കെ.ജയറാം-ലോകപ്രശസ്തനായ ഫോട്ടോഗ്രാഫർ. നൂറുകണക്കിന് അന്താരാഷ്ട്ര സലോണുകളിൽ ഇദ്ദേഹത്തിന്റെ പ്രിന്റുകൾ തിരഞ്ഞെടുക്കപ്പെടുകയും അവയിൽ ഭൂരിഭാഗത്തിനും അവാർഡുകൾ ലഭിച്ചിട്ടുമുണ്ട്. ഇന്ത്യയിൽ മാക്രോ ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തിട്ടുള്ളവരിൽ അഗ്രണ്യൻ. ഇന്ത്യയിലേയും വിദേശത്തേയും പ്രധാനപ്പെട്ട പത്രമാസികകളിലെല്ലാം ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ അച്ചടിച്ചുവന്നിട്ടുണ്ട്. കോയമ്പത്തൂരിലാണ് താമസം.

കോഴിക്കോട് ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറിയിൽ ഇപ്പോൾ നടന്നുവരുന്ന കെ.ജയറാമിന്റെ ഫോട്ടോഗ്രാഫിക്ക് പ്രിന്റുകളുടെ പ്രദർശനം കേരളത്തിലെ ഫോട്ടോഗ്രാഫർമാരും ആസ്വാദകരും കണ്ടിരിക്കേണ്ട ഒന്നാണ്. Moody Landscapes എന്ന് പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ നമ്മളെ എതിരേൽക്കുന്നത് അവയുടെ ലാവണ്യം കൊണ്ട് വികാരപരമായി നമ്മളിൽ ഏറെ ചലനങ്ങളുണ്ടാക്കുന്ന പ്രിന്റുകളാണ്. പ്രദർശിപ്പിക്കപ്പെട്ട പല പ്രിന്റുകളുടെയും മുൻപിൽ നിന്നും കണ്ണുകൾ പിൻവലിച്ച് അടുത്തത് കാണുവാൻ വേണ്ടിയുള്ള ചെറിയ ആ പ്രയത്നം പോലും ഏറെ ബുദ്ധിമുട്ടിയാണ് നാം നിർവ്വഹിക്കുന്നതെന്ന് വിസ്മയത്തോടെ നാം തിരിച്ചറിയും.

ചിത്രങ്ങളിൽ പലതും, പ്രകൃതിയിൽ(ജീവിതത്തിൽ) നമുക്ക് ദർശിക്കാനാകുന്ന രണ്ടുതരത്തിലുള്ള വൈരുദ്ധ്യങ്ങളെ അതിവിദഗ്‌ധമായി കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളതായി കാണാം. ഫോട്ടോഗ്രാഫിയുടെ അടിത്തറ സ്ഥിതിചെയ്യുന്ന നിഴലിന്റെയും വെളിച്ചത്തിന്റെയും വൈരുദ്ധ്യാത്മകതയാണ് ഇതിൽ ആദ്യത്തേത്.

“വെളിച്ചത്തിന്റെ ഓർമ, നിഴൽ ഹൃദയത്തോട് ചേർത്ത് വെയ്ക്കുമ്പോൾ ചിത്രം ജനിക്കുന്നു” എന്ന ടാഗോർ വചനം നമ്മെ മറ്റൊരു സത്യത്തിലേയ്ക്കും കൂടിയാണ് കൈപിടിച്ചെത്തിക്കുന്നത്. നിഴലെന്നാൽ വെളിച്ചത്തിന്റെ പൂർണ്ണമായ അഭാവത്തില്ല സ്ഥിതിചെയ്യുന്നതെന്ന പരമമായ ഉണ്മ. വെളിച്ചത്തിന്റെ ഓർമ ഏറ്റക്കുറച്ചിലുകളോടെ പുണരുന്ന നിഴലിനെ കൈകാര്യം ചെയ്യുകയെന്നത് ഫോട്ടോഗ്രാഫറെ സംബന്ധിച്ച് ഏറെ പ്രധാനവും ശ്രമകരവുമായ ഒരു ദൗത്യമാണ്. ഛായാചിത്രത്തിലായാലും (Portraiture), പ്രകൃതിദൃശ്യത്തിലായാലും (Nature / Landscape), വന്യജീവിഫോട്ടോഗ്രാഫിയിലായാലും (Wildlife photography) ജയപരാജയങ്ങൾ തീരുമാനിക്കുന്നതിന് പലപ്പോഴും ഇത് ബാധകമാണ്. ഇതാണ് പലപ്പോഴും ചിത്രത്തെ ഒരു യഥാർത്ഥ ചിത്രീകരണത്തിൽ നിന്നും ഒരു കലാരൂപത്തിലേയ്ക്കുയർത്തുന്നതും. ഫോട്ടോ “നിർമ്മിക്കുന്ന” (making a photograph, rather than taking it) വേളയിലും, അത് പ്രിന്റ് ചെയ്യുമ്പോഴും ഇതിലേയ്ക്ക് ജയറാം പതിപ്പിച്ചിട്ടുള്ള ശ്രദ്ധയും ജാഗ്രതയും ഈ പ്രദർശനത്തിലെ പ്രിന്റുകൾ അതീവശ്രദ്ധയോടെ കണ്ട് തന്നെ മനസ്സിലാക്കേണ്ട ഒന്നാണ്. പ്രത്യേകിച്ചും, നിഴലിന്റെ സാന്നിദ്ധ്യത്തിന് യാതൊരു പ്രാധാന്യവും കൊടുക്കാതെ സൃഷ്ടിപരതയിൽ മുഴുകുന്ന ഭൂരിഭാഗം യുവഫോട്ടോഗ്രാഫർമാരും “നിഴൽ” എന്താണെന്നും, അതിന്റെ വെളിച്ചത്തിന്റെ സാമീപ്യത്തിലുള്ള ശരിയായ രീതിയിലുള്ള ഉപയോഗം ചിത്രത്തിന്റെ ആന്തരികമിഴിവ് എങ്ങനെ വർദ്ധിപ്പിക്കുമെന്നും ഈ പ്രിന്റുകൾ കണ്ട്തന്നെ മനസ്സിലാക്കേണ്ടതാണ്.k jayaram, photographer

പല ചിത്രങ്ങളിലും, സ്ഥിരതയുടെയും ചലനാത്മകതയുടെയും വൈരുദ്ധ്യാത്മകത കൈകാര്യം ചെയ്തിട്ടുള്ളത് ഇവ രണ്ടിന്റെയും വളരെ സാധാരണമായി പ്രകൃതിയിൽ നമുക്ക് കാണാൻ കഴിയുന്ന ബിംബങ്ങളിലൂടെയാണ്. സ്ഥിരത കരിമ്പാറകളിൽ തങ്ങി താഴെ മരിച്ചുകിടക്കുമ്പോൾ, ചലനാത്മകത വെൺമേഘങ്ങളുടെ ലാഘവമേറിയ ചിറകുകളിലേറി നമ്മെ മോഹിപ്പിച്ചുകൊണ്ട് മുകളിൽ പറന്നുകളിക്കുന്നു. കരിമ്പാറക്കുന്നുകളും മേഘങ്ങളും മാത്രമുള്ള കോമ്പോസിഷനുകൾ അനവധിയുണ്ട് ഈ പ്രദർശനത്തിൽ.

ഈ പ്രദർശനത്തിന്റെ കാതൽ എന്റെ അഭിപ്രായത്തിൽ പക്ഷെ ഇതൊന്നുമല്ല. ഏകദേശം മുഴുവനുമായിത്തന്നെ നമുക്ക് നഷ്ടമായിക്കഴിഞ്ഞ പ്രിന്റിംഗിന്റെ കല അതിന്റെയെല്ലാ സാദ്ധ്യതകളോടും കൂടി ഇത് നമുക്ക് വീണ്ടെടുത്ത് തരുന്നു എന്ന കാര്യമാണത്. ഒരു ഫോട്ടോഗ്രാഫ് എടുത്തശേഷം അത് ശരിയായ രീതീയിൽ പോസ്റ്റ്പ്രോസസ്സിംഗിനു വിധേയമാക്കാതെ കമ്പ്യൂട്ടറുടെയോ സ്മാർട്ട്ഫോണിന്റയോ മോണിറ്ററിലൂടെ മാത്രം കണ്ട് അഭിരമിക്കുന്നവർക്ക് ഈ പ്രദർശനത്തിലെ പ്രിന്റുകൾ ഒരു ഗഹനമായ പാഠമാണ് നല്കുന്നത്. അത് സാങ്കൽപികയാഥാർത്ഥ്യവും (Virtual reality) യാഥാർത്ഥ്യവും (Reality) തമ്മിലുള്ള, രണ്ട് ധ്രുവങ്ങളോളമുള്ള അന്തരത്തെക്കുറിച്ചുള്ള, ഏറെ പ്രധാനപ്പെട്ട ഒന്നുമാണ്. പ്രദർശനം ഈ ഞായറാഴ്ച (23-ാം തിയതി) വൈകുന്നേരം ഏഴുമണിക്ക് സമാപിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ