മധ്യകാല അറബ് ഭൂഗോളശാസ്ത്രജ്ഞന് അല്‍-മുഖദ്ദസ്സി ‘തേളുകള്‍ നിറഞ്ഞ സ്വര്‍ണപ്പാത്രം’ എന്നാണ് ജെറുസലേം നഗരത്തെ വിശേഷിപ്പിച്ചത്. ഒരേ സമയം ലോകത്തെ ഏറ്റവും പ്രധാന പുണ്യനഗരവും രക്തരൂഷിത നഗരവും അതുതന്നെയാണ്. ഇക്കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ട് നടത്തിയ പ്രസ്താവന ഈ വിവാദഭൂമിയെ ചുറ്റിപ്പറ്റി ലോകത്തെ മൂന്നു വലിയ മതസമൂഹങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന ആഴമേറിയ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുന്നു. ഈ വിശുദ്ധ നഗരത്തെ സംബന്ധിച്ചു കാലങ്ങളായി നിലനിന്നിരുന്ന അന്താരാഷ്ട്ര നയം കൂടി കീഴ്മേല്‍ മറിക്കുന്നതായിരുന്നു ആ പ്രഖ്യാപനം.
1967ല്‍ ഇസ്രായേലി പട്ടാളം കിഴക്കന്‍ ജെറുസലേം കയ്യേറി മുഴുവന്‍ നഗരവും തങ്ങളുടെതെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അത് മിക്ക ലോകരാജ്യങ്ങളും അംഗീകരിച്ചിരുന്നില്ല. ആദ്യ ലോക മഹായുദ്ധത്തിനു ശേഷം പലസ്തീനും ഇസ്രായേലിനും കൂടി ജെറുസലേം ഭാഗിച്ചു നല്കപ്പെട്ടിരുന്നു. അത് 67ലെ ആറു ദിവസം നീണ്ട അറബ്-ഇസ്രയേല്‍ യുദ്ധം വരെ അങ്ങനെ തന്നെ തുടര്‍ന്നു. കിഴക്കന്‍ ജെറുസലേം കയ്യേറിയ ഇസ്രായേല്‍ മുഖ്യമായും അറബ് വംശജര്‍ താമസിക്കുന്ന ആ പ്രദേശത്ത് രണ്ടുലക്ഷം ജൂതരെ കൊണ്ടുവന്നു താമസിപ്പിച്ചു. എന്നാല്‍, ജെറുസലേമിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അനവധി സമുദായങ്ങള്‍ തമ്മില്‍ ദൈവത്തിന്റെ പേരില്‍ തുടങ്ങിയതാണെന്നും നാം ഓര്‍ക്കേണ്ടതുണ്ട്.

‘വിശുദ്ധ-ഇടങ്ങളുടെ ഭൂമിശാസ്ത്ര’മായാണ് (sacred geography) എല്ലാ മതങ്ങളുടെയും വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ വിശ്വാസം പ്രകാശിതമായത് എന്ന് ‘കംബാരട്ടിവ് റിലീജിയന്‍’ പണ്ഡിത കേരന്‍ ആംസ്ട്രോംഗ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘വ്യത്യസ്ത കാരണങ്ങളാല്‍ ജൂത, ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളുടെ വിശുദ്ധ ഭൂമിശാസ്ത്രത്തില്‍ ജെറുസലേം തുടക്കം മുതലേ ഏറ്റവും പ്രധാനമായി. തങ്ങളുടെ മതസ്വത്വത്തിന്റെ മാത്രമല്ല, ദൈവം, വിശുദ്ധി എന്നീ സങ്കല്‍പ്പങ്ങളുടെ കൂടി നിലനില്‍പ്പ് ഈ നഗരത്തിന്റെ ഭൂമിശാസ്ത്ര സങ്കല്പവുമായി ബന്ധപ്പെട്ടതാണ് എന്നതുകൊണ്ട് ഇതിനെ വസ്തുനിഷ്ടമായി കാണാന്‍ ഈ മതവിശ്വാസികള്‍ക്ക് പ്രയാസമാവുന്നു’. തന്റെ ജെറുസലേം: ഒരു നഗരവും മൂന്നു വിശ്വാസങ്ങളും എന്ന പുസ്തകത്തില്‍ ആംസ്ട്രോംഗ് എഴുതിയതാണിത്.
ചരിത്രപരമോ ഐതിഹ്യമോ എന്ന് കൃത്യമായി പറയാനാവാത്ത തരം പ്രാചീന കഥകളിലൂടെയാണ് പലപ്പോഴും ഈ മതങ്ങള്‍ തങ്ങള്‍ക്ക് ജെറുസലേമുമായുള്ള ബന്ധത്തിന്റെ പവിത്രത അവതരിപ്പിക്കുന്നത്. അബ്രഹാം തന്റെ മകനെ ദൈവത്തിനു ബലിനല്കാന് തയ്യാറെടുത്ത സ്ഥലമായും യേശു ക്രിസ്തു ശിഷ്യന്മാരോട് സംസാരിക്കുകയും അവസാനം തൂക്കിലേറ്റപ്പെടുകയും ചെയ്ത് ഇടമായുമാണ് ബൈബിളില്‍ ഇത് പരാമര്‍ശിക്കപ്പെടുന്നത്. മുഹമ്മദിനെ സ്വര്‍ഗത്തിലെത്തിച്ച രാത്രി യാത്ര ഇവിടെ ആയിരുന്നു എന്ന് ഇസ്ലാം മതസ്ഥരും വിശ്വസിക്കുന്നു. ‘ഇവിടെ ആയിരുന്നു…..’ എന്ന് തുടങ്ങുന്ന അനവധി അവകാശവാദങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടതാണ് ജെറുസലേമിനെക്കുറിച്ചുള്ള വികാരങ്ങളുടെ തീവ്രത എന്ന് പ്രൊഫസര്‍ സൈമണ്‍ ഗോള്‍ഡ്ഹില്‍ സൂചിപ്പിക്കുന്നു.
ജൂതരുടെ വിശുദ്ധനഗരം
പുരാതനമായ കാനാന്‍ദേശം സ്ഥിതിചെയ്തിരുന്നത് ഇന്നത്തെ തെക്കന്‍ ലെവാന്ത് നഗരത്തിലാണ്. ഇതിനു തൊട്ടടുത്താണ് ഇന്ന് ജെറുസലേം എന്നറിയപ്പെടുന്ന നഗരത്തിന്റെ പ്രാചീന രൂപം നിലകൊണ്ടിരുന്നത്. ബിസി 1250ല്‍ മോശയുടെ നേതൃത്വത്തില്‍ ഈജിപ്തില്‍ നിന്നും രക്ഷപ്പെട്ടു പലായനം ചെയ്ത 12 ഗോത്രങ്ങള്‍ സിനായ് ഉപദ്വീപിലെത്തി നാടോടികളെപ്പോലെ കഴിഞ്ഞു എന്ന് ബൈബിളില്‍ പറയുന്നു. ഫലഭൂയിഷ്ഠമായ കാനാന്‍ ദേശം ദൈവം തങ്ങള്‍ക്കു നല്‍കുമെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. മോശയുടെ മകന് ജോഷ്വായുടെ നേതൃത്വത്തിലാണ് അവര്‍ ദൈവത്തിന്റെ പേരില്‍ ആ പ്രദേശത്തേക്ക് കടന്നു അത് സ്വന്തമാക്കുന്നത്. എന്നാല്‍ ജെറുസലേമിലെ യഥാര്‍ത്ഥ നിവാസികളായിരുന്ന ജെബുസൈറ്റ്കളെ അവിടെ നിന്നും പൂര്‍ണമായി തുരത്താന്‍ ഈ ഗോത്രങ്ങള്‍ക്ക് കഴിഞ്ഞില്ല.

ദാവീദിന്റെ ഭരണത്തിന് കീഴില്‍ ബിസി 1000ല്‍ മാത്രമാണ് ജൂത പാരമ്പര്യത്തിന് സുപ്രധാനമായ ഇസ്രായേലിന്റെ തലസ്ഥാനമായി ജെറുസലേം മാറിയത്. എന്നാല്‍, അവിടത്തെ തദ്ദേശീയമായ മതസംസ്കാരത്തെ തുടച്ചുനീക്കാന്‍ ദാവീദ് തുനിഞ്ഞില്ല എന്നതിന് തെളിവായി ജൂത സംസ്കാരത്തോടൊപ്പംതന്നെ അവിടെ സമാധാനപരമായി നിലനിന്നുപോന്ന പേഗന്‍ ആചാരങ്ങളുടെ പല അടയാളങ്ങളും ചരിത്രകാരന്മാര് ചൂണ്ടിക്കാട്ടുന്നു.
പില്ക്കാലത്ത് ജൂതസ്വത്വത്തിന്റെ പ്രധാന പിതൃബിംബങ്ങളായി മാറിയ അബ്രഹാം, ഐസക്, ജേക്കബ് എന്നിവരെക്കുറിച്ചുള്ള കഥകളും മറ്റു ബൈബിള്‍ ലിഖിതങ്ങളും എഴുതപ്പെടുന്നത് അവ നടന്നതിനു ശേഷം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ബിസി 19ഉം 18ഉം നൂറ്റാണ്ടുകളിലെ കാനാന്‍ ദേശത്തെ ജീവിതത്തെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്ന ഈ എഴുത്തുകാരുടെ രചനകള്‍ പിന്നീട് ജൂതര്‍ തങ്ങളുടെ വ്യതിരിക്തമായ സ്വത്വവും സംസ്കൃതിയും രൂപീകരിക്കാന്‍ ഉപയോഗിച്ചു എന്നതാണ് ഈ കഥകളുടെ പ്രാധാന്യമെന്നും ആംസ്ട്രോംഗ് എഴുതുന്നു.
ക്രിസ്ത്യാനികളുടെ വിശുദ്ധനഗരം
പുതിയ നിയമ അനുസരിച്ച് ജെറുസലേമില്‍ ക്രിസ്തുവിനെ കുഞ്ഞായി കൊണ്ടുവന്നിരുന്നു. അദ്ദേഹം ജനങ്ങളോട് സംസാരിക്കുകയും അവരെ സുഖപ്പെടുത്തുകയും അന്ത്യത്തില്‍ തൂക്കിലേറ്റപ്പെടുകയും ചെയ്തതു ഇവിടെ വെച്ച് തന്നെയാണ്. ക്രിസ്തുവിനു ശേഷമുള്ള ആദ്യ സഹസ്രാബ്ദത്തില്‍ ഈ നഗരവും ക്രിസ്തു മതവും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന പുരാവസ്തു കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ചരിത്രകാരന് ഡാന്‍ മസര്‍ ജെറുസലേം ക്രിസ്ത്യന്‍ റിവ്യുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എ.ഡി. ആദ്യ നൂറ്റാണ്ടിലെ ഈ പ്രദേശങ്ങളിലെ ഭൌമ-രാഷ്ട്രീയത്തിലാണ് ഈ ബന്ധത്തിന്റെ പ്രസക്തി കുടികൊള്ളുന്നത്. റോമന്‍ ലോകത്തെ ഏകാധിപതിയായി കോണ്സ്ട്ടാന്റിന് മാറുന്നത് എ.ഡി. 323ല്‍ ആണ്. തന്റെ വന്‍ സാമ്രാജ്യത്തെ ഒരുമിപ്പിക്കുന്ന ശക്തിയായി ക്രിസ്തുമതം മാറുമെന്നു ഉറച്ച വിശ്വാസിയായിരുന്ന അയാള്‍ കരുതി. പാലസ്തീനില്‍ കുറച്ചു ക്രിസ്ത്യാനികളെ ഉണ്ടായിരുന്നുള്ളു എങ്കിലും ആകര്‍ഷകമായ ഒരു വിശ്വാസപദ്ധതിയായി അത് മാറിയിരുന്നു. തന്റെ പ്രജകള്‍ക്കുമേല്‍ തന്റെ മതം അടിച്ചേല്‍പ്പിക്കുന്നതിലും നല്ലത് ക്രിസ്തുമത ബിംബങ്ങള്‍ നിറഞ്ഞ നിരവധി കെട്ടിടങ്ങളും മറ്റും ഉണ്ടാക്കുകയാണ് എന്ന് കോണ്സ്ട്ടാന്റിന് തീരുമാനിച്ചു. പുരാതനയുഗങ്ങളില് വേരുള്ള ഒരു സംസ്കാരമാണ് ഇതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും അതുവഴി കൂടുതല്‍ പാവനത്വം അവകാശപ്പെടാനും അയാള്‍ പദ്ധതിയിട്ടു. അങ്ങനെ, മോശയും മോശയുടെ പിന്‍ഗാമികളുമായി ക്രിസ്തുമതത്തിനുള്ള സാമ്യങ്ങള്‍ രേഖപ്പെടുത്തുന്ന കഥകള്‍ അയാളുടെ സഹായികള്‍ ഉണ്ടാക്കി. ഇതിനു ഒരു പുണ്യ നഗരത്തിന്റെ അടിത്തറ ആവശ്യമായിരുന്നു.

കൂടാതെ, ക്രിസ്തുമതത്തിന്റെ ചരിത്രപരമായ സാംഗത്യം ഉയര്‍ത്തിക്കാട്ടാനായി അതുമായി ബന്ധമുള്ള ചിഹ്നങ്ങളും സ്മാരകങ്ങളും ആവശ്യമായി വന്നപ്പോള്‍ ജെറുസലേമില്‍ വന്‍തോതില്‍ പുരാവസ്തുഘനനം നടത്താന്‍ കോണ്സ്ട്ടാന്റിന് മുതിര്‍ന്നു. പഴയൊരു ആരാധനാലയത്തിന്റെ അടിയില്‍ ഒരു കല്ലറ കണ്ടെത്തിയപ്പോള്‍ ഉടനെ അത് ക്രിസ്തുവിന്റെതായി വാഴ്ത്തപ്പെട്ടു. ഈ ശവകുടീരത്തില്‍ നിന്നുമാണ് യേശു ഉയര്‍ത്തെഴുന്നേറ്റത് എന്ന വിശ്വാസം മതത്തിന്റെ ശാക്തീകരണത്തില്‍ സുപ്രധാനമായിരുന്നു. ഇതോടെ, ജെറുസലേം ക്രിസ്തുമത ചിന്തയുടെയും മതാത്മക വിശ്വാസ സംഹിതയുടെയും മണ്ഡലത്തില്‍ കേന്ദ്രസ്ഥാനമായി.
മുസ്ലീങ്ങളുടെ വിശുദ്ധനഗരം
ഖുറാനില്‍ ജെറുസലേം പരാമർശിക്കപ്പെടുന്നില്ലെങ്കിലും മുസ്ലിം വിശ്വാസക്രമത്തില്‍ ഇതിനു വലിയ വൈകാരിക മൂല്യമുണ്ട്. മക്കയിലെ കഅബയ്ക്ക് മുന്‍പ് മുഹമ്മദ് നബി ആദ്യമായി പ്രാര്‍ത്ഥിച്ചത് ജെറുസലേമിന്റെ ദിശയിലായിരുന്നു എന്നാണ് വിശ്വാസം. ജൂതരും ക്രിസ്ത്യാനികളും ആരാധിക്കുന്ന അതെ ദൈവമാണ് ‘അള്ളാഹു’ എന്നും ഇസ്ലാമിന്റെ ആരംഭത്തിലേ വിശ്വസിക്കപ്പെട്ടിരുന്നു. അതുകൊണ്ടാണ് ആദ്യമായി പ്രാര്‍ത്ഥിക്കാന്‍ തുനിഞ്ഞ നബി തന്റെ കൂടെയുള്ളവരോട് ഈ രണ്ടു മതങ്ങളുടെയും ആത്മീയ കേന്ദ്രമായ ജെറുസലേം ലക്ഷ്യമാക്കി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടത്.
താമസിയാതെ മുസ്ലിങ്ങളുടെ കൂടി മതചിഹ്നമായി ഈ നഗരം മാറി. ‘തങ്ങളുടെ പേഗന്‍ ആചാരങ്ങളില്‍ നിന്നും മാറി വ്യത്യസ്തമായ ഏകദൈവാരാധനക്രമം പിന്തുടരുന്ന ഒരു പുതിയ മതസ്വത്വം സൃഷ്ടിക്കാന്‍ ഈ ചിഹ്നം ഏറെ സഹായകരമായിരുന്നു എന്ന് ആംസ്ട്രോംഗ് രേഖപ്പെടുത്തുന്നു. അങ്ങനെ ജെറുസലേമില്‍ എത്തിയ മുസ്ലീം വിശ്വാസം വീട്ടിലേക്ക് മടങ്ങി എത്തിയ മനുഷ്യനെപ്പോലെ തന്റെ പ്രപിതാമഹരുടെ (ജൂതരും ക്രിസ്ത്യാനികളും) കാലടി അടയാളപ്പെടുത്തി.

എ.ഡി. ഏഴാം നൂറ്റാണ്ടിലാണ് ആദ്യ മുസ്ലിം താമസക്കാര്‍ ജെറുസലേമില്‍ എത്തുന്നത്. പിന്നീട് 1917ല്‍ ബ്രിട്ടീഷുകാര്‍ കയ്യേറും വരെ അവിടം മാറിമാറി വിവിധ മുസ്ലീം രാജവംശങ്ങളുടെ അധീനതയിലായിരുന്നു. അപ്പോഴും നഗരം തര്‍ക്കഭൂമിയായി തുടരുകയും ബ്രിട്ടീഷുകാര്‍ സ്ഥലം വിട്ടതോടെ അവിടം മതപരമായി വിഭജിക്കപ്പെടാന്‍ തുടങ്ങുകയും ചെയ്തു.
പരിഭാഷ ആര്‍ദ്ര എന്‍ ജി