/indian-express-malayalam/media/media_files/uploads/2022/01/john-paul-memories-mt-vasudevan-nair-priyadarsan-mohanlal-fi.jpeg)
'മാക്ട'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ നാളുകള്‍. ഏഴ് വര്‍ഷം എന്‍റെ പകലുകളും രാത്രികളും അതിനു വേണ്ടി ഉഴിഞ്ഞിട്ടിരുന്നു. ജേസി എന്ന ആദ്യ ജനറല്‍ സെക്രട്ടറിക്ക് അനാരോഗ്യം മൂലം സജീവമാകാന്‍ കഴിയാതിരുന്നപ്പോള്‍ സഹസെക്രട്ടറിമാരിലൊരാളായിരുന്ന എനിക്ക് ആ ഒരു പ്രത്യേക കാലാവധി അദ്ദേഹത്തിനു വേണ്ടി ചുമതലകള്‍ വഹിക്കേണ്ടി വന്നു. അഡ്‌ഹോക്കാലം കഴിഞ്ഞപ്പോള്‍ അതത്രയും എന്‍റെ നിയോഗമായി മാറുകയായിരുന്നു.
ആ ചുമതല ഏറ്റെടുക്കുമ്പോള്‍, ശരാശരി വര്‍ഷം അഞ്ചും ആറും പടങ്ങള്‍ എഴുതിക്കൊണ്ടിരുന്ന ഞാന്‍ ഏഴ് വര്‍ഷം കഴിഞ്ഞ് ഒരു കാരണവശാലും ഇനി ഈ ഔദ്യോഗിക പദവിയില്‍ തുടരില്ല എന്നുറപ്പിക്കുന്നതിനു വേണ്ടി, എല്ലാ സമ്മര്‍ദ്ദങ്ങളെയും പ്രതിരോധിക്കുന്നതിന് ഭരണഘടനയില്‍ പോലും രണ്ട് ടേമില്‍ കൂടുതല്‍ ഒരാള്‍ ഒരു പദവിയില്‍ തുടരരുതെന്ന് എഴുതിച്ചേര്‍പ്പിച്ച്, അതിന്‍റെ ഒരു പരിച കൊണ്ട് രക്ഷപ്പെട്ട് ഇറങ്ങുമ്പോള്‍, ഒരു സിനിമക്ക് ഞാന്‍ തിരക്കഥയെഴുതിയിട്ട് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. ഒന്നില്‍ത്തന്നെ മുഴുകി നില്‍ക്കുമ്പോള്‍ സംഭവിക്കാവുന്ന ഒരവസ്ഥ!
സിനിമയില്ല, ഞാനൊന്നും സമ്പാദിച്ചിട്ടുമില്ല. ജീവിക്കാന്‍ എനിക്ക് എന്തെങ്കിലും ചെയ്യണം. അതിനകം സിനിമയല്ലാതെ മറ്റു തൊഴിലുകളൊന്നും അറിയില്ലെന്ന അവസ്ഥയിലെത്തിയെന്നോര്‍ക്കുക. അപേക്ഷയുമായി ആരുടെ മുന്നിലും പോകാന്‍ എനിക്കറിയില്ല. അഥവാ ഞാന്‍ ചോദിച്ചാല്‍ കേള്‍വി മാത്രയില്‍ അതില്‍ വല്ലാത്തൊരു ഇല്ലായ്മയുടെ നൊമ്പരഭീതി വരില്ല. I am not a performer. അതു കൊണ്ടു തന്നെ അതിനൊരു ഫലമുണ്ടാകണമെന്നുമില്ല. മനസ്സു തുറന്ന് ചോദിച്ചിരുന്നെങ്കില്‍ സംവിധായകരും, ഞാന്‍ കൂടിച്ചേര്‍ന്ന്, എന്‍റെ കൂടി കൈപിടിച്ച് വളര്‍ന്നു വന്ന അഭിനേതാക്കളും നോ എന്ന് പറയില്ലെന്നത് ഒരു വിദൂരസാദ്ധ്യത മാത്രം.
Read Here: മമ്മൂട്ടിയും ശബാനാ ആസ്മിയും ചേരുന്ന 'വാനപ്രസ്ഥം'; നടക്കാതെ പോയ ഒരു സ്വപ്നത്തെക്കുറിച്ച് ജോണ്‍ പോള്‍
/indian-express-malayalam/media/media_files/uploads/2022/01/john-paul-memories-mt-vasudevan-nair-priyadarsan-mohanlal-pic-2.jpg)
അപ്പോള്‍ എനിക്കു തോന്നി ഒരു ചിത്രം നിര്‍മ്മിക്കാം. എന്‍റെ കൈയില്‍ മൂലധനമില്ല. അതില്ലാതെ അപ്പോഴത്തെ ഇന്‍ഡസ്ട്രിയുടെ പാരിസ്ഥിതിയില്‍ ഒരു ചിത്രം നിര്‍മ്മിക്കണമെങ്കില്‍ ആ കാലഘട്ടത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒരാളായിരിക്കണം അതിലെ നായകന്‍. അയാള്‍ക്കാ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യം തോന്നാന്‍ മാത്രമുള്ള ഒരു സംവിധായകന്‍ ഉണ്ടായിരിക്കണം. അവര്‍ ഒരുമിച്ചുള്ള കോമ്പിനേഷന്‍ പണം മുടക്കാന്‍ താത്പര്യമുള്ള ആരെയും ആകര്‍ഷിക്കുന്നതായിരിക്കണം. ഒന്ന് ഒന്നിന്മേല്‍ തൊടുത്തുള്ള വൃത്തം.
മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണെങ്കില്‍, മുന്‍കൂര്‍ പണം തന്ന് സഹായിക്കാന്‍ ആളുകളുണ്ട്. മോഹന്‍ലാലിന് ഉടനെ മറ്റ് പടങ്ങള്‍ മാറ്റി വെച്ച് അതില്‍ വന്ന് അഭിനയിക്കേണ്ട കാര്യമില്ല. മോഹന്‍ലാലിനല്ല ആര്‍ക്കുമില്ല. അപ്പോള്‍ ലാലിന് നോ എന്നു പറയാന്‍ വയ്യാത്തൊരു സംവിധായകന്‍ വേണം. അത് നല്ല കച്ചവട കോമ്പിനേഷനുമായിരിക്കണം. സ്വാഭാവികമായും പ്രിയദര്‍ശന്‍റെ മുഖമാണ് തെളിഞ്ഞത്. പ്രിയദര്‍ശന്‍ കൈയ്യിലുണ്ടെങ്കില്‍ മോഹന്‍ലാലും കയ്യിലെത്തും. പ്രിയദര്‍ശന്‍ കൈയ്യില്‍ വരാന്‍ എന്താണ് മാര്‍ഗ്ഗം? സിനിമയില്‍ വന്ന അന്നുമുതല്‍ പ്രിയന്‍ സ്വപ്‌നം കാണുന്ന ഒന്നാണ് എം.ടി.യുടെ ഒരു തിരക്കഥ. എം.ടി.യുടെ അടുത്തുള്ള സ്വാതന്ത്ര്യമുപയോഗിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു,
"എനിക്ക് എന്തിലെങ്കിലുമൊന്നില്‍ വ്യാപൃതനായേ മതിയാകൂ. സംഘടനാപ്രവര്‍ത്തനങ്ങളുമായി നടന്നു നടന്ന് ഞാന്‍ എന്‍റെ ജീവിതം മറന്നു പോയിരുന്നു. അഭിമാനത്തിന് കോട്ടം തട്ടാത്ത രീതിയില്‍ സഹകരിക്കുന്നവര്‍ക്കെല്ലാം പ്രതിഫലം കൊടുത്തു കൊണ്ട് ഒരു ചിത്രത്തിന്‍റെ നിര്‍മ്മാണം ഏകോപിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ എനിക്കതൊരു വലിയ ആശ്വാസമാകും."
"നല്ല കാര്യമാണ്. സൂക്ഷിച്ചും കണ്ടും ചെയ്യൂ."
"എനിക്കൊരു സഹായം ചെയ്തു തരണം."
"എന്താണ്?"
"എനിക്കൊരു സ്‌ക്രിപ്റ്റ് എഴുതിത്തരണം."
എം.ടി. ഒന്ന് ചിരിച്ചു.
"എനിക്ക് സംവിധാനം ചെയ്യാനല്ല. മെയിന്‍സ്ട്രീം സിനിമയ്ക്ക് പറ്റിയ ഒരു സ്‌ക്രിപ്റ്റ് എഴുതിത്തരണം. പ്രിയദര്‍ശന്‍ അങ്ങയുടെ ഒരു സ്‌ക്രപ്റ്റുണ്ടെങ്കില്‍ പടം ചെയ്യും. മോഹന്‍ലാല്‍ അതില്‍ അഭിനയിക്കും."
ഒരു നിമിഷം അദ്ദേഹം ആലോചിച്ചു:
"ആര്‍ യു ഷുവര്‍?"
അതെ എന്നു പറഞ്ഞു.
"നമുക്ക് ആലോചിക്കാം."
ഞാന്‍ നേരെ ഷൊര്‍ണ്ണൂര്‍ക്ക് പോയി. അവിടെ ആയുര്‍വേദസമാജത്തില്‍ പ്രിയദര്‍ശന്‍ സുഖചികിത്സക്ക് വന്നിട്ടുണ്ടായിരുന്നു. ഞാന്‍ ചെന്ന് അദ്ദേഹത്തെ കണ്ടു. സംഭവം പറഞ്ഞപ്പോള്‍ വളരെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു.
"സ്‌ക്രിപ്റ്റ് എന്ന് റെഡിയാവുന്നോ അന്നു തൊട്ട് മൂന്നു മാസത്തിനുള്ളില്‍ നമ്മള്‍ ഷൂട്ടിംഗ് തുടങ്ങിയിരിക്കും."
"ലാലു?"
"അതെ. ലാലുവിനെ വെച്ചു തന്നെ! ലാലുവിനോട് ഞാന്‍ സംസാരിച്ചോളാം."
ലാലിനെ ഞാന്‍ കാണുന്നത് കണ്ണൂരില്‍ വെച്ചാണ്. 'അയാള്‍ കഥയെഴുതുകയാണ്' ഷൂട്ടിംഗ് നടക്കുന്നു. ലാല്‍ ഷോട്ടിലാണ് ഞാന്‍ കടന്നു ചെല്ലുമ്പോള്‍. ആന്റണി പെരുമ്പാവൂര്‍ ഓടി വന്നു.
"പ്രിയന്‍സാര്‍ പറഞ്ഞിരുന്നു. സാര്‍ സ്‌ക്രിപ്റ്റ് എഴുതി വാങ്ങ്. നമുക്ക് ഡേറ്റുണ്ടാക്കാം. സാറിന്‍റെ ഒരു പ്രൊജക്ട്, എം.ടി.സാര്‍ സ്‌ക്രിപ്റ്റ് എഴുതുന്നു, പ്രിയന്‍സാര്‍ ചെയ്യുന്നുവെന്ന് പറയുമ്പോള്‍ അതിന്‍റെ പ്രയോറിറ്റി വേറെയല്ലേ!"
കണ്ടപ്പോള്‍ ലാല്‍ പറഞ്ഞു,
"എവിടെ വരെയായി? വിടാതെ പിടിച്ചോളണം പുള്ളിയെ."
അങ്ങനെയൊരു പ്രൊജക്ട് ഓണാവുകയാണ്, ഞാന്‍ കരുതി. ആശ്വസിച്ചു. ആഹ്ളാദിച്ചു.
പക്ഷേ, എനിക്ക് കച്ചവടം അളക്കുവാനുള്ള കഴിവില്ലെന്ന് അപ്പോഴാണ് മനസ്സിലായത്.
മോഹന്‍ലാലും പ്രിയദര്‍ശനും ഒരു പുതിയ എഴുത്തുകാരനും എന്നു പറഞ്ഞാല്‍പ്പോലും പണം മുടക്കാനാളുണ്ട്. എം.ടി.യും പ്രിയദര്‍ശനും എന്നു വന്നപ്പോള്‍ അവരതില്‍ ഒരു പരീക്ഷണസ്വഭാവം കണ്ടു മോഹന്‍ലാലിന്‍റെ ഡേറ്റ് അടുത്ത വര്‍ഷം കിട്ടിയേക്കാം എന്നു പറയുന്ന ചിത്രത്തിനുവരെ ലക്ഷങ്ങള്‍ കൊടുത്ത് കരാര്‍ ഒപ്പിടുവാന്‍ ക്യൂ നില്‍ക്കുന്നവര്‍ പോലും മാറി നില്‍ക്കുകയും ചെയ്തു.
പ്രിയദര്‍ശനും എം.ടി.യും തമ്മിലുള്ളൊരു കണ്ടുമുട്ടല്‍, മദ്രാസിലെ എം.ടി.യുടെ ഫ്‌ളാറ്റില്‍ വെച്ചാണ് ഏര്‍പ്പാടു ചെയ്തത്. പ്രിയനും ഞാനുമവിടെ കാറില്‍ ചെന്നിറങ്ങി. എം.ടി. തന്നെ ഞങ്ങള്‍ക്ക് ചായയുണ്ടാക്കിത്തന്നു. പ്രിയന്‍ വളരെ നെര്‍വസായിരുന്നുവെന്ന് ഞാനോര്‍ക്കുന്നു.
എം.ടി. പറഞ്ഞു, "പ്രിയന്‍റെ രീതിയിലൊരു സിനിമ എഴുതാന്‍ എനിക്കറിയില്ല."
അപ്പോള്‍ പ്രിയന്‍ പറഞ്ഞു, "സാറിന്‍റെ രീതിയിലൊരു സിനിമയാണ് എനിക്കു വേണ്ടത്. എന്‍റെയൊരു കണ്‍വെന്‍ഷണല്‍ എന്റര്‍ടെയിന്റ്‌മെന്റ് എലിമെന്റ്‌സല്ല, ഹൈവോള്‍ട്ടേജ് ഇമോഷനുള്ള, സാറിന്‍റെയൊരു സിഗ്നേച്ചര്‍ ഉള്ള സിനിമയാണ് ഞാനാഗ്രഹിക്കുന്നത്."
എനിക്ക് സന്തോഷമായി. വളരെ നല്ലൊരു സിനിമയെടുക്കുവാനാണല്ലോ ഇവര്‍ പുറപ്പെടുന്നത്. നല്ല സിനിമയുടെ പുറകില്‍ സ്വന്തം പണം മുടക്കാനില്ലെങ്കില്‍ അത് പക ല്‍സ്വപ്‌നം മാത്രമായിപ്പോകുമെന്ന കടുത്ത യാഥാര്‍ത്ഥ്യം പിന്നീടാണ് തിരിച്ചറിയുന്നത്.
എം.ടി. ഒന്നുരണ്ട് കഥകള്‍ ആലോചിച്ചു.
പിന്നീട് മാത്രം എനിക്കുണ്ടായ തിരിച്ചറിവുകള്‍ എം.ടി.യ്ക്കുമുണ്ടായപ്പോള്‍ എം.ടി. പറഞ്ഞു, "പ്രിയദര്‍ശന്‍ അല്പം എക്‌സ്‌പെരിമെന്റല്‍ സ്വഭാവമുള്ള, അക്കാദമിക് വാല്യു ഉള്ള, സിനിമ വേണമെന്നാണ് ആവശ്യപ്പെടുന്നത്. പക്ഷേ, അതേ സമയം ധനവ്യയത്തില്‍ എവിടെയെങ്കിലും റെസ്‌ട്രെയിന്റ് കാണിക്കുമോ? പരിപൂര്‍ണ്ണ കച്ചവട സാധ്യതയുള്ള സിനിമ ചെയ്യുമ്പോഴുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയല്ലേ പ്രിയന്‍ പടം ചെയ്യൂ. വേണ്ടി വരുന്ന സാമ്പത്തിക ചിലവിന്‍റെ കാര്യമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. വിനോദമൂല്യമുള്ള ചിത്രമല്ല എന്നു വരുമ്പോള്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകന് അംഗീകാരം കിട്ടുന്ന, അക്കാദമിക്കായി ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു ചിത്രമാണ് വിഭാവനം. അങ്ങിനെ വരുമ്പോള്‍ അടിസ്ഥാനപരമായി റിസ്‌ക് എടുക്കുന്ന ഏകവ്യക്തി പണം മുടക്കുന്ന നിര്‍മ്മാതാവാണ്. ഇങ്ങനെയൊരു ചിത്രത്തിന് പണം മുടക്കാന്‍ കച്ചവടക്കണ്ണുള്ള ഒരു വിതരണക്കാരന്‍ തയ്യാറാകുമോ? അഥവാ തയ്യാറായാല്‍ തന്നെ ഇടയ്ക്കു വെച്ച് അയാള്‍ക്ക് ഭയം തോന്നിയാല്‍, അയാള്‍ ഉപേക്ഷിച്ചു പോയാല്‍, സിനിമ വഴിയില്‍ കിടന്നു പോകും. പ്രിയദര്‍ശനും മോഹന്‍ലാലിനും എനിക്കും തന്നോട് തോന്നുന്ന പരിഗണന ഈ ഇന്‍ഡസ്ട്രിക്ക് തോന്നണമെന്നില്ല; തോന്നില്ല. അങ്ങിനെയാണ് സിനിമ. അത് കടബാദ്ധ്യതകളാകും. അല്ലെങ്കില്‍ ഇടയ്ക്കു വെച്ച് കറിവേപ്പില പോലെ പുറത്താക്കുമെന്ന് ഉറപ്പാകുമ്പോള്‍, തന്‍റെ സ്വഭാവം വെച്ച് അതിനു മുമ്പേ താന്‍ ഇറങ്ങിപ്പോരും. അങ്ങനെ ഒരു പരീക്ഷണ വസ്തുവാകാന്‍ താന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അതിനു ഞാന്‍ കൂട്ടുനില്‍ക്കണോ? എനിക്ക് എന്റെതായ സന്ദേഹങ്ങളുണ്ട്."
ഇവിടം വരെ കൂട്ടിയിണക്കുന്ന യാത്രകള്‍ക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ധര്‍മ്മസങ്കടത്തിലായിപ്പോയ എനിക്കു എന്നോടു തന്നെ ദേഷ്യം തോന്നി; അതിലേറെ ലജ്ജയും. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച്, എം.ടി. തിരക്കഥ ഒരുക്കി, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഊട്ടിയിലുള്ള പ്രിയദര്‍ശനെ കാണാന്‍ പോകണമെങ്കില്‍ ബസ്സില്‍ കയറി അവിടെ ചെന്നിട്ട് ഒരു ഓട്ടോ വിളിച്ചിട്ട് അവരുള്ള സ്ഥലത്തേക്ക് ചെന്നിറങ്ങണം. മറ്റുള്ളവരുടെ ഔദാര്യത്തില്‍ വേണം അവിടെ ഒരു മുറി പോലും! കടം വാങ്ങാ ന്‍പോലും നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍, അതിഭീകരമായ സാമ്പത്തികപരാധീനതയുടെ നടുക്കു നിന്നു കൊണ്ട് ഇങ്ങനെയൊരു പരീക്ഷണം അസാദ്ധ്യമാണ്.
/indian-express-malayalam/media/media_files/uploads/2022/01/john-paul-memories-mt-vasudevan-nair-priyadarsan-mohanlal-pic-1.jpg)
മുഖാമുഖം ഇരുന്ന് കൂടുതല്‍ ചര്‍ച്ചപോലും വേണ്ടി വന്നില്ല. എപ്പോള്‍ എങ്ങനെ ഈ ആലോചന അസ്തമിച്ചു എന്നും പറയാനാവുന്നില്ല. എന്‍റെ പ്രശ്‌നങ്ങള്‍ക്ക് ഇതൊന്നും പരിഹാരമാകില്ലെന്ന നിരാശയിലേക്ക് ഞാന്‍ വലിഞ്ഞു. അങ്ങനെ വല്ലാത്തൊരു മാനസിക തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ എം.ടി. പറഞ്ഞു:
"ഇങ്ങനെയൊന്നുമല്ലാതെ കുറച്ചു കാലമായി ചില സബ്ജകറ്റ്‌സ് എന്‍റെ മനസ്സിലുണ്ട്."
ഞാന്‍ ഉണര്‍ന്നു, "വാനപ്രസ്ഥം ചെയ്യാന്‍ പറ്റ്വോ വാസുവേട്ടാ."
എന്‍റെ നേര്‍ക്കു നോക്കിയിട്ട് ചോദിച്ചു,
"ആര് ചെയ്യും?"
ഞാന്‍ പറഞ്ഞു,
"മാഷുടെ വേഷം മമ്മൂട്ടിക്ക് നന്നായിട്ട് ഇണങ്ങും."
അതദ്ദേഹത്തിന് ബോധ്യപ്പെട്ടു.
"സംവിധാനം..?"
ഒരു നിമിഷം ആലോചിച്ചിട്ട് ഞാന്‍ പറഞ്ഞു,
"നിലവിലുള്ള ആരു ചെയ്താലും അങ്ങനെയൊരു ചിത്രം ചെയ്യാന്‍ വേണ്ടിയുള്ള ചെയ്യലാകും. പുതിയൊരു സംവിധായകന്‍ എന്നു പറയുമ്പോള്‍ 'വാനപ്രസ്ഥ'ത്തിന്‍റെ എല്ലാ സൂക്ഷ്മാംശങ്ങളും ഉള്‍ക്കൊള്ളാനുള്ള പ്രാപ്തി അയാള്‍ക്കുണ്ടെന്ന ബോധ്യം വേണം. കൊള്ളാവുന്നൊരാളെ അസോസിയേറ്റാക്കി വെച്ചു ശാരീരികക്ലേശം ഒഴിവാക്കി വാസുവേട്ടന് ചെയ്തു കൂടേ?"
ഒന്നും മിണ്ടിയില്ല.
"ഞാനൊന്ന് ആലോചിക്കട്ടെ…"
ലോക്കല്‍വിപണിയില്‍ കച്ചവടത്തിന് ഉപകാരപ്പെടാവുന്ന ഒന്നല്ല ഈ ചിത്രം. പക്ഷേ, എം.ടി. സംവിധാനം ചെയ്യുന്നു, 'വാനപ്രസ്ഥ'മാണ് കഥ. അതില്‍ മാഷിന്‍റെ വേഷം അഭിനയിക്കണമെന്ന് പറഞ്ഞാല്‍, മമ്മൂട്ടി തയ്യാറാവും. മമ്മൂട്ടിക്കത് വേണ്ടെന്ന് പറയാനാവില്ല. മമ്മൂട്ടിക്ക് അതിമനോഹരമായി ആ വേഷം അഭിനയിക്കുവാനും കഴിയും. അപ്പുറത്ത് വിനോദിനി എന്ന നായികാകഥാപാത്രം മമ്മൂട്ടിയോടൊപ്പം അന്ന് വേണമെങ്കില്‍ സുഹാസിനിക്ക് അഭിനയിക്കാം. പക്ഷേ, അതൊരു സാധാരണ കോമ്പിനേഷനായിപ്പോകും.
പിന്നെ? അങ്ങനെയിരിക്കുമ്പോഴാണ് തിരുവനന്തപുരത്ത് ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ ഒരു സെമിനാറില്‍ പങ്കെടുക്കുവാന്‍ എന്നെ ക്ഷണിക്കുന്നത്. ഉദ്ഘാടനം ചെയ്യുന്നത് എം.ടി.യാണ്. അതിലെ ഒരു റെട്രോസ്പക്ടീവ് ഉത്ഘാടനം ചെയ്യുന്നത് ശബാനാ ആസ്മിയാണ്. ഞങ്ങള്‍ മൂന്നു പേരും താമസിക്കുന്നതു ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്‍റെഗസ്റ്റ് ഹൗസിലാണ്.
വൈകുന്നേരങ്ങളില്‍ വാസുവേട്ടന്‍ മുകളിലെ മുറിയിലായിരിക്കും. ഞാന്‍ താഴെ. ശബാനാ മുകളിലെ രണ്ടാമത്തെ മുറിയില്‍. ശബാനാ താഴെ വന്നു. ഞങ്ങള്‍ ഒരു ഡ്രിങ്ക് ഷെയര്‍ ചെയ്തിരിക്കുന്നതിനിടയില്‍ ഞാന്‍ 'വാനപ്രസ്ഥം' കഥയുടെ ഒരു ചുരുക്കം പറഞ്ഞു. വളരെ കുറച്ച് വാചകങ്ങളേ വിനോദിനി സംസാരിക്കുന്നുള്ളല്ലോ. ആ ധൈര്യത്തില്‍ അവര്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ഞാന്‍ ചോദിച്ചു.
"Can you do the role of Vinodini?"
ഒരു നിമിഷം അവരെന്‍റെ മുഖത്ത് പകച്ചു നോക്കി പിന്നെ നുണക്കുഴി തെളിച്ചു പ്രസാദമധുരമായി ചിരിച്ചു.
"With pleasure, when MT is writing and directing it… It wiil be an honour for me."
ഞാനത് വാസുവേട്ടനോട് അപ്പോഴൊന്നും പറഞ്ഞില്ല. എന്‍റെ മനസ്സില്‍ ഒരു ഇന്റര്‍നാഷണല്‍ സിനിമയാണ് ഉരുവാകുന്നത്. എം.ടി. രചനയും സംവിധാനവും നിര്‍വഹിക്കുന്നു. ഛായാഗ്രഹണമേഖലയിലേക്ക് മനസ്സില്‍ കണ്ടത് സന്തോഷ് ശിവനെയാണ്. എപ്പോഴോ ഒരിക്കല്‍ സന്തോഷിനോട് ഫോണില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം വളരെ വലിയ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഓടി നടന്ന് കാര്യങ്ങള്‍ നടത്തേണ്ട സ്ഥലത്ത്, എം.ടി.യ്ക്കുള്ള ശാരീരികപരാധീനതകളെ മറികടക്കാന്‍ ഛായാഗ്രാഹകനെന്ന നിലയ്ക്കു പുറമെയും സന്തോഷ് ശിവന്‍ കൂടെയുണ്ടാവും. He is a brilliant filmmaker as well. മമ്മൂട്ടിയും ശബാനാ അസ്മിയും എം.ടി.യും സന്തോഷ് ശിവനും ഒരുമിച്ച് വരുന്ന അന്തര്‍ദേശീയനിലവാരമുള്ള സിനിമ എന്നതായി സ്വപ്‌നം.
പിറ്റേ ആഴ്ച ഞാന്‍ കോഴിക്കോട്ടെത്തി. എം.ടി. കാലിക്കറ്റ് ടവ്വേഴ്‌സിലെ എന്‍റെ മുറിയില്‍ വന്നു.
"വാനപ്രസ്ഥം ചെയ്യാന്‍ എനിക്ക് കുറച്ചു കൂടെ സാവകാശം വേണം. ലളിതമായൊരു വേറെ ചിത്രം എന്‍റെ മനസ്സിലുണ്ട്. ഞാനിന്നോളം നര്‍മ്മം ചെയ്തിട്ടില്ല. ഒരു കന്നട കഥയാണ്. 'കഥ' എന്നു പറയുന്ന എല്ലാ ഭാഷകളിലെയും കഥകള്‍ പ്രസിദ്ധപ്പെടുത്തുന്ന ഒരു വോള്യമുണ്ട്. അതിന്‍റെ ഒരു വര്‍ഷത്തെ വോള്യം എഡിറ്റുചെയ്തത് ഞാനാണ്. അതില്‍ കന്നടത്തില്‍ നിന്നും തെരഞ്ഞെടുത്ത കഥയാണ്."
വായിക്കാന്‍ തന്നു. രസമുണ്ട്. 'മിഥുനം' എന്നായിരുന്നു കഥയുടെ പേര്.
"ഇത് നമുക്കാദ്യം സിനിമയാക്കാം. ഞാന്‍ ഡയറക്ട് ചെയ്തിട്ട്. അതു കഴിയുമ്പോള്‍ 'വാനപ്രസ്ഥം' ആലോചിക്കാം. അത് ഒന്നുകില്‍ ഞാന്‍ തന്നെ ചെയ്യാം അല്ലെങ്കില്‍ സണ്ണി ജോസഫിനെക്കൊണ്ടോ മറ്റോ ചെയ്യിക്കാം."
സണ്ണിയെ എനിക്കിഷ്ടമാണ്. സണ്ണിയാണെങ്കില്‍ ഒരു ഡയറക്ടര്‍ ഡെബ്യൂവിനു വേണ്ടി ഒരുങ്ങി നില്‍ക്കുകയുമാണ്. അതിനുള്ള പക്വതയുമുണ്ട്.
"ക്യാമറയ്ക്ക് വേണമെങ്കില്‍ നമുക്ക്… സണ്ണി ഡയറക്ട് ചെയ്യുമ്പോള്‍ സണ്ണി തന്നെയല്ലല്ലോ ക്യാമറ ചെയ്യേണ്ടത്…."
"അതു നമുക്ക് വേറെയാരെയെങ്കിലും വിളിക്കാം."
ഞാന്‍ പറഞ്ഞു,
"സന്തോഷ് ശിവനെ വിളിക്കാം, മധു അമ്പാട്ടിനെ വിളിക്കാം."
"അങ്ങനെ വരികയാണെങ്കില്‍ ദാറ്റ് വില്‍ ബി വണ്ടര്‍ഫുള്‍!"
'മിഥുന'ത്തിന്‍റെ മലയാളം വേര്‍ഷന്‍ എം.ടി. സംവിധാനം ചെയ്യും. പിന്നീട് എം.ടി.യുടെ 'വാനപ്രസ്ഥം' അദ്ദേഹത്തിന്‍റെ രചനയില്‍ സണ്ണി ജോസഫ് സംവിധാനം ചെയ്യുമ്പോള്‍ ഞാന്‍ മനസ്സില്‍ കണ്ടിരുന്ന കാസ്റ്റിങ്ങ് കൂടി വന്നാല്‍ രണ്ട് ചിത്രവും കൂടിച്ചേര്‍ന്നുള്ള ഒരു പാക്കേജ് ഗുണകരമാകും. സാമ്പത്തികത്തേക്കാള്‍ ഒപ്പം മറ്റു വിധത്തിലും.
അങ്ങനെ ആലോചന തുടങ്ങി വന്നുരുവായതാണ് 'ഒരു ചെറുപുഞ്ചിരി.' സ്റ്റിങ്ങിനെക്കുറിച്ച് ഒരുപാട് ആലോചിച്ചു. പ്രേംനസീറുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‍റെ ശരിക്കുള്ള പ്രായത്തില്‍ തന്നെ ആലോചിക്കാമായിരുന്നു.
നായികാവേഷത്തില്‍ നരച്ച വിഗ്ഗ് വെച്ചു കൊണ്ട് ആരും അഭിനയിക്കണ്ട.
"വള്ളുവനാടന്‍ ഭാഗത്തുനിന്ന് പുറപ്പെട്ട് ബാംഗ്ലൂരില്‍ സെറ്റില്‍ഡ് ആയ ഒരു നിര്‍മ്മലാ ശ്രീനിവാസന്‍റെ കാര്യം മോനിഷയുടെ അമ്മ ശ്രീദേവി പറഞ്ഞിട്ടുണ്ട്. അവരെയൊന്ന് പോയി കണ്ടു നോക്കാം."
ഞാന്‍ പറഞ്ഞു,
"നമ്മുടെ വിന്‍സെന്റ് മാഷ് ക്യാമറയുടെ മുന്നില്‍ വരാന്‍ തയ്യാറാകുമായിരുന്നുവെങ്കില്‍… ആ അപ്പിയറന്‍സ് ഉള്ള ഒരാളായിരിക്കണം നമ്മുടെ കുറുപ്പ്…."
ഞങ്ങള്‍ രണ്ടാളും ആ സാധ്യത മനസ്സില്‍ താലോലിച്ചിട്ട് ഒന്ന് ചിരിച്ചു. പിന്നെ തോന്നി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആയാലോ എന്ന്. ആലോചിച്ചു നോക്കുമ്പോള്‍ ഈ കഥാപാത്രത്തിന്‍റെ എല്ലാ മുക്കും മൂലയും ഒടുവില്‍ ഉണ്ണികൃഷ്ണന് കൃത്യമായി ഇണങ്ങുന്നു. അങ്ങനെയാണ് ആ ചിത്രം ഒരുങ്ങുന്നത്. ഏഷ്യാനെറ്റ് അതില്‍ നിര്‍മ്മാണപങ്കാളിയുമായി. അദ്ദേഹം ആവശ്യപ്പെട്ട എല്ലാം, കടം വാങ്ങിയാണെങ്കിലും ഒരുക്കിക്കൊടുത്തിരുന്നു. അതിലൊന്നും ഒരു പരാതിയും ഉണ്ടായിരുന്നില്ല.
ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍, അവാര്‍ഡിന്‍റെ തലേന്ന് അശോകാ ഹോട്ടലില്‍ എം.ടി. എന്‍റെ മുറിയിലിരുന്നാണ് അന്ന് അത്താഴം കഴിച്ചത്. ഞാനും മകളും ആണ് മുറിയിലുള്ളത് (മകളാണ് നിര്‍മ്മാതാവ്). മകളെ നോക്കി അദ്ദേഹം വികാരാധീനനായി പറഞ്ഞു:
"ഞാനൊരുപാട് ചിത്രങ്ങളൊന്നും സംവിധാനം ചെയ്തിട്ടില്ല. 'നിര്‍മ്മാല്യം' അടക്കം ഞാന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ എനിക്കെല്ലാ സൗകര്യങ്ങളും എന്‍റെ ആഗ്രഹത്തിനൊത്ത് ഇണങ്ങിക്കിട്ടി. ഏറ്റവും ആഹ്ളാദകരമായി ഞാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം നിന്‍റെ പേരിലിറങ്ങുന്ന ഈ ചിത്രമാണ് മോളേ.."
വലിയ സന്തോഷം തോന്നി. നിര്‍ഭാഗ്യവാനെത്തേടി നിര്‍ഭാഗ്യം വീണ്ടും വരുന്നുവെന്ന് പറയുന്നതു പോലെ, ആ സമയത്ത് ഏഷ്യാനെറ്റ് ചാനലും തിയ്യേറ്റര്‍ ഉടമകളും തമ്മില്‍ ഒരു ശീതസമരം ഉണ്ടായി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഏഷ്യാനെറ്റില്‍ ചിത്രം ടെലികാസ്റ്റ് ചെയ്യുന്നു, അന്നു തന്നെ പതിനൊന്ന് മണിക്ക് നൂണ്‍ഷോ ആന്റ് മാറ്റിനി രണ്ടു ഷോ വീതം കേരളത്തിലെ ഏഴ് ലിറ്റില്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു എന്ന വിധത്തിലാണ് പ്ലാന്‍ ചെയ്തിരുന്നത്. ഒരേ സമയം റിലീസ് ചെയ്തിരുന്നതു കൊണ്ട് രണ്ട് കൂട്ടര്‍ക്കും തുടക്കത്തില്‍ പരാതി ഉണ്ടായിരുന്നില്ല.
എറണാകുളത്ത് ലിറ്റില്‍ ഷേണായീസ്, കോട്ടയം ലിറ്റില്‍ ആനന്ദ്, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം ശ്രീ തിയ്യേറ്ററുകള്‍, തലശ്ശേരിയിലെ ലിബര്‍ട്ടി ഗ്രൂപ്പിന്‍റെ ചെറിയ തിയ്യേറ്റര്‍… ഇത്രയും തിയ്യേറ്ററുകളുമായി വാക്കാല്‍ ധാരണയുമായി. പ്രദര്‍ശനത്തിനെത്തുവാന്‍ അഞ്ചു ദിവസമുള്ളപ്പോള്‍, സെന്‍സറിംഗിനായി ഞാന്‍ ഓടി നടക്കുന്നതിനിടയിലാണ്, തിയ്യേറ്ററുകളില്‍ റിലീസ് ചെയ്ത് ആറു മാസത്തിനു ശേഷം മാത്രമാണ് ടെലിവിഷനില്‍ സംപ്രേഷണം അനുവദിക്കാവുന്നത് എന്ന തീരുമാനം കര്‍ശനമായി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്‍റെ ഭാഗത്തു നിന്നും നിഷ്ഠപ്പെടുത്തുന്നതും അതിനു വിധേയമായിട്ടല്ലാതെ വരുന്ന എന്‍റെചിത്രം അതിനാല്‍ തിയ്യേറ്ററുകളില്‍ കളിക്കാനാവില്ലെന്ന് അനൗദ്യോഗികമായി തീരുമാനിക്കുന്നതും.
പിന്നീട് കഴിയുമായിരുന്നത് കെ.എസ്.എഫ്.ഡി.സി.യുടെ മൂന്ന് തിയ്യേറ്ററുകളില്‍ മാത്രമായി റിലീസ് ചെയ്യുകയെന്നുള്ളതാണ്. അതും സാധ്യമാകുമായിരുന്നില്ല. ഏഴ് പ്രിന്റുകളെടുത്ത് ഏഴ് സ്ഥലത്ത് റിലീസു ചെയ്യാനും അതിന്‍റെ തുടര്‍ച്ചയായി പലയിടത്തും ചാര്‍ട്ട് ചെയ്യാനും പറ്റുന്ന വിധത്തില്‍ വി.ബി.കെ.മേനോന്‍റെ അനുഗ്രഹ ഫിലിംസിന്‍റെ ഓഫീസ് നെറ്റുവര്‍ക്ക് ഉപയോഗിച്ചു കൊണ്ട് ഒരുങ്ങി വരികയായിരുന്നു. മുഴുവന്‍ വൃഥാവിലായി. ടെലികാസ്റ്റിങ്ങില്‍ മാത്രമായി പരിമിതപ്പെട്ടു.
മഹാത്ഭുതമൊന്നുമല്ലെങ്കിലും ദുര്‍ഗ്രഹതയൊന്നുമില്ലാത്ത ഒരു ചിത്രമെന്ന നിലയില്‍ ലിറ്റില്‍, മിനി തിയ്യേറ്ററുകളില്‍ ഒരാഴ്ച വീതം കളിക്കുവാനുള്ള സാധ്യത ചിത്രത്തിനുണ്ടായിരുന്നു. വലിയ ആയാസമൊന്നുമില്ലാതെ ലാഘവപൂര്‍വം ഇരുന്ന് കാണുകയും ആസ്വദിക്കുകയും ചെയ്യാവുന്ന ഒരു കൊച്ചു സിനിമ. ഇരുപത്തഞ്ചോ മുപ്പതോ ലക്ഷം രൂപ അതില്‍ നിന്നും എനിക്ക് ലാഭം കിട്ടുമായിരുന്നു. ഉണ്ടായില്ല.
ചിത്രം ടെലികാസ്റ്റ് ചെയ്യുമ്പോള്‍ ആറോ എഴോ ലക്ഷം രൂപയുടെ കടക്കാരനായിരുന്നു ഞാന്‍. അത് പിന്നെ പെരുകി പെരുകി വന്നത് ടെലികാസ്റ്റ് ചെയ്തപ്പോള്‍ കിട്ടിയ പണം കൊണ്ട് കുറെ തീര്‍ത്തു. അതിനിടയില്‍ സംസ്ഥാന ഗവര്‍മെന്റിന്‍റെ സബ്‌സിഡി, അന്ന് സാംസ്‌കാരിക വകുപ്പു മന്ത്രിയായിരുന്ന ജി.കാര്‍ത്തികേയന്‍ മുന്‍കൈയെടുത്ത് പെട്ടെന്ന് നല്‍കുവാനുള്ള സംവിധാനമുണ്ടാക്കി. അങ്ങനെയങ്ങനെയാണ് വലിയ മുറിവുകളേല്‍ക്കാതെ ചിത്രം അതിന്‍റെ മുടക്കു മുതല്‍ തിരികെ പിടിച്ചത്. അതില്‍നി ന്ന് ലഭിക്കേണ്ടിയിരുന്ന മെച്ചം ലഭിക്കാതെയും പോയി.
'ഒരു ചെറുപുഞ്ചിരി' നിര്‍മ്മിച്ചത് ഏഷ്യാനെറ്റും ഞാനും പങ്കാളികളായിട്ടാണ്. ദൂരദര്‍ശന്‍ ഒഴികെയുള്ള എല്ലാ അന്തര്‍ദേശീയ ടെലിവിഷന്‍ അവകാശങ്ങളും ഏഷ്യാനെറ്റിനുള്ളതാണ്. തീയേറ്റര്‍ അവകാശങ്ങളും ദൂരദര്‍ശന്‍ അവകാശവും മാത്രമായിരുന്നു എനിക്ക്.
'വാനപ്രസ്ഥം' സിനിമയാക്കുവാനുള്ള ശക്തിയും ശേഷിയും എനിക്കുണ്ടാകുമോ എന്നു പോലും ഭയം തോന്നി. പിന്നെയുള്ളത് മമ്മൂട്ടിയും ശബാനാ ആസ്മിയും എന്നു പറയുന്ന ഒരു സങ്കല്പമാണ്. ഏതായാലും ഇതില്‍ നിന്നും പതുക്കെ ഒന്നനങ്ങാമെന്ന സാവകാശം കിട്ടിയിട്ടാകാമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് എം.ടി. പറഞ്ഞത്:
"കണ്ണന് പെട്ടെന്നൊരു പടം ചെയ്യണം. അയാള്‍ക്കു 'വാനപ്രസ്ഥം' ചെയ്താല്‍ കൊള്ളാമെന്നുണ്ട്. ഞാന്‍ വാക്കു കൊടുത്തു."
എന്നോട് പറഞ്ഞ വാക്കല്ലേ എന്ന് ചോദിക്കാനുള്ള അവകാശമൊന്നും എനിക്കില്ല. അദ്ദേഹത്തിന് 'ഒരു ചെറുപുഞ്ചിരി' സംവിധാനം ചെയ്തതിനും തിരക്കഥ എഴുതിയതിനും പ്രതിഫലം കൊടുത്തിട്ടില്ല. കൊടുക്കുവാന്‍ കഴിഞ്ഞില്ല. മൂന്നാലു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എനിക്ക് അദ്ദേഹത്തിന് അല്പമെങ്കിലും പ്രതിഫലം കൊടുക്കുവാന്‍ കഴിഞ്ഞത്. കിട്ടിയ പണം ഞാന്‍ മറിച്ചു മാറ്റി എന്നൊക്കെ അപവാദങ്ങള്‍ പരത്താന്‍ അഭ്യുദയകാംക്ഷികളുണ്ടായി. ചിലത് അദ്ദേഹം വിശ്വസിച്ചിട്ടോ എന്തോ അതിന്‍റെ പേരില്‍ അദ്ദേഹത്തിന് എന്നോട് നീരസമുണ്ടായിക്കാണാം. അതോ എന്‍റെ നിവൃത്തിക്കേട് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടോ!
ആ ചിത്രത്തിന് അദ്ദേഹം എന്ത് പ്രതീക്ഷിച്ചിരുന്നു എന്നെനിക്കറിയില്ല. എങ്കിലും എന്നാല്‍ ആവും വിധത്തിലുള്ള ഒരു പ്രതിഫലം, അതൊരുപക്ഷേ മെയിന്‍സ്ട്രീമില്‍ ഒരു സിനിമക്ക് അദ്ദേഹത്തിന് കിട്ടുന്ന അഡ്വാന്‍സ് പ്രതിഫലത്തിലുമെത്രയോ ചെറിയ അംശമായിരിക്കാം, ഞാനദ്ദേഹത്തിന് എത്തിച്ചുകൊടുത്തു.
കണ്ണന്‍ അദ്ദേഹത്തിനു വേണ്ടി ചെയ്ത ഒരു ടെലിസീരിയലില്‍ രാപ്പകല്‍ കൂടെ നിന്ന് അദ്ധ്വാനിച്ച ആളാണ്. കണ്ണന്‍റെ സംവിധാനത്തില്‍ 'തീര്‍ത്ഥാടനം' ഒരുങ്ങി വന്നപ്പോള്‍, അപരിചിതനായ കണ്ണന്‍റെ സംവിധാനത്തില്‍ അങ്ങനെയൊരു വേഷം ചെയ്യാന്‍ മമ്മൂട്ടിക്ക് വൈമനസ്യമുണ്ടായി. കറങ്ങിത്തിരിഞ്ഞ് തിരിഞ്ഞ് മമ്മൂട്ടി-ശബാനാ അസ്മി എന്ന് ഞാന്‍ കണ്ട സ്വപ്‌നം ജയറാം-സുഹാസിനിയില്‍ വന്ന് സാക്ഷാത്ക്കരിക്കപ്പെടുകയാണുണ്ടായത്.
ചിലത് നമ്മുടെ കണക്കുകള്‍ക്കെല്ലാം അപ്പുറത്ത് സംഭവിക്കും. നമ്മുടെ കണക്കുകള്‍ക്ക് വിധേയമായി സംഭവിക്കുന്നതു പോലും ആ കണക്കുകളില്‍ എത്തിപ്പെടാതെ വഴുതിപ്പോകും. ഇതൊക്കെ ചേര്‍ന്നതാണ് ജീവിതം, സിനിമയും.
എന്നെ കാണുമ്പോള്‍ വാത്സല്യത്തിന്‍റെ ഒരു മിന്നായം എം.ടി.യുടെ കണ്ണുകളില്‍ ഇന്നും കാണാറുണ്ട്. ഇനിയും മുറിവേല്‍ക്കാന്‍ മനസ്സിന് ത്രാണിയില്ലാത്തതു കൊണ്ട് വീണ്ടും കൂടുതല്‍ അടുക്കാന്‍ പിന്നെ ശ്രമിച്ചില്ല. വീണ്ടുമൊരു ചൂഷണത്തിനുള്ള വലനെയ്യലാണ് എന്നു പറഞ്ഞ് ഫലിപ്പിക്കുവാന്‍ വിരുതുള്ള അഭ്യുദയകാംക്ഷികള്‍ക്കെപ്പോഴാണ് ക്ഷാമം.
കേട്ടെഴുത്ത്: സുനീഷ് കെ.
- ടെല്‍ബ്രെയ്ന്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'ജോണ്‍ പോള്‍ സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു' എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.