ലോക സിനിമ ചരിത്രത്തിൽ സമാനതകളില്ലാത്ത ചലച്ചിത്ര സൃഷ്​ടിയാണ്​ ഒഡേസാ മൂവീസിന്‍റെ ‘അമ്മ അറിയാൻ’. സിനിമയുടെ ചിത്രീകരണവും ആദ്യ പ്രദർശനവും സംവിധായക​​ൻ ജോൺ എബ്രഹാമി​ന്‍റെ ആകസ്​മിക മരണവുമെല്ലാം സംഭവിച്ചത്​ കോഴിക്കോട് വച്ചാണ്.

എൺപതുകളുടെ പാതിയിൽ കോഴിക്കോട്​  നഗരത്തില്‍ തന്‍റെ മാധ്യമ പ്രവർത്തനത്തി​ന്​ തുടക്കം കുറിച്ച ലേഖകന്​ ലഭിച്ച അപൂർവ്വ ഭാഗ്യങ്ങളിൽ ഒന്ന് ഈ ചലച്ചിത്ര സൃഷ്​ടിയുടെ രൂപപ്പെടൽ അകലെ നിന്നാണെങ്കിലും അനുഭവിച്ചറിയാനുള്ള അവസരമായിരുന്നു. ജോണ്‍ അബ്രഹാമിന്‍റെ ഓര്‍മ്മദിനമായ ഇന്ന് അതോര്‍ത്തെടുക്കുകയാണ് ലേഖകന്‍.

“കോഴിക്കോട്​ മെഡിക്കൽ കോളജിൽ വച്ച് ‘അമ്മ അറിയാന്‍റെ’ ചിത്രീകരണം നടക്കുമ്പോള്‍ അൽപനേരം കാണാനുള്ള അവസരം തീരെ പ്രതീക്ഷിക്കാതെയാണ്​ സംഭവിച്ചത്​… 1986 ലാണത്. ചിത്രീകരണ വേളയിൽ ഒരു ദിവസം ഞാൻ ജോലി ചെയ്​തിരുന്ന ‘കാലിക്കറ്റ്​ ടൈംസ്​’ പത്രത്തിൽ ഒരു ഉച്ച നേരത്ത്​ സഹപ്രവർത്തകനായിരുന്ന ശ്രീകുമാർ നിയതിയെ തിരക്കി ജോൺ വന്നു. ശ്രീകുമാർ എന്നെ പരിചയപ്പെടുത്തി. ചെറിയ ഒരു ഹസ്​തദാനത്തിന്​ അപ്പുറം ആ കൂടിക്കാഴ്​ച നീണ്ട്​ നിന്നില്ലെങ്കിലും ​ജോണി​ന്‍റെ നരച്ച വസ്​ത്രവും അനുസരണയില്ലാത്ത താടിയും മുടിയും മനസ്സിൽ നിറഞ്ഞ്​ നിൽക്കുന്നു. ‘അമ്മ അറിയാന്‍റെ’ ആദ്യ പ്രദർശനത്തിന്​ കാണാൻ എത്തിയെങ്കിലും തിരക്കിനിടയിൽ ജോണിനെ കണ്ട്​ കിട്ടിയില്ല. സിനിമ അങ്ങേയറ്റം ആവേശത്തോടെയാണ്​ അനുഭവിച്ചത്​.

ജോണുമായി ഒരു അഭിമുഖം തയ്യാറാക്കാൻ എനിക്ക്​ അസൈൻമെൻറ് ​കിട്ടിയിരുന്നു. ഏറെ സന്തോഷ​ത്തോടെയാണ്​ അതിനെ സ്വീകരിച്ചത്​. ​ശ്രീകുമാർ നിയതി തന്നെയാണ്​ അതിന്​ അവസരമൊരുക്കിയത്​. സി.എച്ച്​. ഓവർ ബ്രിഡ്​ജിന്​ താ​ഴെയുള്ള അയോധ്യ ഹോട്ടലിൽ ഒരു ഉച്ച തിരിഞ്ഞാണ്​ ഞാൻ ചെല്ലുന്നത്​. വളരെ ഹൃദ്യമായി ജോൺ എന്നെ സ്വീകരിച്ച്​ ഒരു ചായക്ക്​ ഓർഡർ ചെയ്​തു. പെരുമ്പാവൂർ ലക്കി തീയേറ്ററിൽ മാറ്റിനിയായി ‘ചെറിയാച്ച​ന്‍റെ ക്രൂരകൃത്യങ്ങളും’ കോഴിക്കോട് പുഷ്​പ തീയേറ്ററിൽ ‘അഗ്രഹാരത്തില്‍ കഴുതൈ’ നൂൺ ഷോയായും കണ്ട അനുഭവം മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

amma ariyan, malayalam film, john abraham,

‘അമ്മ അറിയാൻ’ എന്ന സിനിമയുടെ നോട്ടീസ്

​ കാലിക്കറ്റ്​ ടൈംസിന്​ മുന്നിൽ വെച്ച്​ കണ്ട സംഭവം ഞാൻ ​ജോണിനെ ഓർമ്മപ്പെടുത്തി. അത്​ അദ്ദേഹവും ഒാർക്കുന്നുണ്ടായിരുന്നു എന്നത്​ എന്നെ അത്​ഭുതപ്പെടുത്തി. ഒരുപക്ഷെ ശ്രീകുമാറും ആർ മോഹനൻ മാഷും അവിടെയുണ്ടായിരുന്നതിനാലായിരിക്കാം അതിനെ കുറിച്ച്​ ജോൺ കൃത്യമായി ഓർത്തെടുത്തത്​.

തുടർന്ന്​ ജോൺ എന്നോട്​ ചോദിച്ചത്​ ഇന്നും എ​ന്‍റെ നെഞ്ചിൽ കൊത്തുന്ന അനുഭവമായി കിടപ്പുണ്ട്​.‘അന്നെന്നെ കാണുമ്പോൾ ഞാൻ ഈ സിനിമ പൂർത്തിയാക്കുമെന്ന്​ തോന്നിയിരുന്നില്ല അല്ലേ?’ എടുത്തടി ച്ച പോലെ ജോൺ ഇങ്ങനെ ചോദിച്ചപ്പോൾ എന്ത്​ മറുപടി പറയണമെന്ന്​ അറിയാതെ ഞാൻ ഒരു വിളറിയ ചിരിയോടെ ഒന്നും മിണ്ടാതിരുന്നു…

അതിന്‍റെ ഉത്തരം എന്നെക്കൊണ്ട്​ പറയിക്കണമെന്നൊന്നും ജോണിന്​ യാതൊരു നിർബന്ധവുമുണ്ടായില്ല. പക്ഷെ വളരെ കൃത്യമായ ഒരു മനഃശാസ്​ത്ര ​പ്രയോഗമായിരുന്നു അദ്ദേഹം പ്രയോഗിച്ചതെന്ന്​ എനിക്ക്​ ബോധ്യമുണ്ടായിരുന്നു.

അമ്മ അറിയാൻ സിനിമയുടെ അണിയറയില്‍ ഉണ്ടായിരുന്ന ഒഡേസയുടെ പ്രവർത്തകർ പൊതുജനങ്ങളിൽ നിന്നും വളരെ ചെറിയ തുക വീതം സ്വരൂപിച്ചാണ് സിനിമയുടെ  മൂലധനം കണ്ടെത്തിയത്​. അക്കാലത്ത്​ പലരും ജോണിനും കൂട്ടർക്കും മദ്യപിക്കാനുള്ള പണം കണ്ടെത്താനുള്ള കുറുക്ക്​ വഴിയാണ്​ സിനിമക്ക്​ വേണ്ടിയുള്ള പണം പിരിക്കലെന്ന്​ പരസ്യമായി തന്നെ പ്രചരിപ്പിച്ചിരുന്നു. ഇത്തരം അസഹിഷ്​ണുതാവാദക്കാരായ സദാചാര വാദികൾക്കുള്ള ചുട്ട മറുപടിയായിരുന്നു തന്‍റെ സിനിമയുടെ ആദ്യ പ്രദർശനത്തിലൂടെ ജോൺ നൽകിയത്​. എന്നോടാണ്​ ​ ചോദ്യം ഉന്നയിച്ചതെങ്കിലും അതിന്‍റെ മുൾമുന ​നീണ്ടത്​ ഇക്കൂട്ടരുടെ നേർക്കായിരുന്നുവെന്ന കാര്യത്തിൽ സംശയമില്ല.

joy mathews, amma ariyanm jhon abraham

ജോയ് മാത്യുവുമൊത്ത് ‘അമ്മ അറിയാൻ’ തിരക്കഥയുമായി ലേഖകൻ

അമ്മ അറിയാൻ തിരക്കഥയുടെ പ്രകാശനം തിരുവനന്തപുരത്ത്​ വെച്ച്​ നടത്തി മടങ്ങും വഴി നായക കഥാപാത്രമായ പുരുഷനെ അവതരിപ്പിച്ച ജോയ്​ മാത്യുവിനെ ആകസ്​മികമായി കാണുകയുണ്ടായി. ‘ആലപ്പു​ഴയിൽ വെച്ച്​ ഓടിച്ചിട്ട്​ പിടിച്ച്​ പുസ്​തകം വാങ്ങിയ പ​ഴയ കോഴിക്കോ​ടൻ ചങ്ങാതി രാജമോഹന്​’ എന്ന്​ എഴുതി ഒപ്പിട്ട്​ നൽകാൻ ജോയ് മാത്യു  മറന്നില്ല.

ഇതിനിടയിൽ ​ജോണുമായി ഞാനൊരു ഇന്റർവ്യൂ നടത്തിയിരുന്നുവെന്ന്​ ഞാൻ പറയുകയുണ്ടായി. പൊട്ടിച്ചിരിച്ച്​ കൊണ്ട്​ ജോയി മാത്യു ചോദിച്ചു, “അത്​ ഒരു ഭയങ്കര അനുഭവമായിരിക്കുമല്ലോ?”

ഒരിക്കലും അതിനെ ഒരു അഭിമുഖത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയുമായിരുന്നില്ല. കാരണം തീർത്തും അനൗപചാരികമായിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ട്​ നിന്ന അഭിമുഖം. ഞാൻ ചോദിച്ചതിനേക്കാൾ കൂടുതൽ ​ ചോദ്യങ്ങൾ ​ജോൺ തിരിച്ച്​ എന്നോടാണ്​ ചോദിച്ചതെന്നത്​ ഓർക്കുന്നു.

വീട്​ എവിടെയാണെന്നാണ്​ ജോൺ ആദ്യം തന്നെ തിരക്കിയത്​.പെരുമ്പാവൂർ എന്ന്​ കേൾക്കേണ്ട താമസം ജോൺ പറഞ്ഞു. അവിടെ അല്ലപ്ര എ​ന്നൊരു സ്ഥലമുണ്ട്​, അറിയുമോ? ഉവ്വ്,​ എ​ന്‍റെ അടുത്താണ്​. ഞാൻ പറഞ്ഞു. അവിടെ എന്‍റെ അടുത്ത ഒരു സുഹൃത്തുണ്ട്​. ബാക്കി ഞാൻ പൂരിപ്പിച്ചു. പൗലോസ് ​ ചേട്ടനല്ലേ? ആളെ അറിയുമ​ല്ലേ?, ജോൺ ചോദിച്ചു. യേയ്​ അവരെല്ലാം മൂത്തവരാണ്​… കണ്ടറിയാം.

 

പൗലോസ്​ എന്ന കഥാപാത്രത്തെക്കുറിച്ച്​ പറഞ്ഞിട്ടാകാം ഇനി ബാക്കി. പെരുമ്പാവൂരിലെ സമ്പന്ന കുടുംബത്തിൽ പിറന്ന പൗലോസ്​ ചേട്ടൻ ഞങ്ങൾ ചെറുപ്പക്കാർക്ക്​ ഒരു വിചിത്ര കഥാപാത്രമായിരുന്നു. നീണ്ട്​ വെളുത്ത്​ താടി നീട്ടി വളർത്തിയ മൂപ്പരെ എല്ലാവരും ‘കരി പൗലോസ്’​ എന്നാണ്​ വിളിച്ചിരുന്നത്​. കുടുംബത്തിന്​ കരിയുടെ ബിസിനസ്സ്​ ഉള്ളതിനാലായിരുന്നു അത്​.

ഏറെ ചർച്ച ചെയ്യപ്പെട്ട ‘ജോസഫ്​ എന്ന പുരോഹിതൻ’ എന്ന തിരക്കഥ സിനിമയാക്കു​മ്പോൾ നായകനായ പാതിരയായി കരി പൗലോസിനെയാണ്​ സംവിധായകനായ ജോൺ എബ്രഹാംകണ്ട്​ വെച്ചിട്ടുള്ളതെന്ന്​ ​ഞങ്ങൾ പെരുമ്പാവൂരുകാർക്കിടയിൽ ഒരു സംസാരം തന്നെയുണ്ടായിരുന്നു.അതോർത്ത്​ ഞാൻ പതിയെ ചോദ്യം അതിലേക്ക്​ എത്തിച്ചാലോ എന്ന്​ കരുതേണ്ട താമസം  അതാ വരുന്നു ജോണി​ന്‍റെ കമൻറ്​.

‘പാവം പൗ​ലോസ്​ ….നല്ല ഒരു ചെറുപ്പക്കാരനായിരുന്നു…. പക്ഷെ മദ്യം അവനെ തകർത്തു…..’, ജോണി​ന്റെ മുഖത്ത്​ തെളിയുന്നത്​ ഗൗരവം.

തു​ടർന്ന്​ ‘അമ്മ അറിയാൻ’ ബ്​ളാക്ക്​ ആൻറ്​ വൈറ്റിലെടുത്തതിന്‍റെ രാഷ്​ട്രീയം.’ചെറിയാച്ച​ന്‍റെ ക്രൂര കൃത്യങ്ങളി’ലെ അവസാന രംഗം കളറിലായതിന്‍റെ പൊരുൾ… ചോദ്യങ്ങളും ഉത്തരങ്ങളും നീണ്ടു…

ഇതിനിടയിൽ അടുത്ത ടേബിളിലിരുന്ന താടിക്കാരനെ ​ജോൺ എബ്രഹാം തന്നെ പരിചയപ്പെടുത്തി. ഇതാണ്​ നമ്മുടെ സ്​റ്റിൽ ഫൊ​ട്ടോഗ്രാഫർ റസാഖ്. പ്രശസ്​ത ഫൊട്ടോഗ്രാഫറായിരുന്ന അന്തരിച്ച റസാഖ്​ കോട്ടക്കലുമായുള്ള എന്‍റെ സൗഹൃദം ആരംഭിക്കുന്നത്​ അവിടെ നിന്നായിരുന്നു.”

razak kottakkal, ajeeb komachi, john abraham

റസാഖ് കോട്ടയ്ക്കൽ
ഫൊട്ടോ- അജീബ് കൊമാച്ചി

ഇൻറർവ്യൂ തുടര്‍ന്നു.

  • താങ്കൾ പ്രേംനസീറിനെ നായകനാക്കി സിനിമ ചെയ്യാൻ​ പോകുന്നുവെന്ന്​ വാർത്തയുണ്ടായല്ലോ.?
    അതിനെന്താണ്​ കുഴപ്പം… കഴുതയെ നായകനാക്കി സിനിമ സംവിധാനം ചെയ്തയാളാണ്​ ഞാൻ

മിക്കവാറും മറുപടികൾ ഇത്തരത്തിലുള്ളതായിരുന്നു.

ഞാൻ എല്ലാം എഴുതി കൊടുത്തുവെങ്കിലും അഭിമുഖം പ്രസിദ്ധീകരിക്കുകയുണ്ടായില്ല. അന്ന്​ ഫിലിം പേജ്​ ചെയ്​തിരുന്നയാൾ അത്​ കൊടുക്കാതിരുന്നതിന്​ പറഞ്ഞ വിശദീകരണം ‘തൊട്ടാൽ​ പൊള്ളുന്നതായതിനാൽ’ കൊടുക്കുന്നില്ല എന്നായിരുന്നു.

1987 ഏപ്രിൽ മുതൽ ഞാൻ ‘മാധ്യമ’ത്തിലേക്ക്​ മാറി. ട്രയൽ പത്രം പ്രസിദ്ധീകരിക്കുന്നതിനിടയിലാണ്​ മെയ്​ 31ന്​ ജോൺ മരിക്കുന്നത്​. അന്ന്​ രാവിലെ തന്നെ വിവരമറിഞ്ഞ്​ മെഡിക്കൽ കോളജ്​ ആശുപത്രിയുടെ മോർച്ചറിക്ക്​ മുന്നിലെത്തി. കോഴിക്കോട്ടെ ബുദ്ധിജീവി സമൂഹം മുഴുവൻ അവിടെയുണ്ടായിരുന്നു. എല്ലാവരുടേയും മുഖത്ത്​ സങ്കടം മാത്രം. ആ​കെ മരവിച്ച അവസ്​ഥ.

തിരികെ ​ മൊഫ്യൂസിൽ ബസ്​റ്റാൻറിലെ ബ്യൂറോയിൽ എത്തിയപ്പോൾ കാലിക്കറ്റ്​ ടൈംസിൽ നിന്നൊരു കോൾ. ഡസ്​ക്കിൽ നിന്നും കെ ബാബുരാജ്​. ‘എടാ… പണ്ട്​ നീ ​ജോണി​ന്‍റെ ഒരു ഇൻറർവ്യൂ എടുത്തിരുന്നുവല്ലോ? അത്​ കൈയ്യിലുണ്ടോ?’

ഒരു കോപ്പി വെക്കാതെയായിരുന്നു ഞാനത്​ ഫയൽ ചെയ്​തത്​. ബാബു അവിടെ മുഴുവൻ പരതിയ ശേഷമായിരുന്നു എന്നെ വിളിച്ചത്. ഓരോ അനുസ്​മരണ ദിനങ്ങളിലും എഴുതണം എന്ന്​ കരുതും. സാധിച്ചില്ല. നീണ്ട്​ നീണ്ട്​ 30 വർഷം തികഞ്ഞു.

 

ജോണി​ന്‍റെ മൃതദേഹം ​മാനാഞ്ചിറക്ക്​ അടുത്ത ട്രയിനിങ്ങ്​ കോളജിൽ പൊതു ദർശനത്തിന്​ വെച്ചപ്പോൾ മുഖ്യധാരാ സിനിമയിലെ പല പ്രമുഖരും എത്തിയിരുന്നു. ഒരു പ്രമുഖ നടി വാവിട്ട്​ കരയുന്നത്​ കണ്ടു. അവർ ജോണിനെ ആദ്യവും അവസാനവുമായി അന്നായിരിക്കും കണ്ടിട്ടുണ്ടാകുക. എല്ലാവരും എത്താൻ മ​റ്റൊരു കാരണമുണ്ടായിരുന്നു.അന്ന്​ വൈകിട്ട്​ ടാഗോർ ഹാളിൽ ഒരു ചലച്ചിത്ര പരിപാടിയുണ്ട്​. ജോണി​ന്‍റെ നിര്യാണം മൂലം അത്​ മാറ്റിവെക്കേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നു അവർ. ഒടുവിൽ റീത്തും വെച്ച്​ നേരെ ടാഗോറി​ലേയ്ക്ക്​ പോയ അവരെ ഞാനും പിന്തുടർന്നു. ചലച്ചിത്ര പരിപാടി മാറ്റുമോ എന്നറിയാനായിരുന്നു അത്​. ഒരു ഉളുപ്പുമില്ലാതെ ചെറിയ ഒരു അനുശോചനം നടത്തി അവർ നടത്തി. ഒരു പ്രമുഖ നടൻ ജോണി​ന്‍റെ പേര്​ തെറ്റിച്ച്​ പറഞ്ഞ്​ അനുശോചിച്ചു. ‘ശ്രീ ​ജോർജ്ജ്​ എബ്രാഹിമിനെ’ എന്ന് ജോണി​ന്‍റെ പേര് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം തുടങ്ങിയത്. തുടർന്നത് ഇങ്ങനെയും ‘നമ്മളെന്തിനാണ്​ ആർട്ട്​ സിനിമയുടെ വക്​തവായി കാണുന്നത്​.സിനിമയിൽ ആർട്ട്​ എന്നോ കൊമേഴ്​സ്യൽ എന്നോ വ്യത്യാസമില്ല. അതി​​ന്‍റെ ഏറ്റവും വലിയ തെളിവാണ്​ ഇന്ന്​ ഇവിടെ സംഭവിച്ചത്​.

നമ്മുടെ പ്രിയങ്കരനായ ആർട്ട്​ ഫിലിം സംവിധായക​​ന്‍റെ മൃതദേഹം നാട്ടിലേക്ക്​ കൊണ്ട്​ പോയത്​ എങ്ങിനെയാണെന്ന്​ നിങ്ങൾക്ക്​ അറിയുമോ?’ നടൻ സദസ്യരോട്​ ചോദിച്ചു. ‘കൊമേഴ്സ്യൽ എന്ന്​ വിളിക്കുന്ന സിനിമ എടുക്കുന്ന പി.വി.ഗംഗാധര​ന്‍റെ കുടുംബത്തി​ന്‍റെ ഉടമസ്ഥതയിലുള്ള പി വി എസ് ഹോസ്​പിറ്റിലി​ന്‍റെ ആംബുലൻസിലായിരുന്നു… എന്ന സത്യം നിങ്ങൾ അറിയണം…’, അദ്ദേഹം വികാരവിജംഭൃതിനായി!

ഇനിയും ഇറങ്ങാത്ത പത്രത്തി​​ന്‍റെ ട്രെയിനി റിപ്പോർട്ടർ മാത്രമായിരുന്നു ഞാൻ. പത്രക്കാർക്കുളള ഇടത്ത് ഇരിക്കുകയായിരുന്ന ഞാൻ, അടുത്തിരുന്ന കേരള കൗമുദിയിലെ എ സജീവ​​ന്‍റെ ചെവിയിൽ ഞാൻ അടക്കം പറഞ്ഞു. ‘ഇവിടെ ഇരിക്കണ്ടായിരുന്നു. പിന്നിൽ വല്ലതുമായിരുന്നുവെങ്കിൽ ഒന്ന്​ ഉറക്കെ കൂവാമായിരുന്നു…’

മാധ്യമം ദിനപത്രത്തിന്‍റെ ആലപ്പുഴയിൽ​ ചീഫ്​ ഓഫ് ബ്യൂറോ ആണ് ലേഖകൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ