scorecardresearch

നടക്കുമ്പോൾ മുളയ്ക്കുന്ന ചിറകുകൾ

"പ്രണയം മൂലം ലഭിക്കുന്ന യൗവനം എപ്പോൾ വേണമെങ്കിലും കലങ്ങിപ്പോകാവുന്ന ജലം പോലെയാണ്. എന്നാൽ മക്കളിലൂടെ നേടുന്ന യൗവനം അവർ മുതിരുന്ന കാലം വരെയെങ്കിലും തെളിഞ്ഞുകിടക്കും." അപർണ എസ് എഴുതുന്നു

"പ്രണയം മൂലം ലഭിക്കുന്ന യൗവനം എപ്പോൾ വേണമെങ്കിലും കലങ്ങിപ്പോകാവുന്ന ജലം പോലെയാണ്. എന്നാൽ മക്കളിലൂടെ നേടുന്ന യൗവനം അവർ മുതിരുന്ന കാലം വരെയെങ്കിലും തെളിഞ്ഞുകിടക്കും." അപർണ എസ് എഴുതുന്നു

author-image
Aparna S
New Update
Aparna

ബിരുദകാലത്ത് ഏതോ ഒരു പിറന്നാൾദിനത്തിൽ അയൽപക്കത്തുള്ള കൊച്ചു പെൺകുട്ടി എനിക്ക് തന്നത് ഒരു കുഞ്ഞുമാലാഖയുടെ ചിത്രം. 'അപു ചേച്ചിക്ക് ഇഷ്ടായോ ഈ ചെറബ്നെ?' എന്നൊരു ചോദ്യത്തോടെ. അവളുടെ ചോദ്യത്തിലെ ആ പ്രത്യേക ഈണവും, വെൺചിറകുകളും ചുരുണ്ട മുടിയും തുടുത്തുരുണ്ട കാലും കൈകളുമായി റോസാപ്പുച്ചെടിയെ മാറോടണയ്ക്കുന്ന ആ ചെറബ്നെ ഞാനപ്പോൾതന്നെ ഉമ്മ വയ്ച്ചതുമൊക്കെ ഇപ്പോഴും ഓർക്കുന്നു.

Advertisment

ചിലപ്പോൾ അതിസാധാരണമായ നിമിഷങ്ങളെപ്പോലും മിനുക്കിയെടുത്ത് സൂക്ഷിച്ചുവയ്ക്കുന്ന ഓർമ്മയുടെ ഓരോ വിനോദങ്ങൾ!  ആ ചിത്രം ഫ്രെയിം ചെയ്തുവാങ്ങിയ കട ഇപ്പോൾ ഇല്ല. അവളാകട്ടെ അമേരിക്കയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. മങ്ങിത്തുടങ്ങിയ ആ ചിത്രം മങ്ങാത്ത ഒരു കാലത്തെ സൂക്ഷിച്ചു വയ്ച്ചുകൊണ്ട് ഇപ്പോഴും എൻ്റെ കൂടെയുണ്ട്.

ഈയിടെ ആ ചിത്രമെടുത്ത് നോക്കിയപ്പോഴും ചിറകുകൾ മായാൻ തുടങ്ങിയിട്ടില്ലെന്ന് തെല്ലൊരാഹ്ളാദത്തോടെ ഞാൻ തിരിച്ചറിഞ്ഞു. എൻ്റെ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്ക് ഞാൻ ചിറകുകൾ വരച്ചു ചേർത്ത് തുടങ്ങിയത് ഈ ചിത്രം കയ്യിൽക്കിട്ടിയതിനു ശേഷമായിരുന്നു.

എന്നാൽ എൻ്റെ കുഞ്ഞുമാലാഖമാരാകട്ടേ, ചിറകുകൾ പൊഴിച്ചുകളഞ്ഞു. അവർക്കിപ്പോൾ പറക്കേണ്ട. ആകാശത്തേക്ക് മുഖം ഒരിക്കൽപ്പോലും ഉയർത്താൻ തോന്നാത്തവിധം അവർ ഫോണിലേക്ക് തല കുമ്പിട്ടിരിക്കുന്നു. ഭൂമിയിൽനിന്നും നീളുന്ന, കൗതുകം ഓളം വെട്ടുന്ന കണ്ണുകളെല്ലാം ഇപ്പോൾ അടഞ്ഞിരിക്കുന്നുവല്ലോ എന്നോർത്ത് രാത്രി നക്ഷത്രങ്ങളും സാന്ധ്യമേഘങ്ങളും ചന്ദ്രനുമെല്ലാം ഇപ്പോൾ നെടുവീർപ്പിടുന്നുണ്ടാവും. എന്നാൽ ഉപേക്ഷിക്കപ്പെട്ട ആ ചിറകുകൾ എൻ്റെ ഹൃദയത്തിൻ്റെ അറകളിലെവിടെയോ ഭദ്രമായി ഞാൻ സൂക്ഷിച്ചുവയ്ച്ചിട്ടുണ്ട്. സൂക്ഷിച്ചുവയ്ക്കുമ്പോൾ ചിറകുകൾ ചിറകുകളല്ലാതായിത്തീരുന്നു എന്ന് നിരന്തരം അവ എന്നെ ഓർമ്മിപ്പിക്കാറുള്ളതുകൊണ്ടൂം മക്കളുടെ ബാല്യം എൻ്റെ ചെറുപ്പവും കൂടി ആയിരുന്നല്ലോ എന്ന് ഞാൻ ഓർക്കുന്നതു കൊണ്ടും ഇടയ്ക്കൊക്കെ ആ ചിറകുകളെടുത്തണിഞ്ഞ് ഞാൻ പറക്കാൻ ശ്രമിച്ചു. എന്നാൽ കുറച്ചുകഴിയുമ്പോഴേക്കും ഓർമ്മയുടെ ആകാശം അപ്രത്യക്ഷമാവുകയും ഇന്നിൻ്റെ മൂർച്ചയിൽ കുരുങ്ങി ഞാൻ കുഴഞ്ഞുവീഴുകയും ചെയ്തു..

Advertisment

അത്തരം വീഴ്ചകളുടെ ആഘാതങ്ങൾ മറക്കാൻ ഞാൻ ഏറെ ദൂരം ഒറ്റയ്ക്ക് നടക്കാറുണ്ട്. വഴി നീളെ കൂട്ടുവരുന്നത് ആകാശമാണ്. ചിലപ്പോൾ ആകാശം കടലാകുന്നു, മേഘങ്ങൾ മഞ്ഞുകട്ടകളും. മഞ്ഞുമലയിൽ ഇടിച്ചുതകരാനെങ്ങാനും ആകാശക്കടലിലൂടെ ഒരു കപ്പൽ വരുന്നുണ്ടോ എന്ന് ഞാൻ സംശയിക്കാൻ തുടങ്ങുമ്പോഴേക്കും മേഘങ്ങൾ ചിന്നിച്ചിതറി വേറെ രൂപം പൂണ്ട് പായുന്നു. എല്ലാം ഒരു തോന്നലാണ് എന്നാണോ അവ പഠിപ്പിച്ചുതരുന്നത്?.

മങ്ങിത്തുടങ്ങിയവ വീണ്ടും മിഴിവാർന്ന് വരുന്നതെങ്ങിനെയെന്ന് മനസിലാക്കിയത് എൻ്റെ കൂട്ടുകാരി നാൽപ്പത് വയസിനുശേഷം രണ്ടാമത് ഗർഭിണിയായപ്പോഴാണ്. മൂത്ത മകന് വയസ് പതിനഞ്ച്. അവളുടെ മകൾ പാർക്കിൽ കലപില വർത്തമാനം പറഞ്ഞ്, കാറ്റിനൊപ്പം ഓടി തല കുത്തിവീണ്, കിടന്ന കിടപ്പിൽ ആകാശത്തോട് വർത്തമാനം പറയുന്നത് കൗതുകത്തോടെ നോക്കിയിരിക്കുകയാണ് ഞാൻ.

മുതിർന്ന മക്കൾ വച്ചുനീട്ടുന്ന മൂപ്പിൻ്റെ നിശബ്ദതയിലാണ് ഞാനെങ്കിൽ, മകൾ കനിഞ്ഞു നൽകിയ രണ്ടാം യൗവനം ആസ്വദിക്കുകയാണ് കൂട്ടുകാരി. കഥയിലെ യയാതി മകനോട് യൗവനം കടം ചോദിച്ചു എന്നതിന് മക്കൾക്ക് മാത്രമേ യൗവനം കടം തരാൻ സാധിക്കൂ എന്നൊരർത്ഥം കൂടിയുണ്ടെന്ന് എനിക്ക് തോന്നി. പ്രണയം മൂലം ലഭിക്കുന്ന യൗവനം എപ്പോൾ വേണമെങ്കിലും കലങ്ങിപ്പോകാവുന്ന ജലം പോലെയാണ്. എന്നാൽ മക്കളിലൂടെ നേടുന്ന യൗവനം അവർ മുതിരുന്ന കാലം വരെയെങ്കിലും തെളിഞ്ഞുകിടക്കും. മനോഹരമായ ഈ ലോകത്തെ പ്രതിബിംബിപ്പിച്ചുകൊണ്ട്... എന്നൊക്കെയുള്ള വിചാരങ്ങൾ ഞാൻ അവളുമായി കൈമാറി.

യൗവനത്തെ ശരീരത്തിൻ്റെ ആരോഗ്യത്തിലും സൗന്ദര്യത്തിലും മാത്രം തളച്ചിടുന്നതെന്തിനാണ്. ജീവിതത്തോട് അഗാധമായ പ്രണയം തോന്നുന്ന ഒരാൾക്ക് എന്നും യൗവനമാണല്ലോ എന്ന് വീണ്ടും ഞാൻ ആലോചനയിലാണ്ടു. പൊതുതത്വം എന്ന നിലയിൽ ജീവിതത്തിൽ ഒന്നും ഉറപ്പിക്കാൻ വയ്യെങ്കിലും ഒരു നീണ്ട ഇടവേളയ്ക്കുശേഷം പിറക്കുന്ന ഒരു കുഞ്ഞ് ഒരു സാധ്യതയാണെന്ന് ഞങ്ങൾ പരസ്പരം സമ്മതിച്ചു.

Aparna

ദാമ്പത്യം ദരിദ്രമായിത്തുടങ്ങുന്നുവോ എന്ന ചിന്ത അവളിലും വേരാഴ്ത്തിത്തുടങ്ങിയപ്പോഴാണ് സ്നേഹസമ്പന്നതയുടെ മാന്ത്രികവടിയുമായി ആ കുഞ്ഞുമാലാഖയെത്തുന്നത്. വിരസജീവിതത്തിന് ഒരു എതിർപാട്ട് പാടുവാൻ ഒരു കുയിൽ മരച്ചില്ലയിൽ പറന്നിറങ്ങുന്നു. പാതിയടഞ്ഞ ജാലകത്തിലൂടെ ഒരു പാൽമണക്കാറ്റ് കടന്നെത്തുന്നു. ഫോണിൽനിന്ന് പിടിവിട്ട് മൂത്ത കുട്ടി ഒരു ഊഞ്ഞാലിലെന്നവണ്ണം ബാല്യത്തിലേക്ക് തിരികെ ആടിയെത്തുന്നു. നഷ്ടപ്പെട്ടുപോയ ഊഷ്മളത വീണ്ടും പെയ്യുമ്പോൾ ഭാര്യയും ഭർത്താവും ഒരു കുടക്കീഴിലേക്ക് സ്നേഹപൂർവ്വം ഒതുങ്ങിയൊന്നാവുന്നു. പഴയ കളിപ്പാട്ടങ്ങളടക്കം, ഉറങ്ങിപ്പോയ പലതും 'ഉറങ്ങുന്ന സുന്ദരി'യെന്ന കഥയിലെപ്പോലെ വർഷങ്ങൾക്കുശേഷം ഉണർന്നുവരുന്നു.

എവിടെയൊക്കെയോ ഒളിച്ചിരുന്ന് ദീർഘദൂരം താണ്ടി വൈകിവരുന്ന കുഞ്ഞുങ്ങൾ ഒരു കുട്ട നിറയെ വസന്തത്തിൻ്റെ വിത്തുകളുമായിട്ടാണോ വരുന്നത്? ഉണങ്ങിക്കരിയാറായ ജീവിതം ആകാശത്തേക്ക് കൈകൾ നീട്ടി വിളിച്ചു വരുത്തുന്നതാണോ അവരെ? വരൂ... സമയമായി, വല്ലാതെ വരണ്ടുപോകുന്നു ഇവിടം... എന്നു പറഞ്ഞുകൊണ്ട്?

ബൈബിളിൽ ചെറബുകളെ സൃഷ്ടിച്ചത് ആദവും ഹവ്വയും പറുദീസയിൽനിന്ന് പുറത്താക്കപ്പെട്ടതിനു ശേഷമാണെന്ന് എവിടെയോ വായിച്ചു, നഷ്ടപ്പെട്ട നിഷ്കളങ്കതയുടെ പ്രതീകമായി. ദാമ്പത്യത്തിൻ്റെ പറുദീസാനഷ്ടം ആരംഭിക്കുമ്പോൾ പോയ കാലത്തിൻ്റെ ഓർമ്മകളുമായി കുഞ്ഞുങ്ങൾ പ്രത്യക്ഷപ്പെടുന്നു. വരൾച്ചയിൽ ഉറവ പൊട്ടുന്നു, പിന്നെ സ്നേഹത്തിൻ്റെ ജലസമൃദ്ധി.

ഞാൻ മകളെ പ്രസവിച്ചുകിടന്ന ആശുപത്രിമുറിയിലെ തെളിഞ്ഞ ജാലകക്കാഴ്ചകൾ എന്നിൽ മനോഹരമായ വിഭ്രാന്തികൾ സൃഷ്ടിച്ചിരുന്നു. മേഘങ്ങൾ മുറിയിലേക്ക് അപ്പൂപ്പൻതാടി പോലെ പാറിവന്ന് എന്നെ മൂടുന്നു. മകളെ ആ വെണ്മയിലൂടെ തിരയുമ്പോൾ തിളങ്ങുന്ന രണ്ട് കുഞ്ഞിച്ചിറകുകൾ മാത്രം കാണാം. ഞെട്ടി ഉണരുമ്പോൾ വയറ്റിൽ ചിറകടിച്ചിരുന്ന കുഞ്ഞ് ശാന്തമായി കൈകൾ ചുരുട്ടിവച്ച് കിടന്നുറങ്ങുന്നത് കാണാം. അവളുടെ ചിറകുകളാണോ കൈകളായി രൂപാന്തരം പ്രാപിച്ചത്?

ആശുപത്രി ജാലകത്തിലൂടെ പുറത്തേക്ക് നോക്കിക്കിടക്കുമ്പോൾ ഉച്ചവെയിൽത്തിളക്കത്തിൻ്റെ പടവാളെടുക്കുന്ന അറബിക്കടൽ. രാത്രിയാവുമ്പോൾ ആകാശത്തുനിന്ന് അടർന്നുവീണ നക്ഷത്രങ്ങളെപ്പോലെ കപ്പൽവെളിച്ചങ്ങൾ അമ്മച്ചങ്ങലയാൽ ചിലപ്പോൾ വല്ലാതെ അസ്വസ്ഥമായിപ്പോകുന്ന എൻ്റെ മനസിന് ആകാശം ചിറകുകൾ നൽകി. കടൽ എൻ്റെ കണ്ണുകളിൽ ജീവജലം നിറച്ചു. അങ്ങനെ പകൽസമയങ്ങളിൽ മകളോടൊപ്പം കടലിനു മുകളിൽ പറന്നുനടക്കാനും രാത്രികളിൽ ക്ഷീണിച്ച ചിറകുകളൊതുക്കി ഉറക്കത്തിൻ്റെ കപ്പലിൽ അറിയാത്ത രാജ്യങ്ങളിലേക്ക് യാത്ര പോകാനും ഞാൻ പഠിച്ചു.

ഒരാഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞ്, കടൽക്കാഴ്ചകൾ തരുന്ന മുറിയോട് യാത്ര പറയവേ, നെഞ്ചിൽ സങ്കടം തിരയോളമുയർന്നു.  അതറിഞ്ഞ് കടൽ എന്നോട് പറഞ്ഞു, 'സങ്കടം വരുമ്പോഴെല്ലാം എന്നെ കാണാൻ വരൂ... ' വെറുതെയാണോ എല്ലാ കണ്ണുനീരും തുടച്ചെടുക്കുന്ന കടൽജലത്തിൽ ഉപ്പ് ചുവയ്ക്കുന്നത്! ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങവേ, അപ്രതീക്ഷിതമായി നീണ്ട ഒരു ഗതാഗതക്കുരുക്ക്. അന്ന് ശിശുദിനമായിരുന്നു. . മാലാഖമാരുടെ വേഷം കെട്ടിയ കുഞ്ഞുങ്ങൾ കാറിനു ഇരുവശത്തുകൂടി മെല്ലെയൊഴുകി. എന്തൊരു യാദൃശ്ചികത! ഒന്നുമറിയാതെ എൻ്റെ നെഞ്ചോടുചേർന്നു കിടന്നുറങ്ങുന്ന മകൾ.

അധികം വൈകാതെതന്നെ എനിക്ക് ഒരു മകൻ കൂടി പിറന്നു. പതുക്കെ അവർ കൗമാരത്തിൻ്റെ ദ്വീപിലേക്ക് ചേക്കേറി. എൻ്റെ തീരം ഏകാന്തവും വിജനവുമായി. എന്നാൽ ആ സുഹൃത്തുക്കൾ കടലും ആകാശവും എന്നെ സാന്ത്വനിപ്പിക്കുന്നുണ്ട്. കടൽത്തീരത്ത് നിൽക്കുമ്പോൾ പാദം നനച്ചിറങ്ങിപ്പോകുന്ന തിരകൾ കാൽപ്പാദത്തിനടിയിലെ മണലിനെയെന്നവണ്ണം സങ്കടങ്ങളെയും കൊണ്ടുപോകുന്നു. നടക്കുമ്പോഴൊക്കെ കൂട്ടുവന്ന് ആകാശം സ്വാസ്ഥമരുളുന്നു. ഭൂമിയിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോഴാണ് കടലാഴമറിയുന്നതെന്ന് കടലും ആ നടപ്പിലാണ് ആകാശക്കാഴ്ചകളുടെ ഭംഗി വെളിപ്പെടുന്നതെന്ന് ആകാശവും എന്നോട് ചിരിക്കുന്നു.

Features Childhood Photo Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: