ 'ജാതിക്കുമ്മി'യിലെ പദ്യശകലം ഒരു കലാവസ്തുവായി പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ടായിരുന്നു. പണ്ഡിറ്റ് കറുപ്പന്‍ എന്ന മഹാകവിയുടെ വരികള്‍ ഈ ഷോയുടെ തത്വചിന്തയെ രണ്ടുവരികളിലൂടെ കാലങ്ങള്‍ക്ക് മുന്നേ എഴുതിചേര്‍ത്ത പോലെ തോന്നിച്ചു:
‘വന്മലയുള്ളിടത്താഴി കയറുന്നു
വന്‍കടല്‍ കുന്നായും മാറീടുന്നു’
കാലാവസ്ഥാ വ്യതിയാനം അനുഭവിക്കുന്ന ഇന്നത്തെ കാലത്തോട് ജലമെന്ന മഹാപ്രതിഭാസത്തിന്റെ തിരമാറ്റങ്ങള്‍ എത്ര കൃത്യമായാണ് അദ്ദേഹം പകര്‍ത്തിയെഴുതിയിരിക്കുന്നത്. കലയും സാഹിത്യവും നല്‍കുന്ന അനുഭവത്തിന്റെ പ്രതലങ്ങള്‍ മനുഷ്യധാരണകളെ അഴിച്ചുപണിയാന്‍ കെല്‍പ്പുള്ളതാണ് എന്ന് ഓർമ്മിപ്പിക്കുന്നതായി പ്രദർശനം.
പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ മല്ലികാ സാരാഭായ് കഭൂം സന്ദര്‍ശിച്ചിരുന്നു. ശാസ്ത്രവും കലയും കൂടിചേരുമ്പോള്‍ സംഭവിക്കുന്ന രാഷ്ട്രീയബോധ്യത്തെ പറ്റി അവര്‍ സൂചിപ്പിച്ചു.
കലയുടെ സർഗാത്മകശേഷി സന്ദര്‍ശകരിലേക്ക് സംക്രമിപ്പിക്കാന്‍ കഴിയും വിധം ആഴമേറിയ അനുഭവം തന്നെയായിരുന്നു കഭൂം. കണ്ണുനീരില്‍ നിന്ന് കടല്‍വെള്ളത്തിലേക്ക് താമസം മാറ്റേണ്ടി വരുന്ന ഒരു ജീവജാതിയുടെ അവസാന ശ്വാസത്തിന് സാക്ഷ്യം നില്‍ക്കുന്ന പോലെയായിരുന്നു അത്.
Read More: ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ കടൽക്കുട്ടി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us