“നിന്റെ മുറിയിലെ ആ ഫൊട്ടോ നീ എന്ത് ചെയ്യാന്‍ പോകുന്നു?”, അടുത്തിടെ വീട്ടില്‍ പോയപ്പോള്‍ അമ്മ ചോദിച്ചു. അൽപ്പം നീരസമുണ്ടായിരുന്നു ശബ്ദത്തില്‍.
“ഏതു ഫൊട്ടോ?” ഊഹിക്കാമെങ്കിലും ഞാന്‍ വെറുതേ ചോദിച്ചു.
“ജിന്നയുടേത്, കറുത്ത സൂട്ടിട്ട്, രണ്ടു വളര്‍ത്തു നായ്ക്കളുമായി, ചുണ്ടില്‍ ഒരു സിഗരറ്റും പിടിച്ചു നില്‍ക്കുന്നത്,” 86 വയസ്സുകാരിയായ അമ്മ പറഞ്ഞു.
“വര്‍ഷങ്ങളായി അവിടെയുള്ള ഒരു പടമല്ലേ അത്, ഇപ്പോള്‍ എന്താണമ്മ ഇങ്ങനെ ചോദിക്കുന്നത്?” എന്നായി ഞാന്‍.
“എന്താണ് ചോദിക്കുന്നതെന്നോ? അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കാണുന്നില്ലേ? പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ ചിത്രം നിരുപദ്രവകരമായ ഒന്നായിരുന്നു, ഇപ്പോള്‍ അതൊരു സ്ഫോടകവസ്തുവാണ്.”
“അയ്യോ അതൊക്കെ കര്‍ണാടക തെരഞ്ഞെടുപ്പിന് വേണ്ടി ഉണ്ടാക്കിയ വെറും വിവാദമല്ലേ അമ്മേ. മാത്രമല്ല ഇത് നമ്മുടെ സ്വന്തം വീടാണ്, ഇവിടെ നമുക്ക് ആരുടെ ചിത്രം വേണമെങ്കിലും വയ്ക്കാനുള്ള അവകാശമുണ്ട്.”
“ഇക്കാലത്ത് അങ്ങനെയൊന്നും പറയാന്‍ പറ്റില്ല, നമ്മുടെ വീടൊക്കെ അവര്‍ റെയ്ഡ് ചെയ്തു തുടങ്ങിയാലോ? കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ആരുടേയോ ഫ്രിഡ്ജ് അവര്‍ റെയ്ഡ് ചെയ്തില്ലേ, ബീഫുണ്ടോ എന്ന് നോക്കാന്‍. നിന്നെയാണെങ്കില്‍ അവര്‍ നോക്കി വച്ചിട്ടുമുണ്ട്. ഇന്ത്യയും പാകിസ്താനും സൗഹൃദത്തിലാവണം എന്ന് നീ ഇപ്പോഴും എഴുതുന്നത് കൊണ്ട്.”
ഇംഗ്ലീഷില്‍ വായിക്കാം: Jinnah In My Room
“അമ്മ വെറുതെ ഓവര്‍ റിയാക്റ്റ് ചെയ്യുകയാണ്,” ഞാന്‍ പറഞ്ഞു.
“അല്ല, അല്ലെങ്കിലും ആരാണീ ജിന്ന? നിന്റെ ആരാണയാള്‍? അമ്മാവനോ?”
“ആ ഫൊട്ടോ എന്റെ ചരിത്രത്തിന്റെ ഭാഗമാണമ്മേ.”
“നെഹ്റുവിന്റെയോ ഗാന്ധിയുടേയോ ഒരു ചിത്രമെങ്കിലുമുണ്ടോ നിന്റെ കൈയ്യില്‍? എന്താ അവര്‍ നിന്റെ ചരിത്രത്തിന്റെ ഭാഗമല്ലേ? അവരുടെ ചിത്രങ്ങളാണ് നീ വയ്ക്കേണ്ടത്, അല്ലാതെ ജിന്നയുടേതല്ല.”
“രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. അതും ഉണ്ടെന്നിരിക്കെത്തന്നെ, എന്റെ ചരിത്രത്തെക്കുറിച്ച്, എന്റെ ജോലിയുടെ ചരിത്രത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ഈ ചിത്രം എനിക്ക് പാകിസ്താനിലെ ഒരു പ്രമുഖ വ്യക്തി സമ്മാനമായി തന്നതാണ്.”
“സമ്മാനമോ, വേറെയെന്തെങ്കിലും നിനക്ക് തരുന്നതിനെക്കുറിച്ച് ആലോചിക്കാമായിരുന്നില്ലേ ഈ പ്രമുഖ വ്യക്തിക്ക്?”
“മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചിരുന്ന ഒരാളാണ് പാകിസ്താന്റെ സ്ഥാപകന്‍ എന്ന് അവിടുത്തെ ജനതയോട് എന്നും പറഞ്ഞിരുന്ന ഒരാളാണ് എനിക്കിത് തന്നത്.”
“എന്ത് മതനിരപേക്ഷത? മതനിരപേക്ഷത കൊണ്ടാണോ ജിന്ന വിഭജനത്തിലേക്കും അത് വഴി വന്ന രക്തച്ചൊരിച്ചിലിലേയ്ക്കും ആ രാജ്യത്തെ നയിച്ചത്?”
“അക്കാര്യങ്ങളൊക്കെ അമ്മ വിചാരിക്കുന്നതിലും കൂടുതല്‍ സങ്കീര്ണ്ണമാണമ്മേ.”
“അതിരിക്കട്ടെ, ആരാണീ പ്രമുഖ വ്യക്തി?”
“അര്‍ദേഷിര്‍ കോവാസ്ജീ. ‘ദി ഡോണ്‍’ എന്ന പത്രത്തിന്റെ കോളമിസ്റ്റ് ആയിരുന്നു. ജിന്നയെക്കുറിച്ചും ‘പാകിസ്ഥാനില്‍ എല്ലാവര്ക്കും അവരവരുടെ മതങ്ങള്‍ അനുഷ്ഠിക്കാനുള്ള അവകാശമുണ്ട്’ എന്ന് ജിന്ന പറഞ്ഞതിനെക്കുറിച്ചും മരണപ്പെടുന്ന ദിവസം വരെ എഴുതിയ ആളാണദ്ദേഹം. കറാച്ചിയിലെ വീട്ടില്‍ ഞാന്‍ പോയപ്പോള്‍ എനിക്ക് അദ്ദേഹം ജിന്നയുടെ രണ്ടു പോസ്റ്ററുകള്‍ തന്നു. ഒന്ന് എനിക്ക് സൂക്ഷിക്കാം എന്നും മറ്റേത് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കാം എന്നും പറഞ്ഞു. ഇങ്ങനെയുള്ള ജിന്നയുടെ ഒരു ചിത്രം (സൂട്ട് ധരിച്ച്, സിഗരറ്റ് പിടിച്ച്, വളര്‍ത്തുനായ്ക്കളുമായി നില്ക്കുന്ന ചിത്രം) ‘ഷെയര്‍’ ചെയ്യപ്പെടേണ്ടത് പ്രധാനമാണ് എന്നും, അതുവഴി മാത്രമേ ജിന്ന ഒരു ‘ഫണ്ടോ’ (മതമൗലികവാദി) ആയിരുന്നില്ല എന്ന് ലോകം അറിയുകയുള്ളൂ അദ്ദേഹം കൂട്ടിച്ചേര്‍ത്തു,” ഞാന്‍ അമ്മയോട് വിവരിച്ചു.
“ഓഹോ അപ്പോള്‍ മറ്റൊരു പടം കൂടിയുണ്ടോ നിന്റെ കൈവശം?” അമ്മയുടെ ശബ്ദമുയര്‍ന്നു.
“ഇല്ല, പാകിസ്താനില്‍ നിന്നും മടങ്ങുന്നതിന് മുന്‍പ് ഞാനത് അവിടെയുള്ള ഒരു സുഹൃത്തിനു കൊടുത്തു.”
“അത് നന്നായി. ഇനി നമ്മള് ആദ്യം സംസാരിച്ച വിഷയത്തിലേക്ക് മടങ്ങി വരാം. പടം എവിടെക്കൊണ്ട് കളയാനാണ് പ്ലാന്‍?”
“അമ്മയ്ക്ക് അത്ര ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ പോകുമ്പോള്‍ കൊണ്ട് പൊയ്ക്കൊള്ളാം.”
“ചെയ്യരുത്. ഇപ്പോഴത്തെ സ്ഥിതി വച്ച് നോക്കിയാല്‍ എയര്‍പോര്‍ട്ടിലെ എക്സ്-റെ മഷീന് ഈ പടം കണ്ടു പിടിക്കും. ഞാനും അച്ഛനും വന്നു നിന്നെ പോലീസില്‍ നിന്നും വിടുവിക്കേണ്ടി വരും.”
“എക്സ്-റെ മഷീന് ഇതൊന്നും കണ്ടു പിടിക്കില്ല. മാത്രമല്ല, ഇത് ഉത്തര്‍പ്രദേശ് അല്ല, തമിഴ് നാടാണ്. ഇവിടെയുള്ളവര്‍ക്ക് ജിന്ന ഒരു പ്രശ്നമല്ല.”, ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.
“ഏതു ലോകത്താണ് നീ ജീവിക്കുന്നത്? എ ഐ എ ഡി എം കെയുടെ ജാതകം മുഴുവന്‍ അയാള്‍ക്കറിയാം. അയാളുടെ കൈയ്യിലെ വെറും കളിമണ്ണാണ് എ ഐ എ ഡി എം കെ. ആരാണ് എന്നറിയാമല്ലോ…”
“ആ പേര് ഞാന്‍ പറയില്ല.”
ആ പറഞ്ഞത് ദഹിക്കാന്‍ ഒരല്പം സമയം തന്നു അമ്മ തുടര്‍ന്നു.
“ആ ചിത്രം ഞാന്‍ ഖാഇദ്-ഇ-മില്ലെത്ത് ഹാളിനു കൊടുക്കും. അവിടെ ഒരു ജിന്ന ചിത്രമില്ല.”
“അതവിടെയില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം അവര്‍ക്കത് വേണ്ടാ എന്നാണമ്മേ. അത് കൊണ്ടാണ് അതവിടെ ഇല്ലാത്തത്. അല്ലാതെ ജിന്നയുടെ ഒരു ചിത്രം കിട്ടാനില്ലാത്തത് കൊണ്ടോ, അവര്‍ക്കത് ദാനം ചെയ്യാന്‍ സന്നദ്ധയായ ഒരാളെ കാണാത്തത് കൊണ്ടോ അല്ല.”
“അതെന്തെങ്കിലുമാവട്ടെ… ആ പടം എങ്ങനെയെങ്കിലും ഒഴിവാക്കണം.”
“ജിന്നയെ വിട്, നമുക്ക് കര്‍ണാടകത്തെക്കുറിച്ച് സംസാരിക്കാം, അവിടെ ആര് ജയിക്കും*?”
“അത് കൊണ്ടാണ് ഞാന്‍ പറയുന്നത്, നമുക്ക് ആ പടം എങ്ങനെയെങ്കിലും ഒഴിവാക്കണം എന്ന്.”
“അമ്മ എന്തൊക്കെയാണ് ഈ പറയുന്നത്. നിയമവ്യവസ്ഥകള്‍ നിലനില്‍ക്കുന്ന ഒരു രാജ്യം തന്നെയാണ് ഇപ്പോഴും ഇന്ത്യ.”
“അപ്പോള്‍ നീ കാവല്ക്കാരെക്കുറിച്ചും സംരക്ഷകരെക്കുറിച്ചും ഇത് വരെ കേട്ടിട്ടില്ലേ?”
“അത് പശുക്കള്ക്കല്ലേ അമ്മേ, പ്രായമായവരെ അവര്‍ ഇത് വരെ ഉന്നം വച്ച് തുടങ്ങിയില്ലല്ലോ.”
“ആര് പറഞ്ഞു, അദ്വാനിയ്ക്ക് എന്ത് സംഭവിച്ചു എന്ന് നീ കണ്ടതല്ലേ.”
*മെയ് 17 ന് ഇന്ത്യന്‍ എക്സ്പ്രസ്സില്‍ എഴുതിയ ലേഖനം