scorecardresearch

Latest News

അറുപതിന്റെ നിറവില്‍ ‘അപ്പുക്കുട്ടനും ഗോപിയും’

“പലപ്പോഴും കുട്ടികൾ എന്നോടു ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട് – മാഷ് എന്താണ് ബാലസാഹിത്യം തിരഞ്ഞെടുക്കാൻ കാരണം? സത്യത്തിൽ ഞാൻ ബാലസാഹിത്യം തിരഞ്ഞെടുക്കുക എന്നൊരു പാതകം ചെയ്തിട്ടില്ല. ബാലസാഹിത്യം എന്നെ തെരഞ്ഞെടുത്തതാണോ? അതും നിശ്ചയമില്ല.” മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനായ കെ വി രാമനാഥൻ എഴുതുന്നു

k v ramanathan, iemalayalam

ആധുനിക മലയാള ബാലസാഹിത്യത്തിലെ അഗ്രഗാമികളിൽ പ്രഥമഗണനീയനാണ് കെ വി രാമനാഥൻ. കുട്ടികളെ ഭാവനയുടെ അത്ഭുതലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ സാഹിത്യകാരനാണ് അധ്യാപകനായി വിരമിച്ച അദ്ദേഹം. ബാലസാഹിത്യ രചനയുടെ 60 വർഷം പൂർത്തിയാക്കിയ കെ വി രാമനാഥൻ, മലയാള ബാലസാഹിത്യത്തിനെ ശൈശവദശയിൽനിന്നു കൈപിടിച്ച് നടത്തിയ സർഗാത്മക പ്രതിഭയാണ്.

അപ്പുക്കുട്ടനും ഗോപിയും അത്ഭുതവാനരന്മാര്‍, അത്ഭുതനീരാളി, അദൃശ്യമനുഷ്യന്‍, മാന്ത്രിക പൂച്ച, മുന്തിരിക്കുല, സ്വര്‍ണ്ണത്തിന്റെ ചിരി, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, , സ്വര്‍ണ്ണമുത്ത്, രാജുവും റോണിയും, കളിമുറ്റം, ചെകുത്താന്‍മാര്‍ സൂക്ഷിക്കുക, കുഞ്ഞുറുമ്പും കുളക്കോഴിയും, ടാഗോര്‍ കഥകള്‍ എന്നിങ്ങനെയുള്ള ബാലസാഹിത്യ കൃതികൾക്ക് പുറമെ പ്രവാഹങ്ങള്‍, ചുവന്ന സന്ധ്യ (നോവല്‍),രാഗവും താളവും, കര്‍മ്മകാണ്ഡം (കഥകള്‍) അദ്ദേഹം രചിച്ചിട്ടുണ്ട്.

ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് ഇതിന് പുറമെസംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ള സി ജി ശാന്തകുമാർ പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം അവാര്‍ഡ്, കൈരളി ചില്‍ഡ്രണ്‍സ് ബുക്ട്രസ്റ്റ് പുരസ്കാരം, ഭീമ സ്മാരക അവാര്‍ഡ്, എന്നിവ അദ്ദേഹത്തിനെ തേടിയെത്തി.

ഞാൻ ബാലസാഹിത്യകാരനായ കഥ

കുട്ടികൾ എഴുതുന്നതിനെ ആരും ബാലസാഹിത്യമെന്ന് പറയാറില്ല. അങ്ങനെയൊരു സാഹിത്യശാഖ ഏതായാലും നിലവിലുണ്ടായിട്ടില്ല. കുട്ടികളോട് ഒരു കഥയോ കവിതയോ എഴുതാൻ ആവശ്യപ്പെട്ടാൽ (സാഹിത്യമത്സരങ്ങളിൽ അതു പതിവാണല്ലോ) അവരൊരിക്കലും കുട്ടിക്കഥകളെഴുതിക്കണ്ടിട്ടില്ല. കടുത്ത ജീവിത പ്രശ്നങ്ങൾ- ദുഃഖം, ദാരിദ്ര്യം, അമ്മയുടെയോ അച്ഛന്റെയോ മരണം, ദേശാന്തരഗമനം തുടങ്ങിയവ കൊണ്ടുണ്ടായ വിരഹം ഒക്കെയാണവർ കൈകാര്യം ചെയ്യുക. പ്രണയം അപൂർവ്വമായേ അവരെഴുതിക്കണ്ടിട്ടുള്ളൂ.

ഇന്നിപ്പോൾ ബാലസാഹിത്യമെന്നറിയപ്പെടുന്നത് തീർച്ചയായും കുട്ടികൾക്കു വേണ്ടി മുതിർന്നവർ എഴുതുന്ന സാഹിത്യം തന്നെയാണ്. സാഹിത്യത്തിന്റെ പ്രാരംഭദശയിൽ ബാലസാഹിത്യം, മുതിർന്ന സാഹിത്യം എന്നൊരു വേർതിരിവൊന്നുമുണ്ടായിരുന്നില്ല. കുറച്ചു കൂടി ധൈര്യമായി പറയാം. മനുഷ്യർ എഴുതാൻ തുടങ്ങിയ കാലത്തുടലെടുത്ത, ഇന്നും നിലനിൽ ക്കുന്ന, അറിയപ്പെടുന്ന കഥകളും കവിതകളുമൊക്കെ മുതിർന്ന വരുടെ ജീവിതാനുഭൂതികളുടെ നേർപകർപ്പുകളാകാം. പിന്നെപ്പിന്നെ ഭാവനാജന്യ ങ്ങളായ പുരാണേതിഹാസങ്ങൾ കടന്നുവന്നു. ആ കഥകൾ തന്നെ മുതിർന്നവർ വാക്കാൽ പറഞ്ഞുകൊടുത്തിട്ടാണ് കുട്ടികളുടെ മണ്ഡലത്തിലേക്കിറങ്ങി വന്നത്. അടുത്ത നൂറ്റാണ്ടുകളിലേ ഇന്ന് ബാലസാഹിത്യമെന്നറിയപ്പെടുന്ന സാഹിത്യശാഖ ഉദയം കൊണ്ടിട്ടുള്ളൂ. ബാലസാഹിത്യമെഴുതുന്നവർ ഒരു പ്രത്യേകവിഭാഗമായി ഉടലെടുത്തിട്ടു വളരെ കുറച്ചു വർഷങ്ങളേ ആയിട്ടുള്ളൂ എന്നു പറയാം.

രാമായണ മഹാഭാരതാദി കഥകളുടെ സംഗ്രഹങ്ങൾ, നമ്മുടെ ഭാഷയിൽ ഐതിഹ്യമാല, പഞ്ചതന്ത്രകഥകൾ, പാശ്ചാത്യവിഭാഗത്തു നിന്ന് ഗള്ളിവറുടെ സഞ്ചാരകഥകൾ പോലുള്ളവ, രണ്ടിലും പെടുത്താവുന്ന അറബിക്കഥകളും വിശ്വവ്യാപകമായി സഞ്ചരിച്ച ഈസോപ്പുകഥകൾ – ഇതിൽ പലതിനേയും വിഭാഗവൽക്കരിച്ചു കാണുവാൻ പ്രയാസവുമാണ്.

പലപ്പോഴും കുട്ടികൾ എന്നോടു ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട് – മാഷ് എന്താണ് ബാലസാഹിത്യം തിരഞ്ഞെടുക്കാൻ കാരണം? സത്യത്തിൽ ഞാൻ ബാലസാഹിത്യം തിരഞ്ഞെടുക്കുക എന്നൊരു പാതകം ചെയ്തിട്ടില്ല. ബാലസാഹിത്യം എന്നെ തെരഞ്ഞെടുത്തതാണോ? അതും നിശ്ചയമില്ല.

ഒരു കാര്യം തീർച്ച – ആദ്യമായി ഞാനെഴുതിയത് ഒന്നും ബാലസാഹിത്യമായിരുന്നില്ല. കവിതാശകലങ്ങൾ എഴുതിയിട്ടുണ്ട്. പക്ഷെ ആ രംഗം നമുക്കു പറ്റിയതല്ല എന്നു കണ്ടറിഞ്ഞ കാലത്ത് ആ കളം വിട്ടു. ചെറുകഥകൾ എഴുതാൻ തുടങ്ങി. അതും നിത്യജീവിതഗന്ധികളായ വിഷയങ്ങൾ മാത്രം.

പ്രധാനപ്രശ്നം ഞങ്ങളുടെ കുട്ടിക്കാലത്ത് കുട്ടികൾക്കു വേണ്ടി മാത്രം എഴുതപ്പെട്ട സാഹിത്യം ഉണ്ടായിരുന്നില്ല എന്നതാണ്. എന്നു പറയുമ്പോൾ ഞങ്ങളുടെ പൂർവ്വഗാമികളായ ചില ആചാര്യവര്യന്മാർ എഴുതിയിരുന്ന നലമാർന്ന കഥകളെ മറന്നിട്ടല്ല. രാമായണ മഹാഭാരത കഥകളുടെ സംഗ്രഹങ്ങളും, അവയിൽ നിന്നെടുത്ത ഒറ്റക്കഥകളും സന്മാർഗ്ഗോപദേശ രൂപത്തിലുള്ള കഥകളും മറ്റുമുണ്ടായിരുന്നു. കുട്ടികളേക്കാൾ വലിയവരാണ് അതൊക്കെ ആസ്വദിച്ചിരുന്നത് എന്നു പറയാം. അവയ്ക്കൊന്നും സുഘടിതമായൊരു പ്രചരണ സംവിധാനവുമുണ്ടായിരുന്നില്ല.

പിന്നെ, പറയാവുന്നത് പാഠപുസ്തകങ്ങളിൽ വരുന്ന കഥകൾ, കവിതകൾ, ഉപന്യാസങ്ങൾ എന്നിവയാണ്. പക്ഷേ, പാഠപുസ്തകങ്ങളിൽ വരുന്ന എന്തിനോടും കുട്ടികൾക്ക് ഒരു താൽപ്പര്യക്കുറവുണ്ട്, അന്നും ഇന്നും. നഴ്സറിപ്പാട്ടുകൾ (Nursery Rhymes) എന്ന പേരിൽ എന്റെ അമ്മയൊക്കെ ചൊല്ലിക്കേട്ടിട്ടുള്ള ചില ലളിതസുന്ദരങ്ങളായ ഈരടികളെ ഈ സന്ദർഭത്തിൽ ഓർമ്മ വരുന്നു. അത്തരം നഴ്സറിപ്പാട്ടുകളോ കൊച്ചുകവിതകളോ കുട്ടികൾ പാടിക്കളിക്കാൻ ഇഷ്ടപ്പെട്ടിരുന്നു.

“അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്കൊരോടക്കുഴലുമുണ്ടങ്ങനെ
കാൽത്തള രണ്ടും കിലുങ്ങുമാറങ്ങനെ
തിത്തിത്തൈ എന്നോരു നൃത്തമുണ്ടങ്ങനെ…”

എന്നും

“ഓടക്കുഴലു വിളിക്കും കൃഷ്ണൻ
ഓടിനടന്നു കളിക്കും
കാലിക്കിടാങ്ങളെ മേയ്ക്കും കണ്ണൻ
കാടുകൾ തോറും നടക്കും
പുത്തിലഞ്ഞിപ്പൂ പറിക്കും കണ്ണൻ
പുത്തനാം മാലകൾ കോർക്കും
അമ്മയെടുത്തുമ്മവയ്ക്കും
അമ്മയെ സ്നേഹിപ്പിൻ നിങ്ങൾ എന്നും
അമ്മയെ പൂജിപ്പിൻ നിങ്ങൾ…”

ഇങ്ങനെ കൃഷ്ണനെച്ചൊല്ലിയുള്ള പാട്ടുകൾ.

“കുറുക്കന്റെ കുഞ്ഞേ നിനക്കെന്തു ദീനം
എനിക്കെന്റെ ചേട്ടാ തലകുത്തും പനിയും
വെളുക്കുമ്പ കുളിക്കണം വെളുത്ത മുണ്ടുടുക്കണം
വേലിക്കപ്പതുങ്ങണം കുഞ്ഞിക്കോഴ്യേ പിടിക്കണം
കറുമുറെ കടിക്കണം മുറുമുറെ തിന്നണം…”

“കുതിരയെക്കണ്ടിട്ടുണ്ടോ ഇല്ലേ ചൊല്ലാം
അതിനുടെ അടയാളങ്ങൾ
നാലുണ്ടു കാലുകൾകുളമ്പുണ്ടു നാലിനും…”

ഇങ്ങനെയൊക്കെ ചില നഴ്സറിപ്പാട്ടുകളും ഉണ്ടായിരുന്നു, എന്റെ അമ്മയൊക്കെ പാടിക്കേൾക്കാറുള്ളത്. പക്ഷേ, ഇത്യാദി ഗാനശകലങ്ങളുടെ വാലും തുമ്പും മാത്രമേ ഞങ്ങളുടെ തലമുറയ്ക്ക് പോലും അവശേഷിച്ചു കിട്ടിയുള്ളൂ.

പിന്നെ,
“അരിപ്പച്ചെട്ടി ഇരിപ്പച്ചെട്ടി
പന്ത്രണ്ടാലുമ്മെ കയറിയിറങ്ങി
താമ്പോറടിച്ചൂ പുളിശ്ശേരി വെച്ചു.”

“എന്തുണ്ട് ?
മുറുക്കുണ്ട്
മുറുക്കാശ്ശേരി കടന്നവനെ
മുന്നാഴിയെണ്ണ കുടിച്ചവനെ
കൈയോ കാലോ രണ്ടാലൊന്ന്
തട്ടീ മുട്ടീ മലർത്തുങ്കോ…” തുടങ്ങിയ നോൺസെൻസ് കളിപ്പാട്ടുകൾ.

ഈ ഒടുവിൽ പറഞ്ഞത് പാട്ടും ചോദ്യോത്തരവും കളിയും എല്ലാം ചേർന്നതായിരുന്നു. കൈകൾ നിലത്ത് കമഴ്ത്തി വച്ച് ഒരാൾ ഓരോ കയ്യിലും തട്ടിക്കൊണ്ട് ഈ പാട്ട് പാടും. പാട്ട് അവസാനിക്കുന്നത് ആരുടെ കയ്യിലാണോ, ആ കൈ മലർത്തി വയ്ക്കണം. അങ്ങനെ ഓരോ റൗണ്ടിലും ഓരോ കൈകൾ മലർത്തും. അതാണു കളി. ഒരു പൈസയും, ഒരുപകരണവും ആവശ്യമില്ലാത്ത കളി.

കുട്ടികളുടെ ഇന്നത്തെ തലമുറയ്ക്ക് കിട്ടുന്നത് വിലപിടിച്ച കളിസ്സാമാനങ്ങളും ആപൽക്കരങ്ങളായ കമ്പ്യൂട്ടർ ഗെയിമുകളുമാണ്. നാഗരികതയുടെ കടന്നുകയറ്റത്തിൽ അടച്ചു പൂട്ടിയ ഫ്ലാറ്റ് സഞ്ചയങ്ങ ൾക്കുള്ളിൽ അവരെ തളച്ചിടുകയല്ലേ? ആയുധമേന്തിയ വാച്ച്മാനോടു കൂടിയ നാഗരികകോളനികൾക്കുള്ളിൽ വളർന്നാൽ കുട്ടികൾക്കെന്തു മനോവികാസമാണു കിട്ടുക? കൊയ്ത്തും ഞാറു നടലും കഴിഞ്ഞ പാടങ്ങളിൽ കവളൻ മടൽ വിക്കറ്റായി കുത്തി നിർത്തി ക്രിക്കറ്റു കളിച്ച കാലവും കടന്നു പോയി. മൾട്ടിസ്റ്റോറി ബിൽഡിങ്ങുകളുടെ കോണിത്തിരിവുകളിലെ ഇത്തിരിസ്ഥലങ്ങൾ മാത്രം കളിസ്ഥലങ്ങളാക്കി തൃപ്തിപ്പെടേണ്ട കാലമാണിത്.

നാടൻ പാട്ടുകളും ഇളങ്കാറ്റും നീലാകാശവും നക്ഷത്രങ്ങളും ഉദയാസ്തമയ ഭംഗികളും കുയിൽപ്പാട്ടും എല്ലാമാണ് കേരളീയ നവോത്ഥാനത്തിന്റെ നാളുകളിൽ വളർന്ന കുട്ടികൾക്കു ലഭിച്ചിരുന്നത്.

“പാട്ടുകൾ പാടിക്കെടുത്തുന്നു തന്വംഗി
കൂട്ടുകാരന്റെ തണുപ്പും തളർച്ചയും“ എന്നാണ് വൈലോപ്പിള്ളി
“പാതിരാക്കോഴി വിളിച്ചതും കേൾക്കാതെ
പാടത്തു പുഞ്ചയ്ക്കു തേവുന്ന“ ഗ്രാമീണദമ്പതികളെക്കുറിച്ചു പാടുന്നത്.

മുപ്പത് വയസ്സു കഴിഞ്ഞതിൽപ്പിന്നെയാണു ഞാൻ ‘അപ്പുക്കുട്ടനും ഗോപിയും‘ എഴുതുന്നത്. അതുവരെ പ്രകൃതിയിൽ നിന്നു ലഭിച്ച ജീവൽസ്പന്ദനങ്ങൾ, സജീവങ്ങളായ വർണ്ണഭംഗികൾ, വിജ്ഞാനശകലങ്ങൾ എല്ലാം മനസ്സിൽ കിടന്ന് തിരിഞ്ഞ് ഉള്ളിൽ ലയിച്ചു ചേർന്ന അനുഭൂതികൾ ഒരു കഥയായി പുറത്തു വരികയായിരുന്നു.

അതിനു മുമ്പേ കുറെ ചെറുകഥകളെഴുതിയിട്ടുണ്ടായിരുന്നു. ‘അപ്പുക്കുട്ടനും ഗോപിയും‘ എന്ന ആദ്യ ബാലസാഹിത്യ കൃതിക്ക് തന്നെ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പുരസ്കാരം ലഭിക്കുകയും മലയാള ബാലസാഹിത്യ ചരിത്രത്തിൽ നവോന്മേഷം പകർന്ന അദ്ധ്യായമായ ‘സമ്മാന പ്പെട്ടി‘യിൽ ഉൾപ്പെടുത്തപ്പെടുകയും ചെയ്തതോടെ ഞാൻ ബാലസാഹിത്യ കാരനായി അറിയപ്പെട്ടു തുടങ്ങുകയുമാണുണ്ടായത്.

Read More: മാണിക്യക്കല്ലിന്റെ കഥ എം ടി എഴുതുന്നു

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: K v ramanathan on writing for children